ഏറ്റവും പുതിയ ലോകത്തിനൊപ്പം തിലകന്‍ എന്നും സ്വയം നവീകരിച്ചിരുന്നു

കഴിഞ്ഞ ദിവസം അന്തരിച്ച കവിയും മുംബൈയിലെ സാംസ്‌കാരികപ്രവര്‍ത്തകനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായിരുന്ന ഇ ഐ എസ് തിലകനെ കുറിച്ച് കെ ജി ശങ്കരപിള്ള

മുംബൈയിലെ മലയാളിപ്രബുദ്ധതയുടെ ചരിത്രത്തില്‍ സുപ്രധാനമാണ് ഇ ഐ എസ് തിലകന്റെ സ്ഥാനം. കവി, ചിന്തകന്‍, എഡിറ്റര്‍, സംഘാടകന്‍, ഇടത്പക്ഷ രാഷ്ട്രീയ/ സാംസ്‌കാരിക/വിമര്‍ശകന്‍, പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, തുടങ്ങി ഒട്ടേറെയായിരുന്നു മുംബൈ മലയാളിയുടെ സ്വത്വാവബോധത്തിലും സാംസ്‌കാരിക പൊതുമണ്ഡലത്തിലും തിലകന്‍ സ്വയം ഏറ്റെടുത്ത സ്വാധീന ദൗത്യങ്ങള്‍. ഏറ്റവും പുതിയ അറിവുകളുടെ വാഹകനായും നിഷ്‌ക്രിയതയ്ക്കും സിനിസിസത്തിനുമെതിരെ തിരുത്തല്‍ശക്തിയായും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും ഊര്‍ജ്ജസ്വലനായ സ്രഷ്ടാവായും തിലകന്‍ പ്രവര്‍ത്തിച്ചു. സ്വജനങ്ങളെ പഴമ വിഴുങ്ങി പാഴാക്കുന്നതില്‍ നിന്ന് ആവുന്നത്ര പുതുമയിലേക്ക് വിമോചിപ്പിച്ചു . സ്വന്തം ഇടത്തില്‍ എന്നും പുതുമയുടെ പ്രചോദകനും പ്രതിനിധിയുമായിരുന്നു തിലകന്‍.

വിശുദ്ധിയായിരുന്നു ഇ ഐ എസ് തിലകന്റെ സ്വത്വശക്തി. പ്രതിരോധം, പ്രത്യാശ, സ്‌നേഹം, നന്മ എന്നിവയ്ക്ക് ഊര്‍ജ്ജം. ആഴത്തില്‍ വിശുദ്ധിയിലേക്ക് അന്വയിക്കപ്പെട്ടാണ് തിലകന്റെ അറിവും വൈഭവങ്ങളും എന്നും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. കവിത, ഏറ്റവും പുതിയ സൈദ്ധാന്തിക ജ്ഞാനം, നീതിദര്‍ശനം, ഉള്‍ക്കാഴ്ച, ധീരത, സ്‌നേഹം, രാഷ്ട്രീയം, തുടങ്ങിയവയെല്ലാം തിലകനില്‍ നാം അനുഭവിച്ചത് അവയുടെ വിശുദ്ധീകരിക്കപ്പെട്ട ആവൃത്തികളിലാണ്.

നവ ലോകങ്ങളിലെ ഏറ്റവും പുതിയ ജ്ഞാനോര്‍ജ്ജങ്ങളുമായി തന്നെ അന്വയിക്കാന്‍ തിലകന്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നു. സഹജീവിതങ്ങളെ ആ വഴിക്ക് ഉത്തേജിപ്പിക്കാനും നവീകരിക്കാനും ഒരിക്കലും തിലകന്‍ മറന്നില്ല. അത് എം എല്‍ രാഷ്ട്രീയമുള്‍പ്പടെ ഏത് മണ്ഡലത്തില്‍പ്രവര്‍ത്തിക്കുമ്പോഴും. സമാജത്തിലോ ഡെക്കോറയിലോ വിശാലകേരളത്തിലോ സംഘഗാനത്തിലോ നഗരകവിതയിലോ. സ്വകാര്യമായെങ്കിലും സ്വന്തം സത്തയില്‍ കമ്യൂണിസ്‌റ് സ്വപ്നം ഒരു സംഘഗാനമായി ആലപിക്കുന്നതായിരുന്നു തിലകന് സര്‍ഗ്ഗത്മകവും ധൈഷണികവുമായ ജീവിതം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏറ്റവും പുതിയ ലോകത്തിനൊപ്പം തിലകന്‍ എന്നും സ്വയം നവീകരിച്ചിരുന്നു. അതിനായി ഉണര്‍ന്നിരുന്നു. അതിനായി ആഴം കൊണ്ടിരുന്നു. അതിനായി ഭാവിയിലേക്ക് നോക്കിയിരുന്നു. തന്നോടൊപ്പം തന്റെ സുഹൃത്തുക്കളെയും പുതുക്കാനും ആഴം കൂട്ടാനും അത് വഴി താനുള്‍പ്പെടുന്ന സാംസ്‌കാരിക പൊതുമണ്ഡലം നൈതിക ജാഗ്രതയുള്ളതാക്കാനും. ഈ അര്‍ത്ഥത്തിലൊക്കെ തിലകന്‍ എക്കാലവും ഉറ്റവരുടെ ധൈഷണിക കാവലാളായിരുന്നു. ഭാവുകത്വനവീനതയുടെ പോഷകനായിരുന്നു. അറിവെല്ലാം, അനുഭൂതിയെല്ലാം, ദര്‍ശനമെല്ലാം തിലകന്‍ നിരന്തരം, പ്രതിരോധവ്യഗ്രതയോടെ, സ്വന്തം ആത്മശുദ്ധിയിലേക്ക് അന്വയിച്ചു. ഒന്നും തന്റെ സ്വാര്‍ത്ഥ വിജയത്തിനോ ലാഭത്തിനോ കീര്‍ത്തിക്കോ പത്രാസിനോ തിലകന്‍ പ്രയോജനപ്പെടുത്തിയതേയില്ല. സ്വന്തം ഇമേജ് പെരുപ്പിക്കല്‍ രഹസ്യ അജണ്ടയായുള്ള മധ്യവര്‍ഗ്ഗബുദ്ധിജീവികളില്‍ തിലകനെ കാണില്ല . പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ അര്‍പ്പിതത്മാവായി പല സംഘടനകളിലും മാധ്യമങ്ങളിലും തിലകന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മറ്റൊരു ലോകം സാധ്യമാണെന്ന ദൃഢബോധ്യത്തോടെ. ഒന്നിച്ചേ മുന്നേറാനാവൂ. ഒന്നിച്ചാലേ മുന്നേറാനാവൂ, എന്ന ചരിത്ര പാഠം അത്രയ്ക്ക് തിട്ടമുണ്ടായിരുന്നു, തിലകന്. ചിന്താപരമായി, ഭാവുകത്വപരമായി, രാഷ്ട്രീയമായി, എപ്പോഴും ഒരു ചുവട് മുന്നിലായിരുന്നു തിലകന്റെ മനസ്സിന്റെ ഗതിവേഗം. അതദ്ദേഹത്തിലെ നേതൃപ്രതിഭയുടെ ജൈവശക്തി കൊണ്ടാണ്. കൂട്ടരെ കൂടെക്കൂട്ടാന്‍ തന്നോട് തന്നെ കമ്മിറ്റഡ് ആയത് കൊണ്ടാണ്. ജ്ഞാനമണ്ഡലത്തില്‍ പഴമയില്‍നിന്നുള്ള വ്യാമോഹമുക്തിയുണ്ടാക്കാതെ ആരിലും വിമോചനോന്‍മുഖമായ പുതിയ മൂല്യബോധമുണ്ടാക്കാനാവില്ല. ഭാവുകത്വം വളര്‍ത്താനാവില്ല. അതില്ലാതെ ആര്‍ക്കും പുതിയ കൃതികളുന്നയിക്കുന്ന സംസ്‌കാരവിമര്‍ശനം അനുഭവിക്കാനാവില്ല. നന്നായറിഞ്ഞിരുന്നു തിലകന്‍ ഈ വെളിവുകള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്രയധികം എല്ലാര്‍ക്കും ഇടമുള്ള മറ്റൊരു വീട് വിരളം. സ്വന്തം വീടിന്റെ മനസ്സ് അത്രമേല്‍ സാമൂഹ്യവല്‍ക്കരിക്കപ്പെട്ടതായിരിക്കാന്‍ തിലകന്‍ ശ്രദ്ധിച്ചു. കൂട്ടുകാരി വിജയവും മക്കള്‍ ദീപ്ത, സ്‌നിഗ്ദ്ധ, സീമ, സര്‍ഗ്ഗ എന്നിവരും മരുമക്കള്‍ വിജയന്‍, രാജേഷ്, മല്ലിക്ക്, ശ്രീറാം എന്നിവരും ചേര്‍ന്നപ്പോള്‍ അതൊരു കുടുംബത്തിലെ ലോക സംഗീതമായി. സ്വാര്‍ഥത്തിലും സങ്കുചിതത്വത്തിലും സ്വന്തം മാത്രം വിജയത്തിലും കീര്‍ത്തിപ്പെടലിലും തന്നോട് ബന്ധപ്പെട്ടതൊന്നും ഒടുങ്ങിപ്പോകാതെ തിലകന്‍ എന്നും കാത്തു. അടഞ്ഞ വാതിലുകള്‍ തിലകനില്ലായിരുന്നു. എഴുത്തിലും ജീവിതത്തിലും.

ഘാട്‌കോപ്പറിലെ തിലകന്റെ വീട്ടില്‍ ആ ലോകസംഗീതം എന്നും ഞാനും ലക്ഷ്മിയും ആദിത്യനും ആസ്വദിച്ചിരുന്നു. മടുപ്പിന്റെ ഒരു നിമിഷം പോലുമില്ലാതെ . സംഗീതം പ്രിയരെ തിരിച്ച് വിളിക്കും. തിലകന്റെ വീട് ഞങ്ങളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു.

മുംബൈയില്‍ എനിക്കിപ്പോള്‍ ഒരു ആത്മമിത്രമല്ല. ധാരാളം ആത്മമിത്രങ്ങള്‍. ലോകം മൈത്രിയുടെ ഇടമായി സ്വപ്നം കണ്ടിരുന്ന തിലകന്‍ എനിക്ക് തന്ന നിത്യസമ്മാനങ്ങള്‍, ആ മൈത്രികള്‍. തിലകന്‍ എന്ന അത്യന്തവിശുദ്ധമായ സ്‌നേഹം അനുഭവിക്കാന്‍ കഴിഞ്ഞതോര്‍ത്ത് ആ മിത്രങ്ങളോടൊപ്പം ഞങ്ങളും അല്‍പ്പനേരം നിശ്ശബ്ദരായിരിക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply