കാനനവാസന്റേയും തത്വമസിയുടേയും അര്‍ത്ഥം മനസ്സിലാക്കാത്തവര്‍ നാം

ഓരോ വര്‍ഷവും നടക്കുന്ന ശബരിമല തീര്‍ത്ഥാടനം ജൈവസമ്പന്നമായ ഒരു വനമേഖലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മാരക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടും ഇക്കാര്യം ഗൗരവപരമായി നാം പരിഗണിക്കുന്നതേയില്ല. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും ഇതിന് അര്‍ഹമായ പ്രാധാന്യം നല്‍കിയതായി തോന്നുന്നില്ല.

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന കാലം അവസാനഘട്ടത്തിലേക്കു നീങ്ങുകയാണ്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമുണ്ടായപോലെയുള്ള സംഘര്‍ഷങ്ങളൊന്നും ഇക്കുറി ഉണ്ടായില്ല. യുവതീപ്രവേശനവിഷയമാകട്ടെ സുപ്രിംകോടതിയുടെ വിപുലീകൃത ബഞ്ചിന്റെ പരിഗണനയിലാണ്. അതിനിടെ യുവതീപ്രവേശനവിഷയത്തില്‍ ഹിന്ദുപണ്ഡിതര്‍ പറയുന്നതാണ് പരിഗണിക്കുക എന്നാണ് ദേവസ്വം ബോര്‍ഡ് മന്ത്രി പറയുന്നത്. ഭരണഘടനക്കും ലിംഗനീതിക്കും സുപ്രിംകോടതിക്കുമൊന്നുമല്ല പ്രാധാന്യം, മനുസ്മൃതിക്കുതന്നെ എന്നുതന്നെയാണ് അദേദഹം ഇതിലൂടെ വ്യക്തമാക്കിയത്. അതേസമയം വളരെ ഗൗരവപരമായ മറ്റൊരു വിഷയം ഇക്കുറിയും കാര്യമായ ചര്‍ച്ചയില്ലാതെപോയി. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രൂക്ഷമായ മാലിന്യപ്രശ്‌നമാണ് ഉദ്ദേശിക്കുന്നത്. ഏറെകാലമായി നിലവിലുണ്ടെന്നു പറയപ്പെടുന്ന പ്ലാസ്റ്റിക് നിരോധനം പോലും വേണ്ടത്ര വിജയകരമല്ല എന്നാണ് റിപ്പോര്‍ട്ട്. ശബരിമലപോലൊരു പ്രദേശത്തിനു ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന മലിനീകരണം തന്നെയാണവിടെ സംഭവിക്കുന്നത്. അതൊഴിവാക്കാന്‍ വേണ്ടത് ശക്തമായ തീരുമാനങ്ങളും അതു നടപ്പാക്കാനുള്ള ആര്‍ജ്ജവവുമാണ്. അതില്ലാത്തതുതന്നെയാണ് പ്രശ്‌നം.
ശബരിമല ദര്‍ശനത്തിന് നാലുകോടിയോളം തീര്‍ത്ഥാടകര്‍ എത്തുന്നു എന്നൊക്കെ അവകാശപ്പെടാറുണ്ട്. അതുപക്ഷെ അതിശയോക്തിയാണെന്ന് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുമറിയാം. ഏതു കണക്കിലും സീസണില്‍ അവിടെയെത്തുന്നവരുടെ എണ്ണം ഒരു കോടിപോലും വരില്ല. പക്ഷെ അതുപോലും ഉള്‍ക്കൊള്ളാവുന്ന അവസ്ഥയല്ല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയുടേത്. ഈ സാഹചര്യത്തിലാണ് ഒരു ദിവസം തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണം പരമാവധി മുപ്പത്തിയാറായിരമായി നിയന്ത്രിക്കണമെന്ന് സുപ്രിംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി. നിര്‍ദ്ദേശിച്ചത്. ഹജ് തീര്‍ത്ഥാടനത്തിലടക്കം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വെക്കുന്നുണ്ട്. എന്നാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് തള്ളിയിരിക്കുകയാണ്. ബോര്‍ഡ് ജീവനക്കാര്‍ക്ക് വേതനം കൊടുക്കാനുള്ള പണം പ്രധാനമായും ലഭിക്കുന്നത് ശബരിമലയില്‍ നിന്നാണെന്നും അതിനാല്‍ തന്നെ നിയന്ത്രണം സാധ്യമല്ല എന്നുമാണ് ബോര്‍ഡിന്റെ നിലപാട്. പലപ്പോഴും ദേവസ്വം ബോര്‍ഡിന്റെ നേട്ടമായി വിലയിരുത്താറുള്ളത് വരുമാനത്തിന്റെ കണക്കിലാണല്ലോ. എന്നാല്‍ ഇപ്പറയുന്ന വരുമാനത്തേക്കാള്‍ എത്രയോ വലിയ നഷ്ടമാണ് പശ്ചിമഘട്ടവും പമ്പയുമെല്ലാം നേരിടുന്നതെന്നാണ് ബോര്‍ഡ് വ്‌സ്മരിക്കുന്നത്. ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ പുതുക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. അതിനായി കൂടുതല്‍ വനം അനുവദിക്കണമെന്നും. ചുരുക്കത്തില്‍ ശബരിമല വികസനത്തിന്റെ പേരില്‍ ഇനിയും വനം വെട്ടിത്തെളിയിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് നീക്കമെന്നു സാരം.
ഓരോ വര്‍ഷവും നടക്കുന്ന ശബരിമല തീര്‍ത്ഥാടനം ജൈവസമ്പന്നമായ ഒരു വനമേഖലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത മാരക ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടും ഇക്കാര്യം ഗൗരവപരമായി നാം പരിഗണിക്കുന്നതേയില്ല. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പോലും ഇതിന് അര്‍ഹമായ പ്രാധാന്യം നല്‍കിയതായി തോന്നുന്നില്ല. സത്യത്തില്‍ വിശ്വാസമനുസരിച്ചുതന്നെ ശബരിമലയില്‍ ഇത്രയും തിരക്കുപാടില്ലാത്തതാണ്. 41 ദിവസത്തെ വ്രതമനുഷ്ഠിച്ചും കാനനപാതയിലൂടെ സഞ്ചരിച്ചും സന്നിധാനത്തിലെത്തുന്ന ഭക്തര്‍ വായിക്കുന്നതെന്താണ്? തത്ത്വമസി. അതു നീയാകുന്നു. ഇതു നല്‍കുന്ന സന്ദേശം ചെറുതല്ല. ഇത്രയും പാടുപെട്ട് എന്റെയടുത്ത് എത്തിയ നീ തിരിച്ചറിയേണ്ടത് നീ തേടുന്നതെന്തോ അത് നിന്നില്‍ തന്നെയുണ്ടെന്നാണ് അയ്യപ്പന്‍ പറയുന്നത്. തീര്‍ച്ചയായും ആ വാക്കില്‍ നീ ഇനിയും ഇങ്ങോട്ടുവരേണ്ടതില്ല എന്ന അര്‍ത്ഥം കൂടിയുണ്ട്. അതായത് തന്നെ കാണാന്‍ ഒരു തവണ വന്നാല്‍ മതി എന്നു തന്നെയാണ് അയ്യപ്പന്‍ പറയുന്നത്. വനസംരക്ഷണം കൂടി മുന്നില്‍ കണ്ടുതന്നെയായിരിക്കണം അയ്യപ്പന്‍ അന്നുതന്നെ അത്തരത്തില്‍ പറഞ്ഞത്. എന്നാല്‍ അതിനാരും വിലകല്‍പ്പിക്കുന്നതേയില്ല. വര്‍ഷാവര്‍ഷം സന്നിധാനത്തിലെത്തി യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാതെ തത്വമസി എന്നു വായിച്ച് ഭക്തര്‍ തിരിച്ചുവരുന്നു.
ശബരിമലയെ മാലിന്യവിമുക്തമാക്കാനുള്ള പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ നടപ്പാകാറില്ല. നടപ്പാക്കുന്നവയാകട്ടെ ഇപ്പോഴെത്തുന്ന തീര്‍ത്ഥാടകുടെ പത്തിലൊരു പേര്‍ക്കു പോലും തികയുന്നതല്ല. പുണ്യനദിയെന്നു പുകള്‍ പെറ്റ പമ്പയുടെ അവസ്ഥ ഗംഗയേക്കാള്‍ മോശമാണ്. ഗംഗയുടെ സംരക്ഷണത്തിനായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പോരാട്ടങ്ങളും ആത്മാഹുതികളും നടക്കുമ്പോള്‍ ഇവിടെ അതൊന്നും കാണുന്നതേയില്ല. പമ്പയിന്ന് കോളീഫോം ബാക്ടീരിയയുടെ കലവറയാണ്. ഓരോവര്‍ഷവും തീര്‍ത്ഥാടനകാലത്ത് പമ്പാനദിയിലെ മാലിന്യത്തിന്റെ തോത് വര്‍ദ്ധിക്കുന്നു. പമ്പയുടെ നാശം അവിടെയൊതു ങ്ങുന്നതല്ല. അതൊഴുകിയെത്തുന്ന മദ്ധ്യതിരുവിതാംകൂറിലെയും കുട്ട നാട്ടിലെയും ജനജീവിതത്തെക്കൂടിയാണ് ബാധിക്കുന്നത്.
അതുപോലെ തന്നെ പ്രധാനമാണ് വനത്തിനുണ്ടാകുന്ന നാശവും. അതേസമയം ശബരിമലയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ശിക്ഷാര്‍ഹരാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും ഈടാക്കാന്‍ വകുപ്പുള്ളതാണ് ഈ നിയമം. എന്നാല്‍ അതൊന്നും നടപ്പാക്കപ്പെടുന്നില്ല. ഗ്രീന്‍ മിഷന്‍ ശബരിമല എന്ന പേരില്‍ ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പരിപാടിയും മുന്നേ ആരംഭിച്ചിട്ടുണ്ട്. പമ്പയില്‍ തുണി വലിച്ചെറിയുന്നതും പമ്പ മലിനമാകുന്നതും തടയുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, മാലിന്യ ശേഖരണികളില്‍ മാത്രം മാലിന്യം നിക്ഷേപിക്കുക, ജൈവ-അജൈവമാലിന്യം പ്രത്യേകം വേര്‍തിരിച്ചെടുക്കുക തുടങ്ങിയ പദ്ധതികളാണ് മിഷന്‍ ഗ്രീന്‍ ശബരിമലയില്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇതില്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഫലമുണ്ടായത്. അതേസമയം പ്ലാസ്റ്റിക് ഇപ്പോഴും ഭീഷണി തന്നെ. ഓരോ തീര്‍ത്ഥാടനകാലവും അവേശേഷിപ്പിക്കുന്നത് നിരവധി പ്ലാസ്റ്റിക് മലകളാണ്. പെരിയാര്‍, പമ്പ എന്നീ കേരളത്തിലെ രണ്ട് പ്രധാന നദികളുടെ കൈവഴികളിലേക്ക് ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നു. ഇതിനിടയിലാണ് വികസനത്തിന്റെ പേരില്‍ കൂടുതല്‍ വനം വെട്ടിവെളുപ്പിക്കാനും വിമാനത്താവളം നിര്‍മ്മിക്കാനുമുളള നീക്കങ്ങള്‍ നടക്കുന്നത്.
ഇന്ത്യയിലെ 48 കടുവാ സങ്കേതങ്ങളില്‍ വെച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ് 925 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പെരിയാര്‍ കടുവാ സങ്കേതം. വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ ഒട്ടേറെ സസ്യജന്തു ജാലങ്ങളുടെ കലവറയായ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ക്രിട്ടിക്കല്‍ ഹാബിറ്റാറ്റിന്റെ കോര്‍ ഏരിയയിലാണ് ശബരിമല എന്ന തീര്‍ത്ഥാടന ടൂറിസ നഗരം വളര്‍ന്നു കൊണ്ടിരിക്കുന്നത്. ഈ മേഖലയുടെ നാശത്തിനു കൂടിയാണ് ഈ വിപുലീകരണ നയങ്ങള്‍ കളമൊരുക്കുക. ഈ സാഹചര്യത്തില്‍ ”കാനനവാസന്‍” എന്ന സങ്കല്‍പ്പം തന്നെ അര്‍ത്ഥരഹിതമാക്കുന്ന നടപടി അവസാനിപ്പിച്ച്, തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ച് ശബരിമലയും സമീപപ്രദേശങ്ങളും സംരക്ഷിക്കാനുള്ള നടപടികളാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്. എണ്ണം നയിന്ത്രിക്കുന്നതില്‍ ലിംഗപരിഗണനക്ക് ഒരു സ്ഥാനവുമില്ല എന്നതും കൂടെ പറയണം. പല പരിസ്ഥിതി സംഘടനകളും ഇക്കാര്യം ഉന്നിയിക്കാറുണ്ടെങ്കിലും ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ അതെല്ലാം അവഗണിക്കപ്പെടുന്ന അവസ്ഥ ഇനിയെങ്കിലും മാറ്റിയേ പറ്റൂ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply