സാമൂഹ്യമുന്നേറ്റങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയ അധ്വാനത്തിന്റെ വിയര്‍പ്പു പറ്റുന്നവരും II – അരവിന്ദ് ഇന്‍ഡിജിനിയസ്

സിപിഎം ന്റെ നിലപാടില്ലാത്ത ഈ ആള്‍ക്കൂട്ടം തന്നെയാണ് സോളാര്‍ സമരത്തില്‍ മൂന്നാം ദിവസമായപ്പോഴേക്കും തിരികെപ്പോരാന്‍ തുടങ്ങിയത്. അതോടെ സമരം പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുകയായിരുന്നു. ആദിവാസികള്‍ ഭൂമിക്കായി കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ സമരം പോലെ ഒരു ജനകീയ സമരവും സിപിഎം ന്റെ ആള്‍ക്കൂട്ടത്തിനു നടത്താനാകില്ല. റിസോര്‍സുകളില്ലാതിരുന്നിട്ടും എത്രദിവസമാണ് അവര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നിന്നത്. കാരണം അവര്‍ പ്രശ്‌നബാധിതരാണ്.

കേരളത്തില്‍ അടുത്ത കാലത്ത് നടക്കുന്ന ജനകീയ – സാമൂഹ്യ മുന്നേറ്റങ്ങളെ സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്ന ലേഖനത്തിന്റെ അവസാന ഭാഗം.

റിസോഴ്‌സ് മൊബിലൈസേഷന്‍ സിദ്ധാന്തം സമരം ഒരു റാഷണലായ ചോയ്‌സ് ആണെന്നും സമരം കൊണ്ടു ലഭ്യമാകുന്ന ലാഭേച്ഛയാണ് സമരത്തിന്റെ കാതല്‍ എന്നുമാണ് വ്യക്തമാക്കുന്നത്. വ്യവസ്ഥാപിതമായ സംഘടനാ സംവിധാനത്തിന്റെ കരുത്തിന്റേയും ഘടനയുടേയും സമരരൂപത്തിന്റെയും നയത്തിന്റെയും ആകെത്തുകയാണ് സാമൂഹിക മുന്നേറ്റം എന്നാണത് പറഞ്ഞു വക്കുന്നത്. അതായതു ഒരു സമരത്തിന് ആവശ്യമുള്ള റിസോഴ്‌സുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സംഘടനാസംവിധാനത്തിന്റെ കഴിവിനെ അനുസരിച്ചാണ് സമരം മുന്നോട്ടുപോകുക എന്നര്‍ത്ഥം. അതനുസരിച്ചു സമരം നടത്താനുള്ള ഒരു സംഘടയുടെ മാനേജ്‌മെന്റ് കഴിവാണ് വിജയകാരണമാകുക.

 

 

 

 

 

 

 

 

അടുത്ത കാലത്ത് സംസ്ഥാനത്തു നടന്ന മൂന്നു സമരങ്ങള്‍ എടുത്തു പരിശോധിക്കാം. സോളാര്‍ വിഷയത്തിലെ അന്വേഷണത്തിന് വേണ്ടി ഇടതുപക്ഷം, പ്രധാനമായും സിപിഎം നടത്തിയ രാപകല്‍ സമരം, നോട്ട് നിരോധനത്തിനെതിരെ നടത്തിയ മനുഷ്യ ചങ്ങല സമരം, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് നടത്തിയ വനിതാ മതില്‍. പ്രായോഗികമായി നോട്ട് നിരോധനമൊഴിച്ചു മറ്റു രണ്ടു സമരങ്ങളും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളായിരുന്നില്ല. േ്രബക്ക് ദി കര്‍ഫ്യൂ പോലെയോ ഇരിപ്പു സമരം പോലെയോ നില്‍പ് സമരം പോലെയോ ജീവല്‍പ്രശ്‌നങ്ങളെ ബാധിക്കുന്ന വിഷയങ്ങളായിരുന്നില്ല അവ. (ശബരിമല വിഷയത്തില്‍ ആദിവാസികളുടേതു ജീവല്‍പ്രശ്‌നമായിരുന്നു, അതവരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ അതില്‍ പ്രശ്‌നബാധിതരായ അവര്‍ക്ക് ശബരിമല തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന കൃത്യമായ നിലപാടുണ്ടായി.) എന്നാല്‍ മൂന്നു സമരങ്ങളിലും സിപിഎം എന്ന സംഘടയുടെ മാനേജ്‌മെന്റ് കരുത്തും അതിന്റെ സംഘടനാ പാടവവും പ്രകടമായിരുന്നു. സമരത്തിന് വേണ്ടതായ ”റിസോര്‍സ് മൊബിലൈസേഷന്‍” അവരുടെ വലിയ വിജയമാണ്. നോട്ട് നിരോധനമൊഴിച്ചു മറ്റു രണ്ടു വിഷയത്തിലും സാധാരണ ജനങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ടായിരുന്നില്ല. വ്യക്തിപരമായി അവരെ സോളാര്‍ വിഷയവും ശബരിമല പ്രശ്‌നവും ബാധിച്ചിരുന്നില്ല. മാത്രമല്ല ശബരിമല വിഷയത്തില്‍ വനിതാമതിലില്‍ പങ്കെടുത്തവരില്‍ പോലും സമരാവശ്യം എന്താണെന്നു ഏകീകൃതമായ അഭിപ്രായമുണ്ടായില്ല. സിപിഎം ന്റെ നിലപാടില്ലാത്ത ഈ ആള്‍ക്കൂട്ടം തന്നെയാണ് സോളാര്‍ സമരത്തില്‍ മൂന്നാം ദിവസമായപ്പോഴേക്കും തിരികെപ്പോരാന്‍ തുടങ്ങിയത്. അതോടെ സമരം പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുകയായിരുന്നു. ആദിവാസികള്‍ ഭൂമിക്കായി കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ സമരം പോലെ ഒരു ജനകീയ സമരവും സിപിഎം ന്റെ ആള്‍ക്കൂട്ടത്തിനു നടത്താനാകില്ല. റിസോര്‍സുകളില്ലാതിരുന്നിട്ടും എത്രദിവസമാണ് അവര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നിന്നത്. കാരണം അവര്‍ പ്രശ്‌നബാധിതരാണ്. ഇവരതല്ല. എന്നാല്‍ നോട്ട് നിരോധനത്തില്‍ ഇടതുപക്ഷത്തിന് പ്രശ്‌നം ജനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന ബോധ്യമുണ്ടായി. അപ്പോഴും സമരവുമായി ജനങ്ങള്‍ ഏറെകാലം നിലനില്‍ക്കില്ല എന്നവര്‍ക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു പെട്ടെന്ന് അണിനിരത്തി പെട്ടെന്ന് തിരികെ പോകുന്ന മൂന്നോ നാലോ മിനിറ്റു നീളുന്ന മനുഷ്യ ചങ്ങല തീര്‍ത്തത്. വനിതാ മതിലിലും നമ്മള്‍ കണ്ടത് അതാണ്. ഇതാണ് റിസോഴ്‌സ് മൊബിലൈസേഷന്‍ സിദ്ധാന്തത്തിന് ഉദാഹരണം. അതായതു കൃത്യമായി പ്രശ്‌ന ബാധിതരായ ആളുകളല്ല സമരത്തില്‍ നില്‍ക്കുന്നത്. ഒരു സംഘടനയുടെ, ആളുകളെ സംഘടിപ്പിക്കാനുള്ള മാനേജ്മന്റ് കഴിവും അതിന്റെ സമരപരിപാടികള്‍ രൂപീകരിക്കാനും നടപ്പാക്കാനുമുള്ള കഴിവുമാണ് സമരത്തിന്റെ ശക്തി. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎം എന്ന പാര്‍ട്ടിയുടെ താല്പര്യത്തിനായി മൂന്നോ നാലോ മിനിറ്റോ അല്ലെങ്കില്‍ ഒരു ദിവസം തന്നെയോ വന്നു അണിനിരക്കാന്‍ തയ്യാറായ വലിയ അരാഷ്ട്രീയ ആള്‍കൂട്ടമാണിവ. റിസോഴ്‌സ് മൊബിലൈസേഷന്‍ സിദ്ധാന്തത്തിന്റെ ഉത്തമ ഉദാഹരണം.
സത്യത്തില്‍ ഇത്തരത്തില്‍ പരിശോധിക്കുകയാണെങ്കില്‍ സിപിഎം എന്ന സംഘടന ഒരു സാമൂഹിക മുന്നേറ്റത്തിലും ഗുണപരമായ പങ്ക് വഹിക്കുന്നില്ല എന്ന് മാത്രമല്ല, തങ്ങളുടെ മാനേജ്‌മെന്റിലൊതുങ്ങാത്ത സമരങ്ങളെ മുഴുവന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചെങ്ങറയിലും മറ്റും അത് നമ്മള്‍ കണ്ടതാണ്. വികസനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നടക്കുന്ന മുഴുവന്‍ സമരങ്ങളും മുമ്പ് പറഞ്ഞ റിലേറ്റീവ് ഡിപ്രിവേഷന്‍ സിദ്ധാന്തത്താല്‍ സാധാരണക്കാരായ ജനങ്ങളാല്‍ രൂപ്പപ്പെട്ടതാണ്. സിപിഎം നടത്തുന്ന സമരങ്ങളാകട്ടെ മാനേജ്മന്റ് സമരങ്ങളാണെന്നും തെളിവുകള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നു. അതേസമയം ജനകീയ സമരങ്ങള്‍പോലും തങ്ങളുടെ പ്രവര്‍ത്തനമായി ചിത്രീകരിക്കാനുള്ള സിപിഎം മാനേജ്മന്റ് കഴിവും പ്രശംസനീയമാണ്. പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന മുമ്പു പറഞ്ഞ വലിയ അരാഷ്ട്രീയ ആള്‍ക്കൂട്ടം ഈ ജനകീയ സമരങ്ങള്‍ മുഴുവന്‍ സിപിഎം നു ക്ലൈയിം ചെയ്തുകൊടുക്കാന്‍ പ്രത്യേകം ചിട്ടപ്പെടുത്തിയവരാണ്. അതിന്റെ ഭാഗം കൂടിയായിട്ടാണ് സംഘടനാപരമായി ഒന്നും തന്നെ ചെയ്തില്ലെങ്കിലും, സംഘടനക്കകത്തുള്ള ആളുകള്‍ക്ക് ബ്രേക്ക് ദി കര്‍ഫ്യൂ എന്ന മുന്നേറ്റത്തെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും തൃശൂര്‍ എന്‍ജിനീറിങ് കോളേജിലെ ടഎക നേതൃത്വം നല്‍കിയ യൂണിയന്റെ കത്ത് അവലംബമാക്കികൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ കാമ്പസുകളിലും ഹോസ്റ്റല്‍ സമയം 9.30 ആക്കികൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. തൃശ്ശൂര്‍ എഞ്ചിനീറിങ് കോളേജില്‍ ആ കത്ത് നല്‍കിയ സംഭവമൊഴിച്ചാല്‍ ഈ സംഘടന ബ്രേക്ക് ദി കര്‍ഫ്യൂ മുന്നേറ്റത്തില്‍ എവിടെയുമുണ്ടായിട്ടില്ല. എന്നാല്‍ അരാഷ്ട്രീയമായ ആ സംഘടയുടെ വലിയ ആള്‍ക്കൂട്ടം ആ മൂന്നേറ്റത്തെ അവരുടെ രാഷ്ട്രീയ അധ്വാനമായി ക്ളെയിം ചെയ്യാന്‍ ശ്രമിക്കുന്നത് മികച്ച മാനേജ്‌മെന്റ് കഴിവ് തന്നെയാണ്. അതിനായി സര്‍ക്കാര്‍ സംവിധാങ്ങളെ പോലും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

 

 

 

 

 

 

 

 

ഇത്തരത്തില്‍ മറ്റു സംഘടനകളുടെ രാഷ്ട്രീയ അധ്വാനം സിപിഎം ക്ളെയിം ചെയ്യാന്‍ ശ്രമിച്ചതിന് മറ്റൊരു ഉദാഹരണമാണ് ഇരിപ്പു സമരം. പെണ്‍കൂട്ട് എന്ന സംഘടനയുടെ മുന്‍കൈയില്‍ രൂപം കൊണ്ട അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ (AMTU) ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികളെ അണിനിരത്തി നടത്തിയ ഇരിപ്പു സമരം വിജയിച്ചപ്പോള്‍ സിപിഎം ആള്‍ക്കൂട്ടം പ്രചരിപ്പിച്ചതു അത് CITU എന്ന സിപിഎം തൊഴിലാളി യൂണിയന്‍ ഏറ്റെടുത്തു വിജയിപ്പിച്ച സമരം പോലെയായിരുന്നു. സ്ത്രീ തൊഴിലാളികള്‍ ഇരിക്കാനോ മൂത്രമൊഴിക്കണോ കഴിയാത്ത രീതിയില്‍ മനുഷ്യാവകാശ നിഷേധം നേരിട്ടതു സമരത്തിലൂടെ പൊതു ചര്‍ച്ചയാക്കിയത് AMTU ആണ്. സമരം രണ്ടാം ഘട്ടം തുടര്‍ന്ന AMTU നേതൃത്വത്തിലായിരുന്നു. സമരത്തില്‍ അണിനിരന്നവരെല്ലാം തന്നെ പ്രശ്‌നബാധിതരായിരുന്ന സാധാരണ സ്ത്രീകളായിരുന്നു. ദേശാഭിമാനിയുടെയും പാര്‍ട്ടി ചാനലിന്റെയും പാര്‍ട്ടി അണികളുടെയും പ്രചാരണം വഴിയാണ് അവര്‍ ഈ സമരത്തെ തങ്ങളുടേതാക്കി ക്ളെയിം ചെയ്യാന്‍ ശ്രമിച്ചത്. 2014ല്‍ കോഴിക്കോട് സമരം ആരംഭിക്കുമ്പോള്‍ പെണ്‍കൂട്ടിന്റെ സാരഥി വിജിയെ മാവോയിസ്‌റ് ബന്ധം ആരോപിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അപമാനിച്ചത്. പിന്നീട് ആ വര്‍ഷം തന്നെ ഡിസംബര്‍ 30ന് തൃശൂര്‍ കല്യാണ്‍ സില്‍ക്‌സിന് മുന്നില്‍ സമരമാരംഭിച്ചപ്പോള്‍ എ ഐ ടി യു സിയുടെ ഐക്യദാര്‍ഢ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കല്യാണ്‍ സ്വാമിയോടുള്ള വിധേയത്വം മൂലം സിപിഎം ന്റെ വര്‍ഗ ബഹുജന സംഘടനാ, മാധ്യമങ്ങള്‍ പോലും തിരസ്‌കരിച്ച ആ സമരം വിജയിച്ചതിനു ശേഷമാണു 2015 ആഗസ്തില്‍ സീമാസിലെ ഇരിപ്പു സമരം ആരംഭിക്കുന്നത്. അവിടെയും സമരത്തിനിറങ്ങിയത് സാധാരണ സ്ത്രീകളാണ്. സമരം ശക്തിയാര്‍ജിച്ചപ്പോള്‍ CITU ഐക്യപ്പെടുകയും സമരനേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. അവസാനം കേരള സര്‍ക്കാര്‍ 2018 ഒക്ടോബര് 23ന് ‘കേരളം കടകളും വാണിജ്യ സ്ഥാപനങ്ങളും’ നിയമത്തില്‍ ഭേദഗതി വരുത്തി തൊഴിലാളികള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരെ നിയമം പാസാക്കിയപ്പോള്‍ അത് തങ്ങളുടെ അധ്വാനഫലമാണെന്നു സ്ഥാപിക്കാനാണ് ശ്രമിച്ചത്. മുത്തങ്ങസമരത്തിനുശേഷം ആദിവാസി സംഘടന രൂപീകരിച്ച് ഏതാനും ഭൂസമരങ്ങള്‍ നടത്തിയതും ഓര്‍ക്കാവുന്നതാണ്. കേരളത്തിലെ അധസ്ഥിത വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വന്ന നവോത്ഥാന മുന്നേറ്റങ്ങളെ ഇടതുപക്ഷത്തിന്റെ ഏജന്‍സിയില്‍ ആക്കിയത് പോലെ, ഇപ്പോഴും വിജയിക്കുന്ന ജനകീയ മുന്നേറ്റങ്ങളെ ഒരു രാഷ്ട്രീയ അധ്വാനവും എടുക്കാതെ, കൃത്യമായ നിലപാടുകളില്ലാതെ ഏറ്റെടുക്കുന്ന ഒരു അരാഷ്ട്രീയ സവര്‍ണ ആണ്‍കൂട്ടമാണ് സിപിഎം എന്നതാണ് സാമൂഹ്യ ശാസ്ത്ര സിദ്ധാന്തങ്ങളും തെളിവുകളും കാട്ടിത്തരുന്നത്. ഈ സാഹചര്യത്തില്‍ വേണം സിപിഎം ന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തെയും പ്രശ്‌നവത്കരിക്കാന്‍.

(ലേഖകന്‍ സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.)

ഈ ലേഖനത്തിന്റെ ആദ്യഭാഗം

സാമൂഹ്യമുന്നേറ്റങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയ അധ്വാനത്തിന്റെ വിയര്‍പ്പു പറ്റുന്നവരും – അരവിന്ദ് ഇന്‍ഡിജിനിയസ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply