പിന്തുണക്കാം ജന്റര്‍ ന്യൂട്രല്‍ സങ്കല്‍പ്പത്തെയും വിവാഹപ്രായം 21 ആക്കുന്നതിനേയും

വ്യക്തിസ്വാതന്ത്ര്യത്തിനുനേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണമാണെന്നറിഞ്ഞിട്ടും ചില തീരുമാനങ്ങളെ പിന്തുണക്കേണ്ടി വരുന്നു എന്നത് ദുഖകരമാണ്. അത്തരം തീരുമാനങ്ങളില്ലാത്ത അവസ്ഥ അതിനേക്കാള്‍ മോശപ്പെട്ടതാകുമ്പോഴാണ് രാഷ്ട്രീയമായി ശരിയല്ലെന്നു തോന്നുമ്പോഴും പിന്തുണക്കേണ്ടിവരുന്നത്. അത്തരത്തിലുള്ള രണ്ടു തീരുമാനങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തുവന്നിരിക്കുന്നത്. ഒന്ന് സ്‌കൂളുകളില്‍ ജന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുക എന്ന കേരള സര്‍ക്കിരിന്റേയും മറ്റൊന്ന് വിവാഹപ്രായം 21 ആയി ഉയര്‍ത്തുക എന്ന കേന്ദ്രസര്‍ക്കാരിന്റേയും. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും ലിംഗവിവേചനത്തെ എതിര്‍ക്കുകയും പെണ്‍കുട്ടികള്‍ക്ക് തുല്ല്യതയും സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ എത്താനുള്ള സാഹചര്യവും ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ അഭിപ്രായഭിന്നതകളും നിലനിര്‍ത്തിതന്നെ, ഇന്നത്തെ സാഹചര്യത്തില്‍ ഈ തീരുമാനങ്ങളെ പിന്തുണക്കാതിരിക്കാനാവില്ല. സമകാലീന പ്രായോഗിക വിഷയങ്ങളില്‍ നിലപാടെടുക്കുമ്പോള്‍ പ്രാധാന്യം കൊടുക്കേണ്ടത് സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ലിംഗനീതിക്കും സാമൂഹ്യനീതിക്കുമാണല്ലോ.

യൂണിഫോം എന്ന സങ്കല്‍പ്പംതന്നെ വൈജാത്യങ്ങളേയും ബഹുസ്വരതകളേയും ഇല്ലാതാക്കുന്നതാണെന്ന കാതലായ വിമര്‍ശനം ശരിയാണ്. പട്ടാളം, പോലീസ്, പാര്‍ട്ടികളുടെ വളണ്ടിയര്‍മാര്‍ തുടങ്ങി പലയിടത്തും അത് ഫാസിസത്തിന്റെ മുഖമുദ്രയുമാണ്. ആ അര്‍ത്ഥത്തില്‍ യൂണിഫോമുകള്‍ ഇല്ലാതാകുകതന്നെയാണ് വേണ്ടത്. പല വുകസിത രാഷ്ട്രങ്ങളിലും യൂണിഫോം ഡ്രസ്സ് കോഡുകള്‍ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായാണ് വിലയിരുത്ത്‌പ്പെടുന്നത്.. അതിനെതിരായ സമരങ്ങളും അവിടങ്ങളില്‍ നടക്കുന്നു.

സ്്കൂള്‍ യൂനിഫോം എന്നത് തീര്‍ച്ചയായും നിലവിലെ സാമ്പത്തിക വ്യത്യാസങ്ങള്‍ മൂലം കുട്ടികള്‍ തമ്മില്‍ വലിയ അന്തരം തോന്നാതിരിക്കാനുള്ള സദുദ്ദേശപ്രവര്‍ത്തിയായാണ് അവതരിപ്പിക്കപ്പെട്ടത്. അന്തരം ഇല്ലാതാക്കുകയല്ല, അങ്ങനെ തോന്നിപ്പിക്കുക മാത്രമാണത് ചെയ്യുന്നത്. അപ്പോഴും കുട്ടികളുടെ വിഷയമായതിനാല്‍ അത് വ്യാപകമായി സ്വീകരിക്കപ്പെടുകകയായിരുന്നു. അപ്പോഴും ലിംഗപരവും ഒരുപരിധിവരെ മതപരവുമായ വൈജാത്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നു. ആ അര്‍ത്ഥത്തില്‍ അത് പൂര്‍ണ്ണമായും യൂണിഫോം അല്ല എന്നതാണ് വസ്തുത. യൂണിഫോം ആകാം, എന്നാല്‍ ഏതു വസ്ത്രം ധരിക്കണമെന്നു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം, അതടിച്ചേല്‍പ്പിക്കരുത് എന്ന വാദഗതികള്‍ അര്‍ത്ഥശൂന്യമാണ്. യൂണിഫോമിനകത്ത് എന്തു സ്വാതന്ത്ര്യം? അത് അടിച്ചേല്‍പ്പിക്കല്‍ തന്നെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷെ മുകളില്‍ പറഞ്ഞ ലക്ഷ്യത്തിന്റെ പേരില്‍ അത് ന്യായീകരിക്കപ്പെടുന്നു എന്നു മാത്രം. ഉല്‍സവം, ആഘോഷം തുടങ്ങി ഒരിടത്തും പൊതുവില്‍ യൂണിഫോം കാണാറില്ലല്ലോ. ജന്മദിനമുള്ള കുട്ടികളേയും പല സ്‌കൂളുകളും ആ ദിവസം യൂണിഫോമില്‍ നിന്ന് ഒഴിവാക്കാറുണ്ട്. സമത്വം യഥാര്‍ത്ഥത്തില്‍ ഇല്ലാതിരിക്കുകയും എന്നാല്‍ നാട്യങ്ങളില്‍ അതവതരിപ്പിക്കുകയും ചെയ്ത് കൊണ്ടു ഭരണകൂട രാഷ്ട്രീയ അധികാരത്തെ ചോദ്യം ചെയ്യാതെ മെരുക്കിയെടുക്കാനുള്ള മിലിട്ടറൈസേഷന്‍ ഫാഷിസ്റ്റ് രാഷ്ട്രീയം കൂടെയാണ് യൂനിഫോം എന്ന വിമര്‍ശനം ശരിയായിരിക്കുമ്പോഴും അതിന്റെ സമകാലീന പ്രസക്തി മേല്‍ പറഞ്ഞതാണ്.

അപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യം യൂണിഫോം ഡ്രസ്സ് കോഡിനെ നിങ്ങള്‍ അംഗീകരിക്കുന്നുവോ എന്നതാണ്. ഉണ്ട്, പക്ഷെ എന്ന ഉത്തരത്തിന് പ്രസക്തിയില്ല. കുട്ടികളില്‍ തുല്ല്യതാബോധം സൃഷ്ടിക്കാന്‍ സഹായിക്കുമെങ്കില്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗപരമായ അസമത്വം ഇല്ല എന്ന തോന്നല്‍ ബാല്യം മുതലെ വളര്‍ത്തിയെടുക്കുക എന്നത്. അവിടെയാണ് ജന്റര്‍ ന്യൂട്രല്‍ യൂണിഫോം പ്രസക്തമാകുന്നത്. പിന്നെയുള്ളത് ഏതുവേഷമാണ് തെരഞ്ഞെടുക്കേണ്ടടത് എന്നതാണ്. സൗകര്യപ്രദവും ചലനസ്വാതന്ത്ര്യം പരമാവധിയുള്ളതും ഏതുനേരവും വസ്ത്രത്തെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമില്ലാത്തതുമായ യൂണിഫോമാണ് ഉചിതമാകുക. പൊതുവില്‍ നിലനില്‍ക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണരീതികള്‍ അവരുടെ ചലനസ്വാതന്ത്ര്യത്തിനു വളരെ തടസ്സം സൃഷ്ടിക്കുന്നതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ബാല്യം മുതലെ അസ്വാതന്ത്ര്യമുള്ള വേഷങ്ങളാണ് നാം പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്ക് തിരിച്ചും. അവിടെയാണ് പാന്റ്‌സും ഷര്‍ട്ടിന്റേയും പ്രസക്തി. അതിനെ ആണിന്റെ വേഷം പെണ്ണില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നു വിമര്‍ശിക്കുന്നത് അര്‍ത്ഥരഹിതമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജന്റര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ട് ലിംഗനീതി നേടുമോ പോലുള്ള ചോദ്യങ്ങളും കേവല തര്‍ക്കങ്ങളാണ്. അത് ആ ദിശയിലുള്ള ഒരു പടി മാത്രമാണ്. വിദ്യാഭ്യാസമേഖലയില്‍ തന്നെ വേറേയും എത്രയോ മാറ്റങ്ങള്‍ അനിവാര്യമാണ്. മലയാള പെണ്‍കൂട്ടം പോലുള്ള സംഘടനകള്‍ ആ ദിശയിലുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയ ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നതു തന്നെയാണ് ഏറ്റവും പ്രധാനം. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളും ലക്ഷ്യങ്ങളും പാഠ്യപദ്ധതിയില്‍ ഉണ്ടാകണം. സ്ത്രീകളെക്കുറിച്ച് പൊതുസമൂഹത്തില്‍ കാലങ്ങളായി നിലനില്ക്കുന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം ഒഴിവാക്കണം.

വളരെ പ്രധാനപ്പെട്ട മറ്റൊന്ന് അധ്യാപകര്‍ക്കുള്ള ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിംഗാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെയും അതിന്റെ ലിംഗരാഷ്ട്രീയ സമീപനത്തെയും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിനിമയം ചെയ്യാന്‍, ഈ വിഷയത്തില്‍ പ്രഗത്ഭരായ വ്യക്തികളുടെ പല ഘട്ടങ്ങളായുള്ള മികച്ച പരിശീലന പരിപാടികള്‍ അനിവാര്യമാണ്. ലിംഗരാഷ്ട്രീയം ഒരു പ്രധാന പ്രമേയമാകുന്ന തരത്തില്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, സ്വഭാവം, ഘടന എന്നിവ പരിഷ്‌കരിക്കപ്പെടണം. സ്ത്രീയുടെ സദാചാരം, മാതൃത്വം, ത്യാഗം എന്നിവ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നതും കാല്പനികവത്ക്കരിക്കുന്നതുമായ രചനകള്‍, അവരുടെ അധ്വാനം,സമയം സമ്പത്ത് മുതലായവ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പുരാണ സ്ത്രീമാതൃകകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ക്കപ്പുറം കായികമായും മാനസികമായും കരുത്തുള്ള, പ്രതിരോധിക്കുന്ന, പല മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീ മാതൃകകളാണ് കുട്ടികള്‍ പരിചയപ്പെടേണ്ടത്. അതിനുവേണ്ടി വളരെക്കാലമായി നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ/സാമൂഹിക/സാഹിത്യ ചരിത്രങ്ങളില്‍ നിന്നൊക്കെ തമസ്‌കരിക്കപ്പെടുകയും അദൃശ്യരാക്കപ്പെടുകയും ചെയ്ത സ്ത്രീകളെ കണ്ടെടുക്കുകയും സാഹിത്യ/ചരിത്ര പാഠങ്ങളില്‍ അവരെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണം. മാത്രമല്ല സുരക്ഷയോ പരിരക്ഷയോ ആവശ്യമുള്ള പ്രത്യേകവിഭാഗം എന്നതിലപ്പുറം തുല്യനീതി സങ്കല്പം രൂപപ്പെടേണ്ടത് തുല്യ വ്യക്തികള്‍ എന്ന ആശയത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പാഠഭാഗങ്ങളുടെ ഉള്ളടക്കം ജാതി/മത/വംശ/ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കുമുപരിയായി തുല്യതയോടെ കുട്ടികളെ അഡ്രസ്സ് ചെയ്യണം. അതുപോലെ, പാഠപുസ്തകങ്ങള്‍ കുട്ടികളുടെ ശരീരം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയിലുള്ള സ്വയം നിര്‍ണ്ണയാവകാശം, സാമ്പത്തികസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ ഉള്‍പ്പെടുന്ന തരത്തില്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. പാഠപുസ്തകങ്ങളിലെ ഉള്ളടക്കം പോലെ തന്നെ പ്രധാനമാണ് അവയുടെ ചിത്രീകരണവും. വ്യവസ്ഥാപിത സ്ത്രീസങ്കല്പങ്ങളെ പുനസൃഷ്ടിക്കുന്നതോ, ശരീരം, മതം, ജാതി, നിറം, ഭാഷ, ദേശം പോലുള്ള വൈവിധ്യങ്ങളെ അധിക്ഷേപിക്കുന്നവയോ ആവരുത് പാഠപുസ്തകങ്ങളിലെ ചിത്രീകരണങ്ങള്‍. ലിംഗവിവേചനം പ്രകടമാവുന്ന ഭാഷാപ്രയോഗങ്ങള്‍ അനുവദിക്കരുത്. ഒപ്പം ഇവയെല്ലാം ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളെ ക്കൂടി അഭിസംബോധന ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന തരത്തില്‍ പരിഷ്‌കരിക്കണം.

കായിക വിനോദങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ അകറ്റി നിര്‍ത്തുന്ന പ്രവണത സമൂഹത്തിന്റെ പിന്നോക്കാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ശാരീരിക ആരോഗ്യവും കായികക്ഷമതയും ആത്മവിശ്വാസവും സംഘബോധവും വളര്‍ത്താനുതകുന്ന കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും ആയോധനമുറകള്‍ ശീലിക്കാനുമുള്ള സൗകര്യം നിര്‍ബന്ധമായും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു ചേര്‍ന്നു തന്നെ ഇത്തരം വിനോദങ്ങളിലും പരിശീലനങ്ങളിലും ഏര്‍പ്പെടാനുള്ള അവസരം സ്‌കൂളുകളില്‍ ഉണ്ടാവേണ്ടതാണ്. കൂടാതെ ഒരേ ബഞ്ചുകളില്‍ ിടകലര്‍ന്നിരുന്ന പഠിക്കാനുള്ള സാഹചര്യവംു അനിവാര്യം. ആണ്‍കുട്ടികള്‍ക്കംു പെണ്‍കുട്ടികള്‍ക്കും വേവ്വേറെയായി നിലനില്‍ക്കുന്ന സ്‌കൂളുകള്‍ അടിയന്തിരമായി അവസാനിപ്പിക്കുകയും വേണം. കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും ഇന്ത്യന്‍ നിയമവ്യവസ്ഥയെ പ്പറ്റിയുമുള്ള സാമാന്യാവബോധം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയണം. കുട്ടികളില്‍ നിയമവിജ്ഞാനം എത്തിക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കണം. ഹൈസ്‌കൂള്‍ക്ലാസ് മുതല്‍ പോക്സോ നിയമത്തെക്കുറിച്ചും സാമൂഹ്യപാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യന്‍ ഭരണഘടനയിലെ ചിലഭാഗങ്ങള്‍ വായിച്ചു കൊണ്ട് സ്‌കൂളുകളിലെ ഓരോ ദിവസവും ആരംഭിക്കാവുന്നതാണ്.

ചുരുക്കത്തില്‍, വൈവിധ്യങ്ങളും ബഹുസ്വരതയുമെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ, അവയൊരിക്കലും വിവേചനത്തിനുള്ള കാരണമല്ല എന്ന സന്ദേശമാണ് ഉയര്‍ത്തിപിടിക്കേണ്ടത്. ആ ലക്ഷ്യത്തില്‍ വേണം ഇപ്പോഴത്തെ വിവാദങ്ങളേയും വിലയിരുത്തേണ്ടത്. എങ്കില്‍ ഇപ്പോള്‍ തന്നെ യൂണിഫോം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന മികച്ച നിലപാട് ജന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെ പിന്തുണക്കുക എന്നതു തന്നെയാണ്. അതേസമയം യൂണിഫോമുകള്‍ ഒന്നും തന്നെ അടിച്ചേല്‍പ്പിക്കാതിരിക്കുന്ന, അതിന്റെ ആവശ്യമില്ലാത്ത ഒരു സമൂഹനിര്‍മ്മിതി തന്നെയായിരിക്കണം നമ്മുടെ ലക്ഷ്യം. വൈവിധ്യങ്ങള്‍ കുഴിച്ചുമൂടുകയല്ല, തുല്ല്യതയോടെ നിലനില്‍്ക്കുകയാണ് വേണ്ടത്. തുല്ല്യതയില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമാനമാണ് വിവാഹപ്രായം 21 ആക്കുന്നതിന്റെ പ്രശ്‌നവും. എന്തൊക്കെ പറഞ്ഞാലും വലിയൊരു വിഭാഗം രക്ഷാകര്‍ത്താക്കളും ഇപ്പോഴും പെണ്‍കുട്ടികളെ പഠിക്കാന്‍ വിടുന്നത് തങ്ങളാഗ്രഹിക്കുന്ന വിധത്തിലുള്ള വിവാഹബന്ധം ലഭിക്കുന്നതിനുവേണ്ടിയാണ്. അതേസമയം ആണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ജോലി ലഭിക്കാനായാണ് പഠിപ്പിക്കുന്നത്. ഈ വിവേചനം മാറിയേ തീരു. മികച്ച ജോലി നേടാനും സാമ്പത്തികമായി ആരേയും ആശ്രയിക്കാതെ ജീവിക്കാനും പുരുഷന്മാരെപോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്. അതില്ലാത്തതാണ് പല ഭര്‍തൃവീടുകളിലും അവര്‍ പീഡിപ്പിക്കപ്പെടുന്നതും അതില്‍ നന്നു രക്ഷപ്പെടാനാവാതെ ജീവിതം മുഴുവന്‍ നരകിക്കുന്നതും. ഈയവസ്ഥ അവസാനിപ്പിക്കാന്‍ ഒരു ജനാധിപത്യസര്‍ക്കാരിനു ഉത്തരവാദിത്തമുണ്ട്. ഈയവസ്ഥയിലാണ് ഏറ്റവും ചുരുങ്ങിയത് ഡിഗ്രിയെങ്കിലും നേടി ജോലി ലഭിച്ചതിനുശേഷം മതി എന്ന ആശയം പ്രസക്തമാകുന്നത്. വിവാഹം കഴിഞ്ഞാലും വിദ്യാഭ്യാസം തുടരാമെന്നൊക്കെ പറയാം… എന്നാല്‍ പത്തു ശതമാനം പോലും അതു നടക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തം തലയിലാകുന്ന അവര്‍ക്ക് എങ്ങനെ വീണ്ടും പഠിക്കാനാവും? കുട്ടികളായാല്‍ പറയുകയും വേണ്ട. അതിനാലാണ് 18 വയസ്സായാല്‍ പ്രായപൂര്‍ത്തിയാകുന്നതായി നിയമംതന്നെ അംഗീകരിക്കമ്പോള്‍, വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെങ്കില്‍ കൂടി ഈ നീക്കത്തെ പിന്തുണക്കേണ്ടി വരുന്നത്. അതേസമയം ലൈംഗികബന്ധത്തിനുള്ള മിനിമം പ്രായം 18 ആയിതന്നെ തുടരണം.. അത് മാറ്റാനാകുകയുമില്ല.. കാരണം 18 വയസ്സായാല്‍ പ്രായപൂര്‍ത്തിയാകുന്നതിനാല്‍ സ്വന്തം ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാവകാശം ആര്‍ക്കുമുണ്ട്.. പലരും ആക്ഷേപിക്കുന്നപോലെ ഇതും ലൈംഗികാതിക്രമങ്ങളുമായി ഒരു ബന്ധവുമില്ല. ലൈംഗികാതിക്രമങ്ങള്‍ കൂടുതല്‍ ചെയ്യുന്നത് വിവാഹിതരായ പുരുഷന്മാരാണ് എന്നണ് എത്രയോ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. അവരില്‍ ഭൂരിഭാഗവും ബന്ധുക്കളും അടുപ്പമുള്ളവരും തന്നെ.

വിവാഹപ്രായത്തിന്റെ വിഷയത്തില്‍ പരഗണിക്കേണ്ട മറ്റൊരു ഗൗരവമായ പ്രശ്‌നവുമുണ്ട്. കേരളത്തില്‍ പുരുഷനേക്കാള്‍ ഏഴു വയസ്സോളം ശരാശരി ആയുസ്സ് കൂടുതലാണ് സ്ത്രീകള്‍ക്ക്്. വിവാഹിതരാകുമ്പോഴുള്ള പ്രായവ്യത്യാസവും കൂട്ടുമ്പോള്‍ ഈ ആന്തരം വീണ്ടും കൂടുന്നു. കേരളത്തിലെ വൃദ്ധജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ വളരെ കൂടുതലാണെന്ന് ഡോ ബി ഇക്ബാലും മറ്റും പറയുന്നു. അതിനാല്‍ തന്നെ ദമ്പതികള്‍ തമ്മില്‍ കാര്യമായ പ്രായവ്യത്യാസം ഇല്ലാതിരിക്കുന്നതാണ് ഉചിതം. പെണ്‍കുട്ടികളുടെ പ്രായം കൂടുന്നതുപോലും നല്ലതാണ്.

തീര്‍ച്ചയായും വിവാഹപ്രായം 21 ആയാല്‍ ലിംഗനീതി നേടാനാവുമെന്നല്ല പറയുന്നത്. അത് മുന്നോട്ടുള്ള ഒരു പടിമാത്രം. വിവാഹവുമായി ബന്ധപ്പെട്ടുതന്നെ എത്രയോ കാര്യങ്ങള്‍ ചൂണ്ടികാട്ടാം. സ്വജാതി – സ്വമത വിവാഹങ്ങള്‍ പരമാവധി നിരുത്സാഹപ്പെടുത്തുക, അത്തരം വിവാഹങ്ങളുടെ ബ്യൂറോകളും മാധ്യമപരസ്യങ്ങളും അവസാനിപ്പിക്കുക, ജോത്സ്യന്മാരെ ബഹിഷ്‌കരിക്കുക, സ്ത്രീധനത്തിനെതിരെ ഇപ്പോള്‍ പ്രചാരണം നടക്കുന്നുണ്ട്. നല്ലത്. എന്നാല്‍ ആ പേരുപറയാതെ വിവാഹസമയത്ത് നല്‍കുന്ന പാരിതോഷികങ്ങളെല്ലാം സ്ത്രീധനമായി കണക്കാക്കുക, ഭരൃതൃഗൃഹങ്ങളിലെ പീഡനങ്ങള്‍ക്ക് ശിക്ഷ കൂടുതല്‍ കഠിനമാക്കുക, സ്വത്തവകാശത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കുക, സ്വര്‍ണ്ണം ബഹിഷ്‌കരിക്കുക, കടംവാങ്ങിയും വിവാഹം ആഡംബരമായി നടത്താതിരിക്കുക, വിവാഹശേഷം വരന്റെ വീട്ടിലോ വധുവിന്റെ വീട്ടിലോ എവിടെയാണ് സൗകര്യവും ആവശ്യവുമെങ്കില്‍ അവിടെ താമസിക്കുക, രണ്ടും അത്യാവശ്യമല്ലെങ്കില്‍ വേറെ വീട്ടില്‍ താമസിക്കാന്‍ ശ്രമിക്കുക, വീട്ടുജോലിയില്‍ തുല്ല്യ ഉത്തരവാദിത്തമുണ്ടാകുക, കുഞ്ഞുങ്ങളുടെ കാര്യങ്ങളിലും. മുന്നെ പരിചിതരല്ലെങ്കില്‍ വിവാഹത്തിനു മുന്നെ ഇരുവര്‍ക്കും പരസ്പരം മനസ്സിലാക്കാനുള്ള വേണ്ടത്ര സമയവും സന്ദര്‍ഭവും ഉണ്ടാകുക…., വിവാഹവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെല്ലാം ഉപേക്ഷിക്കുക (താലി, സിന്ദൂരം….), പ്രണയത്തിന്റെ അമിത ഉദാത്തവല്‍ക്കരണം അവസാനിപ്പിക്കുക, സ്വവര്‍ഗ്ഗ പ്രണയത്തേയും വിവാഹത്തേയുമെല്ലാം അസാധാരണമായി കാണാതിരിക്കുക, വിവാഹം കഴി്ക്കുന്നു അഥവാ ഒരുമിച്ചു ജീവിക്കുന്നതായി സമൂഹത്തെ അറിയിക്കണമെന്നുണ്ടെങ്കില്‍ താല്‍പ്പര്യമുള്ള ഒരു രീതി ഉപയോഗിക്കുക. (ഗെറ്റ് ടുഗെദറോ ഓണ്‍ലൈന്‍ പ്രഖ്യാപനമോ രജിസ്ട്രേഷനോ എന്തുമാകാം….), സ്വകാര്യതക്കുള്ള അവകാശവും സാമ്പത്തിക സ്വാതന്ത്ര്യവും അടിയറ വെക്കാതിരിക്കുക… വിവാഹിതരായാലും രണ്ടുവ്യക്തികള്‍ തന്നെയാണെന്നു ഉറപ്പിക്കുക, വിശ്വാസ സ്വാതന്ത്ര്യവും അടിയറ വെക്കാതിരിക്കുക…… വിവാഹംപോലെ സാധാരണ സംഭവമായി വിവാഹമോചനത്തേയും കാണുക…. മടുത്താല്‍ പിരിയുക… അതിനുശേഷവും സുഹൃത്തുക്കളായി തുടരുക….

തീര്‍ച്ചയായും ഇത്തരം അഭിപ്രായങ്ങളുടെ പട്ടിക അനന്തമായി നീളും. ലിംഗനീതിയും സാമൂഹ്യനീതയും ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നടപ്പാക്കാനുമാണ് ജനാധിപത്യഭരണകൂടം ശ്രമിക്കേണ്ടത്. അതിനെ ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനും പിന്തുണക്കാനും ജനാധിപത്യവിശ്വാസികളും തയ്യാറാകണം. അല്ലാത്തപക്ഷം മാറ്റമില്ലാത്ത, ചലനാത്മകമല്ലാത്ത ഒന്നായി സാമൂഹ്യജീവിതം മാറുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply