മെഹ്ദി ഹസന്‍ എന്ന പെയ്‌തൊഴിയാത്ത സംഗീതം

അനുസ്യൂതം പെയ്തുകൊണ്ടിരുന്ന ഒരു മഴ പൊടുന്നനെ നിലച്ചുപോവുകയും, വിഷാദാത്മകമായ ആ സംഗീതം ഇനി ഒരിക്കലും കേള്‍ക്കാനാവാത്തവണ്ണം അപ്രതീക്ഷിതമാവുകയും ചെയ്തപോലെയായിരുന്നു പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ദിവസം ഉസ്താദ് മെഹ്ദി ഹസ്സന്‍ വിടവാങ്ങിയപ്പോള്‍ ഓരോ സംഗീത പ്രേമികള്‍ക്കും അനുഭവപ്പെട്ടത്

മെഹ്ദി ഹസന്‍ നമുക്ക് ആരായിരുന്നു.. എന്തായിരുന്നു…അനുവാചക ഹൃദയങ്ങളില്‍ ഗസല്‍ എന്ന വാക്കിന്റെ പര്യായം തന്നെയായിരുന്നു അദ്ദേഹം.പ്രണയാര്‍ദ്രമായ, വിരഹാര്‍ദ്രമായ, വിഷാദാത്മകമായ ഏതെങ്കിലും ഒരു നിമിഷത്തില്‍ മെഹ്ദി ഹസ്സനെ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. അതിന്,ആ ശബ്ദത്തിന് ഹൃദയത്തിന്റെ താളമായിരുന്നു. ആത്മവികാരങ്ങളുടെ സഞ്ചാരവീഥിയിലൂടെ ആ സംഗീതവും ഒഴുകി നടന്നു. കേട്ട് കേട്ട് അടിമപ്പെട്ടു പോകുന്ന ഒരുതരം മാന്ത്രികത ആ കണ്ഠത്തിലൂടെ ഒഴുകിപരക്കുന്ന ശബ്ദത്തിന് ഉണ്ടായിരുന്നു. നിശബ്ദ വേദനകളെ തഴുകിതലോടി കടന്നുപോകുന്നതായിരുന്നു ആ നാദം.

അബ് കെ ഹം ബിഛ്‌ഡേ
തൊഷായദ് കഭി ഖാബൊ മെ മിലേ

മെഹ്ദിയുടെ ശബ്ദത്തിലൂടെ ഈ ഗസല്‍ ഒഴുകിവരുമ്പോള്‍ ആരുടെ മനസിലാണ് പ്രണയം വന്ന് നിറയാതെയിരിക്കുന്നത്.ആരുടേയുള്ളിലാണ് വേര്‍പാടിന്റെ മുറിവ് നോവിക്കാതെ ഇരിക്കുന്നത്…

ഗസല്‍ എന്ന കാവ്യശാഖയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മെഹ്ദി ഹസനുള്ള പങ്ക് വളരെ വലുതാണ്. ഗസലിനെ സ്വകാര്യ സദസുകളില്‍ നിന്നും, ആഡ്യഗൃഹങ്ങളില്‍നിന്നും പൊതുവേദിയിലേക്കും ജനകീയ സദസുകളിലേക്കും, ആസ്വാദകഹൃദയങ്ങളിലേക്കും ഒരു മധുചഷകമെന്നപോല്‍ പകര്‍ന്നു നല്‍കിയതില്‍ മെഹ്ദി ഹസ്സന്‍ സംഗീത ചക്രവര്‍ത്തി വലിയ പങ്ക്ഹിച്ചിട്ടുണ്ട്.

1927 ജൂലൈ മാസം 18ന് രാജസ്ഥാനിലെ ലൂണ എന്ന ഗ്രാമത്തില്‍ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് മെഹ്ദി ഹസന്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം നന്നേ ചെറുപ്പത്തില്‍ തന്നെ പഠിച്ചെടുത്തിരുന്നു.

തികച്ചും വൈയക്തികമായ അനുഭവങ്ങളെ, വാക്കുകള്‍ക്കൊണ്ട് നിര്‍വചിക്കാനാവാത്ത അതികഠിനവും തീഷ്ണവുമായ മനസിന്റെ വിങ്ങലുകളെ, വേദനകളെ, ശൂന്യതകളെ ആ സംഗീതം ഒരു തണുത്ത കാറ്റ് പോലെ നമ്മുടെ മുറിവുകളെ പുണര്‍ന്നു കടന്ന് പോകും.

സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ
മേ തോ മര്‍കര്‍ ഭീ മേരീ ജാന്‍ തുജെ ചാഹൂംഗാ

മെഹ്ദി ഹസ്സന്‍ അത് പാടുമ്പോള്‍ കണ്ണുകള്‍ അറിയാതെ ജലാര്‍ദ്രമാകും. ‘ജീവിതത്തില്‍ പ്രണയിക്കുകയെന്നത് സാധാരണമാണ്. ഞാനാവട്ടെ മരിച്ചുപോയാലും നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കും’

എന്ന ആ വരികള്‍ ഏറ്റവും ഭാവതീവ്രതയോടെ ഏറ്റവും ശോകവശ്യമായി ഒരു
അനുഭൂതിയായി ഹൃദയത്തിലേക്ക് പകരുവാന്‍ മെഹ്ദി ഹസ്സനല്ലാതെ മാറ്റാര്‍ക്കാണ് സാധിക്കുക.

വിഷാദത്തെയും, ഉന്മാദത്തെയും ഭ്രമാത്മകതയെയുമൊക്കെ വീണ്ടും വീണ്ടും പരിപോഷിപ്പിക്കുന്ന ജീവജലമായിരുന്നു ആ സംഗീതം. ആ ഒഴുകി പരക്കുന്ന നാദവിസ്മയം ഏത് ലഹരിയെക്കാളും ഉന്മത്തമാക്കിതീര്‍ക്കുന്ന ഒന്നായിരുന്നു.

രഞ്ജിഷ് ഹി സഹി
ദില്‍ഹി ദുഖാനെകേ ലിയെആ

എന്ന് മെഹ്ദി ഹസ്സന്‍ പാടുമ്പോള്‍ കണ്ണടച്ചിരുന്നു ആ ഗാനം ആസ്വദിക്കുമ്പോള്‍ പ്രണയത്തിന്റെ വിരഹത്തിന്റെ അഭൗമികമായ ഒരു ലോകത്തേക്ക് അത് നമ്മെ കൂട്ടികൊണ്ട്‌പോയേക്കാം. എത്രയെത്ര പ്രണയിനികളുടെ ആത്മവേദനകള്‍ക്കും ഭൗമസഹനങ്ങള്‍ക്കുമൊക്കെ ആ സ്വരം ഒരു തലോടലായി മാറിയിട്ടുണ്ടാകണം.

നോവും ആനന്ദവും പകര്‍ന്നു തന്ന ആ ഭാവതീവ്രമായ സ്വരം നമ്മില്‍ നിന്ന് അകന്ന് പോയെങ്കിലും ഈ ലോകം നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ ഗസലുകള്‍ സംഗീതഹൃദയങ്ങളില്‍ ഉണ്ടാകും. മരണമില്ലാത്ത സ്‌നേഹഗായകാ, അങ്ങേക്കു ഹൃദയം വിതുമ്പുന്ന കണ്ണീര്‍ പ്രണാമം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply