കെ റെയിലിനെതിരായ സമരം നവസ്വാതന്ത്ര്യസമരം

വികസനം എന്ന ക്രൂരനാടകത്തിന്റെ അരങ്ങായി കേരളം ഇന്ന് മാറിയിരിക്കുന്നു. സ്വന്തം ജനതയ്‌ക്കെതിരേ, ആവാസവ്യവസ്ഥയ്‌ക്കെതിരെ സംസ്ഥാനഭരണകൂടം നടത്തുന്ന പ്രഛന്ന യുദ്ധം. സര്‍വ്വേക്കല്ല് കൊലക്കല്ലായി ഭവിക്കുന്നു. നിങ്ങള്‍ ആരുടെ സ്വപ്നത്തെയാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് ചോദ്യം.

കേരളത്തിലെ ജനങ്ങള്‍ക്കെതിരേ ഇടതു സര്‍ക്കാര്‍ നടത്തുന്ന ഒളിയുദ്ധമാണ് സില്‍വര്‍ ലൈന്‍ പദ്ധതി എന്ന് വ്യക്തമാക്കുന്നതാണ് ഒക്ടോബര്‍ 5 ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സില്‍വര്‍ലൈന്‍ പദ്ധതി വിജ്ഞാപനം. സാമൂഹികാഘാത പഠനം പതിനായിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ട് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണെന്ന് ഈ വിജ്ഞാപനം തെളിയിക്കുന്നു.

. ഭൂമി ഏറ്റെടുക്കുന്നതിന് കെ-റെയില്‍ പ്രോജെക്റ്റ് ഡയറക്റ്റര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷപ്രകാരം, വില്ലേജുകളില്‍ നിന്നുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായി, പട്ടികയില്‍ വിവരിച്ചിട്ടുള്ള ഭൂമി സര്‍വ്വേ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍വ്വേ നടത്തുന്ന ഭൂമിയില്‍ മരങ്ങളും മറ്റു തടസങ്ങളും നീക്കിയശേഷം അതിരുകള്‍ വെടിപ്പാക്കണമെന്നും, ഭൂമിയില്‍ അവകാശമുള്ളവര്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും വിജ്ഞാനപനത്തില്‍ പറയുന്നു. സാമൂഹ്യാഘാത പഠനം നടത്തുന്നത് സില്‍വര്‍ലൈന്‍ പദ്ധതി നിര്‍ത്തി വയ്ക്കാനല്ലെന്നും പ്രതിബന്ധങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പദ്ധതി സുഗമമായും നടപ്പാക്കുവാന്‍ വേണ്ടിയാണെന്നും ദെല്‍ഹിയില്‍ വച്ചു നടത്തിയ പത്ര സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞത് ഇതുമായി യോജിച്ചു പോകുന്നു.

സാമൂഹികാഘാതപഠനമോ പരിസ്ഥിതി പഠനമോ ഒന്നും തന്നെ ഈ ദൃഢ നിശ്ചയത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കില്ലെന്നും ഉള്ള പ്രഖ്യാപനമാണിത്. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തു കഴിഞ്ഞു എന്നര്‍ഥം. ഭൂമിഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍വ്വേ എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ കബളിപ്പിക്കുവാനാണെന്ന് സര്‍ക്കാര്‍ നടപടികള്‍ വെളിപ്പെടുത്തുന്നു. പിണറായി സര്‍ക്കാര്‍ ഒരു അധിനിവേശ ഭരണകൂടമായി മാറിയിരിക്കുന്നു എന്നും നവാധിനിവേശത്തിന്റെ അധികാരക്കല്ലുകളാണ് കെ.റെയില്‍ക്കുറ്റിയെന്നും സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയുന്ന വീട്ടമ്മമാരും കുട്ടികളും നാട്ടുകാരും, ജനകീയ സമരസമിതിയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നടത്തുന്നത് നവാധിനിവേശത്തിനെതിരേയുള്ള സ്വാതന്ത്ര്യ സമരമാണെന്നും ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കെ.റെയില്‍ വിരുദ്ധ സമരം കേരളത്തിന്റെ നവ സ്വാതന്ത്ര്യ സമരമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ജനാധിപത്യത്തിനും ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും ആവാസസംരക്ഷണത്തിനും ഉള്ള അന്തിമ സമരം. കുടിയൊഴിപ്പിക്കലിനും പരിസ്ഥിതിഹത്യയ്ക്കും എതിരായ ആവാസ സംരക്ഷണ സമരം. കേരളത്തിലെ ജനങ്ങളെ എന്നെന്നേയ്ക്കും കടക്കെണിയിലാക്കുന്ന, ജപ്പാനിലെ കോര്‍പ്പറേറ്റുകമ്പനിയ്ക്ക് റെയില്‍ ഗതാഗതത്തെ അടിയറ വയ്ക്കുന്ന വിനാശ സംരംഭത്തിനെതിരായ സാമ്പത്തിക സ്വാതന്ത്ര്യസമരം. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ മാത്രമല്ല കേരളത്തിലെ ജനങ്ങളെയാകെത്തന്നെ ഇരകളാക്കി മാറ്റുന്ന വികസനഫാസിസ്റ്റ് പദ്ധതിയ്‌ക്കെതിരേയുള്ള ജനകീയ സമരം.

കോര്‍പ്പറേറ്റുകളില്‍ നിന്ന് കടമെടുത്ത് മുടിഞ്ഞ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും തൊട്ടടുത്തുള്ള ശ്രീലങ്കയുടെയും ദുരന്ത പാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ ആദ്യം മുതല്‍ പ്രകടമായ ജനാധിപത്യ വിരുദ്ധ നടപടികളും നമുക്ക് മുന്നറിയിപ്പാണ്. മോദിയുടേയും പിണറായി വിജയന്റെയും ശതകോടീശ്വരന്മാരുടെയും സ്വപ്ന പദ്ധതിയായ വേഗവണ്ടി കേരളത്തിലെ ജനങ്ങളുടെ ജീവിതത്തേയും, ആവസവ്യവസ്ഥയേയും ഭാവിസ്വപ്നങ്ങളേയും ചുടലപ്പറമ്പാക്കിക്കൊണ്ടാണ് മുന്നോട്ടു പോവുക എന്നത്രേ യാഥാര്‍ഥ്യം. ഭരണകൂടത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും സര്‍വ്വശക്തികളും ഈ വിദ്ധ്വംസനപദ്ധതിയ്ക്കായി ഇന്ന് സമാഹരിക്കപ്പെടുകയാണ്.. പൗരപ്രമാണിമാരും ഏതാനും സാംസ്‌ക്കരിക നായകന്മാരും ബുദ്ധിജീവികളും അതിനു പച്ചക്കൊടി വീശുന്നു. എങ്കിലും നാം ഭയപ്പെടേണ്ടതില്ല. കേരള ചരിത്രത്തിലിതേവരെ കാണാത്ത വിധത്തില്‍ ജനങ്ങളുടെ ഏകോപിത ശക്തി, ബുദ്ധി, ഈ വിദ്ധ്വംസക പദ്ധതിയ്‌ക്കെതിരേ ഉയര്‍ന്നു വന്നു കഴിഞ്ഞു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ ജീവന്മരണ സമരത്തില്‍ ആരുടെ സ്വപ്നമാണ് ആരുടെ തീരുമാനമാണ് വിജയക്കൊടി നാട്ടുക എന്ന ചോദ്യത്തിനുത്തരം നല്‍കേണ്ടത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ്. പദ്ധതി കടന്നു പോകുന്ന വെണ്മണി പുന്തുലയില്‍ വിശദീകരണത്തിനെത്തിയ സി.പി.എം. നേതാക്കളെ ജനങ്ങള്‍ ഓടിച്ചു വിട്ടു എന്ന് വാര്‍ത്ത. സാമൂഹ്യ ആഘാത പഠനം ജനങ്ങള്‍ തന്നെ നിര്‍വ്വഹിക്കുമ്പോള്‍ സംഭവിക്കുന്നതെന്തെന്നതിന്റെ സൂചനയാണിത്.

വികസനം എന്ന ക്രൂരനാടകത്തിന്റെ അരങ്ങായി കേരളം ഇന്ന് മാറിയിരിക്കുന്നു. സ്വന്തം ജനതയ്‌ക്കെതിരേ, ആവാസവ്യവസ്ഥയ്‌ക്കെതിരെ സംസ്ഥാനഭരണകൂടം നടത്തുന്ന പ്രഛന്ന യുദ്ധം. സര്‍വ്വേക്കല്ല് കൊലക്കല്ലായി ഭവിക്കുന്നു. നിങ്ങള്‍ ആരുടെ സ്വപ്നത്തെയാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് ചോദ്യം. വില്ലന്‍ ചിരി ചിരിച്ച് കണ്ണുരുട്ടുന്ന ഏകാധിപതികളുടെ അധികാരസ്വപ്നത്തെയോ? ജീവിക്കുവാന്‍ പാടുപെടുന്ന ജനങ്ങളുടെ വിമോചനസ്വപ്നത്തെയോ? ആരാണ് യഥാര്‍ഥ ഇടതു പക്ഷം എന്നാണ് ചോദ്യം. കമ്മീഷനു വേണ്ടി സ്വന്തം നാട്ടിലെ ജനങ്ങളെയും ആവാസവ്യവസ്ഥയേയും സമ്പത്തിനേയും കോര്‍പ്പറേറ്റുകള്‍ക്ക് പണയം വയ്ക്കുന്ന, ശതകോടീശ്വരന്മാര്‍ക്കായി അലൈന്മെന്റ് മാറ്റുന്ന സി.പി.എം. സര്‍ക്കാരോ, അതോ വികസനഫാസിസത്തിനെതിരേ സര്‍വ്വശക്തികളും ഉപയോഗിച്ച് സമരം ചെയ്യുന്ന ജനകീയ പ്രതിപക്ഷമോ?

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply