അറാക്കാപ്പ് ഭൂസമരം അടിയന്തിരമായി പരിഹരിക്കുക

തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ അറാക്കാപ്പ് ആദിവാസികള്‍ കഴിഞ്ഞ 50 വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും കോടതികളുടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയിലേക്കും അടിയന്തര ഇടപെടലുകളിലേക്കും കൊണ്ടുവരുന്നതിനാണ് ഈ കുറിപ്പ്.

കഴിഞ്ഞ 50 വര്‍ഷമായി നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസി വിഭാഗമാണ് തൃശൂര്‍ ജില്ലയിലെ മലക്കപ്പാറക്കടുത്തുള്ള അറാക്കാപ്പ് ആദിവാസി കോളനി വാസികള്‍. മുതുവാന്‍, മന്നാന്‍, ഉള്ളാടന്‍ വിഭാഗത്തിലുള്ള 43 കുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിച്ചു വരുന്നത്. 2018 മുതല്‍ ഈ മേഖലയിലുണ്ടായ പ്രളയങ്ങളും മലയിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും മൂലം പ്രസ്തുത വനമേഖലയില്‍ താമസിക്കാന്‍ കഴിയാതെ വരികയും നിരന്തരമായ അപേക്ഷകളും നിവേദനങ്ങളും കൊടുത്തതിനു ശേഷവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പരിഗണനയും ലഭിക്കാതെ വരികയും ചെയ്തപ്പോള്‍ മന്നാന്‍ സമുദായത്തില്‍പ്പെട്ട 12 ആദിവാസി കുടുംബങ്ങള്‍ ജൂണ്‍ 6നു ഇടമലയാര്‍ ഡാമിനടുത്തുള്ള വൈശാലി ഗുഹയിലേക്ക് പലായനം ചെയ്തു. ഇതറിഞ്ഞു വനം വകുപ്പ് സ്ഥലത്തെത്തുകയും അവര്‍ കെട്ടിയിരുന്ന കുടിലുകള്‍ പൊളിച്ചു നീക്കി അവരെ താല്‍ക്കാലികമായി ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തു. പകരം ഭൂമി നല്‍കാന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാം എന്ന് ഉറപ്പു പറഞ്ഞാണ് റേഞ്ച് ഓഫീസര്‍ മുഹമ്മദ് റാഫി ട്രൈബല്‍ ഹോസ്റ്റലിേലക്ക് മാറ്റിയത്. തുടര്‍ന്ന് ഊരുമൂപ്പന്‍ തങ്കപ്പന്‍ പഞ്ചന്റെയും ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ചിത്ര നിലമ്പൂരിന്റെയും സെക്രട്ടറി ബിനു പുത്തന്‍പുരയ്ക്കലിന്റെയും സമുദായ നേതാക്കന്മാരുടെയും നേതൃത്വത്തില്‍ 30. 7.2021 ന് പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ബഹു: രാധാകൃഷ്ണന് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹം അറാക്കാപ്പ് കോളനി സന്ദര്‍ശിക്കുകയും 20 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചു വരുന്ന ആ മേഖലയിലെ ദുരിതങ്ങള്‍ നേരിട്ടനുഭവിക്കുന്ന ആദിവാസി വിഭാഗങ്ങളുമായോ അവരുടെ സംഘടനകളുമായോ ചര്‍ച്ച ചെയാതെയാണ് അദ്ദേഹം മേല്‍പ്പറഞ്ഞ പദ്ധതികള്‍ പ്രഖ്യാപിച്ചത്. അറാക്കാപ്പ് ഊരില്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുകയില്ലെന്നും അവര്‍ക്ക് ഇടമലയാര്‍ വനമേഖലയില്‍ വൈശാലി ഗുഹയുടെ തീരത്തോ, പന്തപ്രയിലോ വനാവകാശ നിയമ പ്രകാരമുള്ള ഭൂമി നല്‍കണം എന്നാണു ആദിവാസികള്‍ ആവശ്യപ്പെട്ടിരുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

യഥാര്‍ത്ഥത്തില്‍ പന്തപ്രയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഈ ആദിവാസികളെ അറാക്കാപ്പ് വനമേഖലയിലേക്ക് മാറ്റി പാര്‍പ്പിച്ചതാണ്. അന്ന് മുതല്‍ അവര്‍ ഈ ദുരിതങ്ങള്‍ അനുഭവിച്ചു വരുന്നുണ്ട്. നാളിതു വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനകളോ അവരുടെ വിഷയത്തില്‍ ഇടപെടുകയോ അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയോ ചെയ്തിട്ടില്ല. മലക്കപ്പാറയില്‍ നിന്ന് 5 കിലോമീറ്ററോളം ചെങ്കുത്തായ മലകള്‍ ഇറങ്ങി വേണം അറാക്കാപ്പ് ഊരില്‍ എത്താന്‍. അടിയന്തിര സാഹചര്യങ്ങളില്‍ പോലും അവര്‍ക്ക് ഊരില്‍ നിന്ന് നഗരത്തിലേക്ക് എത്തിപ്പെടാന്‍ മണിക്കൂറുകള്‍ മലകയറേണ്ട അവസ്ഥയാണുള്ളത്. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും ഈ സമുദായങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രശ്‌നങ്ങള്‍ ആണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്തതു മൂലം മേല്‍പ്പറഞ്ഞ സമുദായത്തില്‍പ്പെട്ട 12 കുട്ടികള്‍ക്ക് ഇതുവരെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വന്യമൃഗ ശല്യവും ഇവരുടെ ജീവിതങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. അറാക്കാപ്പ് ഭൂ സമര സമിതിയുടെയും ആദിവാസി ഐക്യവേദിയുടെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ ട്രൈബല്‍ ഓഫിസര്‍, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും നാളിതുവരെ യാതൊരു നടപടികളും അവര്‍ എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം (28 നവംബര്‍ 2021) ആദിവാസികളുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആദിവാസി ഊരു മൂപ്പന്‍ തങ്കപ്പന്‍ പഞ്ചനും ആദിവാസി ഐക്യവേദി പ്രവര്‍ത്തകരും ഡല്‍ഹിക്ക് പോയ അവസരത്തില്‍ സ്ഥലം RDOയും റേഞ്ച് ഓഫിസര്‍ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടമലയാറില്‍ അറാക്കാപ്പ് ആദിവാസികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലില്‍ എത്തുകയും അവരെ നിര്ബന്ധമായി പെരുവഴിയിലേക്ക് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആദിവാസികളുടെയും ഐക്യവേദിയുടെയും ശക്തമായ പ്രതിഷേധം മൂലം അവര്‍ക്ക് ഇന്നലെ പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ 3 ദിവസത്തിനുള്ളില്‍ ട്രൈബല്‍ ഹോസ്റ്റല്‍ ഒഴിയണം എന്നാണ് അവരുടെ അന്ത്യ ശാസനം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അറാക്കാപ്പ് ഭൂ സമര സമിതിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാതെ ഇപ്പോള്‍ താമസിക്കുന്ന ഇടമലയാര്‍ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ മാസം 09 നാണു ഊരു മൂപ്പനും ആദിവാസി ഐക്യവേദി പ്രവര്‍ത്തകരും സ്ഥലത്ത് എത്തുകയുള്ളൂ. അതുവരെ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സമയം അനുവദിക്കണമെന്നും 09 ശേഷം ഉള്ള ഏറ്റവും അടുത്ത തിയ്യതികളില്‍ ഈ വിഷയം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ പഠനം മുടക്കിയുള്ള ഒരു സമരത്തിനും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല, പക്ഷെ അതിജീവനത്തിനായി ഞങ്ങള്‍ നടത്തുന്ന സമരത്തെ കണ്ടില്ലെന്നു നടിച്ചാല്‍ അതിശക്തമായ സമര പരിപാടികളുമായി ഞങ്ങള്‍ രംഗത്തുവരുമെന്നും നീതി ലഭ്യമാകുന്നതുവരെ പോരാടുമെന്നും ഞങ്ങള്‍ അറിയിക്കുന്നു. രാജ്യത്തെ മുഴുവന്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളും പ്രവര്‍ത്തകരും അറാക്കാപ്പ് ഭൂസമരത്തോടൊപ്പം നില്‍ക്കണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

അറാക്കാപ്പ് ഭൂസമരം സമിതിയുടെ ആവശ്യങ്ങള്‍

1) അറാക്കാപ്പില്‍ നിന്നും ഇടമലയാര്‍ ട്രൈബല്‍ഹോസ്റ്റലില്‍ വന്നു താമസിക്കുന്ന ആദിവാസികള്‍ക്ക് പന്തപ്രയില്‍ ആദിവാസി വനാവകാശ നിയമ പ്രകാരം ഭൂമി അനുവദിക്കുക.

2) കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുക

3) ആദിവാസികള്‍ക്ക് തൊഴില്‍ ചെയ്ത ജീവിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ആലോചിച്ചു പ്രത്യേകം പദ്ധതി തയ്യാറാക്കി നടപ്പിലാക്കുക.

4) പന്ത്രപ്രയില്‍ ഭൂമി അനുവദിക്കുന്നതിനൊപ്‌ടൊപ്പം അവര്‍ക്ക് അവിടെ വാസ യോഗ്യമായ വീടുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ നല്കുന്നതിനുമായുള്ള സാമ്പത്തിക സഹായവും പിന്തുണയും ഉറപ്പു വരുത്തുക.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അറാക്കാപ്പ് ഭൂസമര സമിതിയുടെ അതിജീവന പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ

തങ്കപ്പന്‍ പഞ്ചന്‍ ഊരുമൂപ്പന്‍

ചിത്ര നിലമ്പൂര്‍ പ്രസിഡണ്ട്, ആദിവാസി ഐക്യവേദി

ബിനു പുത്തന്‍പുരയ്ക്കല്‍ സെക്രട്ടറി, ആദിവാസി ഐക്യവേദി കൂടുതല്‍

വിവരങ്ങള്‍ക്ക് 9946767214 I 9745345051 I 8281889421

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply