അറിഞ്ഞും അറിയാതെയും തലപൊക്കുന്ന ബ്രാഹ്മണിക് ബോധം.

ഭരണഘടനയില്‍ സംവരണീയരായ ആളുകള്‍, അത് നിലവില്‍ വരുന്നതിനു മുമ്പ് ഹീനമായ ജോലികള്‍ മാത്രം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു അവസ്ഥയിലേക്ക് തിരിച്ചു പോകാതെ ഇരിക്കാനാണ് അവര്‍ പൊതു വിദ്യാഭ്യാസ പ്രക്രിയയില്‍ ഏര്‍പ്പെടുന്നതും പി.എസ്. സി. പോലുള്ള പരീക്ഷകള്‍ എഴുതി ജോലിക്ക് കയറുന്നതും . എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ എത്തിയിട്ടും ക്ളീനിംഗ് പോലുള്ള ജോലികള്‍ അവര്‍ക്കായി മാത്രം സംവരണം ചെയ്തു വെക്കുന്ന അവസ്ഥയാണെങ്കില്‍ ജാതിയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ എവിടെയാണ് മാറ്റം ഉണ്ടായിട്ടുള്ളത് എന്നുള്ളത് ചിന്തിക്കേണ്ടതുണ്ട്.

മധ്യപ്രദേശിലെ ശിവപുരി എന്ന ഗ്രാമത്തില്‍ ശ്രീമദ് ഭാഗവത് കഥ എന്ന ഉത്സവം നടക്കുന്നുണ്ട്. അതില്‍ ഓരോരോ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓരോരോ ജോലി കൊടുത്തിട്ടുണ്ട്. തദ്ദേശീയരായ ജാട്ട് സമൂഹത്തിന് കൊടുത്തത് ഭക്ഷണം വിളമ്പാനുള്ള ഇല വൃത്തിയാക്കുക എന്നുള്ളതായിരുന്നു. പക്ഷേ അവിടെയുണ്ടായിരുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇതൊട്ടും ദഹിച്ചില്ല. ജാട്ട് സമൂഹം വൃത്തിയാക്കുന്ന ഇലയില്‍ ഭക്ഷണം കഴിക്കാന്‍ കഴിയില്ല എന്നതായിരുന്നു അവരുടെ വാദം. അവര്‍ക്ക് ഇല ‘വിധിപ്രകാരം ‘ വൃത്തിയാക്കാന്‍ അറിയില്ല എന്നായിരുന്നു അതിനു വേണ്ടി അവര്‍ കണ്ടെത്തിയ ന്യായം. പകരം അവര്‍ക്ക് ഭക്ഷണം കഴിച്ചശേഷം എച്ചിലടങ്ങിയ ഇല എടുത്ത് കളയാനുള്ള ജോലിയാണ് നല്‍കിയത്. തുടര്‍ന്ന് അവര്‍ അതില്‍ പ്രതിഷേധിക്കുകയും, ബ്രാഹ്മണമതത്തെ വിട്ടെറിഞ്ഞ് സമൂഹം ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു എന്ന വാര്‍ത്ത ‘Goki Talks ‘ലൂടെ (ഇന്‍സ്റ്റഗ്രാമിലെ ഒരു ചാനല്‍ ) നമ്മള്‍ അറിയുമ്പോള്‍ പൂച്ച പാല്‍ കുടിക്കുന്നത് പോലെ അത്തരത്തില്‍ ചിലത് ‘പുരോഗമനകേരളത്തിലും ‘ നടക്കുന്നതും കാണാം. അതിന് വേണ്ടി നമ്മുടെ അകക്കണ്ണുകള്‍ തുറന്നു കുറച്ചുകൂടുതല്‍ നിരീക്ഷിക്കണം എന്ന് മാത്രം.

സര്‍ക്കാര്‍ ഓഫീസുകളിലും,സര്‍ക്കാറിതര സ്ഥാപനങ്ങളിലും സംഘടനകളിലും എന്ത് തരത്തിലുള്ള ജോലികളില്‍ ‘ഞാന്‍’ ഏര്‍പ്പെട്ടുകൂടാ എന്നുള്ള ഒരു ബോധ്യം എല്ലാ ജീവനക്കാര്‍ക്കും ഉണ്ടാവും. ഓരോ പദവിയും ഓരോ ജോലിക്ക് വേണ്ടിയുള്ളവയാണല്ലോ. എന്നാല്‍ അതേ സ്ഥാപനങ്ങളില്‍ ഓണം പോലെയുള്ള ആഘോഷങ്ങള്‍, സംഘടനാ പരിപാടികള്‍ സര്‍ക്കാരിന്റെ തന്നെ കേരളോത്സവം പോലുള്ള പരിപാടികള്‍ വരുമ്പോള്‍ കൃത്യമായി ജാതി പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിയും. എല്ലാവരും ഒരേ ഓഫീസിലെ ജീവനക്കാര്‍ തന്നെ. ഒരു പൊതുപരിപാടിയില്‍ ഒന്നിച്ചു പങ്കെടുത്തു ഭക്ഷണം കഴിക്കുന്നു. വൃത്തികേടാവുന്ന സ്ഥലങ്ങള്‍ എല്ലാവരും ചേര്‍ന്നു ശുചിയാക്കുന്നു. ഈ സമയത്ത് അത്ഭുതകരമായ രീതിയില്‍ അവിടെ ജാതി പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിയും. ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ ആണ് ഇത് ചെയ്യേണ്ടതെന്ന ബോധം എല്ലാവരിലേയ്ക്കും കയറിപ്പിടിക്കുന്നതാണ് പെട്ടെന്ന് അവിടെ ഉയര്‍ന്നു വരുന്ന ജാതി. എന്നാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജാതി ആണെന്നുള്ളത് ആര്‍ക്കും മനസിലാവില്ല. ഉന്നതകുലജാതര്‍ എന്ന പ്രിവിലേജ് കിട്ടിയവര്‍ ഏതു ക്ലാസില്‍ പെട്ടവരാണെങ്കിലും ശുചിയാക്കല്‍ എന്ന കാര്യം ചെയ്യാനേ പോവില്ല. അഥവാ അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ ജാതി ആചരിക്കുന്നത് മനുഷ്യ വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞവര്‍ ആയിരിക്കും.

ബ്രാഹ്മണിക് ബോധത്തിന് അകത്തു നിന്ന് ചിന്തിക്കുന്നവര്‍ക്ക് ‘നിങ്ങളെന്താണ് ഇപ്പറയുന്നത്’ എന്ന ചോദ്യം തലയിലുദിക്കുന്നത് സ്വാഭാവികം. എന്നാല്‍ പറയുന്നതിന്റെ അന്ത:സത്ത മനസ്സിലാകണമെന്നുണ്ടെങ്കില്‍ ആ സിസ്റ്റത്തിനകത്തുനിന്നും മാറി നിന്നു കൊണ്ട് സ്വതന്ത്രമായി വീക്ഷിക്കുകയും ചിന്തിക്കുകയും വേണം. അല്ലെങ്കില്‍ നിങ്ങളും ജാതിയെ പോളീഷ് ചെയ്തു മിനുക്കി കൂടെക്കൊണ്ടുനടക്കുന്നവര്‍ തന്നെ.

ശുചീകരണത്തൊഴില്‍, ചായ കൊടുക്കല്‍, സദ്യ വിളമ്പല്‍, മറ്റ് ഡെക്കറേഷന്‍ പരിപാടികള്‍, കുഴി കുത്തല്‍ അങ്ങനെ കുറച്ചു വില കുറഞ്ഞതെന്ന് പൊതുബോധം കല്‍പ്പിച്ചു തന്ന ജോലികള്‍ ചില വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രം ഏറ്റെടുക്കുകയും, മറ്റു ചിലര്‍ ഏറ്റെടുക്കാതെ ഇരിക്കുകയും ചെയ്യുന്നത് സര്‍ക്കാര്‍ ഓഫീസുകളില്‍ ജാതി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. അത് ചോദ്യം ചെയ്യുമ്പോള്‍ ജാതിയുടെ അതിമനോഹര നോര്‍മലൈസേഷന്‍ കൂടി ഇവിടെ കാണാവുന്നതാണ്. ഇവിടെ രണ്ടു കൂട്ടരുടെയും തലയിലും പ്രവര്‍ത്തിക്കുന്നത് തങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ബ്രാഹ്മണിക് ബോധം തന്നെയാണ്.

ഒരു കൂട്ടര്‍ക്ക് തങ്ങള്‍ ജോലി കിട്ടിയിട്ടും ഇതൊക്കെ ചെയ്യേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഇന്‍ സെക്യൂരിറ്റി (Insecurity) അനുഭവിക്കുമ്പോള്‍ മറുപക്ഷത്തുള്ളവര്‍ക്ക് അവിടെയും ആധിപത്യ മനോഭാവം തന്നെ ആയിരിക്കും. നേരെ തിരിച്ചും ഇത് തന്നെ സംഭവിക്കും. ചിലര്‍ സ്വാഭാവികമായും താഴേക്കിടയിലുള്ളതെന്നു പഠിപ്പിച്ചു വിട്ടിട്ടുള്ള ജോലികള്‍ മാത്രം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ പരുക്കില്ലാത്തവ തിരഞ്ഞെടുക്കുന്നു. ഇതിന് അവരവരുടെ മനസ്സില്‍ കാണുന്ന ചില ന്യായങ്ങളില്‍ ചിലത് ജാതി ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് വര്‍ണ്ണമോ ലിംഗപരമായ വ്യത്യാസമോ ആകാം. ഭൂമിശാസ്ത്രപരമായ പദവിയിലുള്ള വ്യത്യാസങ്ങളും അതിന് കാരണമാകുന്നു. സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായി എവിടെയൊക്കെയോ നിന്ന് തെറ്റായി പഠിച്ചു വെച്ച് നമ്മള്‍ പോലും അറിയാതെ പേറിക്കൊണ്ട് നടക്കുന്ന വിവിധ തലങ്ങളിലുള്ള മനസ്സിലെ വിവേചനമാണ് ഇതിനു കാരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതെ സമയം ഇതിനെ കുറിച്ച് ചിന്തിക്കുകയും എഴുതുകയും പഠിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് മേല്‍പറഞ്ഞ വിവിധ തലങ്ങളിലുള്ള ബോധം എങ്ങനെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റ സോഷ്യല്‍ എഞ്ചിനീയറിങ്ങിനെ പറ്റി വ്യക്തമായ ധാരണ ഉണ്ട് താനും. ഇക്കൂട്ടര്‍ കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാനസികമായി ഉത്സാഹം കെടാത്ത തരത്തില്‍ പ്രവര്‍ത്തിക്കും.

ബോധപൂര്‍വ്വം ഇതിനെ പ്രവര്‍ത്തിപ്പിക്കുന്നവരാണ് ഏറ്റവും അപകടകാരികള്‍. ‘ഞാന്‍ കുറച്ചു നേരത്തെ വന്നു; ഇവിടെയുണ്ടായിരുന്ന മറ്റു ജോലികള്‍ കൂടുതലായി ചെയ്തു, എനിക്ക് മറ്റു തിരക്കുകള്‍ ഉണ്ട്, എന്നുള്ള തരം ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ട് ആര്‍ക്കും സംശയിക്കുവാന്‍ അവസരം കൊടുക്കാതെ വളരെ ലോജിക്കലായി മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് മേല്പറഞ്ഞ ജോലികളില്‍ നിന്നും ഒഴിവാകുന്ന ആധിപത്യ മനോഭാവമുള്ള ആളുകളുമുണ്ട്. ഡ്രൈവര്‍മാരെ / AO മാരെക്കൊണ്ടും കോളജിലാണെങ്കില്‍ ലാബ് സ്റ്റാഫിനെ (അതായത് കീഴുദ്യോഗസ്ഥരെ) കൊണ്ട് ചെയ്യിച്ചാല്‍ മതി എന്ന മനോഭാവം ഉള്ളവരാണിവര്‍. ഇവര്‍ എല്ലാവര്‍ക്കും മുഷിപ്പുണ്ടാകും. അത് ഒരു പരിപാടിയെ മാത്രമല്ല ആകെ ഉള്ള ശാന്തതയും മര്യാദയുള്ളതുമായ അന്തരീക്ഷത്തെ തന്നെ ബാധിക്കും. ഒരു പൊതു സ്ഥലം വൃത്തിയാക്കുക എന്നുള്ളത് എല്ലാ പൗരസമൂഹങ്ങളുടെയും കടമയാണെന്നുള്ളത് അവര്‍ വിട്ടുകളയുന്നു. അവിടെയും ഞാന്‍ നിലകൊള്ളുന്ന മതം/ജാതി കൊണ്ട് വൃത്തിഹീനമെന്ന് കരുതുന്ന ജോലികള്‍ ഒരിടത്തും ഞാന്‍ ചെയ്യാന്‍ പാടില്ല എന്ന ബോധം പേറിയാണ് ജീവിക്കുന്നെങ്കില്‍ അത് ജാതി തന്നെയാണ്. കാരണം ഇന്ത്യയില്‍ ജോലികളും, പദവികളും, സാമ്പത്തികവും, എല്ലാം, ജാതിയുമായി വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.

സമാനമനോഭാവത്തോടെ, ആത്മാഭിമാനത്തോടെ സമൂഹജീവിയായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ മുന്നില്‍ മാത്രല്ല രാജ്യത്തിന്റെ, ലോകത്തിന്റെ മുന്നില്‍ തന്നെ ഇക്കൂട്ടര്‍ അപമാനമാണ്. വിശപ്പ് ശമിപ്പിക്കാനും , സമീകൃതാഹാരം എന്ന നിലയില്‍ ഉപയോഗിക്കുവാനും നോണ്‍വെജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പോലും എന്തോ തരം താഴ്ന്ന പ്രവര്‍ത്തി ആണെന്നുള്ള രീതിയില്‍ മാറി നിന്ന് നോക്കുകയും, പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ട് ഭക്ഷണ രീതിയെ പോലും അപരവത്കരിക്കുന്നത് ഇത്തരക്കാരുടെ കുത്സിത പ്രവര്‍ത്തികളില്‍ ഒന്നാണ്. ഒരു സാംഗത്യവും ഇതിന് പിന്നില്‍ ഇല്ല, മറിച്ച് ഇത് തികച്ചും അശാസ്ത്രീയമാണ് എന്നത് പ്രത്യേകം ഓര്‍ക്കണം. ചില ജോലികള്‍, പദവികള്‍, ചിലതരം വ്യക്തികള്‍ തീരെ വിലകുറഞ്ഞതാണെന്നും, മറ്റു ചിലരും അവരുടെ / ചില തൊഴിലുകളും ശ്രേഷ്ഠമാണെന്നും ഇവര്‍ ഊട്ടിയുറപ്പിച്ചുകൊണ്ടേയിരിക്കുന്നു. അത് കൊണ്ട് തന്നെ പല തൊഴിലുകള്‍ക്കും, അത് ചെയ്യുന്ന വ്യക്തികള്‍ക്കും, അത് വഴി ലഭിക്കുന്ന സ്ഥാനങ്ങള്‍ക്കും സമൂഹത്തില്‍ മതിപ്പ് കുറവ് മാത്രമല്ല അര്‍ഹമായ ശമ്പളവും കിട്ടാറില്ല. പക്ഷേ വികസിത വിദേശ രാജ്യങ്ങളില്‍ മിക്കപ്പോഴും ഇങ്ങനെ ഒരു അവസ്ഥ കണ്ടുവരാറില്ല. അത് കൊണ്ട് തന്നെ ജോലികളില്‍ സാമ്പത്തിക അസമത്വം താരതമ്യേന നന്നേ കുറവാണ്.

ഭരണഘടനയില്‍ സംവരണീയരായ ആളുകള്‍, അത് നിലവില്‍ വരുന്നതിനു മുമ്പ് ഹീനമായ ജോലികള്‍ മാത്രം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു അവസ്ഥയിലേക്ക് തിരിച്ചു പോകാതെ ഇരിക്കാനാണ് അവര്‍ പൊതു വിദ്യാഭ്യാസ പ്രക്രിയയില്‍ ഏര്‍പ്പെടുന്നതും പി.എസ്. സി. പോലുള്ള പരീക്ഷകള്‍ എഴുതി ജോലിക്ക് കയറുന്നതും . എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ എത്തിയിട്ടും ക്ളീനിംഗ് പോലുള്ള ജോലികള്‍ അവര്‍ക്കായി മാത്രം സംവരണം ചെയ്തു വെക്കുന്ന അവസ്ഥയാണെങ്കില്‍ ജാതിയുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ എവിടെയാണ് മാറ്റം ഉണ്ടായിട്ടുള്ളത് എന്നുള്ളത് ചിന്തിക്കേണ്ടതുണ്ട്.

ഇതൊന്നും ഇവിടെ ഇല്ല എന്ന് പറഞ്ഞു കൊണ്ട് യാഥാര്‍ത്ഥ്യത്തെ മൂടി വയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ഇതിനെക്കുറിച്ച് സംസാരിക്കാതെ ഇരുന്നാല്‍ ‘എല്ലാം ശരിയാകും’ എന്ന് പറയുന്ന പ്രസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍,അല്ലെങ്കില്‍ വ്യക്തികള്‍ പുരോഗമന വാദികളാണെന്ന് സ്വയം വിശേഷിപ്പിക്കുമെങ്കിലും, യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന ജാതിക്കൂടാരങ്ങള്‍ തന്നെയാണ്. ‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ‘ഇറക്കിയ കാര്യം അവരെ അലോസരപ്പെടുത്തുന്നതേയില്ല. എല്ലാറ്റിന്റെയും നേതൃനിരയില്‍ (ഭരണ ചക്രം തിരിക്കുന്നവര്‍) പ്രിവിലേജ്ഡ് മനുഷ്യര്‍ ആണെന്നുള്ളത് തന്നെയാണ് ഇതിനുള്ള കാരണം.

ഇതിലൊക്കെ മാറ്റം ഉണ്ടാകണമെന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കൃത്യമായി ആ വിഷയങ്ങള്‍ അഡ്ഡ്രസ് ചെയ്തു കൊണ്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാവുക തന്നെ വേണം. 365 ദിവസവും ഇതേ ബ്രാഹ്മണിക് മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ ആചരിക്കുകയും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം ചര്‍ച്ചകള്‍ നടത്തുകയും ചെയ്താല്‍ വ്യവസ്ഥയെ പൊളിക്കുവാനോ അവിടെ ജനാധിപത്യമൂല്യങ്ങള്‍ ഉറപ്പിക്കുവാനോ സാധിക്കുകയില്ല. അതിനു കൃത്യമായ പഠനങ്ങളും, ചിന്താധാരകളും ,നിരന്തര ചര്‍ച്ചകളും ആവശ്യമാണ്. അങ്ങനെ മനസ്സിലാക്കി ബ്രാഹ്മണിക ആശയങ്ങള്‍ നോര്‍മലൈസ് ചെയ്തു വരുന്ന സ്രോതസ്സുകള്‍ ഇല്ലായ്മ ചെയ്യുകയും വേണം. ബ്രാഹ്മണിക് മൂല്യങ്ങള്‍ വച്ച് പുലര്‍ത്തുന്ന മതങ്ങളെ പോലും അപ്പോള്‍ കൈയൊഴിയേണ്ടി വരുമെന്നുള്ളത് സമീപസ്ഥമായ യാഥാര്‍ത്ഥ്യമാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply