കാശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യവും സമാധാനവും മൗലികാവകാശങ്ങളും പുനസ്ഥാപിക്കുക

120 ദിവസത്തിനു ശേഷവും കാശ്മീര്‍ തടവറയിലാണ്. കാശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യവും സമാധാനവും മൗലികാവകാശങ്ങളും പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാതലത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പുറത്തിറക്കുന്ന സംയുക്ത ജനകീയ പ്രസ്താവന.

ഞങ്ങള്‍, വൈദ്യശാസ്ത്രം, ഗവേഷണം, വിദ്യാഭ്യാസം, ബഹുജന സംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, കൃഷി, ബിസിനസ്സ്, മാധ്യമങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള വിവിധ രാഷ്ട്രീയ നിലപാടുകളുള്ള ജനാധിപത്യ വിശ്വാസികളായ മനുഷ്യര്‍ കാശ്മീരില്‍ കഴിഞ്ഞ 120 ദിവസമായി തുടരുന്ന ഭരണകൂട ഭീകരതയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആശയവിനിമയം, സാമ്പത്തിക ഇടപാടുകള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം 20 ആഴ്ചയായിട്ടും കാശ്മീരില്‍ തുടരുന്ന വിലക്കുകളിലും രാഷ്ട്രീയ നേതാക്കളെയും പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെയും തടഞ്ഞുവയ്ക്കുന്നതിലും ഞങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 ന്റെ സാംഗത്യത്തെക്കുറിച്ചും കശ്മീരില്‍ നിലവിലുള്ള തര്‍ക്കങ്ങളേയും സംഘര്‍ഷങ്ങളേയും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിലപാടുകളേയും സുപ്രധാനമായ മറ്റ് ചോദ്യങ്ങളെയും കുറിച്ച് ഞങ്ങള്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുമ്പോഴും ജനാധിപത്യവിശ്വാസികളെന്ന നിലയില്‍ താഴെ പറയുന്ന നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് ഈ സംയുക്ത രാഷ്ട്രീയ പ്രസ്താവനയില്‍ ഒപ്പുവയ്ക്കുകയാണ്.

‘ഡിജിറ്റല്‍ ഇന്ത്യ’ കാമ്പയിനിന്റെ പേരില്‍ ഇന്ത്യാ സര്‍ക്കാര്‍ ഊറ്റം കൊള്ളുന്ന സമയത്ത് മൂന്ന് മാസത്തിലേറെയായി കാശ്മീരില്‍ ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തടഞ്ഞിരിക്കുകയാണ്. ലാന്‍ഡ് ലൈനുകളുടെയും കശ്മീരിന്റെ ചില ഭാഗങ്ങളില്‍ പോസ്റ്റ്-പെയ്ഡ് സെല്ലുലാര്‍ സേവനങ്ങളുടേയും ഭാഗിക പുന:സ്ഥാപനം നടത്തിയതൊഴിച്ചാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ജനപ്രിയവും ചെലവുകുറഞ്ഞതുമായ പ്രീ-പെയ്ഡ് സെല്ലുലാര്‍ സേവനത്തിനൊപ്പം മൊബൈല്‍ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ്, എസ്എംഎസ് സേവനങ്ങളെല്ലാം ഇപ്പോഴും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ആവിഷ്‌കാര – അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണെന്നു മാത്രമല്ല ഓരോ മനുഷ്യരുടേയും സാമ്പത്തികവും (ബാങ്കിങ്) തൊഴില്‍പരവും ആരോഗ്യപരവുമായ പ്രാഥമിക അവകാശങ്ങള്‍ ഈ വിലക്കുകള്‍ തടയുന്നു.കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച് ഇക്കാലയളവില്‍ കശ്മീരിലെ സാമ്പത്തിക നഷ്ടം 10,000 കോടി രൂപയ്ക്ക് മുകളിലാണ്.

രാഷ്ട്രീയ പ്രക്ഷുബ്ധത, ആശയവിനിമയ തടസ്സങ്ങള്‍, ഗതാഗത പ്രശ്‌നങ്ങള്‍, കൂടാതെ മഞ്ഞ് മൂലം ആപ്പിള്‍ കര്‍ഷകര്‍, കുങ്കുമപ്പൂ കര്‍ഷകര്‍, മറ്റ് കൃഷിക്കാര്‍, ഹോര്‍ട്ടികള്‍ച്ചറിസ്റ്റുകള്‍, ആടുകളെയും മറ്റു മൃഗങ്ങളെയും വളര്‍ത്തുന്നവര്‍ എന്നിവര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ങിയവ ഞങ്ങളെ പരിഭ്രാന്തരാക്കുന്നു. ടൂറിസത്തെ ഈ വിലക്കുകള്‍ സാരമായി ബാധിക്കുന്നു. അത് ഹോട്ടലുകളെയും ടൂറിസ സേവന ദാതാക്കളേയും മാത്രമല്ല ഹൗസ് ബോട്ട് ഉടമകള്‍, തൊഴിലാളികള്‍, ടാക്സി ഉടമകള്‍, ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങി ടൂറിസം വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് മേഖലയിലെ വിലക്കുകള്‍ ഐടി വ്യവസായത്തെ സാരമായ പ്രതിസന്ധിയിലാക്കുകയും ഏകദേശം 20,000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടം ചെയ്തു. തൊഴിലില്ലായ്മ മൂലം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കാശ്മീര്‍ താഴ്വര വിടുകയാണ്.

കശ്മീര്‍ ജനതക്കെതിരായി ഭരണകൂടവും സൈന്യവും നടത്തുന്ന വിവിധ തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, നിയമവിരുദ്ധവും കൂട്ടത്തോടെയുമുള്ള തടങ്കലില്‍ വയ്ക്കല്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്കെതിരായ സുരക്ഷാ സേനയുടെ അക്രമങ്ങള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള നിരായുധരായ സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവ ഞങ്ങളെ ഭയപ്പെടുത്തുന്നു. സുപ്രധാനമായ രാഷ്ട്രീയ മാറ്റങ്ങള്‍ വരുത്തുന്ന സമയത്തുപോലും പൗരന്മാരുടെ സുരക്ഷ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് വ്യക്തമാണ്. അതോടൊപ്പം പെല്ലറ്റ് പ്രയോഗത്തിലൂടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കുകളും അന്ധതയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമാകുന്നു. ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ പരിശോധിക്കുന്നതില്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും പരാജയം കൂടിയാകുമ്പോള്‍ ഈ ക്രൂരമായ നടപടികള്‍ ആവശ്യമാണെന്നും നിയമപരമാണെന്നും സ്ഥാപിക്കപ്പെടുന്നു.

വൈദ്യചികിത്സയിലെ കാലതാമസം, ശസ്ത്രക്രിയകള്‍ പോലും റദ്ദാക്കല്‍, രോഗികള്‍ക്ക് ആശുപത്രികളിലേക്ക് എത്തിചേരാനുള്ള ബുദ്ധിമുട്ടുകള്‍, ജനങ്ങളില്‍ വര്‍ദ്ധിക്കുന്ന മാനസിക വ്യാകുലതകള്‍ എന്നിവയിലും ഞങ്ങള്‍ ആശങ്കാകുലരാണ്. ആശുപത്രികള്‍ക്ക് ഇലക്ട്രോണിക് പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയാത്തതും ആയുഷ്മാന്‍ ഭാരത് സേവനങ്ങള്‍ കുറഞ്ഞതുമെല്ലാം രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. സുരക്ഷാ സേനയുടെ ആക്രമണം, ഭീതി, ഏകാന്തത എന്നിവയെല്ലാം കശ്മീരികളില്‍ കടുത്ത മാനസിക ക്ലേശത്തിന് കാരണമായിട്ടുണ്ട്. ശൈത്യകാലത്തിന്റെയും മഞ്ഞുവീഴ്ചയുടെയും തുടക്കത്തില്‍ ഈ പ്രശ്നങ്ങള്‍ രൂക്ഷമായി. സര്‍ക്കാരിനെ ഭയന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും ന്യായമായും തൊഴില്‍് ചെയ്യാന്‍ കഴിയാത്തതിലും മാധ്യമ സ്വാതന്ത്ര്യം തടയപ്പെടുന്നതിലും ഞങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു.

രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്യുകയും തുടര്‍ച്ചയായി തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് ഉത്ക്കണ്ഠയുണ്ട്. സമാധാനപരമായ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ പോലും തടയുകയും മോചിപ്പിക്കപ്പെടുന്നതിന് വ്യവസ്ഥയായി ഇനിയും പ്രതികരിക്കില്ല എന്ന ഉറപ്പ് തടവുകാരില്‍ നിന്നു വാങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കശ്മീരിനെ ഏകീകരിക്കുന്നതിന്റെ പേരില്‍, ദശലക്ഷക്കണക്കിന് ആളുകളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവരുടെ ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി താഴെപ്പറയുന്ന വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

1. *കശ്മീരിലെ മുഴുവന്‍ ആശയവിനിമയ സംവിധാനങ്ങളും ഉടന്‍ പുന:സ്ഥാപിക്കുക*.

2. *കശ്മീര്‍ ജനതയുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന സുരക്ഷാ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുക*.

3. *ജനങ്ങളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അര്‍ത്ഥപൂര്‍ണ്ണമായി വിനിയോഗിക്കുന്നതിനായി കശ്മീരിലെ കനത്ത അര്‍ദ്ധസൈനിക, സായുധസേന വിന്യാസം അവസാനിപ്പിക്കുക*.

4. *ഭരണകൂട അതിക്രമങ്ങള്‍ക്ക് മറയാകുന്ന സായുധ സേന (ജമ്മു കശ്മീര്‍) പ്രത്യേക അധികാര നിയമം (1990), പൊതുസുരക്ഷാ നിയമം 1978 എന്നിവ പിന്‍വലിക്കുക*.

5. *മനുഷ്യാവകാശ ലംഘനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പു വരുത്തുക*.

6. *ആഗസ്റ്റ് 4 മുതല്‍ അറസ്റ്റുചെയ്തതും തടഞ്ഞുവച്ചതുമായ രാഷ്ട്രീയ, മതനേതാക്കളെയും കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്ന എല്ലാവരെയും മോചിപ്പിക്കുക*.

7. *സമാധാനപരമായ യോഗങ്ങള്‍ അനുവദിക്കുക*.

8. *നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസ്യത പുനസ്ഥാപിക്കുക*.

9. *പ്രാദേശിക മാധ്യമങ്ങള്‍ക്കുള്ള എല്ലാതരം വിലക്കുകളും നീക്കം ചെയ്യുക.കശ്മീരികളുടേയും പുറത്തുനിന്നുള്ളവരുടെയും, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടേയും സുരക്ഷ ഉറപ്പു വരുത്തുക*.

10. *ജമ്മു കശ്മീരില്‍ നിന്ന് പലായനം ചെയ്ത എല്ലാവര്‍ക്കും സുരക്ഷിതരായി തിരിച്ചെത്താനുള്ള സാഹചര്യം സൃഷ്ടിക്കുക*.

11. *കര്‍ഷകര്‍, മൃഗങ്ങളെ വളര്‍ത്തുന്നവര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം സമഗ്രമായ ആശ്വാസം നല്‍കുക*.

12. *പ്രാദേശിക ബിസിനസുകാര്‍, ജീവനക്കാര്‍, കരകൗശലക്കാര്‍ തടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഉണ്ടായ നഷ്ടം കൃത്യമായി വിലയിരുത്തി സമഗ്രമായ ആശ്വാസവും നഷ്ടപരിഹാരവും നല്‍കുക*.

അവിഭക്ത ജമ്മുകശ്മീര്‍, കാര്‍ഗില്‍, ലഡാക്ക്, ഗില്‍ജിത്, ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങളുടെ ഭാവിയും വിധിയും ഇവിടങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും കാശ്മീരി ജനതയ്ക്കെതിരെ നടത്തുന്ന മുഴുവന്‍ മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കാശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യവും സമാധാനവും മൗലികാവകാശങ്ങളും പുനസ്ഥാപിക്കുക

  1. I fully support the demand for restoration of all democratic rights of people of Jammu and Kashmir

Leave a Reply