റൗണ്ട് അപ്പ് ഇന്ത്യയിലും നിരോധിക്കണം

അന്താരാഷ്ട്ര കീടനാശിനി നിര്‍മാണ ഭീമന്‍ ബേയറിന് വീണ്ടും തിരിച്ചടി.
ബേയര്‍ കമ്പനി പുറത്തിറക്കുന്ന പ്രശസ്തമായ കളനാശിനി ആയ റൗണ്ട് അപ്പ് ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിച്ച ഡീവൈന്‍ ജോണ്‍സണ്‍ എന്ന വ്യക്തിക്ക് 20.4 മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്ന കാലിഫോര്‍ണിയ സുപ്രീം കോടതി വിധിക്ക് എതിരായ ബേയറിന്റെ ഹര്‍ജി തളളി

സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഒരു സ്‌കൂളില്‍ ഗ്രൗണ്ട് കീപ്പര്‍ ആയി ജോലി ചെയ്തത് വരികയായിരുന്ന ഡീവൈന്‍ ജോണ്‍സണ്‍ 2018 ലാണ് റൗണ്ട് അപ്പ് കീടനാശിനി ഉപയോഗിച്ചത് മൂലം തനിക്ക് ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ടു എന്ന് സൂചിപ്പിച്ച് കോടതിയെ സമീപിച്ചത്. അന്ന് മോണ്‍സാന്റോ കമ്പനിയുടെ പക്കല്‍ ആയിരുന്നു ഗ്ലൈഫോസ്‌ഫേറ്റ് എന്ന രാസവസ്തു അടിസ്ഥാനമാക്കി 1975 ല് നിര്‍മിക്കപ്പെട്ട റൗണ്ട് അപ്പ് എന്ന ഉല്‍പന്നം. കോടതി ജോണ്‍സന്റെ വാദങ്ങള്‍ അംഗീകരിക്കുകയും 2018 ആഗസ്റ്റില്‍ മോണ്‍സാന്റോ 289 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് വിധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിതരായ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വിവിധ കോടതികളെ സമീപിച്ചു.

ഇതിന് ഏതാനും മാസങ്ങള്‍ മുന്‍പ് മാത്രമായിരുന്നു അമേരിക്കന്‍ കമ്പനിയായ മോണ്‍സാന്റോയെ ജര്‍മന്‍ കമ്പനിയായ ബെയര്‍ ഔദ്യോഗികമായി ഏറ്റടുത്തത്ത്. ഇതിന് പിന്നാലെ റൗണ്ട് അപ്പ് ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിതരായ ആയിരക്കണക്കിന് ആളുകള്‍ കോടതികളെ സമീപിച്ചത് ബേയറിനു തീരാ തലവേദനയായി മാറുകയാണ്. ഇതേ വരെ 18,400 കേസുകള്‍ ആണ് ഈ വിഷയത്തില്‍ വിവിധ അമേരിക്കന്‍ കോടതികളില്‍ നടക്കുന്നത്. ഇതില്‍ മൂന്നെണ്ണം ഇതോടകം കമ്പനി നഷ്ടപരിഹാരം കൊടുക്കണം എന്ന് തീര്‍പ്പായിട്ടുണ്ട്. മറ്റു കേസുകളിലും സമാന വിധി തന്നെയാണ് നിയമ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഈ കേസുകള്‍ മൂലം കമ്പനിയ്ക്ക് ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ ബാധ്യത ഉണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. 2020 ജൂണില്‍ കേസുകള്‍ക്കും നഷ്ടപരിഹാരത്തിനുമായി 10.9 ബില്യണ്‍ ഡോളര്‍ കമ്പനി വകയിരുത്തുകയുണ്ടായി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1980 കള്‍ മുതല്‍ വിവിധ പരിസ്ഥിതി, ആരോഗ്യ സംഘടനകളും ആക്ടിവിസ്റ്റുകളും റൗണ്ട് അപ്പ് ക്യാന്‍സറിന് കാരണമാകും എന്ന് തെളിവുകള്‍ സഹിതം സമര്‍ഥിച്ചിരുന്നു എങ്കിലും ശാസ്ത്രജ്ഞര്‍ക്ക് കോഴ കൊടുത്ത് അതെല്ലാം മോണ്‍സന്റോ കമ്പനി ഒതുക്കി തീര്‍ത്തു എന്ന് തെളിയിക്കുന്ന ഇമെയില്‍ രേഖകള്‍ അടക്കമുള്ളവ ഇപ്പൊള്‍ പുറത്ത് വന്നിട്ടുണ്ട്. നാനാഭാഗത്തുനിന്നും നിരന്തരമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ 2015 ല്‍ മാത്രമാണ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ക്യാന്‍സര്‍ ഗവേഷണ ഏജന്‍സി ഗ്ലൈഫോസ്‌ഫേറ്റ് ക്യാന്‍സര്‍കാരികളുടെ ഗണത്തില്‍ പെടുത്താന്‍ തയാറായത്. ‘മനുഷ്യര്‍ക്ക് കുടിക്കാന്‍ പറ്റുന്നയത്ര സുരക്ഷിതമാണ് തങ്ങളുടെ ഉല്‍പന്നം’ എന്നായിരുന്നു അത് വരെയുള്ള മോണ്‍സന്റോ കമ്പനിയുടെ നിലപാട്.

ഏതാണ്ട് 160 രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു കളനാശിനി ആണ് ഗ്ലൈഫോസ്‌ഫേറ്റ് എന്ന കെമിക്കല്‍ അടിസ്ഥാനമാക്കിയ റൗണ്ട് അപ്പ്. ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും വെള്ളത്തിലും മണ്ണിലും മറ്റും ഉപയോഗശേഷം വളരെ നാളുകള്‍ കഴിഞ്ഞും ഗ്ലൈഫോസ്‌ഫേറ്റ്‌ന്റെ സാന്നിധ്യം കണ്ടെത്തപ്പെടുന്നു. റൗണ്ട് അപ്പില്‍ ഗ്ലൈഫോസ്‌ഫെറ്റിന് ഒപ്പം ചേര്‍ക്കുന്ന മറ്റ് കെമിക്കലുകള്‍ അതിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നു. ക്യാന്‍സര്‍ കൂടാതെ ഓട്ടിസം, അല്‍ഷിമേഴ്‌സ്, മറ്റ് ജനിതക വൈകല്യങ്ങള്‍, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കും റൗണ്ട് അപ്പ് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യപരമായ ദോഷവശങ്ങള്‍ക്ക് പുറമെ റൗണ്ട് അപ്പിന്റെ വ്യാപകമായ ഉപയോഗം ജൈവവൈവിധ്യത്തിന് കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഉപയോഗിക്കുന്ന ഇടത്തെ എല്ലാ സസ്യങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെടുന്നു. കൂടാതെ മണ്ണിര അടക്കമുള്ള മണ്ണിലെ സൂക്ഷ്മജീവിക കളുടെയും തേനീച്ച, പൂമ്പാറ്റകള്‍, മിത്ര കീടങ്ങള്‍, ജലജീവികള്‍ മുതലായവയുടെയും വ്യാപകമായ നാശത്തിനും ഇത് വഴി തെളിക്കുന്നു.
റൗണ്ട് അപ്പ് ഉപയോഗം മൂലം കളകളോടൊപ്പം വിളകളും നശിക്കുന്നു എന്ന പ്രശ്‌നം തടയാന്‍ മോണ്‍സാന്റാ കമ്പനി റൗണ്ട് അപ്പ് പ്രതിരോധ ശേഷിയുള്ള ജനിതക മാറ്റം വരുത്തിയ വിള ഇനങ്ങള്‍ (Herbicide tollerent) ആയ സോയാബീന്‍, പരുത്തി, ചോളം, ബാര്‍ലി, ഉള്ളി, ആല്‍മണ്ട് മുതലായവ 1996 മുതല്‍ പുറത്തിറക്കി വിതരണം ചെയ്ത് വരുന്നു. ഇത് മൂലം കര്‍ഷകര്‍ക്കിടയില്‍ റൗണ്ട് അപ്പിന്റെ ഉപയോഗം ഏതാണ്ട് 25% കൂടുകയും കമ്പനിയോടുള്ള കര്‍ഷകരുടെ ആശ്രിതത്വം വര്‍ദ്ധിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇത്തരം വിളകള്‍ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എങ്കിലും 2019 ല് മാത്രം നിയമ വിരുദ്ധമായി 9.5 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് റൗണ്ട് അപ്പ് പ്രതിരോധ ശേഷിയുള്ള ജനിതക മാറ്റം വരുത്തിയ പരുത്തി ഇനങ്ങള്‍ കൃഷി ചെയ്തു എന്നാണ് കണക്ക്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2015 ന് ശേഷം അന്‍പതോളം രാജ്യങ്ങള്‍ ഗ്ലൈഫോസ്‌ഫേറ്റ് കളനാശിനി യുടെ ഉപയോഗം നിയമപരമായി നിരോധിച്ചിട്ടുണ്ട്. പഞ്ചാബും ആന്ധ്രയും തെലുങ്കാനയിലും 2018 ലും കേരളത്തില്‍ 2019 ലും ഗ്ലൈഫോസ്‌ഫേറ്റ് നിരോധിച്ചിരുന്നു. എങ്കിലും കേരളത്തില്‍ വിവിധ ബ്രാന്‍ഡുകളില്‍ ഇത് ഇപ്പോഴും സുലഭമാണ്. ഇന്ത്യ ഗവണ്മെന്റ് റൗണ്ട് അപ്പ് അടക്കമുള്ള വിവിധ കീടനാശിനികള്‍ രാജ്യവ്യാപകമായി നിരോധിക്കാന്‍ വിസമ്മതിച്ചിരുന്നു എങ്കിലും വിവിധ സംഘടനകളുടെയും ഏജന്‍സികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ മുതല്‍ നിരോധന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റില്‍ നിരോധനം പ്രാബല്യത്തില്‍ വരും എന്ന് അറിയിച്ചിരുന്നു എങ്കിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള വന്‍കിട പരുത്തി കര്‍ഷക ലോബിയുടെയും കീടനാശിനി ലോബികളുടെയും സമ്മര്‍ദമാണ് തീരുമാനം വൈകുന്നതിന് പിന്നില്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply