രാജു എബ്രഹാമും ഐഷാപോറ്റിയും അറിയാന്‍

മുതലാളിമാര്‍ 4000 ലക്ഷം ടണ്‍ (40 കോടി) ക്വാറി ഉല്‍പ്പന്നങ്ങള്‍ കച്ചവടം നടത്തുമ്പോള്‍ അതിന്റെ മാര്‍ക്കറ്റ് വില കുറഞ്ഞത് 25000 കോടി രൂപ വരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവം കാല്‍ ലക്ഷം കോടി രൂപക്ക് കച്ചവടം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ഉടമകള്‍ക്കു ലഭിക്കുന്നത് 92.6 കോടി രൂപ മാത്രം. ഇതു മനസ്സിലാക്കിയായിരുന്നു ഖനനം പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരും എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്കു വാക്കു കൊടുത്തത്. പക്ഷേ പ്രകടനപത്രിക കേവലം വാഗ്ദാനമായി നില നില്‍ക്കുകയാണ്.

വ്യാജ പരിസ്ഥിതി വാദികളെയും ബ്ലാക്ക് മെയില്‍ സംഘടനകളെയും നിലക്കുനിര്‍ത്തണമെന്ന് കേരള ക്വാറി ആന്റ് ക്രഷര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനും കാല്‍ നൂറ്റാണ്ടായി റാന്നിയുടെ MLAയുമായി തുടരുന്ന ശ്രീ രാജു ഏബ്രഹാം ആവശ്യപ്പെടുന്നു. സംഘടനയുടെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ വേദിയില്‍ കൊട്ടാരക്കര MLA ശ്രീമതി ഐഷാ പോറ്റിയും ഉണ്ടായിരുന്നു.

ഇവരിരുവരും നിയമസഭയുടെ അംഗങ്ങളായി തുടരവേയാണ് 13 -ാം നിയമസഭയുടെ പരിസ്ഥിതി സമിതി 2014 ജൂണ്‍ 18 ന് പാറഖനനത്തെ പറ്റി പഠിച്ച റിപ്പോര്‍ട്ട് 141 സാമാജികരുടെ മുന്നില്‍ അവതരിപ്പിച്ചത്. റിപ്പോര്‍ട്ടിന്റെ ആമുഖം ഇങ്ങനെ തുടങ്ങുന്നു. ”സംസ്ഥാനത്ത് നിയമാനുസൃതവും അല്ലാത്തതുമായ ധാരാളം കരിങ്കല്‍ ക്വാറികളും മെറ്റല്‍ ക്രഷറുകളും പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത ക്വാറികളും മെറ്റല്‍ ക്രഷറുകളും ചേര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ത്തിയിരിക്കുന്ന വിവിധ തരത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഒരു വന്‍ വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്”. സംസ്ഥാന നിയമസഭ ആദ്യമായി നടത്തിയ ഖനനത്തെ സംബന്ധിച്ച പഠനത്തിന്റെ ഭാഗമായ നിഗമനങ്ങളും ശുപാര്‍ശകളും നിയമസഭയ്ക്കായി അവതരിപ്പിക്കുന്നു എന്ന് സമിതി ചെയര്‍മാന്‍ C. P. മുഹമ്മദ് അറിയിച്ചു. CPI m ന്റെ 3 MLA മാര്‍ ശ്രീ. ആരിഫ് , കോലിയക്കോട് കൃഷ്ണന്‍ നായര്‍, പ്രാെ.രവീന്ദ്രനാഥ് , CPI MLA മുല്ലക്കര രത്‌നാകരനും അംഗങ്ങളായിരുന്നു.

ഈ ക്വാറികള്‍ മൂലം റിപ്പോര്‍ട്ട് കണ്ടെത്തിയ പ്രശ്‌നങ്ങള്‍

1. അനിയന്ത്രിതമായ ഖനനം ജലക്ഷാമം വര്‍ദ്ധിപ്പിച്ചു.
2. പൊടിപടലങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
3. കൃഷിയെ പ്രതികൂലമായി ബാധിച്ചു.
4. റോഡുകളിലൂടെയുള്ള അമിതഭാര വണ്ടികള്‍ അവയെ തകര്‍ക്കുന്നു.
5. സ്‌ഫോടനം വന്‍ ശബ്ദമലിനീകരണം വരുത്തി വെക്കുന്നു.
6. ക്രിമിനല്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ വലിയ ക്രമസമാധാന പ്രശ്‌നമാണ് നാട്ടിലുണ്ടാക്കുന്നത്.
7. ചരിത്ര സ്മാരകങ്ങള്‍ തകരുന്നു.
8. ഖനനത്തെ പറ്റിയുള്ള കണക്കുകള്‍ വകുപ്പുകളുടെ കൈവശമില്ല
9. പഞ്ചായത്തുകള്‍ക്ക് കേസ്സെടുക്കുവാന്‍ അവകാശമില്ല.
10. മൈനിംഗ് and ജിയോളജി വകുപ്പ് പരമാവധി 25000 രൂപയെ നിയമ ലംഘകരില്‍ നിന്നും ഈടാക്കുന്നുള്ളു.
11.ഖനനത്തിലൂടെ ആര്‍ക്കെങ്കിലും കഷ്ട നഷ്ടങ്ങള്‍ സംഭവിച്ചാല്‍ ലൈസന്‍സ്സി പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
ഇതു വരെ അത്തരം സംഭവമുണ്ടായിട്ടില്ല.
12.ത്രിവിക്രമന്‍ജി കമ്മീഷന്‍ മുന്നാേട്ടുവെച്ച ഫെന്‍സിംഗ്, ബഞ്ച് കട്ടിംഗ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ല.
13. അനധികൃത ക്വാറി കണ്ടെത്തുവാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നു.
14. അനധികൃത ക്വാറി പ്രവര്‍ത്തനത്തിന്റെ ഉത്തരവാദികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഇല്ല.
15. പരിസ്ഥിതി ആഘാത പഠനം യൂണിറ്റുകളില്‍ നടത്തിയിട്ടില്ല.
16. Explosive ലൈസന്‍സ്സ് നല്‍കുവാന്‍ ചുമതലപ്പെടുത്തിയ SP, DFO, അഗ്‌നിശമനാ സേന, ADO എന്നിവര്‍ സ്‌ഫോടന വസ്തുക്കള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തുന്നു. അത് ഭീകരവാദികള്‍ക്ക് അവസരമായി തീരാം.
17. ദൂരപരിധി യുക്തിരഹിതമായി നിര്‍ണ്ണയിച്ചിരിക്കുന്നു.
18. ക്വഷര്‍ യൂണിറ്റുകള്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്നു.
19. 8 മീറ്ററില്‍ കുറഞ്ഞ വീതിയുള്ള റോഡില്‍ 10 ടണ്‍ കപ്പാസിറ്റിക്കു മുകളില്‍ ഭാരമുള്ള വാഹനം ഓടിക്കരുത് എന്ന നിബന്ധന നടപ്പിലാക്കുന്നില്ല.
20. പാറമട പ്രവര്‍ത്തനം പരിശോധിക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് സംവിധാനങ്ങളില്ല.
21. മരങ്ങള്‍ വെട്ടിനശിപ്പിച്ചാല്‍ പകരം വെച്ചു പിടിപ്പിക്കുന്നില്ല.(10 ഇരട്ടി)
22. പാെടി കലര്‍ന്ന വെള്ളം ടാങ്കുകളില്‍ തടഞ്ഞു നിര്‍ത്തി , തെളിഞ്ഞ വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനങ്ങളില്ല.
23. ഖനനത്തിനായുള്ള നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്.
24. ഭൂമിയുടെ ചരിവ് കണക്കിലെടുത്ത് ഖനന നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന രീതി പരിഗണിച്ചിട്ടില്ല.

സംസ്ഥാനത്തെ നിലവിലുള്ള പാറ ഖനനങ്ങള്‍ 750 ന് താഴെ മാത്രമാണെന്ന സര്‍ക്കാര്‍ കണക്കുകള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും എത്രയോ അകലെയാണെന്ന് KSFRA കണ്ടെത്തുകയുണ്ടായി. 5942 ഖനനങ്ങള്‍ സംസ്ഥാനത്തു നടക്കുന്നു. ഏറ്റവും അധികം എറണാകുളത്തും അതിനു പിന്നില്‍ പാലക്കാടും. ഭൂമി കുലുക്ക സാധ്യതയുള്ള (Epi Center) പ്രദേശങ്ങളുടെ ഒരു km നുള്ളില്‍ 75 ലധികം പ്രവര്‍ത്തിക്കുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഖനനം നിരോധിക്കണമെന്നു പറഞ്ഞ സ്ഥലങ്ങളില്‍ എണ്ണം 700 നടുത്തു വരും. WGEEP ഒരു കാരണവശാലും പാറപൊട്ടിക്കല്‍ പാടില്ല എന്നു പറഞ്ഞ ESZ ഒന്നില്‍ 1500 നടുത്തു യൂണിറ്റുകള്‍ സജ്ജീവമാണ്. 96 % ഖനനവും നടക്കുന്നത് നദീ തടങ്ങളില്‍ തന്നെ. ഭാരതപ്പുഴയുടെ തീരത്ത് 1000 ഓളം പ്രനര്‍ത്തനങ്ങള്‍ തുടരുന്നു.

പാറഖനനത്തിലൂടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു ലഭിച്ച മൊത്തം വരുമാനം 92.6 കോടി രൂപയാണ്. കണക്കുകള്‍ പ്രകാരം ആകെ പൊട്ടിച്ച പാറയുടെ ഭാരം 385 ലക്ഷം ടണ്‍. യഥാര്‍ത്ഥ കണക്കുകള്‍ എത്ര അകലെയായിരിക്കും ? സര്‍ക്കാര്‍ പറയുന്നതിനും 8 മടങ്ങ് അധികം വരും യഥാര്‍ത്ഥ ഖനന കേന്ദ്രങ്ങള്‍. നിയമപരമായ ഖനന സ്ഥാപനങ്ങള്‍ പൊട്ടിച്ചു മാറ്റുന്ന അളവിന്റെ പകുതി പോലും പുറത്തു പറയാറില്ല. സാമാന്യമായി പറഞ്ഞാല്‍ മുതലാളിമാര്‍ 4000 ലക്ഷം ടണ്‍ (40 കോടി) ക്വാറി ഉല്‍പ്പന്നങ്ങള്‍ കച്ചവടം നടത്തുമ്പോള്‍ അതിന്റെ മാര്‍ക്കറ്റ് വില കുറഞ്ഞത് 25000 കോടി രൂപ വരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവം കാല്‍ ലക്ഷം കോടി രൂപക്ക് കച്ചവടം ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ഉടമകള്‍ക്കു ലഭിക്കുന്നത് 92.6 കോടി രൂപ മാത്രം. ഇതു മനസ്സിലാക്കിയായിരുന്നു ഖനനം പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരും എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്കു വാക്കു കൊടുത്തത്. പക്ഷേ പ്രകടനപത്രിക കേവലം വാഗ്ദാനമായി നില നില്‍ക്കുകയാണ്.

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനം ഖനന രംഗത്തെ നിയന്ത്രണമില്ലാതെ തുറന്നു വിട്ടതിനെ പറ്റി പ്രതിപാദിച്ച 13 പേജുള്ള റിപ്പോര്‍ട്ടിലെ ആശങ്കകളെ പാടെ തള്ളിക്കളയുകയായിരുന്നു നിലവിലെ ഭരണക്കാര്‍ .അവരുടെ പ്രകടന പത്രികയില്‍ ഖനനത്തെ പറ്റി പറഞ്ഞ കാര്യങ്ങളും പാടെ മറന്നു. 2018 ലെ പ്രളയ ദുരന്ത മാസം തന്നെയാണ് കേരള ഗവര്‍ണ്ണര്‍ നെല്‍ വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന നിയമത്തില്‍ ഒപ്പിട്ടു കൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ ആഗ്രഹം നടപ്പിലാക്കിയത്.

സംസ്ഥാനത്തെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ക്കും മുകളില്‍ കൊളംബിയയിലെ ലഹരി മാഫിയയെ ഓര്‍മ്മിപ്പിക്കും വിധം , നിയമങ്ങളെ വെല്ലു വിളിച്ച്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കെടുത്ത്, രാഷ്ട്രീയ നേതാക്കളെ ദല്ലാള്‍ പണിക്കാരാക്കി മാറ്റി, സാധാരണക്കാരുടെ വീടും പരിസരവും തകര്‍ത്ത്, ഖജനാവിനും പ്രകൃതിയ്ക്കും വന്‍ നഷ്ടം വരുത്തി മുന്നേറുന്ന ഖനന മുതലാളിമാരുടെ സംഘടനാ നേതാവായ മുന്‍ DYFI നേതാവിന്റെ വരികള്‍ കേരളീയരുടെ ജീവിക്കുവാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്.

(green reporter)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply