ടീസ്റ്റയേയും ശ്രീകുമാറിനേയും സഞ്ജീവ് ഭട്ടിനേയും വിട്ടയക്കണം – ഡോ ആസാദ്

ഐക്യരാഷ്ട്രസഭാ പ്രതിനിധി മേരി ലാലര്‍ ഓര്‍മ്മിപ്പിച്ചത്, മനുഷ്യാവകാശ പ്രവര്‍ത്തനം കുറ്റകൃത്യമല്ല എന്നാണ്. വെറുപ്പിനും വിവേചനത്തിനും വംശഹത്യക്കും എതിരെ പ്രവര്‍ത്തിക്കുന്നത് മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കലാണ്.

ശബ്ദമുയര്‍ത്തിത്തന്നെ പറയണം. ടീസ്റ്റ സെതില്‍വാദിനെയും ഗുജറാത്തിലെ മുന്‍ ഡി ജിപി ശ്രീകുമാറിനെയും മുന്‍ ഐ പി എസ് സഞ്ജീവ് ഭട്ടിനെയും പ്രതിചേര്‍ത്ത് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണം. ഇത് ഭരണഘടനയും നിയമവ്യവസ്ഥയും ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്.

ഐക്യരാഷ്ട്രസഭാ പ്രതിനിധി മേരി ലാലര്‍ ഓര്‍മ്മിപ്പിച്ചത്, മനുഷ്യാവകാശ പ്രവര്‍ത്തനം കുറ്റകൃത്യമല്ല എന്നാണ്. വെറുപ്പിനും വിവേചനത്തിനും വംശഹത്യക്കും എതിരെ പ്രവര്‍ത്തിക്കുന്നത് മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കലാണ്.

2002ല്‍ ഗുജറാത്തില്‍ നടന്നത് വംശഹത്യയാണ്. അന്വേഷണസമിതികളും വാര്‍ത്താ ഏജന്‍സികളും കലാപത്തിന്റെ വിശദചിത്രം പുറത്തു കൊണ്ടുവന്നിട്ടുണ്ട്. കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും നടന്നു. രണ്ടായിരത്തിലേറെപ്പേരാണ് കൊല ചെയ്യപ്പെട്ടത്. നൂറുകണക്കിനു പേരെ കാണാതായി. തെരുവുകളില്‍ ബജ്രംഗ്ദളും സംഘപരിവാരങ്ങളും ഭരണകക്ഷിയായ ബി ജെ പിയുടെ പിന്തുണയോടെ അഴിഞ്ഞാടി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നരോദ് പാട്യയില്‍ മാത്രം തൊണ്ണൂറ്റിയേഴു മുസ്ലീങ്ങള്‍ കൊല ചെയ്യപ്പെട്ടു. വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദിന്റെ മറവിലാണ് അയ്യായിരത്തോളം പേരടങ്ങുന്ന അക്രമിസംഘം ആയുധങ്ങളും കൊലവിളികളുമായി തെരുവിലിറങ്ങിയത്. 2002 ഫെബ്രുവരി 28നായിരുന്നു അത്. പൊലീസ് ട്രെയിനിംഗ് ക്യാമ്പിനു സമീപം നടന്ന ഈ കൂട്ടക്കൊല പൊലീസിനു തടയാനായില്ല. അഥവാ തടഞ്ഞില്ല. നരോദ്പാട്യ കേസില്‍ അന്നത്തെ മോദി മന്ത്രിസഭയിലെ അംഗമായ മായാ കോഡ്‌നാനി ഉള്‍പ്പെടെ മുപ്പത്തിരണ്ടു പേരെ ശിക്ഷിച്ചു.

ചമന്‍പുരയില്‍ മുസ്ലീം ഗ്രാമം തീവെയ്ക്കപ്പെട്ടു. ഒട്ടനവധി വീടുകള്‍ കത്തിയെരിഞ്ഞു. ഒട്ടേറെ പേര്‍ വെന്തുമരിച്ചു. പെണ്‍കുട്ടികള്‍ വലിച്ചു ചീന്തപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ഇഹ്‌സാന്‍ ജഫ്രിയെ ജീവനോടെ ചുട്ടു കൊന്നത് അവിടെവെച്ചാണ്. 69 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. മരണം അതിലും എത്രയോ അധികമാവണം. ഗുജറാത്തില്‍ പടര്‍ന്ന കലാപം അഥവാ വംശീയാതിക്രമം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയായി. സ്വതന്ത്ര ഇന്ത്യയിലെ ഏതൊരു പൗരനും ലജ്ജയും അപമാനവും വരുത്തിവെച്ചു.

ഗുജറാത്ത് കലാപത്തെക്കുറിച്ചു പഠിച്ച അന്താരാഷ്ട്ര പ്രതിനിധികളടങ്ങുന്ന ഫാക്റ്റ് ഫൈന്റിംഗ് ടീം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകള്‍ ലൈംഗികാതിക്രമ ഭീകരതക്ക് എങ്ങനെ ഇരയായെന്ന് രേഖപ്പെടുത്തി. അവരത് ലോകത്തോടു വിളിച്ചുപറഞ്ഞു.

സ്ത്രീകള്‍ നഗ്‌നരാക്കപ്പെട്ടു. കൂട്ടത്തോടെ ബലാത്സംഗങ്ങള്‍ക്ക് ഇരയായി. പച്ചജീവന്‍ പിച്ചിച്ചീന്തുകയായിരുന്നു. പിന്നീട് പെട്രോളൊഴിച്ചു കത്തിക്കുന്നു. ഗര്‍ഭിണികളെ വയറു കീറി ചുട്ടു കൊല്ലുന്നു. ഉന്മാദത്തോടെ സംഘപരിവാരങ്ങള്‍ തെരുവുകളില്‍ അര്‍മാദിച്ചു.

ഗുജറാത്തില്‍ അന്ന് നരേന്ദ്രമോദിയായിരുന്നു മുഖ്യമന്ത്രി. വംശഹത്യയുടെ തീയാളുമ്പോള്‍ പൊലീസ് സേന നിര്‍വീര്യമായി മാറിനിന്നെങ്കില്‍ അതു സര്‍ക്കാറിന്റെ പങ്കാളിത്തമാണ്. ലോകമെങ്ങും മോദിസര്‍ക്കാറിനെതിരെ പ്രതിഷേധിച്ചു. പല രാജ്യങ്ങളും മോദിക്കു പ്രവേശനം നിഷേധിച്ചു. അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയ്ക്കു പോലും ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരകള്‍ക്കു വേണ്ടി സംസാരിക്കാന്‍ അവര്‍ക്കു നീതിയെത്തിക്കാന്‍ ടീസ്റ്റയെപ്പോലെ ധീരരായ ചിലരുണ്ടായി. ഇല്ലെങ്കില്‍ നടന്ന വംശഹത്യയുടെ അതിക്രൂരമായ ചിത്രങ്ങള്‍ വിചാരണകൂടാതെ മായ്ക്കപ്പെടുമായിരുന്നു. പാവപ്പെട്ട ഇരകള്‍ക്കു നീതി ലഭിക്കണമെന്ന് ആര്‍ ബി ശ്രീകുമാറിനും തോന്നി. അവരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ മോദിയുടെയും അമിത്ഷായുടെയും താല്‍പ്പര്യങ്ങള്‍ പുറത്തറിയാന്‍ ഇടയാക്കി.

ഗുജറാത്ത് വംശഹത്യാകാലത്തു കണ്ണുകെട്ടി മൗനസമ്മതം നല്‍കിയ ഭരണകൂടം വിചാരണ ചെയ്യപ്പെടണമെന്നത് മനുഷ്യാവകാശത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരുടെയും അഭിപ്രായമാണ്. അതു പറയാന്‍ ഇരകളെ ശക്തിപ്പെടുത്തുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ്. അതിന്റെ പേരില്‍ ടീസ്റ്റയെയോ ശ്രീകുമാറിനെയോ സഞ്ജീവ് ഭട്ടിനെയോ ക്രൂശിക്കാന്‍ വിട്ടുകൊടുത്തുകൂടാ.

സര്‍ക്കാര്‍ വിധേയ ഏജന്‍സികള്‍ സര്‍ക്കാറിനു നല്‍കുന്ന ക്ലീന്‍ചിറ്റ് എല്ലാവരും വിശ്വസിക്കണമെന്ന് ശാഠ്യം പിടിക്കരുത്. എല്ലാം നഷ്ടപ്പെട്ടു നിലവിളിക്കുന്ന ഇരകളും ചോരവാര്‍ന്നും പിച്ചിക്കീറപ്പെട്ടും വെന്തുമൊടുങ്ങിയ നൂറുകണക്കിനാളുകളുടെ ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചവരും നിയമ പോരാട്ടത്തിന് ഒരുങ്ങുക സ്വാഭാവികം. ടീസ്റ്റയെയും ശ്രീകുമാറിനെയും പോലെയുള്ളവര്‍ അപ്പോള്‍ ഇരകള്‍ക്കൊപ്പമല്ലാതെ എവിടെ നില്‍ക്കാനാണ്? കൊലയാളികള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവാത്തതിന് അവരോട് പ്രതികാരവുമായി ഇറങ്ങുകയാണ് മോദി അമിത്ഷാ ഭരണകൂടം.

ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളില്‍ വിശ്വാസം നഷ്ടപ്പെടാത്ത ഒരു ജനസമൂഹം നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്ന് ഭരണകൂടത്തെ ബോദ്ധ്യപ്പെടുത്താന്‍ നാം നിര്‍ബന്ധിതരാവുകയാണ്. അതു ചെയ്യാനുള്ള ധീരത നാം പ്രകടിപ്പിക്കേണ്ടത് ടീസ്റ്റയെയും ആര്‍ ബി ശ്രീകുമാറിനെയും വിട്ടയക്കണമെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ്. അവര്‍ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചുകൊണ്ടാണ്. ഗുജറാത്ത് വംശഹത്യയുടെ കറ സംഘപരിവാരങ്ങളുടെയും അന്നത്തെ ഭരണനേതൃത്വത്തിന്റെയും മേല്‍നിന്നു മായ്ച്ചു കളയാന്‍ ഇത്തരം കേസുകള്‍ക്കാവില്ല. ഈ സത്യം പറയുന്നവരെയൊക്കെ നിറയ്ക്കാന്‍ മാത്രം ജയിലുകള്‍ ഇന്ത്യയിലില്ല.

((ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply