അരികുകളില്‍ നിന്ന് ഇടം തേടി മുഖ്യധാരയിലേക്ക് ക്വിയര്‍ മനുഷ്യര്‍.

1980കള്‍ക്കുശേഷം കേരളത്തില്‍ രൂപം കൊണ്ട നവരാഷ്ട്രീയത്തിന്റെ വിവിധ ധാരകള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോള്‍, ഇപ്പോഴും യൗവനം കാത്തുസൂക്ഷിക്കുന്ന ഒന്നാണ് ക്വിയര്‍ രാഷ്ട്രീയം എന്നു വിളിച്ചുപറയുന്ന ഒന്നായിരുന്നു ഇടം. ഏതു സമ്മേളനത്തിലും നാം കാണുന്നത് മധ്യവയസ്‌കരേയും വൃദ്ധരേയുമാണെങ്കില്‍ ചെറുപ്പക്കാരുടെ പൂര്‍ണ്ണമായ സാന്നിധ്യമാണ് ക്വിയര്‍ രാഷ്ട്രീയത്തിന്റെ സവിശേഷത.

അരികുകളില്‍ നിന്ന് മുഖ്യധാരയിലേക്കുള്ള പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് സത്യത്തില്‍ മനുഷ്യചരിത്രം. പല വിഭാഗങ്ങളും അതില്‍ വിജയിക്കുന്നു. പല വിഭാഗങ്ങളും പരാജയപ്പെടുന്നു. ചില വിഭാഗങ്ങളാകട്ടെ വഞ്ചിക്കപ്പെടുന്നു. കേരളചരിത്രത്തില്‍ തന്നെ ഇതിനു നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാനാകും. ദളിത്, ആദിവാസി വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും മറ്റും പരാജയപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തവരാണ്. ഇപ്പോഴുമവര്‍ പോരാട്ടം തുടരുകയാണ്. മറുവശത്ത് മുഖ്യധാരയാണോ ശരി, അതിലേക്കെത്തലാണോ പ്രധാനം എന്ന ചോദ്യവും ഉയരുന്നു. മുഖ്യധാര എന്നതിനെതന്നെ പുനര്‍ നിര്‍വ്വചിക്കേണ്ടതുണ്ട് എന്ന ആശയവും സജീവമായി ഉയര്‍ന്നിട്ടുണ്ട്. അപ്പോഴും കേരളത്തിന്റെ സാമൂഹ്യ – സാമ്പത്തിക മൂലധനത്തിലും രാഷ്ട്രീയാധികാരത്തിലുമൊക്കെ അര്‍ഹമായ പങ്കാളിത്തം എന്നത് ഏതു സമൂഹത്തിന്റേയും അവകാശമാണ്.

കേരളത്തില്‍ ഇന്നു അരികുകളില്‍ നിന്ന് മുഖ്യധാരയിലെത്താന്‍ ശക്തമായി പോരാടുന്ന വിഭാഗം ഏതാണെന്നു ചോദിച്ചാല്‍ അത്് ക്വിയര്‍ സമൂഹമാണെന്നു പറയേണ്ടിവരും. വാസ്തവത്തില്‍ ക്വിയര്‍ മനുഷ്യര്‍ എന്നതിന്റെ അര്‍ത്ഥം പോലും അറിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. അധികാരത്തിലിരിക്കുന്നവരുടെ അവസ്ഥ പോലും വ്യത്യസ്ഥമല്ല. ട്രാന്‍സ്‌ജെന്റര്‍ എന്ന പദം വരെയാണ് മിക്കവര്‍ക്കും പരമാവധി അറിയുക. സര്‍ക്കാര്‍ രേഖകളിലും പരമാവധിയുള്ളത് അതാണ്. സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളും ക്ഷേമപദ്ധതികളും പരമാവധി അവര്‍ക്കുവേണ്ടിയാണ്. ട്രാന്‍സ്‌ജെന്റര്‍ പോളിസി പ്രഖ്യാപിക്കുകയും ട്രാന്‍സ്‌ജെന്റര്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്്. അപേക്ഷാഫോമുകളിലും വോട്ടേഴ്‌സ് ലിസ്റ്റിലുമൊക്കെ ആ പദം ഉപയോഗിക്കുന്നുണ്ട്. അടുത്തകാലം വരെ നാട്ടില്‍ ജീവിക്കാന്‍ പോലും കഴിയാതിരുന്നവര്‍ക്ക് പോരാടിയാണെങ്കിലും ഇന്നിവിടെ കഴിയാമെന്ന അവസ്ഥ വന്നിട്ടുണ്ട്. അവരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല എന്നതു വേറെ കാര്യം.

മറുവശത്ത് വ്യത്യസ്ഥ ലിംഗ – ലൈംഗിക അഭിരുചിയുള്ള വിഭാഗങ്ങള്‍ നിരവധിയാണെന്നതാണ് വസ്തുത. LGBTIQ+ എന്ന ചുരുക്കെഴുത്തില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അതുപോലും അപര്യാപ്തമാണ്. അങ്ങനെയാണ് അവരെയെല്ലാം ഏറെക്കുറെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ക്വിയര്‍ എന്ന പദം രൂപപ്പെടുന്നത്. ഭൂരിപക്ഷത്തില്‍ നിന്നും വ്യത്യസ്തമായ ലൈംഗികചായ്വോ (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ വിളിക്കുന്ന പേരാണ് Queer/ക്വിയര്‍. നീതിക്കും തുല്ല്യതക്കുമായുള്ള സ്ത്രീകളുടേയും പിന്നീട് ട്രാന്‍സ് സമൂഹത്തിന്റേയും പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ക്വിയര്‍ സമൂഹം നടത്തുന്ന പോരാട്ടങ്ങളും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തില്‍ ക്വിയര്‍ സമുദായങ്ങങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സഹയാത്രികയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ ഇടം 2022 എന്ന പേരില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുകയും നവംബര്‍ 20, ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് കൊലചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്ത ട്രാന്‍സ് ജെന്റര്‍ മനുഷ്യരുടെ ഓര്‍മ്മദിനമായി ആഗോളതലത്തില്‍ തന്നെ ആചരിക്കുകയും ഖത്തര്‍ ലോകകപ്പിലും LGBTIQ+ വിഭാഗങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്്. മുന്‍ അഭിനേത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഷക്കീലയുടേയും ബിഗ് ബോസ് ഫെയിം റിയാസ് സലിമിന്റേയും സാന്നിധ്യമാണ് ഇടം എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട സഹയാത്രികയുടെ സമ്മേളനത്തെ ശ്രദ്ധേയമാക്കിയതെങ്കിലും വളരെ ഗൗരവപരമായ ചര്‍ച്ചകള്‍ക്ക് അത് വേദിയായി. 1980കള്‍ക്കുശേഷം കേരളത്തില്‍ രൂപം കൊണ്ട നവരാഷ്ട്രീയത്തിന്റെ വിവിധ ധാരകള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോള്‍, ഇപ്പോഴും യൗവനം കാത്തുസൂക്ഷിക്കുന്ന ഒന്നാണ് ക്വിയര്‍ രാഷ്ട്രീയം എന്നു വിളിച്ചുപറയുന്ന ഒന്നായിരുന്നു ഇടം. ഏതു സമ്മേളനത്തിലും നാം കാണുന്നത് മധ്യവയസ്‌കരേയും വൃദ്ധരേയുമാണെങ്കില്‍ ചെറുപ്പക്കാരുടെ പൂര്‍ണ്ണമായ സാന്നിധ്യമാണ് ക്വിയര്‍ രാഷ്ട്രീയത്തിന്റെ സവിശേഷത. തങ്ങള്‍ക്കും മനുഷ്യരായി ജീവിക്കാനുള്ള അവകാശമുണ്ടെന്നുതന്നെയാണ് ഇടത്തില്‍ അവര്‍ പ്രഖ്യാപിച്ചത്.

സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. മുകളില്‍ സൂചിപ്പിച്ചപോലെ അവരും പറഞ്ഞുകൊണ്ടിരുന്നത് ട്രാന്‍സ്‌ജെന്റര്‍ എന്ന പദം മാത്രമായിരുന്നു എന്നതില്‍ നിന്നുതന്നെ ക്വിയര്‍ മനുഷ്യര്‍ക്ക് യാത്രചെയ്യാനുള്ള ദൂരം ഏറെയാണെന്നു വ്യക്തമായിരുന്നു. പ്രണയങ്ങള്‍ ലൈംഗികതകള്‍ ജീവിതാഘോഷങ്ങള്‍: അനുഭവവും രാഷ്ടീയവും, മഴവില്‍ മനുഷ്യരും ആരോഗ്യ രംഗത്തെ വെല്ലുവിളികളും, രാഷ്ട്രീയം പ്രാതിനിധ്യം വിമത മുന്നേറ്റത്തിലെ സമാന്തര പാതകള്‍, അരികുകളില്‍ നിന്ന് മുഖ്യധാരയിലേക്ക് സാമൂഹ്യ നീതിയിലേക്കുള്ള പല വഴികള്‍ തുടങ്ങിയ വിഷയങ്ങളിലെ സെമിനാറുകളും ക്വിയര്‍ ഫെമിനിസ്റ്റ് മീറ്റും സമ്മേളനത്തെ പ്രൗഢഗംഭീരമാക്കി. സമാപന സമ്മേളനത്തിലായിരുന്നു മുവായിരം ട്രാന്‍സ് കുഞ്ഞുങ്ങളുടെ അത്താണിയായ ഷക്കീലയും റിയാസ് സലിമും വി ടി ബല്‍റാമും മറ്റും പങ്കെടുത്തത്. രേഖാരാജ്, ഡോ ജയശ്രി, കെ കെ ബാബുരാജ്, ദീപാ വാസുദേവന്‍, വിജയരാജമല്ലിക, ശീതള്‍ ശ്യാം തുടങ്ങി നിരവധി പേരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

ഏതു വിഷയമെടുത്താലും ഇരട്ടത്താപ്പിനുടമകളാണല്ലോ പൊതുവില്‍ മലയാളികള്‍. തങ്ങള്‍ പുരോഗമനവാദികളും പ്രബുദ്ധരുമാണെന്ന മിഥ്യാ ധാരണ നിലനിര്‍ത്തണം, അതേസമയം ജീവിതത്തില്‍ അതുമായി ഒരു പുലബന്ധം പോലും ഉണ്ടായിരിക്കുകയുമില്ല. സാമൂഹ്യജീവിതത്തിലെ ഏതുവിഷയമെടുത്താലും ഈ കാപട്യം പ്രകടമാണ്. ലിംഗ – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളാടുള്ള നിലപാടില്‍ അതേറെ പ്രകടമാണ്. ഇന്ത്യയിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്റര്‍ നയം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ ഇപ്പോള്‍ പോലും ലിംഗ – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളോട് ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്നതും പീഡനങ്ങള്‍ അരങ്ങേറുന്നതും കേരളത്തില്‍ തന്നെ. പിന്നോക്കമെന്ന് നാം ആരോപിക്കുന്ന പല സംസ്ഥാനങ്ങളിലും ലൈംഗികന്യൂനപക്ഷങ്ങള്‍ എത്രയോ ഉയര്‍ന്ന പദവിയിലെത്തിയിട്ടും കേരളത്തില്‍ സ്ഥിതി വ്യത്യസ്ഥമാകാന്‍ കാരണം ഈ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നല്ല.

ലൈംഗികാഭിരുചിയുടെ കാര്യത്തില്‍ വ്യത്യസ്തരായി എന്ന കാരണത്താല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പലതാണ്. അവര്‍ മര്‍ദ്ദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ ആത്മഹത്യയിലഭയം തേടുന്നത് പോലും മനുഷ്യാവകാശപ്രശ്നമായി നമ്മുടെ മുഖ്യധാരരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കണക്കാക്കുന്നില്ല. അത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു. മുമ്പൊക്കെ അത്തരം സംഭവങ്ങള്‍ ആരും ഗൗനിക്കാതെ സ്വാഭാവികമെന്ന മട്ടിലാണ് സംഭവിച്ചിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി അതിനെതിരെ പല ട്രാന്‍സ്‌ജെന്ററുകളും ഫെമിനിസ്റ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരും ക്വിയര്‍ പ്രവര്‍ത്തകരുമൊക്കെ രംഗത്തിറങ്ങുന്നതിനാല്‍ ചെറിയ മാറ്റമുണ്ടെന്നുമാത്രം. ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നീതിനിഷേധങ്ങള്‍ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങള്‍ക്ക് അംഗീകാരം നേടിക്കൊടുക്കുക, അവരവരുടെ ലൈംഗികസ്വത്വം നിലനിര്‍ത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്വിയര്‍ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വര്‍ണ്ണാഭമായ ക്വിയര്‍ പ്രൈഡ് പരേഡ് എന്ന പരിപാടിയും നടക്കുന്നുണ്ട്്. കുടുംബത്തേയും സമൂഹത്തേയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവെച്ചു ജീവിച്ചിരുന്ന പലരും പുറത്തു വന്നിട്ടുണ്ട്. ഇവിടെ ജീവിക്കാന്‍ കഴിയാത്തതിനാല്‍ ബാംഗ്ലൂരിലും മറ്റും അഭയം തേടിയിയിരുന്ന പലരും തിരിച്ചു വന്നിട്ടുമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിട ങ്ങളിലുമെല്ലാം നിലനില്‍ക്കുന്ന സാമൂഹ്യചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോഴും കേരളത്തില്‍ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, കേരളീയ സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധവും ആണ്‍കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകള്‍, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇവയൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം പലപ്പോഴും നിയമപാലകരുടെ വരെ സദാചാരപോലീസിങ്ങിന് ഇവര്‍ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. ഇത്തരം സാഹചര്യത്തിലാണ് ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്റര്‍നയം പ്രഖ്യാപിച്ചത്. അപ്പോഴുമത് ട്രാന്‍സ് ജെന്റര്‍ വിഭാഗത്തെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. അതും നിരവധി പോരായ്മയോടെ. ഇത്തരം സാഹചര്യത്തിലാണ് തങ്ങലും മനുഷ്യരാണെന്ന് പ്രഖ്യാപിച്ച് ക്വിയര്‍ മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ ദൃശ്യരാകുന്നത്. ഈ സാഹചര്യത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കലാണ് ജനാധിപത്യവാദികളുേടയും സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവരുടേയും രാഷ്ട്രീയ ഉത്തരവാദിത്തം.

വാല്‍ക്കഷ്ണം – പല വികസിത രാഷ്ട്രങ്ങളിലും മെച്ചപ്പെട്ട അവസ്ഥയാണെങ്കിലും ഇന്നും ലോകത്തിന്റെ വലിയൊരു ഭാഗത്തും ക്വിയര്‍ സമൂഹത്തിന്റെ അവസ്ഥ മെച്ചമാണെന്നു പറയാനാകില്ല. മതരാഷ്ട്രങ്ങളുടെ കാര്യം പറയാനുമില്ലല്ലോ. അത്തരം സാഹചര്യത്തിലാണ് ഖത്തറില്‍ ഈ വിഷയം വിവാദമാകുന്നത്. ക്വിയര്‍ വിഭാഗത്തിനു പിന്തുണ പ്രഖ്യാപിച്ച് മഴവില്‍ ആം ബാന്‍ഡ് ധരിച്ച് കളിക്കാന്‍ ചില യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ ലോകകപ്പ് വേദികളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഫിഫ കര്‍ശന നിലപാടെടുക്കുകയും അത്തരം നീക്കത്തെ തടയുകയും ചെയ്തു. വാസ്തവത്തില്‍ സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യത്തിനായി പോരാടുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദേശീയഗാനം പാടാതിരുന്ന, മതരാഷ്ട്രമായ ഇരാനില്‍ നിന്നുള്ള ടീം കാണിച്ച ആര്‍ജ്ജവം പോലും ഫിഫയോ ഈ രാജ്യങ്ങളോ കാണിച്ചില്ല എന്നതാണ് ഖേദകരം. കളിക്കളത്തില്‍ രാഷ്ട്രീയം വേണ്ട എന്നു പറയുന്നത് ലോകാധിപത്യത്തിനുള്ള രാഷ്ട്രീയം വേണ്ട എന്നാണ്.. മനുഷ്യരായി ജീവിക്കാന്‍ പോരാടുന്നവരുടെ രാഷ്ട്രീയം വേണ്ട എന്നല്ല എന്നെങ്കിലുമവര്‍ മനസ്സിലാക്കണമായിരുന്നു. അപ്പോഴും അരികുകളില്‍ നിന്നുള്ള ക്വിയര്‍ സമൂഹത്തിന്റെ പോരാട്ടത്തിന്റെ വഴി തടയാണ് ഒരു ശക്തിക്കുമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply