പ്രാദേശിക പാര്‍ട്ടിയോ കര്‍ഷക പാര്‍ട്ടിയോ ആകാത്ത കേരള കോണ്‍ഗ്രസ്സ് ഒരു ദുരന്തം

സത്യത്തില്‍ കേരളത്തിന്റെ വികസനം എന്ന ലക്ഷ്യത്തോടെയെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടതെങ്കിലും പെട്ടന്നുതന്നെ അതിന്റെ സ്വഭാവവും മാറുകയായിരുന്നു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ റബര്‍ കര്‍ഷകരുടെ ഒരു പാര്‍ട്ടിയായി അതുമാറി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും ആത്മഹത്യകള്‍ പെരുകുകയും ചെയ്തപ്പോള്‍ പോലും കേരള കോണ്‍ഗ്രസ്സ് നിശബ്മായിരുന്നു. രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭങ്ങള്‍ ആഞ്ഞടിച്ചപ്പോഴും അതു തന്നെയായിരുന്നു അവസ്ഥ. കേരളം നേരിടുന്ന പൊതു പ്രശ്നങ്ങളിലൊന്നും അവര്‍ക്ക് കാര്യമായി ശബ്ദിക്കാനുണ്ടായിരുന്നില്ല.

കേരള രാഷ്ട്രീയം ഒരിക്കല്‍ കൂടി കേരള കോണ്‍ഗ്രസ്സിനു ചുറ്റും കിടന്നു തിരിയുകയാണ്. ഇത്തവണം പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള പോരാണ് ചര്‍ച്ചാവിഷയം. പാലാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത് യുഡിഎഫിനും എല്‍ഡിഎഫിനും മാത്രമല്ല, രാഷ്ട്രീയതാല്‍പ്പര്യമുള്ള ഏവര്‍ക്കും താല്‍പ്പര്യമുള്ള വിഷയമായി മാറുന്നത് സ്വാഭാവികം. കേരള കോണ്‍ഗ്രസ്സ് രൂപീകരണം മുതലുള്ള അതിന്റെ ചരിത്രം ഇത്തരത്തില്‍ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചേരിപ്പോരുകള്‍ തന്നെയായിരുന്നു. കേരളത്തിന്റേ അവകാശങ്ങള്‍ക്കുവേണ്ടിയോ കര്‍ഷകര്‍ക്കുവേണ്ടിയോ പോരാടുന്ന ഒന്നായി കേരള കോണ്‍ഗ്രസ്സ് മാറുമെന്നു കരുതിയവര്‍ എന്നും നിരാശപ്പെട്ടിട്ടേ ഉള്ളു.
1964ല്‍ തിരുനക്കര മൈതാനത്തു നടന്ന രൂപീകരണ യോഗത്തില്‍ എന്‍ എസ് എസ് സ്ഥാപകന്‍ മന്നത്തുപത്മനാഭനാണു കേരള കോണ്‍ഗ്രസ് എന്ന പേര് പ്രഖ്യാപിച്ചത്. ഏറെ പ്രസിദ്ധമായ പിടി ചാക്കോ സംഭവമാണ് കേരള കോണ്‍ഗ്രസ്സിനു രൂപം കൊടുക്കാന്‍ പെട്ടന്നുണ്ടായ പ്രചോദനം എന്നു പറയാറുണ്ട്. എന്തായാലും കേരളത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. വാസ്തവത്തില്‍ പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ വിരളമായിരുന്നു. തമിഴ് നാട്ടില്‍ ഡി.ഏം.കെയും മറ്റുമുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുക. പ്രാദേശിക പാര്‍ട്ടികള്‍ ഓരോ സംസ്ഥാനത്തും നിര്‍ണ്ണായക ശക്തികളായി മാറിയിരിക്കുന്നു. അതതു സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് അവ തമ്മില്‍ മുഖ്യമായും മത്സരിക്കുന്നത്. സൂപ്രധാന വിഷയങ്ങളിലാകട്ടെ അവരൊന്നിക്കുകയും ചെയ്യുന്നു. മുല്ലപ്പെരിയാര്‍, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്നാട്ടിലെ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ നോക്കുക. ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതു തന്നെ അവസ്ഥ. പേരെന്തുതന്നെയായാലും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ജിജ ജനതാദളും രാഷ്ട്രീയ ജനതാദളുമൊക്കെ പ്രാദേശിക പാര്‍ട്ടികള്‍ തന്നെ. ബംഗാളില്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മിലുള്ള പ്രധാന മത്സരം പ്രാദേശിക പ്രശ്നങ്ങളില്‍ തന്നെയായിരുന്നല്ലോ. ബംഗാളിലെ സി.പി.എം സത്യത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടി തന്നെ എന്നവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിനു അതിനു കഴിയാതെ ഉപ പ്രാദേശിക പാര്‍ട്ടിയായി മാറുകയായിരുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന് പറയാറുണ്ട്. വാസ്തവത്തില്‍ അത് സത്യവിരുദ്ധമാണ്. ഭരണ ഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടികള്‍ സ്വന്തം നാടിനു വേണ്ടി ശബ്ദിക്കുമ്പോഴും രാജ്യം നേരിടുന്ന പൊതുപ്രശ്നങ്ങല്‍ ദേശീയതല നിലപാടുകള്‍തന്നെയാണ് മിക്കവാറും സ്വീകരിക്കുന്നത്. അതാണ് യഥാര്‍ത്ഥ ജനാധിപത്യം. എത്രമാത്രം ഫെഡറല്‍ ആകാന്‍ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ സംസ്ഥാനങ്ങളുടെ മുഴുവന്‍ അധികാരങ്ങളും ഫെഡറല്‍ ഘടനയും തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആ പ്രക്രിയ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. അതായത് പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നര്‍ത്ഥം. എന്നാല്‍ കേരള കോണ്‍ഗ്രസ്സിന്റെ അജണ്ടയില്‍ അതൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല.
2014ല്‍ കേരളകോണ്‍ഗ്രസ്സ് 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ എം മാണി പത്രങ്ങളില്‍ എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. അര്‍ദ്ധസത്യങ്ങളാലായിരുന്നു അത് ശ്രദ്ധേയമായത്. കര്‍ഷകരുടെ രാഷ്ട്രീയപ്രസ്ഥാനമെന്ന വിശേഷണമാണ് കേരള കോണ്‍ഗ്രസ്സിന് ഏറ്റവും ഇണങ്ങുന്നതെന്നും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂപംകൊണ്ട പല പ്രാദേശിക കക്ഷികളും ജാതിപരവും വര്‍ഗീയവും പ്രാദേശികവുമായ താത്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയും അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്തുമാണ് അധികാരത്തിലെത്തുകയും മറ്റും ചെയ്തിട്ടുള്ളതെന്നും കേരള കോണ്‍ഗ്രസ് ഒരിക്കലും ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തില്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം അന്നെഴുതി. സത്യമെന്താണ്? ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂപംകൊണ്ട പല പ്രാദേശിക കക്ഷികളും ജാതിപരവും വര്‍ഗീയവും പ്രാദേശികവുമായ താത്പര്യങ്ങള്‍ മാത്രം കാത്തുസൂക്ഷിക്കുന്നവയാണോ? അല്ല. വി പി സിംഗ് തുറന്നുവിട്ട മണ്ഡല്‍നകമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം രാജ്യത്തു ശക്തിയാര്‍ജ്ജിച്ച പിന്നോക്ക ദളിത് രാഷ്ട്രീയത്തെ ഇത്തരത്തില്‍ നിസ്സാരമായി കാണുന്നതുതന്നെ തെറ്റാണ്. ഫെഡറലിസം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ അനിവാര്യവുമാണ്.
സത്യത്തില്‍ കേരളത്തിന്റെ വികസനം എന്ന ലക്ഷ്യത്തോടെയെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടതെങ്കിലും പെട്ടന്നുതന്നെ അതിന്റെ സ്വഭാവവും മാറുകയായിരുന്നു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ റബര്‍ കര്‍ഷകരുടെ ഒരു പാര്‍ട്ടിയായി അതുമാറി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും ആത്മഹത്യകള്‍ പെരുകുകയും ചെയ്തപ്പോള്‍ പോലും കേരള കോണ്‍ഗ്രസ്സ് നിശബ്മായിരുന്നു. രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭങ്ങള്‍ ആഞ്ഞടിച്ചപ്പോഴും അതു തന്നെയായിരുന്നു അവസ്ഥ. കേരളം നേരിടുന്ന പൊതു പ്രശ്നങ്ങളിലൊന്നും അവര്‍ക്ക് കാര്യമായി ശബ്ദിക്കാനുണ്ടായിരുന്നില്ല.
വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ചരിത്രമാണ് കേരള കോണ്‍ഗ്രസ്സിന്റേത്. അധികാരം മാത്രമായിരുന്നു പിളര്‍പ്പുകളുടേയും മുന്നണിവിടലുകളുടേയും ലക്ഷ്യം. അങ്ങനെ ഓരോ നേതാവിനും ഓരോ പാര്‍ട്ടിയെന്ന അവസ്ഥയെത്തി. ഏതു മുന്നണി വന്നാലും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷണം ഉണ്ടാകുമെന്നുറപ്പുവരുത്തി. അതിപ്പോഴും തുടരുന്നു. അതിനു പുറമെയാണ് കുടുംബരാഷ്ട്രീയവും അതിന്റെ പേരിലുള്ള കോലാഹലങ്ങളും. അതാണ് ഇപ്പോള്‍ പ്രശ്‌നങ്ങളെ ഏറ്റവും രൂക്ഷമായിരിക്കുന്നതും പാലാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി മാറിയിരിക്കുന്നതും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply