ഒരു പ്രത്യശാസ്ത്രസമരത്തിന്റെ ഓര്‍മ്മ – മനുസ്മൃതി ചുട്ടെരിച്ചതിന്റെ 30-ാം വാര്‍ഷികം

ജാത്യാധിപത്യവും പുരുഷാധിപത്യവും നിലനില്ക്കാതിരുന്നതുകൊണ്ടല്ല, അത് അംഗീകരിക്കുവാനും അതിനപ്പുറത്തേക്ക് കേരളത്തെ ചലിപ്പിക്കുവാനുള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ഐക്യകേരളത്തിനു ഇല്ലാതെ പോയത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ ജാതി/വംശ/ലിംഗ വിവേചനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഐക്യകേരളവും മുന്നോട്ടു നീങ്ങിയത്. മാറ്റത്തെക്കുറിച്ചു പറഞ്ഞവരിലേറെയും സ്വയം മാറുവാന്‍ വിസമ്മതിച്ചു. ഇത്തരം വിവേചനങ്ങളുടെ തീവ്രവതയാണ് അയിത്തമായും ദുരഭിമാനക്കൊലകളായും ഇപ്പോഴും കേരളീയര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു. എന്നാല്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കുവാന്‍ മലയാളികളുടെ രാഷ്ട്രീയ/സാംസ്‌കാരിക കാപട്യം അനുവദിക്കുന്നില്ല.

2019 സെപ്റ്റംബര്‍ 1 ന് എറണാകുളത്ത്

അധസ്ഥിത നവോത്ഥാനമുന്നണി 1989 സെപ്തംബര്‍ 1 നാണു മനുസ്മൃതി ചുട്ടെരിച്ചത്. ജാതി വിരുദ്ധസമരങ്ങളുടെ ചരിത്രഭൂമികയില്‍ വൈക്കത്ത്.

ജാതി വിരുദ്ധമായൊരു ദിശാബോധത്തില്‍ നിന്ന് ഐക്യകേരളത്തിലെ ദലിതര്‍ക്കിടയില്‍ വളര്‍ന്നു വന്ന ഉണര്‍വുകളുടെയും പോരാട്ടങ്ങളുടെയും മുഖത്താണ് മനുസ്മൃതി ചുട്ടെരിക്കപ്പെട്ടത്. ആധുനിക ജനാധിപത്യ സാമൂഹ്യ ക്രമത്തിനുള്ളില്‍ നിലനില്‍ക്കുന്ന ബ്രഹ്മണ്യ ആശയലോകത്തിന്റെ അപ്രമാദിത്വത്തിനും അതിന്റെ സാമൂഹ്യ രാഷ്ട്രീയ മേല്‌കോയ്മാ വ്യവഹാരങ്ങള്‍ക്കുമെതിരായ പ്രത്യയശാസ്ത്രപരമായൊരു കടന്നാക്രമണമായിരുന്നു അത്. ‘അധസ്ഥിതരെയും സ്ത്രീകളെയും അടിച്ചമര്‍ത്തുന്ന സവര്‍ണ മേധാവിത്വത്തിന്റെ നീതിശാസ്ത്രം മനുസ്മൃതി ചുട്ടെരിക്കുന്നു’ എന്നതായിരുന്നു അതിന്റെ സന്ദേശം.

ശ്രദ്ധേയമായ കാര്യം ‘ജാതി ഇല്ല’ എന്ന് ശഠിക്കുന്ന ഐക്യ കേരളത്തിലാണ് മനുസ്മൃതി ചുട്ടെരിക്കപ്പെട്ടത് എന്നതാണ്. ‘ജനാധിപത്യം വന്നു ജാതിപോയി’ എന്നത് കേരളീയരുടെ പൊതുബോധമായിരുന്നു. അതൊരു മിത്തായി മാറിയിരുന്നു. രാഷ്ട്രീയ നേതാക്കന്മാര്‍ മാത്രമല്ല, സാംസ്‌കാരിക നായകന്മാരും ചരിത്രകാരന്മാരും എഴുത്തുകാരുമെല്ലാം ഈ മിത്തിന്റെ പ്രചാരകരായി. നവോത്ഥാനകാലത്തെ അവര്‍ ഈ മിത്തിലേക്ക് വ്യാഖ്യാനിച്ചു. ദുഃഖകരമായൊരു കാര്യം ജാതിക്കെതിരെ സംസാരിക്കുന്നവര്‍ ജാതിവാദികളായി ചിത്രീകരിക്കപ്പെടുന്നു എന്നുള്ളതാണ്. എവിടെയാണ് ജാതി എന്നത് 80കളിലെ ചോദ്യമായിരുന്നു. അതിനു ഉത്തരം നല്‍കുവാനുള്ള ബാധ്യത ദളിതര്‍ക്ക് മാത്രമായിമാറി.

രാജ്യവ്യാപകമായി ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ പെരുകികൊണ്ടിരുന്ന കാലമായിരുന്നു 80 കള്‍. ആധുനിക ജനാധിപത്യ ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് തഞ്ചാവൂരിലെ കീല്‍വെണ്മണിയില്‍ 1968ല്‍ 44 സ്ത്രീകളെയും കുട്ടികളെയും ചുട്ടുകൊന്നുകൊണ്ട് ഈ ആക്രമണങ്ങള്‍ മുമ്പുതന്നെ കൂട്ടക്കൊലകളുടെ രൂപം കൈവരിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ കരം ചേദുവിലും(1985) ചുന്ദൂരിലും ബീഹാറിലെ ബതാനി തോലയിലും(96) ലക്ഷ്മണ്‍പൂര്‍ ബതേയിലും(97) നഗരി ബസാറിലും(98) ശങ്കര്‍ ബിഗയിലുമെല്ലാം ഇതാവര്‍ത്തിച്ചു. മിയന്‍പൂരില്‍ 2000ല്‍ 32 ദളിതരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ റിപ്പബ്ലിക്ക് 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. ഇതിനിടയില്‍ 1989 സെപ്തംബര് 11 നു ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് പട്ടികജാതി/പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം ഉണ്ടാക്കേണ്ടി വന്നു. മനുസ്മൃതി ചുട്ടെരിച്ചതിന്റെ തൊട്ടു പിന്നാലെ. ഭരണഘടനാ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായി രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ കോണ്‍ഗ്രസ് പൂര്‍ണപരാജയമായിരുന്നു. രാഷ്ട്രീയ സാമ്പത്തിക രംഗത്തുണ്ടാക്കിയ മാറ്റങ്ങളൊന്നും സാമൂഹ്യഘടനക്ക് കാര്യമായൊരു കോട്ടവുമുണ്ടാക്കിയില്ല. ജാതി നിര്‍മിതമായ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥക്കും ശ്രേണീകൃതമായ അതിന്റെ അധികാര ഘടനക്കും അനുസൃതമായ സവര്‍ണാടിത്തറയില്‍ നിന്ന്, സവര്‍ണര്‍ സവര്‍ണര്‍ക്ക് വേണ്ടി നടത്തുന്ന ഭരണത്തെയാണ് ഇന്ത്യയില്‍ ജനാധിപത്യ ഭരണ സമ്പ്രദായം എന്ന് വിശേഷിപ്പിച്ചത്. ദളിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ വെറും വോട്ടുബാങ്കുകള്‍ മാത്രമായിരുന്നു.

കോണ്‍ഗ്രസ്സിന്റെ മതേതര ജനാധിപത്യ സങ്കല്പത്തിന് (secularism) ഹിന്ദുമതത്തിനുള്ളില്‍ ദളിതരും സ്ത്രീകളും നേരിടുന്ന ജാത്യാധിപത്യത്തെയും പുരുഷാധിപത്യത്തെയും സംബോധന ചെയ്യാനായില്ല. ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ ന്യൂനപക്ഷങ്ങളോട് വര്‍ഗീയതക്കെതിരെ ന്യൂനപക്ഷ മതങ്ങളോട് ആഭിമുഖ്യം കാണിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ളില്‍ നിലനിക്കുന്ന ജാത്യാധിപത്യത്തെയും പുരുഷാധിപത്യത്തെയും അവഗണിച്ചു. കെട്ടുപിണഞ്ഞു കിടക്കുന്ന ജാതി/മത/പിതൃമേധാവിത്വ സ്ഥാപനങ്ങളെ ഉള്ളിലൊതുക്കിയും. അവയുടെ നിയന്ത്രണാധികാരത്തെ മാനിച്ചുമാണ് കോണ്‍ഗ്രസ് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചത്. തങ്ങള്‍ എല്ലാവരെയും ഉള്‍കൊള്ളുന്നുവെന്നായിരുന്നു ഇതിന്റെ രാഷ്ട്രീയഭാഷ്യം.

ഇന്ത്യന്‍ ഇടതുപക്ഷത്തിനു ഇക്കാര്യത്തില്‍ വ്യത്യസ്തമായൊരു സമീപനമുണ്ടായിരുന്നില്ല. 80 കളില്‍ വര്‍ണ ജാതി വ്യവസ്ഥയുടെ ദാര്‍ശനികനായിരുന്ന ആദിശങ്കരനെ അദ്ദേഹത്തിന്റെ 1200ാ-മത് ജന്മവാര്‍ഷികത്തില്‍, ഇന്ത്യയിലെ പ്രമുഖ മാര്‍ക്‌സിസ്‌റ് സൈദ്ധാന്തികനായിരുന്ന ഇ എം എസ് നമ്പൂതിരിപാട് വിശേഷിപ്പിച്ചത് ലോകം കണ്ട ഏറ്റവും പ്രതിഭാശാലികളായ ചിന്തകരില്‍ ഒരാളെന്നാണ്. യൂറോപ്യന്‍ തത്വചിന്തകനായ ഹെഗലിന് തുല്യനായി ശങ്കരനെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ട ബൗദ്ധ പാരമ്പര്യങ്ങളെയല്ല, അവയുടെ നിഷേധമായിരുന്ന ഹൈന്ദവ പാരമ്പര്യത്തെയാണ് ഇ എം എസ് ഇതിലൂടെ മഹത്വവത്കരിച്ചത്..

തന്മൂലം ജാതി നിര്‍മിതമായൊരു ഇന്ത്യന്‍ സാമൂഹ്യ ഘടനയെ ആദര്‍ശമാക്കി ഇന്ത്യന്‍ ദേശീയതക്ക് സമാന്തരമായും പകരമായും ഉയര്‍ന്നു വന്ന ഹിന്ദു ദേശീയതയുടെ വക്താക്കള്‍ക്ക് ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനു പ്രത്യയശാസ്ത്രപരമായ തടസങ്ങളൊന്നുമുണ്ടായില്ല. ജനസംഘത്തില്‍ നിന്ന് ബി ജെ പി യിലെത്തിയ സംഘപരിവാര്‍ 80കളില്‍ വമ്പിച്ചൊരു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹൈന്ദവവത്കരണത്തോടൊപ്പം ജാതികളുടെ പ്രവര്‍ത്തനമണ്ഡലം രാഷ്ട്രീയമയമാണെന്നും ജാതി സമവാക്യങ്ങള്‍ക്കകത്താണ് ഇന്ത്യന്‍ രാഷ്ട്രീയം ചലനാത്മകമാകുന്നത് എന്നുമുള്ള. തിരിച്ചറിവ് ബിജെപി യുടെ രാഷ്ട്രീയ നീക്കങ്ങളുടെ ആക്കം വര്‍ധിപ്പിച്ചു.

 

 

 

 

 

 

 

 

തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ കേരളത്തിലെ ദളിത് മണ്ഡലത്തിയിലുണ്ടായ ഏറ്റവും മൗലികമായ നേട്ടങ്ങളില്‍ ഒന്ന് ‘ജാതി ഇല്ല’ എന്ന മിത്ത് തകര്‍ക്കാനായി എന്നതാണ്. കേരളത്തിലെ ദളിതരും ആദിവാസികളും നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളുടെ കാരണം തേടിയിറങ്ങുന്നവര്‍ അവസാനം എത്തിച്ചേരേണ്ടിവരുന്നത് ജാതിയിലാണ്. ഒരിക്കല്‍ തങ്ങളുടെ മഹത്തായ സംഭവനയെന്നും ദളിതരുടെ സുരക്ഷയെന്നുമെല്ലാം വിശേഷിക്കപ്പെട്ട ദളിത് കോളനികള്‍ ജാതി വിവേചനത്തിന്റെ ഘെറ്റോകളാണെന്നും (ഒരേ വിഭാഗം ആളുകള്‍ താമസിക്കുന്ന ചേരികള്‍) അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ജാതിയില്ല എന്ന നിലപാട് തിരുത്തപ്പെട്ടതുപോലെ തന്നെ ലിംഗ സമത്വത്തെകുറിച്ചുള്ള ധാരണകളും മലയാളികള്‍ തിരുത്തിത്തുടങ്ങിയിരിക്കുന്നു. ദളിതര്‍ക്കെന്ന പോലെ തന്നെ സ്ത്രീകള്‍ക്കും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് പോരാട്ടങ്ങളുടെ ദശകങ്ങള്‍ ആയിരുന്നു. തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ മൂടിവെക്കാനാവാത്ത കാലത്തേക്ക് സ്വാഭിമാനികളായ സ്ത്രീകള്‍ കേരളത്തെ മാറ്റിയിരിക്കുന്നു. കേരളീയ സ്ത്രീകള്‍ എത്രമാത്രം അസ്വാതന്ത്ര്യത്തിലും അസമത്വത്തിലും അപമാനത്തിലുമാണ് ജീവിക്കുന്നത് എന്ന് ശബരിമലയിലെ സ്ത്രീപ്രവേശനവിലക്ക് ലോകത്തെ കാണിച്ചുകൊടുത്തു. സ്വാതന്ത്ര്യത്തെക്കുറിച്ചു ഡോ. ബി ആര്‍ അംബേദ്കര്‍ നടത്തിയൊരു നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. ‘സാമൂഹ്യ സ്വാതന്ത്ര്യം കൈവരിക്കാത്തിടത്തോളം നിയമം അനുവദിക്കുന്ന സ്വാതന്ത്ര്യം എന്ത് തന്നെയായാലും അതുകൊണ്ട് നിങ്ങള്‍ക്ക് പ്രയോജനമില്ല”.

ജാത്യാധിപത്യവും പുരുഷാധിപത്യവും നിലനില്ക്കാതിരുന്നതുകൊണ്ടല്ല, അത് അംഗീകരിക്കുവാനും അതിനപ്പുറത്തേക്ക് കേരളത്തെ ചലിപ്പിക്കുവാനുള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ഐക്യകേരളത്തിനു ഇല്ലാതെ പോയത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ ജാതി/വംശ/ലിംഗ വിവേചനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഐക്യകേരളവും മുന്നോട്ടു നീങ്ങിയത്. മാറ്റത്തെക്കുറിച്ചു പറഞ്ഞവരിലേറെയും സ്വയം മാറുവാന്‍ വിസമ്മതിച്ചു. ഇത്തരം വിവേചനങ്ങളുടെ തീവ്രവതയാണ് അയിത്തമായും ദുരഭിമാനക്കൊലകളായും ഇപ്പോഴും കേരളീയര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു. എന്നാല്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കുവാന്‍ മലയാളികളുടെ രാഷ്ട്രീയ/സാംസ്‌കാരിക കാപട്യം അനുവദിക്കുന്നില്ല.

ജാത്യാധികാര ഘടനക്കും(Caste Hierarchy) പിതൃമേധാവിത്വ ഘടനക്കും (Brahminical Patriarchy) ഉള്ളില്‍ ദളിതരും സ്ത്രീകളും നേരിടുന്ന അസമത്വങ്ങളും അസ്വാതന്ത്ര്യവും അപമാനവുമാണ് ഇന്ന് കേരളം നേരിടുന്ന മൗലികമായ രണ്ടു സാമൂഹ്യപ്രശ്‌നങ്ങള്‍. സ്വന്തം ഇണയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം പോലുമില്ലാത്ത ഒരു സമൂഹത്തെയാണ് മലയാളികള്‍ ജനാധിപത്യസമൂഹം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സമൂഹത്തിന് തിരഞ്ഞെടുപ്പും സര്‍ക്കാര്‍ രൂപീകരണവുമല്ലാതെ ജനാധിപത്യത്തിന് മറ്റൊരു അര്‍ത്ഥവും കല്പിക്കാനാവില്ല. ജനാധിപത്യതത്വങ്ങളും മൂല്യങ്ങളും നിയമങ്ങളുമെല്ലാം അതിന്റെ അലങ്കാരങ്ങള്‍ മാത്രമായിരിക്കും. ജാതീയതയും സ്ത്രീ വിരുദ്ധതയും ഉള്ളടക്കവും. ഈ പ്രതിസന്ധി മറികടക്കുവാന്‍ കഴിയണമെങ്കില്‍ ഭരണഘടനാ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ കേരളീയ സമൂഹത്തെ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. രാഷ്രീയ സ്വാതന്ത്യത്തോടൊപ്പം സാമൂഹ്യസ്വാതന്ത്ര്യവും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തെ ഒരു ജീവിത സമ്പ്രദായമാക്കി വ്യാഖ്യാനിക്കേണ്ടതുണ്ട്. ആവിഷ്‌കരിക്കേണ്ടതുണ്ട്. വര്‍ത്തമാനകാലത്തോട് തുല്യതയുടെ അടിസ്ഥാനത്തില്‍ സംവദിക്കുവാന്‍ കഴിയാത്ത ഭൂതകാലത്തെ, അതിന്റെ നിര്മിതകളെ, സ്ഥാപനങ്ങളെ- ഗോത്രം, ജാതി, മതം, കുടുംബം എന്നിങ്ങനെ- മറികടന്നു കൊണ്ടേ ഇത്തരമൊരു നീക്കം സാര്‍ത്ഥമാകുകയുള്ളു. കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്കരിക്കുകയെന്നാണ് ഇതിനര്‍ത്ഥം.

ജാത്യാധിഷ്ഠിതമായൊരു സമൂഹമാണ് കേരളം എന്ന് സ്ഥാപിക്കുകയെന്നത് ദളിതരുടെ ചരിത്രപരമായ ഒരു ചുമതലയായിരുന്നു. അത് നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതെ സമയം ജാതിയില്ലാത്ത കേരളം നിര്മിക്കുകയെന്നത് ദളിതരുടെ മാത്രം ചുമതലയല്ല, അവര്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യവുമല്ല. പ്രബുദ്ധകേരളം ഏറ്റെടുക്കേണ്ട ചുമതലയാണത്. നിശ്ചയമായും അത് ചൂണ്ടികാണിക്കുവാനും അത്തരമൊരു ദിശയിലേക്ക് കേരളത്തെ ചലിപ്പിക്കുവാനും ദളിതര്‍ക്ക് കഴിയും. ഇവിടെയാണ് മനുസ്മൃതി ചുട്ടെരിച്ച ഓര്‍മ്മ പ്രസക്തമാകുന്നത്.

നിര്‍ഭയമായൊരു ചോദ്യം ചെയ്യല്‍, സര്‍ഗാത്മകമായൊരു പ്രത്യയശാസ്ത്രം ഇടപെടല്‍-അതായിരുന്നു മനുസ്മൃതി ചുട്ടെരിക്കല്‍. മൗലികമായ ചില തത്വങ്ങളും ആദര്‍ശങ്ങളും, ലക്ഷ്യങ്ങളും അതിനുണ്ടായിരുന്നു. അതൊരിക്കലും വിസ്മരിക്കപ്പെട്ടില്ല. അതിന്റെ ചലനാത്മകതയുടെ സാക്ഷ്യം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ തന്നെയാണ്. ഹിന്ദു രാഷ്ട്രവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുവാനുള്ള ആര്‍ജവം അതിനുണ്ട്.

അതിനു നേതൃത്വം കൊടുത്ത സംഘടന, പങ്കാളികളായവര്‍, മര്‍ദ്ദനമേറ്റവര്‍, തടവിലാക്കപ്പെട്ടവര്‍, ഭയവിഹ്വലരായി പാഞ്ഞ സ്ത്രീകളും കുട്ടികളും- എല്ലാം ഓര്‍മകളാണ്. ഓര്‍മ്മകള്‍ പ്രധാനമാണ് പ്രത്യേകിച്ചും ചരിത്രത്തില്‍ ഇടമില്ലാത്തവര്‍ക്ക്. ഓര്‍മകളില്‍ നിന്ന് നിഷ്‌കാസിതരാകുന്നവര്‍ ചരിത്രത്തില്‍ നിന്നാണ് നിഷ്‌കാസിതരാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഒരു പ്രത്യശാസ്ത്രസമരത്തിന്റെ ഓര്‍മ്മ – മനുസ്മൃതി ചുട്ടെരിച്ചതിന്റെ 30-ാം വാര്‍ഷികം

  1. Avatar for കെ എം സലിം കുമാര്‍

    രവി .കെ .പി

    ചരിത്ര പ്രാധാന്യമുള്ള വിശകലന തന്നെ.പ്രത്യേകിച്ചും സമകാലസാഹചര്യത്തിൽ. തീവ്രവലതുപക്ഷം ഇന്ത്യൻ ബഹുസ്വരതയെ ഭരണകൂടതലത്തിൽ നിന്നു കൊണ്ട് ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ സന്ദർഭം കൂടി കണക്കിലെടുക്കുമ്പോൾ. ഇന്ത്യയ്ക്കകത്ത് ദളിത് ബഹുജനങ്ങൾ മുന്നോട്ടു വെയ്ക്കുന്ന സാമൂഹിക ജനാധിപത്യ സങ്കല്പത്തിന് നീതിയുടെയും സമത്വത്തിന്റെയും അടിത്തറയാണുള്ളത്. ബുദ്ധനിലൂടെ, ജ്യോതി ബാഫുലെയിലൂടെ, അംബേദ്കകറിലൂടെ, ശ്രീനാരായണ ഗുരുവിലൂടെ അയ്യങ്കാളിയിലൂടെ പൊയ്കയിൽ അപ്പച്ചനിലൂടെ, കല്ലറ സുകുമാരനിലൂടെ അതിന് തുടർച്ചയുണ്ടായിട്ടുണ്ട്. ഇന്ന് കേരളത്തിലടക്കം ഈ ധാരശക്തമാണ്. നവീകരണ ശക്തിയായി സമൂഹത്തിൽ ഇടപ്പെടുന്ന ഈ ധാരയെയാണ് സാമൂഹിക ജനാധിപത്യത്തിന്റെ ജീവവായുവായിപരിഗണിക്കേണ്ടത്

  2. Avatar for കെ എം സലിം കുമാര്‍

    കേരളത്തിൽ 1% കാണും പൂ ണൂൽ ജാതികൾ. 13 % മനു വാദികളിലെ ശൂദ്ര വിഭാഗം ആണ്. ഇവർ ആണ് മനുവാദ ത്തിലെ അധസ്ഥിത വർഗം.

    1939 ഇൽ മാർക്സിസം ആണ് ഈ മൈൻഡ് സെറ്റ് മാറ്റി കേരള ശൂദ്രനെ സവർണ്ണൻ ആക്കിയത്. അങ്ങിനെ കേരളത്തിലെ സവർണ്ണൻ ആക്കി സ്ഥാപിച്ചത് ആണ് ഈ ദലിത് രാഷ്ട്രീയം, അല്ലെങ്കിൽ kerala മാർക്സിസ്റ്റുകൾ, എന്റെ കാഴ്ചപ്പാടിൽ.

    ഇല്ലാത്ത ഒരു പൂണൂൽ സംസ്കാരത്തെ കൊട്ടിലിൽ പ്രതിഷ്ഠിക്കുന്നു, കേരളത്തിലെ ഹിന്ദുക്കൾ.

    ഈപേരിൽ കോൺവെർഷൻ നടത്താൻ സംഘടിത മതസ്ഥനും. ഹിന്ദു വിഭാഗത്തിലെ ഈ സങ്കുചിത നിലപാട്, ന്യൂനപക്ഷ മതസ്ഥൻ ഉപയോഗിക്കുന്നു, അവൻ ഫലത്തിൽ അയിത്ത ജാതി കോൺവെർട്ടഡ് ആണുതാനും

Leave a Reply