കുടുംബശ്രീ എന്ന ‘സേഫ്റ്റി വാല്‍വ്’ സില്‍വര്‍ ജൂബിലി ആഘോഷിക്കുമ്പോള്‍ !

ക്ഷേമരാഷ്ട്ര കാലത്തെ ‘കേരള മോഡലി’ല്‍ നിന്നും കോര്‍പ്പറേറ്റുവല്‍കരണ കാലത്തെ ‘നവകേരള’ ത്തിലേക്ക് ചാലു കീറിയ ‘ജനകീയാസൂത്രണ’ ത്തിന്റെ അവശേഷിക്കുന്ന ബാക്കിപത്രമാണ് ഇപ്പോള്‍, 2022 മേയ് മാസം, സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ‘കുടുംബശ്രീ’. തീര്‍ച്ചയായും ജനകീയാസൂത്രണത്തെപ്പറ്റി പരമാര്‍ശിച്ചു കൊണ്ടു മാത്രമേ, കുടുംബശ്രീ എന്താണെന്ന് വിശദീകരിക്കാനാക

കേന്ദ്രത്തില്‍ വാജ്‌പേയ് സര്‍ക്കാര്‍ ‘ആഗോളവല്‍കരണത്തിന്റെ രണ്ടാം തലമുറ പരിഷ്‌കാരങ്ങള്‍’ ഊര്‍ജ്ജിതമാക്കിയതിന്റെയും, ബംഗാളില്‍ ജ്യോതി ബസു അത് മാതൃകാപരമായി നടപ്പാക്കിയതിന്റെയും, സര്‍വോപരി 2000-ലെ സിപിഎം ന്റെ പ്രത്യേക സമ്മേളനം ആഗോള -കോര്‍പ്പറേറ്റ് മൂലധനത്തെ ആശ്ലേഷിക്കും വിധം പാര്‍ട്ടി പരിപാടിയില്‍ ഭേദഗതി വരുത്തിയതിന്റെയുമെല്ലാം ചുവടു പിടിച്ച്, 1996-2001 കാലത്തെ നായനാര്‍ ഭരണം വിനാശകാരിയായ നവലിബറല്‍ – കോര്‍പ്പറേറ്റുവല്‍കരണത്തിന് അടിത്തറയിട്ടപ്പോള്‍, ആ പ്രകിയക്ക്, പങ്കാളിത്ത വികസന (participatory development) ത്തിന്റെയും അധികാരവികേന്ദ്രീകരണത്തിന്റെയും വായ്ത്താരികളോടെ, ഒരു മാനവിക മുഖം മൂടി നല്‍കുന്നതിനാണ്, ജനകീയാസൂത്രണം ആവിഷ്‌കരിക്കപ്പെടുന്നത്. ആഗോള മൂലധന കേന്ദ്രങ്ങളുടെ തീട്ടുര പ്രകാരം ഇന്ത്യയില്‍ നവലിബറല്‍ ആഗോളവല്‍കരണത്തിന് അടിത്തറയിട്ട റാവു -മന്‍മോഹന്‍ സര്‍ക്കാര്‍ അത് സൂക്ഷ്മതലങ്ങളിലെത്തിക്കുന്നതിന് പാസ്സാക്കിയ 73, 74 ഭരണഘടന ഭേദഗതികള്‍ ഇതിന് പശ്ചാത്തലമൊരുക്കി.

സംസ്ഥാന രൂപവല്‍കരണത്തിനും ഭൂപരിഷ്‌കരണത്തിനും ശേഷം കേരളം കണ്ട ഏറ്റവും വിപ്ലവകരമായ ഇടപെടല്‍ എന്ന് ഇഎംഎസ് വിശേഷിപ്പിച്ച ജനകീയാസൂത്രണം, വാസ്തവത്തില്‍, മാര്‍ക്‌സിസ്റ്റ് വികസന പരിപ്രേക്ഷ്യത്തിന് തീര്‍ത്തും അന്യമായ ഒരു പോസ്റ്റ്‌മോഡേണ്‍ – പോസ്റ്റ്മാര്‍ക്‌സിസ്റ്റ് ആവിഷ്‌കാരമായിരുന്നുവെന്നും, സംഘടിത വര്‍ഗ്ഗ പ്രസ്ഥാനങ്ങളെ തീര്‍ത്തും അപ്രസക്തമാക്കി, സ്വയം സഹായ സംഘങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും എന്‍ജിഒകള്‍ ക്കും ‘പൗരസമൂഹ സംഘടനകള്‍’ ക്കും പ്രാമുഖ്യം കല്പിക്കുകയായിരുന്നുവെന്നും ഇതോടകം പലയാവര്‍ത്തി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സാമ്രാജ്യത്വ ഫണ്ടിങ്ങ് കേന്ദ്രങ്ങളുടെയും അമേരിക്കന്‍ സാമൂഹ്യശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ പോസ്റ്റ് മാര്‍ക്‌സിസ്റ്റ് വിദഗ്ധരുടെയും കേരളത്തിലെ സിപിഎം ബുദ്ധിജീവികളുടെയുമെല്ലാം സംയുക്ത സംരംഭത്തിലൂടെയാണ് ജനകീയാസൂത്രണത്തിന്റെ ബ്ലൂപ്രിന്റുകള്‍ തയ്യാറാക്കിയത്. വര്‍ഗ്ഗ സംഘടനകള്‍ക്ക് പങ്കുണ്ടായിരുന്ന പഴയ കേരള മോഡലിന് നവ ലിബറലിസത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് സിപിഎം ന്റെ ധൈഷണിക നേതൃത്വം അംഗീകരിച്ചതിന്റെ കൂടി പരിണതിയായിരുന്നു ഇത്.

വളരെ ചുരുക്കിപ്പറഞ്ഞാല്‍, ആഗോള മുതലാളിത്തം ക്ഷേമരാഷ്ട്രം കയ്യൊഴിയുകയും ഭരണകൂടം സാമൂഹ്യ-സാമ്പത്തിക ഉത്തരവാദിത്വങ്ങളില്‍ നിന്നു പിന്‍വാങ്ങി കോര്‍പ്പറേറ്റ് – സഹായിയായി മാറുകയും ചെയ്തപ്പോഴുണ്ടായ വിടവിലേക്ക് അത് പങ്കാളിത്ത വികസനം അഥവാ ജനകീയ പങ്കാളിത്തം (people’s participation) എന്ന ലേബലില്‍ മൈക്രോ ഫിനാന്‍സിനെയും സ്വയം സഹായ സംഘങ്ങളെയും എന്‍ജിഒകളെയുമെല്ലാം കടത്തിവിടുകയുണ്ടായി. ഇവ ഒരു ഭാഗത്ത്, കോര്‍പ്പറേറ്റുവല്‍കരണത്തിന്റെ അനുബന്ധവും അതിന്റെ സൂക്ഷ്മതല നടത്തിപ്പുകാരുമായതോടൊപ്പം, മറുഭാഗത്ത്, നവലിബറല്‍ നയങ്ങള്‍ക്കെതിരായ ജനകീയ രോഷത്തെ വ്യതിചലിപ്പിക്കുന്നതിനും സമരങ്ങളെ ഹൈജാക് ചെയ്യുന്നതിനുമുള്ള ഫലപ്രദമായ ഉപകരണങ്ങളോ സേഫ്റ്റി വാല്‍വുകളോ ആയിത്തീര്‍ന്നു. ജനകീയാസൂത്രണത്തിലൂടെ ഈ പ്രക്രിയക്ക് സൈദ്ധാന്തികവും പ്രയോഗികവും ഭരണപരവുമായ ആവിഷ്‌കാരം നല്‍കിയ സിപിഎം അതു സംജാതമാക്കിയ പുകമറയിലൂടെ കേരളത്തെ നവലിബറല്‍ -കോര്‍പ്പറേറ്റുവല്‍കരണത്തിന്റെ ഒരു ‘ഷോകേസ് ‘ ആക്കി പരിവര്‍ത്തിപ്പിക്കുകയാണുണ്ടായത്. കേരളത്തെ അരാഷ്ട്രീയവല്‍കരണത്തിനും പ്രത്യയശാസ്ത്ര നിരാസത്തിനും വിധേയമാക്കുകയെന്ന അതിന്റെ ചരിത്രപരമായ കടമ ജനകീയാസൂത്രണം പൂര്‍ത്തീകരിക്കുകയുണ്ടായി. ആമുഖമായി സൂചിപ്പിച്ചതു പോലെ, അതിന്റെ ബാക്കിപത്രമായി കുടുംബശ്രീ ഇനിയും അവശേഷിക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാതെ, കുടുബശ്രീയുടെ പ്രത്യയ ശാസ്ത്ര – രാഷ്ട്രീയ ദൗത്യം എന്താണെന്നു ചുരുക്കി സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ജനകീയാസൂത്രണവുമായി ഉദ്ഗ്രഥിച്ച് നായനാര്‍ സര്‍ക്കാര്‍ അതിന്റെ തദ്ദേശ വകുപ്പിനു കീഴില്‍ ആവിഷ്‌കരിച്ച കുടുംബശ്രീ പ്രധാനമന്ത്രി വാജ്‌പേയ് തന്നെയാണ് 1998 മേയ് 17 ന് ഉല്‍ഘാടനം ചെയ്തത്. സ്ത്രീ ശാക്തീകരണം, പ്രാദേശിക വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ ലക്ഷ്യങ്ങളാണ് കുടുംബശ്രീയുടേതായി മൂന്നോട്ടു വെക്കപ്പെട്ടത്. അയല്‍ക്കൂട്ടങ്ങള്‍, ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (എഡിഎസ്), കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (സിഡിഎസ്) എന്നീ ത്രിതല സംഘടനാ ശൃഖലയാണ് കുടുംബശ്രീക്കുള്ളത്. ഏകദേശ കണക്കുപ്രകാരം രണ്ടേമുക്കാല്‍ ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളും 20000 ഓളം എഡിഎസുകളും 1100 ഓളം സിഡിഎസുകളുമടക്കം 45 ലക്ഷത്തോളം സ്ത്രീകള്‍ അടങ്ങുന്ന അതിബൃഹത്തായ ഒരു ശൃംഖലാ സംവിധാനമാണ് കുടുംബശ്രീക്കുള്ളത്. ഇത്ര വലിയ സംഘടനാ സംവിധാനമായിരുന്നിട്ടു കൂടി, ലഭ്യമായ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കുടുംബശ്രീ നടത്തിയ ആകെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഏകദേശം 1400 കോടിയോളം രൂപയുടെ ലഘുസമ്പാദ്യവും ബാങ്ക് ലിങ്കേജ് വഴി പരസ്പര ജാമ്യത്തിലൂടെ 1200 കോടിയോളം രൂപയുടെ വായ്പയും അടങ്ങുന്നതാണ്. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളടക്കം കേരള സമ്പദ്ഘടനയുടെ ഒരു വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്പാദനമായ ഏകദേശം 10 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പിന്നിട്ട 25 വര്‍ഷത്തിനുള്ളില്‍ കേരള സമ്പദ് ഘടനയുടെ സാമ്പത്തിക ചലന ക്രമങ്ങളില്‍ കുടുംബശ്രീ തീര്‍ത്തും അപ്രസക്തമായിരുന്നുവെന്നു കാണാം. നേരേ മറിച്ച്, രൂപവല്‍കരണ സമയത്ത് കുടുംബശ്രീയുടെ മിഷന്‍ സ്റ്റേറ്റ്‌മെന്റ് പറഞ്ഞതിപ്രകാരമായിരുന്നു: ”ദരിദ്ര വനിതകളെ സ്വയം സഹായലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച്, ലഭ്യമായ ആശയ- വിഭവസ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത സമന്വയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കേവല ദാരിദ്ര്യത്തിന്റെ സമസ്ത പ്രകടിത ബഹുമുഖരൂപഭാവങ്ങളേയും വരുന്ന ഒരു ദശകത്തിനുള്ളില്‍ ഉന്മൂലനം ചെയ്യാനുള്ള ഒരു നൂതന, ഏകോപിത സമൂഹാധിഷ്ഠിത സമഗ്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സമീപനമാണ് കുടുംബശ്രീ.’ ഇക്കാര്യത്തെ സംബന്ധിച്ച് സമഗ്രമായ ഒരു ഓഡിറ്റിംഗിന് ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്.

വാസ്തവത്തില്‍, അരങ്ങേറിയത് ഏറ്റവും ഭീതിജനകമായ ഒരു ചൂഷണ പ്രകിയയായിരുന്നു. ‘സ്ത്രീ ശാക്തീകരണ’ ത്തിന്റെ വാചാടോപത്തിനുള്ളില്‍ നടന്ന രാഷ്ട്രീയ അപനിര്‍മ്മാണത്തിലൂടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ദശലക്ഷക്കണക്കിനു സ്ത്രീകളുടെ അദ്ധ്വാനം ഏറ്റവും കൂലി കുറച്ച് (super-exploitation) വിവിധ ചാലുകളിലൂടെ വ്യവസ്ഥാ സംരക്ഷകര്‍ അടിച്ചു മാറ്റുകയായിരുന്നു. മിനിമം കൂലിയോ, കരാര്‍ നിയമമോ ബാധകമാക്കാതെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കൊള്ളയടിക്കപ്പെട്ട കേരളീയ സ്ത്രീകളുടെ മനുഷ്യാധ്വാനത്തെപ്പറ്റി സമഗ്രമായ ഒരു പഠനം തന്നെ അടിയന്തരമായിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ ജീവസന്ധാരണത്തിനാവശ്യമായ ഭക്ഷണം, ആരോഗ്യം, പരിസ്ഥിതി, ഭൂമി എന്നിവയുടെ മേല്‍ കോര്‍പ്പറേറ്റ് മൂലധനം നടത്തിയ അഭൂതപൂര്‍വമായ കടന്നാക്രമണങ്ങള്‍, സമസ്ത മേഖലകളെയും ബാധിച്ച അഭൂതപൂര്‍വമായ വിലക്കയറ്റം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വര്‍ദ്ധമാനമായ അതിക്രമങ്ങള്‍, സ്ത്രീധനക്കൊലകള്‍, ഗാര്‍ഹിക പീഢനം, ലിംഗ വിവേചനം, ജാതി മര്‍ദ്ദനം, സര്‍വോപരി കാവി ഫാസിസം, എന്നിത്യാദി എണ്ണിയാലൊടുക്കാത്ത വിപത്തുകള്‍ക്കെതിരെ കുടുംബശ്രീ വഴി ശാക്തീകരിക്കപ്പെട്ടു എന്നവകാശപ്പെടുന്ന ഏതെങ്കിലുമൊരു സ്ത്രീകളുടെ കൂട്ടായ്മ മുന്നോട്ടു വന്നതായി രേഖപ്പെടുത്തിയിട്ടില്ല. മറിച്ച്, അച്ചാറുണ്ടാക്കല്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, കോര്‍പ്പറേറ്റ് കമ്പനികളുടെ ചരക്കുകള്‍ വിറ്റഴിക്കല്‍ , മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങി സിമന്റ് കട്ട നിര്‍മ്മാണം വരെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കുറഞ്ഞ കൂലിക്ക് തങ്ങളുടെ അദ്ധ്വാനം വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു സ്ത്രീകള്‍. ഇക്കാര്യങ്ങളിലെല്ലാം, ‘വ്യക്തിഗത സംരംഭകര്‍’, ‘കൂട്ടു സംരംഭകര്‍’, ‘ വനിതാ കര്‍ഷകര്‍’ തുടങ്ങിയ ലേബലുകളും അവര്‍ക്കു മേല്‍ ചാര്‍ത്തപ്പെട്ടു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒടുവില്‍ പറഞ്ഞ വനിതാ കര്‍ഷകരുടെ കാര്യമെടുക്കാം. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഏകദേശം രണ്ടര ലക്ഷം വനിതാ കര്‍ഷകര്‍ ഉള്‍പ്പെട്ട ഏകദേശം അര ലക്ഷം ‘സംഘകൃഷി ഗ്രൂപ്പുകള്‍’ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന ഭൂബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന പാട്ടകൃഷിയിലാണ് ഇവര്‍ ഇന്നേര്‍പ്പെട്ടിരിക്കുന്നത്. മണ്ണില്‍ പണിയെടുത്തിരുന്ന ദളിതര്‍ അടക്കമുള്ള കര്‍ഷക ജനതയെ ഭൂമിയില്‍ നിന്നു തന്നെ തുരത്തി, കൃഷി ജീവിതോപാധിയല്ലാത്ത, പ്രധാനമായും സവര്‍ണ ക്രിസ്ത്യന്‍ – ഇടത്തട്ടു വിഭാഗങ്ങളില്‍ ഭൂമി നിക്ഷിപ്തമാക്കുകയും, ഭരണഘടനയേയും രാജ്യത്തിന്റെ പരമാധികാരത്തെയും വെല്ലുവിളിച്ച് ലക്ഷക്കണക്കിനേക്കര്‍ ഭൂമി നിയമ വിരുദ്ധമായി കൈവശം വെച്ച് കേരളത്തെ കൊള്ളയടിച്ചു പോന്ന വിദേശ- ആഭ്യന്തര ഭൂമാഫിയകളെ തൊടാതിരിക്കുകയുമാണ് ഇഎംഎസിന്റെ കാലത്താരംഭിച്ച് അച്യുതമേനോന്റെ കാലത്തവസാനിച്ച ഭൂപരിഷ്‌കരണം ചെയ്തത്. തല്‍ഫലമായി, കൃഷിയില്‍ തല്പരരല്ലാത്ത സാമൂഹ്യ വിഭാഗങ്ങളില്‍ താരതമ്യേന ഏറ്റവുമധികം ഭൂമി കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനമാണു കേരളം. ഇപ്പോഴത്തെ പിണറായി സര്‍ക്കാരാകട്ടെ, ഒരു മറയുമില്ലാതെയാണ് ഇന്ന് വിദേശ ഭൂ മാഫിയക്ക് പാദസേവ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പ്രതിലോമ ദൗത്യവുമായി ബന്ധപ്പെട്ടതും കേരളത്തില്‍ നടപ്പായ ഭൂപരിഷ്‌കരണത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതുമാണ് 1964 ല്‍ കേരളത്തില്‍ നിയമപരമായി നിരോധിച്ച പാട്ടക്കൃഷി 21ാം നൂറ്റാണ്ടില്‍ കുടുംബശ്രീയിലൂടെ പുനരാനയിച്ചു കൊണ്ടുള്ള നീക്കം. ഒരു ഭാഗത്ത് ദളിത് – ആദിവാസി ജനവിഭാഗങ്ങളും മണ്ണില്‍ പണിയെടുക്കുന്ന ദരിദ്ര ഭൂരഹിതരും ഭൂമിയില്‍ നിന്നും വീണ്ടും അന്യവല്‍കരിക്കുകയും മറു ഭാഗത്ത്, റിയല്‍ എസ്റ്റേറ്റ് – കോര്‍പ്പറേറ്റ് -മാഫിയകളില്‍ ഭൂമി കേന്ദ്രീകരിക്കുകയും ചെയ്യുന്നതു സംജാതമാക്കുന്ന രൂക്ഷമായ സാമൂഹ്യ രാഷ്ട്രീയ സംഘര്‍ഷത്തെ വഴി തിരിച്ചു വിടുകയെന്ന നവലിബറല്‍ ദൗത്യമാണ്, ഇപ്പോള്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം ഏക്കര്‍ സ്ഥലത്ത് പാട്ടക്കൃഷി ഏറ്റെടുക്കുന്നതിലൂടെ കുടുംബശ്രീ നിറവേറ്റുന്നത്.

ആഗോളവല്‍കരണ (globalisation) ത്തിലൂടെ ഒരു ഭാഗത്ത് സ്ഥൂലതലത്തില്‍ മൂലധനം കേന്ദ്രീകരിക്കുന്നതോടൊപ്പം, മറുഭാഗത്ത്, പ്രാദേശികവല്‍കരണ (localisation) ത്തിലൂടെ സൂക്ഷ്മ തലങ്ങളിലേക്കും വ്യാപിക്കുന്ന ഒരു ഉദ്ഗ്രഥിത പ്രക്രിയയാണ് ഇന്നു നടക്കുന്നത്. ഈ സൂക്ഷ്മതല പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് നിരവധി മൈക്രോ ക്രെഡിറ്റ് ഉച്ചകോടികള്‍ക്ക് ലോക ബാങ്ക് തന്നെ മുന്‍ കൈ എടുത്തു വരുന്നു. മൈക്രോ ക്രെഡിറ്റ് അഥവാ മൈക്രോ ഫിനാന്‍സില്‍ ഊന്നി പ്രവര്‍ത്തിച്ച ജനകീയാസൂത്രണത്തെയും കുടുംബശ്രീയടക്കമുള്ള കേരളത്തിലെ അരാഷ്ട്രീയ സംവിധാനങ്ങളെയും ലോകബാങ്ക് പ്രശംസിച്ചിട്ടുള്ളത് നവലിബറല്‍ – കോര്‍പ്പറേറ്റുവല്‍കരണത്തില്‍ അതിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടു തന്നെയാണ്. കൂടുതല്‍ വിശദമായ ചര്‍ച്ചയിലേക്കു കടക്കാതെ, ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. അതായത്, പൂര്‍ണമായും കോര്‍പ്പറേറ്റ് പക്ഷത്തു നിലയുറപ്പിച്ചു കഴിഞ്ഞ സിപിഎം ഉം അതു നയിക്കുന്ന സര്‍ക്കാരും സ്ത്രീ ശാക്തീകരണത്തിന്റെ ലേബലൊട്ടിച്ച് നിലനിര്‍ത്തിയിരിക്കുന്ന കുടുംബശ്രീ കോര്‍പറേറ്റ് മൂലധനത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട പ്രാദേശിക/ സൂക്ഷ്മതല ദൗത്യങ്ങള്‍ നിറവേറ്റാനുദ്ദേശിക്കപ്പെട്ടിട്ടുളളതാണെന്നും പുരോഗമന – ജനാധിപത്യ പക്ഷത്തു നിന്നുള്ള സ്ത്രീ സുഹൃദ കടമകളൊന്നും ഇന്നതിന് നിര്‍വഹിക്കാനില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയിലേക്കു കൊണ്ടു വരാതെ, കുടുംബശ്രീയുടെ രജത ജൂബിലിയാഘോഷം കൊണ്ട് സ്ത്രീകളുടെ മര്‍ദ്ദിതാവസ്ഥക്ക് മാറ്റമുണ്ടാകുമെന്നു കരുതേണ്ട

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply