പരിസ്ഥിതി ലോല ഉത്തരവ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പശ്ചിമഘട്ടവും വനപ്രദേശങ്ങളും അതിരൂക്ഷമായ വെല്ലുവിളി നേരിടുകയാണ്. അതാകട്ടെ അവിടെ നിവസിക്കുന്നവരുടെ മാത്രം പ്രശ്‌നവുമല്ല. മുഴുവന്‍ കേരളത്തിന്റേയും പ്രശ്‌നമാണ്. ഇക്കാര്യം ചൂണ്ടികാട്ടുകയും ദീര്‍ഘകാല – ഹ്രസ്വകാല നടപടികളിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത ഗാഡ്ഗിലിനെ കെട്ടുകെട്ടിച്ചവരാണല്ലോ നമ്മള്‍. അവിടെ നമ്മെ നയിച്ചത് വികസന മൗലികവാദമാണ്. അതിനര്‍ത്ഥം പശ്ചിമഘട്ടത്തിലും വനങ്ങള്‍ക്കടുത്തും താമസിക്കുന്നവര്‍ക്ക് വീടുകള്‍ നന്നാക്കിയെടുക്കാനോ കൃഷിചെയ്യാനോ പാടില്ല എന്നല്ല. അങ്ങനെ പറയുന്നവര്‍ പരിസ്ഥിതി മൗലികവാദികളാണ്.

പതിവുപോലെ മരംനടലും പ്രഭാഷണങ്ങളുമായി ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. ഒരേ ഒരു ഭൂമി എന്ന സന്ദേശത്തിലൂന്നി, ആഗോളതാപനം ഉയര്‍ത്തുന്ന വെല്ലുവിളികളായിരുന്നു ഈ വര്‍ഷവും പരിസ്ഥിതി ദിനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ആ വിഷയം ഗുരുതരമായി ബാധിക്കുന്ന ഒരു പ്രദേശം തന്നെയാണ് കേരളം. നമ്മുടെ കാലാവസ്ഥാമാറ്റങ്ങളും പ്രളയവും കൊടുംചൂടുമൊക്കെ അതിനുദാഹരണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ആഗോളതലത്തില്‍ മാത്രമേ അതിനു ശാശ്വതമായ പരിഹാരം കാണാനാവൂ. അതേസമയം അതിനേക്കാള്‍ അടിയന്തിരപ്രാധാന്യമുള്ള ഒരു പാരിസ്ഥിതിക – മാനവിക വിഷയമാണ് സമകാലീന കേരളത്തില്‍ ഏറ്റവും സജീവമായിട്ടുള്ളത്.

മുമ്പ് ഇതേ പംക്തിയില്‍ തന്നെ എഴുതിയിട്ടുള്ള, മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ വര്‍ദ്ധി്ച്ചുവരുന്ന സംഘര്‍ഷങ്ങളാണ് ഉദ്ദേശിക്കുന്നത്. വനസംരക്ഷണത്തിനായും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായും കേരളത്തില്‍ നിരവധി പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി തന്നെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാകുകയും വനംവകുപ്പ് കുറച്ചൊക്കെ ജാഗ്രതയോടെ അവ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി കാടുകൡ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥാവ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങള്‍ നമ്മള്‍ സൃഷ്ടിച്ച കാടിന്റെയതിര്‍ത്തി കടന്നു പുറത്തുവരുന്ന സന്ദര്‍ഭങ്ങള്‍ കൂടിവരുന്നു. കാടിനോടുചേര്‍ന്നും കയ്യേറിയുമൊക്കെ നമ്മള്‍ നടത്തുന്ന കൃഷിയേയും അവ ആക്രമിക്കുന്നു. വര്‍ഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങള്‍ ഇപ്പോഴാണ് പലയിടത്തും രൂക്ഷമാകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും വന്യജീവികളുടെ ജീവിതത്തെ ബാധിക്കുന്നു. മനുഷ്യനിര്‍മ്മിതിവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങള്‍ കേരളത്തില്‍ നടക്കുന്നു. അതിനേക്കാള്‍ രൂക്ഷമാണ് കാട്ടുപന്നികളുടെ അക്രമണം. അവ കര്‍ഷകരുടെ കൃഷിയാകെ നശിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു കിലോ മീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലമാണെന്ന സുപ്രിം കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. അതാണ് പുതിയ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായിട്ടുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയും കര്‍ഷക സംഘടനകളും സഭയുമെല്ലാം സ്വാഭാവികമായും രംഗത്തുണ്ട്. . കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമവിജ്ഞാപനത്തിനു വേണ്ടി കാത്തിരിക്കുന്ന മലയോര മേഖലയിലെ കര്‍ഷകരെ നിരാശയിലാഴ്ത്തുന്നതാണ് വിധിയെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്. പരിസ്ഥിതി ലോല മേഖലയില്‍ സ്ഥിരം കെട്ടിടങ്ങളോ ഖനനമോ പാടില്ല, എന്തു നിര്‍മ്മാണത്തിനും അനുമതി വേണമെന്നു പറയുമ്പോള്‍ കര്‍ഷകര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുവാനോ കിണറുകള്‍ കുഴിക്കുവാനോ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നവര്‍ ചൂണ്ടികാട്ടുന്നു. കേസ് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയ ഉദാസീനതയാണ് ഇതിനു കാരണമായതെന്നും അവര്‍ ചൂണ്ടികാട്ടുന്നു.

അതേസമയം വനം സംരക്ഷിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കുമെന്ന് പരിസ്ഥിതി ദിനത്തില്‍ വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിധയില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. ജനസാന്ദ്രത വളരെ കൂടിയ സംസ്ഥാനമാണ് കേരളം. വനാതിര്‍ത്തിയടക്കം എല്ലാ പ്രദേശത്തും ആളുകള്‍ തിങ്ങിപാര്‍ക്കുകയാണ്. ജനങ്ങള്‍ താമസിക്കുന്ന ഇടം പരിസ്ഥിതി ലോല മേഖലയാക്കുന്നതിലെ ബുദ്ധിമുട്ട് നേരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്. കേന്ദ്ര സര്‍ക്കാരുമായി തുടര്‍ന്നും ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കെ റെയിലും മറ്റുമായി ബന്ധപ്പെട്ട്, പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടക്കുന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ടുതന്നെ ഈ വിഷയത്തേയും കാണാം. പൊതുവില്‍ പറഞ്ഞാല്‍ പരിസ്ഥിതിയും വികസനവുമായി വൈരുദ്ധ്യാധിഷ്ഠിത ബന്ധമാണ് വേണ്ടത്. വികസനമൗലികവാദവും പരിസ്ഥിതി മൗലികവാദവലും ഒരുപോലെ അപകടകരമാണ്. വികസനമൗലികവാദം ശക്തമായി തന്നെ കേരളത്തിലുണ്ട്. സില്‍വര്‍ ലൈനിനുവേണ്ടിയുള്ള മുറവിളി അതിന്റെ അവസാന ഉദാഹരണമാണ്. അതേസമയം ചെറിയ തോതിലെങ്കിലും പരിസ്ഥിതി മൗലിക വാദവുമുണ്ട്. മുത്തങ്ങ സമരസമയത്ത് വനം സംരക്ഷിക്കാന്‍ ആദിവാസികളെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രമുഖ പരിസ്ഥിതി വാദികളെ കേരളം കണ്ടിരുന്നല്ലോ. കാടിന്റെ ഭാഗമാണ് ആദിവാസികളെന്നു കാണാന്‍ അവര്‍ക്കായില്ല. മറുവശത്ത് ആര്‍ക്കും വനം കയ്യേറി എന്തു നിര്‍മ്മാണവും ആകാമെന്നത് വികസന മൗലികവാദമാണ്. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ടും ഈ വിഷയമുണ്ട്.. പശ്ചിമ ഘട്ടത്തോടൊപ്പം ചെറുകിട കര്‍ഷകരുടെയും ജീവിതം സംരക്ഷിക്കണം. എന്നുവെച്ച് നിയമവിരുദ്ധ കയ്യേറ്റങ്ങളും വന്‍കിട നിര്‍മ്മാണങ്ങളും പാറമടകളും അനുവദിക്കാനാകില്ല. അതുപോലെ തന്നെയാണ് തീരപ്രദേശവും. തീരപ്രദേശത്തിന്റെയും കടലിന്റേയും സംരക്ഷണം മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം കൂടിയാകണം. അവരുടെ ജീവിതവും തൊഴിലും വാസസ്ഥലവുമെല്ലാം സംരക്ഷിക്കപ്പെടണം. അതിനര്‍ത്ഥം ടൂറിസമടക്കമുള്ള ലക്ഷ്യങ്ങളുമായി കടല്‍തീരത്തു നടക്കുന്ന വന്‍കിട നിര്‍മ്മാണങ്ങളെയും വിഴിഞ്ഞവും പുതുവൈപ്പുമടക്കമുള്ള പദ്ധതികളും സംരക്ഷിക്കണമെന്നല്ല. ഇപ്പോഴത്തെ പദ്ധതിയനുസരിച്ചാണെങ്കില്‍ കെ റെയില്‍ പൂര്‍ണ്ണമായും തള്ളണം, അതേസമയം ഇപ്പോഴത്തെ റെയിലിനോട് ചേര്‍ന്ന് രണ്ടുവരിപാത ആലോചിക്കാവുന്നതാണ്. അത് പൊതുഗതാഗതത്തിനു പ്രോത്സാഹനമാകും. വന്യമൃഗങ്ങളുടെ കാടിറക്കവും ഇത്തരമൊരു നിലപാടില്‍ നിന്നുതന്നെ കാണണം.

ഉദാഹരണമായി കാട്ടുപന്നികളുടെ പ്രശ്‌നം തന്നെയെടുക്കാം. കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും വന്‍ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ കുറ്റപ്പെടുത്താനാവില്ല. അതിനെതിരെ മനേകഗാന്ധി രംഗത്തുവന്നത് ഖേദകരമാണ്. തീര്‍ച്ചയായും ആനയും കടുവയുമടക്കമുള്ള ജീവികളുടെ വിഷയങ്ങളില്‍ മികച്ച രീതിയില്‍ തന്നെയാണവര്‍ ഇടപെട്ടത്. എന്നാല്‍ അതല്ല ഇപ്പോഴത്തെ കാട്ടുപന്നികള്‍ ഉയര്‍ത്തുന്ന ഭീഷണി. അത് ആനയും കടുവയുമായി താരതമ്യം ചെയ്യാവുന്നതല്ല. തമാശയെന്താണെന്നു വെച്ചാല്‍ പരിസ്ഥിതി മൗലികവാദി, സവര്‍ണ പരിസ്ഥിതി വാദി, കര്‍ഷകവിരുദ്ധന്‍ എന്നെല്ലാം അധിക്ഷേപിക്കപ്പെടുന്ന മാധവ് ഗാഡ്ഗില്‍ പോലും കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി കൊടുക്കണമെന്ന നിലപാടുകാരനാണ്. കഴിഞ്ഞില്ല, അവയെ കറി വെച്ചു കഴിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം പറയുന്നു. താനത് കഴിക്കാറുണ്ടെന്നും ഗാഡ്ഗില്‍ കൂട്ടിചേര്‍ക്കുന്നു.. വാസ്തവത്തില്‍ ഇവിടത്തെ പുതിയ ഉത്തരവില്‍ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നത് പുനപരിശോധിക്കേണ്ടതാണ്. മാത്രമല്ല, കൊല്ലാനുള്ള അനുമതി കൊടുക്കാനുള്ള അവകാശം പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് മെമ്പറിലേക്കെങ്കിലും എത്തണം. തീര്‍ച്ചയായും ഏതൊരു നിയമത്തേയും പോലെ ഇതും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്, ശക്തമായ നടപടി മാത്രമാണ് അതിനുള്ള പരിഹാരം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമാനമാണ് പരിസ്ഥിതി ലോലപ്രദേശവുമായി ബന്ധപ്പെട്ട പുതിയ കോടതി വിധിയുടേയും പ്രശ്‌നം. പശ്ചിമഘട്ടവും വനപ്രദേശങ്ങളും അതിരൂക്ഷമായ വെല്ലുവിളി നേരിടുകയാണ്. അതാകട്ടെ അവിടെ നിവസിക്കുന്നവരുടെ മാത്രം പ്രശ്‌നവുമല്ല. മുഴുവന്‍ കേരളത്തിന്റേയും പ്രശ്‌നമാണ്. ഇക്കാര്യം ചൂണ്ടികാട്ടുകയും ദീര്‍ഘകാല – ഹ്രസ്വകാല നടപടികളിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത ഗാഡ്ഗിലിനെ കെട്ടുകെട്ടിച്ചവരാണല്ലോ നമ്മള്‍. അവിടെ നമ്മെ നയിച്ചത് വികസന മൗലികവാദമാണ്. അതിനര്‍ത്ഥം പശ്ചിമഘട്ടത്തിലും വനങ്ങള്‍ക്കടുത്തും താമസിക്കുന്നവര്‍ക്ക് വീടുകള്‍ നന്നാക്കിയെടുക്കാനോ കൃഷിചെയ്യാനോ പാടില്ല എന്നല്ല. അങ്ങനെ പറയുന്നവര്‍ പരിസ്ഥിതി മൗലികവാദികളാണ്. എന്നാല്‍ വന്‍കിട നിര്‍മ്മാണങ്ങളും വ്യവസായങ്ങളും ക്വാറികളും പരിസ്ഥിതി ലോലമേഖലകളില്‍ വേണമെന്ന വാദം അംഗീകരിക്കാനുമാവില്ല. അവ അംഗീകരിക്കുകയാണെങ്കില്‍ നാം നേടിയെന്നഹങ്കരിക്കുന്ന പാരിസ്ഥിതിക അവബോധത്തിന് എന്തര്‍ത്ഥമാണുള്ളത്?

ചുരുക്കത്തില്‍ പുതിയ ഉത്തരവ് അതേപടി നടപ്പാക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. കര്‍ഷകരുടേയും പാവപ്പെട്ട ജനവിഭാഗങ്ങളുടേയും ജീവിതത്തെ സംരക്ഷിക്കുകയും വികസന, ക്വാറി മാപിയകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതേയുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. എങ്കില്‍ മാത്രമേ മുഖ്യമന്ത്രി പലപ്പോഴും പറയുന്ന പരിസ്ഥിതിയും വേണം, വികസനവും വേണം എന്ന നിലപാടിന് അര്‍ത്ഥമുണ്ടാകൂ. അതോടൊപ്പം സമീപഭാവിയില്‍ തന്നെ അതിരൂക്ഷമായ ഒന്നായി മാറാന്‍ പോകുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷത്തെ അതിജീവിക്കാനുള്ള ദീര്‍ഘകാല നടപടികള്‍ക്കും രൂപം നല്‍കണം. ഇപ്പോള്‍ കാട്ടുപന്നികളെ എന്ന പോലെ ഭാവിയില്‍ ഭാവിയില്‍ മറ്റു മൃഗങ്ങളേയും കൊന്നുകളയാമെന്ന ഉത്തരവ് ഇറക്കാനാകില്ല. മൃഗങ്ങളുടെ അവകാശ പ്രഖ്യാനം നടത്തിയിട്ടുള്ള ഐക്യരാഷ്ട്രസഭയില്‍ നമ്മളും അംഗങ്ങളാണെന്നോര്‍ത്തുള്ള നടപടികള്‍ക്കാണ് രൂപം കൊടുക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply