എല്ലാം കാണുന്ന ചെങ്കോല്‍

ഒട്ടുമേ അനാദരവ് കാട്ടാതെ നെഹ്‌റു ചെങ്കോല്‍ സ്വീകരിക്കുകയുണ്ടായി ജനാധിപത്യ ഇന്ത്യയില്‍ അതിന്റെ രാജ്യാധികാരത്തിന്റെ അടയാളങ്ങള്‍ക്ക് പ്രതീകാത്മകമായ സാന്നിധ്യംപോലും ആവശ്യമില്ല എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് അത് അലഹബാദിലെ ആനന്ദഭവനത്തിലെ മ്യൂസിയത്തിന് നല്‍കുകയും ചെയ്തു.

”ഈ ചെങ്കോല്‍ നമ്മെ പ്രചോദിപ്പിക്കും” – നരേന്ദ്രമോദി, പ്രധാനമന്ത്രി ചെങ്കോലേന്തി യാഗഹോമമന്ത്രോച്ചാരണങ്ങളുടെ പകിട്ടില്‍.

രാഷ്ട്രത്തിന്റെ ഒന്നാം പൗരയേയും ഉപരാഷ്ട്രപതിയേയും ഒഴിവാക്കിക്കൊണ്ട് മെയ് 28ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത് പുതിയ റിപ്പബ്ലിക്കിന്റെ പ്രാണപ്രതിഷ്ഠയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ആധുനിക ഇന്ത്യയുടെ ശില്പിയെന്ന്-അതിന്റെ എല്ലാ നന്മതിന്മകളോടും-ഏവരും പറയാറുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനത്തിന്റെ പിറ്റേന്ന് ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സേയുടെ ഗുരുവും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ താത്വികാചാര്യനുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജന്മദിനത്തില്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത് ഒട്ടും യാദൃച്ഛികമായിരിക്കില്ല. രാഹുകേതു നക്ഷത്രാദികളുടെ സ്ഥലതാളക്രമത്തേക്കാള്‍ രാഷ്ട്രീയാദര്‍ശത്തിന്റെ പ്രതീകാത്മകതയാകണം ഭരണകേന്ദ്രത്തെ ഈ ദിനം പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തിരഞ്ഞെടുക്കാന്‍ സ്വാധീനിച്ചിട്ടുണ്ടാവുക. t is no coincidence that Modi decided to hold the scepter ceremony on the day after Jawaharlal Nehru’s death anniversary, on the birth anniversary of Gandhi assassin Nathuram Godse’s guru Vinayak Damodar Savarkar.

ചരിത്രവിദ്യാര്‍ത്ഥിയായിരുന്നു നെഹ്‌റു, മഹാത്മജിയുടെ ശിഷ്യനും. ചരിത്രത്തിന്റെ തുടര്‍ച്ചകളെക്കുറിച്ചും മുറിവുകളെക്കുറിച്ചും അഗാധമായ ജ്ഞാനം പേറിയിരുന്ന ഒരാള്‍. തന്നിലെ ഭാരതീയന്‍ ജീവിതശൈലീനിരീക്ഷണങ്ങളിലെ ബ്രിട്ടീഷ് സ്വാധീനത്തെ അപരവല്‍ക്കരിക്കേണ്ടതില്ല എന്ന കാഴ്ചപ്പാട് അക്കാലത്തെ ലോകമെമ്പാടുമുള്ള പല കോസ്‌മോപ്പോളിറ്റന്‍ ചിന്തകരേയും വിപ്ലവകാരികളേയും പോലെ നെഹ്‌റു സ്വീകരിച്ചിരുന്നു. തുടര്‍ച്ചകള്‍ക്ക് വിച്ഛേദനത്തോളം പ്രസക്തിയുണ്ടെന്ന് ചരിത്രത്തില്‍ നിന്നും അദ്ദേഹം പഠിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ജനാധിപത്യ ഇന്ത്യയുടെ ജീവിതം പഴയ വൈസ്രോയിയുടെ കൗണ്‍സില്‍ മന്ദിരത്തില്‍ നിന്നു തുടങ്ങുന്നതില്‍ അദ്ദേഹം അപാകതകള്‍ കാണാതിരുന്നത്. ഭഗത്‌സിംഗിന്റെയും മറ്റും സ്മരണകളുറങ്ങുന്ന ആ പഴയ മന്ദിരം തന്നെയാകട്ടെ ‘ദീര്‍ഘകാലം മുമ്പ്, വിധിയുമായി നമ്മള്‍ (ഇന്ത്യ) തീരുമാനിച്ചിരുന്ന കൂടിക്കാഴ്ചയുടെ അരങ്ങ് എന്ന് അദ്ദേഹം തീരുമാനിച്ചത്. ”ഇന്ന് അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും” എന്നദ്ദേഹം സ്വാതന്ത്ര്യദിന തലേന്ന് പ്രവചിക്കുകയുണ്ടായി. ”പഴയതില്‍നിന്നും പുതിയതിലേക്ക് നമ്മള്‍ ചുവടുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവ് അതിന്റെ ശബ്ദം വീണ്ടെടുക്കുകയാണ്. ഈ പവിത്രമായ നിമിഷത്തില്‍ രാജ്യത്തെയും ജനങ്ങളെയും സേവിക്കുമെന്നും അതിനപ്പുറം മാനവികതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും നമ്മള്‍ പ്രതിജ്ഞയെടുക്കുകയാണ്” എന്ന് നെഹ്‌റു പറയുകയുണ്ടായി. ദേശീയതയുടെ ഉത്സവ സന്ദര്‍ഭത്തിലും അദ്ദേഹം ഓര്‍മ്മപ്പെടുത്തിയത് മാനവികതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ്. ”എല്ലാ കണ്ണുകളിലേയും കണ്ണുനീര്‍ തുടച്ചുമാറ്റുക എന്നതാണ് നമ്മുടെ തലമുറയിലെ ഏറ്റവും വലിയ മഹാത്മാവിന്റെ ലക്ഷ്യം,” എന്നദ്ദേഹം ഗാന്ധിജിയെ അനുസ്മരിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ വസിക്കാന്‍ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ മന്ദിരം നമുക്ക് പടുത്തുയര്‍ത്തണം എന്ന വിചാരത്തിലാണ് ആദ്യ പ്രധാനമന്ത്രി സ്വതന്ത്ര ഇന്ത്യയിലെ പൗരഗണത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ ആദ്യ പ്രസംഗം അവസാനിപ്പിച്ചത്.

എഴുപത്തഞ്ചാണ്ടുകള്‍ക്കിപ്പുറത്ത് നെഹ്‌റൂവിയന്‍ ഇന്ത്യയ്ക്ക് വയസ്സായിരിക്കുന്നു. ഒരുപാട് ചക്രവര്‍ത്തിമാരെ കണ്ട രാജധാനിയാണ് ദില്ലി. ചെങ്കോലേന്തിക്കൊണ്ട് നരേന്ദ്രമോദി പുതിയ ഹിന്ദുത്വ റിപ്പബ്ലിക്കിന്റെ എടുപ്പുകള്‍ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുമ്പോള്‍ അനാസക്തമായ ഒരു പുഞ്ചിരിയോടെ ദില്ലി, ചരിത്രസ്മരണകള്‍ ഓര്‍ത്തെടുത്തിട്ടുണ്ടാവണം. എഴുപത്തഞ്ചാണ്ടുകള്‍ക്ക് മുന്‍പും തിരുവാവടുത്തുറൈ ആതീനം പ്രധാനമന്ത്രിക്ക് ഒരു ചെങ്കോല്‍ നല്‍കിയിരുന്നു. കാരണക്കാരന്‍ രാജഗോപാലാചാരിയായിരുന്നുവെന്ന് പുതിയ റിപ്പബ്ലിക്കിന്റ ചരിത്രകാരന്മാര്‍ യാതൊരു അടിസ്ഥാനവുമില്ലാതെ അവകാശപ്പെടുന്നുണ്ട്. അബ്രാഹ്മണ-ശൈവ മഠമായ തിരുവാവടുത്തുറൈ ആതീനം തന്റെ ഒരു പ്രതിനിധിയെ സ്വാതന്ത്ര്യദിനത്തിന് മുമ്പ് ദില്ലിയിലേക്ക് അയച്ചിരുന്നു. മഹാസംഗീതജ്ഞനായ ടി.എന്‍. രാജരത്തിനം പിള്ളയുടെ പെരിയമേളം (നാഗസ്വരം) അകമ്പടിയായി ഉണ്ടായിരുന്നു. ഒരു രാത്രി അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി പെരിയമേളത്തിന്റെ ഹര്‍ഷാരവത്തില്‍ നെഹ്‌റുവിന് ചെങ്കോല്‍ നല്‍കുകയുണ്ടായി. വിശ്വാസിയല്ലെങ്കിലും ദ്രാവിഡദേശത്തിന്റെ പാരമ്പര്യത്തില്‍ സമ്മാനം സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഒരു വിമ്മിഷ്ടവുമുണ്ടായിരുന്നില്ല. തിരുവാവടുത്തുറൈ ആതിനത്തിന്റെ പ്രധാനമന്ത്രി സദനത്തിലേക്കുള്ള യാത്ര അല്പം പൊലിപ്പിച്ച് ഡൊമനിക് ലാപ്പിയറും ലാറി കോളിന്‍സും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന് പുസ്തകത്തില്‍ എടുത്ത് വിവരിച്ചിട്ടുണ്ട്. യാത്രയുടെ അവസാനം ഇങ്ങനെയായിരുന്നു:

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘This procession moved through the streets of the capital until it came to a stop infront of a simple bunglow on 17 York Road: On its doorsteps, those delegates from an India that venerated superstition and the occult had a rendezvous with the prophet of new India of science and socialism. As once Hindu holymen had conferred upon ancient India’s King their symbols of power, so the sanyasins had come to York Road to bestow their antique emblem of authority on the Man about to assume the leadership of a modern Indian Nation. They sprinkled Jawaharlal Nehru with holy water, smeared his forehead with sacred ash, laid their sceptre (ചെങ്കോല്‍) on his arms and draped him in the cloth of God (പീതാംബരം). To the man who had never ceased to proclaim the horror the word ‘religion’ inspired in him their ritual (അനുഷ്ഠാനം) was a firesome manifestation of all he deplored in his nation. Yet he submitted to it with almost cheerful humility. It was one of the thing proud nationalist had instinctively understood that in the awesome tasks awaiting him no possible source of aid, not even the occult he so scornfully dismissed, was to be totally ignored.”

നെഹ്‌റുവിന്റെ ‘cheerful humility-‘തന്റെ രാജ്യത്തെക്കുറിച്ചും ജനതയെക്കുറിച്ചുമുള്ള അദ്ദേഹത്തിനുള്ള ധാരണ വെളിവാക്കുന്നുണ്ട്. (വിശേഷണപദം എഴുത്തുകാരുടെയാണെങ്കിലും അതില്‍ സത്യം ധ്വനിക്കുന്നുണ്ട്.) ഒട്ടുമേ അനാദരവ് കാട്ടാതെ നെഹ്‌റു ചെങ്കോല്‍ സ്വീകരിക്കുകയുണ്ടായി ജനാധിപത്യ ഇന്ത്യയില്‍ അതിന്റെ രാജ്യാധികാരത്തിന്റെ അടയാളങ്ങള്‍ക്ക് പ്രതീകാത്മകമായ സാന്നിധ്യംപോലും ആവശ്യമില്ല എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് അത് അലഹബാദിലെ ആനന്ദഭവനത്തിലെ മ്യൂസിയത്തിന് നല്‍കുകയും ചെയ്തു. (സ്വര്‍ണ്ണ കോല്‍ എന്നായിരുന്നു ആനന്ദഭവനത്തിലെ കണ്ണാടിക്കൂട്ടില്‍ ഇത്രനാളും സ്ഥിതിചെയ്യവേ അത് വിശേഷിപ്പിക്കപ്പെട്ടത്. വാക്കിംഗ് സ്റ്റിക്ക് എന്നൊന്നും അവിടെ എഴുതിവെച്ചിരുന്നില്ല എന്ന ‘Wire’ എഴുതിയിട്ടുണ്ട്.) രാജരത്തിനം പിള്ളയുടെ ജീവചരിത്രത്തിലെ പ്രവേശികയില്‍ സംഗീത പണ്ഡിതന്‍ ബി.എം.സുന്ദരം ഒട്ടും നിറപ്പകിട്ടില്ലാത്ത ഭാഷയില്‍ ചെങ്കോല്‍ ചടങ്ങിനെക്കുറിച്ച് എഴുതിയത് കൂടി പറഞ്ഞുകൊള്ളട്ടെ. ‘For the Independence Day Celebration held in Delhi on 15 August 1947, Rajarathinam Pillai and a representative of the Thiruvavaduthurai mutt were sent to Delhi by the pontiff of the mutt and also my father, to accompany there. I was fortunate to be taken along with my father to witness his perform. സുന്ദരം എഴുതിയതാണ് പ്രസക്തം. ആ പരിപാടിയിലെ പ്രസക്തിയുള്ള കാര്യം രാജരത്തിനം പിള്ളയുടെ പെരിയമേളമായിരുന്നു.

ഹൈന്ദവം എന്നതിലുപരി ഒരു പ്രത്യേക ഹൈന്ദവ പാരമ്പര്യത്തിന്റെ അനുഷ്ഠാനത്തെ ദേശരാഷ്ട്രത്തിന്റെ ആരൂഢത്തില്‍ ആചാരബദ്ധമായി പ്രതിഷ്ഠാപനം ചെയ്യേണ്ടതില്ല എന്ന് നെഹ്‌റു കരുതിയത് എത്ര ശരി. നെഹ്‌റു എന്തുകൊണ്ട് ചെങ്കോലിന്റെ ഇടം മ്യൂസിയത്തിലാണ് എന്ന് കരുതിയോ അതേ കാരണത്താല്‍ തന്നെയാണ് ഇന്ന് നരേന്ദ്രമോദി അതിന് ആതീനങ്ങളുടെ-അവരുടെ മാത്രം-അകമ്പടിയോടെ ജനസഭയുടെ ധര്‍മ്മപ്രതീകമാക്കുന്നത്. 1947ല്‍ രാജരത്തിനം പിള്ള എന്ന മഹാസംഗീതകാരന്റെ അകമ്പടി ചെങ്കോലിനുണ്ടായിരുന്നു. അഥവാ പിള്ളയുടെ ‘പെരിയമേളം’ സ്വാതന്ത്ര്യ പ്രധാനമന്ത്രിക്ക് സന്തോഷവും സൗഭാഗ്യങ്ങളും മംഗളവും ആശംസിക്കാന്‍ ചെങ്കോല്‍ അവസരമൊരുക്കി. അതായിരുന്നു 1947 ആഗസ്ത് 14 ലെ ചടങ്ങിന്റെ പ്രസക്തി, അതുമാത്രമായിരുന്നു അതിന്റെ പ്രസക്തി. നിരീശ്വരനും മതസംസ്‌കാരത്തെ രാഷ്ട്രീയായുധം മാത്രമായി കാണുകയും ചെയ്തിരുന്ന സവര്‍ക്കര്‍ തന്റെ മാനസപുത്രന്റെ ‘ചെങ്കോല്‍’ അനുഷ്ഠാനത്തെ അംഗീകരിക്കുമായിരുന്നോ? നെഹ്‌റുവിന് ചെങ്കോല്‍ സമര്‍പ്പണം ഒരു സാംസ്‌കാരിക അനുഭവമായിരുന്നിരിക്കണം. നാടകവും പദ്യവും എഴുതിയിരുന്ന സവര്‍ക്കര്‍ ഹിന്ദുത്വ ദേശീയതയെ ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണമായി മാത്രം ചെങ്കോലിനെ കണ്ടേനെ. പദ്യമെഴുതിയവരെല്ലാം കവികളല്ലല്ലോ!

രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. അവരുടെ സാന്നിധ്യമുണ്ടായാല്‍ പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടി വന്നേനെ. ഒരു ആദിവാസി വനിത, അവരുടെ രാഷ്ട്രീയം എന്തുതന്നെയായാലും പുതിയ ജനസഭാ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ പ്രതീകാത്മകത എത്ര വലുതായിരുന്നേനെ! സ്വാതന്ത്ര്യദിന തലേന്ന് ചെങ്കോല്‍ സമര്‍പ്പണത്തിന് സമാനമായ ഒരു ചടങ്ങ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുകയുണ്ടായി. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ 15 വനിതകളിലൊരാളായ ഹാന്‍സ മേത്ത എന്ന സ്വാതന്ത്യസമരനായികയായിരുന്നു ദേശീയ പതാക അസംബ്ലി അധ്യക്ഷന്‍ രാജേന്ദ്ര പ്രസാദിന് കൈമാറിയത്. അന്ന് മേത്ത ഇങ്ങനെ പറയുകയുണ്ടായത്രേ: ‘It is in the fitness of things that this first flag that will fly over this august House should be a gift from the women of India.” ഈ സന്ദര്‍ഭം സിപിഎം നേതാവ് ബൃന്ദാ കാരാട്ട് ഓര്‍ത്തെടുത്ത് എഴുതുകയുണ്ടായി.

രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ഒഴിവാക്കിയത് പ്രധാനമന്ത്രിക്ക് ചടങ്ങില്‍ നിറഞ്ഞുനില്‍ക്കാനായിരുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചത്. എല്ലാ അര്‍ത്ഥത്തിലും രാഷ്ട്രീയം നിറഞ്ഞുനിന്ന ആ ചടങ്ങിന് തങ്ങള്‍ എന്തിന് ആധികാരികത നല്‍കണം എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം പ്രസക്തം തന്നെ. പ്രതിപക്ഷത്തെ അനുനയിപ്പിച്ചുകൊണ്ടുവരാനല്ല ഭരണകക്ഷി ശ്രമിച്ചത്. അവരെ വാക്കാല്‍ ആക്രമിച്ചുകൊണ്ട് പ്രതിപക്ഷത്തിന്റെ അസാന്നിധ്യം ഉറപ്പുവരുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പ്രധാനമന്ത്രി തന്നെ കോണ്‍ഗ്രസ്സ് സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേയെ വിളിച്ചിരുന്നുവെങ്കില്‍ മറ്റ് പ്രധാനനേതാക്കളോട് സംസാരിച്ചിരുന്നുവെങ്കില്‍ ഉദ്ഘാടന ചടങ്ങ് ഇങ്ങനെ വിവാദമാകുമായിരുന്നില്ല. കല്യാണമായാലും അടിയന്തിരമായാലും വിളിക്കേണ്ടപോലെ വിളിച്ചില്ലെങ്കില്‍ അതിഥികളെത്തില്ലല്ലോ. രാജാവിന്റെ പട്ടാഭിഷേകത്തിന് പ്രജകളെത്തണമെന്ന കാഴ്ചപ്പാട് ജനാധിപത്യത്തിന് ചേര്‍ന്നതുമല്ല.

2 ”ആദ്യ ദിവസം തന്നെ ചെങ്കോലിന് വളവേറ്റിരിക്കുന്നു.”- എം.കെ. സ്റ്റാലിന്‍, തമിഴ്‌നാട് മുഖ്യമന്ത്രി.

മെയ് 28 ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോല്‍ സ്ഥാപിക്കുമ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തില്‍ സദസ്സില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗ് എന്ന ബിജെപി എം.പിയുമുണ്ടായിരുന്നു. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റാണ് സിംഗ്. 1991 മുതല്‍ ഒരു തവണയൊഴികെ എല്ലാ ലോക്‌സഭകളിലും അംഗം. അയോധ്യയുടെ ചുറ്റുവട്ടത്തുള്ള അഞ്ചാറു മണ്ഡലങ്ങളിലെ ശക്തനായ ഠാക്കൂര്‍ നേതാവ്. ഉത്തര്‍പ്രദേശിലെ മറ്റ് ബാഹുബലി രാഷ്ട്രീയക്കാരെപ്പോലെ അസംഖ്യം ക്രിമിനല്‍ കേസുകളില്‍ പ്രതി. ഒരു സമയത്ത് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി എന്ന് മുദ്രകുത്തപ്പെട്ട് ഠഅഉഅ കേസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ്. അയോധ്യയിലെ ഏതോ അഖാഡായില്‍ ഗുസ്തി പഠിച്ചിട്ടുള്ള സിംഗ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായിരുന്നുവെന്നും ബാബറി മസ്ജിദ് തകര്‍ത്ത ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ധര്‍മ്മ ദണ്ഡ് എന്ന് ആര്‍എസ്എസ് നേതാവ് രാം മാധവ് വിശേഷിപ്പിക്കുന്ന ചെങ്കോല്‍ നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് മോദി പറയുമ്പോള്‍ തല കുലുക്കിയവരുടെ കൂട്ടത്തില്‍ സിംഗുമുണ്ടായിരുന്നു. ചെങ്കോല്‍ സ്ഥാപനത്തെത്തുടര്‍ന്ന് വാര്‍ത്താ തലക്കെട്ടുകളില്‍ നിന്നും മോദിയെ അപ്രസക്തനാക്കിക്കൊണ്ട് ഇടംപിടിച്ചിരിക്കുകയാണ് സിംഗ്. മോദിയുടെ മൗനം സിംഗിന് അലങ്കാരം.

ചെങ്കോല്‍ ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം പാര്‍ലമെന്റിന്റെ നിക്ഷിപ്തമായ നിമിഷങ്ങളില്‍ സഭാമന്ദിരത്തിന് വിളിപ്പാടകലെ ഇന്ത്യയുടെ ഏറ്റവും വലിയ ഗുസ്തിക്കാരില്‍ പെടുന്ന വിനിഷാ ഫോഗാത്തും സാക്ഷി മാലിക്കും ബജ്‌റംഗ് പൂണിയയും സഹായത്തിനായി മുറവിളി കൂട്ടുന്നുണ്ടായിരുന്നു. അവരുടെ നിലവിളിയായിരുന്നു ഒരുപക്ഷെ ചെങ്കോലേന്തിയ പ്രധാനമന്ത്രിക്ക് ലഭിച്ച ആദ്യത്തെ പെറ്റിഷന്‍. ജനുവരി മുതല്‍ ഗുസ്തിക്കാരികള്‍ പറഞ്ഞുതുടങ്ങിയതാണ് സിംഗ് എന്ന ഗുസ്തി അസോസിയേഷന്‍ നേതാവ് ഗുസ്തിത്താരങ്ങളെ പീഡിപ്പിക്കുന്നതിന്റെ കഥകള്‍. സുപ്രീം കോടതി ഇടപെട്ട ശേഷമാണ് താരങ്ങളുടെ ആരോപണത്തിന്മേല്‍ എഫ്‌ഐആര്‍ ഇടുന്നത്. (ഏപ്രില്‍ മാസത്തില്‍ ഏഴ് വനിത ഗുസ്തി താരങ്ങളാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ സിംഗിന് എതിരെ പരാതി നല്‍കിയത്. അതില്‍ ഒരാള്‍ മൈനര്‍ ആയതുകൊണ്ട് പോക്‌സോ കേസും നിലവില്‍ വന്നു.). ഏപ്രില്‍ 23 ന് സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് താരങ്ങള്‍ നിരാഹാരസമരം തുടങ്ങി. പോലീസ് അന്വേഷിക്കുന്നുണ്ടെന്നും നടപടിക്രമ പ്രകാരം മുറപോലെ കാര്യങ്ങള്‍ നടക്കും എന്നുമാത്രമേ സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറയാന്‍ കൂട്ടാക്കിയുള്ളൂ. സുപ്രീം കോടതി സ്വരം കനപ്പിച്ചപ്പോള്‍ പോലീസ് തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലുകളും തുടങ്ങി. സിംഗാകട്ടെ കൂസലില്ലാതെ തുടരുന്നു. താന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും ഗുസ്തിതാരങ്ങള്‍ തനിക്ക് മക്കളെപ്പോലെയാണെന്നും അയാള്‍ അവകാശപ്പെട്ടു. താരങ്ങള്‍ക്ക് പിന്തുണ ഏറിത്തുടങ്ങിയതോടെ അയോധ്യയില്‍ സന്യാസികളുടെ മഹാറാലി ജൂണില്‍ പോക്‌സോയ്ക്ക് എതിരെ നടത്തുമെന്നും അയാള്‍ അനൗണ്‍സ് ചെയ്തു. ഇതിനിടെ പോലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ അടിച്ചു വരികയുണ്ടായി. ജിഗ്‌നാസ് സിഹ്‌നയുടെയും മഹേന്ദര്‍ സിംഗ് മന്റാലിന്റെയും റിപ്പോര്‍ട്ടുകളില്‍ നിന്നും പുറത്തുവന്നത് സിംഗിനെതിരെയുള്ള പീഢനാരോപണങ്ങളെ ശരിവെക്കുന്ന വിവരങ്ങളാണ്. സാക്ഷിമൊഴികളില്‍ ഗുസ്തിതാരങ്ങളും കോച്ചുമാരും ആരോപണങ്ങള്‍ ശരിവെക്കുന്നുണ്ട്. സര്‍ക്കാര്‍ എന്നിട്ടും മൗനം പാലിക്കുന്നു. പ്രധാനമന്ത്രി ജനങ്ങളുടെ നിലവിളി കേള്‍ക്കുന്നില്ലേ എന്നു ചങ്കുപൊട്ടി വിനേഷ് ഫോഗാത്ത് ചോദിക്കുമ്പോള്‍ ഭരണപക്ഷത്തിന് മറുപടിയില്ല. (രണ്ടുകൊല്ലം മുമ്പ് പ്രധാനമന്ത്രിയോട് താരങ്ങള്‍ പരാതി പറഞ്ഞതാണ് എന്നും വാര്‍ത്തയുണ്ട്.) സ്‌പോര്‍ട്‌സ് താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ ചിത്രമെടുക്കാന്‍ കൂടാറുള്ള മോദി ഗുസ്തിതാരങ്ങളെ കേട്ടഭാവം നടിക്കുന്നില്ല. ഠാക്കൂര്‍ നേതാവ് സിംഗിനോടാണ് ഭരണപക്ഷത്തിന് താല്പര്യം, ഒരു പക്ഷേ കടപ്പാടും.

അവധില്‍ ഒരു വിദ്യാഭ്യാസ സാമ്രാജ്യം സിംഗ് കൈയ്യാളുന്നുവെന്നും-58 കോളേജുകള്‍-അതിന്റെ കടപ്പാടിലാണ് ബിജെപി എന്നും യോഗി ആതിദ്യനാഥിന് കേന്ദ്ര ബിജെപിയുടെ ബദലാണ് സിംഗ് എന്നും വാര്‍ത്തകളില്‍ പറയുന്നുണ്ട്. അതല്ല ആരുടേയും സമരത്തിന് മുമ്പില്‍ മുട്ടുമടക്കുന്നതല്ല മോദി ഭരണമെന്ന് ജനങ്ങളെയും പ്രതിപക്ഷത്തെയും ബോധ്യപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണിതെന്ന് പറയുന്നവരുമുണ്ട്. ഷാഹിന്‍ബാഗ് തുടങ്ങി അനേകം സമരങ്ങളേയും അവഗണിച്ചതുപോലെതന്നെ ഇതിനേയും നേരിടാമെന്നാണ് ഈ നിലപാടിന്റെ അടിസ്ഥാനം.

എന്നാല്‍ ഗുസ്തി താരങ്ങളുടെ പരാതിക്ക് ജാതിയുടെയും ജന്ററിന്റെയും രാഷ്ട്രീയമാനം കൈവന്നിട്ടുണ്ട്. ഹര്യാനയാണ് സാക്ഷിയുടേയും ഫോഗാത്ത് സഹോദരിമാരുടെയും ദേശം. ഗുസ്തിയുടെ ഈറ്റില്ലമായ ഹര്യാനയിലാണ് ഭൂരിഭാഗം താരങ്ങളും. മിക്കവരും ജാട്ട് സമുദായക്കാരാണ്. കര്‍ഷകസമൂഹമാണ് ജാട്ടുകള്‍. ഹര്യാനയിലും ദില്ലിയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ജാട്ടുകളുടെ അവരുടെ സമുദായ സ്ഥാപനമായ ഘാപ്പുകള്‍ താരങ്ങളുടെ സമരം ഏറ്റെടുത്തിട്ടുണ്ട്. പണ്ട് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയവരിലും ഇവരിലുണ്ടായിരുന്നു. പഞ്ചാബിലെ സിഖ് കാര്‍ഷിക സമുദായത്തിലും മേല്‍ക്കൈ ജാട്ടുകള്‍ക്കാണ്. അതായത് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ സ്ത്രീ മനസ്സിലും ജാട്ട് അഭിമാനത്തിലുമാണ് ബിജെപി സിംഗിനെ പ്രതിരോധിക്കുന്നതുവഴി മുറിവേല്‍പ്പിച്ചിരിക്കുന്നത്. സര്‍വ്വോപരി ജാതിക്കും പ്രദേശത്തിനുമപ്പുറം ഭരണവര്‍ഗ്ഗത്തിന്റെ ആണ്‍കോയ്മയുടെ അഹങ്കാരത്തിന്റെ ലക്ഷണമായി ജനത സര്‍ക്കാരിന്റെ മൗനത്തെ കണ്ടുതുടങ്ങിയിരിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള ആവേശം മുഴുവന്‍ ചോര്‍ന്നുപോകുന്ന തരത്തിലേക്ക് ഗുസ്തി സമരം പിന്നീട് തലക്കെട്ടുകളില്‍ നിറഞ്ഞു തുടങ്ങിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ട് താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തീരുമാനിച്ചപ്പോള്‍, സമരം വലിയ നൈതികമാനങ്ങള്‍ കൈവരിച്ചു. ഘാപ്പ് നേതൃത്വം ഇടപെട്ട് അവരെ പിന്തിരിപ്പിച്ചുവെങ്കിലും ഹരിദ്വാറില്‍ ഗംഗാതീരത്ത് കൂനിക്കൂടിയിരുന്നു കരയുന്ന കളിക്കളത്തിലെ മഹാബലരുടെ ചിത്രം പെട്ടെന്ന് ഒന്നും മായുകയില്ല. ശൈവമഠത്തിന്റെ ചെങ്കോലില്‍ കൂടി തമിഴ് രാഷ്ട്രീയമനസ്സില്‍ ഇടംപിടിക്കാമെന്നും ദ്രാവിഡത്വത്തിന്റെ അബ്രാഹ്മണ സമുദായങ്ങളുടെ വിശ്വാസം നേടാമെന്നും മോദി കരുതുന്നുണ്ടാവണം. ആ വഴിക്കുള്ള പ്രയാണം പ്രയാസമേറിയതാണ്. അതിനുമുമ്പ് ധര്‍മ്മദണ്ഡിനെ സാക്ഷ്യം നിര്‍ത്തി ഭരണനിര്‍വ്വഹണം വാഗ്ദാനം ചെയ്ത ഭരണാധികാരിക്ക് വിനേഷിനെയും സാക്ഷിയെയും കേള്‍ക്കേണ്ടിവരും. അവരുടെ നീതിക്കായുള്ള രോദനത്തെ മൗനം കൊണ്ട് പ്രതിരോധിക്കുക സാധ്യമല്ല.

ചെങ്കോലിന്റെ ചരിത്രം കണ്ടെത്തി പുതിയ സാമ്രാജ്യത്തിന്റെ പ്രതീകമാക്കിയ തമിഴ് രാഷ്ട്രീയജ്ഞാനികള്‍ മോദിക്ക് പറഞ്ഞുകൊടുക്കേണ്ടുന്ന പഴയ ഒരു കഥയുണ്ട്. ചോളമന്നന്റെ വാണിജ്യനഗരമായിരുന്ന പുഹാറില്‍ ജനിച്ച കണ്ണകിയുടെയും കോവലന്റെയും കഥ. പാണ്ഡ്യരാജധാനിയില്‍ എത്തിപ്പെട്ട അവര്‍ അനീതിയുടെ കൊടുമയ്ക്കിരയായി. ചിലങ്ക കട്ടുവെന്ന തട്ടാന്റെ ആരോപണം വിഴുങ്ങിയ പാണ്ഡ്യമന്നന്‍ കോവലനെ വധിക്കാന്‍ ഉത്തരവിട്ടു. കണ്ണുനീര്‍ തീയായി മാറ്റിയ കണ്ണകി തന്റെ കണവന്റെ നിരപരാധിത്വം സിംഹാസനത്തിന് മുന്നില്‍ തെളിയിച്ചു. പാണ്ഡ്യരാജാവ്, പുകഴ്‌പെറ്റ, നെടുഞ്ചെഴിയന്‍ കുറ്റബോധത്താല്‍ ഹൃദയസ്തംഭനം വന്ന് മരണപ്പെട്ടു.

”ഒരു കാലത്തും വളയാത്തോ/രവനുടെ ചെങ്കോലിന്നേരം/കണ്ണകിയാല്‍ തന്‍ പ്രേയാനാം/കോവലനെക്കൊലചെയ്യുകയാല്‍/ധര്‍മ്മച്യുതിയാല്‍ വളവേറ്റു” എന്നാണ് ചിലപ്പതികാരത്തില്‍ ഇളങ്കോവടികള്‍ എഴുതുന്നത്. (രമേശന്‍ നായരുടെ തര്‍ജ്ജമ). കണ്ണകിയുടെ ശാപത്തീയില്‍ മധുരാപുരി എരിഞ്ഞൊടുങ്ങി. ഇന്നും മധുരൈയില്‍ ചൂടു കൂടുമ്പോള്‍ വേനല്‍ കനക്കുമ്പോള്‍ വൈഗ വറ്റുമ്പോള്‍ പഴമക്കാര്‍ കണ്ണകിയുടെ കോപതാപം ലഭിച്ച നഗരത്തിന്റെ പുരാവൃത്തം അനുസ്മരിക്കാറുണ്ട്. സുബ്രഹ്മണ്യപുരത്ത് പള്ളരുടെ ശ്മശാനം അറിയപ്പെടുന്നത് കോവലന്‍പൊറ്റ എന്നാണ്. കോവലന്റെ ശിരസ്സെടുത്തത് ഇവിടെ വെച്ചാണത്രേ. എല്ലാ വര്‍ഷവും ബലിക്കല്ലിനും പൂജ നടക്കാറുണ്ട്. കണ്ണകി മധുര വിട്ട് കാടുകയറി മംഗളാദേവിയില്‍ എത്തിയെന്നും ആ വഴിയില്‍ ഒരിടത്തും ഇന്നും പുല്ലുപോലും കിളിര്‍ക്കാറില്ല എന്നും പഴംപുരാണം. അത്രമേല്‍ തീക്ഷ്ണമാണ് അനീതിയുടെ താപം. പാണ്ഡ്യവംശം എന്നോ മണ്ണടഞ്ഞു. കണ്ണകി നീതിയുടെ വൃക്ഷമായി തെന്നിന്ത്യയിലും ശ്രീലങ്കയിലും ആരാധിക്കപ്പെടുന്നു. ചിലപ്പതികാരം ചിരസ്മരണയായി നീതിസാരമായി വായിക്കപ്പെടുന്നു. വളയാത്ത പാണ്ഡ്യമന്നന്റെ ചെങ്കോല്‍ ധര്‍മ്മച്യുതിയില്‍ വളഞ്ഞ കഥ ജനങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. കണ്ണകിയുടെ ശാപം ഒടുങ്ങാത്തതാണ്. നെടുഞ്ചെഴിയന്റെ വളഞ്ഞ ചെങ്കോല്‍ ഓര്‍മ്മത്തെറ്റല്ല. വളയാത്ത ചെങ്കോല്‍ സ്വര്‍ണ്ണം പൂശിയ ദണ്ഡല്ല. അതൊരു ആശയമാണ്. മുന്നറിയിപ്പാണ്. വിനേഷും സാക്ഷിയും മറ്റ് ഗുസ്തിക്കാരും ഓര്‍മ്മയില്‍ കൊണ്ടുവരുന്നത് പാണ്ഡ്യമന്നന്റെ ചെങ്കോലാണ്. ധര്‍മ്മത്തിന്റെ ചെന്തീയില്‍ ആരൊക്കെ വെന്തൊടുങ്ങുമെന്ന് ആര്‍ക്കറിയാം!

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply