ബഫര്‍ സോണ്‍: ഇനി മലയോര ജനതയുടെ പോരാട്ടത്തിന്റെ നാളുകള്‍

മുന്‍കാലപ്രവര്‍ത്തികളെ കുറിച്ചൊരു വിലയിരുത്തലുകള്‍ നടത്താനും ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും തീരുമാനിക്കേണ്ട സമയം കൂടിയാണിത്. പരിസ്ഥിതിയെ മറന്നു നടപ്പാക്കിയ ഏകപക്ഷീയ, മനുഷ്യകേന്ദ്രീകൃതമായ പല നടപടികളാണ് നമ്മുടെ തീരദേശത്തും സമതലങ്ങളിലും മലയോരങ്ങളിലും ഇന്നു നേരിടുന്ന അതീവ ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണം. നമ്മള്‍ മാത്രമല്ല, ലോകം തന്നെ ഇന്നു പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കു മുന്നിലാണല്ലോ. ഇനിയങ്കിലും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള വിവേകപൂര്‍വ്വമായരുമാനമെടുക്കേണ്ട സമയം കൂടിയാണിത്. എന്നാല്‍ അത്തരത്തിലുള്ള ചിന്ത ഉത്തരവാദിത്തമുള്ളവരില്‍ നിന്നു കാണുന്നില്ല എന്നതാണ് വസ്തുത.

വിഴിഞ്ഞം കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തിയ ശക്തമായ പോരാട്ടത്തിനുശേഷം മലയോര ജനതയുടെ പോരാട്ടത്തിനാണ് കേരളം സക്ഷ്യം വഹിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തെപോലെ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടം തന്നെയാണ് മലയോര ജനതയും ആരംഭിച്ചിരിക്കുന്നത്. അതേസമയം വിഴിഞ്ഞം സമരത്തെ ശക്തമായി എതിര്‍ക്കുകയും പുരോഹിതര്‍ നടത്തുന്ന വിമോചനപോരാട്ടമെന്നാക്ഷേപിക്കുകയും അദാനീയുമായി കൈകോര്‍ക്കുകയും ഗൂഢാലോചന നടത്തി തകര്‍ക്കുകയും ചെയ്തവരെല്ലാം, പുരോഹിതരുടെ വലിയ പങ്കാളിത്തമുണ്ടെങ്കിലും ഈ സമരത്തോടൊപ്പമാണ് എന്നത് സ്വാഗതാര്‍ഹമാണ്. അപ്പോഴും കേരളം നേരിടുന്ന അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ സമരത്തോടാപ്പം പരിഗണിണിക്കേണ്ടതുണ്ട്. മറുവശത്ത് വര്‍ദ്ധിച്ചുവരുന്ന മനുഷ്യ – വന്യമൃഗ സംഘര്‍ഷങ്ങളും.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവുതേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മോഡിഫിക്കേഷന്‍ ഹര്‍ജി നല്‍കിയതായാണ് അവസാനവാര്‍ത്ത. ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധി പരിഷ്‌കരിച്ച് ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. ജനവാസമേഖലകളെ ഒഴിവാക്കണം എന്നതടക്കം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളും കേന്ദ്രത്തിന്റെ പുതിയ ഹര്‍ജിയിലുണ്ട്. വിധിയുടെ നടത്തിപ്പിലാണ് ഇളവു തേടിയിരിക്കുന്നത്. ജനവാസകേന്ദ്രമാണോയെന്നു പരിശോധിച്ചശേഷമേ അന്തിമ വിജ്ഞാപനമിറക്കാവൂ, തദ്ദേശഭരണ സ്ഥാപനങ്ങളെകൂടി മുഖവിലയ്ക്കെടുക്കണം, മലയോരമേഖലയിലെ താമസക്കാര്‍ക്ക് അവിടം വിട്ടുപോകാന്‍ സാഹചര്യമില്ല തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി വിധിയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ കഴിഞ്ഞ രണ്ടിനു പരിഗണിച്ചപ്പോള്‍ ഓരോ പ്രദേശത്തെയും യഥാര്‍ഥ സാഹചര്യംകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ബഫര്‍സോണ്‍ വിജ്ഞാപനത്തിന്റെ പരിധിയില്‍നിന്നു ചില വനമേഖലകളെ ഒഴിവാക്കാവുന്നതാണെന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടിരുന്നു. അടുത്തമാസം 13 നു കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍തന്നെ വിധിയില്‍ ഇളവുതേടിയതു കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു ബലമേകുമെന്നാണു വിലയിരുത്തല്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം, പരാതികള്‍ പരിഹരിച്ചുള്ള ഭൂപടം തയാറാക്കുന്നതിനുള്ള സര്‍വേ പൂര്‍ത്തിയായില്ലെങ്കില്‍ സമയം നീട്ടിച്ചോദിക്കാനാണു കേരളത്തിന്റെ നീക്കം. ഉപഗ്രഹചിത്രം പൂര്‍ണമല്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും, കുടുംബശ്രീ പോലുള്ള സംഘടനകളെയും ഉള്‍പ്പെടുത്തി പ്രാദേശിക തലത്തില്‍ നേരിട്ടു പരിശോധന നടത്താനാണു തീരുമാനം. ബഫര്‍സോണുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു നല്‍കിയ ഭൂപടം സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ല്‍ വനംവകുപ്പ് തയാറാക്കിയ സീറോ ബഫര്‍ സോണ്‍ മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ അടുത്ത മാസം ഏഴിനകം അറിയിക്കണം. ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് അന്തിമ ഭൂപടമല്ലെന്നും ഭൂതല സര്‍വേ, വനംവകുപ്പിന്റെ ഭൂപടം, ഉപഗ്രഹ സര്‍വേ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ റിപ്പോര്‍ട്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ബഫര്‍സോണില്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനം കണ്ട അതിരൂക്ഷവും പലപ്പോഴും അക്രമാസക്തവുമായ സമരങ്ങള്‍ക്കുശേഷം ഏറെ ശാന്തമായിരുന്ന മലയോര ജനത ഒരിക്കല്‍ കൂടി പോരാട്ടത്തിന്റെ പാതയിലാണ്. തീര്‍ച്ചയായും ഗാഡ്ഗിലിനെതിരെ നടന്ന പോരാട്ടങ്ങള്‍ പൂര്‍ണ്ണമായും പിന്തുണക്കാവുന്ന ഒന്നായിരുന്നില്ല. വസ്തുതകളെ വളച്ചൊടിച്ചും കര്‍ഷകരില്‍ അമിതമായ ഭീതിവിതച്ചുമാണ് അന്നാ സമരം മുന്നേറിയത്. പലപ്പോഴും ക്വാറി മാഫിയയും സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വളരെ വ്യത്യസ്ഥമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വന്യജീവി സംരക്ഷണനിയമത്തിന്റെ തുടര്‍ച്ചയാണ് ബഫര്‍ സോണും. വന്യജീവി സംരക്ഷണ സങ്കേതത്തിനു ചുറ്റും അത്തരം സോണ്‍ ആവശ്യവുമാണ്. എന്നാല്‍ നിയമത്തിനു കണ്ണില്ല എന്ന നിലപാട് യാന്ത്രികമായി നടപ്പാക്കാനാകില്ല. കേരളം പോലെ ജനസാന്ദ്രമായ ഒരു പ്രദേശത്ത്, വനത്തോട് ചേര്‍ന്ന് ലക്ഷങ്ങള്‍ ജീവിക്കുമ്പോള്‍, ഒരു സുപ്രഭാതത്തില്‍ അവയെല്ലാം ബഫര്‍ സോണാണെന്നു പറഞ്ഞ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്തര്‍ത്ഥം? ഒരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്തുവേണം ഓരോ നിയമവും നടപ്പാക്കാന്‍. തീര്‍ച്ചയായും അന്യായമായ രീതിയില്‍ വന്‍തോതിലുള്ള വനം കയേറ്റവും കുടിയേറ്റവും കേരളത്തില്‍ നടന്നിട്ടുണ്ട്. പക്ഷെ അവരെയൊന്നും ഇറക്കിവിടാവുന്ന സാഹചര്യമല്ലല്ലോ ഇപ്പോഴുള്ളത്. ഇതെല്ലാം പരിഗണിച്ചുവേണം ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍. ഒരേ സമയം മനുഷ്യാവകാശങ്ങളും മൃഗാവകാശങ്ങളും സംരക്ഷിക്കണം. അതാണ് സംസ്‌കാരമുള്ള ഒരു ജനതയുടെ ലക്ഷണം. യു എനും ഇക്കാര്യം ഊന്നിപറയുന്നുണ്ടല്ലോ.

2011ല്‍ കേന്ദ്രം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാപാലിക്കണമെന്നും വന്യജീവി സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കി മി ചുറ്റളവ് ബഫര്‍ സോണാക്കി മാറ്റണമെന്നായിരുന്നു ഉത്തരവ്. അവിടങ്ങളില്‍ ഒരു തരത്തിലുള്ള വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും അനുവദിക്കില്ല. നിലവിലെ കൃഷിയും കാലിവളര്‍ത്തലും മറ്റും തുടരാം. ഏതു മരം മുറിക്കാനും കിണറുകള്‍ കുഴിക്കാനും അനുമതി വേണം. ഇതനുസരിച്ച് നാലുലക്ഷം ഏക്കര്‍ സ്ഥലത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. നിലവില്‍ 18 വന്യജീവി സങ്കേതങ്ങളും 6 ദേശീയ ഉദ്യാനങ്ങളും അടക്കം 24 സംരക്ഷിത വന പ്രദേശങ്ങളാണ് സംസ്ഥാനത്തിലുള്ളത്. ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകള്‍ മാത്രമാണ് ഒഴിവായിട്ടുള്ളത്. ഇവിടെനിന്ന് ആരേയും ഇറക്കിവിടുകയില്ല. പക്ഷെ ജീവിതം ദുസ്സഹമാകും. സ്ഥലം പണയം വെച്ച് ലോണ്‍പോലും ലഭിക്കില്ല. ഇവയൊന്നും അടിച്ചേല്‍പ്പിക്കില്ല എന്നും സംസ്ഥാനങ്ങള്‍ക്ക് കോടതിയില്‍ പോകാമെന്നും കേന്ദ്രം പറയുന്നുണ്ട്. സത്യത്തില്‍ തുടക്കത്തില്‍ കേരളം ഇതെല്ലാം അംഗീകരിച്ചതാണ്. വിവാദങ്ങളെ തുടര്‍ന്നാണ് നിലപാട് തിരുത്തിയത്. അപ്പോഴും വേണ്ട സമയത്ത് പരാതിയോ നിര്‍ദ്ദേശങ്ങളോ നല്‍കിയില്ല. തുടര്‍ന്നാണ് ഉപഗ്രഹ സര്‍വ്വേ നടത്തിയതും ഏറെ വൈകി പ്രസിദ്ധീകരിച്ചതും. പക്ഷെ അതും വിവാദത്തിലായി. ഇപ്പോള്‍ വനം, റവന്യു, തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് ഫീല്‍ഡ് സര്‍വ്വേ നടത്താനാണ് തീരുമാനം. 2023 ജനുവരി 11നാണ് സുപ്രിംകോടതി ഇനി വിഷയം പരിഗണിക്കുന്നത്. അപ്പോഴേക്കും ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനാവുമോ എന്നതാണ് ചോദ്യം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതെല്ലാം നടക്കുമ്പോഴാണ് തുടക്കത്തില്‍ സൂചിപ്പിച്ചപോലെ സംസ്ഥാനത്തുടനീളം മനുഷ്യ വന്യ മൃഗ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുന്നത്. ആന, കടുവ, പുലി, പന്നി തുടങ്ങി വിവിധിനം വന്യമൃഗങ്ങള്‍ യഥേഷ്ടം വനമിറങ്ങിവന്ന് കര്‍ഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായി മാറിയിരിക്കുന്നു. ഇത്തരം വാര്‍ത്തകളില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. സന്ധ്യക്കുശേഷം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് പലയിടത്തും നിലനില്‍ക്കു്‌നനത്. തീര്‍ച്ചയായും നമ്മുടെ ദീര്‍ഘവീക്ഷണമില്ലാത്ത പല നടപടികളുടേയും ഫലമാണിത്. എന്നാല്‍ അതെ കുറിച്ച് തര്‍ക്കിക്കേണ്ട സമയമല്ല ഇത്. മുകളില്‍ പറഞ്ഞപോലെ മൃഗാവകാശങ്ങളും സംരക്ഷിച്ച് മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന വെല്ലുവിളിയാണ് സര്‍ക്കാരിനു മുന്നിലുള്ളത്. മറ്റെല്ലാ ഭിന്നതകളും മാറ്റി വെച്ച് കേരളം ഒന്നിക്കേണ്ട സമയമാണിത്. അതേസമയം അനധികൃതമായി മലയോരം കയടക്കിവെച്ചിരിക്കുന്ന വന്‍കിട തോട്ടം ഉടമകളേയും ക്വാറി മാഫിയയേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലതാനും.

കാര്യങ്ങള്‍ ഇങ്ങനെയാക്കെയാണെങ്കിലും മുന്‍കാലപ്രവര്‍ത്തികളെ കുറിച്ചൊരു വിലയിരുത്തലുകള്‍ നടത്താനും ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും തീരുമാനിക്കേണ്ട സമയം കൂടിയാണിത്. പരിസ്ഥിതിയെ മറന്നു നടപ്പാക്കിയ ഏകപക്ഷീയ, മനുഷ്യകേന്ദ്രീകൃതമായ പല നടപടികളാണ് നമ്മുടെ തീരദേശത്തും സമതലങ്ങളിലും മലയോരങ്ങളിലും ഇന്നു നേരിടുന്ന അതീവ ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണം. നമ്മള്‍ മാത്രമല്ല, ലോകം തന്നെ ഇന്നു പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കു മുന്നിലാണല്ലോ. ഇനിയങ്കിലും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള വിവേകപൂര്‍വ്വമായരുമാനമെടുക്കേണ്ട സമയം കൂടിയത്. എന്നാല്‍ അത്തരത്തിലുള്ള ചിന്ത ഉത്തരവാദിത്തമുള്ളവരില്‍ നിന്നു കാണുന്നില്ല എന്നതാണ് വസ്തുത. പരിസ്ഥിതി സംരക്ഷിച്ചേ വികസനം നടപ്പാക്കൂ എന്നു നാവികക്കു നാല്‍പ്പതുവട്ടം പറയുമെങ്കിലും സംഭവിക്കുന്നത് അതല്ല. അത്തരത്തിലുള്ള വികസനമൗലിക വാദത്തിന്റെ ഇരകളായി മാറുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ പലപ്പോഴും ആരും കാണില്ല എന്നും വിഴിഞ്ഞമടക്കം വീണ്ടും തെളിയിക്കുന്നു. ഇനിയെങ്കിലും ആ ദിശയിലൊരു പുനര്‍ വിചിന്തനത്തിനു നാം തയ്യാറാകണം. ഈ സത്യം വിളിച്ചുപറുന്ന ഗാഡ്ഗിലിനെപോലെയുള്ളവരെ ശത്രുക്കളായി കാണുന്ന സമീപനവും ഇനിയെങ്കിലും മാറ്റണം. അല്ലെങ്കില്‍ വരുംതലമുറക്ക് കൈമാറാന്‍ ഈ ഭൂമിതന്നെ ഉണ്ടാകില്ല എന്നാണ് തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply