മഹാമാരി മഹാനഗരത്തില്‍ – വര്‍ണ-വര്‍ഗ വിവേചനത്തിന്റെ മഹാമതില്‍

വലിപ്പം കൊണ്ടു ധാരാവിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ചെറിയ ചേരികളിലെ അവസ്ഥയും വ്യത്യസ്ഥമല്ല. വാര്‍ത്താ പ്രാധാന്യം കിട്ടാത്തതിനാല്‍ അവിടങ്ങളിലെ ദുരന്തങ്ങള്‍ അധികം പുറത്തുവന്നതുമില്ല. ഭാണ്ഡൂപ്, മാന്‍കൂര്‍ദ്ദ്, ശിവാജി നഗര്‍, ഗോവണ്ടി, ചെമ്പൂര്‍, ട്രോംബേ, അന്ധേരി , ജോഗേശ്വരി, ഗോരേഗാവ്, മലാഡ്, മുംബ്ര, ദിവ, കല്‍വ, ഡോംബിവലി, കല്യാണ്‍, ഭിവണ്ടി തുടങ്ങി നിരവധി ഉപ നഗര- പ്രാന്ത നഗരപ്രദേശങ്ങള്‍ രോഗവ്യാപനത്തിലും മരണസംഖ്യയിലും മുന്നില്‍ തന്നെയാണ്. ഈ ചേരികളിലെത്തി ചികത്സിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭയക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ മഹാനഗരം മുംബൈ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത വിധത്തിലുള്ള ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. മഹാരാഷ്ട്രയിലെ 6000ത്തോളം വരുന്ന കൊവിഡ് മരണങ്ങളില്‍ മൂന്നില്‍ രണ്ടും മുംബൈയിലാണ്. ബാക്കി പ്രധാനമായും താനെ, പൂനെ, വസായി – വീരാര്‍, നവിമുംബൈപോലുള്ള നഗരങ്ങളില്‍. സ്വകാര്യവാഹനങ്ങളൊക്കെ ഓടിത്തുടങ്ങിയിട്ടുണ്ടെങ്കിലും മഹാനഗരം ഇപ്പോഴും ഏറെക്കുറെ നിശ്ചലമാണ്. മുംബൈയുടെ ചിഹ്നങ്ങളായ സ്റ്റോക് എക്സ്ചേഞ്ചും മറൈന്‌ഡ്രൈ വും ഗേറ്റ്വേയും ഛത്രപതി ശിവജി ടെര്മിനലും ടാജ് ഹോട്ടലും വടാപാവ് – സാന്ഡ് വിച്ച് കച്ചവടക്കാരും ചുവന്നതെരുവും ധാരാവിയും ജുഹുബീച്ചും ബി.ഇ.എസ്.ടിബസുകളും ഡബാവാലകളും അലക്കു തൊഴിലാളികളും തെരുവുകച്ചവടക്കാരും ട്രാന്‍സ്്‌ജെന്ററുകളുമുള്‍പ്പെടെ എല്ലാം നിശ്ചലമായി, അല്ലെങ്കില്‍ അദൃശ്യമായി. മുംബൈയുടെ ജീവനാഡിയായി ഏതുസമയത്തും അങ്ങോട്ടുമിങ്ങോട്ടും പായുന്ന ആയിരകണക്കിനു തീവണ്ടികള്‍ ആഴ്ചകളോളം നിശ്ചലമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു തീവണ്ടിയില്‍ 700 പേരെ മാത്രം കയറ്റി ഏതാനും ലോക്കല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട് എന്നുമാത്രം.

ആധുനികകാലത്ത് മഹാനഗരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെങ്ങിനെയെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണ് മുംബൈയും ദില്ലിയും അഹമ്മദാബാദും ചെന്നൈയും കൊല്‍ക്കത്തയുമൊക്കെ. ഒരു വശത്തെ അംബരചുബികളായ കെട്ടിടങ്ങളും മറുവശത്തെ ചേരികളുമൊക്കെ ഏതൊരു നഗരത്തിന്റേയും പ്രകടമായ രൂപങ്ങളാണ്. അംബര ചുംബികളായ ദന്തേഗോപുരങ്ങള്‍ക്കപ്പുറത്ത് വൃത്തിഹീനമായ ചേരികളും ചാളകളും സ്വാഭാവികമായും സൃഷ്ടിക്കപ്പെട്ടുകതന്നെ ചെയ്യും. സമ്പന്ന വര്‍ഗത്തിന്റെ മുഴുവന്‍ സൗഭാഗ്യങ്ങള്‍ക്കും പിന്നില്‍ പണിയെടുക്കുന്ന ദരിദ്രനാരായണന്മാരുടെ കൈയൊപ്പ് നഗരത്തിന് കൂടിയേ തീരു. ചേരികള്‍ എന്നാല്‍ ഏററവും ദയനീയവും ശുചിത്വ ശൂന്യവുമായ ഭൗതിക സാഹചര്യങ്ങള്‍ മാത്രം. ശുദ്ധമായ കുടിവെള്ളത്തിന്റൈ ദൗര്‍ലഭ്യം, ശൗചാലയങ്ങളുടെ അപര്യാപ്തത, സാമൂഹ്യ ശുചിത്വമില്ലായ്മ, വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത പരിസരങ്ങള്‍, മാലിന്യ സംസ്‌ക്കരണത്തിന്റെ അഭാവം തുടങ്ങിയ നിരവധി വൈതരണികളാണ് ചേരികളില്‍ അധിവസിക്കുന്ന ജനലക്ഷങ്ങള്‍ അഭിമുഖീകരിക്കുന്നത്.

അംബാനിയുടെ വസതിയും ധാരാവി ചേരിയും ഈ നഗരത്തിന്റെ നേര്‍ക്കുനേര്‍ പ്രതീകങ്ങളാകുന്നുത് അങ്ങനെയാണ്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണിയും ജാതീയപീഡനങ്ങളും തൊഴിലില്ലായ്മയുമാണ് നഗരങ്ങളിലേക്ക് മഹാപ്രവാഹമുണ്ടാക്കിയതെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ സംഭവിച്ചതെന്താണ്? രൂപത്തിനു മാറ്റമുണ്ടെങ്കിലും വര്‍ണ-വര്‍ഗ വിവേചനം പുതിയ ഭാവത്തില്‍ മഹാനഗരങ്ങളിലും അപചയത്തിന്റെ അതിര്‍ത്തികള്‍ തീര്‍ത്തു കഴിഞ്ഞു. പലപ്പോഴും അവ പ്രകടമായി തന്നെ പുറത്തുവരും. കൊവിഡിലും കാണാം ഈ വര്‍ഗ്ഗപ്രശ്നവും ജാതിപ്രശ്നവും ദാരിദ്യവുമൊക്കെ. മുംബൈയില്‍ കൊവിഡിന്റെ കടന്നാക്രമണം നടന്നത് പ്രധാനമായും ചേരികളില്‍ തന്നെയായിരുന്നു എന്നതില്‍ നിന്നുതന്നെ ഇതു വ്യക്തമാണ്.

ശുചിത്വമോ സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലാത്ത ചേരികളില്‍ സാമൂഹ്യ അകലമെന്നതൊക്കെ വെറും സ്വപ്നം മാത്രം. 200 ഹെക്ടര്‍ മാത്രം വിസ്തീര്‍ണ്ണം വരുന്ന, ധാരാവി ചേരിയിലെ ജനസംഖ്യ 12 ലക്ഷമാണ്. പഴയകാലത്തേക്കാള്‍ ഭേദപ്പെട്ട അവസ്ഥയാണെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇപ്പോഴും എത്രയോ അപര്യാപ്തം. മലമൂത്രസൗകര്യങ്ങളുടെ കാര്യം മാത്രം എടുക്കാം. നിരത്തി പണിതിട്ടുള്ള ടോയ്ലറ്റുകളുടെ അവസ്ഥ എന്താണ്?. ഒരെണ്ണമുപയോഗിക്കുന്നത് ശരാശരി 50-60 പേരാണ്. അവിടെതന്നെ സാമൂഹ്യവ്യാപനം ഉറപ്പല്ലേ. തൊട്ടടുത്തു സ്ഥിതിചെയ്യുന്ന കുടിലുകളിലും സാമൂഹ്യ അകലം സാധ്യമാണോ? അതുകൊണ്ടുതന്നെയായിരുന്നു ഇവിടെ സാമൂഹ്യവ്യാപനം നടന്നത്.
ദലിത് – പിന്നോക്ക വിഭാഗങ്ങള്‍, അസ്പൃശ്യരായ അതി ശൂദ്രര്‍, മുസ്ലിംകള്‍, ഏറ്റവും അമാന്യവും അവിദഗ്ദ്ധവുമായ തൊഴിലിലേര്‍പ്പെടുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, പരമ്പരാഗത ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന ജനങ്ങളാണ് പൊതുവെ ചേരി നിവാസികളില്‍ ഏറിയകൂറും. നഗരം കൂടുതല്‍ വര്‍ണശബളമാകുമ്പോള്‍ പ്രവൃത്തിയിലേര്‍പ്പെടുന്ന യഥാര്‍ത്ഥ നഗരശില്പികള്‍ ഏറ്റവും ദരിദ്രമായ വൃത്തിഹീനമായ ഭൗതികാവസ്ഥയില്‍ തങ്ങളുടെ ജീവിതം തള്ളിനീക്കാന്‍ ഇവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

പൊതുജനാരോഗ്യം, സൗജന്യ വിദ്യാഭ്യാസം, സാര്‍വത്രിക റേഷന്‍ വിതരണ ശൃംഖല, പാര്‍പ്പിട സൗകര്യങ്ങള്‍, സൗജന്യ വൈദ്യചികിത്സാ വ്യവസ്ഥകള്‍, മെച്ചപ്പെട്ട സാനിട്ടേഷന്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങളിലൊന്നും ഭരണകൂടം തങ്ങളുടെ കടമ കാണാതിരിക്കുന്നതാണ് ഈ മഹാമാരിയുടെ തീവ്രത ഇത്രയേറെ വര്‍ധിക്കാന്‍ കാരണമായതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ചേരിനിവാസികളുടെ ക്ഷേമത്തിലും സുരക്ഷിത്വത്തിലുമൂന്നിയ ഭവന നിര്‍മ്മാണ പദ്ധതികളൊന്നും തന്നെ പ്രഖ്യാപനങ്ങളിലുപരി പ്രയോഗവത്ക്കരിക്കപ്പെടാറില്ല. തെരഞ്ഞെടുപ്പിന്റെ കാലത്ത് വോട്ടു വാങ്ങിയെടുക്കുന്നതിന് ഭരണവര്‍ഗ പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ച് ചേരികള്‍ സന്ദര്‍ശിക്കുന്നതൊഴിച്ചാല്‍ പിന്നീട് ചേരി നിവാസികള്‍ ശ്രദ്ധിക്കപ്പെടാറില്ലെന്നതാണ് വാസ്തവം. വര്‍ണ – വര്‍ഗ വിവേചന -പരിഗണനകള്‍ ജനക്ഷേമത്തിലും അടിസ്ഥാന സൗകര്യവികസനങ്ങളിലും ചേരി നിവാസികളുടെ സ്ഥായിയായ ദുരവസ്ഥയിലൂടെ തിരിച്ചറിയാന്‍ കഴിയുന്നതാണ്. മഹാമാരിയും പ്രകൃതി ദുരന്തവും പട്ടിണിപ്പാവങ്ങള്‍ക്ക് സംരക്ഷണമേകില്ലെന്നതും ചരിത്രത്തിന്റെ സാക്ഷിപത്രമായി എക്കാലത്തും നിലനില്ക്കുകയാണ്.

എല്ലാവര്‍ക്കുമറിയാവുന്ന പോലെ യാതൊരു മുന്നൊരുക്കത്തിനും അവസരം നല്കാതെ കേന്ദ്രം പ്രഖ്യാപിച്ച ലോക് ഡൗണ്‍ തന്നെയാണ് കാര്യങ്ങളെ ഇത്രമാത്രം രൂക്ഷമാക്കിയത്. ധാരാവിയിലെ താമസക്കാര്‍ മിക്കവാറും കുടിയേറ്റതൊഴിലാളികളല്ല. തലമുറകളായി ഇവിടെ തന്നെ താമസിക്കുന്നവരാണ്. ജാതിപരമായും വര്‍ഗ്ഗപരമായും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവര്‍. ജീവിതം അല്ലെങ്കില്‍ തന്നെ ഇവര്‍ക്ക് ദുരിതമാണ്. ഇപ്പോഴും ഗുണ്ടാപിരിവ് നടത്തുന്ന ഗുണ്ടാരാജാക്കന്മാര്‍ ഇവിടെയുണ്ട്. ആരുടേയും ഉടമാവകാശമില്ലാത്ത സ്ഥലത്തിന് അവര്‍ വാടക പിരിക്കുന്നു. സുരക്ഷക്കായി അതുകൊടുക്കാന്‍ ചേരിനിവാസികള്‍ ബാധ്യസ്ഥരാണ്. എന്നിട്ടും പലപ്പോഴും മുംബൈയില്‍ ചേരികള്‍ കത്തുന്നു. വന്‍കിട പ്രോജക്ടുകള്‍ക്കായുള്ള കുടിയൊഴിപ്പിക്കലുകള്‍ക്കായി കത്തിക്കുന്ന സംഭവങ്ങളാണ് കൂടുതലും. ജീവനും കൊണ്ടോടുന്ന ചേരിനിവാസികള്‍ വേറെയെവിടെയെങ്കിലും പുതിയ ചേരികള്‍ സൃഷ്ടിക്കുന്നു.

നിരവധി കുടില്‍ വ്യവസായങ്ങളാണ് ധാരാവി ചേരിക്കകത്തുള്ളത്. ഉദാഹരണമായി 1000ത്തോളം ചെറുകിട ലെതര്‍ യൂണിറ്റുകളുണ്ട്. അവയില്‍ ശരാശരി 10 – 20 പേര്‍ ജോലി ചെയ്യുന്നു. കയറ്റുമതി ചെയ്യുന്ന ഉന്നതനിലവാരത്തിലുള്ള ഉല്പ്പന്നങ്ങളാണ് ഇവിടെ ഉല്പ്പാദിപ്പിക്കുന്നത്. എന്നാലിവര്‍ക്ക് കിട്ടുന്നത് തുച്ഛം മാത്രം. ഇപ്പോള്‍ അവരെല്ലാം പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്. 12 ലക്ഷം ജനസംഖ്യയുള്ള ചേരിയില്‍ സര്‍ക്കാര്‍ വിതരണം ചെയ്തത് 20000 ഭക്ഷണകിറ്റുകളാണ്. കിറ്റില്‍ പ്രധാനമായുള്ളത് 5 കിലോ അരിയും കുറച്ചു പരിപ്പും മാത്രം. ഇപ്പോള്‍ എങ്ങും കരിഞ്ചന്തയും വിലകയറ്റവുമാണ്. വളരെ വൈകി കുറെപേരെ ക്യാമ്പുകളുണ്ടാക്കി ഇവിടെ നിന്നുമാറ്റി. കൊവിഡ് ആശുപത്രിയും ആരംഭിച്ചു. അപ്പോഴാണ് രോഗവ്യാപനത്തിനു നേരിയ ശമനമുണ്ടായത്.

വലിപ്പം കൊണ്ടു ധാരാവിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ചെറിയ ചേരികളിലെ അവസ്ഥയും വ്യത്യസ്ഥമല്ല. വാര്‍ത്താ പ്രാധാന്യം കിട്ടാത്തതിനാല്‍ അവിടങ്ങളിലെ ദുരന്തങ്ങള്‍ അധികം പുറത്തുവന്നതുമില്ല. ഭാണ്ഡൂപ്, മാന്‍കൂര്‍ദ്ദ്, ശിവാജി നഗര്‍, ഗോവണ്ടി, ചെമ്പൂര്‍, ട്രോംബേ, അന്ധേരി , ജോഗേശ്വരി, ഗോരേഗാവ്, മലാഡ്, മുംബ്ര, ദിവ, കല്‍വ, ഡോംബിവലി, കല്യാണ്‍, ഭിവണ്ടി തുടങ്ങി നിരവധി ഉപ നഗര- പ്രാന്ത നഗരപ്രദേശങ്ങള്‍ രോഗവ്യാപനത്തിലും മരണസംഖ്യയിലും മുന്നില്‍ തന്നെയാണ്. ഈ ചേരികളിലെത്തി ചികത്സിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭയക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണമാകട്ടെ വളരെ കുറവും. പി പി ഇ കിറ്റോ മാസ്‌കോ സാനിറ്റൈസറോ ആവശ്യത്തിനില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ ഭയക്കാതിരിക്കുന്നതെങ്ങിനെ? പല ആശുപത്രികളും നിറഞ്ഞുകവിഞ്ഞു. മോര്‍ച്ചറിയില്‍ സ്ഥലമില്ലാതെ രോഗികളുടെ സമീപത്തും മൃതദേഹങ്ങള്‍ നിറഞ്ഞു. പല ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവര്‍ മരിച്ചു. പലരും ഭയന്ന് ഒളിച്ചോടി. ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ആരോഗ്യപ്രവര്‍ത്തികര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറങ്ങി. കുറ്റവാളികളെ കുത്തിനിറച്ച ആര്‍തര്‍ ജയിലിലെ അന്തേവാസികളില്‍ രോഗവ്യാപനമുണ്ടായതായി വാര്‍ത്തകള്‍ വന്നു. പിന്നീടാ വാര്‍ത്തകള്‍ കാണാതായി. നിരവധി പോലീസുകാരും രോഗം ബാധിച്ച മരിച്ചു.

ഏറെക്കുറെ ചേരികളില്‍ തന്നെയാണ് മുംബൈയില്‍ രോഗവ്യാപനമുണ്ടായത്. ഫ്ളാറ്റുകളില്‍ വസിക്കുന്നവര്‍ മിക്കവാറും സാമൂഹ്യ അകലം കാത്തുസൂക്ഷിച്ച് രോഗത്തെ പ്രതിരോധിച്ചു. പൊതുവായ വരാന്തകളുള്ള വളരെ പഴയ മാതൃകയിലുള്ള ചില ഫ്ളാറ്റുകളേയും അസുഖം ബാധിച്ചു. കൃത്യമായ ഒരു വിലയിരുത്തല്‍ നടത്തിയാല്‍ കൊവിഡ് അക്രമിച്ചത് പ്രധാനമായും വര്‍ഗ്ഗപരമായും ജാതീയമായും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരെ തന്നെയാണ്. തലമുറകളായി ദുരിതങ്ങളിലൂടെ തടന്നുപോകുന്ന അവരുടെ ജീവിതത്തെതന്നെയാണ് കൊവിഡ് മഹാദുരന്തമാക്കിയത്. അവരെ അങ്ങനെ നിലനിര്‍ത്തിയതില്‍ നിലവിലെ ഭരണ – സാമൂഹ്യ സംവിധാനത്തിന്റെ പങ്ക് പ്രധാനമാണല്ലോ. അതിനാല്‍ കൊവിഡിലും ജാതി – വര്‍ഗ്ഗ ഭേദങ്ങളുണ്ട്, അതും വ്യവസ്ഥാ ബന്ധിതം തന്നെ.

ദുരിതങ്ങളനുഭവിച്ചവരില്‍ മറ്റൊരു വിഭാഗം കുടിയേറ്റതൊഴിലാളികള്‍ തന്നെ. ഡെല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഇതേറെ ചര്‍ച്ച ചെയ്തതാണ്. മുംബൈയിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. ആയിരകണക്കിനു പേരാണ് മഹാദുരന്തങ്ങള്‍ താങ്ങി നൂറുകണക്കിനു കിലോമീറ്റര്‍ നടന്ന് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് യാത്രയായത്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പലായനം.. എത്രയേറെ പേര്‍ വഴിയില്‍ വീണുമരിച്ചു. ഔറംഗബാദില്‍ തീവണ്ടികയറി മരിച്ചവര്‍ വേറെ. അവര്‍ ഒരേ സമയം നൊമ്പരവും, മുന്‍കരുതലുകളില്ലാതെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ രക്തസാക്ഷികളുമായി. ദിവസം 500 – 600 രൂപ വീതം കൂലി വാങ്ങുന്നവരായിരുന്നു ഇവരില്‍ മിക്കവരും. രണ്ടുദിവസം ജോലിയില്ലെങ്കില്‍ പട്ടിണി. പലരും മഹാനഗരത്തില്‍ ജീവിക്കുന്നു എന്നതിനു തെളിവില്ല. റേഷന്‍ കാര്ഡ് പോലുമില്ല. പലായനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കു മുന്നിലുണ്ടായിരുന്നില്ല. മുകളില്‍ പറഞ്ഞപോലെ അവരിലും ജാതി – വര്‍ഗ്ഗ പ്രശ്നം പകല്‍പോലെ വ്യക്തമാണ്. ഇതേവിഷയങ്ങളും തൊഴിലില്ലായ്മയും മൂലമായിരുന്നു അവര്‍ ദശകങ്ങള്‍ക്കു മുമ്പെ നഗരത്തിലെത്തിയത്. ഇപ്പോള്‍ മടങ്ങുമ്പോഴും തോളത്തുനിന്ന് ആ ഭാരം ഒഴിയുന്നില്ല.
ലൈംഗികത്തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്ററുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ ദുരന്തങ്ങളെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. തീര്‍ച്ചയായും നഗരജനസംഖ്യയില്‍ വലിയൊരു ഭാഗം വരുന്ന മധ്യവര്‍ഗ്ഗങ്ങളുടെ അവസ്ഥയും ദയനീയമായി കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ അനന്തമായി നീളുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രവചനാതീതമാകും.

ഉപജീവനം വഴിമുട്ടുകയും അതിജീവനത്തിന് നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ ജനതയിലധികവും. ഈ അടിസ്ഥാന ധാരണയില്‍ നിന്നു കൊണ്ടു വേണം കോവിഡ് കാല ദുരന്തങ്ങളെ വിലയിരുത്തേണ്ടത്. ജനങ്ങളെക്കാള്‍ പ്രാധാന്യം ഉല്പാദനത്തിനും സമ്പത്തിനും നല്കുന്ന വാണിജ്യ താത്പര്യം മാത്രമാണ് ചൂഷണാധിഷ്ടിതമായ ഒരു സാമൂഹ്യ ക്രമത്തിന്റെ നീതിബോധത്തെ നയിക്കുക. ജനങ്ങളുടെ ജീവിതാവസ്ഥയിലുണ്ടാകുന്ന ദയനീയ സ്ഥിതിയില്‍ ഗുണപരമായി മേന്മ സൃഷ്ടിക്കണമെന്ന് ചൂഷക വര്‍ഗാധിപത്യം നിലനില്ക്കുന്ന വ്യവസ്ഥ നിശ്ചയമായും താല്‍പര്യപ്പെടില്ല. ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തണമെന്നോ അവര്‍ക്കാവശ്യമായ അടിസ്ഥാന ആരോഗ്യപരിപാലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നോ ഇത്തരമൊരു ഭരണകൂടം ആഗ്രഹിക്കില്ലെന്നു പറയാം.

അടിസ്ഥാന വര്‍ഗത്തില്‍പ്പെടുന്ന കുടിയേററ – പലായന തൊഴിലാളികള്‍ നഗരങ്ങളിലെത്തി എളുപ്പത്തില്‍ ലഭ്യമാക്കുന്ന ചെലവു കുറഞ്ഞ താമസ സ്ഥലങ്ങള്‍ തേടി ചേരിപ്രദേശങ്ങളില്‍ തങ്ങളുടെ ജീവിതമാരംഭിക്കും. വേണ്ടത്ര നിലവാരമില്ലാത്ത ശുചിത്വമില്ലാത്ത മലമൂത്രവിസര്‍ജന – കുടി വെള്ള – വൈദ്യുതി സൗകര്യങ്ങളില്ലാത്ത ചേരികള്‍ നഗരവത്കരണത്തോടൊപ്പം നഗരങ്ങളുടെ ഭാഗമായി ഉയര്‍ന്നു വരുന്ന സ്വാഭാവികത ദില്ലി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ തുടങ്ങിയ മഹാ നഗരങ്ങളില്‍ നാം കണ്ടുവരികയാണ്. സമ്പന്നതയോടൊപ്പം ദാരിദ്ര്യവും സമൃദ്ധിയോടൊപ്പം ഇല്ലായ്മയും ഇവിടങ്ങളില്‍ നമുക്കു കാണാം. നഗരത്തെ മോടി പിടിപ്പിക്കുന്ന കായികാധ്വാനത്തിലേര്‍പ്പെടുന്ന പാവങ്ങള്‍ ഏറ്റവും വൃത്തിഹീനമായ ചാളകളിലും ചേരികളിലും ജീവിച്ചു പോകുന്നു. അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ നല്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ ഉറപ്പു വരുത്തേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നിരിക്കെ സാമൂഹ്യസുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കാതിരിക്കുന്നത് ഭരണവര്‍ഗവര്‍ഗത്തിന്റെ പ്രാഥമികതയുടെ കൂടി സൂചകമായി കണക്കാക്കാം. പൊതുജനാരോഗ്യം, സൗജന്യ വിദ്യാഭ്യാസം, സാര്‍വത്രിക റേഷന്‍ വിതരണ ശൃംഖല, പാര്‍പ്പിട സൗകര്യങ്ങള്‍, സൗജന്യ വൈദ്യചികിത്സാ വ്യവസ്ഥകള്‍, മെച്ചപ്പെട്ട സാനിട്ടേഷന്‍ തുടങ്ങി പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങളിലൊന്നും ഭരണകൂടം തങ്ങളുടെ കടമ കാണാതിരിക്കുന്നതാണ് ഈ മഹാമാരിയുടെ തീവ്രത ഇത്രയേറെ വര്‍ധിക്കാന്‍ കാരണമായതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന – പ്രാദേശിക ഭരണകൂടങ്ങളാകെ ഈ അവസ്ഥക്ക് ഉത്തരവാദികളാണുതാനും.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതെ ജനങ്ങള്‍ക്കാവശ്യമായ ഒരു സഹായവുമെത്തിക്കാന്‍ ഭരണ സംവിധാനത്തിന് കഴിഞ്ഞില്ലെന്നുള്ളത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന മരണ നിരക്കില്‍ നിന്ന് ബോധ്യപ്പെടും. അടിസ്ഥാന ആരോഗ്യ പ്രവര്‍ത്തനത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അഭാവം, ഔഷധ ദൗര്‍ലഭ്യം, അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യാനുസരണം തയ്യാറാക്കാന്‍ കഴിയാതെ പോയത്, അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം, ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാന്‍ കഴിയാതെ പോയത് തുടങ്ങി നിരവധി കാരണങ്ങള്‍ കോവിഡ് പ്രതിരോധ സാധ്യതകളെ ദുര്‍ബലപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്തു. സാമൂഹ്യ-ശാരീരിക ദൂരം പാലിക്കുക, മാസ്‌കുകള്‍ ധരിക്കുക, അണുനശീകരണത്തിനായുള്ള രാസമിശ്രിതങ്ങള്‍ ഉപയോഗിക്കുക എന്നിവയൊന്നും ചേരികളില്‍ ജീവിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രാപ്യമല്ലെന്ന് കാണാന്‍ കഴിയും.

ശാസ്ത്രീയമായി, ആസൂത്രിതമായി നഗരവല്ക്കകരണം നടക്കാത്തതാണ് ആത്യന്തികമായി ഇത്തരം ദുരന്തങ്ങളെ രൂക്ഷമാക്കുന്നത്. സാമ്പത്തികമായി വളരെ മുന്നിലാണ് മഹാരാഷ്ട്രസര്‍ക്കാരും മുംബൈ കോര്‍പ്പറേഷനും. എന്നാല്‍ അടിസ്ഥാനജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പണം ചിലവഴിക്കാന്‍ അവരൊരിക്കലും തയ്യാറല്ല. അത് വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം. ആരോഗ്യമേഖലയുടെ അവസ്ഥ ഏറ്റവും മോശമാണ്. കേരളത്തില്‍ കാണുന്നപോലെയുള്ള പൊതുജനാരോഗ്യസംവിധാനമൊന്നും ഇവിടെ നിലവിലില്ല. എന്തുവന്നാലും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കേണ്ടിവരുക. അവിടെ നടക്കുന്നത് കഴുത്തറപ്പന്‍ പരിപാടികളാണ്. അതിനാല്‍ തന്നെ അവിടങ്ങളില്‍ പോകാന്‍ സാധാരണക്കാര്ക്ക് എളുപ്പമല്ല. അതും മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമാണ്. ഇത്തരം അപര്യാപ്തതകളും ആരോഗ്യപ്രവര്‍ത്തകരുടെ കുറവും മൂലമാണ് കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ക്ഷണിച്ചത്. അവര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

മലയാളികളെ കുറിച്ച് പറയാതെ മുംബൈയെ കുറിച്ചൊന്നും പറയാനാവില്ലല്ലോ. പക്ഷെ അക്കാലം ഏറെക്കുറെ അസ്തമിക്കുകയാണ്. ഇപ്പോള്‍ തൊഴിലന്വേഷിച്ച് മുംബൈയിലെത്തുന്ന മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. ഇവിടത്തെ മലയാളികളുടെ ശരാശരി പ്രായം 50 വയസ്സിനടുത്താണ്. പിന്നെയുള്ളത് മലയാളികളെന്നു പറയാനാവാത്ത അവരുടെ മക്കളും പേരക്കുട്ടികളുമാണ്. മലയാളികളില്‍ മഹാഭൂരിപക്ഷവും മധ്യവര്‍ഗ്ഗത്തില്‍ പെട്ടവരാണ്. മിക്കവാറും പേര്‍ സാമാന്യം മെച്ചപ്പെട്ട അവസ്ഥയിലാണ്. ഫ്ളാറ്റുകളില്‍ തന്നെയാണ് താമസം. കൊവിഡ് സൃഷ്ടിച്ച സാമൂഹ്യപ്രശ്നങ്ങളൊക്കെ അവരേയും ബാധിച്ചു എന്നാല്‍ നേരിട്ട് കൊവിഡ് ബാധിച്ചവര്‍ വളരെ കുറവ്. രോഗബാധിതരായി മരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ചേരിനിവാസികളില്‍ മലയാളികള്‍ വളരെ കുറവ്. ആരോ പറഞ്ഞത് ധാരാവിയില്‍ 100ഓളം പേരുണ്ടെന്നാണ്. കുടിയേറ്റ തൊഴിലാളികളിലും മലയാളികളില്ല. പഴയപോലെ ജോലി തേടിയും ഗള്‍ഫി്ല്‍ പോകാനുമൊക്കെ വന്ന് ബാച്ച്ലേഴ്സ് ആയി ഒറ്റ മുറികളില്‍ താമസിക്കുന്നവരുമില്ല. തെരുവുകച്ചവടക്കാരിലും മലയാളി സാന്നിധ്യം കുറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് മലയാളി സ്വാധീനം അനുദിനം കുറയുകയാണ്. കൊവിഡില്‍ അതുപക്ഷെ അനുഗ്രഹമായി എന്നു പറയാം.

അതേസമയം മലയാളി നഴ്‌സുമാരുടെ മഹത്തായ സേവനം വിസ്മരിച്ചു കൊണ്ട് മഹാരാഷ്ട്ര സംസ്ഥാനത്തോ മുംബൈ നഗരത്തിലൊ ഉപഗ്രഹ നഗരങ്ങളിലൊ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക സാധ്യമല്ല. അന്‍പതിനായിരത്തിലധികം സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ള നഴ്‌സുമാര്‍ വ്യത്യസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്നു. 99% പേരും സ്ത്രീകള്‍ ആണ്. ഇവരില്‍ ഭൂരിഭാഗവും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നഴ്‌സുമാരുടെ സമൂഹം വേതന – സേവന വ്യവസ്ഥകളില്‍ കൊടും ചൂഷണം നേരിടുകയാണ്. സുസ്ഥിരമായ സുരക്ഷാ പദ്ധതികള്‍ ഭവന നിര്‍മ്മാണമടക്കുള്ള വിഷയങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നഴ്‌സസ് സമൂഹത്തിനായി നടപ്പാക്കാകാന്‍ തയ്യാറാകേണ്ടതാണ്. ഭാവിയില്‍ മഹാമാരിയും പ്രകൃതിദുരന്തമുള്‍പ്പടെയുള്ള അത്യാഹിതങ്ങളെ നേരിടുന്നതിനും ഈ സഹോദരിമാരെ ശാക്തീകരിക്കാന്‍ ഇനിയും അമാന്തം പാടില്ല!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply