ഒരു ഭിന്നശേഷി സൗഹൃദദിനം കൂടി കടന്നുപോയപ്പോള്‍

ശേഷിക്കുറവ് (Disability) എന്ന് പൊതുവേ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ കാഴ്ചപ്പാടില്‍ കാണാന്‍ ശ്രമിക്കുമ്പോഴാണ് ഭിന്നശേഷി (Differently abled) എന്ന ആശയം ഉണ്ടാവുന്നത്. ഇത്തരം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതല്‍.

ഡിസംബര്‍ മൂന്നിന് ഒരു ഭിന്നശേഷി സൗഹൃദ ദിനം കൂടി കടന്നുപോയി. ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുമ്പോഴും കേരളം ഇനിയും ഭിന്നശേഷി സൗഹൃദമായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയേണ്ടിവരും.
ശാരീരികമോ മാനസികമോ ബുദ്ധിപരമോ ഇന്ദ്രിയ സംബന്ധിയോ വൈകാരികമോ പോഷണസംബന്ധിയോ വികസനപരമോ ആയ ഹാനികള്‍, അവയുടെ കൂടിച്ചേരലുകള്‍ എന്നിവ കാരണം വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളുടെ പരിണതഫലമാണ് ഭിന്നശേഷിയായി അംഗീകരിക്കപ്പെടുന്നത്. ‘വൈകല്യമുള്ളവരില്‍ ഉള്‍പ്പെടുന്നത് ശാരീരികമോ മാനസികമോ ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകള്‍ ഉള്ളവരും, ഇത്തരം ബലഹീനതകള്‍ വിവിധ പ്രതിബന്ധങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കാരണം മറ്റുള്ളവര്‍ക്കൊപ്പം തുല്യ അളവില്‍, സമൂഹത്തില്‍ പൂര്‍ണ്ണവും ഗുണപരവുമായ ഇടപെടലുകള്‍ നടത്തുന്നതിന് കഴിയാത്തവരുമാണ്.” ലോകാരോഗ്യസംഘടന ഭിന്നശേഷിയെ ഇങ്ങനെ നിര്‍വചിക്കുന്നു: ശേഷിക്കുറവ് (Disability) എന്ന് പൊതുവേ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ കാഴ്ചപ്പാടില്‍ കാണാന്‍ ശ്രമിക്കുമ്പോഴാണ് ഭിന്നശേഷി (Differently abled) എന്ന ആശയം ഉണ്ടാവുന്നത്. ഇത്തരം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതല്‍.
മുന്‍കാലങ്ങളില്‍ ഭിന്നശേഷി ഒരു വൈദ്യശാസ്ത്രവിഷയമായാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ യു എന്‍ സി ആര്‍ പി ഡി, ലോകാരോഗ്യസംഘടന എന്നിവരുടെ പുതുക്കിയ കാഴ്ചപ്പാടുകള്‍ അനുസരിച്ച്, ഭിന്നശേഷിയെ വൈദ്യശാസ്ത്ര പരമായ നിര്‍വ്വചനങ്ങളില്‍ നിന്ന് സാമൂഹികമായ നിര്‍വ്വചനത്തിലേക്ക് കൊണ്ടു വരുന്നു. അതായത് വൈകല്യത്തിന്റെ പ്രധാന സ്രോതസ്സ് ഒരാളുടെ ശാരീരികമോ മാനസികമോ,ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകളല്ല, പകരം, അത്തരം ബലഹീനതകള്‍ സമൂഹത്തിലെ അല്ലെങ്കില്‍ മറ്റു ഘടനകളിലെ തടസ്സങ്ങളില്‍ തട്ടുന്നതു കാരണം പൂര്‍ണ്ണവും ഗുണപരവുമായ സാമൂഹ്യ ഇടപടലുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് എന്നാണ് ഈ നിര്‍വ്വചനം വ്യക്തമാക്കുന്നത്. വൈകല്യങ്ങളെ ഒഴിവാക്കുന്നതിന് കേവലം വൈദ്യശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല എന്നും, അതിന് മുകളില്‍ സൂചിപ്പിച്ച ”തടസ്സങ്ങളെ”യാണ് ശ്രദ്ധിക്കേണ്ടതെന്നും ഈ സംഘടനകള്‍ വാദിക്കുന്നു. സമൂഹങ്ങളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കപ്പെടുമ്പോള്‍ വൈകല്യം ഭിന്നശേഷിയായി മാറ്റപ്പെടുന്നു. അതിനാല്‍തന്നെ ഇതൊരു സാമൂഹ്യവിഷയവുമാണ്.
തങ്ങള്‍ വികലാംഗരല്ലെന്നും ഭിന്നശേഷിക്കാരാണെന്നും അവകാശപ്പെട്ട് ജീവിതത്തിന്റെ സമസ്തമേഖലകളിലും തുല്ല്യതക്കായുള്ള പോരാട്ടങ്ങളിലാണ് കേരളത്തിലും ഭിന്നശേഷിക്കാര്‍. ഏറെ ഗുണകരമായ വിധത്തില്‍ അവരുടെ അവകാശങ്ങള്‍ക്കായുള്ള ബില്‍ പാര്‍ലിമെന്റില്‍ നിലവിലുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ മിക്കവാറും ഉള്‍ക്കൊള്ളുന്നതാണ് ബില്‍. ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണവും സര്‍ക്കാര്‍ ജോലികളില്‍ നാല് ശതമാനം സംവരണവും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ ജോലികളില്‍ അഞ്ച് ശതമാനം സംവരണത്തിനും വ്യവസ്ഥയുണ്ട്. നേരത്തെ അന്ധത, കാഴ്ചക്കുറവ്, ഭേദമായ കുഷ്ഠരോഗം, കേള്‍വിക്കുറവ്, ചലനവൈകല്യം, മാനസിക രോഗം, മാനസിക വളര്‍ച്ചക്കുറവ് തുടങ്ങിയ ഏഴ് തരം വൈകല്യമുള്ളവര്‍ക്കായിരുന്നു ഭിന്നശേഷിക്കാര്‍ക്കുള്ള പരിഗണന ലഭിച്ചിരുന്നത്. പുതിയ ബില്ലിലൂടെ 21 തരം വൈകല്യമുള്ളവര്‍ക്ക് എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ആസിഡ് ആക്രമണത്തിനിരയാകുന്നവരേയും പാര്‍കിന്‍സണ്‍സ് രോഗത്തിനിരയായവരായും സെറിബ്രല്‍ പാള്‍സി, ഓട്ടിസം, തലാസീമിയ എന്നിവ ബാധിച്ചവരെയും ഭിന്നശേഷിക്കാരായി പരിഗണിക്കും. ഏറ്റവും ശ്രദ്ധേയമായ സംഗതി നേരത്തെ ലഭ്യമാകാതിരുന്ന പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിനുള്ള അവകാശം പുതിയ ബില്‍ നല്‍കുന്നു എന്നതാണ്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയടക്കമുള്ള പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടി പ്രവേശനം സാധ്യമാകുന്ന വിധത്തിലാകണമെന്നു ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭിന്നശേഷിയുടെ പേരില്‍ ജോലിയുടെ കാര്യത്തില്‍ വിവേചനം പാടില്ല. ഈ അവകാശങ്ങള്‍ ഹനിക്കുന്നവര്‍ക്ക് ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു.
കേരളത്തിലും ഇത്തരമൊരു സമീപനം പൊതുവില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിതിസമത്വം കൈവരിക്കാന്‍ സഹായിക്കുന്ന നയസമീപനത്തിന് രൂപം കൊടുത്തിട്ടുണ്ട്. അംഗപരിമിതര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന കരട് രേഖയില്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ രംഗങ്ങളിലും ഈ വിഭാഗത്തിന്റെ പ്രതിനിധി വേണമെന്നും വ്യവസ്ഥയുണ്ട്. ജനപ്രതിനിധിസഭകളില്‍ വനിതകള്‍ക്കും പട്ടികജാതി വര്‍ഗ വിഭാങ്ങള്‍ക്കുമെന്ന പോലെ അംഗപരിമിതര്‍ക്കും ആനുപാതിക സംവരണം വേണം. പൊതുയാത്രാ സംവിധാനങ്ങളും നിരത്തുകളും സേവനസംവിധാനങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുക്കണം. ഇപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രമാണ് വിഭിന്നശേഷിയുള്ളവര്‍ക്ക് യാത്രാസൗജന്യമുള്ളത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യുന്നവരുടെ എണ്ണം വിരളമാണ്. പ്രാദേശികതലത്തില്‍ ലോക്കല്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും യാത്രാസൗജന്യം അനുവദിക്കണം. പൊതുയിടങ്ങളെല്ലാം വിഭിന്നശേഷിയുള്ളവര്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം രൂപപ്പെടുത്തേണ്ടത്. ഹോട്ടലുകളിലും തിയറ്റുകളിലും റോഡുകളിലും വാഹനങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും ഫുട്പാത്തുകളിലും എന്തിന് വീടുനിര്‍മ്മിക്കുമ്പോഴും എവിടേയും വിഭിന്ന ഗുണമുള്ളവര്‍ക്കുള്ള സൗകര്യങ്ങള്‍ അനിവാര്യമാണ്. അത് ഔദാര്യമാകരുത്, അവകാശമാകണം. വിഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏക ഹെല്‍ത്ത് കാര്‍ഡ് സംവിധാനം രാജ്യത്താകെ ഏര്‍പ്പെടുത്തണം. ഇപ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതിന് അന്യസംസ്ഥാനങ്ങളില്‍ അംഗീകാരമില്ല. അതുപോലെ ആംഗ്യഭാഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും ആവശ്യമുണ്ട്. തങ്ങള്‍ മാത്രമല്ല, മറ്റുള്ളവരും അതുപഠിച്ചാല്‍ മാത്രമല്ലേ ആശയവിനിമയം സാധ്യമാകൂ എന്നവര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കാനും മന്ത്രിയെ ചുമതലപ്പെടുത്താനുമുള്ള ആവശ്യം ശക്തമായി നിലവിലുണ്ട്. തമിഴ് നാടുപോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അവിടെ ഇവര്‍ക്കായി മന്ത്രിയുണ്ട്, നിരവധി പദ്ധതികളുണ്ട്. ആ മാതൃക സ്വീകരിക്കാവുന്നതാണ്. ഭിന്നശേഷിക്കാര്‍ക്കാരുടെ പല സംഘടനകളും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. എന്തായാലും ആ ദിശയിലുള്ള നീക്കവും ഇപ്പോള്‍ സജീവമായിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിതിസമത്വം കൈവരിക്കാന്‍ സഹായിക്കുന്ന നയസമീപനത്തിന്റെ കരട് രേഖ തയ്യാറായി. സര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കാനും മന്ത്രിയെ ചുമതലപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നതാണ് കരടിലെ പ്രധാന വ്യവസ്ഥ.. ഗവ. സെക്രട്ടറി, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എം.ഡി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അവതരിപ്പിച്ച കരടില്‍ വികലാംഗ ക്ഷേമ സംഘടനയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഗവ. സെക്രട്ടറിക്ക് കൈമാറിയത്.
അതേസമയം ഭിന്നശേഷിക്കാര്‍ക്കായി നിരവധി പദ്ധതികള്‍ നിലവുിലുണ്ടെങ്കിലും അതവരിലെത്തുന്നില്ല എന്ന പരാതിയും ശക്തമാണ്. മുഴുവന്‍ സമയ സഹായിയെ ആവശ്യമുള്ളവര്‍ക്ക് പ്രതിമാസം 600 രൂപ വരെ അനുവദിക്കുന്ന ആശ്വാസകിരണം, തൊഴില്‍ രഹിതര്‍ക്ക് ചെറുസംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി 50000 രൂപ നല്‍കുന്ന കൈവല്യ, തീവ്രമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കാന്‍ മാതാവിന് സ്വയംസംരഭകത്തിനായി 35000 രൂപ വരെ സഹായിക്കുന്ന സ്വാശ്രയപദ്ധതി, അംഗപരിമിതര്‍ക്ക് അടിയന്തിര സഹായം ്‌നുവദിക്കുന്ന പരിരക്ഷ പദ്ധതി, ഇലക്ടിക് ചക്ക കസേര പദ്ധതി എന്നിങ്ങനെ പല പദ്ധതികളെ കുറിച്ചും ആവശ്യക്കാര്‍ക്ക് അറിയില്ല
ഭിന്നശേഷിയുള്ളവരെ ഇപ്പോഴും വികലാംഗരെന്നാണ് കേരളീയ സമൂഹം വിശേഷിപ്പിക്കുന്നത്. അവരുടെ പല സംഘടനകള്‍ക്കുപോലും ആ പേരാണ്. തങ്ങള്‍ വികലാംഗരല്ല എന്നും വിഭിന്നശേഷിയുള്ളവരാണെന്ന് അവരിലെ ആത്മാഭിമാനമുള്ളവര്‍ എത്രയോ തവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാലും നാമവരെ വിളിക്കുക വികലാംഗര്‍ എന്ന്. രണ്ടുപദങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. പണ്ട് തങ്ങളെ ഹരിജനങ്ങള്‍ എന്നു വിളിക്കരുതെന്ന് ദളിതര്‍ പറഞ്ഞതുപോലെ തന്നയാണിതും. disabled, handicapped തുടങ്ങിയ പദങ്ങളില്‍ തങ്ങളെ വിശേഷിപ്പിക്കരുതെന്നും തങ്ങള്‍ differently abled ആണെന്നും ലോകവ്യാപകമായി തന്നെ അവരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ മലയാളമായാണ് ഭിന്ന ശേഷിയുള്ളവര്‍ എന്ന പദം ഉപയോഗിക്കുന്നത്. ആത്മാഭിമാനത്തോടെയാണ് അവര്‍ ആ പദം ഉപയോഗിക്കുന്നത്. തുല്ല്യതക്കും സാമൂഹ്യനീതിക്കുമായുള്ള അവരുടെ പോരാട്ടങ്ങളെ പിന്തുണക്കാന്‍ കേരളസമൂഹം ഇനിയും മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply