അനീഷ്യയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അനീഷ്യയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥ യെ പിടിച്ചു കുലുക്കുന്നതാണ്. വളരെ താഴ്ന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നും പഠിച്ചുയര്‍ന്നു ഭരണഘടന എല്ലാവര്‍ക്കും ഉറപ്പ് വരുത്തുന്ന നീതി എന്ന കാര്യം ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനീഷ്യയെ ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകുന്നത്. എന്നിട്ടും താന്‍ നേരിട്ട അപമാനവും വിവേചനവും എണ്ണി എഴുതി, പറഞ്ഞാണ് അവര്‍ ഈ ലോകം വിടുന്നത്. നവകേരളത്തില്‍ ഒരു സ്ത്രീക്ക് പഠിച്ചുയര്‍ന്നു നല്ല ജോലി നേടിസ്വതന്ത്രമായി ജീവിക്കാന്‍ കഴിയില്ലേ? – നീതിക്കായുള്ള ജനങ്ങളുടെ കൂട്ടായ്മ People For Justice ചോദിക്കുന്നു

കൊല്ലം പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും മാവേലിക്കര ജില്ലാ ജഡ്ജിയുടെ സഹധര്‍മ്മിണിയുമായ ശ്രീമതി അനീഷ്യാ (41 വയസ്സ് ) തന്റെ തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകന്റെയും മേലുദ്യോഗസ്ഥരുടെയും മാനസികമായ പീഡനത്തെ തുടര്‍ന്ന് 21.1.2024 ല്‍ ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യ നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ നടക്കുന്ന ഏറ്റവും വലിയ നീതിനിഷേധത്തിന്റെ ഫലമായാണ് സംഭവിച്ചത്. ഇത് നീതിന്യായ സ്ഥാപനങ്ങളുടെ പിന്നാംപുറത്തു നടന്നുകൊണ്ടിരിക്കുന്ന നിയമവിരുദ്ധതയിലേക്കും അധാര്‍മികതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഭരണഘടന ഏവര്‍ക്കും നീതി ഉറപ്പാക്കുന്നു. എന്നാല്‍ അത് നടപ്പില്‍ വരുത്തേണ്ട സ്ഥാപനങ്ങള്‍ അത് നിര്‍വഹിക്കാതിരിക്കുകയും നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നവരെ തടയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടാകുന്നു.

ഈ സ്ഥാപനങ്ങളുടെ കുറ്റമറ്റ പ്രവര്‍ത്തനം ഒരു ഭരണഘടനാജനാധിപത്യത്തില്‍ അനിവാര്യമാണ്. അവയുടെ പ്രവര്‍ത്തനപരാജയം ഭരണഘടനാ നിരാസമായിതീരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ മനുഷ്യനും നീതിക്കും ഇടയില്‍ നില്‍ക്കുന്ന സുപ്രധാന പാലങ്ങളാണ് പോലീസും പ്രോസിക്യൂഷനും കോടതിയും. എന്നാല്‍ നാം ചുറ്റിനും കാണുന്നത് ഈ സ്ഥാപനങ്ങളുടെ നിയമവിരുദ്ധവും അധാര്‍മികവും അന്യായവുമായ പ്രവര്‍ത്തനങ്ങളാണ്. ഒരു സാധാരണ പൗരന് നീതി ലഭ്യമാകുന്നില്ലെങ്കില്‍ അതിന് കാരണം നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ മേല്‍പ്പറഞ്ഞ വിവിധ ഘടകങ്ങളുടെ ഇടയില്‍ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ജീര്‍ണ്ണതകളും പുഴുക്കുത്തുകളുമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പോലീസും വളരെയധികം സംഘടിതമായ സ്ഥാപിത താല്പര്യങ്ങളുടെ വിളനിലമാണ്.

പബ്ലിക് പ്രോസിക്യൂഷന്‍ എന്ന സ്ഥാപനത്തിലെ മേല്‍പ്പറഞ്ഞ ജീര്‍ണ്ണതകളെ പ്രതിരോധിക്കുവാന്‍ തന്നാലാവും വിധം കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരം അക്ഷീണം പ്രവര്‍ത്തിച്ച , വളരെ താഴ്ന്ന നിലയില്‍ നിന്ന് സ്വന്തം കഴിവുകൊണ്ടു മാത്രം ഉയര്‍ന്ന് വന്ന ഒരു സ്ത്രീക്ക് ഒടുവില്‍ സ്വന്തം ജീവന്‍ തന്നെ ബലി കൊടുക്കേണ്ടിവന്ന നിര്‍ഭാഗ്യകരമായ സംഭവമാണ് എപിപി അനീഷ്യയുടെ ആത്മഹത്യ. ഈ ആത്മഹത്യ ഒരേസമയം ഒരു മനുഷ്യാവകാശ ധ്വംസനവും സ്ത്രീ പീഡനവും എല്ലാറ്റിനും ഉപരിയായി പബ്ലിക് പ്രോസിക്യൂഷന്‍ എന്ന സ്ഥാപനത്തിനെ ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള ഒരു ഉപകരണം ആയി തിരിച്ചുപിടിക്കാനുള്ള ഒരു സ്ത്രീയുടെ രോദനവും ആഹ്വാനവും ആണ്. ഏറ്റവും താഴെക്കിടയിലുള്ള പൗരനും നീതി ലഭ്യമാക്കാന്‍ വേണ്ടിയുള്ള കഠിനപ്രയത്‌നത്തിലായിരുന്നു അനീഷ്യ. ആ ഒരു പരിഗണന അവര്‍ക്ക് അവിടെ ലഭിച്ചില്ല എന്ന് മാത്രമല്ല, അസഹ്യമായ തൊഴില്‍ പീഡനത്തിനും വിവേചനത്തിനും അപമാനത്തിനും അവര്‍ വിധേയമായി.

നമ്മുടെ നീതിന്യായ വ്യവസ്ഥ അതീവ ഗൗരവമായ ചികിത്സ ആവശ്യപ്പെടുന്നു. നാളിതുവരെ ഒരു വലിയ അളവില്‍ നമ്മള്‍ ഓരോരുത്തരും മേല്‍പ്പറഞ്ഞ ജീര്‍ണ്ണതകളേയും പുഴു ക്കുത്തുകളെയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എന്നാല്‍ ഈ ആത്മഹത്യ, അതിനിയും തുടര്‍ന്നു കുടാ എന്നാവശ്യപ്പെടുകയാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥകളിലെ സ്ഥാപനങ്ങളെ ജനോപകാരപ്രദമായി മാറ്റി എടുക്കേണ്ടതുണ്ട്. ഇത് അനീഷ്യ നമുക്ക് ബാക്കിവെച്ച് പോയ ഉത്തരവാദിത്വമാണ്. അതിനാല്‍, ഇത്തരം ജീര്‍ണതകളെക്കുറിച്ച് ആകുലരും ആശങ്കയുള്ളവരുമായ പൗര സമൂഹത്തെ ഉണര്‍ത്താന്‍ ദേശീയ തലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കണം. ദേശീയ വിവരാവകാശ കൂട്ടായ്മ കേരള ഘടകം ഇതിനുള്ള പല ശ്രമങ്ങളും നടത്തിവരുന്നു.

ഇതിനോടകം തന്നെ ഈ ഗ്രൂപ്പ് ഇന്ത്യയിലെ പരമോന്നത കോടതി ചീഫ് ജസ്റ്റിസിന്റെയും, രാഷ്ട്രപതിയുടെയും ശ്രദ്ധയില്‍പ്പെടുത്താനായി പരാതി തയ്യാറാക്കി അയച്ചു വരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഒരു സ്ത്രീയുടെ ആത്മഹത്യ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആശങ്കകളും നിലപാടുകളും എല്ലാവരും പങ്കു വെക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീതി നിര്‍വഹണ സ്ഥാപനങ്ങള്‍ സമൂഹത്തിലെ എല്ലാവര്‍ക്കും നീതി നല്‍കുന്നതാണ്. അത് സമൂഹത്തിന്റെ ഒരു വലിയ പ്രതീക്ഷയുമാണ്. ആ സ്ഥാപനങ്ങളെ അവയുടെ യഥാര്‍ത്ഥ ഉദ്ദേശത്തോടെ പ്രവര്‍ത്തിപ്പിക്കുവാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു എ പി പി അനീഷ്യ. എന്നാല്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ അവരെ പരാജയപ്പെടുത്താന്‍ എല്ലാ അടവുകളും എല്ലാ തരത്തിലും പ്രയോഗിച്ചു. പിടിച്ചു നില്‍ക്കാന്‍ അവരും ശ്രമിച്ചു എങ്കിലും നീതി നിര്‍വഹണം ശരിയായി നടത്താന്‍ ഉള്ള ശ്രമത്തില്‍ അവര്‍ക്ക് അവരുടെ ജീവന്‍ തന്നെ നല്‍കേണ്ടി വന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ ജീവത്യാഗം കൃത്യമായി അന്വേഷിക്കുകയും കാരണക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയും വേണം. അതിനായി സാമൂഹ്യ ജാഗ്രത അനിവാര്യമാണ്. അല്ലെങ്കില്‍ അനീഷ്യയുടെ ആത്മഹത്യക്കു കാരണമായവര്‍ തന്നെ തെളിവുകള്‍ മായ്ച്ചു കളയാന്‍ മടിക്കില്ല.അതിനാല്‍ കൃത്യവും ശക്തവുമായ സാമൂഹ്യ ഇടപെടല്‍ അത്യാവശ്യമാണ്. ഈ ആത്മഹത്യ നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നീതി നിര്‍വഹണ സംവിധാനങ്ങളിലും സമൂഹത്തിലും യാതൊരു തരത്തിലുള്ള അലോസരവും ഉണ്ടാകാതെ മറയ്ക്കപ്പെടാനും മായിച്ചു കളയുവാനും ഉള്ള തല്പരകക്ഷികളുടെ നിരന്തരവും കൂട്ടായതും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ അരങ്ങേറുമ്പോള്‍, ഇക്കാര്യത്തില്‍ പൊതു സമൂഹത്തിന്റെ ജാഗ്രതയും ശരിയായ നിലപാടുകളൊടു കുടിയ ഇടപെടലും ഉണ്ടാവണം.

നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ വിവിധ ഘടകങ്ങളുടെ ഇടയിലുള്ള പരസ്പര ബന്ധങ്ങളില്‍ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന എല്ലാ ജീര്‍ണ്ണതകളെയും പുഴുക്കുത്തുകളെയും ചികഞ്ഞെടുത്തു പൊതുജന മധ്യത്തില്‍ ചര്‍ച്ചയ്ക്കു വെക്കുകയും അതുവഴി നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സോഷ്യല്‍ ഓഡിറ്റിനുള്ള അതിപ്രധാനമായ ലക്ഷ്യത്തിലേക്ക് എത്താനുമാകണം നമുക്ക് . ഇതിനായി എല്ലാവരുടെയും യോജിച്ച പിന്തുണയോടെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം. അതായിരിക്കും നമ്മുടെ ഫോക്കസ് . ആയതിനാല്‍ ക്ഷമയോടെയും സഹിഷ്ണുതയോടെയും അര്‍ഹിക്കുന്ന ഗൗരവത്തോടെയും പങ്കെടുക്കുവാന്‍ താല്പര്യമുള്ള വ്യക്തികളും ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരണമെന്ന് താല്പര്യപ്പെടുകയാണ്. അനീഷ്യ അനുഭവിച്ച യാതനയും പിഡനവും എന്ത് മാത്രമായിരിക്കണം? സാധാരണക്കാരില്‍ നിന്നും അനീഷ്യയും ഭര്‍ത്താവും നീതി നിര്‍വഹണ രംഗത്ത് അഭിമാനകരമായ പദവികളില്‍ എത്തിയത് കഠിന പ്രയത്‌നത്തിലൂടെയാണ്. അനീഷ്യ തന്റെ പദവി ആവശ്യപ്പെടുന്ന പരമാവധി പ്രവര്‍ത്തനം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ നിക്ഷിപ്ത താല്പര്യക്കാരുടെ തടസ്സപെടുത്തല്‍ അവരെ നിരന്തരം പ്രയാസപ്പെടുത്തിക്കൊണ്ടിരുന്നു. വിവരാവകാശത്തിനായി അപേക്ഷിച്ചത് വരെ കുറ്റകരമായി കണ്ട സഹ അധികാരികള്‍ക്ക് മുമ്പില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന അനീഷ്യക്ക് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കേണ്ടത് ഈ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

നീതിക്കായുള്ള ജനങ്ങളുടെ കൂട്ടായ്മക്കായി,
ദേശീയ വിവരാവകാശ കൂട്ടായ്മ, കേരളം പ്രവര്‍ത്തകര്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply