കാപട്യചിറ കെട്ടി കെ.റെയില്‍ മലവെള്ള പാച്ചില്‍ തടയാനാകില്ല

സത്യസന്ധമായ സമീപനവും നിലപാടും വച്ചുകൊണ്ടല്ലാതെ കാപട്യത്തിന്റെ ചിറ കെട്ടി കെ. റെയില്‍ ഉള്‍പ്പെടെയുള്ള മലവെള്ളപാച്ചില്‍ തടയാമെന്ന വ്യാമോഹം സമൂഹം സ്വീകരിക്കില്ല. അതില്ലാതെ ഏതെങ്കിലും കാരണവശാല്‍ ഒരു പദ്ധതി തടഞ്ഞാല്‍ തന്നെ അതു പോലെയുള്ളതോ അതിനെക്കാള്‍ പ്രത്യാഘാതങ്ങള്‍ ഉള്ളതോ ആയ പദ്ധതികള്‍ കടന്നു വരുന്ന മലവെള്ളപാച്ചില്‍ ആണിത്. അതുപോലെ കാല്‍പനികമായി പ്രശ്‌നങ്ങളെ സമീപിക്കുന്നതും പരിഹാരമല്ല. കെ. റെയില്‍ പോലെയുള്ള വന്‍കിട പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ – സാമ്പത്തികം തിരിച്ചറിയുവാനാണ് ജനങ്ങളെ ഉണര്‍ത്തേണ്ടത്. അതിനുപകരിക്കുന്ന നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഇനിയും അത്യാവശ്യം. സന്തുലിതമായ കാഴ്ചപ്പാട് ഉണ്ടാകുവാന്‍ ആ തിരിച്ചറിവ് ഉണ്ടായേ തീരൂ.

സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന വിഭാഗം മാത്രമല്ല ജനസാമന്യമെല്ലാം പുരോഗതിയും പരിസ്ഥിതിയും ഒരു പോലെ ആവശ്യമാണ് എന്ന ഒരു ചിന്തയിലാണ്. കമ്യൂണിസ്റ്റ് റഷ്യയില്‍ ട്രാക്റ്റര്‍ വരുമ്പോള്‍ ചൂലും അടുക്കള സമാനാങ്ങളുമായി എതിര്‍ത്ത സംഗതി പെരിങ്ങോമില്‍ ആണവ നിലയത്തിനെതിരെ ജനങ്ങള്‍ സമരം നടത്തുമ്പോള്‍ അന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അനുസ്മരിച്ചത് അത്തരമൊരു സാഹചര്യത്തിലാണ്. കേരളത്തില്‍ അനവധിയായ പദ്ധതികളെ എതിര്‍ക്കുകയും എന്നാല്‍ പിന്നീട് അവയെല്ലാം വരുമ്പോള്‍ അതിനെ പൊതുജനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് സാധാരണമാണ്. കെ.റെയില്‍ എന്ന അര്‍ദ്ധ അതിവേഗ റെയില്‍പ്പാതയുടെ സില്‍വര്‍ ലൈന്‍ പദ്ധതിയാണ് ഒടുവില്‍ വിവാദമായിരിക്കുന്നത്.

സമൂഹത്തിന്റെ ഒഴുക്ക്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ അത് നടപ്പിലാക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. അവയില്‍ സി.പി.ഐ. നട്ടെല്ല് നിവര്‍ത്തി നിലപാടു പറയുന്നതിന് പകരം, ഒളിച്ചു കളിയാണ് നടത്തുന്നത്. ശക്തമായി എതിര്‍ത്തു ജനങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ജനങ്ങളുടെ കൂടെയും അതല്ല എതിര്‍പ്പുകള്‍ ക്രമേണയെങ്കിലും ദുര്‍ബലപ്പെടുകയാണെങ്കില്‍ കാര്യമായ പൊല്ലാപ്പില്ലാതെ പിന്നീട് മിണ്ടടക്കം പാലിച്ച് നടപ്പിലാക്കുന്നതിന്റെ വല്ല ഗുണവും കിട്ടുമെങ്കില്‍ അതും വാങ്ങിച്ചു കഴിയാനാണ് അവരുടെ ശ്രമം. വൈരുദ്ധ്യങ്ങളുടെ കുതിരപ്പുറത്ത് സവാരി നടത്തി യഥാസ്ഥിതി ഉറപ്പിക്കുന്ന ആ ശൈലിയാണ് എതിര്‍ക്കപ്പെടേണ്ടത്. കെ-റെയില്‍ സംബന്ധമായി ‘ജനങ്ങളുടെ ആശങ്ക അകറ്റണം’ എന്ന വേണമോ വേണ്ടയോ എന്ന നിലപടില്ലാത്ത സമീപനമാണ് സി.പി.ഐ. ക്കാര്‍ പറയുന്നത്. നവോദയാ വിദ്യാലയങ്ങളോടുള്ള എതിര്‍പ്പുകള്‍ മുതല്‍ ഉദാഹരണങ്ങള്‍ പരമ്പരയായി വന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ സി.പി.ഐ. എം. ന്റെ ഭാഗത്ത് നിന്നും ശക്തമായി എതിര്‍ക്കുകയും പിന്നീട് ഭരണത്തിലേറുമ്പോള്‍ ലവലേശം പോലും ലജ്ജയില്ലതെ എല്ലാ എതിര്‍പ്പുകളെയും അടിച്ചൊതുക്കി നടപ്പിലാക്കുന്നതുമാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് കീഴടക്കിയ 19-ാം നൂറ്റാണ്ടിന്റെ കൊഴിഞ്ഞു പോകേണ്ട രാഷ്ട്രീയം അള്ളിപ്പിടിച്ചിരിക്കുവാന്‍ ചൂഷക ശക്തികളുടെ പിന്‍ബലത്തില്‍ നടത്തുന്ന ഒരു കഠിനയത്‌നമാണ് അവയെല്ലാം.

എന്നാല്‍ ബുദ്ധീജിവികള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ മേലക്കിടയില്‍ സ്വാധീന ശക്തിയുള്ള ഒരു വിഭാഗം അര്‍ദ്ധ അതിവേഗ റെയില്‍ പാതയെ പടി പടിയായി നടക്കുന്ന വികസനമായി വാദിക്കുന്നു. വലിയ ബുദ്ധിജീവികള്‍ മാത്രമല്ല അറിയപ്പെടുന്ന കവി എസ്.ജോസഫ്, മൈത്രേയന്‍ തുടങ്ങിയവരെല്ലാം പങ്കുവയ്ക്കുന്നത് സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെയാണ്. മൈത്രേയന്‍ ഏറ്റവും വിശദമായി ആധുനീകരണത്തിന്റെ വാദഗതികള്‍ നിരത്തുന്നു. .എസ്.ജോസഫ് ദലിത സമൂഹം അനുഭവിക്കുന്ന വേദനകളോട് താദാത്മ്യപ്പെട്ടുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ ഒടുവില്‍ ന്യായീകരിക്കുന്നത്. ‘കേരളം മൊത്തം ആധുനീകരിക്കണം, വൃത്തിയാക്കണം, പരിസ്ഥിതി കവിതയെഴുതാന്‍ വേണ്ടി ആധുനീകരണത്തെ ഒഴിവാക്കേണ്ടതില്ല. പരിസ്ഥിതി വളരെ ശ്രദ്ധിക്കുകയും വേണം. ജാതി വ്യവസ്ഥയും മറ്റു പഴഞ്ചന്‍ സാധനങ്ങളും തൂത്തെറിയണം’, അങ്ങനെ പോകുന്നു എസ്.ജോസഫിന്റെ വാദഗതികള്‍. സമൂഹത്തിലെ ഒഴുക്ക് വളരെ പ്രകടമാണ്.

ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത് പോകുകയുമരുത് എന്ന മനോഭാവത്തിലാണ് സമൂഹത്തില്‍ എല്ലാവരും. വികസനം, പുരോഗതി, അഭിവൃദ്ധി തുടങ്ങിയ വാക്കുകള്‍ സൂചിപ്പിക്കുന്ന സങ്കല്പം പൊതുസമൂഹം സ്വീകരിച്ചിരിക്കുന്നതും സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികള്‍ കണക്കാക്കുന്നതും ബഹുഭൂരിപക്ഷം ജനങ്ങളുടെ വിവക്ഷയിലുള്ളതും ഒന്നു തന്നെയാണ്. അതാണ് വാസ്തവത്തില്‍ കെ-റയിലിന്റെ അര്‍ദ്ധ അതിവേഗ റെയില്‍പ്പാത സില്‍വര്‍ ലൈന്‍ പദ്ധതിയെ കേരളത്തിലേക്ക് ആനയിച്ചത്. വെട്ടുമേനി ലാക്കാക്കി മുഖ്യമന്ത്രി പിണറായി വിജയനും പങ്കുപറ്റുകാരായ ശിങ്കിടികളും ഏര്‍പ്പാടാക്കിയല്ല എന്നുപറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തിയില്ല. ആ ഘടകം ശക്തവും ഒരു നിമിത്തവുമാണെന്ന് പകല്‍ പോലെ വ്യക്തം. എന്നു മാത്രമല്ല അന്തരാഷ്ട്ര വായ്പാ വിതരണത്തിന് ആയുധക്കച്ചവടത്തില്‍ എന്നതുപോലെ വായ്പ എടുപ്പിക്കുവാനും കമ്മീഷന്‍ ഇടനിലക്കാരായ ഏജന്റുമാരുണ്ട്. എന്നാല്‍ ഭരണക്കാര്‍ അതിനെ കെട്ടിയിറക്കുവാനുള്ള ഊര്‍ജ്ജം സംഭരിച്ചത് പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥര്‍, വാണിജ്യ-വ്യവസായ ഏര്‍പ്പാടുകാര്‍, വിദ്യാസമ്പന്നര്‍, സ്വകാര്യമേഖലയിലെ ഇടത്തരത്തിലും ഉയര്‍ന്ന ജോലിക്കാര്‍, പ്രഫഷണലുകള്‍, ന്യായാധിപര്‍ തുടങ്ങിയവരുടെയെല്ലാം മനസിലെ ശക്തമായ വികാര വിചാരങ്ങളില്‍ നിന്നാണ്.

ബലമായ കല്ലിടല്‍

അപ്പോഴും പറയാതിരിക്കുവാന്‍ വയ്യാത്ത ഒന്നാണ്, കരള്‍ പറിക്കുന്നതിന്റെ വേദന അനുഭവിക്കുന്നവര്‍ക്കല്ലേ അറിയൂ. എന്നാല്‍ കെ-റെയില്‍ പദ്ധതിക്കുവേണ്ടി നടപടി ക്രമം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് നിയമം കാറ്റില്‍ പറത്തി സര്‍ക്കാര്‍ സ്ഥലമെടുപ്പ് ആരംഭിക്കുകയുണ്ടായി. നിലവിലെ റെയില്‍പ്പാത ഇരട്ടിപ്പിച്ചാല്‍ കേരളത്തിലെ റെയില്‍ ഗതാഗതത്തില്‍ അത് വമ്പന്‍ മാറ്റമുണ്ടാക്കും. എന്നാല്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിലെ ഏറ്റവും ഒടുവിലത്തെ ഭാഗമായ ഏറ്റുമാനൂര്‍-ചങ്ങനാശ്ശേരി പാതയില്‍ കേവലം 5 സെന്റ് ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിന് കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ തുനിഞ്ഞിരുന്നില്ല. അപ്രകാരം പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഏറ്റവും മിനിമം സംഗതികള്‍ ചെയ്യുവാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ബലം പ്രയോഗിച്ച് കെ-റെയിലിന് സ്ഥലം ഏറ്റെടുക്കുവാന്‍ മടി കാണിച്ചില്ല.

കൊച്ചിയില്‍ വല്ലര്‍പാടം പദ്ധതിക്ക് മൂലംപള്ളിയില്‍ വി.എസ്.അച്ചുതന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച പാവങ്ങളുടെ കഞ്ഞിക്കലവും കുഞ്ഞുങ്ങളുടെ പാഠപുസ്തകവും ബള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ചു നിരത്തിയതിന്റെയും വിഴിഞ്ഞത്ത് ‘അദാനി’ തുറുമുഖത്തിന് ഭൂമി ഏറ്റെടുക്കുവാന്‍ പാവങ്ങളില്‍ പാവങ്ങളായ മത്സ്യതൊഴിലാളികളുടെ വീടുകളും മറ്റും ബലമായി ഇടിച്ചു നിരത്തി പിടിച്ചെടുത്തതിന്റെയും തുടര്‍ച്ചയാണ് കെ-റെയിലിനുവേണ്ടി ഭൂമി ഏറ്റെടുക്കുവാന്‍ പാവങ്ങളുടെ അടുക്കളയ്ക്കകത്തുപോലും കയറി ബലമായി അതിരു കല്ലുകള്‍ സ്ഥാപിച്ചത്. അത് ലോകമൊട്ടാകെ കോര്‍പറേറ്റ് പദ്ധതികള്‍ക്ക് ജനങ്ങളുടെ കിടപ്പാടവും ഉപജീവനവും തകര്‍ക്കുന്നതും ദശലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്നതും നന്ദിഗ്രാമിലൂടെയും മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സാമ്പത്തിക മേഖലകളിലൂടെയും ഗംഗാ എക്‌സ്പ്രസ് വേയിലൂടെയും വ്യവസായ ഇടനാഴിയിലൂടെയും നമ്മുടെ രാജ്യത്തും അഭംഗുരം നടക്കുകയാണ്. കേരളത്തിലെ ഭരണമുന്നണി കക്ഷികളെ ചരിത്രത്തില്‍ എവിടെയാണ് കെ-റെയില്‍ പദ്ധതി അടയാളപ്പെടുത്തുന്നതെന്ന് വിചിന്തനം നടത്തുവാന്‍ പ്രേരിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുത്തതിലെ വിങ്ങിപ്പൊട്ടലുകള്‍ മാത്രം മതി.

മാറി മാറി ഭരിച്ച ഇടതുപക്ഷ മുന്നണിയുടെയും വലതുപക്ഷ മുന്നണിയുടെയും അര്‍ത്ഥം നഷ്ടപ്പെട്ട പക്ഷ വേര്‍തിരിവുകള്‍ ആകാശമാര്‍ഗ്ഗേ എന്‍ഡോസള്‍ഫാന്‍ തളിച്ചപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ അനവധിയായ കുഞ്ഞുങ്ങള്‍ നൊമ്പര ജനനങ്ങളായി പിറക്കുന്നതിനാണ് ഇടയാക്കിയത്. പ്രത്യേകിച്ചും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളില്‍ പരിസ്ഥിതി വാദികള്‍ എന്നുപറയുന്ന നേതാക്കള്‍ ഏറെയുള്ള ഒരു പാര്‍ട്ടിയുടെ ചുമതലയിലാണ് യാതൊരു വിധമായ തടസ്സവുമില്ലാതെ എന്‍ഡോസള്‍ഫാന്‍ ഏറെ വര്‍ഷങ്ങള്‍ തളിച്ചതെന്നും എല്ലാവര്‍ക്കുറിയാം. എന്നാല്‍ അഭിനയ നാട്യങ്ങള്‍ കേരള സമൂഹത്തിലും ഇപ്പോഴത്തെ ലോക സാഹചര്യത്തിലും ഏറെ ചെലവാകുന്ന, മാധ്യമങ്ങള്‍ വിറ്റഴിക്കുന്ന ഒരു ചരക്കു കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

വിലപ്പോകാത്ത എതിര്‍പ്പിന്റെ ശൈലികള്‍

ആ സംഗതിയെ നേരിടുന്നതിന് മാധ്യമങ്ങളിലെ ചില മുന്‍വിധി പ്രചാരകരുടെയോ പരിസ്ഥിതിയുടെ പേരില്‍ അരങ്ങില്‍ ആടിക്കളിക്കുന്ന മാധ്യമ പ്രിയരായ ചില പരിസ്ഥിതി നേതാക്കളുടെയോ ചില ശാസ്ത്രജ്ഞരുടെയോ വാദഗതികള്‍ക്ക് കഴിയില്ല. പൊതുജനങ്ങളുടെ ആ സങ്കല്പം ഏതാണ്ട് ഉറങ്ങിക്കിടക്കുന്നതുപോലെയാണ്. സില്‍വര്‍ ലൈന്‍ പോലെയുള്ള പദ്ധതികളെ സ്വീകരിക്കുന്നതിന് കാലങ്ങളായി പരുവപ്പെട്ട പൊതുജനങ്ങളുടെ ആ മനസ് എപ്പോഴും തയ്യാറാണ്. എന്നാല്‍ അതിനെതിരായി മാധ്യമങ്ങളും ചില പ്രചാരണങ്ങളും ശക്തമാകുമ്പോള്‍ ഒരുപക്ഷെ പൊതുജനങ്ങള്‍ അത്തരം പദ്ധതികളോട് തിരിഞ്ഞ് നില്‍ക്കും. പെരിങ്ങോം എന്ന സ്ഥലത്ത് കമ്യൂനിസ്റ്റ് സര്‍ക്കാര്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ച ആണവ നിലയം, പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ നായനാര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ച കൊക്കോകോള ഫാക്ടറി എന്നിവയെല്ലാം അത്തരം വിരുദ്ധ സാഹചര്യങ്ങളില്‍ മാത്രമാണ് പ്രതിരോധിക്കപ്പെട്ടത്. എന്നാല്‍ കന്യാകുമാരി ജില്ലയിലെ കൂടങ്കുളം ആണവ പദ്ധതിയിലൂടെ പെരിങ്ങോമിന്റെയും ഇപ്പോഴും അഭംഗുരം തുടരുന്ന കോള, കുപ്പിവെള്ള വില്‍പന, കഞ്ചിക്കോട്ടെ പെപ്‌സി കോള കമ്പനിയുടെ പ്രവര്‍ത്തനം എന്നിവയിലൂടെ കൊക്കോളയുടെയും പൊതുസമൂഹത്തിലെ സങ്കല്പനങ്ങള്‍ ഇവിടെ പ്രബലമാണ്. പ്ലാച്ചിമടയില്‍ കോള ഫാക്ടറി പൂട്ടിക്കുവാനുള്ള സമരത്തില്‍ ആദ്യഘട്ടം മുതലുള്ള ഞങ്ങളെയൊക്കെ പിന്തള്ളി പിന്നീട് ഇടതുജനാധിപത്യ മുന്നണിയിലെയും ഐക്യ ജനാധിപത്യ മുന്നണിയിലെയും നേതാക്കളും കക്ഷികളും ബി.ജെ.പി.നേതാക്കളും സമരത്തെ പിടിച്ചടക്കിയവരാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി എന്നിവര്‍ പ്ലാച്ചിമടയില്‍ നാട്യം കാണിക്കുന്നതിന് പോലും വന്നില്ലെന്ന സംഗതിയും ശ്രദ്ധേയമാണ്.

കേന്ദ്രഭരണകക്ഷിയുടെ നാട്യങ്ങള്‍

സില്‍വര്‍ ലൈന്‍ പദ്ധതിയെ തങ്ങളാണ് അധികാരത്തിലെങ്കില്‍ ജനങ്ങള്‍ക്കെല്ലാം സ്വര്‍ണ്ണം വിതറുന്നതുപോലെയുള്ള അവകാശവാദങ്ങളുമായി അത് നടപ്പിലാക്കുമായിരുന്ന ബി.ജെ.പി.യുടെ കളിയാണ് ഏറ്റവും ഉദ്ദേശ്യ ശുദ്ധിയില്ലാത്തത്. അതിവേഗ റെയില്‍പാതയും രാജ്യത്തെ കീറിമുറിച്ചു കൊണ്ട് തെക്കുവടക്കും കിഴക്കു പടിഞ്ഞാറും മധ്യഭാഗത്തുകൂടിയും സ്ഥാപിക്കുന്ന വ്യവസായ ഇടനാഴിയും ഗംഗാ എക്‌സ്പ്രസ് വേയും പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയും ഏതാണ്ട് വലിയ നേട്ടമായി കൊട്ടിഘോഷിക്കുച്ച് നടപ്പിലാക്കുന്ന കേന്ദ്രത്തിന്റെ വക്താക്കള്‍ ഇവിടെ സില്‍വര്‍ ലൈന്റെ പേരായ്മകള്‍ വര്‍ണിക്കുവാന്‍ മുമ്പിലാണ്. ഇ.ശ്രീധരന്‍ എന്ന എഞ്ചിനീയറെ കൊങ്കണ്‍ പാതയ്ക്ക് വേണ്ടി കണ്ടെത്തി അത് നടപ്പിലാക്കിയ മുന്‍മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ഇച്ഛാശക്തി ഏറ്റവും വലിയ അവസരവാദിയെങ്കിലും മഹത്തരമാണ്. അതുപോലൊരു പദ്ധതി നടപ്പിലാക്കിയതിന്റെ സല്‍പ്പേര് കൈമുതാലാക്കിയ ശ്രീധരന്‍ പിന്നീട് കോര്‍പറേറ്റ് താല്പര്യ പദ്ധതികളുടെ ഒരു വലിയ വക്താവായി മാറി. ദില്ലി മെട്രോ, കൊച്ചി മെട്രോ തുടങ്ങിയവയിലൂടെ ആഗോള മുതലാളിത്ത ശക്തികളുടെ വായ്പാ വ്യവസായത്തിന് ശ്രീധരന്‍ ചട്ടുകമായിതീര്‍ന്നതിനാലാണ് പിന്നീട് വലിയ നേട്ടമായി വിശേഷിപ്പിച്ച് നടപ്പിലാക്കിയ ആ ജനവിരുദ്ധ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വിദേശ താല്പര്യങ്ങള്‍ക്ക് സേവ ചെയ്യുന്ന അധികാര ശക്തികളുടെ കൂലി വേലക്കാരനാകുവാനാണ് പ്രഗത്ഭനായ ആ എഞ്ചിനീയറുടെ പരിശ്രമം. ഒരു വശത്ത് ജനവിരുദ്ധതയുടെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുകയും ശ്രീധരനെ മുന്നില്‍ നിര്‍ത്തി കെ.റയിലിനെ എതിര്‍ക്കുകയും ചെയ്യുന്ന ഇരയോടൊപ്പം ഓടുകയും വേട്ട നായക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ചതിയന്‍ നയമാണ് ബി.ജെ.പി.യുടേത്. യു.ഡി.എഫ്. ആണെങ്കില്‍ വന്‍കിട പദ്ധതികളുടെ ഇന്ത്യയിലെ ഉപജ്ഞാതാക്കളും വിദേശ അടിമത്തം ചുമക്കുന്നതിന്റെ പാപഭാരത്താല്‍ നടുവളഞ്ഞ് വാര്‍ദ്ധക്യത്തിന്റെ പടുകുഴിയിലുമായ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയാണ് കെ-റെയിലിനെ എതിര്‍ക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. കെ.റയിലിന് എതിരെ ഉയരുന്ന മേല്‍പറഞ്ഞ ഒരു ശബ്ദവും അതിജീവിക്കുന്നതിന്റെ പ്രതീക്ഷ തരാത്തവയാണ്. അക്കൂട്ടര്‍ കെ-റെയില്‍ തടഞ്ഞാലും സമൂഹത്തിന്റെ ഇന്നത്തെ കുത്തൊഴിക്കില്‍ മാറ്റമുണ്ടാക്കില്ല എന്നാണ് അനുഭവം തെളിയിക്കുന്നത്. എന്നിരുന്നാലും വസ്തുവകകള്‍ നഷ്ടപ്പെടുന്നവരുടെയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും സങ്കടങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ഇന്നത്തെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്ക് നേട്ടങ്ങളേ ലഭിക്കൂ.

പൊതുസമൂഹത്തിലെ പ്രതികരണങ്ങളും അതിജീവന സമസ്യകളും

കെ-റെയിലിന്റെ കാര്യത്തിലെന്ന പോലെ മറ്റനവധി വിഷയങ്ങളിലും കേരളീയ സമൂഹത്തിന്റെ പൊതുസമ്മതിയെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. പോസിക്യൂഷന്‍ വീഴ്ച വരുത്തി വീണ്ടും ചര്‍ച്ചാ വിഷയമായി മാറിയ അട്ടപ്പാടിയിലെ ആദിവാസിയായ വിശന്നു വലഞ്ഞ നിരാലംബ യുവാവ് മധു എന്തോ ഭക്ഷ്യവസ്തുക്കള്‍ എടുത്തു എന്ന ‘മാരകമായ മോഷണ ക്കുറ്റം”…ചുമത്തി ആള്‍ക്കൂട്ടം എന്നു വിളിക്കുന്ന കൂറെ ആളുകള്‍ തല്ലിച്ചതച്ചു കൊന്ന വിഷയം മാത്രമെടുത്താല്‍ മതി. ആ കൊലപാതക കൂട്ടം, ആലോചിച്ച് സമയമെടുത്താണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് അതിന്റെ ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയും. ഒരു ആള്‍ക്കൂട്ടത്തിന്റെ പെട്ടെന്നുള്ള രോഷത്തില്‍ കൊല്ലപ്പെട്ടതല്ല മധു. അവരുടെ മനസില്‍ മധുവിനെപ്പോലെ ഒരാള്‍ ഒരു പാഴ് ജന്മമാണെന്ന സങ്കല്പമായിരിക്കും കനപ്പെട്ടിരുന്നത്. മധുവിന് ”വധ ശിക്ഷ” നല്‍കുമ്പോള്‍ സി.പി.ഐ.എം. ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരും ആ വിധി കര്‍ത്താക്കളിലും ആരാച്ചാരന്മാരിലും ഉണ്ടായിരുന്നുവല്ലോ. അവര്‍ തന്നെ മറ്റൊരു വേളയില്‍, ആര്‍.എസ്.എസുകാര്‍ ഏതെങ്കിലും ന്യൂനക്ഷ സമുദായാംഗത്തെ കൊലപ്പെടുത്തിയ സംഭവത്തിലോ എസ്.ഡി.പി.ഐ. ക്കാര്‍ സി.പി.ഐ.എം.ന്റെ ഏതെങ്കിലും പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലോ അതിശക്തവും അക്രമാസക്തവുമായ പ്രകടനങ്ങള്‍ നടത്തുവാന്‍ തുനിയുന്നവരായിരിക്കും.

തങ്ങള്‍ ഒരു വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സമാനമായ മറ്റൊരു വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുമായി വിപരീതമാകുന്നതില്‍ കേരളീയ സമൂഹത്തിലെ പ്രബലമായ ഒരു വിഭാഗത്തിന് അത്ര വലിയ ബുദ്ധിമുട്ടില്ല. ഒരുപക്ഷേ അഭിപ്രായങ്ങള്‍ ഒരു വ്യക്തിയെ സംബന്ധിച്ച് വ്യക്തിപരമായ കാരണങ്ങളാല്‍ വിഭിന്നമായി തീരാം. എന്നാല്‍ ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് കടക വിരുദ്ധമായി തീരുന്നത് എന്തുകൊണ്ടും ആശാസ്യമല്ല. ആവര്‍ത്തിച്ചു വരുന്ന നിലപാടു വൈരുദ്ധ്യങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ ചികിത്സയില്ലാത്ത രോഗബാധയാണ് കാണിക്കുന്നത്. മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാത്തവര്‍ കേരളത്തില്‍ ആരും തന്നെയില്ല. എന്നാല്‍ ഭരണകക്ഷിയുടെ ആള്‍ക്കാരും കൊലപാതക സംഘത്തില്‍ ഉണ്ടെന്നുള്ള കാരണം ഏതുവിധേനെയും കള്ളക്കളി നടത്തി അന്വേഷണവും കുറ്റവിചാരണയും അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഭരണകക്ഷിയുടെ സ്വാധീനത്തില്‍ നടത്തി കൊണ്ടിരുന്നു. ഭരണകക്ഷിയുടെ പിന്തുണക്കാരും അനുഭാവികളുമായ എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരും നിരാലംബനായ മധുവിനെക്കുറിച്ച് രചനകള്‍ നടത്തി പണം നേടിയവരായിരിക്കാം. എന്നാല്‍ മധുവിന്റെ കൊലപാത കേസ് ഭരണകക്ഷി അട്ടിമറിക്കുമ്പോള്‍ അവര്‍ക്ക് യാതൊരു പ്രതിഷേധവുമില്ല. അത്തരം അവസരവാദവും കാപട്യവും കേരളീയ സമൂഹത്തിലെ സാംസാകാരിക, ബുദ്ധിജീവി വിഭാഗത്തില്‍ വേരുറപ്പിച്ചിരിക്കുകയാണ്. സ്റ്റാലിന്റെയും മാവോയുടെയും പോള്‍ പോട്ടിന്റെയും ഹിറ്റ്‌ലര്‍ നടത്തിയ മനുഷ്യകശാപ്പിനൊപ്പം നില്‍ക്കുന്ന നരമേധത്തിന് ശേഷവും കമ്യൂനിസ്റ്റുകള്‍ മനുഷ്യജീവനെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചുമുള്ള ചിന്തയില്‍ അഴിച്ചുപണി നടത്തിയിട്ടില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതുപോലെ പശ്ചിമഘട്ട സംരക്ഷണത്തിന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പരാമര്‍ശിക്കുന്നവര്‍ കൊച്ചിമെട്രോ റെയില്‍ പണിയുന്ന അവസരത്തില്‍ ആരെയും കണ്ടില്ല. വളരെ ക്യാഷ്വല്‍ ആയി ചിലയാളുകള്‍ മെട്രോ റെയില്‍ സംബന്ധമായി എന്തോ പരമാര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മെട്രോ റെയില്‍ കൊണ്ട് കൊച്ചി നഗരത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്ന വിമര്‍ശനത്തിന്റെ വേലിക്കെട്ട് കടക്കാത്തതാണ് അത്. അതിനപ്പുറമൊന്നുമില്ല; പ്രക്ഷോഭണം ഉണ്ടായതേയില്ല. ‘ വികസന വിരോധികള്‍’ എന്ന ലേബലിംഗ് അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ ‘ വികസന വിരോധികള്‍’ എന്ന ലേബലിംഗ് എന്തുകൊണ്ടാണെന്നും അതിനെ എങ്ങനെ ചെറുക്കാമെന്നും അത്തരക്കാര്‍ ചിന്തിക്കുന്നില്ല. ഇന്നത്തെ വികസനത്തിന്റെ അടിസ്ഥാന ശിലകള്‍ മാറ്റി ജനങ്ങള്‍ക്ക് പങ്കാളിത്തവും അതിജീവനവും സാദ്ധ്യമാക്കുന്നതിന്, മെട്രോ റെയില്‍ പോലുള്ള പദ്ധതികളെ ചോദ്യം ചെയ്യുവാന്‍ ലജ്ജിക്കുന്നിടത്തോളം കാലം കഴിയുകയുമില്ല. പശ്ചിമഘട്ടത്തെ മാന്തിപൊളിച്ച് പാറ വെട്ടിപ്പിളര്‍ ന്നാണല്ലോ കൊച്ചിയില്‍ നിലം തൊടാത്ത മെട്രോ റെയില്‍ പണിതുയര്‍ത്തിയത്. കൊച്ചി മെട്രോ റെയിലിന്റെ ഒരു തൂണിന് പോലും ആവശ്യമായ കരിങ്കല്ലും സിമന്റും മാത്രം മതിയാകും ഒരു പക്ഷേ നമ്മള്‍ ഏറെ പ്രതികരണം നടത്തിയ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസക്കാരിയായിരുന്ന ജിഷയെ പോലെ ഒരാള്‍ക്ക് വീട് വയ്ക്കുവാന്‍. എന്നാല്‍ അക്കാര്യം ആരും അപ്പോള്‍ ഉന്നയിച്ചില്ല. ജിഷയുടെയും അട്ടപ്പാടിയിലെ മധുവിന്റെയും നാട്ടുമ്പുറത്തെയും നഗരജീവിതത്തിന്റെ ഓരങ്ങളിലെയും മലഞ്ചെരുവുകളിലെയും വാസയോഗ്യമല്ലാത്ത സാഹചര്യങ്ങളിലും വീടുകളിലും കഴിയുന്ന അനവധിയായ ജനങ്ങള്‍ പാവപ്പെട്ടവരായിരിക്കുന്നത് നമ്മുടെ നഗരങ്ങളില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കിലും അല്ലാതെയും ഉണ്ടാക്കുന്ന സൗകര്യങ്ങള്‍ കൊണ്ടു കൂടിയാണ്. അവയെ ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ നമ്മുടെ പ്രതികരണങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുകയുള്ളൂ. എന്നാല്‍ അവയെ ബന്ധിപ്പിക്കാനാവാത്ത വിധം, ചില താല്പര്യങ്ങളോടെയുള്ള വികാര പ്രകടനങ്ങള്‍ക്ക് അപ്പുറം കേരളീയ സമൂഹത്തിന്റെ പൊതുമനസ് അത്തരം വിഷയങ്ങളില്‍ നിന്ന് വളരെ അകലെയാണ്. ആ യാഥാര്‍ത്ഥ്യമാണ് നമ്മുടെ കേരള സമൂഹത്തിന്റെ ദിശാബോധം തീരുമാനിക്കുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കപടപ്രേമവും മലയോരജനതയും

കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യും പാര്‍ലമെന്റ് അംഗവുമായിരുന്ന ഇടുക്കി ജില്ലയില്‍ നിന്നുള്ള പി.റ്റി.തോമസിന്റെ മരണവും അനുബന്ധമായി ഉയര്‍ന്ന വിഷയങ്ങളും ഈയിടെ വാര്‍ത്താപ്രാധാന്യം നേടിയ മറ്റൊരു സംഭവമായിരുന്നു. കേരളീയസമൂഹം ഒന്നടങ്കം അണിനിരന്ന് പി.റ്റി.തോമസിനെ പുകഴ്ത്തുകയും അദ്ദേഹത്തിന് എതിരെന്ന് പറഞ്ഞവരെ താഴ്ത്തി കെട്ടുകയും ചെയ്തു. ഏതൊരു കേരളീയനും അപ്പോള്‍ മാധ്യമങ്ങളും പരിസ്ഥിതിവാദികളും സൃഷ്ടിച്ച മാസ്മരികതയില്‍ അപ്രകാരമേ ചെയ്യൂ. ശബ്ദ കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയ ശേഷം പരിശോധിച്ചപ്പോഴാണ് ഒന്നിച്ചണിനിരന്ന് ‘പരിസ്ഥിതി സംരക്ഷിക്കാന്‍’ അവര്‍ ഇറങ്ങിപ്പുറപ്പെട്ടതിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയുവാന്‍ കഴിഞ്ഞത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പി.റ്റി.തോമസ് അതിനെ എതിര്‍ക്കുന്ന ഒരു പ്രസംഗ വീഡിയോ വന്നതും അദ്ദേഹത്തെ അവഹേളിച്ച് നടത്തിയതെന്ന് പറയുന്ന ശവസംസ്‌കാര യാത്രയില്‍ അദ്ദേഹത്തിന്റെ പോരോ അദ്ദേഹത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങളോ ഇല്ലാതെ കേവലം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നിവയാണ് ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നതെന്നുമുള്ള തെളിവ് സഹിതം പുറത്തു വന്ന വീഡിയോകളെ നമുക്ക് അവഗണിക്കാം.

എന്നാല്‍ മാധവ് ഗാഡ്ഗിലിന്റെ ശുപാര്‍ശ, ഓരോ ഗ്രാമസഭകളും ഭൂമിയുടെ തരംതിരിവുകള്‍ തീരുമാനിക്കണമെന്നാണ്. കൂടാതെ അദ്ദേഹം ജനങ്ങളെ പുറത്താക്കാതെ ജനങ്ങളെ ഉള്‍ക്കൊണ്ട്, എങ്ങനെ പശ്ചിമഘട്ടം സംരക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിന് വിപരീതമായി അന്നത്തെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ആ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് കേന്ദ്രീകൃതമായി വിജ്ഞാപനം ഇറക്കുകയാണ് ചെയതത്. അതില്‍ അസ്വസ്ഥനായ മാധവ്ജി അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് കൂടിക്കാഴ്ച അനുവദിക്കുവാന്‍ ഒരു അഭ്യര്‍ത്ഥന അയ്ക്കുകയുണ്ടായി. എന്നാല്‍ തികച്ചും അസ്വാഭാവികമെന്നു പറയട്ടെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മന്ത്രി ജയന്തി നടരാജന്‍ തള്ളിക്കളയുകയാണ് ചെയ്തത്. പരിസ്ഥിതിയോട് യഥാര്‍ത്ഥ താല്പര്യം ഉണ്ടായിരുന്നെങ്കില്‍ മന്ത്രി അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുമായിരുന്നു. മാധവ് ഗാഡ്ഗില്‍ തന്റെ സ്‌നേഹിതനായ ചരിത്രകാരന്‍ പ്രൊഫ. രാമചന്ദ്ര ഗുഹയോട് തന്റെ അനുഭവം പങ്കുവയ്ക്കുകയുണ്ടായി. അതനുസരിച്ച് പ്രൊഫ. രാമചന്ദ്ര ഗുഹ അക്കാര്യമെല്ലാം പങ്കുവച്ച് ഹിന്ദു ദിനപത്രത്തില്‍ ഒരു കുറിപ്പ്് എഴുതി. ആ കുറിപ്പ് വന്നയുടനെ മന്ത്രി ജയന്തി നടരാജന്‍ മാധവ് ഗാഡ്ഗിലിനെയല്ല, മറിച്ച് രാമചന്ദ്ര ഗുഹയെ ടെലഫോണില്‍ ബന്ധപ്പെട്ടു. മാധവ് ഗാഡ്ഗില്‍ ഒരു അഭ്യര്‍ത്ഥന തന്നാല്‍ മതിയല്ലോ, താന്‍ ഉറപ്പായും ഒരു കൂടിക്കാഴ്ച അനുവദിക്കുമെന്നും അറിയിച്ചു. ആത്മാര്‍ത്ഥമായി ഇടപെട്ട രാമചന്ദ്രഗുഹ, മന്ത്രിക്ക് ഒരു അഭ്യര്‍ത്ഥന അയക്കുവാന്‍ മാധവ് ഗാഡ്ഗിലിനെ നിര്‍ബന്ധിച്ചു. എന്നാല്‍ താന്‍ ഒരിക്കല്‍ ഒരു അഭ്യര്‍ത്ഥന അയ്ച്ചതാണെന്നും അത് നിരസിച്ചതിനാല്‍ വീണ്ടും അയ്ക്കുന്നത് അര്‍ത്ഥമില്ലാത്തതാണെന്നും വാദിച്ച മാധവ് ഗാഡ്ഗിലിന് രാമചന്ദ്ര ഗുഹയുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം നിമിത്തം മന്ത്രിക്ക് വീണ്ടുമൊരു അഭ്യര്‍ത്ഥന അയ്‌ക്കേണ്ടി വന്നു. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന വിധം മന്ത്രി ജയന്തി നടരാജന്‍, മാധവ് ഗാഡ്ഗിലിന്റെ രണ്ടാമത്തെ അഭ്യര്‍ത്ഥനയും നിരസിക്കുകയാണ് ചെയ്തത്. മാധവ് ഗാഡ്ഗില്‍ ലേഖകനോട് അക്കാലത്ത് നേരില്‍ പറഞ്ഞ വസ്തുതതാണ് മേല്‍പറഞ്ഞത്.

ജയന്തി നടരാജന്റെ പ്രവൃത്തിയുടെ ചേതോവികാരം എന്തെന്ന് ആലോചിക്കുമ്പോഴാണ് പരിസ്ഥിതി മന്ത്രിയുടെ സ്ഥാപിത താല്പര്യവും വലിയ കോര്‍പറേറ്റ് ബന്ധങ്ങളും നമ്മുടെ മുന്നില്‍ വരിക. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോള്‍ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ വിജ്ഞാപനം ഇറക്കിയ അതേ ജയന്തി നടരാജന്‍ പരിസ്ഥിതി മന്ത്രി എന്ന നിലയില്‍ ഝാര്‍ഖണ്ഡില്‍ ഒന്നരലക്ഷത്തോളം ഹെക്ടര്‍ വനഭൂമി അനധികൃതമായി കോര്‍പറേറ്റുകള്‍ക്ക് കൈമാറിയതിന് സി.ബി.ഐ.യുടെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനേക്കാള്‍ കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും ഖനന ലോബികള്‍ക്കുവേണ്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കുവാന്‍ ഇടപെടുന്നതിനാണ് റിപ്പോര്‍ട്ടില്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞതിന് കടകവിരുദ്ധമായി കേന്ദ്രതലത്തില്‍ വിജ്ഞാപനം ഇറക്കിയതെന്ന് ഇപ്പോള്‍ ആര്‍ക്കും മനസിലാകും. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടു വന്ന ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ് നിയമം ഉപയോഗിച്ച് മലയോര മേഖലയില്‍ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഭൂമി വനം വകുപ്പ് പിടിച്ചെടുത്തു കൊണ്ടിരുന്ന പശ്ചാത്തലത്തില്‍ ഭയന്ന് വിറങ്ങലിച്ചിരുന്ന മലയോര ജനതയെ ഇളക്കി വിട്ടാല്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ തളളിക്കളയാനാകുമെന്ന് ഖനന മാഫിയയ്ക്ക് അറിയാമായിരുന്നു. അതിനായി കണ്ടുപിടിച്ച കുതന്ത്രമാണ് പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ വിജ്ഞാപനമിറക്കല്‍. വാസ്തവത്തില്‍ മലയോര ജനതയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തമ്മില്‍ നേര്‍ വിപരീതമല്ല. മലയോര ജനതയെ വിശ്വാസത്തിലെടുത്ത് ബോധ്യപ്പെടുത്തി കൊണ്ടുവരേണ്ട പശ്ചിമഘട്ട സംരക്ഷണ നടപടി, തല്പരകക്ഷികളുടെ കുതന്ത്ര പ്രയോഗത്താല്‍ മലയോര ജനതയെ ശത്രുപക്ഷത്തേക്ക് തള്ളിയിട്ടാണ് നടത്തുവാന്‍ ശ്രമിച്ചത്. യാഥാര്‍ത്ഥ്യലോകത്തുനിന്ന് എപ്പോഴും അകന്നുമാറുന്ന ചില പരിസ്ഥിതി പ്രവര്‍ത്തകരും തല്‍പരകക്ഷികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അറിഞ്ഞും അറിയാതെയും ഒന്നിച്ച് നിന്ന് മലയോരജനതയെ ശത്രുപക്ഷത്ത് ആക്കുകയായിരുന്നു.

നാട്ടില്‍ പട്ടിണിയും പരിവട്ടവും പടര്‍ന്നിരുന്ന കാലത്ത് ജനങ്ങളെ അധികാരശക്തികള്‍ ആകര്‍ഷിച്ചാണ് പശ്ചിമഘട്ട മലയോര മേഖലയിലേക്ക് കുടിയേറ്റത്തിന് പ്രേരിപ്പിച്ചത്. ഭൂമിയുമായി വൈകാരിക ബന്ധമുള്ള അവരുടെ കുടിയേറ്റവും അവിടുത്തെ നിലനില്‍പ്പും അക്കാലത്ത് സാഹസികവും ദുര്‍ഘടം പിടിച്ചതും ത്യാഗപൂര്‍ണ്ണവുമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ തങ്ങളുടെ ഭൂമി പിടിച്ചെടുക്കുമെന്ന പ്രചാരണം അത്രയേറെ അസ്ഥാനത്തുമല്ലായിരുന്നു. കാരണം ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തതിനുപകരം കേന്ദ്രതലത്തില്‍ വിജ്ഞാപനമിറക്കി ഭൂമി കൈവശപ്പെടുത്തുമെന്ന അവരുടെ ഭയം, ആ വിഞ്ജാപനം നിലനില്‍ക്കുവോളം ഒഴിഞ്ഞു പോകില്ലായിരുന്നു. കോണ്‍ഗ്രസിന്റെ നേതാവെന്ന നിലയില്‍ ജയന്തി നടരാജന്റെ കള്ളകളികള്‍ എതിര്‍ക്കുവാനോ അറിഞ്ഞഭാവം പോലും നടിക്കുവാനോ ജീവിച്ചിരുന്നപ്പോള്‍ പി.റ്റി.തോമസ് ശ്രമിച്ചിട്ടില്ല.

ഒരു ജനതയെ മുള്‍മുനയില്‍ നിര്‍ത്തി നേതാവ് ആദര്‍ശ വാദി ചമയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കോണ്‍ഗ്രസിന്റെ അഭംഗുരം തുടരുന്ന പരിസ്ഥിതി വിരുദ്ധവും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതുമായ ജനവിരുദ്ധ നയങ്ങള്‍ ഒരിക്കലും ചോദ്യം ചെയ്യാതെ ആ ഘട്ടത്തില്‍ തന്റെ നേതൃത്വപരമായ വിഹിതത്തെ ഓര്‍ത്ത് പ്രവര്‍ത്തിക്കുന്ന നേതാവിന് പരിസ്ഥിതി സംരക്ഷണത്തിന് എന്ത് പ്രതിജ്ഞാബദ്ധതയാണുള്ളത്. മാധ്യമങ്ങളും തല്‍പരകക്ഷികളും പി.റ്റി.തോമസിനെ വാഴ്ത്തുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ പരിസ്ഥിതി പ്രേമം ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ പ്രശ്‌നങ്ങളുടെ സാകല്യത പരിഗണിക്കാതെ ആ വായ്ത്താരിയില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തുവാന്‍ മുന്നോട്ട് വന്നത് അത്ഭുതാവഹമാണ്. കേരളത്തില്‍ തൊടരുതാത്ത വിശുദ്ധ പശുക്കളും എപ്പോഴും കല്ലെറിയേണ്ട ഭൂതങ്ങളും റെഡിമെയ്ഡ് ആയി നമ്മുടെ ബുദ്ധി ജീവി – സാംസ്‌കാരിക നായകരും മാധ്യമങ്ങളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കാപട്യത്തിന്റെ മണല്‍കൂനയില്‍ നമ്മുടെ തലപൂഴ്ത്തി വയ്ക്കുവാന്‍ നമുക് നല്ല സൗകര്യമാണ് അതൊരുക്കുന്നത്.

ദിശാബോധം മാറ്റുന്ന നിലപാട് വേണം

ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ആരംഭിച്ചതും പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതുമായ വ്യവസായ ഇടനാഴി എന്ന പദ്ധതി രണ്ടു കിലോമീറ്റര്‍ വീതിയില്‍ രാജ്യം മുഴുവനും വലയം ചെയ്ത് ഉണ്ടാക്കുമ്പോള്‍ ഒരു പക്ഷേ ഇന്ത്യയുടെ നാല്‍പത് ശതമാനത്തോളം ഭൂമി തകര്‍ക്കപ്പെടും. അത്രയും പ്രത്യഘാതമുള്ള യാതൊരു പദ്ധതിയും ഇപ്പോഴില്ല. കെ-റെയില്‍ പദ്ധതി അതിന്റെ മുന്നില്‍ ഒന്നുമല്ല. കൊച്ചി മെട്രോ റെയില്‍ ഉത്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വന്നപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോയമ്പത്തൂരില്‍ നിന്ന് ബെംഗലൂരിലേക്ക് പോകുന്ന വ്യവസായ ഇടനാഴിയുടെ കൈവഴിയായി കോയമ്പത്തൂര്‍ – കൊച്ചി വ്യവസായ ഇടനാഴി കൂടി അനുവദിച്ച് നടപ്പിലാക്കണമെന്ന് ഒരു നിവേദനം കൊടുക്കുകയുണ്ടായി. എന്നാല്‍ അതിനെ ചോദ്യം ചെയ്യുവാനോ എതിര്‍ക്കുവാനോ പരിസ്ഥിതി വാദം ഉയര്‍ത്തുന്നവരെയോ കെ-റെയില്‍ പദ്ധതിയെ ഇപ്പോള്‍ എതിര്‍ക്കുന്നവരില്‍ മുന്നിലുള്ള സംഘടനകളുടെയോ നേതാക്കളെ ആരെയും കണ്ടില്ല. ഏത് സമരത്തിലും നേതൃത്വം വന്നു ചേരുകയും എല്ലാ സമരങ്ങളെയും ശരിയായ ദിശയിലേക്ക് പോകാതെ തടയുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ അല്ലെങ്കില്‍ ചില സംഘടനകള്‍ ഉത്തരം നല്‍കേണ്ട പ്രശ്‌നങ്ങളാണ് അവയെല്ലാം. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പോയിരുന്നു. അവിടെ കേരളം വ്യവസായ വാണിജ്യ രംഗത്ത് നിക്ഷേപത്തിന് അനുകൂലമായ സംസ്ഥാനമാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് ഉപോല്‍ബലകമായി ചൂണ്ടികാട്ടിയ ഘടകങ്ങളില്‍ ഒന്ന് കൊച്ചിയില്‍ നിന്ന് ബെംഗലൂരൂവിലേക്ക് ഉള്ള വ്യവസായ ഇടനാഴിയാണ്. കോയമ്പത്തൂര്‍ – ബെംഗലൂരൂ വ്യവസായ ഇടനാഴിയുടെ ഒരു ശാഖയായി കൊച്ചിയിലേക്കും ഒരു ശാഖ നീട്ടണമെന്ന് നിവേദനം കേരളം നല്‍കിയതിന് അടുത്ത നാളില്‍ കേന്ദ്രം അനുമതി നല്‍കിയതായി വാര്‍ത്ത കണ്ടു. ആവശ്യമായ വസ്തു ഏറ്റെടുക്കാത്തതും പണിതിട്ടില്ലാത്തതുമായ കൊച്ചി-ബെംഗലൂരൂ വ്യവസായ ഇടനാഴി കേരളത്തെ വിറ്റഴിക്കുന്നതിന് മുഖ്യമന്ത്രി ഉപയോഗപ്പെടുത്തുമ്പോഴും നമ്മുടെ കെ-റെയില്‍ വിരുദ്ധ നേതാക്കളാരും അറിഞ്ഞിട്ടേയില്ല.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ 2022 – 2023 ധനകാര്യ വാര്‍ഷിക ബജ്റ്റ് അവതരിപ്പിച്ച സാഹചര്യത്തിലാണ് കെ-റെയില്‍ പദ്ധതി ഇപ്പോള്‍ പരിശോധിക്കേണ്ടത്. ഒരു കോളനി രാജ്യത്തെ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ധനകാര്യ ചുമതലയുള്ള അംഗം സാമജ്ര്യ ശക്തിയുടെ ഭാവി പദ്ധതികളെക്കുറിച്ച് നടത്തുന്ന ഒരു വാര്‍ഷിക പ്രസ്താവന എന്നതിനപ്പുറം നിര്‍മ്മല സീതാരാമന്റെ ബജറ്റ് ഒന്നുമല്ല. അധിനിവേശ ശക്തികള്‍ രൂപ കല്പന ചെയ്തതു പ്രകാരം ഇന്ത്യയിലെ 80% ജനങ്ങളെ വന്‍നഗരങ്ങളില്‍ പാര്‍പ്പിക്കണമെന്ന ഡോ.മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പ്രഖ്യാപനം നരന്ദ്രേ മോദി ഭരണത്തിലും തടസ്സങ്ങളൊന്നുമില്ലാതെ പൂര്‍വ്വാധികം ശക്തിയോടെ മുന്നേറുകയാണ്. അതിനിടയില്‍ കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയ്ക്കും ഉള്ള നക്കാപ്പിച്ച ആനുകൂല്യങ്ങള്‍ വെറും കാപട്യമാണ്. കെ-റെയില്‍ ആയാലും നിര്‍മ്മലാ സീതാരാമന്റെ ബജറ്റിലെ കന്യാകുമാരി – മുംബൈ കോറിഡോര്‍ ആയാലും ബജ്റ്റിലെ 25 വര്‍ഷം മുന്നില്‍ കണ്ട് എന്ന് പറയുന്ന മറ്റനവധി പദ്ധതികളായാലും അവയെല്ലാം ആ ബൃഹദ് പദ്ധതിയുടെ ഒരംശം മാത്രമാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ നമുക്ക് ശരിയായ ചെറുത്ത് നില്‍പ്പ് ഉണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂ.പരിസ്ഥിതി സംരക്ഷണത്തിനുള്ള ജനകീയ സമരങ്ങള്‍ നാം തുടങ്ങിയിട്ട് നാല് ദശകങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ഇക്കാലയളവില്‍ പരിസ്ഥിതി കൂടുതല്‍ വഷളാകുകകയും പരിസ്ഥിതിക്കും പ്രകൃതി വിഭങ്ങള്‍ക്കും വേണ്ടിയുള്ള വേട്ട അടിക്കടി വര്‍ദ്ധിക്കുകയുമാണ് ഉണ്ടായത്. പാടം നികുത്തുന്നതും കുന്നിടിക്കുന്നതും പാറപ്പൊട്ടിക്കുന്നതുമെല്ലാം അനുവദിച്ചിട്ടുള്ളതിന് അപ്പുറം തടയുവാന്‍ ശക്തമായ നിയമം ഇവിടെയുണ്ട്. എന്നാല്‍ അവ മൂന്നും ദിനേന ശക്തിപ്പെടുകയും ചതുപ്പും പാടങ്ങളും നികത്തി നഗരങ്ങളില്‍ വലിയ നിര്‍മ്മാണങ്ങള്‍ ഉയര്‍ന്നുവരുകയും ഭീത്സമായ നഗരങ്ങള്‍ വളരുകയും വലിയ ഹൈവേകള്‍ തീര്‍ക്കുകും ചെയ്യുന്നത് തടസ്സമേതുമില്ലാതെ മുന്നേറുന്നു. നിയമം ലംഘിച്ചുള്ള ആ മുന്നേറ്റം പരിസ്ഥിതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുമുള്ള വര്‍ത്തമാനങ്ങളും ആചാരണങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തന്നെയാണ്. ഒരു പക്ഷെ പ്രാഥമിക ഘട്ടത്തില്‍ പൊതുവായ സമര രൂപം കെട്ടിപ്പടുക്കുക അസാദ്ധ്യമാകാം. അതിനെതിരെയുള്ള രാഷ്ട്രീയ ചെറുത്ത് നില്‍പ്പിന് വിനാശകരമായ പദ്ധതികള്‍ക്കെതിരായ ജനങ്ങളുടെ സമരം ഉയര്‍ത്തിക്കൊണ്ട് വരുന്നതായിരിക്കും മാര്‍ഗം. എന്നാല്‍ ഒറ്റതിരിഞ്ഞ് ഒരു പദ്ധതിയെ മാത്രമായി ആക്രമിക്കുന്നത് ഇനിയും വഹിക്കാവുന്നതിനപ്പുറമാണ്.

പൊതുജനങ്ങളുടെയും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നവരുടെയും സങ്കല്പനങ്ങളെ മാറ്റി മറിക്കുയോ ആക്രമിക്കുകയോ ചെയ്യാതെ കേവവലമായ പരിസ്ഥിതി വാദത്തിന്റെ തലപ്പാവ് കെട്ടി ഇറങ്ങുന്ന പൊതുവെയുള്ള രീതി ആത്യന്തിക വിജയമല്ല, പരാജയമാണ് ഉറപ്പാക്കുന്നത്. ഒരു പക്ഷേ, 20,000 ത്തില്‍ അധികം വരുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്റെ വിങ്ങലുകളും രോഷവും സില്‍വര്‍ ലൈന്‍ പദ്ധതി ചാമ്പലാക്കി കളയാം. കേന്ദ്രാനുമതി എന്നൊക്കെ പറയുന്നത് ബി.ജെ.പി.യുടെ ഇടുങ്ങിയ കക്ഷി താല്പര്യമനുസരിച്ച് മാറിമറിയാം.

വേഗതയും പുരോഗതിയും ഒഴിച്ചുകൂടാനാവാത്തത്

നാലുമണിക്കൂര്‍ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍ ഗോഡ് എത്തിച്ചേരാനുള്ള പദ്ധതിയാണ് അര്‍ദ്ധ അതിവേഗ റെയില്‍ പാത. ഇന്നത്തെ വേഗത്തിനുപകരം ഇതിനെക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള ഒരു പദ്ധതിയെ എതിര്‍ക്കുന്നതിന്റെ സാംഗത്യമാണ് പദ്ധതി അനുകൂലികള്‍ ചോദ്യം ചെയ്യുന്നത്. അത് ക്രമാനുഗതമായി നമ്മുടെ സമൂഹത്തില്‍ പുരോഗതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാക്കുമെന്നും അവര്‍ വാദിക്കുന്നു. കൂടാതെ പരിസ്ഥിതിക്ക് ഏറെ ഇണങ്ങിയ കാര്‍ബണ്‍ ബഹിര്‍ഗമനം സില്‍വര്‍ ലൈന്‍ ഒഴിവാക്കുന്നതാണെന്നും അവകാശവാദമുണ്ട്. ചെകുത്താനും വേദം ഓതുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. നമ്മുടെ സമൂഹത്തില്‍ പൊതുവായി വരുന്ന അത്തരം വീക്ഷണങ്ങളുടെ എല്ലാ ഘടകങ്ങളുടെയും ചേരുവകള്‍ കെ-റെയില്‍ പദ്ധതിയോടൊപ്പം ചേര്‍ത്തുപിടിക്കുവാന്‍ അതിന്റെ വക്താക്കള്‍ ശ്രമിക്കുന്നു. എക്‌സ്പ്രസ് വേ എന്ന പദ്ധതിക്കുവേണ്ടി അന്നത്തെ യു.ഡി.എഫ്. സര്‍ക്കാരും അതിന്റെ നിയന്താക്കളായ കക്ഷികളുടെയും മുന്നണിയുടെയും നേതാക്കളും സമാനമായ കൂടുതല്‍ അവകാശവാദങ്ങള്‍ ഉയര്‍ത്തിയതാണ്. എന്നാല്‍ കെ-റെയില്‍ പദ്ധതിയിലെന്നതു പോലെ കേരളത്തെ ഒരു കോട്ടപോലെ രണ്ടായി പകുത്തും ഒരുപാട് മാന്തിപ്പൊളിക്കലും ഇടിച്ചു നിരത്തലും പാടശേഖരങ്ങള്‍ ഇല്ലാതാക്കലും കുടിവെള്ള ശേഖരം നശിപ്പിക്കലും വെള്ളപ്പൊക്കം വിളിച്ചു വരുത്തലും ഇതിനെക്കാള്‍ എക്‌സ്പ്രസ് വേ ഉണ്ടാക്കുമെന്ന ഭയത്തെക്കാള്‍ ഇപ്പോള്‍ കെ-റെയില്‍ വരുന്നതിനെക്കാള്‍ എറെയധികം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും എന്ന വിഷയമാണ് എക്‌സ്പ്രസ് വേ പദ്ധതിയെ കുഴിച്ചു മൂടിയത്. അപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുസ്ലീം ലീഗ് നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എക്‌സ്പ്രസ് വേ പദ്ധതിയില്‍ നിന്ന് ഒരു പാഠം പഠിച്ചുവെന്ന് പ്രസ്താവിച്ചത് ഈ സന്ദര്‍ഭത്തില്‍ എല്‍.ഡി.എഫ്. ഓര്‍ക്കേണ്ടതാണ്.

കെ – റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കാള്‍ ചെലവു കുറച്ചും വേഗത്തിലും പോകന്നതെന്ന് പറയുന്ന പല നിര്‍ദ്ദേശങ്ങളും ബദല്‍ പദ്ധതികളായി സമരത്തില്‍ ഉള്‍പ്പെട്ടെ ചിലരുടെ ഭാഗത്തു നിന്നും കേന്ദ്രഭരണകക്ഷിയുടെ വക്താക്കളില്‍ നിന്നും മറ്റും ഉയര്‍ന്നു വരുന്നുണ്ട്. അതിന്റെയെല്ലാം പ്രായോഗിക ക്ഷമത സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ സില്‍വര്‍ ലൈനിന് പകരമെന്ന് പറയുന്ന വന്‍ മുതല്‍മുടക്കിന്റെയും പ്രകൃതി വിഭവങ്ങളുടെ ദുര്‍വിനിയോഗത്തിന്റെയും കേരളത്തിന്റെ സ്ഥലപരിമിതിക്കുള്ളിലെ തിങ്ങിക്കൂടലിന്റെയും ആഗോള മുതലാളിത്തിന് കടപ്പെടുത്തുന്നതിന്റെയും ആയ വന്‍കിട പദ്ധതികള്‍ ഒന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വീകാര്യമല്ല എന്ന് തള്ളിപ്പറഞ്ഞു കൊണ്ടല്ലാതെ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് കാപട്യമാണ്. സില്‍വര്‍ ലൈന്‍ തള്ളപ്പെട്ടാലും സമാനമായതോ കൂടുതല്‍ ദുരന്തമുണ്ടാക്കുന്നതോ ആയ മറ്റു പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനല്ലാതെ വേറെ ഒന്നിനും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കളമൊരുക്കില്ല. ഇന്നത്തെ ഭരണക്കാരുടെയും അന്താരാഷ്ട്ര എജന്റുമാരുടെയും കമ്മീഷന്‍ ആര്‍ത്തിയാല്‍ സാങ്കേതികമായി പ്രായോഗികമാക്കുവാന്‍ പോലും കഴിയാത്ത ഒരു എഞ്ചിനീയറിംഗ് സംരംഭമായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അതേ സമവാക്യത്തിലുള്ള പദ്ധതികള്‍ ബദല്‍ ആണെന്ന് പറയുന്നത് ഒട്ടും പ്രസക്തമല്ല.

സ്‌കാന്‍ഡിനേവ്യന്‍ സാമൂഹ്യക്ഷേമത്തിന്റെ അടിത്തറ

ക്ഷേമപരിപാടികള്‍ ഏറെയുള്ള സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങളില്‍ വരുമാനത്തിന്റെ നാല്‍പതു ശതമാനത്തോളം നികുതി ഉണ്ടെന്നും അതിനാല്‍ വര്‍ദ്ധിച്ച നികുതിയായി പ്രതിഫലിപ്പിക്കുന്ന കടം വാങ്ങുന്ന മൂലധനച്ചെലവ് കുഴപ്പമൊന്നും വരുത്തില്ലെന്നും ഒരു വാദഗതി ചില ‘ഇടതു’പക്ഷക്കാര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങളും നമ്മുടെതുപോലുള്ള സമൂഹവും തമ്മില്‍ വിഭിന്നമാകുന്ന രാഷ്ട്രീയ-സാമ്പത്തികം കണക്കെലെടുക്കാതെയാണ് ആ താരതമ്യം. എഷ്യ, ആഫ്രിക്ക, ലത്തീനമേരിക്ക എന്നിവടങ്ങളിലെ രാജ്യങ്ങളില്‍ നിന്ന് സമ്പത്ത് ചോര്‍ന്നുപോകുന്നതിന്റെ ഗുണഭോക്താക്കളായ സമ്പന്നരാജ്യങ്ങളില്‍ ഉള്‍പ്പെട്ടവയാണ് സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങളും. ചൈനയുടെ ആപ്പിള്‍ ഫോണ്‍ ഉത്പാദനമായാലും നരേന്ദ്രമോദിയുടെ സ്റ്റാര്‍ട്ട് അപ്പ് ഉല്‍പ്പാദനമായാലും സമ്പത്ത് യൂറോ – അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ചോര്‍ന്നൊഴുകുന്നതില്‍ വ്യത്യാസമില്ല. നമ്മുടെ ഏത് ‘വികസന’-പദ്ധതിയും സമ്പത്തിന്റെ ആ ചോര്‍ച്ചയെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് സ്വിറ്റ്‌സര്‍ലന്‍ഡിലെ നെസ്ലേ കമ്പനി, സ്വീഡനിലെ വോള്‍വോ കമ്പനി, ഫിന്‍ലന്‍ഡിലെ നോകിയ ഫോണ്‍ കമ്പനി തുടങ്ങി മറ്റനേകം രാജ്യാന്തര കുത്തക കമ്പനികളുടെ സാമ്പത്തിക നേട്ടം ഇരുണ്ട ജനതയുടെ നഷ്ടവും സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മികച്ചതായ സാമൂഹിക ക്ഷേമ പരിപാടികളുടെ അടിസ്ഥാനവുമാണ്. അകത്ത് ജനക്ഷേമവും പുറത്ത് ചൂഷണവുമാണ് അതിന്റെ സാമ്പത്തിക സൂത്രവാക്യം.

നമ്മുടേതുപോലുള്ള രാജ്യങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികസനം മുന്നില്‍ കണ്ട് വികേന്ദ്രീകൃതമായ സമ്പദ്ഘടന കെട്ടിപ്പടുക്കുകയാണെങ്കില്‍ അങ്ങോട്ട് ഒഴുകിച്ചെല്ലുന്ന സമ്പത്തിന്റെ ഉറവിടം വറ്റിപ്പോകുകയോ ഗണ്യമായി കുറയുകയോ ചെയ്യുന്നതിനും അവരുടെ സോഷ്യല്‍ ഡാമോക്രസി നല്‍കുന്ന സാമൂഹ്യ ക്ഷേമത്തിന്റെ ഗുണനിലവാരം താഴുന്നതിനും ഇടയാക്കും. എന്നാല്‍ ഇപ്പോഴുള്ളതിന് പുറമെ നമ്മുടെ സമൂഹത്തില്‍ കൂടുതലായി ചുമത്തുന്ന നികുതി, ചൂഷണം ചെയ്യപ്പെടുന്നവരുടെ വരുമാനത്തില്‍ നിന്ന് കയ്യിട്ടുവാരുന്ന ഒരു പ്രവൃത്തിയാണ്. അതേ സമയം നമ്മുടെ ക്ഷേമ പരിപാടികള്‍ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് നല്‍കി ജനങ്ങളെ ആശ്രിതരപ്പോലെ ആക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഏതെങ്കിലും വികസിത സമ്പന്ന രാജ്യങ്ങളില്‍ തൊഴില്ലായ്മ ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം വര്‍ദ്ധിച്ചാല്‍ പോലും അവിടെ ഭരിക്കുന്നവര്‍ വെളളം കുടിക്കുന്നു. അവിടെ 10% തൊഴില്ലായ്മ എന്നു പറഞ്ഞാല്‍ രാജ്യമാകെ അസ്വസ്ഥമാകും നമ്മുടെ രാജ്യത്ത് ഏതാണ്ട് പകുതിയില്‍ അധികം ജനങ്ങള്‍ തൊഴില്ലാത്തവരായിട്ടും ഇവിടെ അത് പ്രശ്‌നമാകുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങളില്‍ പ്രത്യേകിച്ചും കാര്‍ഷികമേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന ഇറക്കുമതി പോലുള്ള വ്യവസ്ഥകള്‍ക്കും തുറന്ന ചൂഷണത്തിനുള്ള കരാറുകള്‍ക്കും നമ്മള്‍ വഴിപ്പെടേണ്ടി വരുന്നത് വികസനത്തിനും മറ്റും വിദേശ ശക്തികളുടെ മൂലധനത്തെ ആശ്രയിക്കുമ്പോഴാണ്. ജനങ്ങളുടെ സാമ്പത്തികസ്ഥിതി അനുദിനം പാപ്പാരാകുന്ന നയമാണ് കടം വാങ്ങിയുള്ള വികസനം. വികസിത സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ പൊതുവായതും ഉല്‍പാദകരുടെ പ്രത്യേകവുമായുള്ള താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് അവര്‍ നമ്മെ കടബാധ്യതയില്‍ പെടുത്തി സാമ്പത്തിക, വാണിജ്യ, നിക്ഷേപ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. നമ്മുടെ കടം ഒരിക്കലും വീടാതെ പുതിയ പുതിയ വായ്പകളുടെയും മുതല്‍ മുടക്കുകളുടെയും കെണികള്‍ ഒരുക്കി വയ്ക്കും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ഓണ്‍ലൈന്‍ സേവനം തുടങ്ങിയ എല്ലാ മേഖലകളിലും സമ്പത്തിന്റെ ചോര്‍ച്ച വികസിത ധനിക രാജ്യങ്ങളിലേക്ക് ഒഴുകുന്നത് വര്‍ദ്ധിക്കുന്ന തരത്തില്‍ കൂടുതല്‍ കൂടുതലായി അവരുടെ താല്പര്യങ്ങള്‍ എപ്പോഴും അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കും. കാര്‍ഷിക വായ്പ, ചെറുകിട വ്യവസായ വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയവ ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാതെ കടബാധ്യത ഏറെ വര്‍ദ്ധിപ്പിക്കുന്ന നയവും അതിന്റെ ഭാഗമാണ്. കേരളത്തിലെ ക്ഷേമപരിപാടികളെ സോഷ്യലിസമായും ജനകീയ നേട്ടമായും അവതരിപ്പിക്കുന്നതിന്റെ പൊള്ളത്തരം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസിലാകും. രാജ്യമൊട്ടാകെ ഓരേ നികുതി ഏര്‍പ്പെടുത്തുന്നതിന് എന്ന് പറഞ്ഞ് ജി.എസ്.റ്റി സംവിധാനം കൊട്ടിഘോഷിച്ചു നടപ്പാക്കുന്നവര്‍ പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങള്‍ക്ക് ജി.എസ്.റ്റി. നിരക്ക് ബാധകമാക്കാതെ കനത്ത നികുതി അടിച്ചേല്‍പ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. അതില്‍ നരേന്ദ്രമോദിയുടെ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരും സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിണറായി വിജയന്‍ സര്‍ക്കാരും യോജിച്ച് നില്‍ക്കുന്നത് യാദൃച്ഛികമല്ല. പാചക വാതകത്തിന് പോലും കേന്ദ്രസര്‍ക്കാര്‍ വിലകൂട്ടുന്നത് വന്‍കിട പദ്ധതികളുടെ വന്‍ കടബാധ്യതകള്‍ക്ക് ഉത്തരം പറയുന്നതിനാണ്.

നരേന്ദ്രമോദി സര്‍ക്കാരും സംസ്ഥാനസര്‍ക്കാരും അധിനിവേശ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കൊണ്ടു വരുന്ന ഓരോ നടപടികളും ഏതാണ്ട് നവീനമായ സാങ്കേതിക മുന്നേറ്റമായി അവതരിപ്പിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. രാജ്യത്തെ തന്നെ ഡിജിറ്റല്‍ ആക്കി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുകയാണെന്ന ഒരു ധാരണ സൃഷ്ടിക്കുവാനാണ് 2022 – 2023 ലെ ബജ്റ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രമിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കെല്ലാം അക്കൗണ്ടും പരമാവധി സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലും ആക്കിയതിലൂടെ എത്രയോ കോടിക്കണക്കിന് രൂപയാണ് വിദേശ ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ളത്. നീതിന്യായ കോടതി നടപടികള്‍ ഉള്‍പ്പെടെ എല്ലാം ഡിജിറ്റല്‍ ആക്കുകയും ചെയ്യുന്നു. ഹിന്ദുത്വ ശക്തികള്‍ ഏറെ അഭിമാനിക്കുന്നുവെന്ന് കപടമായി പ്രചാരണ കോലാഹലം നടത്തുന്ന നമ്മുടെ ദേശീയതയും രാഷ്ട്രം തന്നെയും യാഥാര്‍ത്ഥ്യം തകര്‍ന്ന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നിയന്ത്രിക്കുന്ന ഒരു ഡിജിറ്റല്‍ സംവിധാനമായി ആണ് പരിണമിക്കുന്നത്. ഓരോ ഘട്ടത്തിലും ജനങ്ങള്‍ കൂടുതല്‍ കൂടുതലായി ദുര്‍ബലരാകുകയും പാശ്ചാത്യ ശക്തികളുടെ ചൂഷണത്തിന് അനുപേക്ഷണീയമാം വിധം ജനങ്ങളുടെ ജീവിതം ഗ്രാമങ്ങളില്‍ നിന്നും വന്‍നഗരങ്ങളിലേക്ക് പറിച്ചു നടുകയും ചെയ്യുന്ന വന്‍ പദ്ധതിയുടെ ഭാഗമായി കെ-റെയില്‍ ഉള്‍പ്പെടെയുള്ള വിനാശകരമായ വികസനത്തെ നാം തിരിച്ചറിയണം. ദലിത, ആദിവാസി സമൂഹങ്ങളും കര്‍ഷകര്‍, അസംഘടിത മേഖലയില്‍ ഉള്ളവര്‍ തുടങ്ങിയ സാമ്പത്തികമായി പിന്നണിയില്‍ തള്ളപ്പെട്ടവരും ആഗോള തലത്തില്‍ രൂപകല്പന ചെയ്തിരിക്കുന്ന സമ്മര്‍ദ്ദ സമ്പദ്ഘടനയില്‍ മുങ്ങിത്താഴ്ന്ന് ശ്വാസം മുട്ടുകയാണ്. കടബാധ്യത വര്‍ദ്ധിപ്പിക്കുന്ന സമ്പദ്ഘടനയും വികസനവും നമ്മുടെ നയങ്ങളില്‍ അട്ടിമറി നടത്തുന്നു. ആഗോള മുതലാളിത്ത ശക്തികള്‍ക്ക് ചൂഷണം ഇപ്പോഴും വര്‍ദ്ധിപ്പാക്കാവുന്ന തരത്തില്‍ വായ്പ ദാതാക്കള്‍ ക്രമീകരിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ അത് നിലവിലെ അസമത്വം വര്‍ദ്ധിപ്പിക്കുന്നത് അതിവേഗത്തിലുമാക്കും. ഭൂരിപക്ഷം ജനങ്ങളും ആ ജനവിരുദ്ധ നയങ്ങളില്‍ വെന്തുനീറി ഇല്ലാതാകും. അതിനുചേര്‍ന്ന ആരോഗ്യ, ഭക്ഷ്യ നയവും അടിച്ചേല്‍പ്പിക്കുന്നു. ക്രൂരമായി ജനസംഖ്യ നിര്‍മ്മാജ്ജനം ചെയ്യുന്ന മുതലാളിത്ത നയങ്ങളുടെ കമ്മിസാറുകള്‍ ആയി വേഷമിടുന്ന ഭരണാധികാരികളും പെരുകും. ജനസംഖ്യ നിര്‍മ്മാര്‍ജനത്തില്‍ മുന്‍ഗണനാക്രമം സാമൂഹികവും സാമ്പത്തികവുമായ അസമത്വം അടിസ്ഥാനമാക്കിയാണ്. ആദിവാസി, ദലിത സമൂഹങ്ങളുടെയും മറ്റു പാവപ്പെട്ടവരുടെയും അതിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം പതിക്കുക. മേല്‍ വിവരിച്ച സാഹചര്യത്തില്‍ എസ്.ജോസഫിന്റെ ദലിത സ്‌നേഹം പറഞ്ഞുള്ള കെ-റെയില്‍ അനുകൂല വാദം നിലം തെടാമണ്ണ് പോലെ ദലിതരുടെ യഥാര്‍ത്ഥ അവസ്ഥയെ സ്പര്‍ശിക്കാതെ പോകുന്നു.

പദ്ധതികളെ സ്വീകരിക്കേണ്ടത് എങ്ങനെ

ഈ കുറിപ്പിന്റെ ഇതുവരെയുള്ള ഭാഗത്ത് ചര്‍ച്ച ചെയ്തതുപോലെ കെ-റെയില്‍ പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായി ചേരി തിരിയുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് അവരുടെ പൊതുവായ സങ്കല്പനങ്ങള്‍ നിലനില്‍ക്കുമെങ്കിലും ചെറിയ തോതില്‍ അവരുടെ മനസില്‍ ഒരു ആശയകുഴപ്പം കൂടിയുണ്ട്. വലിയ മൂലധന നിക്ഷേപവും പ്രത്യാഘാതങ്ങള്‍ പ്രകൃതിക്ക് വരുത്തുന്നതുമായ വന്‍കിട പദ്ധതികളെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നതാണ് ആശയക്കുഴപ്പം. നടപ്പിലാക്കുവാന്‍ പോകുന്ന നിര്‍ദ്ദിഷ്ട വന്‍കിടപദ്ധതിയിലൂടെ അസംഘിടതമേഖലയിലെയും കാര്‍ഷിക മേഖലയിലെയും ഒരുപാട് ആളുകളെ കുടിയൊഴിപ്പിക്കുന്നതാവുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും തൊഴില്‍ ലഭിക്കേണ്ടവരുടെയും വളരെ കുറഞ്ഞ അനുപാതത്തില്‍ മാത്രം തൊഴില്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ മുതല്‍ എതിര്‍പ്പുകള്‍ ആരംഭിച്ചത്. എന്നാല്‍ വന്‍കിട ഊര്‍ജ്ജോല്‍പാദന പദ്ധതികള്‍ പോലുള്ളവയെ അടിസ്ഥാന സൗകര്യ മേഖലയെന്ന് വിശേഷിപ്പിച്ച് അത്തരം എതിര്‍പ്പുകളെ അവഗണിക്കുകയാണ് ചെയ്തത്. പിന്നീട് സോഷ്യലിസ്റ്റ് നേതാവ് ഡോ.രാം മനോഹര്‍ ലോഹ്യയാണ് വന്‍കിട ഉല്പാദന രീതിക്കുപകരം ചെറുകിട സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉല്പാദന രീതിയാണ് നമുക്ക് അനുയോജ്യവും അത്യാവശ്യവുമെന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ അനുയായികള്‍ ഇപ്പോഴും ആ തത്വം പറയുന്നുണ്ടെങ്കിലും കിഷന്‍ പട്ട്‌നായക് , സച്ചിദാന്ദ സിന്‍ഹ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച പുത്തന്‍ സോഷ്യലിസ്റ്റ് ധാരയില്‍ ഒഴികെ വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ അലിഞ്ഞുചേര്‍ന്ന ഡോ.ലോഹ്യയുടെ പഴയ അനുയായികളും ആ ലേബല്‍ ഉപയോഗിക്കുന്നവരും യാതൊരു വിവേചനവും കൂടാതെ വന്‍കിട പദ്ധതികളെ അവര്‍ ഭരണത്തിലേറുമ്പോള്‍ നടപ്പിലാക്കുകയാണ് ചെയ്തത്. അധിനിവേശ ചാലക ശക്തിയാല്‍ പാശ്ചത്യ നാട്ടില്‍ പ്രബലപ്പെട്ട വന്‍കിട സാങ്കേതിക വിദ്യയുടെ ഉല്പാദന രീതിക്ക് പകരം മുഴുന്‍ ജനങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കുന്ന ഒരു സമ്പദ്ഘടനയ്ക്ക് ചേര്‍ന്ന വിധം ചെറുകിട സാങ്കേതിക വിദ്യയുടെ രീതി സ്വീകരിക്കുമെന്ന് നിലപാടുയര്‍ത്തുവാന്‍ വളരെ ചെറിയ ഒരു ധാരയൊഴികെ ഇന്ന് ഇന്ത്യയില്‍ ആരുമില്ല.

മുഖ്യമായും ചെറുകിട സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നമ്മുടെ വികസനവും സമ്പദ്ഘടനയും കെട്ടിപ്പടുക്കണം. ഏത് വന്‍കിട പദ്ധതിയായാലും അതിന്റെ പാരിസ്ഥിതികവും കുടിയൊഴിപ്പിക്കല്‍ ആഘാതവും വിലയിരുത്തി ചെറുകിട സാങ്കേതിക വിദ്യയുടെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നതും പോഷിപ്പിക്കുന്നതുമായതിനാണ് നാം മുന്‍ഗണന നല്‍കേണ്ടത്. അതില്‍ നഷ്ടമാകുന്ന ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗവും പ്രകൃതി വിഭവങ്ങളും കണക്കിലെടുക്കുമ്പോഴാണ് വികേന്ദ്രീകൃതമായ ചെറുകിട സാങ്കേതിക വിദ്യയുടെ സമ്പദ്ഘടനയെ പോഷിപ്പിക്കുന്നതാണോ എന്ന് വിലയിരുത്താന്‍ കഴിയുക. ചെറുകിട സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള സമ്പദ്ഘടനയ്ക്ക് പകരം വന്‍കിട സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമിട്ട സമ്പദ്ഘടനയും വികസനവുമാണ് ഇവിടെ കരുപ്പിടിപ്പിച്ചിരിക്കുന്നത്. അത് മുഴുവന്‍ ജനങ്ങള്‍ക്കും വരുമാനം ഉറപ്പിക്കുന്നതും മുഴുന്‍ ജനങ്ങളെയും കണക്കിലെടുത്തു കൊണ്ടുള്ള വികസനം സാധ്യമാക്കുന്നതിനുമുള്ള ഘടകങ്ങളെ ശാശ്വതമായി തകര്‍ക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ചെറുകിട സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയ്ക്ക് വേണ്ടി സന്ധിയില്ലാതെ നിലകൊള്ളുന്നവര്‍ക്ക് മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം തകര്‍ക്കല്‍ പദ്ധതികളെ നഖശിഖാന്തം എതിര്‍ത്തു തോല്‍പ്പിക്കുകയാണ്. എന്നാല്‍ അതിനൊരു വ്യവസ്ഥ സ്വീകരിക്കണം.

സന്ധിയില്ലാതെ ചെറുകിട സാങ്കേതിക വിദ്യയില്‍ അടിസ്ഥാനപ്പെടുത്തിയ പൊതു സമ്പദ്ഘടനയും വികസനവും സ്വീകരിക്കണമെന്ന ഉറപ്പുള്ള രാഷ്ട്രീയ നിലപാടാണ് ആ വ്യവസ്ഥ. ആ നിലപാടിന്റെ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ജനങ്ങളുടെ പൊതുവായ ഉല്പാദനത്തിലെയും വികസനത്തിലെയും പങ്കാളിത്തം നേടുകയും ജനങ്ങളുടെ സ്ഥിതി പൊതുവെ മെച്ചപ്പെടുത്തുകയും ചെയ്യും. ആ ഘട്ടത്തില്‍ നമുക്ക് ഏത് പദ്ധതിയും എല്ലാ വശങ്ങളും വിലയിരുത്തി ആവശ്യമെങ്കില്‍ സമൂഹത്തിന് സ്വീകരിക്കാനാകും. അത് പരമ്പരാഗത കമ്യൂനിസ്റ്റ്, ഇടതുപക്ഷ ശക്തികളുടെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സാങ്കേതിക വിദ്യയോട് കാണിക്കുന്ന എതിര്‍പ്പുപോലെയല്ല. ഇന്നത്തേതുപോലെ ബഹുഭൂരിപക്ഷം ജനങ്ങളും ചൂഷിതരും കടക്കെണിയില്‍പ്പെട്ടവരും ആകുന്നതിന് പകരം അന്തസ്സുള്ള തൊഴിലും മാന്യമായി ജീവിക്കുന്നതിനുള്ള വരുമാനവും ഉള്ളവരായി തീരണം. കര്‍ഷകരും അസംഘിടതമേഖലയില്‍ പണിയെടുക്കുന്നവരും സാമ്പത്തിക ചൂഷണത്തില്‍ നിന്ന് മുക്തരും വരുമാനമുള്ളവരും ആകുമ്പോള്‍ അത് ദലിത, ആദിവാസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് പൊതുവെ സാമ്പത്തികമായ നിലനില്‍പ്പും അഭിവൃദ്ധിയും ഉണ്ടാക്കും. അതാണ് യഥാര്‍ത്ഥ വികസനം. കടം വാങ്ങി കെട്ടിപൊക്കുന്ന വന്‍കിട ഹൈവേകളും അതിവേഗ തീവണ്ടി പാതകളും മുക്കിന് മുക്കിന് പണിതീര്‍ക്കുന്ന വിമാനത്താവളങ്ങളും വമ്പന്‍ ഫാക്ടറികളും അല്ല വികസനത്തിന്റെ അളവുകോല്‍. മുഴുവന്‍ ജനങ്ങളെയും കണക്കിലെടുത്ത് അവര്‍ക്കെല്ലാം വിദ്യാഭ്യാസം, തൊഴില്‍, വരുമാനം, ആരോഗ്യപരിരക്ഷ, പാര്‍പ്പിടം, ഊര്‍ജ്ജ ശക്തി, വിശ്രമം, വിനോദം തുടങ്ങിയവ നേടിയെടുക്കുന്നതാണ് ഒരു രാജ്യത്തിന്റെ വികസനവും പുരോഗതിയും. ഇന്ന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജനങ്ങളുടെ എല്ലാ അടിസ്ഥാനാവശ്യങ്ങളും കച്ചവടശക്തികള്‍ക്ക് ചൂഷണം ചെയ്യുവാന്‍ തുറന്നു കൊടുത്ത് അവയെല്ലാം ജനങ്ങള്‍ക്ക് താങ്ങാനാവാത്ത വിധം ചെലവേറിയതായിരിക്കുന്നു.

പൊതുമേഖലയെങ്കില്‍ എല്ലാം തികഞ്ഞു എന്നാണ് പരമ്പരാഗത കമ്യൂനിസ്റ്റ്, സോഷ്യലിസ്റ്റ്, ഇടതുപക്ഷ സങ്കല്പം. എന്നാല്‍ കമ്യൂനിസ്റ്റ് രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പ്രാബല്യമുള്ള രാജ്യങ്ങളിലെയും പൊതുമേഖലയുടെ മുരടിപ്പും ചലനാത്മകത ഇല്ലായ്മയും അത്തരം പരാമ്പരഗത ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും സ്വകാര്യ കുത്തകമേഖലയെ കെട്ടിപ്പുണരുവനാണ് ഇടയാക്കുന്നത്. എന്നാല്‍ പൊതുമേഖലയെപ്പോലെ കേന്ദ്രീകൃതമായ വിധത്തില്‍ സ്വകാര്യമേഖലാ സംരംഭങ്ങളും തീര്‍ത്തും വെള്ളാനകളാണ്. നമുക്ക് ഈ രണ്ടു ദ്വന്ദ്വങ്ങള്‍ക്കുമിടയില്‍ ജനങ്ങളെ കേന്ദ്രീകരിച്ച വികേന്ദ്രീകൃതമായ മാര്‍ഗ്ഗമാണ് വേണ്ടത്.

റെയില്‍വെ സ്വകാര്യവല്‍ക്കരണം ലക്ഷ്യം

ആഗോള മുതലാളിത്ത ശക്തികളുടെ ചൂഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സമസ്ത മേഖലകളും കുത്തക കമ്പനികള്‍ക്ക് തീറെഴുതണമെന്നത് നവ അധിനിവേശത്തിന്റെ മുഖ്യമായ വ്യവസ്ഥയാണ്. സമ്പദ്ഘടന പൂര്‍ണ്ണമായും തുറന്നു കൊടുക്കുന്നതിന് 1991 മുതല്‍ ആരംഭം കുറിച്ചതാണ്. ഓരോ ഘട്ടത്തിലും അതിനെ വിപുലീകരിക്കുവാന്‍ മാറി മാറി അധികാരത്തില്‍ വരുന്നവര്‍ ശ്രമിക്കുന്നുണ്ട്. കമ്യൂനിസ്റ്റ് പാര്‍ട്ടികളും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും തങ്ങളല്ലാത്തവര്‍ അത് ചെയ്താല്‍ തെറ്റും തങ്ങളാണ് ചെയ്യുന്നതെങ്കില്‍ ശരിയും എന്ന നിലപാടാണ് എടുക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം റെയില്‍വേയാണ്. റെയില്‍വേ സ്വകാര്യവല്കരിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരും ബി.ജെ.പി. സര്‍ക്കാരും പ്രത്യക്ഷമായും പരോക്ഷമായും വ്യക്തമാക്കിയിട്ടുള്ളതാണ്. ഏറ്റവും സംഘടിതമായ ട്രേയ്ഡ് യൂണിയന്‍ ശക്തിയായ റെയില്‍വേ ജീവനക്കാര്‍ എതിര്‍ക്കുമെന്നതിനാല്‍ പ്രകടമായും നേരിട്ടും റെയില്‍വേ സ്വകാര്യവല്കരിക്കാനുള്ള ശ്രമങ്ങള്‍ അധികാരത്തിലിരിക്കുന്നവര്‍ ഒഴിവാക്കുന്നു.

സംഘടിത തൊഴിലാളി യൂണിയനുകള്‍ പ്രത്യക്ഷ സമരത്തില്‍ വന്ന് എതിര്‍പ്പിന്റെ പ്രതിരോധം തീര്‍ക്കുന്നത് ഒഴിവാക്കുന്ന തന്ത്രം ആഗോളതലത്തില്‍ സ്വീകരിച്ചിരിക്കുന്നത് വലതുപക്ഷത്തെ പോലെ ഇടതുപക്ഷവും ഇവിടെ പ്രയോഗിക്കുന്നു. ഓരേ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സേവനം ഇരുകൂട്ടരും ഉപയോഗപ്പെടുത്തുന്നത് യാദൃച്ഛികവുമല്ല. അംശം അംശമായോ ഘട്ടം ഘട്ടമായോ സ്വകാര്യവല്കരിച്ച് അനുയോജ്യമായ അവസരം വരുമ്പോള്‍ ബഹുരാഷ്ട്ര കുത്തകള്‍ക്ക് കയ്യടക്കുവാന്‍ കളമൊരുക്കകയാണ് ചെയ്യുന്നത്. പരോക്ഷമായി ചില സംഗതികള്‍ സ്വകാര്യവല്കരിച്ചുകൊണ്ടാണ് ഇത്രകാലവും റെയില്‍വേ അടിയറ വയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ കേന്ദ്ര റെയില്‍വേയുടെ ഭാഗമല്ലാത്ത കേരള റെയില്‍ പോലെയുള്ള സമാന്തരമായ സംവിധാനങ്ങളിലൂടെ ഭാവിയില്‍ റെയില്‍വേയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്വകാര്യവല്‍ക്കരണത്തിനാണ് പിണറായി വിജയന്‍ തുടക്കമിടുന്നത്. ആദ്യഘട്ടത്തില്‍ കെ-റെയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആണെങ്കില്‍ കടബാധ്യതകള്‍ കുമിഞ്ഞു കൂടി സര്‍ക്കാരിന് വഹിക്കുവാനാവാത്ത സ്ഥാപനമായി മാറുമ്പോള്‍ സ്വകാര്യ കുത്തക ശക്തികള്‍ക്ക് കൈമാറുവാന്‍ ഉദ്ദേശിച്ചാണ് കെ-റെയില്‍ പോലുള്ള സംവിധാനങ്ങള്‍ ഇവിടെ കൊണ്ടുവരുന്നത്. അതെല്ലാം അതിനിവേശ ചൂഷണം വിപുലമാക്കുന്ന വന്‍പദ്ധതികളുടെ ഭാഗം തന്നെയാണ്.

വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായ സ്വാധീനശക്തിയുള്ള മേലേക്കിടിയിലെ ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതിയും ന്യായവും ഉണ്ടാകുന്ന ഒരു സമീപനം പ്രതീക്ഷിക്കാനാവില്ല. അപ്പോഴപ്പോഴുള്ള സൗകര്യാര്‍ത്ഥം അവസരവാദപരമായി നിലപാടു സ്വീകരിക്കുവാന്‍ ഏതു മുന്നണിയില്‍പ്പെട്ടവരായാലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മടിയില്ലായെന്നും കാണാം. എന്നാല്‍ അതിനെ രാഷ്ട്രീയമായി വിലയിരുത്തി. രാഷ്ട്രീയ നിലപാടു സ്വീകരിക്കുന്നതിലാണ് നമ്മള്‍ ശേഷി നേടേണ്ടത്.

വാസ്തവത്തില്‍ നമ്മള്‍ നേരിടുന്ന ഒരു പാട് സംഗതികള്‍ കോര്‍ത്തിണക്കി മാത്രമേ കെ-റെയില്‍ പോലുള്ള പ്രശ്‌നങ്ങളില്‍, അത്തരം പദ്ധതികള്‍ ഉത്പാദിപ്പിച്ചു വിടുന്ന വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പകരമായ ഒരു രാഷ്ട്രീയ രൂപീകരണം നടക്കുകയുള്ളൂ. ആ തിരിച്ചറിവിലാണ് കെ.റെയില്‍ പ്രശ്‌നത്തെ ഏകമുഖമായി പരിസ്ഥിതിവാദമായും വികസനദുരന്തമായും മാത്രം അവതരിപ്പിക്കുന്നതിന് പകരം മൊത്തത്തിലെ രാഷ്ട്രീയ മാറ്റമായി അവതരിപ്പിച്ച് നേരിടേണ്ടതിന്റെ ആവശ്യകത. ഏറ്റവും പഴഞ്ചന്‍ സ്റ്റാലിനിസ്റ്റ്, കമ്യൂനിസ്റ്റ് കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ ആളുകള്‍ക്കാണ് പരിസ്ഥിതിവാദികള്‍ക്കു പുറമെ കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ നിയന്ത്രണമുള്ളത്. തങ്ങളുടെ തല്ക്കാലമുള്ള തികച്ചും ദുര്‍ബലമായ അടിത്തറയുടെ പശ്ചാത്തലത്തില്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ക്ക് അപ്പുറത്ത് വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെ അതേ സമവാക്യത്തില്‍ ആണ് അവരും ചലിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വഴിമാറുന്നതിനുള്ള സൈദ്ധാന്തികമായ അഴിച്ചു പണി മാക്‌സിസത്തില്‍ അഥവാ ചരിത്രപരമായ ഭൗതികവാദം എന്ന കമ്യൂനിസ്റ്റ് ചിന്തയില്‍ അവര്‍ നടത്തിയിട്ടില്ല.

മറ്റുള്ള എല്ലാ ധാരകളെയും അവഹേളിച്ച് സാങ്കല്പിക സോഷ്യലിസമെന്നും തങ്ങളുടേതിനെ ‘ശാസ്ത്രീയ’ സോഷ്യലിസമെന്നും കാള്‍മാക്‌സ് പരിഹസിച്ചു. വിവിധ ധാരകളില്‍ പിന്നീട് വന്ന എല്ലാ കമ്യൂനിസ്റ്റുകളും വിശേഷിപ്പിച്ചത് അങ്ങനെ തന്നെയാണ്. ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിമത്തം ഇളക്കാതെ കൃത്രിമമായി പടച്ച നവമാക്‌സിസത്തിന്റെ സിദ്ധാന്തങ്ങളും മാക്‌സിസത്തിന്റെ ശീര്‍ഷാസന വ്യാഖ്യാനങ്ങളുമല്ലാതെ ലോകത്തെ കമ്യൂനിസ്റ്റ് രാജ്യങ്ങളില്‍ കമ്യൂനിസ്റ്റ് പാര്‍ട്ടികള്‍ ആധ്യക്ഷം വഹിച്ച് നടപ്പിലാക്കുന്ന ആഗോള മുതലാളിത്ത നയങ്ങള്‍ക്ക് കാരണമായ ചരിത്രപരമായ ഭൗതികവാദം എന്ന സിദ്ധാന്തത്തില്‍ കാര്യമായ ഭേദഗതി കമ്യൂനിസ്റ്റ് പക്ഷത്ത് നിലയുറപ്പിച്ചവര്‍ വരുത്തിയിട്ടില്ല. അടച്ചു പൂട്ടിയ സമൂഹങ്ങളായി വര്‍ത്തിച്ച സോവ്‌യറ്റ് യൂണിയനും ചൈനയും ഉത്തര കൊറിയയും ക്യൂബയും വിയ്റ്റ്‌നാമും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും മാത്രമല്ല തുറന്ന സമൂഹമായി മാറിയ നേപ്പാളിലെ ജനാധിപത്യ സംവിധാനത്തില്‍ അധികാരം കയ്യാളിയ പ്രചണ്ഡയുടെ തീവ്രവാദി മാവോയിസ്റ്റ് പാര്‍ട്ടിയും അതില്‍ നിന്ന് വിഭിന്നമായില്ല. സില്‍വര്‍ ലൈനിന് എതിരെ പൊരുതുന്ന ജനതയുടെ നേതൃത്വം കൈയ്യിലെടുക്കുന്ന പഴഞ്ചന്‍ ആശയങ്ങളുടെ പല സംഘടനകള്‍ക്കും ചൈനയും വിയ്റ്റനാമും പോലുളള രാജ്യങ്ങള്‍ മാത്രമല്ല, ഒരേ സൈദ്ധാന്തിക അടിത്തറയില്‍ അരക്കിട്ടുറപ്പിച്ച സി.പി.ഐ.എം.ന്റെ നന്ദിഗ്രാമും സിംഗൂരുമെല്ലാം ബാധ്യത തന്നെയാണെന്ന സത്യം കുഴിച്ചുമൂടി കൊണ്ട് നമുക്ക് എത്രകാലം മുന്നോട്ടു പോകുവാന്‍ കഴിയും.

കാള്‍ മാക്‌സും ശാസ്ത്രീയമെന്ന് അവകാശപ്പെട്ട ചരിത്രപരമായ ഭൗതികവാദ സിദ്ധാന്തവും നല്കിയതുപോലെ മുതലാളിത്തത്തിന് പുരോഗമന പരിവേഷം മറ്റൊന്നും ചാര്‍ത്തിയിട്ടില്ല. അല്‍പമെങ്കിലും ആധുനിക വിദ്യാഭ്യാസമോ വായനയോ ഉള്ള ലോകത്തെ മനുഷ്യര്‍ അതിന്റെ ബലത്തിലാണ് മുതലാളിത്തം ചരിത്രത്തിന്റെ മുന്നോട്ടുള്ള ഘട്ടമാണെന്നും അത് ഉയര്‍ത്തി വിടുന്ന വന്‍കിട പദ്ധതികളെ പുരോഗതിയെന്നും സാമ്പത്തിക വളര്‍ച്ചയെന്നും തെറ്റിദ്ധിരിച്ച് സാധൂകരിക്കുന്നത്. കാള്‍ മാക്‌സ് മാറ്റത്തിനെന്ന് വ്യാഖ്യാനിച്ച ചരിത്രപരമായ ഭൗതികവാദം എവിടെ ചെന്നാണ് അവസാനിക്കുന്നതെന്ന് ചരിത്രം കാണിച്ചു തന്നു. സോഷ്യലിസവും സമത്വവുമല്ല, കൊടിയ അസമത്വവും സമ്പൂര്‍ണ്ണമായ അടിച്ചമര്‍ത്തലും ജനങ്ങള്‍ക്ക് നിഷേധിക്കുന്ന പ്രത്യേക ആഢംബര സുഖഭോഗങ്ങളുടെ അവകാശങ്ങള്‍ അസ്വദിക്കുന്ന കമ്യൂനിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പുത്തന്‍വര്‍ഗ്ഗവും മാത്രമാണ് അത് ഉണ്ടാക്കുന്നത്. മുതലാളിത്ത ഉല്പാദനരീതി സ്വീകരിക്കുന്ന കമ്യൂനിസം പിന്നീട് മുതലാളിത്ത നയങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, കമ്യൂനിസം ലക്ഷ്യമിടുന്ന ഉല്പാദനശക്തികളുടെ വളര്‍ച്ച അഥവാ ഭൗതികമായ വളര്‍ച്ച നേടുവാന്‍ കഴിയാതെ ചലനാത്മകത നഷ്ടപ്പെട്ട് മുതലാളിത്ത മാന്ദ്യം ഉണ്ടാക്കുന്നതിനേക്കാള്‍ ദുരന്തപൂര്‍ണ്ണമായ സാമ്പത്തിക മാന്ദ്യം കമ്യൂനിസ്റ്റ് വ്യവസ്ഥയ്ക്കുള്ളില്‍ രൂപപ്പെടുത്തുന്നു. അത്തരം സാഹചര്യമാണ് സോവിയേറ്റ് യൂണിയനില്‍ ഉരുവായത്. ചൈന അതിന്റെ വിളുമ്പിലേക്ക് എത്തിച്ചേരുന്ന ഘട്ടത്തിലാണ് ഡംഗ് സിയാവോ പിംഗ് പിടിമുറുക്കി ചൈനയെ ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ മുതലാളിത്ത സമൂഹമാക്കി മാറ്റിയത്. കേന്ദ്രീകൃതവും ബാഹ്യമായ സമ്പത്തിന്റെ ഒഴുക്ക് ആവശ്യമായ മുതലാളിത്ത ഉത്പാദന രീതി ശക്തിപ്പെടുത്തണമെന്ന ചരിത്രപരമായ ഭൗതിക വാദത്തിന്റെ ത്വരയാണ് കമ്യൂനിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ച ഉറപ്പാക്കിയ ആന്തരിക വൈരുദ്ധ്യം. മുതാളിത്തത്തിന്റെ വകഭേദങ്ങളായ ആധുനിക ഫാഷിസവും കമ്യൂനിസിറ്റ് വ്യവസ്ഥിതിയും യൂറോപ്യന്‍ സോഷ്യല്‍ ഡമോക്രസിയും വ്യവസ്ഥാപിത സോഷ്യലിസവും മുതലാളിത്ത താല്പര്യങ്ങള്‍ ഭംഗം വരാതെ കാത്തു സൂക്ഷിക്കുന്ന ഏകാധിപത്യങ്ങളും രാജാവാഴ്ചകളും അത്തരം തകര്‍ച്ചയും അധിനിവേശത്തിന്റെ തേര്‍വാഴ്ചയും അരക്കിട്ടുറപ്പിക്കുകയാണ്.
ചെറുത്തുനില്‍പ്പിന് വിശാലമായ സഖ്യം

ജനങ്ങളില്‍ വലിയ വിഭാഗം ഇല്ലാതാകുന്ന സമ്മര്‍ദ്ദ സമ്പദ്ഘടനയുടെയും അതിരില്ലാത്ത ചൂഷണത്തിന്റെയും പ്രകൃതിനാശത്തിന്റെയും അധിനിവേശത്തെ ഏതെങ്കിലും ഒരു സംഘടനയ്‌ക്കോ ആശയത്തിനോ മാത്രമായി ചെറുക്കുവാനാവില്ല. നാനാധാരകളില്‍പ്പെട്ട ആശയങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും ചേര്‍ന്ന് വിശാലമായ കൂട്ടുകെട്ടിന്റെ ഒരു മുന്നേറ്റം ഉണ്ടാകണം. എന്നാല്‍ കാതല്‍ ഇല്ലാത്ത വെള്ള മാത്രമുള്ള വലിയ തടിപോലെ വിശാലമായ സഖ്യത്തില്‍ മൗലികമായി ദിശാബോധം നല്‍കുന്ന രാഷ്ട്രീയധാരയുടെ അഭാവം 1995 കാലഘട്ടത്തില്‍ ഉണ്ടായ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു. ആരംഭഘട്ടത്തില്‍ രാഷ്ട്രീയമായ കാതല്‍ ഉണ്ടാക്കുന്നതിന് ഒരു ശ്രമം നടന്നുവെങ്കിലും ക്രമേണയായി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അംഗീകാരങ്ങളും മാധ്യമ പകിട്ടും തേടിപ്പോയ എന്‍.ജി.ഒ. കള്‍ (വിദേശ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകള്‍) കരുപ്പിടിപ്പിച്ച അതിന്റെ നേതൃത്വം തികച്ചും യാദൃച്ഛികമെന്ന് തോന്നും വിധം ആ ശ്രമത്തെ തകര്‍ക്കുകയാണ് ചെയ്തത്. ജനകീയ പ്രസ്ഥാനങ്ങള്‍ ചെറുത്തുനില്‍പ്പിന്റെ മുഖമുദ്രയായി ദേശീയതലത്തില്‍ മാറിയ അക്കാലം മുതല്‍ എല്ലാ ജനകീയ സമരങ്ങളിലും മൗലിക രാഷ്ട്രീയ ചിന്തയുടെയും സംഘടനയുടെയും ഒഴിച്ചു നിര്‍ത്തുന്ന ഘകങ്ങള്‍ സജീവമാണ്. ക്രമേണയായി പഴഞ്ചന്‍ രാസ സമവാക്യത്തില്‍ വിപ്ലവകാരികള്‍ എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന സഘടനകളും വ്യക്തികളും ദേശീയ സംഖ്യ നേതാക്കളുടെ മുഖ്യ സഹകാരികളായി, പുതിയ രാഷ്ട്രീയ ചിന്തയും അതിന് പരിശ്രമിക്കുന്നവരും പാര്‍ശ്വത്തിലേയ്ക്ക് തള്ളപ്പെടുകയും ചെയ്തു.അത് കെ-റെയില്‍ സമരത്തിലും പ്രതിഫലിക്കുന്നുവെന്ന് മാത്രം. അകക്കാമ്പായി മൗലിക രാഷ്ട്രീയം വര്‍ത്തിക്കുമ്പോള്‍ അതിന് ചുറ്റിലും ദിശാബോധം നഷ്ടപ്പെടുത്തുവാന്‍ ശേഷിയില്ലാത്ത എല്ലാ എതിര്‍പ്പുകളെയും കോര്‍ത്തിണക്കുകയാണ് വേണ്ടത്. എന്നാല്‍, ഇന്നത്തെ ദര്‍ശനങ്ങളെല്ലാം സംഗമിക്കുന്നതിനെ രാഷ്ട്രീയത്തെ വിശാലതയായി തെറ്റിദ്ധരിക്കാതെ ദിശാബോധത്തിന്റെ രാഷ്ട്രീയം സൃഷ്ടിക്കുവാന്‍ സൈദ്ധാന്തികവും ദാര്‍ശനികവുമായ പുതിയ ചിന്തയും സമത്വ രാഷ്ട്രീയത്തിന്റെ നവീനമായ സോഷ്യലിസ്റ്റ് ദിശാബോധവും ആണ് ഉണ്ടാകേണ്ടത്. ദര്‍ശനങ്ങള്‍ സംഗമിക്കുന്നതിന് അപ്പുറത്തെ ഒരു പ്രകാശധാരയായി അത് വളര്‍ത്തിയെടുക്കണം. അപ്പോള്‍ മാത്രമാണ് മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്ക് പോലെ വരുന്ന ജനജീവിതം തകര്‍ക്കുന്ന വന്‍കിട പദ്ധതികളെ രാഷ്ട്രീയമായും അര്‍ത്ഥവത്തയായും ചെറുത്തു തോല്‍പ്പിക്കുവാന്‍ കഴിയുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply