തമസ്‌കരിക്കാനാവില്ല പൂക്കോട്ടൂര്‍ യുദ്ധചരിത്രം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന രണസ്മരണകളാണ് പൂക്കോട്ടൂര്‍ ബാറ്റില്‍ എന്ന് പ്രസിദ്ധമായ വിപ്ലവം. 1921 ആഗസ്റ്റ് 26ന് മലപ്പുറത്തിനടുത്ത് പൂക്കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ സ്വാതന്ത്ര്യദാഹികളായ ഗ്രാമീണര്‍ ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടി വീരരക്തസാക്ഷികളായി. ബ്രിട്ടീഷ് ഗസറ്റിയറുകളില്‍ ഇത് അവരുടെ യുദ്ധവിജയമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ലൂയിഗണിനേയും മെഷ്യന്‍ ഗണിനേയും തൃണവല്‍ഗണിച്ചു കൊണ്ട് ഐതിഹാസികമായ ക്ലാസിക് വിപ്ലവം ചമയ്ക്കുകയായിരുന്നു പൂക്കോട്ടൂരിലെ മാപ്പിളമാര്‍.

കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ‘ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സ് ‘ എന്ന 5വാള്യങ്ങളുള്ള
ഗ്രന്ഥത്തില്‍ നിന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസലിയാരെയും വടക്കെ വീട്ടില്‍ മുഹമ്മദിനെയും നിഷ്‌കാസിതരാക്കിയത് ഈയിടെയാണ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് അംശക്കച്ചേരികളില്‍ ദാസ്യപ്പണിയും പാദുകസേവയും നടത്തിയവര്‍ നടേ പറഞ്ഞ രക്തസാക്ഷികളെക്കുറിച്ചുള്ള അനുസ്മരണങ്ങളെ പോലും ഭയപ്പെടുന്നു . വര്‍ഗ്ഗീയ പ്രീണനം നടത്തി ഡിവൈഡ് ആന്റ് റൂളിലൂടെ അധികാരമുറപ്പിച്ചവരുടെ പാരമ്പര്യം പേറുന്നവരും മലബാര്‍ വിപ്ലവകാരികളെ ഭത്സിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഒരാള്‍ പോലുമില്ലാത്തതാണോ അവരുടെ പ്രശ്‌നമെന്നറിയില്ല. മലബാര്‍ വിപ്ലവം സ്വാതന്ത്ര്യസമരമല്ല എന്നാണ് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോക്ടര്‍ ജോസഫ് കരിയില്‍ പറയുന്നത്. ബ്രിട്ടീഷ് ആജ്ഞാനുവര്‍ത്തികളായി സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയല്ലെ പറയാനാവൂ. ഇതേക്കുറിച്ച്, 1921 ലെ കോണ്‍ഗ്രസ് നേതാവ് മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ ‘ ഖിലാഫത്ത് സ്മരണകള്‍ ‘ എന്ന ഗ്രന്ഥത്തില്‍ (പേജ് 5 – 11) .അക്കാലത്ത് തൃശൂരില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതിന്റെ സംക്ഷിപ്തം ഇങ്ങനെ

1921 ഫെബ്രുവരി 16ന് കോഴിക്കോട് വെച്ച് നടക്കാനിരുന്ന കോണ്‍ഗ്രസ് – ഖിലാഫത്ത് പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയ യാക്കൂബ് ഹസനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സംഘാടകരായ യു ഗോപാലമേനോന്‍ ,പൊന്മാടത്ത് മൊയ്തീന്‍ കോയ, കെ.മാധവന്‍ നായര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും നാലു പേരെയും 6 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് ഫെബ്രുവരി 20 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വെച്ച് ഒരു പൊതുയോഗം നടന്നു. ബ്രിട്ടീഷ് അനുകൂലികളായ ക്രിസ്ത്യാനികള്‍ പൊതുയോഗത്തില്‍ ഇരച്ചു കയറി ആക്രമണം നടത്തുകയും ബെഞ്ചുകളും കസേരകളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഈ അക്രമത്തെ അപലപിച്ചു കൊണ്ട് ഫെബ്രുവരി 26 ന് പ്രതിഷേധപൊതുയോഗം തേക്കിന്‍കാട് മൈതാനത്ത് വെച്ച് നടന്നു. കോണ്‍ഗ്രസ് നേതാവ് പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ചന്‍ അക്രമികളായ ക്രിസ്ത്യാനികളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രസംഗിച്ചു. പിറ്റേന്ന് ‘ലോയല്‍ടി പ്രൊസഷന്‍ ‘ എന്ന പേരില്‍ ക്രിസ്ത്യാനികളുടെ കൊലവിളി ജാഥ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തമ്പോറും ബാന്റ് മേളങ്ങളുമായി 1500 പേരെ അണിനിരത്തിയ ഘോഷയാത്രയെ അനുഗമിച്ച് ഡി എസ് പി ചാക്കോയും പോലീസ് സംഘവുമുണ്ടായിരുന്നു. പോസ്റ്റ് ഓഫീസ് റോഡിലെ മുസ്ലീം പള്ളിക്കു മുമ്പിലെത്തിയപ്പോള്‍, മുസ്ലിംകടകള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം തുടങ്ങി. ഒരു മുസ്ലിം കച്ചവടക്കാരന്‍ മരിക്കുകയും നിരവധി പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയതു. പടിഞ്ഞാറെ നടക്കാവ് വരെ അക്രമങ്ങള്‍ തുടര്‍ന്നു. ശേഷം ആശുപത്രിക്കു സമീപം പൊതുയോഗം ചേരുകയും ക്രിസ്ത്യന്‍ നേതാവ് വക്കീല്‍ ഇയ്യുണ്ണി, ബ്രിട്ടീഷ് സര്‍ക്കാരിന് എതിര്‍ നിലക്കുന്നവരെ ക്രിസ്ത്യാനികള്‍ കൈകാര്യം ചെയ്യും എന്ന് പ്രസംഗിക്കുകയും ചെയതു. ഇതിനിടയില്‍ ഹിന്ദുക്കളും മുസ്ലീംകളും സംഘടിച്ചെത്തി. അതോടെ രംഗം സ്‌ഫോടനാത്മകമായി.ചാക്കോയും പോലീസുകാരും അങ്ങോട്ടു കുതിച്ചു – റസിഡന്റും ദിവാനുമെത്തി. കോണ്‍ഗ്രസ് നേതാവ് ഡോ. എ ആര്‍ മേനോന്‍ ,അതുവരെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് ഇംഗ്ലീഷില്‍ പ്രസംഗിച്ചു. ഉടനെ ക്രിസ്ത്യാനികള്‍ കല്ലേറു തുടങ്ങി. പൊതുയോഗസ്ഥലത്തുണ്ടായവര്‍ തിരിച്ചും കല്ലേറു നടത്തി. ചാക്കോയും പോലീസ് സേനയും ഹിന്ദു മുസ്ലിം സംഘത്തെ ലാത്തിചാര്‍ജ് ചെയത് തുരത്തിയോടിച്ചു.അന്നു രാത്രി പടിഞ്ഞാറെ നടക്കാവിലുള്ള ഹിന്ദു വീടുകള്‍ക്കു നേരെ ഭീകരമായ ആക്രമണങ്ങളും സ്ത്രീകള്‍ക്കു നേരെ കയ്യേറ്റവും ഉണ്ടായി. സ്ത്രീകളും കുട്ടികളും അഭയാര്‍ത്ഥികളായി അകലെയുള്ള ബന്ധുഗൃഹങ്ങളിലേക്ക് തീവണ്ടി മാര്‍ഗ്ഗം യാത്രയായി .

കൊച്ചി സ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ ഗുണ്ടകള്‍ തൃശൂരില്‍ താവളമടിച്ച് അക്രമത്തിനുള്ള തയ്യാറെടുപ്പ് നടത്തി. ഏറനാട്ടിലെ ഖിലാഫത്ത് – കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എ ആര്‍ മേനോന്റെ ടെലഗ്രാം കിട്ടി. പൂക്കോട്ടൂര്‍ വീരന്‍ വടക്കെവീട്ടില്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ 2000 മാപ്പിളമാര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി. തൃശൂര്‍ നഗരത്തെ വിറപ്പിച്ചു കൊണ്ട് പ്രകടനമായി തിരുവമ്പാടി ക്ഷേത്രത്തിനടുത്തെ സത്രത്തിലെത്തി. പൂക്കോട്ടൂര്‍ മാപ്പിളമാരുടെ പ്രകടനം കണ്ട് ക്രിസ്ത്യാനികള്‍ പത്തി മടക്കി. റസിഡണ്ടും ദിവാനും സൗഹാര്‍ദ്ദ സമ്മേളനം വിളിച്ചുകൂട്ടി. ക്രിസ്ത്യന്‍ വിഭാഗവും ഹിന്ദു മുസ്ലിം വിഭാഗങ്ങളും സമാധാന സന്ധിയില്‍ ഒപ്പുവെച്ചു. കെ സി ബി സി യുടെ ജാഗ്രത കമ്മീഷന് ഈ ചരിത്രം വല്ലതും അറിയുമോ എന്തോ. തൃശൂരില്‍ വിജയിച്ച ഹിന്ദു മുസ്ലിം ഐക്യം വളര്‍ന്നാല്‍ മലബാറില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ബ്രിട്ടീഷ് പരാജയത്തിനത് കാരണമാകുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

1857ലെ ഒന്നാം സ്വാതന്ത്യ സമരത്തിന് നേതൃത്വം നല്‍കിയ ഷാവലിയുല്ല ദഹ് ലവിക്കു പിന്നില്‍ ഹിന്ദു മുസ്ലിം സൈനികര്‍ ഐക്യനിര തീര്‍ത്ത് പോരാട്ടം നടത്തി ബ്രിട്ടീഷ് കൊത്തളങ്ങളെ കിടുകിടാ വിറപ്പിച്ചപ്പോള്‍, ഹിന്ദു മുസ്ലിം മൈത്രി തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ ഗൂഢാലോചന നടത്തി. ഡിവൈഡ് ആന്റ് റൂള്‍ എന്ന തന്ത്രത്തിലൂടെ ഹിന്ദു സൈനികര്‍ക്ക് മാപ്പും ആനുകൂല്യങ്ങളും നല്‍കി; മുസ്ലിം സൈനികര്‍ക്ക് കഠിന തടവും തൂക്കുമരണവും നല്‍കി. ഇതേ തന്ത്രമാണ് പിന്നീട് മലബാര്‍ വിപ്ലവത്തിലും പ്രായോഗികമാക്കിയത്. മലബാര്‍ വിപ്ലവത്തിന്റെ തുടക്കം കുറിച്ചത് തിരൂരങ്ങാടി വെടി വെപ്പോടെയാണ്.നിരായുധരായ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത് കൂട്ടക്കൊല നടത്തിയ ബ്രിട്ടീഷ് ക്രൂരതയ്‌ക്കെതിരെ ജനരോഷം ആളിക്കത്തി. ജോണ്‍സ്റ്റണ്‍, റൗലി എന്നീ മിലിട്ടറി ഓഫീസര്‍മാരും 4 പട്ടാളക്കാരും 4 പോലീസുകാരും കൊല്ലപ്പെട്ടു. വെടിവെക്കാന്‍ ഉത്തരവിട്ട കലക്ടര്‍ ഇ .എഫ് തോമസും ഡി എസ് പി ഹിച്ച്‌കോക്കും പട്ടാള റെജിമെന്റും പോലീസ് സേനയും തിരൂരങ്ങാടിയില്‍ നിന്നും പേടിച്ചോടി.

ഈ സംഭവത്തിന് മാസങ്ങള്‍ മുമ്പാണ് പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ കൂട്ടക്കൊല അരങ്ങേറിയത്. റൗലറ്റാക്ടിനെതിരെയുള്ള പ്രതിഷേധയോഗത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നേരെ വെടിവെക്കാന്‍ മിലിറ്ററി ജനറല്‍ ഡയര്‍ ഉത്തരവിടുകയായിരുന്നു. ജാലിയന്‍വാലാബാഗ് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അവിസ്മരണീയമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ തിരുരങ്ങാടി വെടിവെപ്പിനെ അങ്ങനെ കാണാത്തതെന്തുകൊണ്ടാണ്? വിപ്ലവം കഴിഞ്ഞ് 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മലബാര്‍ വിപ്ലവത്തെ സ്വാതന്ത്ര്യ സമര ഗണത്തില്‍ ഉള്‍പ്പെടുത്തിയതും അതില്‍ പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യ സമരപെന്‍ഷന്‍ അനുവദിച്ചതും. 1921 നു മുമ്പ് 300 ലേറെ സംഘര്‍ഷങ്ങള്‍ മലബാറിലുണ്ടായിട്ടുണ്ട്. ജന്മി കുടിയാന്‍ സംഘട്ടനമായും, കീഴ്ജാതിക്കാരായ അടിമക്കൂട്ടത്തിന്നെതിരെയുള്ള സവര്‍ണ്ണ മാടമ്പികളുടെ പീഢനങ്ങള്‍ക്കെതിരെയും മാപ്പിളമാര്‍ നടത്തിയ പോരാട്ടങ്ങളായിരുന്നു അവ.എന്നാല്‍, 1921 ലെ വിപ്ലവത്തിനു ഹേതുവായത് ജന്മി കുടിയാന്‍ സംഘര്‍ഷങ്ങളല്ല. ജന്മി കുടിയാന്‍ പ്രശ്‌നങ്ങള്‍ അന്നുമുണ്ടായിരുന്നെങ്കിലും കുടിയാന്‍ സംഘം രൂപീകരിച്ച് ശാക്തീകരണത്തിലൂടെയും വ്യവഹാരത്തിലൂടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ പ്രാപ്തി നേടിയിരുന്നു. വടക്കെവീട്ടില്‍ മുഹമ്മദ് കുടിയാന്‍ സംഘത്തിന്റെ സംഘാടകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഖിലാഫത്ത് വളണ്ടിയര്‍ സേനയുടെ പൂക്കോട്ടൂരിലെ കമാണ്ടറുമായിരുന്നു. പൂക്കോട്ടൂര്‍ കോവിലകത്തെ കാര്യസ്ഥനുമായിരുന്നു അദ്ദേഹം.

വീരമണി അയ്യര്‍ എന്ന ജന്മി മേല്‍ചാര്‍ത്ത് നടത്തി, ഭൂമി കേസിലൂടെ ഒരു കുടിയാനെ ഒഴിപ്പിച്ചിരുന്നു. ഇതിന്നെതിരെ കുടിയാന്‍ സംഘം രംഗത്തു വന്നു. പൂക്കോട്ടൂര്‍ ആറാംതിരുമുല്‍പ്പാട് ചിന്നനുണ്ണി , പ്രശ്‌നത്തില്‍ ഇടപെട്ട് വീരമണിക്കനുകൂലമായി നില്‍ക്കാന്‍ മുഹമ്മദിനോട് കല്പിച്ചു. മുഹമ്മദ് അതിന് സന്നദ്ധമായില്ലെന്ന് മാത്രമല്ല ചിന്നനുണ്ണിയുമായി ഇതേ ചൊല്ലി തര്‍ക്കിക്കുകയും ചെയ്തു. തമ്പുരാന്‍ മമ്മദിനെ കാര്യസ്ഥ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. കോവിലകത്തു നിന്നും തനിക്കു കിട്ടാനുള്ള 350 ക മുഹമ്മദ് ആവശ്യപ്പെട്ടതോടെ തമ്പുരാന് കലിയിളകി. ഖിലാഫത്ത് വളണ്ടിയര്‍മാരെ കോവിലക പടിപ്പുരയില്‍ കണ്ടതോടെ തമ്പുരാന്‍ വേഗം പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കി. പിന്നീട് മുഹമ്മദിനെ കുരുക്കിലാക്കാനുള്ള നീക്കമായി. അംശം അധികാരിയും ജന്മിയുമായ പേരാപ്പുറന്‍ അയമുട്ടിയുമായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാങ്ങാട്ട് നാരായണ മേനോനുമായും ഗൂഢാലോചന നടത്തി. കോവിലകത്തെ തോക്കുകട്ടെന്ന കള്ളക്കഥയുണ്ടാക്കി മുഹമ്മദിനെ അറസ്റ്റു ചെയ്യാന്‍ സി.ഐ പൂക്കോട്ടൂരിലെത്തി. മുഹമ്മദും ഖിലാഫത്ത് വളണ്ടിയര്‍മാരും എത്തിയതോടെ സിഐ വല്ലാതെ ഭയപ്പെടുകയും മാപ്പ് പറയുകയും ചെയ്തു.

പറഞ്ഞു വന്നത് കര്‍ഷിക പ്രശ്‌നങ്ങളായിരുന്നില്ല മലബാര്‍ വിപ്ലവത്തിന് പ്രേരണ ; രാഷ്ട്രീയ കാരണങ്ങളാണ് അതില്‍ കണ്ടെത്താനാവുന്നത്. ആലി മുസലിയാരുടെ വിധിന്യായം കാണുക ‘വെറും മതഭ്രാന്തോ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളോ അല്ല ആലി മുസലിയാരെയും സംഘത്തെയും കലാപത്തിന് പ്രേരിപ്പിച്ചത്. ഖിലാഫത്ത് – നിസ്സഹകരണ പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്ന് കോടതി കാണുന്നു. ഇതു തന്നെയാണ് മററു കലാപങ്ങളില്‍ നിന്നും ഈ കലാപത്തെ വ്യത്യസ്തമാക്കുന്നത്. അവരുടെ ഭോഷത്വത്തിന്റെ ഫലമാണിതെങ്കിലും ബ്രിട്ടീഷ് ഗവണ്മെണ്ടിനെ ഉന്മൂലനം ചെയത് ഖിലാഫത്ത് ഗവണ്മെണ്ട് സ്ഥാപിക്കണമെന്നതായിരുന്നു അവരുടെ ലക്ഷ്യമെന്ന് തെളിവുകള്‍ വെളിപ്പെടുത്തിയിരിക്കുന്നു’ ( ടോട്ടന്‍ ഹാം / മാപ്പിള റെബല്യന്‍ /പേജ് 210 )

സംഗതി ശരിയാണ് പക്ഷെ, ‘ഖിലാഫത്ത് ഗവണ്മെണ്ടി’ന്റെ അമരത്തുണ്ടായിരുന്നവരില്‍ പാണ്ടിയാട് നാരായണന്‍ നമ്പീശനും കപ്പാട്ട് കൃഷ്ണന്‍ നായരും അങ്ങാടിപ്പുറം അച്ചുതന്‍ കുട്ടി മേനോനും എം.പി.നാരായണ മേനോനും പന്തല്ലൂര്‍ താമിയും പൂക്കോട്ടൂര്‍ മണികണ്ഠനും പൂന്താനം നമ്പൂതിരിയും പാണ്ടിയാട് ഉണ്ണികൃഷണനും പൊന്നാനി ബാലകൃഷണ മേനോനും തുടങ്ങി ഒട്ടേറെ ഹിന്ദുക്കള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. തന്നെയുമല്ല ബ്രിട്ടീഷ് ആര്‍മിയിലുണ്ടായിരുന്ന ആയിരത്തോളം ഹിന്ദു സൈനികര്‍ ഖിലാഫത്ത് യൂണിഫോമണിഞ്ഞ് പോരാടിയിരുന്നു .  ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം സൈന്യത്തില്‍ നിന്നു വിരമിച്ച വിമുക്തഭടന്മാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാത്ത ബ്രിട്ടീഷ് നടപടിയില്‍ അസംതൃപ്തരായി കഴിഞ്ഞിരുന്ന മലബാറിലെ മുഴുവന്‍ സൈനികരെയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമദ് ഹാജി സംഘടിപ്പിക്കുകയും ഖിലാഫത്ത് റെജിമെന്റില്‍ ചേര്‍ക്കുകയും വളണ്ടിയര്‍മാര്‍ക്ക് സൈനിക പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

മലബാര്‍ വിപ്ലവം വിവരം കെട്ടവരുടെ എടുത്തു ചാട്ടമായിരുന്നു എന്ന ആക്ഷേപം, മാപ്പിളമാരുടെ ആസൂത്രണമികവിനെക്കുറിച്ച് ജ്ഞാനമില്ലാത്തവരുടെ പ്രസ്താവനയാവാനാണ് സാധ്യത. തിരൂരങ്ങാടി കൂട്ടക്കൊലയ്ക്കു ശേഷം വലിയ പ്ലാനിങ്ങോടു കൂടിയാണ് പോരാട്ടങ്ങളെ ചിട്ടപ്പെടുത്തിയത്. തിരൂരങ്ങാടി വെടിവെപ്പിനു ശേഷം ബ്രിട്ടീഷ് പട്ടാളത്തിനുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി നാലു മിലട്ടറി ട്രക്കുകള്‍ മലപ്പുറത്തു നിന്നും തൂരങ്ങാടിയിലേക്ക് പോയിരുന്നു. പട്ടാള സംഘത്തെ മാപ്പിളമാര്‍ ഗറില്ലാ പോരാട്ടത്തിലൂടെ വക വരുത്തുകയും ആയുധശേഖരം പിടിച്ചെടുക്കുകയും ചെയതു. മോട്ടോര്‍ സൈക്കിളില്‍ ഈ സംഘത്തെ പിന്തുടര്‍ന്നിരുന്ന റിഡ് മാന്‍ എന്ന ഓഫീസറെയും ആര്‍ഡര്‍ലി കുഞ്ഞാലിയെയും ആക്രമിച്ചു. റിഡ് മാന്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടാന്‍ തുനിയവെ മാപ്പിളമാര്‍ അയാളെ കത്തി കൊണ്ടെറിഞ്ഞു വീഴ്ത്തി. അയാള്‍ പറമ്പുഴയില്‍ വീണു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പട്ടാള കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന തോക്കും തിരകളും സ്റ്റോര്‍ റൂം ആക്രമിച്ച് മാപ്പിളമാര്‍ കരസ്ഥമാക്കി.

പൂക്കോട്ടൂര്‍ യുദ്ധത്തില്‍ മാത്രമാണ് ബ്രിട്ടീഷ് പട്ടാളവുമായി നേരിട്ട് ഏറ്റുമുട്ടിയത്. അതിന് ചില കാരണങ്ങളുമുണ്ടായിരുന്നു. കോഴിക്കോട് കലക്ടര്‍ ബംഗ്ലാവില്‍ പ്യൂണ്‍ തസ്തികയിലുണ്ടായിരുന്ന പന്തല്ലൂര്‍ താമി ഖിലാഫത്ത് സ്‌പൈ ആയി പ്രവര്‍ത്തിച്ചിരുന്നു. ആഗസ്റ്റ് 24ന് കോഴിക്കോട് തീരത്ത് കോമസ് എന്ന യുദ്ധക്കപ്പല്‍ നങ്കൂരമിട്ടതും പട്ടാളക്കാര്‍ പൂക്കോട്ടൂരിനെയാണ് ലക്ഷ്യം വെക്കുന്നതെന്നും താമി വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയെ അറിയിച്ചു. അന്നു രാത്രി വാരിയംകുന്നന്റെ അദ്ധ്യക്ഷതയില്‍ പൂക്കോട്ടൂരില്‍ ഒരു രഹസ്യ യോഗം നടന്നു. വിമുക്ത ഭടനായിരുന്ന വടക്കെവീട്ടില്‍ മുഹമ്മദ് കമാണ്ടറായി ഖിലാഫത്ത് സൈന്യത്തെ ഒരുക്കി. മണികണ്ഠന്റെ നേതൃത്വത്തില്‍ 30 ഹിന്ദു പോരാളികള്‍ ഖിലാഫത്ത് സൈന്യത്തില്‍ തോക്കേന്തി. രക്തസാക്ഷി പ്രതിജ്ഞയെടുത്ത ചാവേറുകള്‍ 500 പേരുണ്ടായിരുന്നു. പൂക്കോട്ടൂരിലെ പിലാക്കല്‍ എന്ന സ്ഥലത്ത് തോടും വയലും കുന്നും തോട്ടവുമുള്ള ഭാഗം യുദ്ധഭൂമിയായി തെരഞ്ഞെടുത്തു. തോട് ട്രഞ്ചായും വയലിലും മണ്‍കൂനകളിലും മറഞ്ഞിരുന്നും തോട്ടങ്ങളിലെ മരങ്ങളുടെ ശിഖരങ്ങളിലിരുന്നും അവര്‍ പട്ടാളത്തെ കാത്തിരുന്നു.. കുന്നിന്‍ മുകളില്‍ നില്ക്കുന്ന കാവല്‍ക്കാര്‍ പട്ടാളത്തിന്റെ വരവറിയിച്ച് സിഗ്‌നലായി ചുവന്ന കൊടി വീശിയതോടെ എല്ലാവരും യുദ്ധസന്നദ്ധരായി.

22 മിലിട്ടറി ലോറികളും 35 മോട്ടോര്‍ സൈക്കിളുകളും കവചിത വാഹനങ്ങളും മിലട്ടറി ജീപ്പുകളുമായി ഡോര്‍സെറ്റ് റെജിമെന്റും സ്‌പെഷ്യല്‍ ഫോഴ്‌സും. വാഹനങ്ങള്‍ വയലിനു മധ്യത്തിലെ റോഡിലെത്തിയാല്‍ ആദ്യത്തെയും അവസാനത്തെയും ലോറികളുടെ ടയറുകള്‍ വെടിവെച്ചിടാനായിരുന്നു പ്ലാന്‍. പക്ഷെ വാഹനങ്ങള്‍ വയലിനടുത്തേക്ക് എത്തുന്നതിനു മുമ്പേ ഒരു വെടി പൊട്ടി. ആരുടെയോ തോക്കില്‍ നിന്നും അബദ്ധത്തിലുണ്ടായ കൈപ്പിഴ. മിലട്ടറി വാഹനങ്ങള്‍ നിന്നു. വിപ്ലവകാരികള്‍ തുരുതുരെ വെടിയുതിര്‍ത്തെങ്കിലും പട്ടാളവണ്ടികള്‍ റിവേഴ്‌സ് പോയി. പിന്നീടവര്‍ പുക ബോംബെറിഞ്ഞു. പുകയുടെ മറയില്‍ മെഷ്യന്‍ ഗണ്ണുകള്‍ ഒരുക്കി. പുക മാറിയപ്പോള്‍ ചാവേറുകള്‍ പട്ടാളക്കാര്‍ക്കു നേരെ കുതിച്ചു. പലരും മരിച്ചുവീണു. മെഷ്യന്‍ ഗണ്ണുകള്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടാളക്കാരെ കത്തിയെറിഞ്ഞ് കൊലപ്പെടുത്തി മെഷ്യന്‍ ഗണ്ണുകള്‍ കരസ്ഥമാക്കി അത് പട്ടാളക്കാര്‍ക്കു നേരെ പ്രയോഗിച്ചു. ട്രഞ്ചില്‍ നിന്നും വയലില്‍ നിന്നും വിപ്‌ളവകാരികള്‍ കുതിച്ചെത്തി. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന രൂക്ഷമായ യുദ്ധം. ഡോര്‍ സെറ്റ് റെജിമെണ്ടിലെ 50 ഓളം പട്ടാളക്കാരെ വീഴ്ത്തി. നാട്ടുപട്ടാളക്കാരെ കൊല്ലരുത് എന്ന ഖിലാഫത്ത് കമാണ്ടറുടെ ഓര്‍ഡറുള്ളതുകൊണ്ട് 70 പേരെ മുറിപ്പെടുത്തി. വടക്കെവീട്ടില്‍ മുഹമ്മദടക്കം 258 വിപ്ലവകാരികള്‍ വീര രക്തസാക്ഷികളായി. ഇതില്‍ ഒരു വനിതാ പോരാളിയും ഒന്‍പത് ഹിന്ദു പോരാളികളും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട പട്ടാളക്കാരേയും പരിക്കേറ്റവരെയും കൊണ്ട് മിലീറ്ററി വാഹനങ്ങള്‍ കോഴിക്കോട്ടേക്ക് കുതിച്ചു. ശേഷിക്കുന്നവരുമായി വാഹനവ്യൂഹം മലപ്പുറം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. തോട്ടത്തിലെ മരങ്ങളില്‍ പതുങ്ങിയിരുന്ന വിപ്ലവകാരികള്‍ ബോംബെറിഞ്ഞ് 4 വാഹനങ്ങള്‍ തകര്‍ത്തു.ഡി.ഐ.ജി ലങ്കസ്റ്ററും 4 പട്ടാളക്കാരും കൊല്ലപ്പെട്ടു.

മാപ്പിളമാരുടെ എടുത്തു ചാട്ടമാണ് പൂക്കോട്ടൂര്‍ പരാജയത്തിനു കാരണമെന്ന് നിരൂപിച്ചവര്‍ ആ വിപ്ലവത്തെക്കുറിച്ച് ഇനിയും ഏറെ പഠിക്കാനുണ്ട് .യുദ്ധ ടെക്‌നോളജിയുടെ മികവില്‍ അഹങ്കരിക്കുന്ന വന്‍ ശക്തികള്‍ പോലും മഹായുദ്ധങ്ങളില്‍ പരാജിതരായിട്ടുണ്ട്. ലോകജേതാവ് നെപ്പോളിയന്‍ ബോണോപാര്‍ട്ടിന് വാട്ടര്‍ലൂവില്‍ പിന്തിരിഞ്ഞോടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടവരെ വിവരം കെട്ടവരെന്നും എടുത്തു ചാട്ടക്കാരെന്നും ആക്ഷേപിക്കാറില്ലല്ലോ.

നിസ്സഹകരണ സമരം അക്രമാസക്തമായത് മാപ്പിളമാരുടെ വര്‍ഗ്ഗീയത കൊണ്ടാണെന്ന് അക്കാലത്തെ കോണ്‍ഗ്രസ്സ്‌കാര്‍ വരെ ആക്ഷേപിച്ചതാണ്. ചൗരി ചൗരയില്‍ നിസ്സഹകരണ സമരക്കാര്‍ പോലീസുകാരെ കൊല്ലുകയും സ്റ്റേഷന്‍ തീവെക്കുകയും ചെയ്തിട്ടുണ്ട്. ചൗരി ചൗരയില്‍ മാപ്പിളമാരില്ലാത്തത് കൊണ്ട് അത് വര്‍ഗ്ഗീയമായില്ല. സിവില്‍ നിയമലംഘന കാലത്തും ക്വിറ്റ് ഇന്ത്യാ സമര കാലത്തും പല അക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളാണ്. പക്ഷെ മലബാര്‍ വിപ്ലവത്തെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് നിഷ്‌കാസിതമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

മലബാര്‍ വിപ്ലവം തുര്‍ക്കി ഖിലാഫത്തിന്റെ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് ചിലര്‍ പരിഹസിക്കാറുണ്ട്. വരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയെ ചതിയിലൂടെ പിടിച്ചതിനു ശേഷം അദ്ദേഹം മിലിട്ടറി കസ്റ്റഡിയിലായിരുന്നപ്പോള്‍ ഹിച്ച്‌കോക്കും ഇങ്ങനെ പരിഹസിച്ചിരുന്നു. അതിന് വാരിയംകുന്നന്‍ പറഞ്ഞ മറുപടി പ്രസക്തമാണ് ‘എന്നെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് ഒരു തുര്‍ക്കി കാര്യമാണ്. എന്റെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞാന്‍ പോരാട്ടം നടത്തിയത് ‘

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply