കണ്ണാന്തളി പൂക്കളേയും നാട്ടുവഴികളേയും കുറിച്ചുമാത്രം എഴുതേണ്ടവരല്ല കവികള്‍

ഗാന്ധി പറഞ്ഞ രണ്ടു കാര്യങ്ങള്‍ തന്നെയാണ് ഇന്നും പ്രസക്തം. ഒന്ന്, നിങ്ങളൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ദരിദ്രനായ മനുഷ്യനെ സങ്കല്‍പ്പിച്ച് ആ പദ്ധതി ഏതു തരത്തിലാണ് അയാളെ ബാധിക്കുക എന്നാലോചിച്ചു മാത്രം മുന്നോട്ടുപോകുക, രണ്ട്. മനുഷ്യരാശിക്ക് ആവശ്യനുള്ളതുണ്ട് അത്യാഗ്രഹത്തിനില്ല എന്നത്. ഗാന്ധി ഇടതുപക്ഷമായിരുന്നില്ല. കമ്യൂണിസ്റ്റായിരുന്നില്ല. പക്ഷെ ഈ രണ്ട് ആശയങ്ങളില്‍ നിന്നുമാത്രമേ യഥാര്‍ത്ഥ ഇടതുപക്ഷ വികസന പരിപ്രേഷ്യം ഉണ്ടാക്കാനാവൂ…

ഞാനൊരു ആക്ടിവിസ്‌റ്റോ സാമൂഹ്യപ്രവര്‍ത്തകനോ അല്ല. സില്‍വര്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് കേരളമെമ്പാടും തെരുവിലിറങ്ങിയിരിക്കുന്ന വീട്ടമ്മമാരടക്കമുള്ള സാധാരണക്കാരില്‍ ഭൂരിഭാഗവും അങ്ങനെതന്നെ. കേരളം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണ് ഞാനടക്കമുള്ളവരെ ഈ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തിറങ്ങാന്‍ ഞാനടക്കമുള്ളവരെ പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ മിണ്ടാതിരുന്നാല്‍ ഭാവിതലമുറ നമ്മെ ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ചില ആശങ്കകളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. ഇതൊരു ഹിമപാളിയുടെ അറ്റം മാത്രമാണ്. സില്‍വര്‍ ലൈന്‍ വന്നാല്‍ ഒരുപാട് പേരുടെ വീടും ഭൂമിയുമെല്ലാം നഷ്ടപ്പെടുമെന്നതുമാത്രമല്ല പ്രശ്‌നം. അതിനേക്കാള്‍ വലിയ വലിയ ചോദ്യങ്ങളാണ് ഇതുയര്‍ത്തുന്നത്. കുറെ കാലമായി പലരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ തന്നെയാണവ. സമൂഹത്തിനു മുന്നിലും ഭരണാധികാരികള്‍ക്കുമുന്നിലും പാര്‍ട്ടികള്‍ക്കുമുന്നിലും ജനങ്ങള്‍ക്ക് വീണ്ടുമവ ചോദിക്കാനുള്ള അവസരമാണ് സില്‍വര്‍ ലൈനിലൂടെ ഉണ്ടായിരിക്കുന്നത്. എന്താണ് വികസനം, ആര്‍ക്കുവേണ്ടിയാണ് എന്നതാണ് ആ ചോദ്യം.

തീര്‍ച്ചയായും ഞൊനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. അതിനര്‍ത്ഥം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വക്താവാണെന്നല്ല. മനഷ്യസമൂഹത്തിന്റെ ഭാവി രൂപപ്പെടേണ്ടത് ഇടതുപക്ഷ ചിന്താഗതിയിലൂടെയാണ്, സോഷ്യലിസമാണ് മനുഷ്യന്റെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന മഹത്തായ ആശയം എന്നു ഞാന്‍ കരുതുന്നു. ഇന്ന് രണ്ടുതരം വികസനം കാണാനാകും. വലതും ഇടതും തന്നെ. മുതലാളിത്ത ലാഭത്തിലധിഷ്ഠിതമായ, മനുഷ്യരുടേയും പ്രകൃതിയുടേയും ജീവജാലങ്ങളുടെയും ഭാവി പരിഗണിക്കാത്ത, മൂലധനശക്തികളിടെ ആഡംബരത്തിലധിഷ്ടിതമായ വികസനമാണ് ഒന്ന്. റ്റൊന്ന് എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന വികസനം. അതിനെ ഇടതുപക്ഷ വികസന പരിപ്രേഷ്യം എന്നു പറയാം. നമ്മുടെ മുഖ്യധാരാപാര്‍ട്ടികള്‍ ഉത്തരം പറയേണ്ടുന്ന ചോദ്യമുണ്ട്, നിങ്ങളേതു വികസനത്തിന്റെ വക്താക്കളാണ് എന്നതാണത്. ഇടതുപക്ഷമാണെങ്കില്‍ എങ്ങനെയാണ് അത് വലതു വികസന പരിപ്രേഷ്യത്തില്‍ നിന്ന് വ്യത്യസ്ഥമാകുന്നത്? അതാകട്ടെ രേഖകളിലും സമ്മേളനളിലും ഉണ്ടായാല്‍ പോര, പ്രവൃത്തിയില്‍ കാണുകയും വേണം. ഈ ചോദ്യമാണ് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രസക്തമാകുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തില്‍ പൊതുവില്‍ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണല്ലോ കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ടത്. എന്താണ് ഇന്നതിന്റെ അവസ്ഥ? എങ്ങനെയാണ് ഇത്രയധികം കോടി നഷ്ടം ഉണ്ടായത്? സത്യത്തില്‍ വളരെ ലാഭകരമാകേണ്ട ബിസിനസാണല്ലോ അത്. എന്നിട്ടും എന്തുകൊണ്ടിങ്ങനോ? അത് പരിഹരിക്കാനാവാതെ എന്ത് സില്‍വര്‍ റെയില്‍..? സില്‍വര്‍ ലൈന്‍ വന്നാലും റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ടത് റോഡിലൂടെയല്ലേ? അപ്പോള്‍ നാലുമണിക്കൂര്‍ എട്ടുമണിക്കാറാകില്ലേ? സാമാന്യ ബുദ്ധിയില്‍ തന്നെ വലിയ അബദ്ധമാണ് സില്‍വര്‍ ലൈന്‍ എന്നത് വ്യക്തമാണ്. വിദഗ്ധര്‍ പലതും പറയും. എന്നാല്‍ സാധാരണക്കാരുടെ ആശങ്കയാണ് ഞാന്‍ ചോദിച്ചത്? പക്ഷെ അതിനുണ്ടായ പ്രതികരണം ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു. വിഷം ചുരത്തുന്ന വര്‍ഗ്ഗീയവാദികള്‍ പോലും ഇത്രമാത്രം അധിക്ഷേപം കേട്ടിരിക്കാനിടയില്ല.

എഴുത്തുകാരും കവികളുമെല്ലാം ഭാവനയുടെ ലോകത്ത് വിഹരിക്കുന്നവരാണെന്ന് പലരും പറയുന്നത് കേള്‍ക്കാം. സൈലന്റ് വാലി മുതലെ ഇതു കേള്‍ക്കുന്നതാണ്. ഇപ്പോഴും തക്കം കിട്ടിയാല്‍ സൈലന്റ ്‌വാലി അക്രമിക്കപ്പെടുമെന്നതില്‍ സംശയം വേണ്ട. ലോകമാകെ ഉയര്‍ന്നു വന്ന പൊതുവായ പാരിസ്ഥിതികാവബോധത്തിന്റെ ഭാഗമായി ഒരുപാട് നിയമങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. ലോകം ഇന്നൊരു ആഗോളഗ്രാമമാണല്ലോ. എവിടെ എന്തു സംഭവിക്കുന്നതും മറ്റും ഭാഗങ്ങളില്‍ പ്രതിഫലിക്കും. അതിനാല്‍ സൈലന്റ് വാലിയേയും അതിരപ്പിള്ളിയേയും മറ്റും ഇനി തൊടാന്‍ എളുപ്പമല്ല. എങ്കിലും അവസരം കിട്ടിയാല്‍ അതിനും നമ്മുടെ ഭരണാധികാരികള്‍ ശ്രമിക്കും. തങ്ങള്‍ പറയുന്നതാണ് ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങള്‍ എന്നവകാശപ്പെട്ട് കുറെപേര്‍ രംഗത്തിറങ്ങിയിട്ടുണ്ടല്ലോ. കവികള്‍ കണ്ണാന്തളി പൂക്കളേയും നാട്ടുവഴികളേയും കുറിച്ചെല്ലാം എഴുതിയാല്‍ മതിയെന്നാണവര്‍ പറയുന്നത്. സത്യത്തില്‍ ഇതു പറയുന്നവരുടെ ജ്ഞാനം കാലഹരണപെട്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ, മനുഷ്യനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്ന, പ്രകൃതി നമുക്ക് കീഴടക്കാനുള്ളതാണ്, മനുഷ്യന് അതിനുള്ള ശക്തിയുണ്ട് എന്നെല്ലാമുള്ള ഇവരുടെ അബദ്ധധാരണകള്‍ വെളിവുള്ള ശാസ്ത്രജ്ഞര്‍ എന്നേ ഉപേക്ഷിച്ചതാണ്. പാരിസ്ഥിതിക ബോധത്തിലൂന്നാത്ത ഒരു വികസനവും ഇന്ന് വെളിവുള്ളവര്‍ അംഗീകരിക്കുന്നില്ല.

മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് ഇന്ന് വന്‍പ്രതിസന്ധിയിലാണെന്നത് പലരും പറയുന്നത് അതിശയോക്തിപരമാണോ എന്നറിയില്ല.. പക്ഷെ കാലാവസ്ഥാ വ്യതിയാനവും മറ്റും നല്‍കുന്ന സൂചനകള്‍ പ്രതീക്ഷ നല്‍കുന്നതല്ല. കേരളത്തില്‍ ഒരു വശത്ത് മഹാപ്രളയവും മറുവശത്ത് സൂര്യാഘാതവുമൊക്കെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാര്യങ്ങള്‌ലലേ? പ്രകൃതി മാറുകയാണ്. അതില്‍ മനുഷ്യന് വലിയ പങ്കുണ്ട്. ഏതു വികസനവും ചെറിയ പരിപ്രേഷ്യത്തില്‍ നിന്നല്ല കാണേണ്ടത്, മുഴുവന്‍ മനുഷ്യരാശിയുടേയും ജീവന്റേയും നിലനില്‍പ്പിനെ ഉള്‍ക്കൊണ്ടുവേണം എന്നാണ് എഴുത്തുകാരനെന്ന നിലക്ക് പറയാനുള്ളത്. ആഗോലതലത്തില്‍ മനുഷ്യരാശിയും ജീവജാലങ്ങളളും നേരിടുന്ന അതിജീവനത്തിന്റെ പ്രശ്‌നത്തിന്റെ ഭാഗമായേ ഇനിയുള്ള കാലം വികസനത്തെ പരിശോധിക്കാനാവൂ. അതില്ലാതെ പത്തൊമ്പത്, പതിനെട്ട് നൂറ്റാണ്ടുകളിലെ കാഴ്ചപ്പാടില്‍ നിന്ന് സംസാരിക്കുന്ന നേതാക്കളല്ല അതിനൂതനമായ സാങ്കേതികതയുടെ വക്താക്കള്‍. ഈ വ്ിഷയം പറയുന്നവരെ പരിഹസിക്കുന്ന അവര്‍ ജപ്പാന്‍, മലേഷ്യ, ലണ്ടന്‍ പോലുള്ള പ്രദേശങ്ങളില്‍ നിലവിലുള്ളവ എന്തുകൊണ്ട് നമുക്കായികൂടാ, എന്തുകൊണ്ട് എന്തിനേയും എതിര്‍ക്കുന്നു എന്നു ചോദിക്കുന്നു. ജപ്പാനില്‍ അരി മോഷ്ടിച്ചതിന് തല്ലികൊല്ലപ്പെടുന്നവരില്ല… മരിച്ചാല്‍ ശവമടക്കാന്‍ കഴിയാത്തവരില്ല.. പോഷകകുറവുകൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളില്ല. റോഡും റെയിലും മാത്രമല്ല വികസനം. ഏറ്റവും അടിസ്ഥാനപരമായ .പ്രശ്‌നങ്ങള്‍ പറയാതെ എന്തു വികസനം? രണ്ടു പ്രളയങ്ങള്‍ക്കും കൊവിഡിനും ശേഷം ഉള്ള തൊഴില്‍ പോലും നഷ്ടപ്പെട്ട് ജീവിതെ തകര്‍ന്നവരെ തിരിച്ചുകൊണ്ടുവരാന്‍ എന്തു പദ്ധതിയാണുള്ളത്? അതിന് കൊടുക്കാത്ത പ്രാധാന്യമാണ് സില്‍വര്‍ ലൈനിനു കൊടുക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട്, വേഗത്തില്‍ സഞ്ചരിക്കുക എന്ന ആശയത്തെ എതിര്‍ക്കുന്നില്ല. ലോകം മാറുകയാണ് എന്നതും അംഗീകരിക്കുന്നു. പക്ഷെ അതല്ല, അതുമാത്രമല്ല ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം. നേരത്തെ സൂചിപ്പിച്ചപോലെ കേരളത്തെ സംബന്ധിച്ച് ksrtc ക്കല്ലേ മുന്‍ഗണന കൊടുക്കേണ്ടത്? എത്രമനുഷ്യരുടെ യാത്രാസൗകര്യമാണത്. അടിസ്ഥാനപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ സില്‍വര്‍ ലൈനില്‍ അമിത താല്‍പ്പര്യം കാണിക്കുന്നത് സംശങ്ങള്‍ ഉണ്ടാക്കുന്നത് സ്വാഭാവികം. തീര്‍ച്ചയായും വളരെ പ്രതീക്ഷയുള്ള ഭരണകൂടങ്ങമാണ് നിലവിലുള്ളത്. പുരോഗമന ചിന്താഗതിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ തന്നെയാണ് സര്‍ക്കാരിനെ നയിക്കുന്നത്.. എന്നിട്ടും എന്തുകൊണ്ടിങ്ങനെ എന്നതാണ് ചോദ്യം. വികസന വിരുദഗ്ധര്‍ ഇടതുപക്ഷ വിരുദ്ധര്‍ എന്ന വ്യാഖ്യാനത്തില്‍ ഒരര്‍ത്ഥവുമില്ല. അല്ലെങ്കില്‍ എന്താണ് ഇടതുപക്ഷ വികസന പരിപ്രേഷ്യം എന്ന് വ്യക്തമാക്കണം. അതെങ്ങനവെ വലതുപക്ഷത്തില്‍ നിന്നു വ്യത്യസ്തമാകു്‌നനതെന്നും പറയണം…. അല്ലെങ്കില്‍ അശുഭകരമായ സങ്കീര്‍ണ്ണതകളും നിഗൂഢതകളും ബാക്കിയാകും.

ലോകത്ത് വെളിവുള്ള ശാസ്ത്രജ്ഞര്‍ മാനവികമായ വികസനത്തെ കുറിച്ചും മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുമാണ് സംസാരിക്കുന്നത്. അത് കവിതയല്ല…. സവിശേഷ ബുദ്ധിയുള്ള ജീവിയെന്ന നിലയില്‍ മനുഷ്യന് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. മറ്റു ജീവികളോടും നമുക്ക് ഉത്തരവാദിത്തമുണ്ട്. നമ്മുടെ മാത്രം സുഖഭോഗങ്ങള്‍ക്കുള്ള ആഡംബരമായ വികസനത്തെ കുറിച്ച് ചിന്തിക്കരുത്.. ഗാന്ധി പറഞ്ഞ രണ്ടു കാര്യങ്ങള്‍ തന്നെയാണ് ഇന്നും പ്രസക്തം. ഒന്ന്, നിങ്ങളൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ദരിദ്രനായ മനുഷ്യനെ സങ്കല്‍പ്പിച്ച് ആ പദ്ധതി ഏതു തരത്തിലാണ് അയാളെ ബാധിക്കുക എന്നാലോചിച്ചു മാത്രം മുന്നോട്ടുപോകുക, രണ്ട്. മനുഷ്യരാശിക്ക് ആവശ്യനുള്ളതുണ്ട് അത്യാഗ്രഹത്തിനില്ല എന്നത്. ഗാന്ധി ഇടതുപക്ഷമായിരുന്നില്ല. കമ്യൂണിസ്റ്റായിരുന്നില്ല. പക്ഷെ ഈ രണ്ട് ആശയങ്ങളില്‍ നിന്നുമാത്രമേ യഥാര്‍ത്ഥ ഇടതുപക്ഷ വികസന പരിപ്രേഷ്യം ഉണ്ടാക്കാനാവൂ… ആ ദിശയില്‍ ചിന്തിക്കാനുള്ള അവസരമാകട്ടെ സില്‍വര്‍ ലൈനിനെതിരായ പ്രക്ഷോഭം എന്നാഗ്രഹിക്കുന്നു.

(സാഹിത്യ അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന സമരസംഗമത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്…)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply