ലക്ഷ്യം നേടാനാകാത്ത കാലാവസ്ഥാ സമ്മേളനം

ലോകത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കേവല ന്യുനപക്ഷം രാഷ്ട്രങ്ങള്‍ ഈ ഉപഭോഗത്തിന്റെ സിംഹഭാഗവും നടത്തുന്നു. അവരാണ് തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കേണ്ടത്. അവരെ നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കോര്പറേറ്റുകളാണ്. അവരുടെ പ്രധാന താല്പര്യം ഖനിജ ഇന്ധങ്ങള്‍ ആണ്. ഖനിജ ഇന്ധങ്ങളുടെ ഉപഭോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കുക എന്ന വാചകത്തെ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരിക എന്നാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഇക്കഴിഞ്ഞ ദിവസം ഈജിപ്തിലെ ഷമറുല്‍ ഷെയ്ക്കില്‍ അവസാനിച്ച ആഗോള കാലാവസ്ഥാ സമ്മേളനം (സി ഒ പി 27) അതിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഒന്നുപോലും നടപ്പിലാക്കാതെ പിരിഞ്ഞു എന്നത് ഏറെ ആശങ്കാജനകമാണ്. ജോ ബൈഡന്‍, റിഷി സുനക്, എമ്മാനുവല്‍ മാക്രോണ്‍, ഒലാഫ് ഷോള്‍സ് തുടങ്ങിയ രാഷ്ട്രത്തലവന്മാരും നയതന്ത്ര-കൂടിയാലോചന വിദഗ്ധരും ശാസ്ത്രജ്ഞരും അടങ്ങുന്ന 45,000-ത്തോളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ആയിരുന്നു ഇത്. കേവലം പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഇത് ഒരു ‘നടപ്പാക്കല്‍’ സമ്മേളനം ആയിരിക്കും എന്നായിരുന്ന പ്രഖ്യാപനം. എന്നാല്‍ ഒന്നും ‘നടപ്പാക്കാന്‍’ കഴിയാതെ പിരിയേണ്ടി വന്നു എന്നാകും ചരിത്രം രേഖപ്പെടുത്തുക. കൊക്കക്കോള പോലൊരു കമ്പനിയെ സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ ആക്കിയതില്‍നിന്ന് തുടങ്ങി കടുത്ത വിമര്‍ശങ്ങള്‍. ലോകത്തെ ഏറ്റവും മലിനീകരണകാരികളായ കമ്പനികളില്‍ ഒന്നാണ് കൊക്കകോള. ഏറ്റവുമധികം പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കുന്നത് അവരാണ്. 2015ല്‍ പാരിസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സമ്മേളനത്തിന്റെ അവസാനനിമിഷം നടന്ന ചര്‍ച്ചകളില്‍ കൂടി ഒരുങ്ങുന്ന പ്രഖ്യാപനങ്ങളില്‍ ഈ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ പോലും തീരുമാനമായതായി കാണുന്നില്ല.

ഗ്ലാസ്‌ഗോ ഉച്ചകോടി നിരര്‍ത്ഥക ഭാഷണങ്ങള്‍ക്ക് പേരുകേട്ടതായിരുന്നുവെങ്കില്‍ ഈജിപ്തില്‍ നടക്കാനിരിക്കുന്ന COP-27 ആക്ടിവിസ്റ്റുകളുടെ അറസ്റ്റും പീഡനങ്ങളും കൊണ്ട് കുപ്രസിദ്ധി നേടും എന്ന കാര്യം ഉറപ്പായിരുന്നു. സമ്മേളനം നടക്കുന്നതിനിടയില്‍ അജിത് രാജഗോപാല്‍ എന്ന കാലാവസ്ഥാ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തുകൊണ്ട് മുസ്തഫ മദ്ബൗലി സര്‍ക്കാര്‍ ജനകീയശബ്ദങ്ങളെ ശക്തമായി നേരിടുമെന്ന് താക്കീത് നല്‍കിയിരിക്കുകയാണ്. കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ‘March for our Planet’ എന്ന ബാനറുമായി കയ്‌റോവില്‍ നിന്ന് യാത്ര തിരിച്ച കേരളീയനായ ആര്‍ക്കിടെക്റ്റ് അജിത് രാജഗോപാല്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഡസനോളം വരുന്ന കാലാവസ്ഥാ പ്രവര്‍ത്തകരില്‍ ഒരാളാണ്. കാലാവസ്ഥാ ഉച്ചകോടിയിലെ ഗ്രീന്‍ സോണില്‍ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നവോമി ക്ലൈന്‍ പറഞ്ഞതു പോലെ, ””Blah….. Blah…..”യില്‍ നിന്നും ”blood… blood’ ലേക്കാണ് കാലാവസ്ഥാ ചര്‍ച്ചകള്‍ നീങ്ങുന്നതെന്നാണ് ഈജിപ്തില്‍ നിന്നുള്ള സൂചനകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആഗോളതാപനം പരമാവധി 1.5 ഡിഗ്രിയില്‍ ഒതുക്കി നിര്‍ത്തുക എന്നതാണല്ലോ ശാസ്ത്രജ്ഞമാര്‍ മുന്നോട്ടു വച്ച പ്രധാന ലക്ഷ്യം. അത് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റവും അപകടകരവും ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തതുമായ സംവിധാനത്തിലേക്ക് പോകും എന്നാണു ശാസ്ത്രജ്ഞര്‍ പറഞ്ഞത്. എന്നാല്‍ പ്രഖ്യാപനത്തില്‍ ഇതൊരു ലക്ഷ്യമാക്കി വക്കാന്‍ പോലും പല പ്രധാന രാഷ്ട്രങ്ങളും തയ്യാറാകുന്നില്ല. ഒരു ഔദ്യോഗിക വേദിയിലും ഈ ലക്ഷ്യം ചര്‍ച്ചചെയ്യാന്‍ പോലും കഴിയുന്നില്ല. മേല്പറഞ്ഞ 1.5 ഡിഗ്രി എന്ന ലക്ഷ്യം സാധ്യമാക്കാന്‍ വ്യവസായവത്കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവില്‍ കാര്യമായ കുറവുണ്ടാകണം എന്നാണു യുഎന്നിന്റെ കീഴിലുള്ള (യുഎന്‍ഇപി) പറഞ്ഞിട്ടുള്ളത്. അടുത്ത എട്ടു വര്‍ഷങ്ങളിലായി ഇന്നത്തെ നിരക്കില്‍ പകുതി ആക്കണം, 2050 ആകുമ്പോഴേക്കും ഇത് പൂജ്യം ആക്കണം. ഈ ദിശയില്‍ ഒന്നും ഈ സമ്മേളനത്തില്‍ നടന്നിട്ടില്ല.

ഇന്നുവരെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മാറ്റ സമ്മേളനം തയ്യാറാക്കിയ ചട്ടക്കൂടിനു (UNFCC) മുമ്പാകെ രാഷ്ട്രങ്ങള്‍ സമര്‍പ്പിച്ച ദേശീയ നിര്‍ണീത സംഭാവനകള്‍ ( NDC) നടപ്പായാല്‍ പോലും ഭൂമിയുടെ താപനില 2.1 മുതല്‍ 2.9 ഡിഗ്രിക്കിടയില്‍ ആകും എന്നാണു സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് യുഎന്‍ തന്നെ തയ്യാറാക്കി പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഇതിനര്‍ത്ഥം വരുംനാളുകളില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള കാലാവസ്ഥാദുരന്തങ്ങള്‍, മാരകമായ താപതരംഗങ്ങള്‍, കഠിനമായ വരള്‍ച്ച, കടുത്ത ജലക്ഷാമം, വിളനാശങ്ങള്‍, അതിവര്ഷങ്ങള്‍, കൊടുങ്കാറ്റുകള്‍, പാരിസ്ഥിതിക ഘടനയുടെ ശോഷണം, ചിലപ്രത്യേക തരം സസ്യജീവപക്ഷി ഉരഗജാലങ്ങളുടെ വംശനാശം തുടങ്ങിയവയെല്ലാം ഉണ്ടാകും എന്നാണു. ഇതിന്റെ ദുരന്തങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന ദ്വീപ് രാഷ്ട്രങ്ങള്‍ പോലുള്ളവര്‍ കൂട്ട നിലവിളി ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ കൂടുതല്‍ പാഠങ്ങളും വിലയിരുത്തലുകളും വേണം എന്ന രീതിയില്‍ പലവിധ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ വിഷയങ്ങളിലും പരിഹാരങ്ങളിലും എത്തേണ്ട ചര്‍ച്ചകളെ സമ്മേളനത്തില്‍ തടഞ്ഞിരിക്കുകയാണ്. ഇതിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ വിവിധ സംഘടനകള്‍ ഉയര്‍ത്തിക്കഴിഞ്ഞു.

പാരിസ് സമ്മേളനം നടക്കുമ്പോള്‍ കാലാവസ്ഥാ പോരാളി ആയ ഗ്രീറ്റ തുംബര്‍ഗ് പറഞ്ഞത് പോലെ എല്ലാം ‘ബ്‌ളാ ബ്‌ളാ’ പ്രഖ്യാപനങ്ങള്‍ മാത്രമായി. ഒരിക്കലും തങ്ങള്‍ക്കു നഷ്ടം വരാത്ത രീതികള്‍ മാത്രമാണ് വ്യവസായവത്കൃത രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഒരു തരത്തിലും യഥാര്‍ത്ഥ പരിഹാരത്തിന്റെ പാതയില്‍ എത്തുന്നില്ല. താത്വികമായി 1.5 ഡിഗ്രി എന്ന പരിധി സാധ്യമാണ് എന്നാണു കാലാവസ്ഥാമാറ്റം സംബന്ധിച്ച അന്തര്‍ സര്‍ക്കാര്‍ പാനല്‍ പറയുന്നത്. എന്നാല്‍ ആ ലക്ഷ്യം നേടുന്നതിനായി അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ നല്ലൊരു പങ്കും അവിടെ നിന്നും മാറ്റണം. ഇത് സാമ്പത്തികമായി സാധ്യമാകുന്ന ഒന്നല്ല. അതിനു വേണ്ടി വരുന്ന ഭീമമായ പണം ആര്‍ മുടക്കും? എങ്കിലും 1.5 ഡിഗ്രി എന്ന ലക്ഷ്യം പുതിയ പ്രഖ്യാപനത്തിലും ഉണ്ട് എന്നത് അല്പം പ്രതീക്ഷ നല്‍കുന്നു. ഉദ്ഗമനത്തിലെ വിടവ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്ന പ്രതീക്ഷയിലേക്കു ലോകത്തെ എത്തിക്കാന്‍ ശ്രമം തുടരുകയല്ലാതെ നമുക്ക് വേറെ വഴികളില്ല.

ലോകത്തെ വികസിത വികസ്വര രാഷ്ട്രങ്ങള്‍ തമ്മിലുള്ള വിടവ് നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അതുവഴി അധികാരത്തിന്റെ തുലാസും അവര്‍ക്കനുകൂലമായി ചാഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള കാര്‍ബണ്‍ ഉദ്ഗമനം കുറക്കുന്നതിനെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഫോസില്‍ ഇന്ധന ഉപഭോഗത്തില്‍ ചില കുറവുകള്‍ സംബന്ധിച്ച കരാറുകളിലേക്ക് ചര്‍ച്ച മാറുന്നു. ഇതൊരു മനുഷ്യാവകാശപ്രശ്‌നം എന്നത് മറന്നു കൊണ്ട് നിരവധി വ്യാജ പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വക്കുന്നു. ജീവിക്കാനുള്ള അവകാശത്തില്‍ ആരോഗ്യകരമായ പരിസ്ഥിതിക്കുള്ള അവകാശം എന്നത് ഉള്‍പ്പെടുത്താന്‍ പോലും വികസിത രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. ഇതിനു കാരണം ലോകത്തെ ശാക്തിക ചേരികളിലെ അസന്തുലിതാവസ്ഥ തന്നെയാണ്. മറ്റു രാജ്യങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് .പണം നല്‍കി കാര്‍ബണ്‍ ക്രഡിറ്റ് നേടുകയും അതുകൊണ്ട് സ്വന്തം രാജ്യത്തു ഇഷ്ടം പോലെ കാര്‍ബണ്‍ പുറത്തുവിടുകയും ചെയ്യുന്ന വ്യാപാര സംവിധാനത്തെ സംബന്ധിച്ച് തന്റെ ആശങ്കകള്‍ ഉന്നയിച്ചത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തന്നെയായിരുന്നു. മറ്റൊരു രാജ്യത്തു വനം വളര്‍ത്തി, ആ കണക്കു വച്ചുകൊണ്ട് സ്വന്തം ഉദ്ഗമനം കുറക്കാന്‍ തയ്യാറാകാതിരിക്കുക എന്നത് നീതികേട് തന്നെയാണ്. നെറ്റ് സീറോ (കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തു വിടുന്നതും വലിച്ചെടുക്കുന്നതും തുല്യമാകുമ്പോള്‍ പൂജ്യം മാത്രം പുറത്തുവിടുന്നു എന്ന് കണക്കാക്കുന്നത്) കണക്കുകളില്‍ വിടവുകളില്‍ കൂടി ഒരു ട്രാക്കിനു കടന്നു പോകാം എന്നാണു ഒരു തമാശയായി ഗുട്ടെര്‌സ് പറഞ്ഞത്. കാലാവസ്ഥപോരാട്ടത്തിന്റെ തീവണ്ടി ഇപ്പോഴും വലിക്കുന്നത് ഫോസില്‍ ഇന്ധനവ്യവസായികള്‍ തന്നെയാണ് എന്നും ചിലര്‍ തമാശയായി പറയുന്നു. കാലാവസ്ഥാ ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് അതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും കാലതാമസം വരുത്തുകയും പല തെറ്റായ നടപടികളെയും ഹരിതമെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്ന പണിയാണ് ഇവര്‍ ചെയ്യുന്നത്.സിഒപി എന്നത് ഫോസില്‍ ഇന്ധനവ്യാപാരികളും മറ്റുള്ളവരും തമ്മിലുള്ള ഒരു ഫുട്‌ബോള്‍ മത്സരമാണെങ്കില്‍ ഇപ്പോഴത്തെ സ്‌കോര്‍ നില 27- 0 എന്നതാണെന്നും പലരും പറയുന്നു.

പലപ്പോഴും സംഭവിക്കുന്നത് പിറകോട്ടു പോക്കാണ് എന്ന് വാദിക്കുന്നവരും ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാമാറ്റം സംബന്ധിച്ച ചട്ടക്കൂട് (യുഎന്‍എഫ് സി സി ) 1992 ല്‍ തയ്യാറാക്കിയ സമയത്തു കാലാവസ്ഥാമാറ്റത്തിന്റെ രൂക്ഷത കുറക്കാനും ( മിറ്റിഗേഷന്‍) ആഘാതം കുറക്കുന്നവിധത്തില്‍ മാറ്റങ്ങള്‍ വരുത്താനും ആവശ്യമായ എല്ലാ പണവും നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് സമ്പന്ന രാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ആ വാഗ്ദാനങ്ങളില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ ഒഴിഞ്ഞു മാറാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ ബഹുരാഷ്ട്ര സംവിധാനം പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമാണല്ലോ. എന്നാല്‍ ഓരോ വര്‍ഷവും ഈ വിശ്വാസത്തില്‍ ചോര്‍ച്ച സംഭവിച്ചു കൊണ്ടിരിക്കുന്നു.

2050 നകം ലോക സമ്പദ്ഘടനയെ കാര്‍ബണ്‍ വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനം മേല്പറഞ്ഞ കാര്‍ബണ്‍ കച്ചവടമാണ്. പക്ഷെ ഇവിടെ നിരവധി മരീചികകള്‍ സൃഷ്ടിക്കപ്പെടുന്നതുണ്ട്. അല്പം പോലും അടവുകള്‍ ഇല്ലാതെ സുതാര്യമായി കാര്‍ബണ്‍ ഉദ്ഗമണം അളക്കാന്‍ കഴിയുന്നില്ലല്ലോ. അത് സാധ്യമാക്കണം എന്നാണു യു എന്‍ സെക്രട്ടറി ജനറല്‍ തന്നെ പറയുന്നത്. എല്ലാ തരത്തിലുള്ള ഉദ്ഗമനങ്ങളും ഇതില്‍ അളന്നിരിക്കണം. വലിയ തോതിലുള്ള ഫോസില്‍ ഇന്ധനഉപഭോഗവ്യാപനം മറച്ചു പിടിക്കാന്‍ അസത്യം കലര്‍ന്ന കണക്കുകള്‍ പുകമറകള്‍ സൃഷ്ടിക്കുകയാണ്.

ഇതൊക്കെയാണെങ്കിലും ചില ഗുണാത്മക നീക്കങ്ങളും അവിടെ ഉണ്ടായി. കാലാവസ്ഥാമാറ്റം സംബന്ധിച്ച നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച ചില ചര്‍ച്ചകള്‍ തുടക്കം മുതല്‍ തന്നെ നടന്നു വരുന്നുണ്ടെകിലും ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ വ്യവസായവത്കൃതരാഷ്ട്രങ്ങള്‍ ഒരുക്കമായിരുന്നില്ല. അതിനു കാരണമുണ്ട്. ഇപ്പോള്‍ അന്തരീക്ഷത്തിലുള്ള കാര്ബണിന് മുഴുവന്‍ ലോകവും ഒരുപോലെ കാരണക്കാരാണ് എന്നാണു ഇവര്‍ ഉന്നയിക്കുന്ന വാദം. ഇത് അസാംബന്ധമാണ്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ എങ്ങനെ ഒരു പോലെ ഉത്തരവാദികളാകും? ചരിത്രം നമ്മുടെ മുന്നില്‍ ഉണ്ട്. ചരിത്രപരമായ ഉത്തരവാദിത്തമാണ് കണക്കാക്കേണ്ടത് എന്ന ശരിയായ വാദമാണ് വികസ്വര രാഷ്ട്രങ്ങള്‍ മുന്നോട്ടു വച്ചത്. അങ്ങനെ വരുമ്പോള്‍ അതിനുള്ള പരിഹാരം കാണാനുള്ള ചുമതലയും അവര്‍ക്കാകും. എന്നാല്‍ ആദ്യമായി ഈ വിഷയം പൊതുചര്‍ച്ചകളില്‍ കൊണ്ടുവരാമെന്നു വ്യവസായവത്കൃത രാഷ്ട്രങ്ങള്‍ സമ്മതിച്ചു. ഇതൊരു മുന്നേറ്റമാണ്. അങ്ങനെ വന്നാല്‍ ദരിദ്രരാഷ്ട്രങ്ങള്‍, ദ്വീപുരാഷ്ട്രങ്ങള്‍, ദക്ഷിണേഷ്യന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ ഗുണം കിട്ടും. സാങ്കേതിക ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ നടപ്പാക്കണം എങ്കില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടാകണം. മിക്കപ്പോഴും ഇതൊന്നും നടക്കാറില്ല. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നല്‍കുന്ന, ഹരിതഗൃഹ വാതകങ്ങള്‍ കുറക്കാനുള്ള വാഗ്ദാനങ്ങള്‍ ( ഹരിതഗൃഹ വാതകങ്ങള്‍ കുറക്കുക, വൈദ്യുതക്കാറുകളുടെ നിര്‍മ്മാണത്തിലെ മുതല്‍ മുടക്കു വര്‍ദ്ധിപ്പിക്കാം, ഹരിതാവണം വര്‍ദ്ധിപ്പിച്ചു കാര്‍ബണ്‍ തിരിച്ചെടുക്കല്‍ സുഗമമാക്കും തുടങ്ങിയവ) ഇതിനുദാഹരണമാണ്.

കാലാവസ്ഥാപ്രതിസന്ധിക്കു കേവലം സാങ്കേതികത, സാമ്പത്തിക പരിഹാരങ്ങള്‍ ഇല്ല എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. വികസനം എന്ന വാക്കു തന്നെ ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും സാമ്പത്തിക വികസനം. മൂലധന സൗഹൃദം എന്ന വാക്കില്‍ തന്നെ ഒരു പരിസ്ഥിതി വിരുദ്ധത ഉണ്ട്. ലോകത്തു വായുവും വെള്ളവും ഭൂമിയുമടക്കമുള്ള വിഭവങ്ങള്‍ അനന്തമാണ് എന്നും പണം ഉണ്ടെങ്കില്‍ ഇവയൊക്കെ എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്നും പറയുകയാണല്ലോ ഇത്. ഗാന്ധിജി പറഞ്ഞത് പോലെ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്. എന്നാല്‍ ഒരാളുടെ ആര്‍ത്തിക്കുള്ളത് ഇല്ല. അതാണ് കാര്യം. പണം ഉള്ള കുറച്ചാളുകള്‍ക്കു എത്ര വിഭവങ്ങള്‍ വേണമെങ്കിലും ഉപയോഗിക്കാം എന്ന തത്വം ഇന്ന് ഇടതുപക്ഷക്കാര്‍ എന്നറിയപ്പെടുന്നവര്‍ പോലും അംഗീകരിക്കുന്നു. ഊര്‍ജം അടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗം തന്നെയാണല്ലോ ഈ കാലാവസ്ഥാപ്രതിസന്ധിക്കും കാരണമാകുന്നത്. അതില്‍ നിയന്ത്രണം കൊണ്ട് വരാതെ ഇതിനു പരിഹാരം ഇല്ല. ഒരു പ്രമേഹരോഗി എങ്ങനെ ചികിത്സിച്ചാലും പഞ്ചസാരയുടെ ഉപഭോഗം കുറക്കുക എന്നത് തന്നെയാണ് ഏറ്റവും നിര്‍ണായകമായ ചികിത്സ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉപഭോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അതിലുള്ള അസമത്വം കാണാതെ പോകരുത്. മുമ്പ് ചരിത്രപരമായ കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ പ്രശ്നത്തില്‍ എന്നത് പോലെ ഇതില്‍ എല്ലാ മനുഷ്യരും ഒരു പോലെ കുറ്റക്കാരല്ല. ആഗോള ശരാശരി ഉപഭോഗത്തിനേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ് മഹാഭൂരിപക്ഷത്തിന്റെയും ഉപഭോഗം അതില്‍ തന്നെ കാലാവസ്ഥാമാറ്റത്തിന്റെ ദുരന്തങ്ങള്‍ നേരിടുന്ന രാഷ്ട്രങ്ങള്‍ ഈ പട്ടികയില്‍ ഏറെ താഴയുമാണ്. എന്നാല്‍ ലോകത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കേവല ന്യുനപക്ഷം രാഷ്ട്രങ്ങള്‍ ഈ ഉപഭോഗത്തിന്റെ സിംഹഭാഗവും നടത്തുന്നു. അവരാണ് തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കേണ്ടത്. അവരെ നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കോര്പറേറ്റുകളാണ്. അവരുടെ പ്രധാന താല്പര്യം ഖനിജ ഇന്ധങ്ങള്‍ ആണ്. ഖനിജ ഇന്ധങ്ങളുടെ ഉപഭോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കുക എന്ന വാചകത്തെ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരിക എന്നാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

സമ്മേളനത്തില്‍ ഇന്ത്യയുടെ പങ്കു കൂടി പരിശോധിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിസന്ധി വളരെ കൂടുതല്‍ അനുഭവിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. സമ്മേളനത്തിന് മുമ്പ് ഇന്ത്യ പാരീസ് ഉടമ്പടി അനുസരിച്ചുള്ള പുതുക്കിയ ദേശീയ നിര്‍ണ്ണീത സംഭാവന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചട്ടക്കൂടിനു (യു എന്‍ എഫ് സി സി) നല്‍കിയിരുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ കാര്‍ബണ്‍ ഉദ്ഗമനം 2005ലെ നിലവാരത്തിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.ഈ ലക്ഷ്യം നേടാന്‍ ഇന്നുള്ളതിന്റെ 45 ശതമാനം കുറക്കാന്‍ കഴിയണം . അപ്പോഴേക്കും മൊത്തം വൈദ്യുതോര്‍ജ്ജത്തിന്റെ അമ്പത് ശതമാനം മാത്രമാകും ഫോസില്‍ (ഖനിജ) ഇന്ധങ്ങളില്‍ നിന്നുള്ള വൈദ്യുതി. അതിനു മുമ്പ് അധിക വനവല്‍ക്കരണത്തിലൂടെ കാര്‍ബണ്‍ തിരിച്ചു പിടിക്കാനുള്ള ശേഷി രണ്ടര മുതല്‍ മൂന്നു ബില്യണ്‍ ടണ്‍ കണ്ട് വര്‍ധിപ്പിക്കും. ഇതൊക്കെ പറയുന്നെങ്കിലും പ്രായോഗിക പരിപാടികളില്‍ ഒന്നും പ്രതിഫലിക്കുന്നില്ല. ഒപ്പം തന്നെ നവംബര്‍ 14 നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച ‘ ഒരു ദീര്‍ഘകാലവികസനതന്ത്രമാണ്. അതില്‍ പറയുന്നത് ഒരു വികസ്വര രാഷ്ട്രം എന്ന നിലയില്‍ കാര്‍ബണ്‍ പുറത്തുവിടുന്ന വിഷയത്തില്‍ ഇന്ത്യ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു എന്നാണു. ഒപ്പം തന്നെ പുതുതായി 141 കല്‍ക്കരിഖനികള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതിന്റെ വിജ്ഞാപനം ഇറക്കുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥാമാറ്റത്തിന്റെ ദുരന്തങ്ങള്‍ ഇത്രമാത്രം അനുഭവവേദ്യമായിട്ടും തങ്ങളുടെ ആര്‍ത്തിയില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറാകാത്ത കുറച്ചു പേര്‍ക്ക് വേണ്ടി മാനവരാശി തന്നെ ഭീഷണിയിലാകുന്നു. ഇതിനെ മറികടക്കാന്‍ ജനകീയ ഇച്ഛാശക്തി തന്നെ വേണം എന്നാണു ഈ സമ്മേളനം തെളിയിക്കുന്നത് .

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply