കൊവിഡാനന്തരകാലം പുതുരാഷ്ട്രീയത്തിന്റേതുമാകണം

സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും രാജ്യത്തില്‍ നിന്നുമെല്ലാം മുന്നേറി ആഗോളമനുഷ്യനായി മാറിയ, ലോകത്തെ വിരല്‍ത്തുമ്പിലേക്കാവാഹിച്ച മനുഷ്യന്‍ എത്ര പെട്ടന്നാണ് തിരിച്ചു യാത്ര ചെയ്തത്. ആ യാത്ര വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലാണ് അവസാനിച്ചിരിക്കുന്നത്. അതാകട്ടെ ലോകത്തെ കൈവിരല്‍ത്തുമ്പിലൊതുക്കിയവര്‍ക്ക് കൈവിരല്‍ത്തുമ്പുകളെ ഭയന്ന് കഴുകാന്‍ സ്പിരിട്ടും മുഖത്ത് മാസ്‌കുകളും ഉപയോഗിക്കേണ്ട വരുന്ന അവസ്ഥ. ശത്രുരാജ്യമല്ല, സ്വന്തം കൈകളാണ് ഇന്നവന്റെ ശത്രു. അതിനേക്കാള്‍ വലിയ ദുരന്തമൊന്നുമല്ല കൊറോണ.

ലോകം ഉയര്‍ത്തെഴുന്നേല്‍ക്കും – ഇതായിരുന്നു ഇക്കുറി ഈസ്റ്റര്‍ ദിനത്തില്‍ ഏറ്റവുമധികം കേട്ട വാചകം. ശരിയാണ്. ലോകം ഉയര്‍ത്തെഴുന്നേല്‍ക്കും. എന്നാല്‍ അതിനുമുമ്പുണ്ടാകുന്ന നഷ്ടങ്ങള്‍ എത്രത്തോളമായിരിക്കും? എത്ര ജീവനുകള്‍ നേരിട്ട് രോഗബാധയുണ്ടായി നഷ്ടപ്പെടും എന്ന് വരും ദിനങ്ങള്‍ പറയും. രോഗത്തിന്റെ മറ്റു പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ക്കുപോലും പ്രവചിക്കാനാവുന്നില്ല. പട്ടിണി കിടന്ന് ലക്ഷങ്ങള്‍ മരിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

മനുഷ്യചരിത്രം മറ്റുപലതിന്റേതുമെന്നപോലെ മഹാദുരന്തങ്ങളുടേയും ചരിത്രമാണ്. അത് യുദ്ധങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും മഹാമാരികളുടേയും രൂപത്തിലായിരിക്കാം. ആ പരമ്പരയിലെ അവസാനത്തേതല്ല കൊവിഡ് എന്നുറപ്പ്. നിര്‍ഭാഗ്യവശാല്‍ അവയില്‍ നിന്ന് ഭാവിയിലേക്കൊന്നും മനുഷ്യന്‍ പഠിക്കുന്നില്ല എന്നതാണ് അവയേക്കാള്‍ വലിയ ദുരന്തം. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും എണ്ണിയാലൊടുങ്ങാത്ത മറ്റനവധി യുദ്ധങ്ങള്‍ക്കും ശേഷവും മനുഷ്യന്റെ യുദ്ധക്കൊതി തീരുന്നില്ല. ലോകം മുഴുവന്‍ നിരവധി തവണ ചുട്ടുകരിക്കാനുള്ള ആയുധശേഖരങ്ങളുള്ള രാജ്യങ്ങളിലെ പൗരന്മാരാണ് ഈ ചെറുവൈറസിനുമുന്നില്‍ ജീവനൊടുക്കി കൊണ്ടിരിക്കുന്നത്. പരസ്പരം കൊന്നൊടുക്കാന്‍ മനുഷ്യന്‍ സൃഷ്ടിച്ച ഒരു അണുവായുധങ്ങളെല്ലാം ഈ അണുവിനുമുന്നില്‍ നിസ്സഹായമായി പോകുന്നു. മറുവശത്ത് എത്ര പ്രകൃതിദുരന്തങ്ങളില്‍ നിന്നും പാഠം പഠിച്ച് മുന്നോട്ടുപോകാനും നമുക്കാവുന്നില്ല. അതിനുള്ള ഉദാഹരണത്തിനു ദൂരെയൊന്നും പോകേണ്ട. മഹാപ്രളയത്തിനുശേഷവും പാരിസ്ഥിതിക വിഷയങ്ങളോട് പൊതുവില്‍ കേരളം പുലര്‍ത്തുന്ന മനോഭാവം മാത്രം നോക്കിയാല്‍ മതി.

കൊവിഡിലേക്കു തിരിച്ചുവരാം. ഒന്നും ചെയ്യാനില്ലാതെ, അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായരായി വീടുകളിലിരിക്കുകയാണ് ജനകോടികള്‍. കഴിഞ്ഞ ഒന്നു രണ്ടു നൂറ്റാണ്ടുകളോളം നേടിയെന്നു വിശ്വസിച്ചിരുന്ന നേട്ടങ്ങളൊന്നും ഈ വൈറസിനെ പ്രതിരോധിക്കാന്‍ പര്യാപ്തമാകുന്നില്ല എന്നത് ചെറിയ ആശങ്കയൊന്നുമില്ല. സ്വന്തം വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും രാജ്യത്തില്‍ നിന്നുമെല്ലാം മുന്നേറി ആഗോളമനുഷ്യനായി മാറിയ, ലോകത്തെ വിരല്‍ത്തുമ്പിലേക്കാവാഹിച്ച മനുഷ്യന്‍ എത്ര പെട്ടന്നാണ് തിരിച്ചു യാത്ര ചെയ്തത്. ആ യാത്ര വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലാണ് അവസാനിച്ചിരിക്കുന്നത്. അതാകട്ടെ ലോകത്തെ കൈവിരല്‍ത്തുമ്പിലൊതുക്കിയവര്‍ക്ക് കൈവിരല്‍ത്തുമ്പുകളെ ഭയന്ന് കഴുകാന്‍ സ്പിരിട്ടും മുഖത്ത് മാസ്‌കുകളും ഉപയോഗിക്കേണ്ട വരുന്ന അവസ്ഥ. ശത്രുരാജ്യമല്ല, സ്വന്തം കൈകളാണ് ഇന്നവന്റെ ശത്രു. അതിനേക്കാള്‍ വലിയ ദുരന്തമൊന്നുമല്ല കൊറോണ.

മനുഷ്യവിമോചനത്തിന്റെ കാഹളമുയര്‍ത്തിയ പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും തങ്ങളെ രക്ഷിക്കാനാവുന്നില്ല എന്നും മനുഷ്യന്‍ വീട്ടുതടങ്കല്‍ കാലത്ത് തിരിച്ചറിയുന്നു. ആഗോളീകരണത്തിന്റേയും വിവരസാങ്കേതികതയുടേയും സുതാര്യതയുടേയും ഇക്കാലത്തുപോലും വന്‍മതിലിനു പുറകില്‍ ഒളിപ്പിക്കുന്ന രഹസ്യങ്ങള്‍ എത്രമാത്രം ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍. ഹിറ്റ്‌ലറുടെ വംശശുദ്ധീകരണത്തെ കുറിച്ചു പറയുമ്പോള്‍ സ്റ്റാലിന്റെ വംശശുദ്ധീകരണം പറയാന്‍ മടിക്കുന്നവരാണ് നമ്മള്‍. ചെര്‍ണോബില്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറത്തുവന്നത് സമീപകാലത്താണല്ലോ. എന്തൊക്കെ പറഞ്ഞിട്ടായിരുന്നു അന്നു ലോകത്തെ റഷ്യ പറ്റിച്ചത്. ചൈനയില്‍ മാവോയുടെ സാംസ്‌കാരിക വിപ്ലവം എന്തായിരുന്നു എന്നും ഇന്നു ലോകത്തിനറിയാം. കൊവിഡുമായി ബന്ധപ്പെട്ടുതന്നെ ഉണ്ടായത് എന്തായിരുന്നു? എത്രയോ കള്ളങ്ങളായിരുന്നു ചൈന ലോകത്തോട് പറഞ്ഞത്. ന്യുമോണിയയാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കു പകരില്ല എന്നൊക്കെയല്ലേ ലോകാരോഗ്യ സംഘടനയോടുപോലും പറഞ്ഞത്? സത്യം പറയാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്കൊക്കെ എന്തു പറ്റി എന്നും കണ്ടു. മനുഷ്യാവകാശങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത വന്‍മതിലിനു പുറകില്‍ നടക്കുന്നത് എന്തൊ്കകെയെന്ന് ഭാവിയില്‍ പുറത്തുവരുമായിരിക്കും. അവസാനമവര്‍ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് ചൈന പറയുന്ന കണക്കുകള്‍ പോലും വിശ്വസനീയമാണെന്ന് ആരും കരുതുന്നില്ല. ഇപ്പോഴിതാ ചൈനയില്‍ രോഗം തിരിച്ചു വരുന്നു എന്നാണ് വാര്‍ത്ത.

മറുവശത്ത് കമ്യൂണിസത്തിന്റെ ആഗോളശത്രുവെന്ന് അവകാശപ്പെടുന്ന മുതലാളിത്തത്തിന്റെ അവസ്ഥയെന്താണെന്നും ലോകം കണ്ടുകൊണ്ടിരിക്കുന്നു. തുടക്കത്തില്‍ പറഞ്ഞ പോലെ ലോകത്തെ മുഴുവന്‍ ഭസ്മീകരിക്കാന്‍ കഴിവുള്ള ലോകപോലീസ് അമേരിക്കയാണ് ഇന്നു ഈ വൈറസിന്റെ പ്രധാന ശത്രു. ഇത്രയും ഗൗരവമായി ഈ മഹാമാരിയെ കണ്ടില്ല എന്ന ലളിതമായ വിശദീകരണമൊന്നും ഈ ദുരന്തത്തിനു മുന്നില്‍ വില പോകുന്നതല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പോലും ലോക് ഡൗണിലൂടേയും സാമൂഹിക അകലത്തിലൂടേയും പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍, വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അതിനു തയ്യാറാകാത്ത അമേരിക്ക, മുതലാളിത്തത്തെ കുറിച്ചുള്ള മാര്‍ക്‌സിന്റെ നിരീക്ഷണങ്ങളെ കൂടുതല്‍ കൂടുതല്‍ ശരിവെക്കുകയാണ്. തീര്‍ച്ചയായും കോടികണക്കിനു വരുന്ന അശരണരായവര്‍ക്ക് അതിജീവനത്തിന്റെ ചിന്തക്കുള്ള ചെറിയ സമയം പോലും നരേന്ദ്രമോദി കൊടുത്തില്ല എന്നത് വന്‍ വീഴ്ച തന്നെയാണ്. മറുവശത്ത് ബൂര്‍ഷ്വാജനാധിപത്യത്തിലേയും ഫെഡറലിസത്തിലേയും മനുഷ്യാവകാശ സങ്കല്‍പ്പങ്ങളിലേയും ചില തത്വങ്ങള്‍ മൂലം, നരേന്ദ്രമോദിയെ പോലെ ഒറ്റയടിക്ക് പ്രഖ്യാപനങ്ങള്‍ നടത്താന്‍ ട്രംപിന് കഴിയുന്നില്ലായിരിക്കാം. പക്ഷെ അതിനുള്ള മുന്‍കൈശേഷിയാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്. യുദ്ധസമയത്തൊക്കെ അതവര്‍ കാണിക്കാറുണ്ടല്ലോ. യഥാര്‍ത്ഥ വിഷയം പണത്തിനു മാത്രം മൂല്യമുള്ള മുതലാളിത്തിന്റെ അപചയം തന്നെയാണ്. കൊവിഡ് ഭീഷണി ഏറെ ഗുരുതരമായ ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്‌പെയിന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ചുരുക്കി പറഞ്ഞാല്‍ മുതലാളിത്തവും കമ്യൂണിസവും മനുഷ്യന് ആവശ്യമായ സമയത്ത് പരാജയപ്പെടുന്നു എന്നു സാരം.

മൂന്നാമതൊന്ന് മതരാഷ്ട്രങ്ങളാണ്. കൊവിഡിന്റെ അക്രമണം എവിടേയുമുണ്ടെങ്കിലും ഇതുവരേയും മറ്റു രാഷ്ട്രങ്ങളോളം ദുരന്തങ്ങള്‍ അവിടങ്ങളില്‍ ഉണ്ടായിട്ടില്ല. വരുംദിനങ്ങലില്‍ ഉണ്ടായിക്കൂടെന്നില്ല. കൊറോണയെ ചെറുക്കാന്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കാവില്ല എന്ന് ഏറെക്കുറെ എല്ലാ മതപണ്ഡിതരും പുരോഹിതരുമൊക്കെ തിരിച്ചറിയുന്നു എന്നത് നല്ലത്. മതവും രാഷ്ട്രീയവും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധം മൂലം നിരവധി ദുരന്തങ്ങളും കൂട്ടമരണങ്ങളും ലോകം കണ്ടിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. ഈ പുതിയ സാഹചര്യത്തിലെങ്കിലും ഒരു വിശ്വാസവും മതവംു മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയല്ലെന്നു തിരിച്ചറിഞ്ഞ് ഒരു പുനപരിശോധനക്ക് തയ്യാറാകാനും മതരാഷ്ട്രമെന്ന സങ്കല്‍പ്പമുപേക്ഷിച്ച് ജനാധിപത്യത്തിന്റെ പാതയിലേക്ക് വരാനുമാണ് ഇന്ത്യയിലടക്കം ലോകത്തെങ്ങുമുള്ള മതരാഷ്ട്രവാദികള്‍ തയ്യാറാകേണ്ടത്.

ഇത്തരമൊരു സാഹചര്യത്തിലാണ് കൊറോണകാലം മനുഷ്യസമൂഹത്തെ കുറിച്ചുള്ള ഒരു പുനപരിശോധനാ കാലവുമാകണമെന്ന വിലയിരുത്തലിന്റെ പ്രസക്തി. മനുഷ്യന്‍ നിര്‍മ്മിച്ച രാജ്യാതിര്‍ത്തികള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ല എന്നു ബോധ്യമാകുന്ന സാഹചര്യത്തില്‍ പരസ്പരമുള്ള ശത്രുതകള്‍ അവസാനിപ്പിക്കാനാണ് രാജ്യങ്ങള്‍ തയ്യാറാകേണ്ടത്. സൈന്യവും ആയുധങ്ങളൊന്നുമില്ലാത്ത ലോകമാണ് ഇനിയുണ്ടാകേണ്ടത്. അതിനായി ചിലവഴിക്കുന്ന കോടികള്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി ചിലവഴിക്കണം. വികസിതരെന്നു വിശ്വസിക്കുന്ന രാജ്യങ്ങള്‍ അതങ്ങനെയല്ല എന്നു മനസ്സിലാക്കിയ സ്ഥിതിക്ക് ദരിദ്രരാജ്യങ്ങളുമായി കൈകോര്‍ത്ത് ലോകത്തെ പട്ടിണിക്കെതിരായാണ് പോരാട്ടം നയിക്കേണ്ടത്. അതുപോലെതന്നെ പ്രധാനമാണ് കമ്യൂണിസത്തിലും മുതലാളിത്തത്തിലും മതരാഷ്ട്രത്തിലുമൊന്നും ചരിത്രം അവസാനിക്കുന്നില്ല എന്ന തിരിച്ചറിവ്. ജനാധിപത്യത്തിലും സുതാര്യതയിലും സാമൂഹ്യ – സാമ്പത്തിക നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യസംവിധാനത്തിനായാണ് ഇനി ചിന്തകര്‍ അന്വേഷിക്കേണ്ടത്. തീര്‍ച്ചയായും അതിലെ ഒരു പ്രധാന ഭാഗം പ്രകൃതി സംരക്ഷണമായിരിക്കണം. കൊവിഡടക്കമുള്ള നിരവധി ആധുനിക രോഗങ്ങളുടെ ഉറവിടത്തില്‍ മൃഗങ്ങള്‍ക്കുള്ള പങ്ക് ഏറെക്കുറെ യാഥാര്‍ത്ഥ്യമാണല്ലോ. മനുഷ്യന്‍ പ്രകൃതിക്കുനേരെ നടത്തുന്ന കടന്നാക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നത്. നായ്ക്കളുടേയും കുരങ്ങിന്റേയും മറ്റും ഇറച്ചിക്ക് ചൈനയില്‍ വിലക്കെന്ന വാര്‍ത്ത ആ ദിശയില്‍ സ്വാഗതാര്‍ഹമാണ്. കാലാവസ്ഥാവ്യതിയാനവും സമൂഹത്തെ രോഗാതുരമാക്കുന്നു എന്നും ശാസ്രലോകം അംഗീകരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തല്‍ മനുഷ്യരെ മാത്രമല്ല, പ്രകൃതിയെ ഒന്നടങ്കം പരിഗണിക്കുന്ന ഒരു ആശയസംഹിതയാണ്, രാഷ്ട്രീയമാണ് കൊവിഡാനന്തരകാലത്ത് നമുക്ക് വഴികാട്ടിയാകേണ്ടത്. അത്തരത്തിലുള്ള ചിന്തകള്‍ക്കു കൂടി ഈ ഒഴിവുകാലം ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ മനുഷ്യസമൂഹത്തിന്റെ ഭാവി തുടര്‍ന്നും രോഗാതുരമാകുമെന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply