ജനാധിപത്യത്തിന്റെ അവസാന കയ്യൊപ്പിടേണ്ട സുപ്രീംകോടതിയില്‍ എന്ത് പ്രതീക്ഷയാണ് നാം പുലര്‍ത്തേണ്ടത്..?

എസ് എ ബോബ്‌ഡെക്ക് യാത്രാമംഗളം നേരുമ്പോള്‍ ഒരിക്കല്‍ ലോകത്തെ ഏറ്റവും പരമാധികാരമുള്ള പരമോന്നത കോടതി എന്നും ധൈഷണിക ജാഗ്രതയുടെ പ്രതീകമെന്നും സത്യത്തിന്റേയും ധര്‍മത്തിന്റേയും നീതിയുടെയും മൂര്‍ത്തിത്വം എന്നുമൊക്കെ ആലങ്കാരികമായി പറഞ്ഞുവന്ന, ജനാധിപത്യത്തിന്റെ അവസാന കയ്യൊപ്പിടേണ്ട സുപ്രീംകോടതിയില്‍ എന്ത് പ്രതീക്ഷയാണ് രാജ്യത്തെ പൗരന്മാര്‍ പുലര്‍ത്തേണ്ടത്..?

ഇന്ത്യന്‍ സുപ്രീം കോടതിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ നാല് ചീഫ് ജസ്റ്റിസ് (CJIs) മാരുടെ അധികാര കാലാവധി കഴിയുമ്പോള്‍ നീതിയുടെ സ്വതന്ത്ര പരിപാലനത്തില്‍ നിന്നും സംരക്ഷണത്തില്‍ നിന്നും അഭൂതപൂര്‍വ്വമായ പതനവും പരാജയവും അപസ്വരത്തിന്റെ മുഴക്കങ്ങളുമാണ് കാണാനും കേള്‍ക്കാനും കഴിയുന്നത്. ഗവണ്‍മെന്റിന്റെ ദുഷ്പ്രഭുത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ ഗൗരവ ശൂന്യമായ വിചാര പ്രക്രിയയായി അത് പരിവര്‍ത്തനപ്പെട്ടിരിക്കുന്നു.

വിരമിക്കുന്നതിനും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനും തൊട്ടുമുമ്പ് അയോധ്യയുടേയും റാഫേല്‍ യുദ്ധ വിമാന ഇടപാടിന്റേയും വിധിയുടെ മേല്‍നോട്ടം വഹിച്ച രഞ്ജന്‍ ഗോഗോയ് പടിയിറങ്ങിയപ്പോള്‍ കാലത്തിന്റെ ഉദ്വിഗ്‌നതകള്‍ അവസാനിച്ചുവെന്ന് പലരും ചിന്തിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി എസ് എ ബോബ്‌ഡെ എക്‌സിക്യൂട്ടീവില്‍ നിന്നും സ്വാതന്ത്ര്യവും അപമാനത്തിന്റെ പാതാളത്തില്‍ നിന്നും വീണ്ടെടുപ്പും സാധ്യമാക്കുമെന്ന് പല വൃഥാ നിരീക്ഷണങ്ങളും വന്നു. എന്നാല്‍ 18 മാസത്തോളം നീണ്ട അധികാരകാലത്തില്‍ ബോബ്‌ഡേ നീതിയുടെ വിതരണത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആകുലതയുടേയും ദയാശൂന്യതയുടെയും നീതിരാഹിത്യത്തിന്റേയും അധികാരവിത്ത് ഫാസിസ്റ്റ് ഭരണകൂട വിധേയനായി വിതയ്ക്കുന്നതാണ് നാം കണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും നിസ്വരുടേയും ഓരംചേര്‍ക്കപ്പെട്ടവരുടേയും തൊഴിലാളികളുടെയും അവകാശത്തിനും ഉപജീവനത്തിനും വേണ്ടിയോ, ഭരണഘടനാവിരുദ്ധമായ സവര്‍ണ്ണ പ്രഭുഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തെയും നയങ്ങളെയും നിതാന്ത ജാഗ്രതയോടെ പരിശോധിക്കുന്നതിനോ നേരിന്റെ കാഴ്ചകളും മൗലികത്വമുള്ള ഒരു പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ നീതിപീഠത്തില്‍ നിന്നുമുണ്ടായില്ല.

2019 നവംബറില്‍ എസ് എ ബോബ്‌ഡെ അധികാരത്തില്‍ വരുമ്പോള്‍ ചരിത്രപ്രധാനമായ ചില കേസുകള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വരികയുണ്ടായി. ജമ്മു – കാശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നൂറിലധികം ഹര്‍ജികള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടു. ഭരണഘടനാപരമായ ആധികാരിക ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നിരവധി ഹര്‍ജികള്‍ വന്നിട്ടും സിറ്റിസണ്‍ഷിപ്പ് (അമന്റ്‌മെന്റ്) ആക്ട് നിലവില്‍ വന്നു.. CAA പ്രതിഷേധ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെ ജാമിയ യൂണിവേഴ്‌സിറ്റി ക്യാമ്പസിലേക്ക് ഇരച്ചുകയറിയ കുറ്റവാളി സംഘം പൊലീസിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി തല്ലിച്ചതച്ചു. അതിനെതുടര്‍ന്ന് ഡല്‍ഹി കലാപഭൂമിയാക്കിയത് നാം കണ്ടു. കുറ്റാന്വേഷണത്തിന്റ പ്രച്ഛന്ന വേഷധാരികളായ പൊലീസ് വിദ്യാര്‍ത്ഥികളെ വേട്ടയാടി.

പിന്നീട് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണ വിഷയം ഉയര്‍ന്നുവന്നു. 2020 ല്‍ കോവിഡ് മഹാമാരിക്കും കുടിയേറ്റ തൊഴിലാളികളുടെ ഹൃദയം പിളര്‍ക്കുന്ന കൂട്ടപ്പലായനങ്ങള്‍ക്കും നാം സാക്ഷികളായി. ഈ നാനാ രൂപത്തിലുള്ള വെല്ലുവിളികളുടെ കാലത്താണ് സര്‍വ്വാധികാരമുള്ള ഇന്ത്യന്‍ ഭരണഘടനാ കോടതിയും അതിന്റെ ധാര്‍മികഘടന (mettle) യും സ്വയാധികാരം പ്രയോഗിക്കേണ്ടത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കാണ് ഓരോ കേസിന്റേയും മുന്‍ഗണനയും പ്രാധാന്യവും കണക്കിലെടുത്ത് (Master of the roster) എങ്ങിനെ പരിഗണിക്കണം ഏത് ബെഞ്ച് പരിഗണിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള സര്‍വ്വാധികാരം.. എന്നാല്‍ ജമ്മു – കാശ്മീര്‍ പദവി, സി എ എ എന്നീ ഭരണഘടനാ ലംഘനങ്ങളും പൗരാവകാശപ്രശ്‌നവും ഇലക്ട്രോറല്‍ ബോണ്ടും തുടങ്ങി ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കേള്‍ക്കാനോ നീതിപൂര്‍വമായ തീര്‍പ്പുകള്‍ വിധിക്കാനോ അദ്ദേഹം തയ്യാറായില്ല.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണ വിഷയം സ്പര്‍ശിച്ചില്ലെന്നു മാത്രമല്ല അവരെ തടവിലാക്കുന്നതും നാടുകടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകള്‍ തള്ളിക്കളഞ്ഞു. അതിനദ്ദേഹം ന്യായീകരണമായി പറഞ്ഞത് മ്യാന്‍മാറിലെ അഭയാര്‍ത്ഥി പ്രവാഹവും ബന്ധപ്പെട്ട വംശഹത്യകളും ഈ കോടതിയുടെ വിഷയമല്ലെന്നാണ്. ഈ പ്രഖ്യാപനത്തിലൂടെ ബോബ്‌ഡെ ഭരണഘടനയേയും അന്താരാഷ്ട്ര നിയമങ്ങളെയും വേണ്ടുവോളം അവഗണിക്കുകയും അനാദരിക്കുകയും ചെയ്തു.

മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അപ്രതീക്ഷിത കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അഭയംതേടി നഗരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഒരു നാണയത്തുട്ട് പോലും കരുതലില്ലാതെ വിശപ്പും ദാഹവും മരണഭീതിയും പേറി നടന്നു നീങ്ങവേ, അവരുടെ ഭക്ഷണം, വേതനം, യാത്രാമാര്‍ഗ്ഗം തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരത്തിനായി ഹര്‍ജികള്‍ വന്നപ്പോള്‍ മനുഷ്യാംശം അവശേഷിക്കുന്ന ആരുടെയും ഉള്ളുലയ്ക്കുന്ന പ്രതികരണമാണ് എസ് എ ബോബ്‌ഡെയില്‍ നിന്നും ഉണ്ടായത്. It could not ‘supplant’ the governments wisdom on providing relief to the lakhs of migrant labourers across the country എന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല ഏറ്റവും അപരിഷ്‌കൃതവും മ്ലേച്ഛവും കിരാതവുമായ ഒരു വാചകം അയാള്‍ പറഞ്ഞു ‘If they are being provided meals, then why do they need money?’ ഊണ് കിട്ടിയാല്‍ പിന്നെ അവര്‍ക്കെന്തിനാണ് പണം എന്നാണ് അയാള്‍ ചോദിച്ചത്. തീച്ചൂടിലുരുകി തീവ്രവേദന തിന്ന് കൈക്കുഞ്ഞുമായി ഗര്‍ഭിണികള്‍ വരെ പണിക്കൂലി പോലും കിട്ടാതെ പാദങ്ങള്‍ പൊട്ടിയ ചോരയില്‍ വികസനത്തിന്റെ വിജനമായ വഴികളിലൂടെ ഇഴഞ്ഞു നീങ്ങുമ്പോള്‍ ആ പ്രാണന്റെ നിലവിളികള്‍ക്കു നേരെ പരമോന്നത കോടതിയുടെ നിര്‍ദയത്വവും അനുകമ്പവറ്റിയ സമീപനവും അതിന്റെ ഏറ്റവും നീചാവസ്ഥയില്‍ എത്തുകയായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൗരാവകാശ സംരക്ഷണത്തില്‍ അത്യകലം പാലിക്കുന്ന ബോബ്‌ഡെ, കേരള പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ (ഹഥ്‌റാസ് പീഡനക്കൊല റിപ്പോര്‍ട്ടിങ്ങിനിടെ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുകയായിരുന്നു) കേള്‍ക്കവേ ആര്‍ട്ടിക്കിള്‍ 32 (നീതി നിഷേധിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ക്ക് സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാനുള്ള അവകാശം) സുപ്രീം കോടതി കൂടുതല്‍ പ്രോത്സാഹിപ്പിരിക്കുന്നില്ല എന്നാണ് ബോബ്‌ഡേ രേഖപ്പെടുത്തിയത്. പിന്നീട് സിദ്ദിഖ് കാപ്പന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നത് ആവര്‍ത്തിച്ച് നീട്ടിവെക്കുകയായിരുന്നു..

നീതിക്കുവേണ്ടിയുള്ള കര്‍ഷക പ്രക്ഷോഭ കേസില്‍ ബോബ്‌ഡെ നിയോഗിച്ച കമ്മിറ്റിയുടെ രാഷ്ട്രീയ നിഷ്പക്ഷത സംശയാസ്പദമായിരുന്നു. ഈ കമ്മിറ്റി പരസ്യമായി കാര്‍ഷിക നിയമങ്ങള്‍ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു.

ഒരു സുപ്രീം കോടതി ജഡ്ജിയുടെ ഭൂമി ഇടപാടിനെക്കുറിച്ച് വിശ്വസനീയമെന്നു പറയപ്പെട്ട തെളിവുകളോടെ ഒരു സംസ്ഥാന മുഖ്യമന്ത്രി എസ് എ ബോബ്‌ഡെയ്ക്ക് പരാതി സമര്‍പ്പിച്ചിട്ട് ആറുമാസം പിന്നിട്ടു. ആ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല.

സംക്ഷിപ്തമായി പറഞ്ഞാല്‍, എസ് എ ബോബ്‌ഡെക്ക് യാത്രാമംഗളം നേരുമ്പോള്‍ ഒരിക്കല്‍ ലോകത്തെ ഏറ്റവും പരമാധികാരമുള്ള പരമോന്നത കോടതി എന്നും ധൈഷണിക ജാഗ്രതയുടെ പ്രതീകമെന്നും സത്യത്തിന്റേയും ധര്‍മത്തിന്റേയും നീതിയുടെയും മൂര്‍ത്തിത്വം എന്നുമൊക്കെ ആലങ്കാരികമായി പറഞ്ഞുവന്ന, ജനാധിപത്യത്തിന്റെ അവസാന കയ്യൊപ്പിടേണ്ട സുപ്രീംകോടതിയില്‍ എന്ത് പ്രതീക്ഷയാണ് രാജ്യത്തെ പൗരന്മാര്‍ പുലര്‍ത്തേണ്ടത്..?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply