സംഘപരിവാര്‍ വിരുദ്ധരാഷ്ട്രീയത്തേക്കാള്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവര്‍

മുസ്ലിം പോരാട്ടങ്ങളോടു മാത്രമല്ല, ദളിത് പോരാട്ടങ്ങളോടും ഈ മതേതരവാദികള്‍ അയിത്തം പുലര്‍ത്തുന്നവരാണ്. രാജ്യം ഇന്നു സാക്ഷ്യം വഹിക്കുന്ന ഭരണഘടന സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന്റെ ഉജ്ജ്വലമായ മുഖം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റേതാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ നേതാക്കളില്‍ അദ്ദേഹത്തെ മാത്രം തടവിലിട്ടിരിക്കുന്നത്. അദ്ദേഹമാകട്ടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. എന്നിട്ടും ആസാദിനുവേണ്ടി കാര്യമായി ആരും ശബ്ദമുയര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പൗരത്വഭേദഗതി നിയമത്തിനും ഹിന്ദുത്വഫാസിസത്തിനുമെതിരെ സംഘപരിവാറൊഴികെ രാജ്യം ഒന്നടങ്കം പോരാടുന്നു എന്നു പറയുമ്പോഴും കേരളത്തിലെ ഇതുപക്ഷക്കാരും മതേതരവാദികളും യുക്തിവാദികളുമടങ്ങുന്ന ഒരു വിഭാഗം തങ്ങളുടെ കുന്തമുന തിരിച്ചുവെച്ചിരിക്കുന്നത് പോരാടുന്ന മുസ്ലിംവിഭാഗങ്ങള്‍ക്കുനേരെയാണ്. മുസ്ലിം അല്ലാതായി തങ്ങളുടെ കൂടെ വന്ന് സമരം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഏതു മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുള്ള, മതേതരമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്താണ് മതപരമായി അസ്തിത്വം മറച്ചുവെച്ച് സമരത്തിനിറങ്ങണമെന്ന് ഇവരാവശ്യപ്പെടുന്നത്. തന്റെ പോരാട്ടം മതപരമായ വിശ്വാസവും സ്വത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നു പ്രഖ്യാപിച്ച ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ ആയിഷ റെന്നയാണ് ഇവരുടെ ഒരു പ്രധാന ശത്രു. ഇത്തരം സമരങ്ങളുടെ മുന്‍ നിരയിലേക്ക് നുഴഞ്ഞു കയറി ഒരു ബഹുസ്വര മുന്നേറ്റത്തെ കൊലയ്ക്ക് കൊടുക്കരുതെന്നാണ് ഒരാള്‍ അവര്‍ക്കു നല്‍കിയ ഉപദേശം. നേരത്തെ അവര്‍ക്കുനേരെ ശാരീരകമായ അക്രമശ്രമവും ഉണ്ടായിരുന്നു. തങ്ങള്‍ വിളിക്കുന്ന മുദ്രാവാക്യം മറ്റുള്ളവര്‍ വിളിക്കണമെന്ന് ഇവരാരും ആവശ്യപ്പെടുന്നില്ല. മറുവശത്ത് തങ്ങളുടെ മുദ്രാവാക്യങ്ങള്‍ സമരം ചെയ്യുന്ന മുസ്ലിം വിശ്വാസികള്‍ ഏറ്റുവിളിക്കണമെന്നാണ് ഈ മതേതരവാദികളുടെ ആവശ്യം. സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തേക്കാള്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് ഇസ്ലാമോഫോബിയയാണ്. ഭാഗ്യവശാല്‍ കേരളത്തില്‍ മാത്രമേ ഈ പ്രവണത ശക്തമായി കാണുന്നുള്ളു എന്നു തോന്നുന്നു.
തങ്ങളുടെ വാദത്തിനു ശക്തി പകരാന്‍ ഇവര്‍ മുന്നോട്ടുവെക്കുന്ന പ്രധാനവാദം മുസ്ലംവിഭാഗങ്ങള്‍ തങ്ങളുടെ അസ്തിത്വത്തില്‍ നിന്നു സമരം ചെയ്യുന്നത് സംഘപരിവാറിനു സഹായകരമായിരിക്കും എന്നാണ്. മുസ്ലിം അസ്തിത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനു സഹായകരം ഏതു നിലപാടാണെന്നു വ്യക്തം. ഏതു മതത്തില്‍ വിശ്വസിക്കാനും അവകാശം നല്‍കുന്ന മതേതരത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നീക്കത്തെ സഹായിക്കാനല്ലേ ഈ വാദഗതി സഹായിക്കുക. പതിവുപോലെ മുസ്ലിംവിഭാഗങ്ങളല്ല സമരം ചെയ്യേണ്ടത്, രക്ഷാകര്‍ത്താക്കളായി തങ്ങളുള്ളപ്പോള്‍ എന്ന ധ്വനിയും ഇവരുടെ നിലപാടുകളില്‍ കാണാം. പക്ഷെ സംഭവിച്ചതെന്താണ്? ഈ വാദം ശരിയാണെങ്കില്‍ രാജ്യമാകെ ആഞ്ഞടിച്ച ഈ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രം ജാമിയക്കുപകരം ജെഎന്‍യു ആകുമായിരുന്നു. എന്നാല്‍ ജെഎന്‍യുവില്‍ നടന്നത് ജാമിയയില്‍ പോലീസ് നടത്തിയ അക്രമത്തിനെതിരായ പ്രകടനം മാത്രമായിരുന്നു. ജാമിയയിലാകട്ടെ ഒരു മാസത്തോളമായി സമരം തുടരുകതന്നെയാണ്. അതിനിടയില്‍ ജെ എന്‍ യുവിലുണ്ടായ സംഭവങ്ങള്‍ ഫീസ് വര്‍ദ്ധനക്കെതിരായി നടക്കുന്ന സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു. സംഘപരിവാറും പോലീസും അവിടെ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിക്കണം. പക്ഷെ പലരും ധരിച്ചുവെച്ചിരിക്കുന്നത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടമാണ് അവിടെ നടക്കുന്നതെന്നാണ്. പതിവുപോലെ സെലിബ്രേറ്റികളെല്ലാം ഒഴുകിയത് അങ്ങോട്ടാണ്. ഇതാകട്ടെ ആദ്യസംഭവമല്ല. 2016ല്‍ രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് എച്ച് സി യുവില്‍ നിന്നാരംഭിച്ച ദളിത് പോരാട്ടം രാജ്യമാകെ പടര്‍ന്നപ്പോഴും, കനയ്യകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബുദ്ധിജീവികളുടെ ശ്രദ്ധാകേന്ദ്രം അങ്ങോട്ടായി മാറിയിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയമായി ഉയര്‍ന്ന കാമ്പസ് എന്നവകാശപ്പെടുന്ന ജെ എന്‍ യു, ദളിത്-ബഹുജന്‍- അംബേദ്കര്‍ രാഷ്ട്രീയത്തില്‍ പല കാമ്പസുകളേക്കാളും പുറകിലാണെന്നത് ശ്രദ്ധേയമാണ്.
മുസ്ലിം പോരാട്ടങ്ങളോടു മാത്രമല്ല, ദളിത് പോരാട്ടങ്ങളോടും ഈ മതേതരവാദികള്‍ അയിത്തം പുലര്‍ത്തുന്നവരാണ്. രാജ്യം ഇന്നു സാക്ഷ്യം വഹിക്കുന്ന ഭരണഘടന സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന്റെ ഉജ്ജ്വലമായ മുഖം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റേതാണ്. അതു തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ നേതാക്കളില്‍ അദ്ദേഹത്തെ മാത്രം തടവിലിട്ടിരിക്കുന്നത്. അദ്ദേഹമാകട്ടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. എന്നിട്ടും ആസാദിനുവേണ്ടി കാര്യമായി ആരും ശബ്ദമുയര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ചന്ദ്രശേഖര്‍ ഉന്നയിക്കുന്ന രാഷ്ട്രീയം മുന്നേ ഉന്നയിച്ച മദനിയേയും നമ്മുടെ മതേതരവാദികള്‍ ഇസ്ലാമോഫോബിയയുടെ കണ്ണുകളിലൂടെയാണ് കണ്ടതെന്ന കാര്യം മറക്കാറായിട്ടില്ലല്ലോ. ന്യൂസിലാന്‍ഡിലെ പള്ളികളില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്ന് അവിടുത്തെ പ്രധാനമന്ത്രി ജെസിന്റ ആര്‍ഡന്‍ പര്‍ദ്ദ ധരിച്ചതും പാര്‍ലിമെന്റ് ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ചതുമൊക്കെ കണ്ടവരാണ് നാം എന്നതുപോലും ഇവര്‍ മറക്കുന്നു.
പൊതുപരിപാടിയില്‍ പൊതുവായി അംഗീകരിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കണമെന്ന ധാരണ പൊതുവില്‍ ശരിയാണ്. പലപ്പോഴുമത് നടപ്പാകാറില്ല എന്നുമാത്രം. തൃശൂരില്‍ മനുഷ്യസംഗമസമയത്തുണ്ടായ ഒരു സംഭവം ഇങ്ങനെയായിരുന്നു. ഞങ്ങളിലില്ല ഹൈന്ദവരക്തം, കൃസ്ത്യന്‍രക്തം, മുസ്ലിംരക്തം എന്ന മുദ്രാവാക്യം മുഴങ്ങുമ്പോള്‍ പ്രകടനത്തിലുണ്ടായിരുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ മതവിശ്വാസികളാണ്. ഫാസിസത്തിനെതിരുമാണ്. മതവിശ്വാസമുണ്ടെന്നുവെച്ച് ഫാസിസത്തെ എതിര്‍ക്കാമല്ലോ. പക്ഷെ ഞങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി ഈ മുദ്രാവാക്യം എങ്ങനെ വിളിക്കും?’ അവര്‍ മുദ്രാവാക്യം വിളിച്ചില്ല. എന്നാല്‍ ഈ മുദ്രാവാക്യം വിളിക്കുന്നവരെ വിമര്‍ശിക്കുകയോ അവര്‍ക്ക് ഫാസിസത്തിനെതിരെ പോരാടാനുള്ള അവകാശമില്ലെന്നു പറയുകയോ ചെയ്തില്ല. ആ കുട്ടികളുടെ ആര്‍ജ്ജവം പോലും ബുദ്ധിജീവികളെന്നു നടക്കുന്ന പലര്‍ക്കുമില്ലാത്തതാണ് ദുഖകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “സംഘപരിവാര്‍ വിരുദ്ധരാഷ്ട്രീയത്തേക്കാള്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവര്‍

  1. തങ്ങളുടെ വോട്ട് ബാങ്ക് സംരക്ഷിക്കണമെങ്കിൽ മുസ്ലിംകളോട് ഹിന്ദു പേടിയും,ഹിന്ദുക്കളോട് മുസ്ലിം പേടിയും നിരന്തരം ഉല്ബോധിപ്പിച്ച് കൊണ്ടേയിരിക്കേണ്ട അവസ്ഥ ഈ കക്ഷികൾ സ്വയം ഉണ്ടാക്കിയതാണ്.സത്യത്തോടും നീതിയോടും ആണ് ആത്യന്തികമായി ആത്മാർഥത പുലർത്തേണ്ടത് എന്നത് ഈ കക്ഷികളുടെ ആദര്ശപരമായുള്ള ബാധ്യതയുമല്ല.അതത് കാലഘട്ടത്തിൽ ഭൂരിപക്ഷം തീരുമാനിക്കുന്നതെന്തോ അതാണ് അവർക്ക് ധർമ്മം.മതം നിർദേശിക്കുന്ന സ്ഥായിയായ ധർമ്മബോധവും ബോധനങ്ങളും കപടമാണെന്ന് വിശ്വസിക്കുന്ന ആദർശക്കാരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്..

Leave a Reply