ദലിത്- ആദിവാസി വിഭാഗങ്ങള്‍ സവര്‍ണക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടതുണ്ടോ?

”ബ്രാഹ്മണരുടെ ദൈവങ്ങളെ നാം ആരാധിക്കുന്നേടത്തോളം കാലം ബ്രാഹ്മണർ നമ്മെ ഭരിക്കുന്നതും തുടരും.” – അംബേദ്ക്കർ

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ വന്ന രണ്ടു വാര്‍ത്തകള്‍ ഇങ്ങനെ: ഒന്നാമത്തെ വാര്‍ത്ത, തിരുനെല്ലി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ആദിവാസി ദമ്പതികള്‍ക്ക് ബ്രാഹ്മണ കാര്‍മ്മികന്‍ മാല എറിഞ്ഞു കൊടുത്തു. രണ്ടാമത്തെ വാര്‍ത്ത, മന്ത്രി കെ.രാധാകൃഷ്ണനു ക്ഷേത്ര ചടങ്ങില്‍ പൂജാരി വിളക്ക് കൊളുത്തിയ ശേഷം മന്ത്രിക്കു നല്‍കാതെ നിലത്തു വെച്ചു. രണ്ടുവാര്‍ത്തകളിലേയും പ്രശ്‌നം അയിത്തമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ പലേടത്തും നടക്കുന്നുണ്ട്. അവയൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ലെന്നേയുള്ളു. എന്നല്ല, ക്ഷേത്രാചാരങ്ങളുടെ ഭാഗമെന്നോണം കാലങ്ങളായി അവ കേരളത്തില്‍ കൊണ്ടാടപ്പെടുകയും ഭക്ത സമൂഹം അവ വകവെച്ചു കൊടുക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത. തീര്‍ച്ചയായും അയിത്താചരണം തെറ്റാണ്. നിയമ നടപടി സ്വീകരിക്കേണ്ടതുമാണ്. അപ്പോഴും ചില അടിസ്ഥാന ചോദ്യങ്ങള്‍ ബാക്കിയാവുന്നു.

ചാതുര്‍വര്‍ണ്യത്തിലുള്‍പ്പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ വിഭാഗങ്ങളെയാണ് ഹിന്ദുക്കളായി പരിഗണിക്കുന്നത്. ഋഗ്വേദത്തിലെ പുരുഷസൂക്തത്തില്‍ (10.90) പറയുന്നത് ഇങ്ങനെ:

”ബ്രാഹ്മണോ?സ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ്വൈശ്യം പദ്ഭ്യാം ശൂദ്രോ അജായത… ”

(ബ്രഹ്മാവിന്റെ മുഖത്തു നിന്നു ബ്രാഹ്മണരും കൈകളില്‍ നിന്ന് ക്ഷത്രിയരും തുടകളില്‍ നിന്ന് വൈശ്യരും പാദങ്ങളില്‍ നിന്ന് ശൂദ്രരും ജനിച്ചു)
ഈ നാലു ജാതികള്‍ക്ക് പുറത്തുള്ളവരെ ഒരു കാലത്തും ഹിന്ദുക്കളായി പരിഗണിച്ചിരുന്നില്ല.

കേരളത്തിലെ നായര്‍ സമുദായത്തെ ശൂദ്രരായിട്ടാണ് കണ്ടിരുന്നത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് പുറത്തുള്ള ഈഴവര്‍, പുലയര്‍, പറയര്‍ ,ഉള്ളാടര്‍ തുടങ്ങി ഒരൊറ്റ പിന്നോക്ക ജാതിക്കാരെയും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങള്‍ വരെയും ഹിന്ദുക്കളായി പരിഗണിച്ചിരുന്നില്ല. ഈ വിഭാഗത്തില്‍ പെട്ടവരെ സവര്‍ണക്ഷേത്രങ്ങളില്‍ കയറ്റിയിരുന്നില്ല. എന്തിനേറെ ക്ഷേത്ര മതില്‍ കെട്ടിനു പുറത്തുള്ള റോഡിലൂടെ സഞ്ചരിക്കുവാന്‍ പോലും അവരെ അനുവദിച്ചിരുന്നില്ല. 1924ല്‍ വൈക്കത്തു നടന്ന സത്യാഗ്രഹം, പട്ടിക്കും പൂച്ചയ്ക്കും സഞ്ചരിക്കുവാന്‍ കഴിഞ്ഞിരുന്ന റോഡിലൂടെ ദലിത് സമൂഹത്തിന് വഴി നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നുവല്ലോ.

ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ദലിത് ആദിവാസി വിഭാഗക്കാരുടെ വീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ അവരവരുടെ മൂപ്പന്മാര്‍ തന്നെയാണ് കാര്‍മ്മികത്വം വഹിച്ചിരുന്നത്. നമ്പൂതിരി പൂജാരിമാരുടെ കാര്‍മ്മികത്വം അചിന്ത്യമായ കാര്യമായിരുന്നു. എന്തിനേറെ പറയുന്നു, നമ്പൂതിരിയില്‍ നിന്ന് ഓരോ ജാതി വിഭാഗങ്ങളും എത്രയടി ദൂരം അകലം പാലിക്കണമെന്ന വ്യവസ്ഥ പോലും കേരളത്തില്‍ നിലനിന്നിരുന്നു. നായാടി അടക്കമുള്ള ചില ജാതി വിഭാഗങ്ങള്‍ നമ്പൂതിരിയാദി സവര്‍ണ വിഭാഗങ്ങളുടെ ദൃഷ്ടിയില്‍ പോലും പെടാന്‍ പാടില്ലായിരുന്നു. അവ ലംഘിക്കുന്ന കീഴാളരെ കൊല ചെയ്യുവാന്‍ പോലും സവര്‍ണ വിഭാഗങ്ങള്‍ മടിച്ചിരുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതേ സമയം, തനതായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമുള്ളവരാണ് ആദിവാസികള്‍. ഓരോ ആദിവാസി വിഭാഗത്തിനും സ്വന്തമായ ദേവീ ദേവന്മാരും ദൈവപ്രീതിക്കായുള്ള അനുഷ്ഠാനങ്ങളുമുണ്ട്.മതങ്ങളിലെ ദേവീദേവ സങ്കല്പങ്ങളുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ല. പൊതുവെ ആദിവാസി ദേവീദേവന്മാര്‍ പ്രാദേശികരും തങ്ങള്‍ക്ക് കൈയെത്തും ദൂരത്തുള്ളവരുമാണ്. സ്വര്‍ഗ്ഗസ്ഥരായ ദൈവങ്ങളല്ല; ഭൂമി യില്‍ തങ്ങള്‍ക്കിടയില്‍ പാര്‍ക്കുന്നവരും പ്രാദേശിക മൂര്‍ത്തികളുമാണവര്‍. തങ്ങളുടെ പൂര്‍വ്വീകന്മാരായ കാരണവന്മാരെ ആരാധിക്കുന്നവരും ഇല്ലാതെയല്ല. എല്ലാറ്റിനേയും അടക്കിവാഴുന്ന സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഒരൊറ്റ ദൈവം എന്ന ഏകദൈവ സങ്കല്പവും ആദിവാസികള്‍ക്കന്യമാണ്. അതിനാല്‍ നിലനില്ക്കുന്ന ഏതെങ്കിലും മതത്തിന്റെ ഭാഗമല്ല ആദിവാസികള്‍. സ്വതന്ത്രാസ്തിത്വമുള്ളവയും ഏറ്റവും പ്രാചീനമായ ഗോത്ര സങ്കല്പങ്ങളുടെ നിലനില്ക്കുന്ന രൂപങ്ങളുമാണ്. ആര്യാധിനിവേശത്തിനുമുമ്പ് നമ്മുടെ രാജ്യത്ത് നിലനിന്നിരുന്ന വിശ്വാസങ്ങളുടെ തുടര്‍ച്ചയാണ് പല ആദിവാസി വിഭാഗങ്ങളും പങ്കുവെയ്ക്കുന്നത്. ആര്യ -ബ്രാഹ്മണ വിശ്വാസ സങ്കല്പങ്ങളുടെ അപരസ്ഥാനത്തായിരുന്നു ചരിത്രത്തിലെന്നുമവരുടെ സ്ഥാനം.

ഒരുകാലത്ത് ഇന്ത്യയാകമാനം അധിവസിച്ചിരുന്നത് ഗോത്രസമൂ ഹങ്ങളായിരുന്നു. വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമുള്ള പരസഹസ്രം ഗോത്രവിഭാഗങ്ങള്‍. പ്രാചീന-മദ്ധ്യകാലങ്ങളില്‍ ഇന്നുള്ളതിനേക്കാളെറെ ആദിവാസി വിഭാഗങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു; കൂടുതല്‍ പ്രദേശങ്ങളില്‍ അവര്‍ അധിവസിച്ചിരുന്നു. ആര്യന്മാരുടെ ജൈത്രയാത്രക്കെതിരെ അവര്‍ ധീരമായി ചെറുത്തുനിന്നു. പക്ഷേ, അവരുടേത് പരാജയം നിശ്ചയിക്കപ്പെട്ട യുദ്ധമായിരുന്നു. അശോകന്റെ നയ പ്രഖ്യാപനത്തില്‍ കാട്ടുഗോത്രങ്ങളെപ്പറ്റി ഹ്രസ്വമായ ഒരു പ്രസ്താവമുണ്ട്. പഴയ രാജാക്കന്മാര്‍ അവരോട് കാണിച്ച ക്രൂരനയത്തിന്റെ പ്രഖ്യാപനമാണത്. ഹിന്ദുനാഗരികതയുടെ വളര്‍ച്ചയ്ക്കിടെ അനേകം പ്രാകൃത ജനവിഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടു. പലരുടേയും സ്വത്വം നഷ്ടമായി. ചിലര്‍ പരിഷ്‌കൃതരായ മേധാവികളുടെ ആധിപത്യം അംഗീകരിച്ച് പൈതൃക ഭൂമി നിലനിര്‍ത്തി. ഈ ജനവിഭാഗങ്ങള്‍ യുദ്ധകാലത്ത് പ്രയോജനം ചെയ്യുമെന്ന് അവര്‍ കരുതി (The wonder that was lndia, A.L Basham)

പുരാണേതിഹാസങ്ങളില്‍ ആദിവാസികള്‍ക്ക് ദുഷ്ടശക്തികളുടെ സ്ഥാനമാണുള്ളത്. പിശാചുക്കളുടേയും ദുഷ്ടശക്തികളുടെയും സ്വഭാവവിശേഷങ്ങള്‍ പലതും ഹിന്ദു മിത്തോളജിയില്‍ വിവരിച്ചിരിക്കുന്നത് കാട്ടുഗോത്രക്കാരെപ്പറ്റിയുള്ള ധാരണയില്‍നിന്നാണ്. നാഗത്താന്മാര്‍, യക്ഷന്മാര്‍, രാക്ഷസന്മാര്‍, അസുരന്മാര്‍ തുടങ്ങിയവരാണ് ഈ ദുഷ്ടശക്തികള്‍. (അതേ പുസ്തകം, എ.എല്‍.ബാഷാം)

രാമായണ മഹാഭാരതാദികളില്‍ വാനരന്മാരെന്നും ഋഷന്മാരെന്നും രാക്ഷസന്മാരെന്നും വിളിക്കപ്പെടുന്നവര്‍ മധ്യഭാരതത്തിലെ ആദിവാസികളായ അനാര്യ ഉപജാതികളായിരുന്നു എന്ന പണ്ഡിതമതത്തെ ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. ചുരുക്കത്തില്‍, ആദിവാസി – ദലിത് വിഭാഗങ്ങള്‍ ഒരിക്കലും ഹിന്ദു മതത്തിന്റെ ഭാഗമായിരുന്നില്ല.

മഹാത്മാ അംബേദ്ക്കര്‍ ,ആദിവാസികള്‍ അടക്കമുള്ള കീഴാളസമൂഹങ്ങള്‍ ഹിന്ദുസമാജത്തില്‍പ്പെട്ടവരാണെന്ന വാദം നിസ്സംശയം തള്ളിക്കളഞ്ഞിട്ടുണ്ട്. അദ്ദേഹം ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കീഴാള വിഭാഗങ്ങള്‍ ഹൈന്ദവ ദൈവങ്ങളെ ആരാധിക്കുന്നതിനേയും അവരുടെ ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനെയും അതിരൂക്ഷമായി വിലക്കിയിട്ടുമുണ്ട്. അംബേദ്കര്‍ പറയുന്നു: ”ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതും ഹിന്ദു ആഘോഷങ്ങള്‍ കൊണ്ടാടുന്നതും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും അവസാനിപ്പിക്കുക’.(Source Material on Dr.Babasaheb Ambedkar &the movements of Untouchables, Govt.of Maharashtra 1982)

‘ബ്രാഹ്മണരുടെ ദൈവങ്ങളെ നാം ആരാധിക്കുന്നേടത്തോളം കാലം ബ്രാഹ്മണര്‍ നമ്മെ ഭരിക്കുന്നതും തുടരും.( ബാബാ സാഹെബിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളും അനുഭവങ്ങളും – ശങ്കരാനന്ദ ശാസ്ത്രി – പുറം. 63)

സഹോദരന്‍ അയ്യപ്പന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: ”തീയ്യര്‍ അടക്കമുള്ള പിന്നോക്ക ജാതിക്കാര്‍ തങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്നു കരുതുന്നത്, ഒരടിമ കാലപ്പഴക്കം കൊണ്ട് തന്റെ കാലിലെ ചങ്ങല കാലിന്റെ ഭാഗമാണെന്നു വാദിക്കുന്നതു പോലെയാണ്…”

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍, ഹൈന്ദവരല്ലാത്ത, ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത ദലിത് ആദിവാസി വിഭാഗങ്ങള്‍ തങ്ങളെ അടിച്ചമര്‍ത്തിയ, അടിമകളാക്കിയ സവര്‍ണ വിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ പോയി ആരാധന നടത്തേണ്ടതുണ്ടോ? കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ അവര്‍ണരെ ക്ഷേത്രത്തില്‍ കയറ്റുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭത്തിന്റെ സാംഗത്യം അത്രമേല്‍ ശരിയായിരുന്നുവോ? ഈഴവരുടെ ആരാധനാമൂര്‍ത്തിയല്ലാത്ത ശിവനെ ഈഴവര്‍ക്കു മേല്‍ പ്രതിഷ്ഠിച്ചത് ആര്യനൈസേഷന്‍ (ഹൈന്ദവ വത്കരണം) പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയല്ലേ ചെയ്തത്?

ഇപ്പോള്‍ ഹൈന്ദവ ക്ഷേത്രങ്ങളില്‍ പോയി ആരാധനാകര്‍മ്മങ്ങളില്‍ പങ്കുചേരുന്ന ദലിത്, ആദിവാസി വിഭാഗങ്ങളില്‍ പെട്ടവര്‍ അയിത്തവും മറ്റു വിവേചനങ്ങളും നേരിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തെ ചരിത്രവത്കരിച്ച് വായിക്കേണ്ടതുണ്ട്. സമീപകാലം വരെ തിരുനെല്ലി ക്ഷേത്രത്തിനു മുമ്പില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡുണ്ടായിരുന്നു. ‘അഹിന്ദുക്കള്‍ ‘ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് മുസ്ലിംകളെയോ കൃസ്ത്യാനികളെയോ ആയിരുന്നില്ല; മറിച്ച് ദലിത് – ആദിവാസി വിഭാഗങ്ങളെയായിരുന്നു. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഈഴവാദി വിഭാഗങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവുണ്ടായപ്പോഴാണ് മലബാറിലെ പല പ്രമുഖ ക്ഷേത്രങ്ങള്‍ക്കു മുമ്പിലും ഈ പ്രവേശന വിലക്ക് ബോര്‍ഡു പ്രത്യക്ഷപ്പെട്ടത് എന്നാണ് ചരിത്രം. അതായത്, അന്നേ വരെ ഹിന്ദുക്കളായി പരിഗണിച്ചിട്ടില്ലാത്ത ദലിത് ആദിവാസി വിഭാഗങ്ങള്‍ ഇങ്ങോട്ടു കയറി വരണ്ട എന്ന് ചുരുക്കം. ലളിതമായി പറഞ്ഞാല്‍, ചേരാന്‍ പറ്റാത്ത രണ്ടു വിരുദ്ധ വിഭാഗങ്ങളെ കൃത്രിമമായി വിളക്കിചേര്‍ത്തതിന്റെ അന്ത:സംഘര്‍ഷങ്ങളാണ് പുതിയ വിവാദങ്ങളിലെല്ലാം നിഴലിക്കുന്നത്. സവര്‍ണ പ്രത്യയശാസ്ത്രത്തോട് വിയോജിക്കുന്ന ദലിത് വിഭാഗങ്ങള്‍ ബ്രാഹ്മണ്യ ത്തിന് മുമ്പില്‍ സാഷ്ടാംഗം ചെയ്യുന്നതു തന്നെ തികഞ്ഞ വൈരുദ്ധ്യമാണ്. അടിമത്തം തേടി പോയി വരിക്കലാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply