സമാധാനമാര്‍ഗ്ഗത്തിലൂടെ സാമൂഹ്യമാറ്റം സാധ്യമല്ല

ഇന്നത്തെ അവസ്ഥയെ കുറിച്ചു പറയുമ്പോള്‍ പലരും 1975ലെ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കാറുണ്ട്. എന്നാല്‍ കാതലായ ഒരു വ്യത്യാസമുണ്ട്. അന്നത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിതമായിരുന്നു. അത്രയും സത്യസന്ധത അതിനുണ്ടായിരുന്നു. ഇന്നാകട്ടെ അടിയന്തരാവസ്ഥ അപ്രഖ്യാപിതമാണ്.

ഏതാനും വര്‍ഷം മുമ്പുവരെ ഒരാള്‍ക്കെതിരെ യു എ പി എ പോലുള്ള ഭീകരനിയമം പ്രയോഗിക്കണമെങ്കില്‍ അയാള്‍ നിരോധിത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാകണം. എന്നാലിന്ന് അതല്ല അവസ്ഥ. ആരേയും എപ്പോള്‍ വേണമെങ്കിലും ഭീകരവാദിയായി ചിത്രീകരിക്കാനും യുഎപിഎ ചുമത്താനും കഴിയുന്ന നിയമമാണ് പാര്‍ലമെന്റ ്പാസ്സാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരേക്കാള്‍ അപകടകരം അത്തരം ആശയങ്ങള്‍ അവതരിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരാണ് എന്നാണ്.
സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ സാമൂഹ്യമാറ്റം സാധ്യമാകില്ല എന്നും ലോകത്തെവിടേയും അതിന് ഉദാഹരണമില്ല എന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതേസമയം ഇതിനോട് ഭിന്നതയുള്ളവരും വിവിധ വിഷയങ്ങളില്‍ വ്യത്യസ്ഥ അബിപ്രായങ്ങളുള്ളവരും ഐക്യപ്പെടേണ്ട സമയമാണിത്. ഇക്കാലം അതാവശ്യപ്പെടുന്നു.മാര്‍ക്‌സിസത്തെ കുറിച്ച് മാവോ പറഞ്ഞത് അന്നേവരെയുള്ള എല്ലാ സംഘര്‍ഷങ്ങളുടേയും ആകത്തുകയാണത് എന്നായിരുന്നു. ജനാധിപത്യവിപ്ലവത്തെ കുറിച്ച് പഠിക്കുമ്പോള്‍ അത് ഒരുപാട് ധാരകളുടെ ഐക്യത്തിലൂടെ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നു കാണാം. പല വീക്ഷണങ്ങളുടേയും വ്യത്യാസങ്ങള്‍ നിലനിര്‍ത്തി തന്നെയാണ് ഈ ഐക്യം സാധ്യമാകുക. ഇന്ന് എതിര്‍ശക്തി വളരെ കരുത്തുള്ളവരായതിനാല്‍ ഇത്തരം ഐക്യപ്പെടലിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു.
ഇന്നത്തെ അവസ്ഥയെ കുറിച്ചു പറയുമ്പോള്‍ പലരും 1975ലെ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കാറുണ്ട്. എന്നാല്‍ കാതലായ ഒരു വ്യത്യാസമുണ്ട്. അന്നത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിതമായിരുന്നു. അത്രയും സത്യസന്ധത അതിനുണ്ടായിരുന്നു. ഇന്നാകട്ടെ അടിയന്തരാവസ്ഥ അപ്രഖ്യാപിതമാണ്. ഒരു മാസമായി കാശ്മീരിലെ ജനങ്ങള്‍ ഒന്നടങ്കം തടവിലാണ്. എന്നിട്ടും ഭരണകൂടം പറയുന്നു അവരെല്ലാം സന്തുഷ്ടരാണെന്ന്. വിദേശ വാര്‍ത്താ മാധ്യമങ്ങളാണ് അവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്. നമ്മുടെ മാധ്യമങ്ങള്‍ പൊതുവില്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാധ്യമങ്ങളില്‍ പലതും വര്‍ഷാവര്‍ഷം ഒരു ചടങ്ങുപോലെ 75 ലെ അടിയന്തരാവസ്ഥയെ സ്മരിക്കുമ്പോള്‍ അന്നു മുട്ടിലിഴഞ്ഞ മാധ്യമങ്ങളെ കുറിച്ചും ജഡ്ജിമാരെ കുറിച്ചുമൊക്കെ പറയാറുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ അതിനേക്കാള്‍ ഭീകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇവര്‍ ചെയ്യുന്നത് മറ്റെന്താണ്? ഒരു ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമുയരുന്നില്ല. മാത്രമല്ല, അതെല്ലാം ന്യായികരിക്കുന്ന മാനസികമായ അവസ്ഥയില്‍ പലരും എത്തിക്കഴിഞ്ഞു. കാശ്മീരില്‍ ഭൂരിഭാഗവും മുസ്ലിമുകളാണെന്നും പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങളാണ് അവിടത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നുമുള്ള പ്രചാരണം വിശ്വസിച്ച് കേന്ദ്രനടപടികളെ ന്യായീകരിക്കുന്ന മനോഭാവം ഇന്നു ശക്തമാണല്ലോ. എന്തിനേറെ, ക്രിമിനല്‍ കുറ്റവാളികളെ പോലീസ് മര്‍ദ്ദിക്കുമ്പോള്‍ ആരും ഇടപെടാറില്ല, എന്നു മാത്രമല്ല, പലരും അതിനെ ന്യായീകരിക്കുന്നത് കേള്‍ക്കാറുണ്ട്. അടുത്തകാലത്ത് ഒരുപാട് ലോക്കപ്പ് കൊലപാതകങ്ങള്‍ ഉണ്ടായിട്ടും ശക്തമായ പ്രതിഷേധങ്ങള്‍ കേരളത്തിലുണ്ടാകാത്തതിനു കാരണവും മറ്റൊന്നല്ല.
മനുഷ്യാവകാശം എന്നത് ഒരു പൊതുതത്വം എന്ന രീതിയില്‍ മനസ്സിലാക്കുന്നതിനു പകരം അതു തങ്ങള്‍ക്കു താല്‍പ്പര്യമുള്ളവര്‍ക്കു മാത്രം എന്ന ധാരണ വ്യാപകമാണ്. അതിനെ മുതലെടുത്താണ് തീവ്രവാദികളെന്നാരോപിച്ചാല്‍ ആരുടേയും മനുഷ്യാവകാശങ്ങള്‍ തടയാവുന്ന നിയമനിര്‍മ്മാണത്തിനും പച്ചയായ നിയമലംഘനത്തിനും സര്‍ക്കാരിനു കഴിയുന്നത്. അതിനെ ചെറുക്കാന്‍ ബൃഹത്തും സൂക്ഷ്മവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇനിവാര്യമാണ്. അതില്‍ വൈവിധ്യമാര്‍ന്ന നിലപാടുള്ളവര്‍ക്കും ഐക്യപ്പെടാം. മദനിക്കായാലും മുരളിക്കായാലും കാശ്മീരികള്‍ക്കായാലും മനുഷ്യാവകാശങ്ങളുണ്ട്. എന്നാലിന്നത് നിഷേധിക്കുന്നത് മതപരമായ പരിവേഷത്തോടെയുള്ള കപടദേശീയതയുടെ പേരിലാണ്. കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചു പറഞ്ഞ ഷെഹ്ല റഷീദിനെതിരായ രാജ്യദ്രോഹകേസ് തന്നെ ഉദാഹരണം. ഷെഹ്ല കൃത്യമായി പറയുന്ന വിഷയങ്ങള്‍ക്ക് ഒരു മറുപടിയും നല്‍കാന്‍ ഭരണ കൂടത്തിനോ പട്ടാളത്തിനോ കഴിയുന്നില്ല. പട്ടാളത്തെ മഹത്വവല്‍ക്കരിച്ച് അവരെ വിമര്‍ശിക്കാന്‍ പാടില്ലെന്ന പൊതുബോധം വളര്‍ത്തിയെടുത്തിട്ടുണ്ട്. രാജ്യത്തിനു വേണ്ടിയോ തൊഴിലിനു വേണ്ടിയോ ആണ് മഹാഭൂരിപക്ഷവും പട്ടാളത്തിലെത്തുന്നതെന്ന് പരിശോധിച്ചു നോക്കൂ. അവരുടെ ജീവന്റെ വില തന്നെയല്ലേ ആത്മഹത്യചെയ്ത കര്‍ഷകരുടേയും പ്രകൃതിക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടേയുമൊക്കെ ജീവനുള്ളത്? കപടമായ ദേശീയവെറിയാണ് വളര്‍ത്തുന്നത്. ഹിന്ദുത്വവാദത്തെ ദേശാഭിമാനമായി ചിത്രീകരിച്ച് എതിരഭിപ്രായമുള്ളവരെയെല്ലാം ദേശശത്രുക്കളാക്കുന്നു. ഈ ദേശാഭിമാനമെന്നു പറയുന്നത് വടക്കെയിന്ത്യന്‍ ബ്രാഹ്മണ സംസ്‌കാരമല്ലാതെ മറ്റൊന്നല്ല. എന്നാല്‍ ഇന്ദിര വിദേശശക്തികളില്‍ നിന്നു രക്ഷിക്കാനാണ് അടിയന്തരാവസ്ഥ എന്നു പറഞ്ഞപോലെ കാസ്മീരിന്റെ പുരോഗതിക്കാണ് ഈ നടപടികള്‍ എന്നാണ് മോദി പറയുന്നത്. നാളെയത് എവിടേയും ആവര്‍ത്തിക്കപ്പെടും.
അതോടൊപ്പം പ്രധാനമാണ് സാമ്രാജ്യത്വ വിരുദ്ധ നിലപാടും. കാരണം നമ്മുടെ സ്വാതന്ത്ര്യത്തേയും സ്വാശ്രയത്വത്തേയും തകര്‍ക്കുന്നത് സാമ്രാജ്യത്വമാണ്. അതിനെ ചെറുക്കുന്ന നിലപാടില്ലാതെ യഥാര്‍ത്ഥ ദേശാഭിമാനമാകില്ല. അത്തരത്തിലുള്ള ദിശാബോധമാണ് ഇന്നു രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കാവശ്യം.

(എറണാകുളത്ത് നടന്ന സ്വീകരണയോഗത്തില്‍ സംസാരിച്ചതില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply