രക്തസാക്ഷ്യത്തെ കുറിച്ചും അഭിനയജീവിതത്തെ കുറിച്ചും ജിജോയ്

ഈ ചിത്രത്തിലെ നായകന്‍ താഴെതട്ടിലുള്ള സമൂഹത്തിന്റെ ഒരു പ്രതിനിധിയാണ്. ക്ഷേത്രങ്ങളില്‍നിന്നും പല കലകളില്‍നിന്നും ചിലരെ മാറ്റിനിര്‍ത്തുന്ന ഒരു അവസ്ഥ ഇപ്പോഴുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇല്ലെന്ന് പറയുമ്പോഴും അത് യാഥാര്‍ഥ്യം മറ്റൊന്നാണ്. ജാത്യവിചാര്യം പോയിട്ടില്ല എന്നതിനുള്ള ഉദാഹരമാണ്. അതുമായി ബന്ധപ്പെട്ടാണ് സിനിമ ആരംഭിക്കുന്നത്.

പ്രഭുവിന്റെ മക്കള്‍, ചായില്യം, സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍ എന്നീ സിനിമകളില്‍ നായകനായ ജിജോയ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് രക്തസാക്ഷ്യം. നവാഗതനായ ബിജുലാല്‍ സംവിധാനംചെയ്ത രക്തസാക്ഷ്യം ഇതിനോടകം പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. ചെറുതും വലുതുമായി അഭിനയിച്ച ഗര്‍ഷോം, നിറം, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍, മേഘമല്‍ഹാര്‍, പ്രാഞ്ചിയേട്ടന്‍, ബെസ്റ്റ് ആക്റ്റര്‍, ശിവം, മോസായിലെ കുതിരമീനുകള്‍, മെമ്മറീസ് തുടങ്ങിയ 55 ചിത്രങ്ങള്‍ കൂടാതെ ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ നിരവധി നാടകങ്ങളിലും നിരവധി ഹ്രസ്വചിത്രങ്ങളിലും സീരിയലുകളിലും ജിജോയ് അഭിനയിച്ചിട്ടുണ്ട്. സിനിമ, നാടകം, ചെറുസിനിമ, സീരിയല്‍ – ഇങ്ങനെ അഭിനയത്തിന്റെ വിവിധഭൂമികയില്‍ ഇടപെടല്‍ നടത്തുകയാണ് ജിജോയ്. സിനിമ ഒരു ജനപ്രിയമാധ്യമമായി വിപ്ലവം സൃഷ്ടിക്കുമ്പോഴും സിനിമയ്ക്കു പിന്നാലെ ഭ്രമം പിടിച്ച് പോകാതെ തനിക്കുവന്ന അഭിനയവഴിയിലൂടെ സഞ്ചരിക്കുകയാണ് ജിജോയ്. സിനിമയില്‍ ശോഭിക്കുമ്പോഴും നാടകത്തിന്റെ ജൈവികമായ നടുത്തളത്തില്‍ നിന്നുകൊണ്ട് സ്വതസിദ്ധ അഭിനയമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുവാനും ജിജോയിക്ക് സാധിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍എബ്രഹാം, നസറുദ്ദീന്‍ ഷാ തുടങ്ങിയ പ്രതിഭകള്‍ പഠിച്ചിറങ്ങിയ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയവിഭാഗത്തിലെ അധ്യാപകനായ ജിജോയ് ഓരോ നിമിഷവും താന്‍ അഭിനയം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു.

 

 

 

 

 

 

 

 

താങ്കള്‍ നായകനായ രക്തസാക്ഷ്യത്തെക്കുറിച്ച് ?

ഈ ചിത്രത്തിലെ നായകന്‍ താഴെതട്ടിലുള്ള സമൂഹത്തിന്റെ ഒരു പ്രതിനിധിയാണ്. ക്ഷേത്രങ്ങളില്‍നിന്നും പല കലകളില്‍നിന്നും ചിലരെ മാറ്റിനിര്‍ത്തുന്ന ഒരു അവസ്ഥ ഇപ്പോഴുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇല്ലെന്ന് പറയുമ്പോഴും അത് യാഥാര്‍ഥ്യം മറ്റൊന്നാണ്. ജാത്യവിചാര്യം പോയിട്ടില്ല എന്നതിനുള്ള ഉദാഹരമാണ്. അതുമായി ബന്ധപ്പെട്ടാണ് സിനിമ ആരംഭിക്കുന്നത്. അത്തരം സാഹചര്യങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും കടന്നുപോകുന്ന ഒരുവസ്ഥയാണ്. മനുഷ്യബന്ധങ്ങളെ എങ്ങെനയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങളും മതവിശ്വാസങ്ങളും ദുരുപയോഗംചെയ്യുന്നതെന്നും ഈ സിനിമ പറയുന്നു. പലതും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നുസമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ആക്ടറെ സംബന്ധിച്ച് ഈ ചിത്രം ഒരു വെല്ലുവിളിതന്നെയാണ്. സിനിമ ആളുകള്‍ കാണുന്നുണ്ട്. നല്ല അഭിപ്രായംപറയുന്നുണ്ട്. രക്തസാക്ഷ്യം പ്രഭുവിന്റെ മക്കള്‍ എന്നിവയിലെ കഥാപാത്രങ്ങളാണ് ഏറ്റവും സംതൃപ്തിതോന്നിയ കഥാപാത്രങ്ങള്‍.

രക്തസാക്ഷ്യം കൂടാതെ ഈയടുത്ത് ഇറങ്ങിയ സായാഹ്നങ്ങളില്‍ ചിലമനുഷ്യര്‍ എന്ന ചിത്രത്തില്‍ താങ്കളുടെ റോള്‍ ?

സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍ എന്ന ചിത്രത്തില്‍ ഒരു റിസര്‍ച്ച് സ്‌കോളര്‍ ആണ്. ജെഎന്‍യുപോലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ഒരു ഗവേഷകവിദ്യാര്‍ഥിയാണ്. കാര്യമായി അസുഖംബാധിച്ച ഒരു പ്രൊഫസറുടെ സായാഹ്നങ്ങളില്‍ കൂടെ സഹായിക്കാന്‍ വന്നിരിക്കുകയാണ് ഈ വിദ്യാര്‍ഥി. വിദ്യാര്‍ഥിയും അധ്യാപകനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. അവിടെ അവരുടെ ചിന്തകളും കൈമാറ്റംചെയ്യുന്നു. ഭാവനയിലും യാഥാര്‍ഥ്യത്തിലും പലകഥാപാത്രങ്ങളും വരുന്നു. അതിന്റെ സംവാദത്തിന്റെ ആകെ തുകയാണ് സിനിമ.

രക്തസാക്ഷ്യത്തിനുമുന്നോടിയായി ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്, തമാശ, ഉയരെ, വൈറസ് – ഈ സിനിമകള്‍ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത് ?

ഈ ചിത്രങ്ങളില്‍ കുമ്പളങ്ങി നൈറ്റ്സും വൈറസുമാണ് ഞാന്‍ കണ്ടത്. തമാശ ഞാന്‍ കണ്ടിട്ടില്ല. വിനയ്ഫോര്‍ട്ട് ഏറ്റവും അടുത്ത സുഹൃത്താണ്. ഒരുമിച്ച് നാടകം ഒക്കെ ചെയ്തിട്ടുണ്ട്. താമശയിലെ സ്റ്റില്‍സും ചില വിഷല്‍സും കണ്ടപ്പോള്‍ വളരെ രസകരമായി തോന്നി. കുമ്പളങ്ങി നൈറ്റ്സിലെ നടന്‍മാര്‍ എല്ലാവരും മികച്ച പ്രകടനമാണ്. ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ അഭിനയിക്കാതിരിക്കാം എന്ന് നിരന്തരമായ അന്വേഷണത്തിലാണ് പുതുതലമുറ. പുതുതലമുറയിലെ അഭിനേതാക്കളുടെ പ്രകടനം വളരെ സന്തോഷംതരുന്നു. ഔട്ട് ഓഫ് വൈല്‍ഡ്നസ് ആണ് ഇറങ്ങാനുള്ള സിനിമ. പെണ്‍ക്കൊടി എന്നൊരു സിനിമയുണ്ട്.

പുതുതലമുറയിലെ നടന്‍മാരെ എങ്ങനെ വീക്ഷിക്കുന്നു ?

പുതുതലമുറയില്‍ നടന്‍മാരില്‍ പൃഥിരാജ് ഏറ്റവും ഗൗരവമായുള്ള നടനാണെന്ന് എനിക്ക് തോന്നുന്നു. അഭിനയത്തിനായി എന്തു ബുദ്ധിമുട്ടും ഏറ്റെടുക്കുവാന്‍ പൃഥി തയാറാണ്. കഥാപാത്രങ്ങള്‍ക്ക്വേണ്ടി ശരീരഘടനയില്‍ മാറ്റം വരുത്താനും അദ്ദേഹം ശ്രമിക്കുന്നു. സിനിമയുടെ എല്ലാ മേഖലകളെകുറിച്ചും പഠിക്കാന്‍ പൃഥിശ്രമിക്കുന്നത് നല്ലൊരു നടന്റെ ഗുണമാണ്. അതുപോലെ ഫഹദ് ഒരു ‘മെതേഡ് ആക്റ്റര്‍’ ആണ്. ഒരര്‍ഥത്തില്‍ നിലനില്‍ക്കുന്ന എല്ലാ നടന്‍മാരും നല്ല കലാകാരന്‍മാര്‍തന്നെയാണ്. അത് ആസിഫായാലും സണ്ണിയായാലും ജയസൂര്യയായാലും. അല്ലെങ്കില്‍ ഈ നടന്‍മാര്‍ എന്നേ രംഗം മാറിപോയേനെ. നിലനില്‍ക്കുന്നവരെ നമ്മള്‍ പുകഴ്ത്തുകയല്ല. മറിച്ച് ഇവര്‍ പ്രേക്ഷകരുടെ ഏതെങ്കിലും സ്വാദുകളെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

എവിടെയാണ് നാട് , കുടുംബം, പഠിച്ച കാമ്പസ് ?

ഇരിങ്ങാലക്കുടയിലാണ് എന്റെ വീട്. ചെറുപ്പംമുതലേ കലാപരമായ മല്‍സരങ്ങളില്‍ സജീവമായി പങ്കെടുത്തു. എസ്.എന്‍. സ്‌കൂളിലായിരുന്നു ആദ്യപഠനം. നാടകം, മോണോആക്റ്റ്, മിമിക്രി ഉള്‍പ്പെടെയുള്ള കലാമല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ റിട്ട.ജോ. റജിസ്ട്രാര്‍ ആയ അച്ഛന്‍ പി.ആര്‍. രാജഗോപാലനും അമ്മ മംഗളാദേവിയും ചേട്ടന്‍മാരും ഏറെ പ്രോല്‍സാഹിപ്പിച്ചിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. ഭാര്യ റിയ അധ്യാപികയാണ്. മകന്‍ കര്‍മ്മ.
ഇരിങ്ങാലക്കുട ്രൈകസ്റ്റ് കോളജിലായിരുന്നു കാമ്പസ് ജീവിതം. നാടകത്തിനെ ഗൗരവമായി കണ്ടത് കാമ്പസില്‍ പഠിക്കുമ്പോഴായിരുന്നു. തങ്കപ്പന്‍ മാസ്റ്റര്‍, ശശിധരന്‍ നടുവില്‍ എന്നിവരുടെ നാടകങ്ങളിലും സഹകരിച്ചിട്ടുണ്ട്. കലാഭവന്‍ നൗഷാദിന്റെ കീഴില്‍ മൂകാഭിനയവും പരിശീലിച്ചു. ആദ്യ കൊച്ചനിയന്‍ നാടകോല്‍സവത്തിലെ ബെസ്റ്റ് ആക്റ്റര്‍ ആയിരുന്നു. ഡീസോണിലും ഇന്റര്‍സോണിലുമായി ഏഴുതവണ ബെസ്റ്റ് ആക്റ്ററായി. എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റ, ഹരോള്‍ഡ് പിന്ററിന്റെ വണ്‍ ഫോര്‍ ദ റോഡ് തുടങ്ങിയവയുടെ നാടക ആവിഷ്‌കരത്തില്‍ അഭിക്കാനായത് ഏറെ അനുഭമായിരുന്നു.

നാടകപഠനം ? ജീവിതത്തിലെ ആ അനുഭവം ?

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബി.ടി.എ. പഠനം അനുഭവമായിരുന്ന. അഭിനയമായിരുന്നു ഞാന്‍ മുഖ്യവിഷയമായി എടുത്തത്. അഭിനയത്തിലെ പ്രൊഫഷനിലിസം എങ്ങനെയാണെന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ്മ പഠിപ്പിച്ചു. വയലാ സാര്‍, രാമചന്ദ്രന്‍ മൊകേരി സാര്‍, ഡോ. എ.കെ. നമ്പ്യാര്‍, ജയസൂര്യ, നരിപ്പറ്റ രാജു, ജയസൂര്യ, കോഴിക്കോട് ഗോപിനാഥന്‍ , മോഹന്‍സാര്‍, എന്നീ അധ്യാപകരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. 40 കൂടുതല്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. നരവധി നാടക ശില്പശാലകളിലും പങ്കെടുത്തു. വിദ്യാര്‍ഥി ആയിരിക്കെ ജപ്പാനില്‍ നാടകം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പഠനശേഷം കെ. ഗിരീഷ്‌കുമാര്‍ തിരക്കഥ എഴുതിയ കെ.കെ. രാജീവിന്റെ വേനല്‍മഴ എന്ന സീരിയലില്‍ ശ്രീവിദ്യാമ്മയുടെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞത് ഗുണപരമായി. ഇതിനിടയില്‍ ഗര്‍ഷോം, നിറം, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ എന്നീ ചിത്രങ്ങളില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് വന്ന സീരിയലുകളില്‍ ആവര്‍ത്തനം നിറഞ്ഞ വേഷം വന്നപ്പോള്‍ എം.എ. നാടകം പഠിക്കാന്‍ പോണ്ടിച്ചേരിയിലേക്ക് പോയി. എം.എയും എംഫിലും ഒന്നാം റാങ്കോടെ പാസായി. പോണ്ടിച്ചേരിയിലെ അഭിനയവിദ്യാഭ്യാസവും നാടന്‍തമിഴ് സംസ്‌കാരവും പുതിയ ഒരു ഉണര്‍വ് നല്‍കി.

ഇംഗ്ലണ്ടിലേക്കുള്ള ക്ഷണം എങ്ങനെ ആയിരുന്നു ?

പോണ്ടിച്ചേരിയില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് റോയല്‍ ഷെയ്ക്സ്പിയര്‍ കമ്പനി ഷെയ്ക്സ്പിയറുടെ എല്ലാനാടങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്ന നാടകോല്‍സവം ഇംഗ്ലണ്ടില്‍ സംഘടിപ്പിച്ചു. നാടകസംസ്‌കാരമുള്ള 150 ഓളം കുറേരാജ്യങ്ങളിലെ അഭിനേതാക്കളെ തെരഞ്ഞെടുക്കുകയുണ്ടായി. ഇന്ത്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നും യു.കെ.യിലെ പ്രശസ്ത നാടകസംവിധായകന്‍ ടീം സപ്പിളിനെയാണ് ചുമതലപ്പെടുത്തിയത്. ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 1000 പേരില്‍ നിന്ന് 60 പേരെ കണ്ടെത്തി. അതില്‍നിന്ന് 20 പേരെ വീണ്ടും തെരഞ്ഞെടുത്തു. അങ്ങനെ കേരളത്തില്‍നിന്ന് എനിക്കും തൃശൂര്‍ ഗോപാല്‍ജിക്കും പപ്പനും ക്ഷണം ലഭിച്ചു. എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം എന്ന നാടകമാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കളിച്ചതിനുശേഷമാണ് ഞങ്ങള്‍ ഇംഗ്ലണ്ടില്‍ പോയത്. സ്ട്രാറ്റ്ഫോര്‍ഡ് അപ്ഓണ്‍ ഏവണിലെ സ്വാന്‍ തിയേറ്ററിലായിരുന്നു ആദ്യവട്ടം അവതരിപ്പിച്ചത്. അത് അവിടെ ഗംഭീര വിജയമായിരുന്നു. മൂന്നു വട്ടം ഇംഗ്ലണ്ടില്‍ ഞങ്ങള്‍ പോയി. 11 നഗരങ്ങളിലായി 160 ഓളം ഷോകള്‍ അവരിപ്പിച്ചു. പിന്നീട് യൂറോപ്പ്, ഏഷ്യ, യുഎസ്എ തുടങ്ങിയ നാലോളം ഭൂഖണ്ഡങ്ങളിലായി 2006മുതല്‍ 2008വരെ 350 ഷോകള്‍ കളിച്ചു. കൂടാതെ ബഹ്റിനില്‍ ഇടക്കിടെ നാടകം പഠിപ്പിക്കാനും ശില്പശാലകള്‍ സംഘടിപ്പിക്കാനും പോയിരുന്നു. ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നു.

നാടകത്തില്‍നിന്ന് സിനിമയിലെത്തിയത് ?

രക്തസാക്ഷ്യം റിലീസായിരിക്കുകയാണ്. 55 ഓളം സിനിമകളിലാണ് ചെറുതും വലുതുമായുള്ള വേഷങ്ങളില്‍ അഭിനയിച്ചത്. പ്രഭുവിന്റെ മക്കള്‍, ചായില്യം, സായാഹ്നങ്ങളില്‍ ചിലര്‍, രക്തസാക്ഷ്യം എന്നിവയില്‍ പ്രധാനവേഷങ്ങളിലും പ്രാഞ്ചിയേട്ടന്‍, ബെസ്റ്റ് ആക്റ്റര്‍, ശിവം, മോസായിലെ കുതിരമീനുകള്‍ എന്നിവയില്‍ സ്വഭാവനടനായും. ഇപ്പോഴും സുഹൃത്തുക്കളുടെ സിനിമകളില്‍ വിളിക്കാറുണ്ട് അഭിനയിക്കാന്‍ പോകാറുണ്ട്. അഭിനേതാവ് എന്ന നിലയ്ക്ക് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ കുതിരവട്ടം പപ്പുവാണ്. കുതിരവട്ടം പപ്പു ഒരു ഇന്റര്‍നാഷ്ണല്‍ ആക്റ്റര്‍ ആണ്. മനോധര്‍മ്മഅഭിനയ ശൈലി കാത്തുസൂക്ഷിച്ച നടനാണ്. അഭിനയം കാണുമ്പോള്‍ തന്നെ പ്രേക്ഷകന് അറിയാം എല്ലാം അദ്ദേഹത്തിന്റെ കൈയില്‍നിന്നാണെന്നുള്ളത്. ഇന്റര്‍നാഷ്ണല്‍ എന്ന് നമ്മള്‍ ഉദ്ദേശിക്കുന്നത് അഭിനയത്തിലെ ക്വാളിറ്റി യാണ്. മറിച്ച് ഏത് ഭാഷയിലുള്ളതെന്നല്ല. അതുപോലെ തിലകന്‍സാറും മമ്മൂക്കയും മോഹന്‍ലാലും എല്ലാവരുംതന്നെ വലിയനടന്‍മാരാണ്.

സിനിമ, നാടകം, ചെറുസിനിമ – ഇങ്ങനെ അഭിനയത്തിന്റെ വിവിധ മേഖലകളില്‍ സഞ്ചരിക്കുമ്പോള്‍ അനുഭവപ്പെടുന്നത് ?

നാടകാഭിനയത്തില്‍നിന്ന് സിനിമാഭിനയത്തിലേക്ക് മാറുമ്പോള്‍ സ്വാഭാവികമായും നാടകത്തിലെ നാടകീയത’ കടന്നുകൂടാം. അത് ഒഴിവാക്കപ്പെടേണ്ടതാണ്. ആക്റ്റിംഗില്‍ മാത്രമല്ല ഡബിംഗിലും അത് സംഭവിക്കാം. ഏത് സ്പെയ്സിലെ അഭിനയം ആയാലും സത്യസന്ധമായിരിക്കുക എന്നതാണ് പ്രധാനം. അതിന് അഭിനേതാവ് നല്‍കുന്ന എനര്‍ജി ലെവലില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം. ലൈവ് ആര്‍ട്ടില്‍ ഇവിടത്തെ ശബ്ദക്രമീകരണത്തില്‍ പരിമിതി ഉള്ളതിനാല്‍ പലപ്പോഴും നാടകത്തില്‍ സംഭാഷണം പുഷ്’ ചെയ്ത് പറയേണ്ടിവരുന്നു. പിന്നീട് അത് ആ നടന്റെ ശൈലിയായി മാറുന്നു. വികസിതരാജ്യങ്ങളിലെല്ലാം മികച്ച ശബ്ദക്രമീകരണമാണ്. അതിനാല്‍ അവിടെ സ്വാഭാവികഅഭിനയത്തിന് സാധ്യത കൂടുതലാണ്. നാടകത്തില്‍ നീണ്ടരംഗങ്ങളില്‍ വലിയ ഇമോഷണല്‍ കണ്ടിന്യൂയിറ്റി കിട്ടും. സിനിമയില്‍ ആക്ഷനും കട്ടിനും ഇടയില്‍മാത്രം സംഭവിക്കുന്നതാണ് അഭിനയം. സിനിമ, നാടകം ഇങ്ങനെ മാറിമാറി അഭിനയിക്കുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ വെല്ലുവിളിയായി എടുത്താല്‍ ഒന്ന് മറ്റൊന്നിനെ സഹായിക്കുകയും ചെയ്യും ചില സുഗന്ധദ്രവ്യങ്ങള്‍ പോലെ.

(സിനിമാവുഡ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply