ചരിത്രം തമസ്‌കരിച്ച ഒരു കൂട്ടക്കൊലയുടെ കഥ

1979 ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മരിച്ജാപിയില്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. 30 ഓളം പോലീസ് ലൗഞ്ചുകള്‍ ദ്വീപ് വളഞ്ഞു. കുടിലുകളും മത്സ്യ കൃഷിയും കുഴല്‍ കിണറുകളും നശിപ്പിക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പുഴ കടന്നു രക്ഷപെടാന്‍ ശ്രമിച്ചവരെ വെടിവച്ചിട്ടു. ആശാരി പണിയുപകരണങ്ങളും താത്കാലിക അമ്പുകളും വില്ലുകളും മാത്രമുണ്ടായിരുന്ന അഭയാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ ആയുധങ്ങളേന്തിയ സൈനത്തിനുമുന്നില്‍ നിസ്സഹായരായിരുന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ വെടിയേറ്റോ പട്ടിണി കിടന്നോ കൊല്ലപ്പെട്ടു, അവരുടെ ശരീരങ്ങള്‍ പുഴയിലൊഴുക്കി.

ആസാമിലെ പൗരത്വപ്രശ്‌നവും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ വിഷയവുമായി ബന്ധപ്പെട്ടു നടന്ന നെല്ലി കൂട്ടക്കൊലയടക്കമുള്ള സംഭവങ്ങളും സജീവചര്‍ച്ചയാകുമ്പോള്‍ പൊതുവില്‍ ആധുനിക ഇന്ത്യാചരിത്രം മറച്ചുവെക്കുന്ന ഒരു ക്രൂരമായ കൂട്ടക്കൊലയുടെ ചരിത്രം കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. പശ്ചിമബംഗാളിലെ മരിച്ജാപ്പി ദ്വീപില്‍ താമസമാക്കിയ അഭയാര്‍ത്ഥികളെ അവിടത്തെ ഭരണകൂടം തന്നെ കൂട്ടക്കൊല ചെയ്യുകയും കുടിയിറക്കുകയും ചെയ്ത ചരിത്രമാണത്. ദളിതരും പാര്‍ശ്വവല്‍കൃതരുമായതിനാലായിരുന്നു അവര്‍ക്ക് ചരിത്രത്തില്‍ ഇടം ലഭിക്കാതെ പോയത്. 1979 മെയ് മാസത്തിലായിരുന്നു അവിടെ അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നത്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് അതിജീവിച്ചവര്‍ പറയുന്നു. സാമ്പത്തിക ഉപരോധം, പോലീസ് അതിക്രമങ്ങള്‍, ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം അരങ്ങേറി. മൃതദേഹങ്ങള്‍ റായിമംഗള്‍ നദിയില്‍ താഴ്ത്തപ്പെട്ടു പതിനായിരത്തില്‍പരം പേര്‍ ദ്വീപില്‍ നിന്ന് ബലമായി പുറത്താക്കപ്പെട്ടു.
പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍, ഭരണകൂടത്താലും ഭരണകൂടത്തിനെതിരെയുമായി അനേകം ആക്രമണങ്ങളുടെയും കലാപങ്ങളുടെയും പ്രത്യക്ഷമായ ചിത്രം നമുക്ക് കാണാനാകും, വിശേഷിച്ചും 1947ലെ വിഭജനത്തിനു ശേഷം. അനേകകാലം അത് നീണ്ടു നിന്നു. ഭൂമിയുടെ രാഷ്ട്രീയം ബംഗാളില്‍ രക്തമുണങ്ങാത്ത കലാപങ്ങള്‍ക്ക് തുടര്‍ച്ചയായി കാരണമായിട്ടുണ്ട്, 1940 ലെ തേഭഗാ മുന്നേറ്റം മുതല്‍ 1970 ലെ നക്‌സലൈറ്റ് മുന്നേറ്റം വരെ പൗരന്മാരുടെ മനസ്സില്‍ ഉണങ്ങാത്ത മുറിപ്പാടുകള്‍ സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ കലാപങ്ങള്‍ ആ നാടിന്റെ രാഷ്ട്രീയ ആയുധമായി എക്കാലവും നിലനിന്നിട്ടുണ്ട്, അപ്പോഴും ചില സംഭവങ്ങള്‍ മറന്നുപോകുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു. അതില്‍ പെടുന്ന ഒന്നാണ് മരിച്ജാപ്പി.
1947 നു ശേഷം ബംഗാളിലേക്ക് ഉണ്ടായ ദളിത് കുടിയേറ്റവും അവരുടെ പുനരധിവാസവും ബംഗാളിലെ ഭരണകൂടങ്ങള്‍ അക്കാലം വരെ കൈകാര്യം ചെയ്യാതിരുന്ന ഒന്നായിരുന്നു. 1947നുശേഷം പെട്ടെന്ന് തന്നെ കിഴക്കന്‍ പാകിസ്താനിലെ ദളിത് സമൂഹങ്ങളുടെ ജനസഖ്യയില്‍ കുറവ് വന്നില്ല. പ്രധാനമായും കര്‍ഷകരും ചെറു കച്ചവടക്കാരും കൈത്തൊഴില്‍ ചെയ്യുന്നവരും അടങ്ങുന്ന ഈ സമൂഹങ്ങള്‍ക്ക് ഭൂമിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവരുടെ നേതാവും കിഴക്കന്‍ പാകിസ്താനിലെ മന്ത്രിയുമായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡല്‍ സംരക്ഷണം കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്നും കുടിയൊഴിക്കുന്നതിനെ അവര്‍ പ്രതിരോധിക്കുകയുണ്ടായി. 1950 നു ശേഷം ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതും ഖുല്‍ന ജെസോര്‍ ഭാഗങ്ങളില്‍ ഉണ്ടായ ചെറുകലാപങ്ങളും അവരില്‍ ഭയം ജനിപ്പിച്ചു. 1952ല്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ പാസ്‌പോര്ട് വ്യവസ്ഥ ഏര്‍പ്പെടുത്തിയതോടെ ഈ അനിശ്ചിതത്വങ്ങള്‍ രൂക്ഷമായി. പിന്നീടുള്ള വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാളിലേക്ക് ആദ്യം ചെറു സംഘങ്ങളായും പിന്നീട് വന്‍തോതിലും കുടിയേറുവാന്‍ ആരംഭിച്ചു.
ഈ സാഹചര്യത്തിലായിരുന്നു 1956 തുടക്കത്തില്‍ ദണ്ഡകാരണ്യ പുനരധിവാസ പദ്ധതി ആരംഭിച്ചത്. പിന്നീട് മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും മേല്‍നോട്ടം നടത്താനായി ദണ്ഡകാരണ്യ വികസന അതോറിറ്റി രൂപീകരിച്ചു. മധ്യപ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദണ്ഡകാരണ്യം എന്ന മേഖല പുരാതനമായ വനങ്ങളും സമചിത്തതയില്ലാത്ത മഴയും ലഭിക്കുന്ന പാറകള്‍ നിറഞ്ഞ പ്രദേശമാണ്. ഇവിടെ ബോണ്ട, ഗോണ്ട്, ബില്‍ എന്നീ ആദിവാസി സമൂഹങ്ങളും അധിവസിക്കുന്നു. സമ്പുഷ്ടമായ മഴ ലഭിച്ചിരുന്ന വളഭൂയിഷ്ഠമായ മണ്ണുള്ള കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ഇവിടേക്ക് അഭയാര്‍ത്ഥികളെ എത്തിച്ചത് ഒരു വലിയ ദുരന്തമായിരുന്നു. 1964-65 ഡല്‍ഹി വികസന അതോറിറ്റി ചെയര്‍മാനായിരുന്ന എസ് കെ ഗുപ്ത ചൂണ്ടിക്കാണിച്ചത് ഫറസ്ഗാവ് മേഖലയില്‍ 6% പ്ലോട്ടുകളും കൃഷി ചെയ്യാന്‍ യോഗ്യമല്ലെന്നാണ്. 32% കൃഷി ചെയ്യാന്‍ തീര്‍ത്തും അപര്യാപ്തമായ സാഹചര്യത്തിലും 53% ഭൂമി ഈര്‍പ്പം നില്‍ക്കുന്ന സാഹചര്യത്തിലുമാണ്. അകെ 9% ഭൂമി മാത്രമാണ് ഉപയോഗ യോഗ്യമായത്.
സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ മറ്റു അടിസ്ഥാന വികസന സൗകര്യങ്ങളും അവിടെ യാഥാര്‍ഥ്യമായില്ല. വൈദ്യുതി വലിയൊരു മേഖലയില്‍ ലഭ്യമായില്ല. കുടിവെള്ള ദൗര്‍ലഭ്യവും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ആരോഗ്യ സേവനങ്ങളുടെ ദൗര്‍ലഭ്യവും മോശം ജീവിതാവസ്ഥയും കാരണം ശിശുമരണനിരക്ക് വര്‍ധിച്ചു. ദൈവസങ്കല്പമായ രാമനെ വനവാസത്തിനയച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ദണ്ഡകാരണ്യം അഭയാര്‍ത്ഥികളെ സംബന്ധിച്ച് പ്രതീക്ഷകള്‍ നഷ്ടപെട്ട ഭൂമിയായി മാറി. 1964 ഓടു കൂടി ഇക്കാര്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
1977ല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച ചരിത്രമുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലെത്തിയതോടെ ദണ്ഡകാരണ്യത്തില്‍ പുനരധിവാസപ്പെടുത്തിയവര്‍ക്ക് തങ്ങളെയും ബംഗാളിലെത്താന്‍ സര്‍ക്കാര്‍ സഹായിക്കും എന്ന പ്രതീക്ഷകളുണ്ടായി. ഇടതുപക്ഷ മന്ത്രീയായിരുന്ന റാം ചേറ്റര്ജി ദണ്ഡകാരണ്യത്തിലെ അഭയാര്‍ത്ഥി കാമ്പുകള്‍ സന്ദര്‍ശിക്കുകയും ഇടതുപക്ഷത്തിന്റെ കാലങ്ങളേറെയായുള്ള ആവശ്യമായ സുന്ദര്‍ബന്‍ വനങ്ങളിലേക്ക് കുടിയേറ്റം നടത്തുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1978 മാര്‍ച്ച് ഏപ്രില്‍ മാസത്തിനിടയില്‍ ഇവരില്‍ വലിയൊരു വിഭാഗം കൈയിലുള്ളതെല്ലാം വിറ്റുപെറുക്കി യാത്രയായി. എന്നാല്‍ പുതിയ ഭരണ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നയങ്ങള്‍ മാറിയിട്ടുണ്ടായിരുന്നു. വോട്ടുരാഷ്ട്രീയമായിരുന്നു അതിന്റെ പ്രധാന കാരണം. അതിനെത്തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ദണ്ഡകാരണ്യത്തില്‍ നിന്ന് വന്ന അഭയാര്‍ത്ഥികളോടു തിരികെ അങ്ങോട്ട് തന്നെ പോകാന്‍ ആവശ്യപ്പെട്ടു. വളരെയധികം ആളുകള്‍ തിരിച്ചയക്കപ്പെട്ടു എന്നാല്‍ 10000 ലധികം ആളുകളുമായി ഉദ്വസ്തു ഉന്ന്യാന്‍ ഷില്‍ സമിതി എന്ന സംഘടനയുടെ നേതാവ് സതീഷ് മണ്ഡല്‍ മരിച്ജാപി മേഖലയിലേക്ക് കുടിയേറി. കുടിയേറിയ ആളുകളെ സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും അത് 4000 നും 10000 നും ഇടയില്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നു.
കുടിയേറിയ സ്ഥലം കണ്ടല്‍കാടുകള്‍ക്കിടയില്‍ ആയിരുന്നില്ലെങ്കില്‍ പോലും സര്‍ക്കാര്‍ അവരോട് കാരുണഅയം കാട്ടിയില്ല. മറിച്ച് മരിച്ജാപി കാടുകള്‍ റിസേര്‍വ് വനങ്ങളായി പ്രഖ്യാപിക്കുകയും അഭയാര്‍ത്ഥികള്‍ കാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്ന് ആരോപിക്കുകയായിരുന്നു. 1979 ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മരിച്ജാപിയില്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. 30 ഓളം പോലീസ് ലൗഞ്ചുകള്‍ ദ്വീപ് വളഞ്ഞു. കുടിലുകളും മത്സ്യ കൃഷിയും കുഴല്‍ കിണറുകളും നശിപ്പിക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പുഴ കടന്നു രക്ഷപെടാന്‍ ശ്രമിച്ചവരെ വെടിവച്ചിട്ടു. ആശാരി പണിയുപകരണങ്ങളും താത്കാലിക അമ്പുകളും വില്ലുകളും മാത്രമുണ്ടായിരുന്ന അഭയാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ ആയുധങ്ങളേന്തിയ സൈനത്തിനുമുന്നില്‍ നിസ്സഹായരായിരുന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ വെടിയേറ്റോ പട്ടിണി കിടന്നോ കൊല്ലപ്പെട്ടു, അവരുടെ ശരീരങ്ങള്‍ പുഴയിലൊഴുക്കി.
ചില വഴിതെറ്റിയ അന്വേഷണങ്ങള്‍ ഒഴിച്ച് ഈ കൂട്ടക്കൊലയെക്കുറിച്ചു അധികാരികള്‍ പതിറ്റാണ്ടുകളോളം മൗനായിരുന്നു. ശക്തിപദ രാജഗുരുവിന്റെ ‘ദണ്ഡെക്ക് തേക്കെ മരിച്ജാപി’ എന്ന ബംഗാളി മുഴുനീള നോവല്‍ മാത്രമാണ് ഈ സംഭവത്തെ പ്രമേയമാക്കിയത്. എന്നാല്‍ കൂട്ടക്കൊലയെ പോലെ ആ പുസ്തകവും തഴയപ്പെടുകയായിരുന്നു.

(കടപ്പാട് – ഡെബ്ജാനി സെന്‍ഗുപ്ത, the wire)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply