റോബിന്‍ ബസും സംരംഭകരോട് കേരളം ചെയ്യുന്നതും

കവിതയെഴുതുന്നതിനേക്കാള്‍ സര്‍ഗ്ഗാത്മകതയും ഭാവനയും ഒരു സംരംഭം തുടങ്ങാനാവശ്യമാണ്. എന്നാല്‍ കവി നമുക്ക് ബുദ്ധിജീവിയും സംരംഭകന്‍ സാമൂഹ്യവിരുദ്ധനുമാണ്. ആ ചിന്താഗതിക്കാണ് അടിയന്തിരമായി മാറ്റം വരേണ്ടത്. റോബിന്‍ ബസിന്റെ വിഷയം ഹൈക്കോടതി തീരുമാനിക്കട്ടെ. അല്ലാതെ ഇത്തരത്തിലെ നിലവാരം കുറഞ്ഞ രീതിയില്ലല്ല നേരിടേണ്ടത്.

ഹൈക്കോടതി വിധിയുടെ പിന്തുണയോടെ സര്‍വീസ് നടത്തുന്ന റോബിന്‍ എന്ന ബസിനും ബസുടമക്കും എതിരെ വന്‍ പ്രചാരണമാണല്ലോ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കാണുന്നത്. എത്ര ശുഷ്‌കാന്തിയോടെയാണ് ഗതാഗതവകുപ്പും കെ എസ് ആര്‍ ടി സിയും രംഗത്തിറങ്ങിയിരിക്കുന്നത്. ബസോടുന്നതില്‍ നിയമവിരുദ്ധതയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ വീണ്ടും കോടതിയില്‍ പോകുന്നതിനു പകരം വഴി നീളെ തടയുകയാണ് വകുപ്പ് ചെയ്തത്. കെ എസ് ആര്‍ ടി സിയാകട്ടെ ആ ബസിനു മുന്നില്‍ തങ്ങളുടെ ബസോടിക്കുന്നു. ആ ബസിനും പെര്‍മിറ്റില്ല എന്ന വാര്‍ത്ത കണ്ടു. എന്തായാലും കോടതിയില്‍ പോകാന്‍ കെ എസ് ആര്‍ ടി സി തയ്യാറായിട്ടുണ്ട്. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ബസുടമയും പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ശരിയായ സമീപനം.

നവകേരള സദസ്സില്‍ വെച്ച് തന്റെ സര്‍ക്കാരിന്റ ഭരണനേട്ടമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞ വിഷയങ്ങളില്‍ ഒന്ന് കെ എസ് ആര്‍ ടി സിക്ക് 9700 കോടി സഹായം നല്‍കിയെന്ന്. സ്വകാര്യബസിനേക്കാള്‍ ചാര്‍ജ്ജ് വാങ്ങിയിട്ടും പ്രധാന റൂട്ടുകള്‍ പലതും കുത്തകയായിട്ടും രാത്രിയിലും ഓടിയിട്ടും ജീവനക്കാര്‍ക്ക് കൃത്യമായി വേതനം കൊടുക്കാതെയുമാണ് പൊതുഖജനാവില്‍ നിന്ന് ഇത്രയും കോടി കെ എസ് ആര്‍ ടി സി കൈനീട്ടി വാങ്ങുന്നത്. ഒരു കോടി ചിലവാക്കുന്നതിനാല്‍ മന്ത്രിസഭ സഞ്ചരിക്കുന്ന ബസ് ധൂര്‍ത്താണെന്ന (അനാവശ്യ) ചര്‍ച്ച നടക്കുന്ന നാട്ടിലാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനങ്ങളുടെ യാത്രാചാര്‍ജ്ജിനു പുറമെ ഒരു ബസിന് രണ്ടുകോടിയില്‍ പരം സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്.. എന്നിട്ടാണ് ഒരു സ്വകാര്യബസിനോട് കെ എസ് ആര്‍ ടി സി ഈ പരാക്രമം കാണിക്കുന്നത്. പണ്ട് സ്വകാര്യബസുകാരില്‍ നിന്ന് പണം വാങ്ങി അവയുടെ പുറകില്‍ കെ എസ് ആര്‍ ടി സി ഓടിയിരുന്നത് സ്വാഭാവികമായും ഓര്‍മ്മ വരുന്നു. കെ എസ് ആര്‍ ടി സിയുടെ തകര്‍ച്ചക്ക് പല കാരണങ്ങളില്‍ ഒന്ന് അതായിരുന്നു.

അടിസ്ഥാനപരമായി സംരംഭകരോട് കേരളം പുലര്‍ത്തുന്ന നിഷേധാത്മക നിലപാടാണ് റോബിന്‍ ബസുമായി ബന്ധപ്പെട്ട സംഭവത്തിലൂടേയും പുറത്തു വരുന്നത്. തന്റെ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടുറോട്ടില്‍ കിടന്നു സമരം ചെയ്ത പ്രവാസി വ്യവസായിയുടെ ദൃശ്യങ്ങള്‍ കേരളം കണ്ടിട്ട് അധികദിവസമായിട്ടില്ല. അന്ന് മന്ത്രിമാരടക്കം ഇടപെട്ട് വ്യവസായിക്ക് അനുകൂലമായ തീരുമാനമുണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ട വാര്‍ത്ത അയാള്‍ക്കെതിരെ സമരം നടത്തിയതിനു കേസെടുത്തിരിക്കുന്നു എന്നാണ്. ഏതാനും മാസംമുമ്പ് കോട്ടയത്ത് മറ്റൊരു ബസുടമയെ മര്‍ദ്ദിച്ചതും നമ്മള്‍ കണ്ടു. അവിടേയും ഹൈക്കോടതി വിധി ബസുടമക്ക് അനുകൂലമായിരുന്നു. സംരംഭകരെ ശത്രുക്കളായി കാണുന്ന നിലപാട് മാറ്റാതെ എത്ര കൊട്ടിഘോഷിച്ചാലും കേരളവികസനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കച്ചവടത്തെ വളരെ മോശമായ തൊഴിലായി അവതരിപ്പിക്കുന്ന പൊതുബോധവും മാറണം.

സംരംഭകരെ ഒന്നടങ്കം, അവര്‍ ചെറുകിടക്കാരോ വന്‍കിടക്കാരോ ആകട്ടെ, ആക്ഷേപിക്കുന്ന പൊതുരീതിയാണ് പൊതുവില്‍ മലയാളികളുടേത്. അതിനു പ്രധാന കാരണം ഇവിടെ നിലനില്‍ക്കുന്ന ഇടതുപക്ഷ ചിന്താഗതി തന്നെയാണ്. കമ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗസമര സിദ്ധാന്തമനുസരിച്ച് അവരെല്ലാം വര്‍ഗ്ഗശത്രുക്കളാണല്ലോ. സര്‍ക്കാര്‍ ജീവനക്കാരുടെ പകുതിപോലും വരുമാനമില്ലാത്ത പെട്ടിക്കടക്കാരന്‍ മുതല്‍ യൂസഫലി വരെയുള്ളവര്‍ നമുക്ക് ബൂര്‍ഷ്വാസികളാണ്. ബൂര്‍ഷ്വാസി സമം ചൂഷകന്‍. സമീപകാലത്ത് വന്‍കിട കോര്‍പ്പറേറ്റുകളെ ശത്രുപട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി കാണുന്നു. വിഴിഞ്ഞമൊക്കെ ഉദാഹരണം. പക്ഷെ ചെറുകിട, ഇടത്തരം സംരംഭകരോടുള്ള സമീപനത്തില്‍ കാര്യമായ വ്യത്യാസം ഇപ്പോഴുമില്ല. വാസ്തവത്തില്‍ മണ്ണുല്‍ പൊന്നുവിളയിക്കുന്ന കര്‍ഷകരെപോലെ ആദരിക്കപ്പെടേണ്ടവരാണ് കുറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരും. തീര്‍ച്ചയായും എല്ലാ മേഖലയിലുമുള്ള രീതീയില്‍ കള്ള നാണയങ്ങള്‍ ഇവിടേയുമുണ്ട്. പക്ഷെ അതിനെ സാമാന്യവല്‍ക്കരിക്കുന്ന്ത ശരിയല്ലല്ലോ.

എത്രയോ നിക്ഷേപസാധ്യതകളുണ്ടായിട്ടും കേരളം അക്കാര്യത്തില്‍ പുറകിലാകാനുള്ള പ്രധാന കാരണം ഈ നിഷേധാത്മ സമീപനമാണ്. പ്രവാസി മലയാളികള്‍ പോലും ഇവിടെ നിക്ഷേപങ്ങള്‍ നടത്താന്‍ മടിക്കാന്‍ കാരണം ഈ സമീപനവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവുമാണ്. മറുവശത്ത് എല്ലാരാഷ്ട്രീയക്കാര്‍ക്കും സംഭാവനക്കായി ഇവരെ ആവശ്യമാണുതാനും. സാമ്പത്തിക വിദഗ്ധനായ ജോസ് സെബാസ്റ്റിയന്‍ ചൂണ്ടികാട്ടിയപോലെ ഇടതുപക്ഷത്തിനു ആത്മാഭിമാനത്തോടെ സ്വന്തം കാലില്‍ നില്‍ക്കുന്നവരെ ഇഷ്ടമല്ല. അവര്‍ക്കുവേണ്ടത് ആശ്രിത സംസ്‌കാരം (dependency culture) ആണ്. വ്യവസായം എന്നാല്‍ പൊതുമേഖലയാണ്. സ്വകാര്യ സംരംഭകരെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. എല്ലാവരും സര്‍ക്കാരിനെ ആശ്രയിക്കണം. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് മുതല്‍ എല്ലാവരെയും താണുവണങ്ങി നിന്നാല്‍ സംരഭം നടത്തിക്കൊണ്ടുപോകാം. പറ്റുമെങ്കില്‍ പാര്‍ട്ടി അംഗത്വം തന്നെ എടുത്തോ. പാര്‍ട്ടിക്ക് സംഭാവന കൊടുക്കുക, പാര്‍ട്ടിക്കാരെ ജോലിക്ക് എടുക്കുക, പാര്‍ട്ടി പരിപാടികള്‍ക്കു ആവശ്യമുള്ള സഹായം ചെയ്യുക അങ്ങനെ പലതും ഈ ആശ്രിത സംസ്‌കാരത്തിന്റെ ഭാഗമാണ്. അദ്ദേഹം പറഞ്ഞതില്‍ യാഥാര്‍ത്ഥ്യം ഇല്ലാതില്ല.

സംരംഭകരും മുതലാളികളും കച്ചവടക്കാരുമൊക്കെ എത്രയോ പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നവരാണ് എന്നുപോലും നാം ഓര്‍ക്കുന്നില്ല. കാലഹരണപ്പെട്ട പല പ്രത്യയശാസ്ത്രങ്ങളും വലിച്ചെറിയാതെ കേരളവികസനം സാധ്യമാകില്ല എന്നതാണ് വസ്തുത. അതണ് നിരന്തരം സംരംഭകത്വത്തെ കുറിച്ച് പറയുന്ന മന്ത്രി പി രാജീവ് മനസ്സിലാക്കേണ്ടത്. തീര്‍ച്ചയായും സംരംഭകരെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം വേണം. ബസ് ചാര്‍ജ്ജും ഓട്ടോചാര്‍ജ്ജും നിശ്ചയിക്കാനും ഹോട്ടലുകള്‍ റെയ്ഡ് ചെയ്ത് പൂട്ടിക്കാനും മിനിമം കൂലി നിശ്ചയിക്കാനുമൊക്കെ അധികാരമുള്ള സര്‍ക്കാരിനു അതിനും അധികാരമുണ്ട്. അത്തരത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും സഹായത്താലും സംരംഭകത്വം തുടങ്ങാനും ആരോഗ്യകരമായ മത്സരത്തിനുമുള്ള സാഹചര്യമൊരുക്കാനുമാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. പൊതുമേഖലയും സ്വകാര്യമേഖലയുമായും ആരോഗ്യകരമായ മത്സരം വേണം. അത്തരം മത്സരം ജനങ്ങള്‍ക്ക ഏറെ ഗുണകരമാകുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മാര്‍ക്കറ്റിലുണ്ട്. അത്തരം സമീപനമാണ് തുടരേണ്ടത്. അല്ലാതെ കെ എസ് ആര്‍ ടി സിയും ഗതാഗതവകുപ്പും റോബിന്‍ ബസിനോട് ചെയ്യുന്ന സമീപനമല്ല സ്വീകരിക്കേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തീര്‍ച്ചയായും സംരംഭകര്‍ വളരണമെന്നു പറയുമ്പോള്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് യൂസഫലിയേയോ സാബുജേക്കബ്ബിനേയോ പോലുള്ള വന്‍കിടക്കാരെയല്ല. അത്തരക്കാര്‍ ഉയര്‍ന്നു വരുമെന്നുറപ്പ്. സ്വാഭാവികമായും വന്‍കിടക്കാര്‍ക്ക് സര്‍ക്കാരിന്റെ സുരക്ഷിതത്വവുമുണ്ടാകും എന്നാല്‍ വ്യാപകമായി വളരേണ്ടത് ഇടത്തരം, ചെറുകിട സംരംഭകരാണ്. അവരോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരും പൊതുസമൂഹവും സ്വീകരിക്കേണ്ടത്. എന്നാല്‍ മന്ത്രി രാജീവ് എന്തൊക്കെ പറഞ്ഞാലും അക്കാര്യത്തില്‍ വളരെയൊന്നും മുന്നോട്ടുപാകാന്‍ നമുക്കായിട്ടില്ല. നിങ്ങളുടെ മുന്നിലുള്ള ഓരോ ഫയലിനു പുറകിലും ഓരോ ജീവിതമുണ്ടെന്നു ഇടക്കിടെ മുഖ്യമന്ത്രി പറയുമ്പോഴും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ കെട്ടികിടക്കുകയാണ്. അവയില്‍ വലിയൊരു ഭാഗം സംരംഭകരുടേതാണ്. ഈ ഫയലുകള്‍ക്കു മുകളില്‍ അടയിരിക്കുന്നവര്‍, അവര്‍ക്കൊരു മാസത്തെ വേതനം ഒരു ദിവസം വൈകിയാല്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ കാണാറുണ്ടല്ലോ.

തദ്ദേശ സ്ഥാപനങ്ങളുടേയും രാഷ്ട്രീയക്കാരുടേയും നിഷേധാത്മക സമീപനം മൂലം പല സംരംഭകരും ജീവനൊടുക്കിയ വാര്‍ത്തകള്‍ പുറത്തുവന്ന് അധികകാലമായിട്ടി്ല്ലല്ലോ. അവരാകട്ടെ പ്രധാനമായും ജീവിതം മുഴുവന്‍ പ്രവാസജീവിതം നയിച്ച് സമ്പാദിച്ച പണം നാട്ടില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരാണ്. എന്നാല്‍ അവരില്‍ മിക്കവര്‍ക്കും ലഭിക്കുന്ന പ്രതികരണം വളരെ മോശമാണ്. കൊവിഡ് കാല ദുരന്തങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിന്റെ പേരിലും പല ആത്മഹത്യകളും നടന്നു. അന്നുതകര്‍ന്ന പല സ്ഥാപനങ്ങളും ഇപ്പോഴും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ഓരോ സ്ഥാപനം തകരുമ്പോഴും സംരംഭകര്‍ മാത്രമല്ല, നിരവധി ജീവനക്കാരുടെ ജീവിതവുമാണ് തകരുന്നത്. വാസ്തവത്തില്‍ കവിതയെഴുതുന്നതിനേക്കാള്‍ സര്‍ഗ്ഗാത്മകതയും ഭാവനയും ഒരു സംരംഭം തുടങ്ങാനാവശ്യമാണ്. എന്നാല്‍ കവി നമുക്ക് ബുദ്ധിജീവിയും സംരംഭകന്‍ സാമൂഹ്യവിരുദ്ധനുമാണ്. ആ ചിന്താഗതിക്കാണ് അടിയന്തിരമായി മാറ്റം വരേണ്ടത്. റോബിന്‍ ബസിന്റെ വിഷയം ഹൈക്കോടതി തീരുമാനിക്കട്ടെ. അല്ലാതെ ഇത്തരത്തിലെ നിലവാരം കുറഞ്ഞ രീതിയില്ലല്ല നേരിടേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply