ഇതെങ്ങിനെ നവകേരളമാകും?

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ വാങ്ങിയ നെല്ലിന്റെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ആത്മഹത്യ ചെയ്ത ആലപ്പുഴയിലെ പ്രസാദ് എന്ന കര്‍ഷകന്‍, ലൈഫ് വീടുപണി തീര്‍ക്കാനാവാതെ കടം കയറി മരണത്തെ വരിച്ച പത്തനംതിട്ടയിലെ ഗോപി, നവകേരളസദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കടഹര്‍ജിയെഴുതിവെച്ച് ജീവിതം അവസാനിപ്പിച്ച കണ്ണൂരിലെ കഷകന്‍ സുബ്രഹ്മണ്യന്‍, വയനാട്ടിലെ ക്ഷീരകര്‍ഷകന്‍ ജോയി എന്നിവരുടെ വസതികളില്‍ മാത്രം പോയാല്‍ മതി.

ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത കേരളീയത്തിനുശേഷം അതിനേക്കാളേറെ വിപുലമായ ഒരു പരിപാടിയാണല്ലോ കേസര്‍ഗോഡ് നിന്നാരംഭിച്ചിരിക്കുന്ന നവകേരളസദസുകള്‍. സംസ്ഥാനത്തിന്റെ എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാ മന്ത്രിമാരുമെത്തി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു എന്നവകാശപ്പെട്ടുള്ള, ചലിക്കുന്ന കാമ്പിനറ്റ് എന്നു വിസേഷിപ്പിക്കുന്ന നവകേരള സദസ്സുകള്‍ ജനാധിപത്യത്തിന്റെ ഒരു കുതിച്ചുചാട്ടമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നു. ശരിയായിരിക്കാം. എന്നാല്‍ സാങ്കേതിക വിദ്യ ഇത്രത്തോളം വളര്‍ന്ന കാലത്ത് ഇത്രയധികം പണം മുടക്കി എല്ലാ മന്ത്രിമാരും ഒന്നിച്ച് ഭരണനിര്‍വ്വഹണം ശക്തിപ്പെടുത്താന്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ടോ, സംസ്ഥാനത്തിന്റെ പൊതു ഖജനാവിലെ പണത്തിന്റെ ഭൂരിഭാഗത്തിന്റേയും ഗുണഭോക്താക്കളായ സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കുകയല്ലേ വേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. മാത്രമല്ല, മന്ത്രിമാരൊന്നും ജനങ്ങളെ കാണുന്നില്ല. പരാതികള്‍ കൗണ്ടറുകളില്‍ ഏല്‍പ്പിക്കുകയാണ്. എങ്കില്‍ പിന്നെ ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ. ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണിത്.

വാസ്തവത്തില്‍ കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഇത്രയധികം പണവും ഊര്‍ജ്ജവും ചിലവഴിച്ച് അവരിലേക്ക് ഇറങ്ങി ചെല്ലണോ? കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ നാല് ആത്മഹത്യകള്‍ മാത്രം നോക്കിയാല്‍ പോരേ? സര്‍ക്കാര്‍ വാങ്ങിയ നെല്ലിന്റെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ ആത്മഹത്യ ചെയ്ത ആലപ്പുഴയിലെ പ്രസാദ് എന്ന കര്‍ഷകന്‍, ലൈഫ് വീടുപണി തീര്‍ക്കാനാവാതെ കടം കയറി മരണത്തെ വരിച്ച പത്തനംതിട്ടയിലെ ഗോപി, നവകേരളസദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കടഹര്‍ജിയെഴുതിവെച്ച് ജീവിതം അവസാനിപ്പിച്ച കണ്ണൂരിലെ കഷകന്‍ സുബ്രഹ്മണ്യന്‍, വയനാട്ടിലെ ക്ഷീരകര്‍ഷകന്‍ ജോയി എന്നിവരുടെ വസതികളില്‍ മാത്രം പോയാല്‍ മതി. സമൂഹത്തിലെ മഹാഭൂരിപക്ഷവും അതിരൂക്ഷമായ സാമ്പത്തിക ബാധ്യതയില്‍ ആത്മഹത്യയുടെ വക്കില്‍ തന്നെയാണ്. അവരില്‍ കര്‍ഷകരും കെ എസ് ആര്‍ ടി സി ജീവനക്കാരും അംഗന്‍വാടി ടീച്ചര്‍മാരും സ്‌കൂളുകളിലെ പാചകതൊഴിലാളികളും വിവിധ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരും ചികിത്സക്കു മാര്‍ഗ്ഗമില്ലാതെ മാറാരോഗങ്ങള്‍ പിടിപെട്ടവരും വിവിധമേഖലകളിലെ താല്‍ക്കാലിക ജീവനക്കാരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ചെറുകിട വ്യാപാരികളും കോണ്‍ട്രാക്ടര്‍മാരും സംരംഭകരും അവരുടെ ജീവനക്കാരുമെല്ലാം ഉള്‍പ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കേരളീയത്തിന്റെ പേരിലും നവകേരളസദസ്സിന്റെ പേരിലും കോടികള്‍ ചിലവഴിക്കുന്നതില്‍ പ്രതിഷേധമുയരുക സ്വാഭാവികം മാത്രമാണ്. ഹാപ്പിനെസിനെ കുറിച്ചുള്ള വാചാടോപങ്ങള്‍ കൊണ്ട് മറക്കാവുന്നതല്ല അത്. സണ്ണി കപിക്കാട് ചൂണ്ടികാട്ടിയപോലെ ഇല്ലാത്തതാണെങ്കിലും ഉണ്ടെന്നു നടിച്ച് ആഘോഷിക്കുക എന്നത് ഫ്യൂഡലിസത്തിന്റെ ബാക്കിപത്രമാണ്. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്.

അതേസമയം സദസ്സിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും മന്ത്രിമാര്‍ ക്ഷണിക്കപ്പെട്ടവരെ കാണുമെന്നു പറയുന്നു. കാസര്‍ഗോട്ടെ ആ പരിപാടി കഴിയുകയും ചെയ്തു. സത്യത്തില്‍ എന്താണവിടെ സംഭവിക്കുക? സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടേയും അതിന്റെ നേതാക്കളുടേയും എന്തു പ്രവര്‍ത്തിക്കും പ്രഖ്യാപനങ്ങള്‍ക്കും കയ്യടിക്കുന്നവരെയല്ലേ കാണു? കയ്യടിക്കുപകരം വിരല്‍ ചൂണ്ടുന്ന, അപദാനങ്ങള്‍ക്കുപകരം വിമര്‍ശങ്ങള്‍ ഉന്നയിക്കുന്ന ആരെയെങ്കിലും മന്ത്രിമാര്‍ കാണുമോ? ഇന്നേവരെയുള്ള അനുഭവത്തില്‍ ഒരു സാധ്യതയുമില്ല. സത്യത്തില്‍ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എല്‍ ഡി എഫ് കണ്‍വീനര്‍ വ്യക്തമായി പറഞ്ഞു. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള പരിപാടിയാണിതെല്ലാമെന്ന പ്രതിപക്ഷവിമര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രതിപക്ഷവും അതല്ലേ ചെയ്യുന്നത്, ഞങ്ങള്‍ക്കും അതായിക്കൂടേ എന്നാണ്. കൂടുതല്‍ തര്‍ക്കിക്കേണ്ട കാര്യമില്ലെന്നര്‍ത്ഥം. ഉദ്ഘാടനവേദിയില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സിപിഎം നേതാക്കളുടെ സാന്നിധ്യവും കണ്ടു. മുഖ്യമന്ത്രിയുടെ ആദ്യദിന പത്രസമ്മേളനത്തിലും കൂടുതല്‍ പറഞ്ഞത് രാഷ്ട്രീയംതന്നെ. തീര്‍ച്ചയായും ഇത്തരമൊരു വന്‍പരിപാടിയില്‍ പങ്കെടുത്ത് വിമര്‍ശനമുന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാല്‍ അത്തരമൊരു രാഷ്ട്രീയസംസ്‌കാരം നമുക്കില്ലല്ലോ. ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കപരിപാടിയോട് അന്നത്തെ പ്രതിപക്ഷം സ്വീകരിച്ച സമീപനവും മറക്കാറായിട്ടില്ല്‌ല്ലോ. അതിനിടെ 2016ലെ ഭരണമാറ്റത്തോടെയാണ് നവകേരളം സ-ഷ്ടി ആരംഭിച്ചതെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശവും കേട്ടു. അപ്പോള്‍ അതിനുമുമ്പെ ഭരിച്ച് ഇടതുമന്ത്രിസഭകളേയും അദ്ദേഹം തള്ളിക്കളയുകയാണോ? സത്യത്തില്‍ കേരളം നേടിയിട്ടുള്ള എല്ലാ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഇരുമുന്നണികളും തുല്ല്യ ഉത്തരവാദികളാണ്. ഏറെക്കുറെ തുല്ല്യകാലയളവാണ് ഇരുകൂട്ടരും ഭരിച്ചിട്ടുള്ളത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇനി കൊട്ടിഘോഷിക്കപ്പെടുന്ന നവകേരളത്തിന്റെ സാംസ്‌കാരികവശത്തേക്കുവരാം. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രകടമാകും. അടുത്ത ദിവസങ്ങളിലെ കുറച്ചു സംഭവവികാസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ എന്താണ് ഇവരുദ്ദേശിക്കുന്ന നവകേരളത്തിന്റെ യഥാര്‍ത്ഥമുഖമെന്നു ബോധ്യമാകും. സ്‌കൂള്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമുണ്ടായ വിവാദങ്ങളിലിടപെട്ട് മന്ത്രി ശിവന്‍കുട്ടി നടത്തിയ പ്രസ്താവന മറക്കാറായിട്ടില്ലല്ലോ. അടുത്ത വര്‍ഷം മുതല്‍ ഫെസ്റ്റിവലില്‍ മാംസാഹാരവും വിളമ്പുമെന്നായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ ദിവസം, നവകേരള സദസ്സിനു തൊട്ടുമുമ്പ്, അദ്ദേഹം മലക്കം മറിഞ്ഞിരിക്കുന്നു. മറ്റൊന്നു കൂടി. താന്‍ ഇത്തവണയും രംഗത്തുണ്ടാകുമെന്ന് സാക്ഷാല്‍ പഴയിടവും അടുത്ത ദിവസം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് നമുക്കിപ്പോഴും ബ്രാഹ്മണന്‍ ഉണ്ടാക്കിയ സസ്യഭക്ഷണം വേണമെന്നു നിര്‍ബന്ധം? ഗുരുവായൂര്‍ ദേവസ്വം അവിടത്തെ പാചകക്കാരനായി നല്‍കിയ പരസ്യത്തില്‍ ബ്രാഹ്മണന്‍ എന്ന് നിഷ്‌കര്‍ഷിച്ചിട്ടു അധിക ദിവസമായില്ല. സര്‍ക്കാര്‍ വേതനം നല്‍കുന്ന ശാന്തിക്കാര്‍ മലയാളി ബ്രാഹ്മണ പുരുഷനാകണമെന്ന നിബന്ധന തിരുത്താന്‍ ഇന്നോളം ഒന്നും ചെയ്യാതെയാണ് നമ്മള്‍ നവകേരളത്തെ കുറിച്ച് വാചാലരാകുന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്നത് ജനാധിപത്യസംവിധാനമാണെന്നതുപോലും മനസ്സിലാക്കാതെ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട നോട്ടീസും നമ്മള്‍ കണ്ടല്ലോ.

നവകേരളസദസ്സിനു തൊട്ടുമുമ്പുനടന്ന കേരളീയ മഹാമഹത്തില്‍ മമ്മുട്ടിയേയും മോഹന്‍ലാലിനേയും ഒരു വശത്തും ആദിവാസി വിഭാഗങ്ങളെ മറുവശത്തും എങ്ങനെയാണ് അവതരിപ്പിച്ചത് എന്നതില്‍ നിന്നുതന്നെ എന്താണ് ഈ സര്‍ക്കാരും കയ്യടിക്കാരും വിഭാവനം ചെയ്യുന്ന നവകേരളം എന്നത് വ്യക്തമാണ്. നാഴിക്കക്കു നാല്‍പ്പതുവട്ടം കേരളത്തിന്റെ നവോത്ഥാനത്തെ കുറിച്ച് വാചാലരാകുകയും ആ നവോത്ഥാനത്തെ രാഷ്ട്രീയ മൂലധനമാക്കി അധികാരത്തിലെത്തുകയും ചെയ്തവര്‍ ഇപ്പോള്‍ കേരളത്തേയും കൊണ്ടു പുറകോട്ടുള്ള യാത്രയിലാണ്. കേരളീയം ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പറഞ്ഞത് നവോത്ഥാനത്തിന്റെ 50 വര്‍ഷത്തില്‍ നമ്മള്‍ 100 വര്‍ഷം നടന്നു എന്നായിരുന്നു. എന്നാല്‍ ഈ പുറകോട്ടുള്ള യാത്ര അതിനേക്കാള്‍ വേഗതയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. തനിക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന അയിത്തത്തെ കുറിച്ച് ഒരു മന്ത്രിക്കുതന്നെ പരാതി പറയേണ്ടി വന്നത്ര വേഗതയുണ്ട് ഈ യാത്രക്ക്. വഴി നടക്കാനും മാറുമറക്കാനും വിദ്യാഭ്യാസം നേടാനും ക്ഷേത്രപ്രവേശനത്തിനും സ്വന്തം ദേവനെ പ്രതിഷ്ഠിക്കാനും മിശ്രഭോജനത്തിനുമെല്ലാം നടന്ന നവോത്ഥാനപോരാട്ടങ്ങളെയെല്ലാം അര്‍ത്ഥരഹിതമാക്കുന്ന രീതിയിലാണോ നമ്മുടെ പുറകോട്ടുള്ള യാത്ര എന്നു സംശയിക്കേണ്ടയിരിക്കുന്നു.

ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു വിഷയം കൂടി പരാമര്‍ശിക്കാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നൊന്നായി ജാതിസെന്‍സസ് നടത്തുമ്പോഴും അതിനോട് മുഖം തിരിച്ചുനില്‍ക്കുകയാണ് രാഷ്ട്രീയ പ്രബുദ്ധകേരളം എന്നതാണത്. ഓരോ ജനവിഭാഗങ്ങളുടേയും സാമൂഹ്യ, സാമ്പത്തിക അവസ്ഥ വ്യക്തമാകാനും നടപടികള്‍ സ്വീകരിക്കാനും ഏറ്റവും അനിവാര്യമാണ് ജാതി സെന്‍സസ് എന്നതു വ്യക്തമാണ്. എന്നാല്‍ അത്തരമൊരു നീക്കത്തിനു ഇപ്പോഴും നാം തയ്യാറില്ല. എന്താണതിനു കാരണമെന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേ കാണാനാവൂ. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട നവോത്ഥാനമുന്നേറ്റങ്ങള്‍ക്കുശേഷം രൂപം കൊണ്ട ഐക്യകേരളത്തിലെ സമസ്തമേഖലകളുടേയും കടിഞ്ഞാണ്‍ സവര്‍ണ്ണവിഭാഗങ്ങള്‍ കയ്യടക്കി എന്നതാണത്. അത് രാഷ്ട്രീയരംഗത്തായാലും സാമൂഹ്യ സാംസ്‌കാരിക രംഗത്തായാലും ഔദ്യോഗികമേഖലകളിലെ കീ സ്ഥാനങ്ങളിലായാലും അങ്ങനെതന്നെ. നമ്മുടെ മന്ത്രിസഭയിലെ ഒമ്പതുപേരും നായര്‍ വിഭാഗത്തില്‍ നിന്നാണെന്നതു മാത്രം മതിയല്ലോ, കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. അത്തരമൊരു സാഹചര്യത്തില്‍ ജാതി സെന്‍സസ് നടത്താനുള്ള വൈമുഖ്യത്തിന്റെ കാരണത്തെ കുറിച്ച് തല പുകക്കേണ്ടതില്ല. EWS ആദ്യം നടപ്പാക്കിയത് നമ്മളാണെന്നതും കൂട്ടിവായിക്കാവുന്നതാണ്. സ്ത്രീപ്രാതിന്ധ്യത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതിനാല്‍ അതിലേക്കു കടക്കുന്നില്ല. മുഖ്യമന്ത്രിസ്ഥാനം പോയിട്ട് രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാനേതൃത്വത്തില്‍ പോലും സ്ത്രീകളെത്താത്ത സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ ഇവര്‍ മുന്നോട്ടുവെക്കുന്ന നവകേരളവും എന്തായിരിക്കുമെന്നു വ്യക്തം. അ്ത സണ്ണി കപിക്കാട് ചൂണ്ടികാണിച്ചപോലെ ഫ്യൂഡല്‍ – സവര്‍ണ്ണ – പുരുഷ കേരളമായിരിക്കുമെന്നുറപ്പ്. അതിനെ സംഘികേരളമെന്നു വിളിക്കുന്നവരെപോലും കുറ്റപ്പെടുത്താനാവില്ല. അത്തരമൊരു നവകേരള സൃഷ്ടിക്കായുള്ള സദസ്സുകളാണ് വരാന്‍ പോകുന്നത് എന്നര്‍ത്ഥം.

വാല്‍ക്കഷ്ണം : കഴിഞ്ഞാഴ്ച വിവരാവകാശ നിയമമനുസരിച്ച് പുറത്തുവന്ന വിവരമനുസരിച്ച് സംസ്ഥാനത്തെ 90307 എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ എസ് സി വിഭാഗത്തില്‍ നിന്നുള്ളവര്‍ 808. (0.89%). എസ് ടി വിഭാഗത്തില്‍ നിന്നുള്ളവര്‍ 76 (0.084%). കോളേജ് അധ്യാപകരുടേതും വ്യത്യസ്ഥമായിരിക്കില്ലല്ലോ. സര്‍ക്കാര്‍ വേതനം കൊടുക്കുന്ന സംവിധാനത്തിലാണ്, സംവരണം പോലും നടപ്പാക്കാതെ ഈ അനീതി തുടരുന്നത്. ഈ ഭീകരമായ അനീതിക്കുപോലും അറുതി വരുത്താതെയാണ് നമ്മള്‍ നവകേരളം സൃഷ്ടിക്കാന്‍ പോകുന്നത്…!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply