വായനയുടെ ഭൂപടങ്ങള്‍

1940 – കളോടെ റഷ്യന്‍ വിപ്ലവ സന്ദേശങ്ങളുടെ ഭാഗമായ സോഷ്യലിസ്റ്റ് റിയലിയത്തോടും 1980 കളൊടെ ലാറ്റിന്‍ അമേരിക്കന്‍ മധ്യവര്‍ഗ്ഗ മുന്നേറ്റങളുടെ ഭാഗമായ മാജിക്കല്‍ റിയലിസത്തോടും വായനയുടെ രണ്ടാം ഭൂപടം കണ്ണി ചേരുന്നതായി കാണാം. ഇന്നും അതിശക്തമായ ഇടതു പക്ഷ പൊതുബോധ മായി ഈ വായന മലയാളത്തില്‍ സ്വാധീനം ചെലത്തുന്നു. യുക്തി ബോധം, ശാസ്ത്രത്തിന്റെയും പരിണാമ ചിന്തയുടെയും മേല്‍ക്കൈ, തൊഴിലിടം, അദ്ധ്വാനം, അവകാശബോധം, സമരങ്ങള്‍ , സാമൂഹിക കാര്യങ്ങള്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ മുതലായ ഒട്ടേറെ വിഷയങ്ങള്‍ ജനകീയവല്‍ക്കരിച്ചത് ഈ വായനയുടെ സ്വാധീനത്തിലാണ്. എന്നാല്‍ വായനയുടെ ഒന്നാം ഭൂപടത്തില്‍ വേരോടിയ വരേണ്യതയില്‍ നിന്നും അടിസ്ഥാനപരമായി വിട്ടുമാറാന്‍ രണ്ടാം ധാരക്കും കഴിഞ്ഞിരുന്നില്ല. അതിനെയാണ് മൂന്നാംഭൂപടം ഭേദിക്കുന്നത്.

വായന എന്ന വാക്ക് വെറും പുസ്തകപാരായണം എന്ന അര്‍ത്ഥത്തെ മാത്രമല്ല ഉള്‍ കൊള്ളുന്നത്. നമ്മുടെ തിരിച്ചറിവിനെ – Cognition – നെ നിര്‍ണ്ണയിക്കുന്ന അതിശക്തമായ ഉപാധിയാണ് വായന. നാം കാണുന്നതും , കേള്‍ക്കുന്നതും, ചിന്തിക്കുന്നതും, സംസാരിക്കുന്നതുമെല്ലാം വായന എന്ന പ്രമേയത്തിലുള്‍ച്ചേരുന്നുണ്ട്.

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വായനയുടെ മൂന്ന് വ്യത്യസ്ത ഭൂപടങ്ങളെങ്കിലും കണ്ടെത്താന്‍ കഴിയും. കൊളോണിയല്‍ വിദ്യാഭ്യാസ പദ്ധതിക്ക് അനുബന്ധമായി വികസിച്ചു വന്ന പുതു വായനയുടെ ഭൂപടമാണ് ആദ്യത്തേത്. ഇതിലൂടെ പാശ്ചാത്യ വൈജ്ഞാനിക ഗ്രന്ഥങ്ങളും സാഹിത്യ ക്ലാസ്സിക്കുകളും റൊമാന്റിക് പ്രസ്ഥാന കൃതികളുമെല്ലാം നമുക്ക് പരിചിതമായി. ബ്രിട്ടീഷ് വാഴ്ചയുടെ അധികാര ചിഹ്നങ്ങള്‍ ഒപ്പം മില്‍ട്ടനും ജോണ്‍ ബുനിയനും ഷേക്‌സ്പിയറും വേര്‍ഡ്‌സ് വര്‍ത്തും കീറ്റ്‌സുമെല്ലാം മലയാളഭാഷയിലും ഇടപെടാന്‍ ആരംഭിച്ചു. നമ്മുടെ പുരാണകൃതികളും നിയോ ക്ലാസിക് സാഹിത്യവും പുതിയ രീതിയില്‍ വായിക്കാനും പുനരാവിഷ്‌കരിക്കാനും കഴിയുന്നതായ ഉള്‍ക്കാഴ്ചയും ഈ വായനാ ഭൂപടത്തിലൂടെ വികസിച്ചു.

ദേശീയ പ്രസ്ഥാനകാലത്ത് കര്‍ത്തൃത്വവല്‍ക്കരിച്ച സവര്‍ണ്ണ വിഭാഗങ്ങളെയാണ് ഈ പുതുവായനാ സംസ്‌കാരം ഏറ്റവുമധികം സ്വാധീനിച്ചത്. സര്‍വ്വലൗകികതയെ പറ്റിയുള്ള പരികല്പനകളും ഉദാത്തമായ മാനവിക മൂല്യങ്ങളെ കേന്ദ്രമാക്കിയ അവകാശവാദങ്ങളും ഈ വായനയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായി. എന്നാല്‍ പടിഞ്ഞാറനും വെള്ളക്കാരനുമായ ആണിനെ ‘മാന്യനായി’ ( Gentle figure ) ലോകത്ത് സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യമാണ് ഈ വായനാ ഭൂപടത്തിലൂടെ കൂടുതലായും നടന്നത്. ദേശത്തിന്റെ രക്ഷകനും എല്ലാവരുടെയും മാര്‍ഗ്ഗദര്‍ശിയുമായി ചിത്രീകരിക്കപ്പെട്ട ജെന്റില്‍മാന്‍ ഫിഗറിലൂടെ പാശ്ചാത്യ അധിനിവേശത്തിന് ഉദാരവാദ പരിവേഷം കിട്ടിയെന്നതു നിസ്സംശയമാണ്. ഇത്തരം മാന്യദേഹങ്ങളുടെ പകര്‍പ്പുകളായ സാമന്തന്മാര്‍ മലയാളം പോലുള്ള പ്രാദേശിക ഭാഷകളിലും പിറവിയെടുത്തു. ഒ ചന്തുമേനോന്റെ മാധവനും മാധവിയും (ഇന്ദുലേഖ) ഇങ്ങനെ വാര്‍ത്തെടുക്കപ്പെട്ട ഉത്തമ സവര്‍ണ്ണ ദേഹങ്ങളാണ്. ഇന്നും നിരവധി സര്‍വ്വകലാശാലകള്‍, പാഠ്യ പദ്ധതി സമതി, ഔദ്യോഗിക ഭാഷ കേന്ദ്രങ്ങള്‍, മുഖ്യധാര പ്രസീദ്ധീകരണ ശാലകള്‍ എന്നിവയിലൂടെ ഈ വായനാ ഭൂപടം നമ്മുടെ സാംസ്‌കാരികാവബോധത്തെ നിയന്ത്രിക്കുന്നു. സ്‌കൂള്‍ കരിക്കുലം മുതല്‍ ജനപ്രിയ സാഹിത്യത്തിലെ മോട്ടീഫുകളെ വരെ നിര്‍വ്വചിക്കാന്‍ ഇതിനെ തന്നെയാണ് മുഖ്യധാര പണ്ഡിതരും മാധ്യമങ്ങളും അവലംബമാക്കുന്നത്.

1930-കളോടെ വായനയുടെ മറ്റൊരു ഭൂപടം മലയാളഭാഷയില്‍ സാന്നിധ്യമുറപ്പിച്ചതായി കാണാം. ഇതിന്റെ പ്രാദേശികമായ വേരുകള്‍ ശൂദ്രാധിഷ്ഠിത സമൂഹ രൂപികരണത്തിന്റെ ആന്തരിക സഘര്‍ഷങ്ങളിലാണുള്ളത്. കേസരി ബാലകൃഷ്ണപിള്ളയാണ് ഈ ധാരയുടെ പ്രധാനപ്പെട വക്താവ്. ഇംഗ്ലണ്ടിലെ നിയോക്ലാസിക് പാരമ്പര്യത്തില്‍ നിന്നും മാറി ഫ്രാന്‍സിലെ നാച്ച്വറലിസ്റ്റ് സാഹിത്യവും സിംബോളിക് പ്രസ്ഥാനവുമായിരുന്നൂ ഇതിനു പ്രചോദനമായത്. യഥാര്‍ത്ഥ ജീവിതത്തെ സൂചിപ്പിക്കുന്ന പ്രമേയങ്ങളും മനശാസ്ത്ര ഘടകത്തിലുള്ള ഊന്നലുകളുമാണ് ഈ വായനയെ ആകര്‍ഷകമാക്കിയത്. എമിലി സോള, വിക്ടര്‍ യൂഗോ , മെല്ലാര്‍മെ പോലുള്ള ഫ്രഞ്ച് എഴുത്തുകാരുടെ രചനകളുടെ പരിചയവും പരിഭാഷയും ഇതിനെ വിപുലീകരിച്ചു. ഇതേ ധാര തന്നെയാണ് പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് വായനയായി പരിവര്‍ത്തനപ്പെട്ടത്.

1940 – കളോടെ റഷ്യന്‍ വിപ്ലവ സന്ദേശങ്ങളുടെ ഭാഗമായ സോഷ്യലിസ്റ്റ് റിയലിയത്തോടും 1980 കളൊട ലാറ്റിന്‍ അമേരിക്കന്‍ മധ്യവര്‍ഗ്ഗ മുന്നേറ്റങളുടെ ഭാഗമായ മാജിക്കല്‍ റിയലിസത്തോടും വായനയുടെ രണ്ടാം ഭൂപടം കണ്ണി ചേരുന്നതായി കാണാം. ഇന്നും അതിശക്തമായ ഇടതു പക്ഷ പൊതുബോധ മായി ഈ വായന മലയാളത്തില്‍ സ്വാധീനം ചെലത്തുന്നു. യുക്തി ബോധം, ശാസ്ത്രത്തിന്റെയും പരിണാമ ചിന്തയുടെയും മേല്‍ക്കൈ, തൊഴിലിടം, അദ്ധ്വാനം, അവകാശബോധം, സമരങ്ങള്‍ , സാമൂഹിക കാര്യങ്ങള്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ മുതലായ ഒട്ടേറെ വിഷയങ്ങള്‍ ജനകീയവല്‍ക്കരിച്ചത് ഈ വായനയുടെ സ്വാധീനത്തിലാണ്.

എന്നാല്‍ വായനയുടെ ഒന്നാം ഭൂപടത്തില്‍ വേരോടിയ വരേണ്യതയില്‍ നിന്നും അടിസ്ഥാനപരമായി വിട്ടുമാറാന്‍ രണ്ടാം ധാരക്കും കഴിഞ്ഞിരുന്നില്ല. ജ്ഞാനോദയ യുക്തികളിലും സവര്‍ണ്ണതയുടെ സാംസ്‌കാരികാധീശത്വത്തിലും തടസ്സപ്പെട്ടു നില്ക്കുന്ന ഭവശാസ്ത്രമണ്ഡലമാണ് ഈ വായനയുടെ കേന്ദ്രമായത് എന്നതാണ് ഇതിനു കാരണം. തന്മൂലം, ജാതിവ്യവസ്ഥയേയും ലിംഗവ്യവസ്ഥയേയും ന്യൂനപക്ഷാവസ്ഥകളേയും യാന്ത്രികമായി സമീപിക്കുന്ന പ്രതിപാദ്യങ്ങളും കടുത്ത കാല്പനികതയും ഈ വായനയില്‍ മുഴച്ച് നില്‍ക്കുന്നതായി മാറി. കേരളത്തിലെ തൊഴിലിടങ്ങളേയും തൊഴിലാളി ജീവിതങ്ങളെയും മാത്രമല്ല, പുരോഗമനമനസ്സിനെ മൊത്തമായി വെളി പ്പെടുത്തിയെന്ന് അവകാശപെടുന്നവയാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പോലുള്ള നാടകങ്ങളും നീലക്കുയില്‍ മുതലായ സിനിമകളും . ഇവ കറയറ്റ ഗൂദ്രാധിപത്യ ചിഹ്നങ്ങളായും കീഴാളേരോടും സ്ത്രീകളോടും നടത്തിയ സാംസ്‌കാരികമായ അതിക്രമവുമായാണ് ഇന്ന് വായിക്കപ്പെടുക.

മേല്‍ പറഞ്ഞ രണ്ടു ഭൂപടങ്ങള്‍ക്കുമൊപ്പം വായനയുടെ മറ്റു ഭൂപടത്തൈയും നമുക്ക് തിരിച്ചറിയാവുന്നതാണ്. ശക്തമായ സവര്‍ണ്ണ – ഇടതുപക്ഷ ബോധത്താല്‍ അദ്യശീകരിക്കപ്പെട്ട ഒന്നാണത്. കേരളത്തിലെ കീഴാളരുടെ വാമോഴിയില്‍ കണ്ണി ചേരുന്ന പ്രപഞ്ചബോധവും ദൈവവിശ്വാസ ധാരകളുമാണ്. ഇതിന്റെ കേന്ദ്രം. നവോത്ഥനാനന്തര ഘട്ടത്തിലെ മുഖ്യധാരാ വരമോഴിയിലേക്കൂ പ്രവേശനം നിഷേധിക്കപ്പെട്ട പൊയ്കയില്‍ അപ്പച്ചന്റെയും സഹോദരന്‍ അയ്യപ്പന്റെയും പോലുള്ള രചനകളും ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ത്രീ ഉണര്‍വ്വുകളുടെയും സ്മരണാ മണ്ഡലവും ഈ ഭൂപടത്തിലുള്‍ച്ചേരുന്നു. കീഴാളമായ ഈ വാമൊഴി – വരമൊഴികളില്‍ നിന്നുമാണ് നമ്മുടെ ‘ചെറു സാഹിത്യങ്ങള്‍’ ( minor literature) പിറവിയെടുത്തെതെന്നു നിസ്സംശയം പറയാം.

1960 – കള്‍ മുതല്‍ ലോകമെങ്ങും സ്വാധീനിച്ച ആഫ്രോ – അമേരിക്കന്‍ ജനതയുടെ സാംസ്്കാരിക ഇടപെടലുകളും 1970 – കളില്‍ ഇന്ത്യയിലും, കേരളത്തിലും രൂപപ്പെട്ട ദലിത് സാഹിത്യവും സ്ത്രീവാദത്തിന്റേയും ന്യൂനപക്ഷാവസ്ഥയുടെയും നിരവധി ആവിഷ്‌കാരങ്ങളും വായനയുടെ ഈ മൂന്നാം ഭൂപടത്തില്‍ നിര്‍ണ്ണായകമാണ്. പെരുംധാരയില്‍ അദൃശീകരിക്കപെടുകയും ഇടതുപക്ഷ പൊതുബോധതാല്‍ തെറ്റായി ചിത്രികരിക്കപ്പെട്ടുകയും ചെയ്യുന്ന ഈ ധാര ഇന്ന് ഏറ്റവും വൈവിധ്യപൂര്‍ണ്ണവും ബഹുസ്വരവുമായ സാംസ്‌കരിക നിര്‍മ്മതികളായി വികസിക്കുകയാണ്. അധിനിവേശ പ്രദേശമായ പാലസ്തീനിലേയും, അറബി- മഗരീബ് നാടുകളിലെ നവ സാംസ്‌കാരിക രൂപികരണങ്ങളും ഈ വായനയുടെ ഘടകമായി മാറി കഴിഞ്ഞു..

ഇന്ന്, വായനയുടെ ഏറ്റവും ധീരവും നൈതികവുമായ ഇടങ്ങളെ പ്രത്യക്ഷപ്പെടുത്തുന്നത് എല്ലാ നാടുകളിലും വംശീയമായും ലിംഗപരമായും അടിച്ചമര്‍ത്തപെട്ടുന്ന ജനവിഭാഗങ്ങളാണ്. അപരരും അജ്ഞാതരും അതിര്‍ത്തികളില്‍ കഴിഞ്ഞവരുമായ ഇവരുടെ സാംസ്‌കാരിക . നിര്‍മ്മിതികള്‍ ന്യൂനപക്ഷ സ്വരങ്ങേളെപോലും കര്‍ത്തൃവല്‍ക്കരിച്ചിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യത്തെ അദൃശീകരിച്ചു കൊണ്ട്, അറുപഴഞ്ചന്‍ ഈഡിപ്പല്‍ വ്യഥയായി വായനയെ മാറ്റുകയാണ്. വ്യവസ്ഥാപിത സാംസ്‌കാരിക സ്ഥാപനങ്ങളും സാഹിത്യ കോളമിസ്റ്റുകളും ഇത്തരം ചുരുക്കെഴുത്തുകള്‍ക്കൊപ്പം വായനയെ ജനതയില്‍ നിന്നും അടര്‍ത്തിമാറ്റി കേവല ലൈബ്രറിയാക്കൂന്ന പ്രവണതകളും ആശാവഹമല്ല.

(‘ഇരുട്ടിലെ കണ്ണാടി” എന്ന പുസ്തകത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply