വൈദിക ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയാണ് ശശി തരൂര്‍

സ്ത്രീയെ വായു കയറാത്ത ഇരുള്‍ മുറിയില്‍ ആചാരപാശത്തില്‍ ബന്ധിച്ച് , ഒരു നിത്യോപയോഗ വസ്തുവായി ചുരുക്കിയെടുക്കുക എന്ന പുരുഷാധിപത്യത്തിന്റെ ഏറ്റവും നീചമായ തന്ത്രമാണ് പരശുരാമന്റെ മാതാവിന്റെ തലയറുക്കുന്ന കഥയിലൂടെ പൗരോഹിത്യം ദൈവീകമായി അവതരിപ്പിച്ചും പവിത്രീകരിച്ചും സമൂഹത്തില്‍ പ്രചരിപ്പിച്ചത്.

ബ്രാഹ്മണ വൈദിക മതം വേഷംകെട്ടിച്ചിറക്കിയ (masquerade) കഥാപാത്രമായ പരശുരാമന്റെ ‘ജയന്തി’ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കേരളീയ മധ്യവര്‍ഗത്തിന്റെ വിശ്വപുരുഷന്‍ ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നല്ലോ. ബ്രാഹ്മണ ഐതിഹ്യമാലയുടെ പൂതലിച്ച പടി കയറുന്ന ശശി തരൂര്‍, തമ്പുരാന്‍ വാഴ്ചക്കാലം വെട്ടിമുറിച്ചു കുഴിച്ചുമൂടപ്പെട്ടത് വിശ്വചരിത്രം വായിക്കുന്നതിനിടയില്‍ ‘നാട്ടുചരിത്രം’ വായിക്കാത്തതുകൊണ്ട് മനസ്സിലാക്കിയീട്ടില്ലെന്ന് തോന്നുന്നു. വൈദിക ബ്രാഹ്മണ്യത്തിന്റെ ആധിപത്യവും മഹിമയും സ്ഥാപിക്കാനുള്ള കള്ളക്കഥകള്‍ മെനഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രദൂരത്തെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ശിശിതരൂര്‍ നടത്തിവരുന്നത്.

ശശി തരൂര്‍ പരശുരാമന്റെ ജന്മദിനം കണ്ടെത്തി ആശംസിച്ചത്, കേരള ചരിത്രത്തെ വെള്ളം ചേര്‍ക്കാത്ത കള്ളം നിറച്ച ഭാവനകൊണ്ടും അമര്‍ച്ചിത്ര കഥയിലെ വീരേതിഹാസം കൊണ്ടും തോന്നും പോലെ വ്യാഖ്യാനിക്കുന്നതും, തമ്പുരാന്‍ വാഴ്ചയുടേയും കോളനി വാഴ്ചയുടേയും ചരിത്രം അറിയാത്തതു കൊണ്ടുമാണോ?

ഏറ്റവും അധമമായ നരഹത്യക്ക് നിസംങ്കോചം പുറപ്പെടുന്ന മകന്‍ പരശുരാമന്‍, തന്റെ അമ്മയെ പുഴയോരത്തിട്ട് വെട്ടി വീഴ്ത്തി മുടികുത്തിപ്പിടിച്ച് അമ്മയുടെ തല അറുത്തെടുത്ത് സംശയ രോഗിയും പൗരോഹിത്യ പുരുഷാധീശത്വ വ്യവസ്ഥിതിയുടെ സംരക്ഷകനുമായ ജമദഗ്‌നി മഹര്‍ഷി എന്ന തന്റെ അച്ഛന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച് പിതൃത്വാധീകാരത്തിന്റേയും പൗരോഹിത്യ ക്രൂരതയുടെയും സംഹാര പാരമ്പര്യം മഹത്വപ്പെടുത്തി നിലനിര്‍ത്തുന്നു. എത്ര ഗംഭീരമാണ്, ശശിതരൂരും അദ്ദേഹത്തിന്റെ സമൂഹവും തോളിലേറ്റുന്ന ഋഷീശ്വരന്മാരുടെ സ്ത്രീകളോടുള്ള പരാക്രമം !

ഇന്ത്യന്‍ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ രാജ മാളികയിലേക്ക് ഉദ്യോഗസ്ഥ പ്രഭുത്വത്തിന്റെ ധര്‍മ്മ വിഗ്രഹമായാണ് ശശി തരൂര്‍ പ്രവേശിപ്പിക്കപ്പെട്ടത്. മോദിയുടെ ”സ്വച്ഛ്ഭാരത് ‘ പദ്ധതിക്ക് നിഷ്പക്ഷതയുടെ മാസ്‌ക് ധരിച്ച് ട്വിറ്ററിലൂടെ മോദിക്ക് മംഗളപത്രം എഴുതിക്കൊണ്ട് ശശി തരൂര്‍ ബ്രാഹ്മണ്യ ഫാഷിസത്തിന്റെ ചാരിത്ര്യശുദ്ധിക്ക് കൈയ്യൊപ്പ് വെച്ചു കൊടുക്കുന്ന രാഷ്ട്രീയ ജീര്‍ണത നാം കണ്ടതാണ്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ പോയി മുന്‍ രാജാക്കന്മാരുടെ മുമ്പില്‍ ആദരവോടെ വിനീതനായുള്ള ശശിയുടെ ഓച്ചാനിച്ചു നില്പ് പഴയ ജന്മിത്വത്തോടുള്ള ഒരു ശുദ്രന്റെ മാനസിക ദാസ്യവൃത്തിയുടെ ഭയാനകമായ ഉന്മാദമായിത്തീരുന്നതായിരുന്നു.
അതുകഴിഞ്ഞ് നേരെ പോയി മത്സ്യം വില്‍ക്കുന്ന സ്ത്രീകളെ സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്ന മിസ്റ്റര്‍ തരൂര്‍ എന്ന ‘ലില്ലിപ്പുട്ട് പ്രത്യയശാസ്ത്രജ്ഞന്‍’ മനംപുരട്ടുന്ന വെജിറ്റേറിയനായീട്ടും മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ അദ്ദേഹത്തെ ആവേശപൂര്‍വം സ്വീകരിച്ചുവെന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി.

ചരിത്രപരമായിത്തന്നെ തന്നില്‍ പതിഞ്ഞുകിടക്കുന്ന കൊളോണിയല്‍ രക്തക്കൂറും ഉപരിവര്‍ഗ്ഗ പക്ഷപാതിത്വവും പ്രതീക്ഷിച്ചപോലെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂടിവെക്കാന്‍ പോലും ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ ഏറ്റവും ധനികരില്‍ ഒരാളായ (2014ല്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍ വെളിപ്പെടുത്തിയ സ്വത്ത് 23 കോടിയാണ്. യഥാര്‍ത്ഥ സ്വത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിതെന്ന് ആരോപണമുണ്ട്.) ശശി തരൂരിന് കഴിയാറില്ല.

കേരളീയന്റെ മധ്യവര്‍ഗ്ഗ മനസ്സിനെയും അതില്‍ അന്തര്‍ലീനമായ അഭിജാത വര്‍ഗ്ഗ ബഹുമാനത്തേയും തന്റെ മാനേജ്‌മെന്റ് കൗശലവും പണവും ഉപയോഗിച്ച് കബളിപ്പിച്ച് രണ്ടുതവണ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനുശേഷം ഗുജറാത്തി കച്ചവടക്കാരായ അംബാനി – അദാനിമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആദായ രാഷ്ട്രീയം കളിക്കുകയായിരുന്നു ശശി. ശശിയുടെ ആഭിജാത ഗരിമയോടെയുള്ള ഉറഞ്ഞു തുള്ളലുകള്‍ക്ക് കേരളീയ മധ്യവര്‍ഗ്ഗം നല്‍കുന്ന പിന്തുണയും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് ‘ എന്ന പുസ്തകം അദ്ദേഹം എഴുതിയത് പൂര്‍ണ്ണ സവര്‍ണ്ണ വൈദിക ആവാസപരിസരത്തു നിന്നു കൊണ്ടാണ്.. ആ പുസ്തകത്തിന്റെ പ്രകാശനത്തിന് പോയപ്പോള്‍ ഹിന്ദു എന്താണെന്ന് നിര്‍വചിക്കാന്‍ അറിയാതെ ‘യു നോ ഐ ആം എ നായര്‍ ‘എന്ന വിലകുറഞ്ഞ ഒരു വാചകവും അദ്ദേഹം പറയുകയുണ്ടായെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ് പറയുന്നുണ്ട്. ഇതിനകം ഇന്ത്യന്‍ സാമൂഹ്യ – രാഷ്ട്രീയ ചിന്താമണ്ഡലത്തിലെ ഗൗരവതരമായ വിചാര പ്രക്രിയയായിമാറിക്കഴിഞ്ഞ അംബേദ്കര്‍ രചനകള്‍ക്കും അദ്ദേഹത്തിന്റെ ചരിത്രപരമായ സമത്വവാദ (Historical Egalitarianism) നിരീക്ഷണങ്ങള്‍ക്കും ഒരു മേല്‍ജാതി കച്ചേരിക്കോയ്മ (Officialdom) നിലനിര്‍ത്തുന്ന സവര്‍ണ്ണ ഹിന്ദു പ്രതിനിധിയുടെ ഖണ്ഡനം പോലെയാണ് ശശി തരൂരിന്റെ ഈ പുസ്തകം.

ഇന്ത്യയിലെ ധനിക സവര്‍ണ ഹിന്ദുത്വ ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ ഉത്തമനായ പ്രതിനിധിയാണ് ശശി തരൂര്‍. ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല (Why I am not a Hindu) എന്ന കാഞ്ച ഏലയ്യയുടെ പുസ്തകം ഇന്ന് ഇന്ത്യയില്‍ പൊതുവേ കീഴാളരുടെയും ജനാധിപത്യ വാദികളുടേയും ജാതി ഉന്മൂലന പോരാട്ടങ്ങളെ ഉജ്ജ്വലിപ്പിക്കുമ്പോള്‍, അതിന് വിപരീത ഭാഷ്യം ചമയ്ക്കുകയാണ് സവര്‍ണ ഹിന്ദു മറുപടിയെന്നോണം ശശി തരൂര്‍ ഈ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നത്.

ധനിക സവര്‍ണ ഹിന്ദു പുരുഷന്റെ നിലപാടില്‍ നിന്നു കൊണ്ടു തന്നെയാണ് ശശി തരൂര്‍ ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ എതിര്‍ത്തത്. ആചാരങ്ങള്‍ ലംഘക്കിനാവില്ല എന്നാണ് ശശി തരൂര്‍ ആവര്‍ത്തിച്ചു പറഞ്ഞത്.

തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ജില്ലയോട് കടുത്ത വഞ്ചനയാണ് ശശി തരൂര്‍ ചെയ്തത്. ഭയാനകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും തിരുവനന്തപുരം ജില്ലയുടെ തീരജീവിതങ്ങളെ തിരമാലകളില്‍ ചുരുട്ടി എറിയുന്നതുമായ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അദാനിക്ക് വേണ്ടി വാദിച്ചതും വിമാനത്താവളം അദാനിയുടെ കൈവെള്ളയില്‍ വെച്ച് കൊടുക്കാന്‍ ചിട്ടപ്പെടുത്തിയ പ്രസ്താവനകളിറക്കിയതും ശശിതരൂരിന്റെ ‘പരശുരാമ കേരളത്തോടുള്ള ‘ തീവ്രാഭിലാഷത്തിന്റെ സൂചനകളാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും സാമൂഹ്യ പരിഷ്‌കര്‍ത്താവായ അയ്യങ്കാളിയുടെയും വേഷം ധരിച്ചെത്തിയ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ട് ശശി തരൂര്‍ ഒരിക്കല്‍ ട്വീറ്റ് ചെയ്തത് ‘ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ആള്‍രൂപമായി വേഷമിട്ട രണ്ട് തിരുവനന്തപുരം കുട്ടികള്‍!’ എന്നാണ്.

പൊതുജ്ഞാനിയാണെന്ന് സ്വയം കരുതുകയും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള ശബ്ദകോശകാരന്റെ വാചകക്കസര്‍ത്ത് (Volubility of a Vocabularian)കേട്ട് കേരളത്തിലെ മധ്യവര്‍ഗ്ഗങ്ങള്‍ അങ്ങനെ ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത ഡിപ്ലോമാറ്റിക് ബുദ്ധിജീവിയുടെ ചരിത്ര ജ്ഞാനമാണ് ട്വിറ്ററിലൂടെ പുറത്തുചാടിയത്..

സ്ത്രീയെ വായു കയറാത്ത ഇരുള്‍ മുറിയില്‍ ആചാരപാശത്തില്‍ ബന്ധിച്ച് , ഒരു നിത്യോപയോഗ വസ്തുവായി ചുരുക്കിയെടുക്കുക എന്ന പുരുഷാധിപത്യത്തിന്റെ ഏറ്റവും നീചമായ തന്ത്രമാണ് പരശുരാമന്റെ മാതാവിന്റെ തലയറുക്കുന്ന കഥയിലൂടെ പൗരോഹിത്യം ദൈവീകമായി അവതരിപ്പിച്ചും പവിത്രീകരിച്ചും സമൂഹത്തില്‍ പ്രചരിപ്പിച്ചത്.

കള്ളക്കഥകളുടെ പ്രചരണത്തിലൂടെ വൈദിക ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ് ശശിതരൂര്‍ ഏറ്റെടുത്തിരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply