രാമായണ വായനയുടെ രാഷ്ട്രീയം

രാമായണം വായനയും വ്യാഖ്യാനവുമൊക്കെ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ രാമായണം ഏതു സാമൂഹിക വ്യവസ്ഥിതിയെയാണ്, ജാതി വര്‍ണ്ണ ഘടനയെയാണ് അലംഘനീയമായി ധര്‍മവ്യവസ്ഥയായി ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ആദര്‍ശ വ്യവസ്ഥയായി നിലനിര്‍ത്തുന്നത് എന്നതാണ് പ്രധാനമെന്നു വാദിക്കുന്നു ഡോ കെ എസ് മാധവന്‍ – REPOST…

രാമായണം മുന്നോട്ടുവെയ്ക്കുന്ന പ്രത്യയശാസ്ത്രം എന്താണെന്ന ധാരണയാണ് നമുക്ക് ആദ്യം വേണ്ടത്. രാമായണത്തിന് പല പാഠങ്ങളുണ്ട്. രാമായണത്തിന്റെ വ്യത്യസ്ത പാഠങ്ങളേയും വ്യാഖ്യാനങ്ങളേയും പറ്റിയുള്ള പൗല റിച്ച്മാന്റെ പുസ്തകം പ്രസിദ്ധമാണ് (Many Ramayanas – Paula Richman, 1992). അതില്‍ ആദ്യത്തേതും പ്രബലമായതുമാണ് വാത്മീകി രാമായണം. വാല്‍മീകി രാമായണം വടക്കേ ഇന്ത്യയിലെ ഗംഗാസമതലത്തില്‍ ഉണ്ടായി വന്ന ഒരു സാമൂഹിക രൂപീകരണ പ്രക്രിയയെയാണ് ദൃശ്യപ്പെടുത്തുന്നത്, അതൊരു കഥയോ ഇതിഹാസമോ ആയിരിക്കുമ്പോള്‍ തന്നെ. ഇന്ത്യയിലെ ഈ ഇതിഹാസ പാരമ്പര്യം ചരിത്രവത്കരിച്ചു പഠിച്ചിട്ടുള്ള റോമിലാ ഥാപ്പറെ പോലെയുള്ളവര്‍ പറയുന്നത് ഇതിഹാസങ്ങളായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഇന്ന് കാണുന്ന രൂപം വളരെ വിപുലമായ രീതിയില്‍ ദീര്‍ഘകാലഘട്ടത്തിലെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുള്ളതാണെന്നാണ്. അവയുടെ ആദ്യകാല പാഠങ്ങളൊക്കെ വളരെ ചെറിയ അപദാനകഥകളോ അല്ലെങ്കില്‍ ഒരു ധീരന്റെയോ ഒരു ഗോത്രത്തിന്റെയോ ഗോത്രാധിപത്യത്തിന്റേയോ അധികാരവുമായി ബന്ധപ്പെട്ടു വന്ന തര്‍ക്കങ്ങളോ ആണ്. വ്യത്യസ്ത സംസ്‌കാരങ്ങളെയും ജീവിതരൂപങ്ങളെയും ഇവ ദൃശ്യപ്പെടുത്തുന്നു. ഇവയുടെ പൊതുസ്വഭാവം ഒരു ഗോത്രകുലാധിപത്യ സമൂഹത്തില്‍ നിന്ന് ഒരു ഭരണകൂട അധിപത്യബോധത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഘട്ടമെന്നതാണ്. ആ ഘട്ടത്തില്‍ നിന്ന് വ്യവസ്ഥാപിതമായ ഒരു കാര്‍ഷിക ഭൂവുടമാധികാരത്തെയും വിഭവാധികാരത്തെയും ചുറ്റിപറ്റി ഗംഗാസമതലത്തില്‍ ഉണ്ടായിവരുന്ന ഭരണകൂടരൂപം. ആ ഭരണകൂടരൂപം പൊതുവെ ഇന്ത്യന്‍ അല്ലെങ്കില്‍ ‘ക്ഷത്രിയര്‍’ എന്ന് കരുതപ്പെടുന്ന ഭരണകൂട വ്യവസ്ഥയായും രാഷ്ട്രീയാധിപത്യമുള്ള ഒരു വ്യവസ്ഥയായും വികസിച്ചു വരുന്നതിനെ കുറിച്ചാണ് പറയുന്നത്.

രാമായണം യഥാര്‍ത്ഥത്തില്‍ ഇന്ത്യനായിട്ടുള്ള ഒരു ത്രൈവര്‍ണിക സമൂഹം ഗംഗാസമതലത്തില്‍ ഉണ്ടായി വരുന്നതിനെയാണ് വിവരിക്കുന്നത്. കാര്‍ഷിക സമൂഹങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടും അതിന്റെ കൈമാറ്റ കച്ചവട ബന്ധങ്ങളെയൊക്കെ നിയന്ത്രിച്ചുകൊണ്ടും ഉയര്‍ന്നുവരുന്ന ഒരു ത്രൈവര്‍ണിക കുടുംബവും അതിന്റെ പൂര്‍ണാധിപത്യവും അതിനെ സംരക്ഷിക്കുന്ന രീതിയില്‍ ഒരു ബ്രാഹ്മണ്യ പുരോഹിത വര്‍ഗ്ഗവും ക്ഷത്രിയന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ഭരണ രാഷ്ട്രീയ കോയ്മ രൂപവും ഉയര്‍ന്നു വരുന്നു. ഒപ്പം കച്ചവടം, കൈമാറ്റം, കാര്‍ഷിക വൃത്തി ഒക്കെയായി ജീവിച്ചുവരുന്ന വൈശ്യരെന്നു വിളിക്കപ്പെടുന്ന സമൂഹവും ഇവരുടെ മൂന്ന് പേരുടെയും നിലനില്പിനാവശ്യമായ വിഭവോല്പാദനം, അധ്വാനം തുടങ്ങിയവ സേവനങ്ങളായിട്ടും നിര്‍ബ്ബന്ധമായും ചെയ്യേണ്ടി വരുന്ന അടിത്തട്ട് സമൂഹങ്ങളെ ഉള്‍കൊള്ളുന്ന ശൂദ്രരും അതിനു താഴെ അയിത്ത ജാതിക്കാരുമായിട്ടുള്ള ഒരു വ്യവസ്ഥ. ഈ വ്യവസ്ഥയാണ് വര്‍ണവ്യവസ്ഥയും വര്‍ണ വിഭജന രൂപങ്ങളുമായി ഗംഗാതടത്തില്‍ വികസിച്ചു വന്നത്. അങ്ങനെ നിലനില്‍ക്കുന്ന സമൂഹത്തെ നിയന്ത്രിക്കുന്ന ഒരു രാഷ്ട്രരൂപത്തെ, രാഷ്ട്രീയ അധികാര രൂപത്തെ ഭരണകൂട രൂപത്തിന്റെ ഇതിഹാസപരമായിട്ടുള്ള ഒരു ആവിഷക്ാരമാണ് യഥാര്‍ത്ഥത്തില്‍ രാമായണത്തില്‍ കാണുന്നത്.

ഇതില്‍ രണ്ടു ഘടകങ്ങളാണുള്ളത്. ഒരു ഭരണകൂട പൂര്‍വ ഗോത്രസമൂഹത്തില്‍ നിന്നും അധികാരരൂപത്തില്‍ നിന്നും ഭരണകൂടരൂപത്തിലേക്ക് മാറുമ്പോള്‍ ഭൂമിയുള്‍പ്പടെയുള്ള വിഭവങ്ങളുടെമേലും പണിയെടുക്കുന്നവരും അധ്വാനിക്കുന്നവരുമായിട്ടുള്ള സമൂഹങ്ങളുടെമേലും ആധിപത്യം സ്ഥാപിച്ചുകൊണ്ട് ഹിംസാത്മകമായി വര്‍ണധര്‍മങ്ങളെ സംരക്ഷിക്കുന്ന ഒരു രാമരാജ്യസങ്കല്പമാണിത്. ഹിംസാത്മകമായി എന്ന് പറയുമ്പോള്‍ ഈ അധികാരത്തിന്റെ ഒരു പ്രധാനപ്പെട്ട മുഖമാണ്. അത് അധ:സ്ഥിതര്‍ക്കെതിരെയാകാം, അപരവത്കരിക്കപ്പെട്ട ജനതക്കെതിരെയാകാം. അങ്ങനെയാണ് ഹിംസ ഈ സങ്കല്പങ്ങളില്‍ വികസിച്ചു വരുന്നത്. ത്രൈവര്‍ണികരാണ് ആ രാജ്യത്തിന്റെ കേന്ദ്രം. അതായതു രാമായണത്തില്‍ ശംബൂകന്റെ തലയറുക്കുന്നതിനു രാമന്‍ പറയുന്ന ന്യായീകരണം ‘രാമരാജ്യത്തിലെ വര്‍ണധര്‍മ്മങ്ങള്‍ക്കനുസൃതമായ വ്യവസ്ഥാക്രമമനുസരിച്ച് ശൂദ്രനായിട്ടുള്ള ശംബൂകന് തപസ്സനുഷ്ഠിച്ച് ജ്ഞാനം ആര്‍ജ്ജിക്കാന്‍ യോഗ്യതയും അധികാരവുമില്ല. വര്‍ണവ്യവസ്ഥയെ ലംഘിച്ചതുകൊണ്ടാണ ് ശംബൂകന്‍ കൊല്ലപ്പെടുന്നത്. അപ്പോള്‍ ആ രീതിയില്‍ വര്‍ണവ്യവസ്ഥയെ സംരക്ഷിക്കുക, അതിനെ അലംഘനീയമായ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതിയായി നിലനിര്‍ത്തുക എന്നതാണ് ആ രാജാവിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വം. രാജ്യവ്യവസ്ഥ എന്ന് പറയുന്നത് ധര്‍മ്മവ്യവസ്ഥയായി മാറുകയും ധര്‍മ്മം എന്ന് പറയുന്നത് വര്‍ണധര്‍മ്മങ്ങളെയും ജാതിധര്‍മ്മങ്ങളെയും സംരക്ഷിക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു. സാമൂഹിക നിയമങ്ങള്‍, സാമൂഹിക വേര്‍തിരിവുകള്‍, സാമൂഹികമായ പുറന്തള്ളല്‍ രൂപങ്ങള്‍, സാമൂഹിക ഏറ്റിറക്ക മേല്‍കീഴ് ബന്ധങ്ങള്‍ ഇവ വര്‍ണത്തിന്റേയും ജാതിയുടെയും രൂപമായിരിക്കുകയും ആ ഭിന്നതകളെയും വേര്‍തിരിവുകളെയും വിവേചനരൂപങ്ങളെയും ഭരണകൂട അധികാരം കൊണ്ട ് സംരക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്യേണ്ടതു രാജാധികാരത്തിന്റെ ഉത്തരവാദിത്വമായി മാറുകയും ചെയ്യുന്നു. കൂടാതെ അതൊരു ധര്‍മ്മമായി നിലനിര്‍ത്തുകയും ചെയ്യുന്നു. മനുഷ്യരെ അപരരായി നിര്‍ത്തിയിട്ടേ ഈ രാമരാജ്യം പോലെയുള്ള രാജധര്‍മ്മത്തിലധിഷ്ഠിതമായ രാജ്യവ്യവസ്ഥാക്രമങ്ങള്‍ക്ക ് നിലനില്‍ക്കാന്‍ പറ്റുകയുള്ളു. അപരരായി നിര്‍ത്തുക എന്നാല്‍ നിഷാദര്‍, ചണ്ഡാലര്‍, ശപരര്‍, പുളിന്തര്‍, പുകാസര്‍, അടവികര്‍ ഇങ്ങനെ പലപേരുകളില്‍ അധ:സ്ഥിതരായോ ചണ്ഡാലരായോ അയിത്തക്കാരായിട്ടോ ശൂദ്രരായോ വര്‍ണപരമായും സാമൂഹികമായും പുറന്തള്ളിക്കൊണ്ട് മാത്രമേ ഈ രാ ജ്യവ്യവസ്ഥക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളു. ആ പുറന്തള്ളല്‍ വ്യവസ്ഥയെയും അതിന്റെ വിഭജന രൂപങ്ങളെയും ധര്‍മ്മമായി വ്യവഹരിക്കുകയും അത് സാമൂഹികവും മതപരവുമായ ധര്‍മവുമായി ക്രോഡീകരിക്കുകയും പാര്‍ശ്വവത്ക്കകരിക്കുകയും തട്ടുകളാക്കി മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ബ്രാഹ്മണ പൗരോഹിത്യ മാണ് ചെയ്യു ന്നത്. അങ്ങനെ അവര്‍ ചിട്ടപ്പെടുത്തിയെടുക്കുന്ന സാമൂഹ്യമര്യാദകളെ, വര്‍ണപരമായ വേര്‍തിരിവുകളെ, ജാതിപരമായ ഭേദരൂപങ്ങളെ, സ്ത്രീ പുരുഷഭേദങ്ങളെ, ഭരണപുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായ കുടുംബഘടനയെ ഒക്കെ സംരക്ഷിച്ചു നിര്‍ത്തുന്നതിനു രാഷ്ട്രീയപിന്തുണയും ഹിംസാത്മകമായിട്ടുള്ള അധികാരം പ്രയോഗിച്ചുകൊണ്ട് ശാശ്വതമായും നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിന്റേതായി മാറുന്നു. അങ്ങനെയുള്ള വ്യവസ്ഥയെ സംരക്ഷിക്കുന്ന ആളാണ് രാമരാജ്യത്തിനുള്ളില്‍ രാമന്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരത്തിലാണ് ഹീനതയെന്നു പറയുന്നത് ത്രൈവര്‍ണകരുടെ പുറത്തുള്ളവരെ അടയാളപ്പെടുത്താനുള്ള രൂപങ്ങളായി മാറുന്നത്. ഈ രാമരാജ്യ സങ്കല്‍പം രണ്ടു രീതിയിലുള്ള കാര്യങ്ങളെ നിലനിര്‍ത്തിയാണ് വരുന്നത ്. ഒന്ന് സ്്ത്രീയെയും ഭൂമിയെയും കീഴടക്കികൊണ്ടുള്ളത്. കീഴാളരായ ജനങ്ങളോടൊപ്പം എല്ലാ വിഭാഗം സ ്ത്രീകളെയും സ്ത്രീധര്‍മത്തിന്റെയും കു ലധര്‍മത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കുന്നു. ഇത്തരമൊരു ഭരണകൂട സങ്കല്‍പ്പത്തിന് വികസിച്ചുവന്ന മറ്റുപ്രദേശങ്ങളെയൊക്ക കീഴടക്കി വലിയ രീതിയിലുള്ള സാമ്രാജ്യങ്ങളായിട്ടോ രാജ സ്ഥാനങ്ങളായിട്ടോ വികസിക്കണമെങ്കില്‍ കീഴടക്കപ്പെട്ട മനുഷ്യര്‍ സാമൂഹികമായി പുറന്തള്ളപ്പെട്ട്, സമൂഹത്തിന്റെ അടിത്തറയില്‍ വരുന്ന രീതിയില്‍ ഒരു സാമൂഹിക ശ്രേണീവത്കരണം ഉണ്ടായിവരണം. സമൂഹത്തെ ശ്രേണീപരമായി വിന്യസിക്കുന്ന ഒരു മേല്‍കീഴ്ബന്ധം വര്‍ണവ്യവസ്ഥയുടെയും ധര്‍മവ്യവസ്ഥയുടെയും അടിത്തറയായി മാറണം. ആ വ്യവസ്ഥക്കുള്ളില്‍ ഈ ത്രൈവര്‍ണികര്‍, ബ്രാഹ്മണര്‍, ക്ഷത്രിയര്‍ വൈശ്യര്‍ തുടങ്ങിയ മൂന്നു വര്‍ണത്തില്‍പ്പെട്ട ആളുകളുടെ സ്ത്രീകളെ കുലസ്ത്രീകളായും ഇത്തരം ധര്‍മങ്ങള്‍ സംരക്ഷികേണ്ടവരും നിലനിത്തേണ്ട ബാധ്യതയുള്ളവരുമായി മാറ്റുന്നു. അത്തരം സ്ത്രീകളുടെ മൗലികമായ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അവരുടെ നിലനിപ്പുതന്നെ ഈ വര്‍ണവ്യവസ്ഥയെ സംരക്ഷിക്കുവാനും ജാതി മര്യാദകളെയും ജാതിഭേദങ്ങളെയും നിലനിര്‍ത്തുന്നതിന് ആവശ്യമായിട്ടുള്ള ജാതി വര്‍ണ മനുഷ്യരെ പ്രസവിക്കുക എന്നുള്ളതാണ്. അവരുടെ പ്രജനനം, ലൈംഗികത എന്നിവയുടെ മല്‍ ഈ വര്‍ണ വ്യവസ്ഥയില്‍ അധിഷ്ഠിതമായിട്ടുള്ള സ്ത്രീ പുരുഷ ബന്ധങ്ങളെ നിശ്ചയിക്കുകയു അതിനെ ബ്രാഹ്മണ പുരുഷാധിപത്യ വ്യവസ്ഥയായി നിലനിര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ വരുബോള്‍ ഈ വര്‍ണത്തിനുള്ളില്‍ ഒട്ടനവധി ജാതികള്‍ ഉണ്ടായിവരുകയും ജാതികള്‍ തന്നെ സ്വയം ഒരു സാമൂഹിക വ്യവസ്ഥയെ പുനരുല്പാദിപ്പിക്കുന്ന അടഞ്ഞ വ്യവസ്ഥയായി നിലനില്‍കുകയും ചെയ്യുന്നു. അതിനെ വീണ്ടും പുനരുല്പാദിപ്പിക്കുന്നതിനായി അവരുടെ ലൈംഗികതയെയും കാമനയെയും സാമൂഹികവും സാംസ്‌കാരികവുമായി നിയന്ത്രിക്കുന്ന നിയമങ്ങള്‍ സ്ത്രീവിരുദ്ധമായ ധര്‍മ്മശാസ്ത്രങ്ങളുടെ രൂപത്തില്‍ ഉണ്ടായിവരുന്നു. എന്നാല്‍ ശൂദ്രരും ചണ്ഡാലരുള്‍പ്പടെയുള്ള നിഷാദര്‍, പുകാസര്‍, അടവികര്‍, പുളിന്തര്‍ തുടങ്ങിയ ഹീനരും അയിത്തജാതിക്കാരുമായിട്ടുള്ള മനുഷ്യരില്‍പെട്ട സ്ത്രീകളെ അധമരും ഹീനശരീരമുള്ളവരുമായിട്ടുള്ള സ്ത്രീകളാക്കി മാറ്റുകയും അവരുടെ ലൈംഗികതയെയും ശരീരത്തെയും നിയന്ത്രിക്കുന്ന ധര്‍മ്മശാസ്ത്ര പാരമ്പര്യം രൂപപ്പെടുകയും ചെയ്യുന്നു.

അങ്ങനെ വരുമ്പോള്‍ സാമൂഹ്യവ്യവസ്ഥ തന്നെ ഒരു മേല്‍കീഴ് ബന്ധമായി, ഒരു തരം വിവേചന അസമത്വ രൂപമായി നില്‍ക്കുകയും ആ ബന്ധത്തിന്റെ ഉള്ളില്‍ ത്രൈവര്‍ണികരെല്ലാവരും തന്നെ മേല്‍ക്കോയ്മ സ്ഥാപിക്കുന്ന ‘സ്വാമി’ എന്ന സ്ഥാനത്താകുകയും ചെയ്യും. ത്രൈവര്‍ണിക കുടുംബത്തില്‍ ഭര്‍ത്താക്കന്മാര്‍ പതിവ്രതകളുടെ സംരക്ഷകന്‍ എന്ന നിലയില്‍ ‘പതി’കള്‍ ആയി മാറുന്നു. രാജാവോ രാജാവിന്റേതുപോലുള്ള അധികാരം പ്രയോഗിക്കുന്നവര്‍ സ്വാമി എന്നുള്ള പേരില്‍ വരും. സ്വാമികളല്ലാത്ത മറ്റുള്ളവരെല്ലാം ദാസന്മാരായി വരും. അധ്വാനിക്കുന്ന അല്ലെങ്കില്‍ കൈവേലകളില്‍ ഏര്‍പ്പെടുന്നവര്‍, കച്ചവട കൈമാറ്റ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന വര്‍ കര്‍മകാരന്മാര്‍ അല്ലെങ്കില്‍ പാരമ്പര്യമായി കൈത്തൊഴില്‍ ചെയ്യുന്നവര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ദാസന്മാരും ആയി മാറുന്നു. ഈ സ്വാമി ദാസ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സമൂഹരൂപം ഉണ്ടായിവരികയും ആ സമൂഹരൂപം തരം തിരിച്ച അസമത്വരൂപമായി വികസിക്കുകയും അത് വര്‍ണാശ്രമധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിതരൂപമായി സാധൂകരിക്കുകയും ചെയ്യും. ആദര്‍ശാത്മകമായ സാമൂഹിക വ്യവസ്ഥയെയാണ് ധര്‍മം എന്ന് പറയുന്നത്. ഇത് നിലനില്‍ക്കുന്ന രാജ്യമാണ് ധര്‍മരാജ്യം. ഈ രാമരാജ്യം അടിസ്ഥാനപരമായി പാരമ്പര്യമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ത്രൈവര്‍ണരുടെയും സവര്‍ണര്‍ എന്ന് വിളിക്കുന്ന ജാതി ഹിന്ദുക്കളുടെയും ആധിപത്യം നിലനിര്‍ത്തുന്ന ഒരു സമൂഹ വ്യവസ്ഥയായിരിക്കുമ്പോള്‍ ശൂദ്രരും അയിത്തജാതിക്കാരും ഗോത്രസമൂഹങ്ങളുള്‍പ്പടെയുള്ള ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ കീഴാളരും അടിയാളരും ഹീനരും ആയി പുറന്തള്ളുകയും ഈ വര്‍ണവ്യവസ്ഥയില്‍ തന്നെ ഉള്ള ത്രൈവര്‍ണികരുടെ സ്ത്രീകളെ പൂര്‍ണമായും വ്യവസ്ഥയെ നിലനിര്‍ത്തുന്നതിനും പുനരല്‍പാദിപ്പിക്കുന്നതിനും ആവശ്യമായിട്ടുള്ള ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ആ വ്യവസ്ഥയെ പറയുന്ന മറ്റൊരു പേര് തന്നെയാണ് വര്‍ണധര്‍മം. അതിനെ പൊട്ടിപോകാത്ത ഒന്നായി ശാശ്വതമായി നിലനിര്‍ത്തേണ്ടതും പുനരുല്‍പ്പാദിപ്പിക്കപ്പെടേണ്ടതും രാജാവിന്റെയും രാജാവ് നിലനിര്‍ത്തുന്ന രാഷ്ട്രീയാധികാരത്തിന്റെയും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. ആ രാഷ്ട്രീയാധികാരം ഭരണകൂടത്തിന്റെ വിവിധ രൂപങ്ങളിലൂടെ നിലനിര്‍ത്തുന്നു. ഇങ്ങനെയുള്ള വ്യവസ്ഥക്രമമാണ് രാമരാജ്യം.

2 ദക്ഷിണേന്ത്യയിലെ ക്ഷേത്രസംസ്‌കാരവും രാമായണവും

പ്രത്യയശാസ്ത്രപരമായും സാംസ്‌കാരികമായും വ്യത്യസ്ത രൂപങ്ങളില്‍ ഗംഗാ സമതലത്തിലുയര്‍ന്നു വന്ന, ജാതി വര്‍ണ്ണ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ഭരണകൂട വ്യവസ്ഥ ദക്ഷിണേന്ത്യയിലേക്കും ഡെക്കാനിലേക്കും പശ്ചിമേന്ത്യയിലേക്കും കിഴക്കന്‍ ഇന്‍ഡ്യയിലേക്കുമൊക്കെ വ്യാപിച്ചു. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭരണകൂട രൂപങ്ങളുടേയും അധികാര രൂപങ്ങളുടേയും ഭാഗമായി പ്രാചീന മധ്യകാല ഘട്ടങ്ങളില്‍ പതിനെട്ടാം നൂറ്റാണ്ട് വരെയെങ്കിലും അത് പല രൂപങ്ങളില്‍ വികസിച്ചുവരുകയും നിലനില്‍ക്കുകയും ചെയ്തു. മധ്യകാലഘട്ടത്തില്‍, അല്ലെങ്കില്‍ മുകള്‍ ഭരണകാലഘട്ടത്തിലൊന്നും ഈ ആദര്‍ശാത്മകമായ സാമൂഹ്യവ്യവസ്ഥയെയും വര്‍ണസംവിധാനങ്ങളെയും ജാതിഭേദങ്ങളെയും പുറന്തള്ളുന്നതിനോ നിരാകരിക്കുന്നതിനോ ഒരു ശ്രമവുമുണ്ടായിട്ടില്ല. കാരണം സാമൂഹികാധിപത്യവും സാംസ്‌കാരികകോയ്മയും നിലനിര്‍ത്തിയത് ഇവിടുത്തെ പരമ്പരാഗതമായ ത്രൈവര്‍ണിക സമൂഹങ്ങള്‍ ആയിരുന്നു. അവരുടെ ആദര്‍ശാത്മകമായ സാമൂഹിക വിഭജനരൂപങ്ങളെയോ സാമൂഹ്യ ഭാവനയെയോ സംസ്‌കൃത പുരാണ ഇതിഹാസത്തിലധിഷ്ഠിതമായതും വര്‍ണ പാരമ്പര്യങ്ങളെ സാധൂകരിക്കുന്ന ധര്‍മശാസ്ത്ര പാരമ്പര്യങ്ങളെയും തകര്‍ക്കാന്‍ മുസ്ലിം ഭരണാധികാരികളോ മുഗള്‍ ഭരണകൂടങ്ങളോ ശ്രമിച്ചില്ല. സുല്‍ത്താന്‍ മുഗള്‍ കാലഘട്ടത്തില്‍ സാമൂഹിക സാംസ്‌കാരിക ശക്തിയായും ഭരണകൂടാധികാരത്തിന്റെ ഇടനിലക്കാരായും ബ്രാഹ്മണ മേല്‍ജാതി ശക്തകള്‍ ജാതി വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുകയാണുണ്ടായത്. അതുകൊണ്ട് സുല്‍ത്താനേറ്റ് മുഗള്‍ ഭരണകാലഘട്ടമൊന്നും തന്നെ അടിസ്ഥാനപരമായി ബ്രാഹ്മണ്യാധികാരത്തിനെ നശിപ്പിക്കുന്നതോ ക്ഷയം വരുത്തുന്നതോ ആയ ഒരു അധികാര വ്യവസ്ഥയായി നിലനിന്നിട്ടില്ല.

ഇതിഹാസ പുരാണ പാരമ്പര്യങ്ങളുടെ വ്യത്യസ്തങ്ങളായ പാഠഭേദങ്ങളിലൂടെ ഉണ്ടായിട്ടുള്ള ഭക്തി കവി പാരമ്പര്യങ്ങള്‍ ഉള്‍പ്പടെയുള്ള ത്രൈവര്‍ണിക ഭക്തി പാരമ്പര്യങ്ങളായ ആഴ്വാര്‍ നയനാര്‍ അല്ലെങ്കില്‍ വൈഷ്ണവ ശൈവ ഭക്തിപ്രസ്ഥാനം തുടങ്ങിയ ദക്ഷിണേന്ത്യയിലെ ഭക്തി പാരമ്പര്യങ്ങളായി മാറുന്നതാണ്. ഡക്കാനിലെ കീഴാള അയിത്തജാതി സമൂഹങ്ങളില്‍ നിന്നുയര്‍ന്നുവന്ന ഭക്തിപാരമ്പര്യങ്ങള്‍ പോലും ഈ ഇതിഹാസ പുരാണ പരമ്പര്യങ്ങളെ നേരിട്ടോ അല്ലാതെയോ സ്വീകരിക്കുകയോ തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിക്കുകയോ ആണ് ചെയ്തത്. അതുകൊണ്ടുതന്നെ ഒരു ഉപഭൂഖണ്ഡ നാഗരികതയായി നിലനിന്ന വിശാലമായ ഇന്ത്യയും ഈ സംസ്‌കാരവും അതിന്റെ അനുഷ്ഠാനരൂപങ്ങളും സംസ്‌കൃതത്തിന്റെ സാംസ്‌കാരികവും വൈജ്ഞാനികവുമായിട്ടുള അധീശത്വവും അതിന്റെ വ്യത്യസ്ത രൂപത്തിലുള്ള അധികാരരൂപത്തിന്റ പകര്‍ച്ച / തുടര്‍ച്ചയുടെ ഭാഗമായി അത് ഉത്പാദിപ്പിച്ചു നിലനിര്‍ത്തിയ കാവ്യപാരമ്പര്യങ്ങളും സാഹിത്യരൂപങ്ങളും ത്രൈവര്‍ണികാധിപത്യമുള്ള സാമൂഹ്യവ്യവസ്ഥയിലെ ഭരണകൂട അധികാരത്തെ ശക്തമാക്കി. ഈ അധികാരത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന അധികാരക്കോയ്മകളെ സാധൂകരിക്കുന്ന സാഹിത്യ രൂപങ്ങളാണ് സംസ്‌കൃതത്തില്‍ കൂടുതലും. അല്ലെങ്കില്‍ ഈ ഇതിഹാസ പാരമ്പര്യങ്ങളെ പ്രാദേശിക ഭാഷകളിലേക്ക് മെരുക്കി എടുക്കുകയോ പ്രാദേശിക ഭാഷയിലൂടെ അവതരിപ്പിക്കപ്പെടുന്ന സാഹിത്യരൂപങ്ങളായി ഭക്തിയുടെ വിഭിന്നഭേദങ്ങളായി വികസിച്ചു വരുകയോ ചെയ്യുന്ന രീതിയാണ് പൊതുവില്‍ കാണാന്‍ കഴിയുന്നത്. അങ്ങനെ വരുമ്പോള്‍ ഒട്ടനവധി പ്രാദേശിക സമൂഹങ്ങള്‍ അവരുടെ നിലനില്പിന്റെയും അതിജീവനത്തിന്റെയും ഭാഗമായിട്ടോ അല്ലെങ്കില്‍ അത്തരം സമൂഹങ്ങളെ ഈ സംസ്‌കൃത ഇതിഹാസ പുരാണ പാരമ്പര്യങ്ങളിലധിഷ്ഠിതമായ ഭരണകൂടത്തിന്റെ വര്‍ണാധിപത്യത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയിലേക്ക് കീഴൊതുക്കുന്നതിനും മെരുക്കിച്ചേര്‍ത്തു നിലനിര്‍ത്തുന്നതിനും ഇതിഹാസ പുരാണപാരമ്പര്യങ്ങള്‍ പ്രത്യേകിച്ച് മഹാഭാരതം പോലെയുള്ളവ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതൊരു സാംസ്‌കാരിക ചേരുവയായി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രധാനപ്പെട്ട പ്രശ്നം പ്രത്യക്ഷമോ പരോക്ഷമോ ആയിട്ടുള ദണ്ഡനമുറകള്‍ / പ്രത്യക്ഷമായ ഹിംസാരൂപങ്ങള്‍ക്കു പകരമായി ജാതി വര്‍ണ്ണ രൂപങ്ങളുടെ സാംസ്‌കാരികവും മാനസികവും പ്രതീകാത്മകവുമായ ഹിംസാരൂപങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതികള്‍ ഇതിഹാസ പുരാണ പാരമ്പര്യങ്ങളിലൂടേയും സംസ്‌കൃത അനുഷ്ഠാന രൂപങ്ങളിലൂടെയും പ്രയോഗിച്ച് കീഴ്പ്പെടുത്തുന്ന രീതിയാണ് ബ്രാഹ്മണ്യം അനുവര്‍ത്തിച്ചത്.

ഭൂവുടമാധിപത്യത്തെയും ജാതിവ്യവസ്ഥയെയും വര്‍ണവിഭജനങ്ങളെയും സാധൂകരിക്കുന്ന സാമൂഹിക ധര്‍മ്മ സംവിധാനങ്ങളിലേക്കും അതിന്റെ അടിച്ചമര്‍ത്തല്‍ രൂപത്തിലേക്കും മനുഷ്യനെ മെരുക്കിയെടുക്കുന്ന ഒരു സാംസ്‌കാരിക പ്രതിഭാസമായിട്ടാണ് രാമായണം പോലെയുള്ള കൃതികള്‍ അതിന്റെ വ്യത്യസ്തമായ ഭാഷ ആഖ്യാനങ്ങള്‍, പ്രാദേശിക വഴക്കങ്ങള്‍ രാജ്യത്തു ഉപയോഗിക്കപ്പെട്ടത്. അതുകൊണ്ട് കീഴടക്കപ്പെട്ട വിഭാഗങ്ങളുടെ സാമാന്യബോധത്തെ, അവരുടെ ദൈന്യംദിന ജീവിതബോധ്യങ്ങളെ, ആവിഷ്‌ക്കാരരൂപങ്ങളെ, ഭാഷാവ്യവഹാരങ്ങളെ പോലും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നതില്‍ ഈ രാമായണ മഹാഭാരത പാരമ്പര്യങ്ങള്‍ക്ക് വളരെ ശക്തമായ സ്വാധീനങ്ങളുണ്ട്. ആ അര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ ഈ കൃതികള്‍ ഒരു അധീശ പ്രത്യയശാസ്ത്രമായി സാമാന്യജനത്തിന്റെ മേല്‍ അവര്‍ക്ക് കൂടി സമ്മതമാകുന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. സാമാന്യബോധത്തിന്റെ ഭാഗമായി അവരെ മാറ്റി തീര്‍ക്കുന്നതിന് ഒരു സാംസ്‌കാരിക അധീശത്വരൂപമായിട്ടാണ് ഇവ പ്രവര്‍ത്തിച്ചിട്ടുള്ളത്.

കേരളവും തമിഴ്‌നാടും ഉള്‍പ്പടെയുള്ള സമൂഹത്തില്‍ ഇത്തരം ഇതിഹാസ പുരാണ പാരമ്പര്യങ്ങള്‍ ബ്രാഹ്മണരുടെയും മറ്റിതര സമൂഹങ്ങളുടെയുമൊക്കെ ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായിട്ടാണ് ദൃശ്യപ്പെട്ടത്. ദക്ഷിണേന്ത്യയില്‍ എത്തിയ ബ്രാഹ്മണരില്‍ കൂടുതല്‍ ശൈവപാരമ്പര്യങ്ങളില്‍ പെട്ടവരായിരുന്നു. തമിഴ് നാട്ടില്‍ ഉണ്ടായിവന്ന ഭരണകൂട രൂപങ്ങളായ പല്ലവ പാണ്ഡ്യ ചോള രാജ്യ സ്ഥാനങ്ങളൊന്നും ക്ഷത്രിയ വംശങ്ങളില്‍ നിന്നും ഉണ്ടായി വന്നതല്ല. ഇവരൊക്കെ പലപ്പോഴും ഗോത്രപരമായിട്ടുള്ള ഒരു പാരമ്പര്യത്തില്‍ പെട്ട കോയ്മകളായി വികസിച്ചു വന്നവരാണ്. ബ്രാഹ്മണരുടെ അനുഷ്ഠാനവും സംസ്‌കൃത ജന്യമായ അനുഷ്ഠാനരൂപങ്ങളും രാമായണം, മഹാഭാരതം ഉള്‍പ്പടെയുള്ള കഥനരൂപങ്ങളുടെയും ഹോമ യജ്ഞ സംസ്‌കാരത്തിന്റെയും സഹായത്തോടെ വടക്കെ €ഇന്ത്യയിലും ഡെക്കാനിലും ഉണ്ടായിവന്ന അര്‍ത്ഥശാസ്ത്ര മാതൃകയിലുള്ള രാജസ്ഥാനങ്ങളായി ഇവയെ മാറ്റാന്‍ ബ്രാഹ്മണര്‍ രാജവംശങ്ങളും വംശാവലികളും നിര്‍മ്മിച്ചു മാറ്റിതീര്‍ക്കുകയാണുണ്ടായത്. ധര്‍മ്മ ശാസ്ത്ര പരമ്പര്യങ്ങളുടെ (സ്മൃതികളടക്കമുള്ളവ) സഹായത്തോടെ ക്ഷത്രിയരാക്കി മാറ്റുന്ന പ്രക്രിയക്കൊപ്പമാണ് രാജാധിപത്യമായി ഈ സമൂഹങ്ങളൊക്കെ മാറിയത്. ആ രാജാധിപത്യത്തിന്റെ സംരക്ഷണത്തിലാണ് ദക്ഷിണേന്ത്യയില്‍ ഇത്തരം ഇതിഹാസ പുരാണ പാരമ്പര്യങ്ങള്‍ ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമായി വികസിച്ചു വന്നത്. പിന്നീട് അതിനു മേല്‍കൈ നേടാനായത് ക്ഷേത്രത്തില്‍ ദേവതകളായും ദൈവരൂപങ്ങളായും അനുഷ്ഠന രൂപങ്ങളായപ്പോഴാണ്. കേരളത്തിലും മറ്റും ഇവര്‍ ശിവക്ഷേത്രങ്ങളാണ് നിര്‍മ്മിച്ചത്. ചിലര്‍ ജൈനന്മാര്‍ ആയിരുന്നു. ചിലര്‍ ബുദ്ധപാരമ്പര്യത്തില്‍ പെട്ടവരായിരുന്നു. പിന്നീടവര്‍ ബ്രാഹ്മണരുടെ ഇടപെടലിലൂടെ വൈഷ്ണവരെക്കാള്‍ ഉപരിയായി ശൈവരായിട്ടാണ് മാറിയത്.

ദക്ഷിണേന്ത്യയില്‍ മഹാഭാരതത്തിനായിരുന്നു പ്രാധാന്യം, രാമായണത്തിനായിരുന്നില്ല. പല്ലവരുടെ പ്രധാനപ്പെട്ട ഒരു ആര്‍കിടെക്ച്ചര്‍ വണ്ടര്‍ എന്നറിയപ്പെടുന്ന മഹാബലിപുരത്തെ പല്ലവരുടെ ഒറ്റക്കല്‍ മണ്ഡപങ്ങളായി കൊത്തിവെച്ചിരിക്കുന്ന (ങീിീഹശവേശര േെൃൗൗേൃല)െ ക്ഷേത്രങ്ങള്‍ പഞ്ചപാണ്ഡവരഥങ്ങളാണ്. അല്ലാതെ ശ്രീരാമന്റേതല്ല. എന്ന് പറഞ്ഞാല്‍ വൈവിധ്യമായിട്ടുള്ള പാരമ്പര്യങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന മഹാഭാരതത്തിന്റെ പാരമ്പര്യങ്ങളെയാണ് ദക്ഷിണേന്ത്യ പ്രത്യേകിച്ച് കേരളം പോലും ഉള്‍ക്കൊണ്ടിട്ടുള്ളത്. കാരണം ഒട്ടനവധി നാട് പാരമ്പര്യങ്ങള്‍, കാവുപാരമ്പര്യങ്ങള്‍, അയിത്ത ജാതിക്കാരുടെയും ശൂദ്രരുടേയും കര്‍ഷകരുടെയും പുറന്തള്ളപ്പെട്ട സമൂഹങ്ങളുടെയും അവരുടെ ഗോത്ര ദൈവങ്ങള്‍ എന്നിവക്ക് കൂടുതല്‍ സ്വീകാര്യമായിട്ടുള്ള ദൈവസങ്കല്പങ്ങള്‍, അവയെ ഉള്‍കൊള്ളുവാനുള്ള ദേവത ശിവനായിരുന്നു. അത് രാമനോ കൃഷ്ണനോ അല്ല. മാത്രമല്ല രാമന്‍ ശ്രീലങ്ക കീഴടക്കിയെന്നൊക്കെ സാധാരണ പറയാറുണ്ടെങ്കിലും രാമനെ പ്രതിഷ്ഠിച്ചിട്ടുള്ള അറിയപ്പെടുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലോ മറ്റു ദക്ഷിണേന്ത്യയില്‍ പോലുമോ വ്യാപകമല്ല. ശ്രീരാമനുമായി ബന്ധപ്പെട്ട ഒരു ബ്രാഹ്മണ ക്ഷേത്രവുമില്ല കേരളത്തില്‍ കൂടുതലും ശൈവക്ഷേത്രങ്ങളാണ്. മാത്രമല്ല കേരളത്തിലെ ക്ഷേത്ര ആരാധനകളെല്ലാം തന്നെ ശൈവപാരമ്പര്യങ്ങളില്‍പ്പെട്ട തന്ത്രപാരമ്പര്യങ്ങളാണ്, വൈഷ്ണവികമല്ല. ശൈവപാരമ്പര്യത്തില്‍ പെടുന്ന ഒരു ബ്രാഹ്മണ ക്ഷേത്രസംസ്‌കാരമാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലുള്‍പ്പെട്ട പ്രദേശങ്ങളില്‍ സാമൂഹികാധിപത്യം നേടുന്നതിന് ബ്രാഹ്മണര്‍ ഉപയോഗിച്ചത്. തെക്കെ ഇന്ത്യയിലെ ക്ഷേത്ര ആചാരങ്ങള്‍ ശൈവ ആഗമങ്ങള്‍ക്കു അനുസൃതമായ തന്ത്രപാരമ്പര്യങ്ങളാണ്. ശ്രീരാമന്‍ എന്ന് പറയുന്ന ബിംബത്തിനു കേരളത്തിലെ പരമ്പരാഗതമായ ക്ഷേത്രങ്ങളില്‍ ഒരു മൂര്‍ത്തിയായി മാറുന്നതിവ് കഴിയുമായിരുന്നില്ല. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര്‍ എല്ലാം തന്നെ റിച്വലിസ്റ്റിക്കുകള്‍ ആയിരുന്നു. അനുഷ്ഠനത്തിനും ഹോമത്തിനും യജ്ഞത്തിനും പ്രാധാന്യം കൊടുത്തിരുന്ന ആളുകളായിരുന്നതുകൊണ്ട് നാട്ടില്‍ നിലനിന്ന ഒട്ടനവധി നാട്ടുദൈവങ്ങളെയും അമ്മപാരമ്പര്യങ്ങളെയും ബൗദ്ധ ജൈന പാരമ്പര്യങ്ങളുള്‍പ്പടെയുള്ള തദ്ദേശീയ പാരമ്പര്യങ്ങളെയുമെല്ലാം തന്നെ ബ്രാഹ്മണ ക്ഷേത്ര കേന്ദ്രീകൃതമായ അനുഷ്ഠാന വ്യവസ്ഥിതിയിലേക്ക് ഉള്‍ച്ചേര്‍ക്കാനാവുമായിരുന്നു.

ചേര ഭരണകൂട അധികാരത്തിന്റെയും അതിനുശേഷം വന്ന നാട്ടുരാജ്യങ്ങളെന്ന് വിളിക്കപ്പെടുന്നവരുടെ (കോവിലകങ്ങളില്‍ നിന്നും വികസിച്ചുവന്ന നാട്ടുരാജ്യങ്ങളുടെ ഉദാ: കൊച്ചി, തിരുവതാംകൂര്‍, കോഴിക്കോട്) നിയന്ത്രണത്തില്‍ തന്നെയുള്ള തളികള്‍ എന്ന് പറയുന്ന വ്യവസ്ഥയിലൊന്നും തന്നെ ശ്രീരാമന്‍ എന്ന ഒരാള്‍ പ്രിഡോമിനന്റ് ആയി വരുന്നില്ല. അതായതു പ്രാക് ആധുനിക കാലഘട്ടം വരെ കേരളത്തിലെ ക്ഷേത്ര പാരമ്പര്യത്തിലും ബ്രാഹ്മണരുടെ റിച്വല്‍ കള്‍ച്ചറിലൊന്നും തന്നെ ശ്രീരാമനോ അല്ലെങ്കില്‍ ഈ പറയുന്ന രാമായണമോ ഒരു പ്രധാനപ്പെട്ട ടെക്സ്റ്റ് പോലുമായിരുന്നില്ല. പ്രധാനപ്പെട്ട മധ്യകാല ക്ഷേത്രങ്ങളില്‍ ചില കാലഘട്ടത്തില്‍ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ മഹാഭാരതം വായന നടന്നിരുന്നതായി പറയപ്പെടുന്നു. രാമായണം അവരുടെ ഇതിഹാസ പാരമ്പര്യമായിരുന്നില്ല, മറിച്ചു മഹാഭാരതമായിരുന്നു. അതുകൊണ്ടായിരിക്കാം മഹാഭാരതം (മാപാരതം) വായന മധ്യകാല ബ്രാഹ്മണ ക്ഷേത്രങ്ങളില്‍ പ്രധാനമായി മാറിയത്. . അതുകാണിക്കുന്നത് ഇവിടുത്തെ പരമ്പരാഗതമായ ക്ഷേത്രബ്രഹ്മണ്യം നിലനിന്നിരുന്നത് മീമാംസകന്മാര്‍ എന്ന് പറയപ്പെടുന്ന ബ്രാഹ്മണ പാരമ്പര്യത്തില്‍പ്പെട്ടവരായിരുന്നു എന്നാണ്. എന്നുവെച്ചാല്‍ അനുഷ്ഠാനങ്ങള്‍ക്ക് കുഴിക്കാട്ട് പച്ച, തന്ത്ര സമുച്ചയം പോലെയുള്ള കൃതികളില്‍ പരാമര്‍ശിക്കുന്നതു പോലെയുള്ള യജ്ഞസംസ്‌കാരത്തിനും ക്ഷേത്രസംസ്‌കാരത്തിനും ആചാരമുറകള്‍ക്കും അധിഷ്ഠിതമായിട്ടുള്ള നമ്പൂതിരി ബ്രാഹ്മണ്യത്തിന്റെ ഒരു പദ്ധതി ക്ഷേത്രവ്യവസ്ഥിതിയില്‍ ഉണ്ടായപ്പോള്‍ അവര്‍ക്ക് രാമായണം പോലെയുള്ള ടെക്സ്റ്റിനേക്കാള്‍ ശൈവമായ ആചാരമുറകളോടായിരുന്നു താല്‍പ്പര്യം. അതിനു കാരണം നമ്പൂതിരിമാര്‍ എന്ന് പറയപ്പെടുന്ന ആളുകള്‍ക്ക് ഒരു ശുദ്ധബ്രാഹ്മണ്യത്തിന്റെ പാരമ്പര്യമില്ല എന്നതാണ്. ശുദ്ധ ബ്രാഹ്മണ ഗോത്രങ്ങളുടെ അതായതു ഗൗതമ, വിശ്വാമിത്ര, ഭാരധ്വജ തുടങ്ങിയ ബ്രാഹ്മണ ഗോത്രങ്ങളുമായി കേരളത്തിലെ ബ്രാഹ്മണര്‍ക്ക് യാതൊരു വംശാവലി ബന്ധവും അവകാശപ്പെടാനില്ല. അതുകൊണ്ടാണ് ഒരു കേരളോല്‍പ്പത്തികഥയും ശങ്കരസ്മൃതി പാരമ്പര്യവും കേരളത്തിലെ ബ്രാഹ്മണര്‍ക്ക് ഉണ്ടാക്കേണ്ടിവന്നത്. ഇവര്‍ ഒരു ഗോത്രസ്വഭാവമുള്ള ‘രായല്‍ സീമ’ എന്ന് പറയുന്ന ആന്ധ്രായില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഗുജറാത്ത് പോലെയുള്ള തീരപ്രദേശത്തുനിന്നും നാടോടികളായി വന്ന മനുഷ്യരാണ്. വളരെ കലര്‍പ്പ് കലര്‍ന്ന ബ്രാഹ്മണ പാരമ്പര്യമായിരുന്നു കേരളത്തിലേക്ക് വന്ന ബ്രാഹ്മണര്‍ക്കുള്ളത്. കലര്‍പ്പുള്ളവര്‍ക്ക് അനുയോജ്യമായിട്ടുള്ള ഒരു പാരമ്പര്യമെന്നു പറയുന്നത് മഹാഭാരതമായിരിക്കാം. മഹാഭാരതത്തില്‍ പറയുന്ന വൈവിധ്യങ്ങളെയൊക്കെ ഉള്‍കൊള്ളുന്നതും നിലനിര്‍ത്തുന്നതുമായ ഒരു പാരമ്പര്യമായിരിക്കും രാമായണത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യമാകുന്നതിന്റെ മറ്റൊരു കാരണം. കൂടാതെ യജ്ഞസംസ്‌കാരത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്ത മീമാംസകരായിരുന്നത് കൊണ്ട് രാമായണത്തെ ദൈന്യം ദിന ക്ഷേത്ര വ്യവസ്ഥയുടെ ആചാരമുറകളുടെ ഭാഗമാക്കാനാവുമായിരുന്നില്ല. പിന്നീട് ഈ ഇതിഹാസ രൂപങ്ങളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ഭാഗമായി ഇവിടുത്തെ ശൂദ്രരും അമ്പലവാസികളുമായ സമൂഹങ്ങള്‍ ബ്രാഹ്മണ്യത്തില്‍ പങ്കുപറ്റുന്നതിനും ക്ഷേത്രപരമ്പര്യത്തിന്റേയും അനുഷ്ഠനപദ്ധതികളുടേയും ഭാഗമായിത്തീരുന്നതിനും വേണ്ടി സാംസ്‌കാരികമായി ഉപയോഗിച്ച ഒരു വിഭവ രൂപമെന്ന രീതിയില്‍ അഥവാ ‘കള്‍ച്ചറല്‍ റിസോര്‍സ്’ എന്ന രീതിയിലാണ് രാമായണം കടന്നു വന്നത്.

3 ഇതിഹാസപാരമ്പര്യമല്ല, കേരളത്തിന്റേത് കാവ് പാരമ്പര്യം

ആചാരബ്രാഹ്മണ്യവും ജന്മി നാടുവാഴിത്തവും:

ചേരപെരുമാക്കന്മാരുടെയും നാട്ടുടയവരുടെയും കാലത്ത് നമ്പൂതിരി ബ്രഹ്മണ്യവും ക്ഷേത്രാധിപത്യവും സൃഷ്ടിച്ച നമ്പൂതിരിക്ഷേത്ര ബ്രാഹ്മണ്യം സാമൂഹിക ആധിപത്യം നേടി. ജന്മിത്തവും ക്ഷേത്രമീമാംസക അനുഷ്ഠാനങ്ങളും സംസ്‌കൃത ധര്‍മ്മ ശാസ്ത്ര ജാതി – വര്‍ണ്ണ വിഭജനങ്ങളും സാമൂഹിക വിഭജനക്രമമായി നിലനിന്നു. പണിയെടുക്കുന്ന തൊഴില്‍ സമൂഹങ്ങള്‍ ആളടിയാരും അയിത്തക്കാരുമായി. കാര്‍ഷിക കൈത്തൊഴില്‍ വിഭാഗങ്ങള്‍ വ്യത്യസ്ത കുടിസമൂഹങ്ങളായി വിവിധ അയിത്ത ജാതി സമൂഹങ്ങളായി നിലനിന്നു. അമ്പലവാസികളും പതിതബ്രാഹ്മണരും ശൂദ്രരായി നിലനിര്‍ത്തിയ നായര്‍ വിഭാഗങ്ങളും ക്ഷേത്ര ബ്രാഹ്മണ്യത്തിന്റെയും അനുഷ്ഠാന വ്യവസ്ഥയുടെയും ആചാരബ്രഹ്മണ്യത്തി ന്റെയും ഇരകള്‍ കൂടിയായിരുന്നു. ബ്രാഹ്മണ്യ ലോകവീക്ഷണത്തിനും ധര്‍മ്മ ശാസ്ത്ര പാരമ്പര്യത്തിന് പുറത്തും ഒരു ആത്മീയ പാരമ്പര്യമോ അനുഷ്ഠാന വ്യവസ്ഥയോ അമ്പലവാസികള്‍ക്കും ശുദ്ര നായന്മാര്‍ക്കും അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല.

അടിമജാതികളുടെയും ഈഴവര്‍ ഉള്‍പ്പടെയുള്ള കുടി ജനങ്ങളുടെയും അയിത്ത ജാതിക്കാരുടെയും അനുഷ്ഠാന സംസ്‌കാരത്തിന്റെയും കാവ് പാരമ്പര്യത്തെയും പോലെ ബ്രാഹ്മണ ഇതരമായ ഒരു പാരമ്പര്യം കേരളത്തില്‍ പതിത അമ്പലവാസികള്‍ക്കും ശുദ്ര നായര്‍ വിഭാഗങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. പില്‍ക്കാല ചേര കാലഘട്ടത്തില്‍ നാടുകളില്‍ നിന്നുയര്‍ന്നുവന്ന സ്വരൂപങ്ങളും നാടുവാഴി കോവിലകങ്ങളും രാഷ്ട്രീയാധികാരത്തിന്റെ ശക്തികേന്ദ്രങ്ങളായി സാമന്തക്ഷത്രിയരായി. ജന്മിത്തവും ജന്മകാണാവ്യവസ്ഥയും കാണക്കാരും പാട്ടകുടിയാന്മാരെയും ഇടനിലക്കാരെയും സൃഷ്ടിച്ചു. കച്ചവടം കൈമാറ്റം പണമിടപാടുകള്‍ മുതലായവ കൃഷിയും കച്ചവടവും വികസിപ്പിക്കുന്ന കണ്ണികളായി. സ്വരൂപാ ധികാരത്തിന്റെയും കച്ചവടവിനിമയത്തിന്റെയും ഭാഗമായി എഴുത്ത്, കണക്ക് എന്നിവ കൈകാര്യം ചെയുന്ന വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നു . ശൂദ്രവിഭാഗങ്ങളില്‍ നിന്നും അമ്പലവാസികളില്‍ നിന്നും സേവന ജാതി വിഭാഗങ്ങളില്‍ നിന്നുമാണ് എഴുത്തുകാരും കണക്കപിള്ളമാരുമായി ഒരു സമൂഹം ഉയര്‍ന്നു വന്നത്. എഴുത്ത് പള്ളികള്‍, ആശാന്‍ കളരികള്‍, കുടിപ്പള്ളിക്കൂടങ്ങള്‍ എന്നിവ അയിത്ത ജാതികള്‍ക്കിടയിലും നിലനിന്നിരുന്നു. നാടുവാഴി കോവിലകങ്ങളുമായി ബന്ധപെട്ടു അധികാരത്തിന്റെ ഇടനിലക്കാരും കരംപിരിവുകാരും കണക്കപിള്ളമാരും നാട്ടുപ്രമാണികളും ഭൂവുടമകളും സൈനിക സംഘങ്ങളെ നിയന്ത്രി ക്കുന്നവരും നായര്‍, നമ്പ്യാര്‍, പിള്ള, പണിക്കര്‍, മേനോന്‍, മേനോക്കി, മാടമ്പി, കുറുപ്പ്, ഉണ്ണിത്താന്‍ എന്നിങ്ങനെ ശുദ്രജാതികളായി സ്ഥാനപ്പെട്ടു. ഈഴവര്‍ മണ്ണാന്‍ തുടങ്ങിയവര്‍ അയിത്ത ജാതി കാളായിരുന്നു. ഇവര്‍ കൂടുതലും പാട്ടക്കുടിയാന്‍മാരും വെറും പാട്ടക്കാരുമായിരുന്നു. ജാതി അടിമകളായ പറയര്‍, പുലയര്‍, കണക്കര്‍ എന്നിവര്‍ ജാതിബ്രാഹ്മണ്യവും ജന്മിത്തവും സൃഷ്ടിച്ച സമൂഹ വ്യവസ്ഥയിലെ അടിത്തട്ട് മനുഷ്യരായിരുന്നു. അയിത്തജാതികള്‍ക്കും അടിമ ജാതികള്‍ക്കും ഗോത്രസമൂഹങ്ങള്‍ക്കും ക്ഷേത്ര ആരാധനയ്ക്കു പുറത്തു ബ്രാഹ്മണ ഇതരമായ വിശ്വാസവ്യവസ്ഥയും അനുഷ്ഠാനരീതികളും ദൈവഗണങ്ങളും ആരാധമൂര്‍ത്തികളും ഉണ്ടായിരുന്നു. ഈ സമൂഹങ്ങളുടെ ഭാഷകള്‍ വിവിധ ജാതി ഗോത്ര ഭാഷകളും മണിപ്രവാള മലയാളത്തില്‍ നിന്നും ഭിന്നമായ പേച്ചുവഴക്കങ്ങളും മൊഴിവഴക്കങ്ങളും ആവിഷ്‌കാരരൂപങ്ങളും നിലനിന്നിരുന്നു.

പതിതബ്രാഹ്മണരും ശൂദ്രസ്വത്വവും

കേരളത്തിലെ ആചാരബ്രാഹ്മണ്യവും ആഗമക്ഷേത്രാചാരങ്ങളും ക്ഷേത്തിന്റെ ഗര്‍ഭഗൃഹത്തിനു സമീപത്തുപോലും ചെല്ലാന്‍ ശുദ്ര നായര്‍ വിഭാഗങ്ങളെയും അമ്പലവാസികളെയും അനുവദിച്ചിരുന്നില്ല. ഇതുമൂലം മധ്യമ ജാതികളും നായര്‍ ശുദ്രര്‍ക്കും ജന്മി നാടുവാഴിത്ത വ്യവസ്ഥിതിയില്‍ ജന്മി ബ്രാഹ്മണ്യത്തിന്റെയും നാടുവാഴി കോയ്മകളുടെയും പരാന്ന ഭോജി സംസ്‌കാരത്തില്‍ പങ്കുപറ്റുന്നതിനും സ്വയം സവര്‍ണ്ണവല്‍ക്കരിക്കുന്നതിനും ഇതിഹാസ പുരാണ പാരമ്പര്യങ്ങളെ ഉപയോഗിച്ച് കൊണ്ട് നമ്പൂതിരി ബ്രഹ്മണ്യത്തെ ശുദ്രവല്‍ക്കരിക്കേണ്ടതുണ്ടായിരുന്നു. ഒരേസമയം ക്ഷേത്ര ബ്രാഹ്മണ്യത്തെയും അതിന്റെ വര്‍ണ്ണ-ജാതി ഭേദങ്ങളേയും ഇതിഹാസ പുരാണ പാര്യമ്പര്യത്തെ ഭക്തിസംസ്‌കാരമാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടാണ് ഇതു സാധ്യമാക്കിയത്. പാപം, ദോഷം, സ്ഥാനം, മാനം, ഹീനത എന്നിവ വ്യക്തികളുടെ ഭക്തികൊണ്ട് മറികടക്കുന്ന ഒന്നായി കാണുന്ന, ഭക്തി കൊണ്ട് സാമൂഹിക വ്യവസ്ഥയെ അതിവര്‍ത്തിക്കാം എന്ന തോന്നല്‍ സൃഷിക്കുന്ന മനോഭാവവും സാമാന്യബോധവും ശുദ്രജാതികളിലും നമ്പൂതിരി ബ്രാഹ്മണ്യം പതിതരാക്കിയ ആസ്യബ്രാഹ്മണരിലും സൃഷ്ടിക്കുക എന്നതായിരുന്നു ഇതിന്റെ ഒരു രീതി. എന്നാല്‍ ഭക്തിസംസ്‌കാരം മാടമ്പി നാടുവാഴി രാഷ്ട്രിയക്രമത്തെയും നമ്പൂതിരി ജന്മിത്വത്തെയും ബ്രാഹ്മണ്യ ലോകക്രമത്തെയും സ്വാഭാവികവും സാമാന്യബോധവുമാക്കുന്നതിനു ഉപയോഗിക്കുക എന്ന ലക്ഷ്യത്തിനപ്പുറത്തേക്കു ഇതിനു വികസിക്കാന്‍ കഴിഞ്ഞില്ല. ഇതിഹാസപുരാണ പാരമ്പര്യത്തിന്റെ ഭക്തി ആവിഷ്‌കാരങ്ങള്‍ക്കു മധ്യകാല- പ്രാഗ് ആധുനിക സമൂഹത്തിലെ അടിമ ഉടമ വ്യവസ്ഥിതിയെയും കോയ്മ വ്യവസ്ഥിതിയെയും വിധ്വാംസകമായി മറികടക്കുന്ന ഒരു ആശയമണ്ഡലത്തെ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം ബ്രഹ്മണ്യത്തെയും ജാതിയെയും മുറിച്ചു മാറ്റുന്ന ചിന്തയെ സൃഷ്ടിക്കാന്‍ ബ്രാഹ്മണിക് ആശയലോകഭാരം നിറഞ്ഞ ഇതിഹാസ പുരാണ പാരമ്പര്യത്തിന് കഴിയുമായിരുന്നില്ല.

തങ്ങളുടെ ശുദ്ര പതിതത്തത്തെ ഭക്തിയിലൂടെ അതിവര്‍ത്തിക്കുന്ന രീതിയാണ് കണ്ണശകവികള്‍ എന്നറിയപ്പെടുന്ന നിരണം കവികള്‍ ചെയ്തത്. രാമായണത്തെ ആധ്യാത്മിക ഭക്തിപാരമ്പര്യമാക്കി മാറ്റുകയും ബ്രാഹ്മണ്യ വ്യവസ്ഥിതിയെ അതുവഴി അതിവര്‍ത്തിക്കുന്ന പ്രതീകാത്മക പ്രതീതി (transgress ) യായിരുന്നു ഇതു സൃഷ്ടിച്ചത്. വാല്‍മീകി രാമായണത്തിന്റെ വര്‍ണ്ണ ജാതി പ്രത്യയ ശാസ്ത്രത്തിന്റെ സമൂഹ ഭാവനയെ ഭക്തി പ്രത്യയ ശാസ്ത്രമാക്കി മധ്യകാല ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥിതിയെ സാധുകരിക്കുന്ന രീതിയായിട്ടാണ് ഇതു നിലനിന്നത്. ചീരാമ കവികളാണ് ഈ ഭക്തി ആധ്യാത്മിക ലോക ബോധം ശ്രീരാമകഥനവും ഭാഷാ രാമായണവുമായി അവതരിപ്പിച്ചത്. ഇതിന്റെ മൂര്‍ത്തവും വിപുലവുമായ രൂപം എഴുത്തച്ഛന്റെ അദ്ധാത്മരാമായണം കിളിപ്പാട്ട് രൂപത്തിലൂടെ വികസിച്ചു വന്നതാണ്. പതിതബ്രാഹ്മണരുടേയും ശുദ്ര മധ്യവര്‍ത്തികളുടെയും ആത്മീയ ഭാവനയും സ്വത്വപ്രകാശനവുമായിരുന്നു ഈ ഭക്തിസാഹിത്യവും വ്യക്തിയെ മോക്ഷത്തില്‍ എത്തിക്കുന്ന ആത്യാത്മിക പദ്ധതിയും. ഫ്യൂഡല്‍കാലഘട്ടത്തില്‍ ഫ്യൂഡല്‍ ഭൂവുടമാധികാരത്തിനു സമാന്തരമായി വ്യക്തികളെ ഇതിഹാസ പുരാണ പാരമ്പര്യത്തില്‍ ഭക്തരായി നിലനിര്‍ത്തി മേല്‍കിഴ് വ്യവസ്ഥിതിയെയും ജാതി വര്‍ണ്ണ മര്യാദകളെയും ആദര്‍ശ ധര്‍മ്മ വ്യവസ്ഥയായി കിഴാളരെയും ശുദ്ര കര്‍ഷകരെയും മെരുക്കിനിര്‍ത്തി അവരുടെ ലോക ബോധത്തെ പരുവപ്പെടുത്തിയെടുത്തതു ഭക്തിസാഹിത്യങ്ങളാണെന്നു ആര്‍ എസ് ശര്‍മ എന്ന ചരിത്രകാരന്‍ തന്റെ ഇന്ത്യന്‍ ഫ്യൂഡലിസത്തെ പറ്റിയുള്ള പഠനങ്ങളില്‍ വിശദികരിച്ചിട്ടുണ്ട്. കേരളത്തില്‍ രാമായണം വിശിഷ്യാ അദ്ധ്യാത്മ രാമായണവും പാട്ടു സാഹിത്യവും ജന്മ- കാണ-ജാതി വ്യവസ്ഥക്കുള്ളില്‍ പണിയെടുക്കുന്ന ജാതി അടിമകളെയും കാര്‍ഷിക കുടി സമുദായങ്ങളെയും കൈത്തൊഴില്‍ കമ്മാള വിഭാഗങ്ങളെയും പാട്ടക്കുടിയാന്മാരെയും വെറുംപാട്ടക്കാരെയും ഈഴവര്‍ ചാന്നാര്‍ തുടങ്ങിയ വിവിധ അയിത്ത ജാതി വിഭാഗങ്ങളെയും ജന്മിത്ത ഭൂവുടമാധിപത്യ ത്തിനോടും ക്ഷേത്രബ്രഹ്മണ്യത്തിന്റ അനുഷ്ഠാന കോയ്മയെയും മാടമ്പി നാട്ടുകോയ്മകളോടും നാടുവാഴി സ്വരൂപങ്ങളുടെ രാഷ്ട്രിയ കോയ്മയോടും വര്‍ണ്ണജാതി മൂല്യങ്ങളെ സാധുകരിക്കുന്ന ധര്‍മശാസ്ത്ര വിധികളോടും വിധേയപ്പെട്ടു നില്‍ക്കുന്ന ഭക്തി ജനസഞ്ചത്തെ പരുവപ്പെടുത്തുന്ന ഒരു പങ്ക് വഹിച്ചിട്ടുണ്ട്. കോയ്മവ്യവസ്ഥയെ ഈ ഭക്തിപാരമ്പര്യം ചോദ്യം ചെയ്തില്ല. മറിച്ചു അതിനെ ഭക്തി കൊണ്ട് മറികടക്കുന്ന പ്രതീതി യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്ന അതിവര്‍ത്തന ബോധമായാണ് ഈ പാരമ്പര്യം നിലനിന്നത്. വ്യവസ്ഥിതിയെ ധര്‍മ്മ വിധികളായി അനുസരിക്കുന്ന ഭക്തസാമാന്യത്തെ സൃഷ്ടിക്കുന്ന പങ്കുകൂടി ചീരാമകവികളും കണ്ണശ /നിരണം കവികളും തുഞ്ചത്തു എഴുത്തച്ഛന്‍ മുതലായവര്‍ രൂപപ്പെടുത്തിയ പാട്ടു രാമായണങ്ങള്‍ക്കുണ്ടായിരുന്നു.

ജാതി അടിമത്തവും കാവ് പാരമ്പര്യവും

കേരളത്തിലെ ഈഴവര്‍, പുലയര്‍ പറയര്‍, വണ്ണാന്‍, കണക്കന്‍ മുതലായ അയിത്തജാതി സമൂഹങ്ങള്‍ ഈ രാമായണ ഭക്തി പാരമ്പര്യത്തിന് ചരിത്ര പരമായി പുറത്തായിരുന്നു. ഈഴവരുടെ കാവ് പാരമ്പര്യവും പറയ, പുലയ, മണ്ണാന്‍ സമുദായങ്ങളുടെ തറ, മുണ്ട്യ, കോട്ടം, പതി മുതലായ അനുഷ്ഠാന സ്ഥാനങ്ങളിലൊന്നും ഇതിഹാസ പുരാണ പാരമ്പര്യങ്ങളില്‍ പറയുന്ന മൂര്‍ത്തികളും ശ്രീരാമനെ പോലുള്ള ദൈവഗണങ്ങളൊ ആരാധന മൂര്‍ത്തികളായിരുന്നില്ല. കിഴാളരുടെയും ദളിതരുടെയും പാട്ടു പാരമ്പര്യങ്ങള്‍ ഇതിഹാസ പാരമ്പര്യത്തെ പ്രത്യേകിച്ചു രാമായണത്തെ പിന്‍പറ്റുന്നവയല്ല. ചെങ്ങന്നൂരാതിയെ പോലുള്ള വീരഗാഥകളും പൂമാതെ പൊന്നമ്മയെ പോലുള്ള പാട്ടു വഴക്കങ്ങളും രാമായണത്തെയോ ബ്രാഹ്മണിക് ഭക്തി പാരമ്പര്യത്തെയോ പിന്‍പറ്റുന്നവയല്ല. മറിച്ചു ജാതി ബ്രാഹ്മണ്യത്തെയും ജന്മി ത്തെയും നാടുവാഴി കോയ്മകളെയും നേരിട്ടെതിര്‍ക്കുന്ന പ്രത്യാധീശത്വ (counter hegemonic) സാംസ്‌കാരിക രൂപമായാണ് അവനിലനിന്നിട്ടുള്ളത്.

അദ്ധ്യാത്മ രാമായണവും ആധുനിക മലയാളിയും

കേരളത്തിലെ നവോത്ഥാന പ്രക്രിയയില്‍ ഇതിഹാസ പുരാണ പാരമ്പര്യങ്ങളെ പ്രത്യേകിച്ചു രാമായണത്തിന്റെ ഭക്തിപാരമ്പര്യത്തെ സാംസ്‌കാരികവും ദാര്‍ശനികവുമായ വിഭവവും പാരമ്പര്യവുമായി കണ്ടെടുക്കുന്ന ഒരു ഉദ്യമവും ഉണ്ടായിരുന്നില്ല. നാരായണഗുരു രാമായണത്തെ നിരാകരിക്കുന്നത് വാല്‍മീകി രാമായണത്തിന്റെ വര്‍ണ്ണ വരേണ്യതയും ജാതിശുദ്ധിയുടെയും ഭേദവ്യവസ്ഥയെ ധര്‍മ്മമായിക്കാണുന്ന ബ്രാഹ്മണപാരമ്പര്യത്തെയും ജാതി മൂല്യങ്ങളെയും ചൂണ്ടിക്കാട്ടി. വൈദിക ശൈവ പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യയില്‍ വിശിഷ്യാ അബ്രാഹ്മണരായ വെള്ളാള പിള്ളമാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സിദ്ധ -ശൈവ പാരമ്പര്യത്തെയാണ് നാരായണഗുരു നവോത്ഥാനത്തിന്റെ സാമൂഹികഭാവനകളെ സൃഷ്ടിക്കുവാനായി കണ്ടെടുക്കുന്നത്. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിനു അടിത്തറയായി വര്‍ത്തിച്ച നവോത്ഥാനത്തിന്റെ മുഖ്യ ദാര്ശനികവും മൂല്യപരവുമായ സ്രോതസ്സായി ഇതിഹാസ പുരാണങ്ങള്‍ക്കു ഒരും പങ്കും ഉണ്ടായിരുന്നില്ല. ഇതിഹാസ പുരാണ പാരമ്പര്യങ്ങളെ നിരാകരിച്ചുകൊണ്ടാണ് ആധുനിക നീതിവിചാരത്തിന്റെയും തുല്യതയുടെയും സാഹോദര്യത്തിന്റെ മൂല്യങ്ങളെ നവോത്ഥാന സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. ആധുനിക മലയാളിയെ ഒരു ഭാഷ സാംസ്‌കാരിക സ്വത്വമുള്ള ദേശിയ മനുഷ്യരായി നിര്‍മ്മിച്ചത് നവോത്ഥാന പ്രക്രിയയാണ്. എഴുത്തച്ഛന്‍ രാമായണത്തിനും കിളി പാട്ടുസാഹിത്യത്തിനും മലയാളത്തെ ഒരു മാനക ഭാഷയും മലയാളികളെ ഒരു പൊതുസമൂഹവുമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.

രാമായണവും പാരായണവും

എഴുത്തച്ഛന്റെ കിളിപ്പാട്ട് ഭക്തി രാമായണത്തിന്റെ വക്താക്കളും പ്രചാരകരും ശൂദ്ര സമൂഹങ്ങളും അമ്പലവാസി പതിത ബ്രാഹ്മണരുമായിരുന്നു. കിഴാള ദലിത് സമൂഹങ്ങളിലെ കാവ് പാരമ്പര്യത്തിലും അയിത്ത ജാതി സമൂഹങ്ങളുടെ നാട്ടുവഴക്കങ്ങളിലെ ആത്മീയ ബോധ്യങ്ങളിലും അനുഷ്ഠാന ക്രമങ്ങളിലൊന്നും ഈ ഭക്തി രാമായണത്തിന് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. അടിയാളര്‍ -കുടി സമൂഹങ്ങളുടെ വാങ്മയ പാരമ്പര്യങ്ങളും പാട്ടുസാഹിത്യവും പരിശോധിച്ചാല്‍ ഇതു നമുക്ക് മനസിലാകും. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ മീമാംസകന്മാരായിട്ടുള്ള നമ്പൂതിരി ബ്രാഹ്മണര്‍ പ്രചരിപ്പിച്ചതോ അവര്‍ നിലനിര്‍ത്തിപോന്നതോ അല്ലായിരുന്നു കേരളത്തിലെ രാമകഥന പാരമ്പര്യം. കേരളത്തിലെ പ്രസിദ്ധങ്ങളായ പരമ്പരാഗത 32 ബ്രാഹ്മണഗ്രാമങ്ങളിലൊന്നും ശ്രീരാമനു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഇല്ല. മാത്രമല്ല കേരളത്തിലെ തന്ത്രപാരമ്പര്യത്തിലും തന്ത്ര ഗ്രന്ഥങ്ങളിലൊന്നും മറ്റു മൂര്‍ത്തികളെപോലെ ശ്രീരാമനായി പ്രത്യേക പ്രതിഷ്ഠാകര്‍മങ്ങളോ പൂജാ വിധികളും ഉണ്ടായിരുന്നില്ല. പിന്നീടുണ്ടായിവന്ന ശ്രീരാമ ക്ഷേത്രങ്ങളില്‍ ശ്രീരാമന് പകരമായി ചതുര്‍ ബാഹുവായ വിഷ്ണുവിന്റെ പ്രതിഷ്ഠയാണുള്ളതെന്നു തന്ത്രപാരമ്പര്യത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള ഡോക്ടര്‍ ശ്യാം കുമാറിനെ പോലുള്ളവര്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഭക്തി രാമായണ പാഠങ്ങള്‍ മലയാളത്തിന്റെ മധ്യകാലരൂപത്തില്‍നിന്നും നമ്പുതിരി മണിപ്രവാള മലയാളത്തില്‍ നിന്നും ജനങ്ങള്‍ക്ക് മനസിലാകുന്ന മലയാളത്തിലാണ് ഉണ്ടായി വന്നത്. പുതുതായി ഉയര്‍ന്നു വന്ന ഇടത്തട്ടു വിഭാഗങ്ങളുടെയും ശുദ്ര ശ്രേണിയിലുള്ളവരുടെയും ഭാഷ ആവിഷ്‌കാരവും എഴുത്ത് വഴക്കവുമായിരുന്നു ഈ പുതു മലയാളം രൂപം. കേരളത്തില്‍ നമ്പുതിരി ബ്രാഹ്മണര്‍ പതിതരാക്കിയ തങ്ങളുടെ സ്വയം കര്‍തൃത്വവും ശുദ്ര സ്വത്വവും ആവിഷ്‌കരിക്കാന്‍ ശുദ്രന്മാരും മറ്റ് അമ്പലവാസികളും ഈ ഭാഷയും ഇതിഹാസ പുരാണ കഥന രൂപങ്ങളും പാട്ടുവഴക്കങ്ങളും ഉപയോഗിച്ചു. ഇവര്‍ ഭക്തിയെ തങ്ങളുടെ ശുദ്ര പതിതത്വത്തിന്റെ ആത്മാഖ്യാനമായി വികസിപ്പിക്കുകയാണ് രാമായണ കഥ നങ്ങളിലൂടെ ചെയ്തത്. നംബൂതിരി ബ്രാഹ്മണ്യത്തിന്റെ അധീശത്വത്തെ അഭി മുഖീകരിക്കാന്‍ ഇതു ശുദ്ര നായര്‍ വിഭാഗങ്ങള്‍ക്കും പതിത ബ്രാഹ്മണര്‍ക്കും വഴി തുറന്നുനല്കി. കണ്ണശ്ശന്മാര്‍ മുതല്‍ കുഞ്ചന്‍ നമ്പിയാര്‍ വരെയുള്ള പാട്ടു പാരമ്പര്യം ഇതാണ് കാണിക്കുന്നത്. എന്നാല്‍ ഈ പാട്ടു ഭക്തി പാരമ്പര്യത്തിനും അതു മുന്നോട്ടെടുത്ത സാമൂഹിക വിഭാഗങ്ങള്‍ക്കും ആഗമ അനുഷ്ഠാനങ്ങള്‍ക്കനുസരിച്ചുള്ള ക്ഷേത്ര ബ്രാഹ്മണ്യത്തിന്റെ ഇത്തിള്‍ കണ്ണികളായി നിലനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ശൂദ്രരെയും അമ്പലവാസികളെയും പതിത ബ്രാഹ്മണരെയും നിലനിര്‍ത്തിയ ജന്മിത്ത നാടുവാഴി സംസ്‌കാരത്തിന്റെ പരാന്ന ഭോജി സാമ്പത്തിക ബന്ധങ്ങളെയോ ജാതി ബ്രഹ്മണ്യത്തിന്റെ ആദര്‍ശ വര്‍ണ്ണ ജാതി ലോക വീക്ഷണത്തെയോ വിമര്‍ശിക്കുന്ന വിമര്‍ശസംസ്‌കാരത്തെ സൃഷ്ടിക്കാന്‍ ഇവരുടെ അദ്ധ്യാത്മ രാമായണ പാഠങ്ങള്‍ക്ക് കഴിഞ്ഞില്ല.

അതു ഭാഷയുടെ തന്നെ പുതിയ സ്വത്വപ്രകാശനത്തിന്റെ ഭക്തിപാരമ്പര്യമയി വികസിച്ചു. പക്ഷെ ഈ ഭക്തിപാരമ്പര്യത്തിലും രാമായണത്തിന്റെയോ മഹാഭാരതത്തിന്റെയോ ഭക്തിപാരമ്പര്യങ്ങളിലൊന്നും പൊതുവെ സാമൂഹിക ശ്രേണിയില്‍ നായര്‍ക്ക് താഴെയുള്ള ജാതിസമൂഹങ്ങള്‍ക്കും അയിത്ത ജാതിക്കാര്‍ക്കും ഒരു സ്വാധീനവുമുണ്ടായിരുന്നില്ല. അടുത്ത കാലം വരെയും അവരൊക്കെ കാവ് പാരമ്പര്യം എന്ന് പറയുന്ന മറ്റൊരു പാരമ്പര്യത്തിലാണ് നിലനിന്നിരുന്നത്. ഗോത്ര ദൈവങ്ങളുടെയോ കീഴാള അയിത്ത ജാതി അനുഷ്ഠാന രൂപങ്ങളുടെയോ അവരുടെ വിശ്വാസരൂപങ്ങളുടെയോ വിശ്വാസങ്കല്പങ്ങളുടെയോ പാരമ്പര്യങ്ങളുടെയോ ഭാഗമായിട്ട് കാവ് പാരമ്പര്യമെന്നു പൊതുവെ വിളിക്കപ്പെടുന്നതായിരുന്നു അവരുടെ സംസ്‌കാരം. അബ്രാഹ്മണ പാരമ്പര്യങ്ങളില്‍ നായര്‍ വരെയുള്ള വിഭാഗങ്ങളിലാണ് രാമായണവും മഹാഭാരതവും സാംസ്‌കാരികമായിട്ടുള്ള ഇടപെടലുകള്‍ കൂടുതലും നടത്തിയിട്ടുള്ളത്. ചില സമുദായങ്ങള്‍ തങ്ങളുടെ ഉത്ഭവത്തെ സാധൂകരിക്കാനും നിലനിര്‍ത്തുവാനും വേണ്ടി തങ്ങളുടെ ജാതി പുരാണങ്ങള്‍ (തങ്ങളുടെ ജാതികള്‍ എങ്ങനെയാണു ഉണ്ടായി വന്നതെന്ന്) ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയില്‍ തങ്ങളുടെ അതിജീവനത്തിന്റെ ഭാഗമായി ശിവന്റേയോ വിഷ്ണുവിന്റേയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഉപദേവതകളുടെയോ വംശാവലി ക്രമങ്ങളെ തങ്ങളുടെ ജാതിപുരാണവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉദാഹരണമായി ആശാരി, മുശാരി, തട്ടാന്‍ സമുദായങ്ങളൊക്കെ പലപ്പോഴും വൈഷ്ണവരില്‍ നിന്നാണ് അല്ലെങ്കില്‍ ശൈവരില്‍ നിന്നാണ് തങ്ങളൊക്കെ ഉണ്ടായതെന്നു അവകാശപ്പെടാറുണ്ട്. ശിവന്റെ ഭൂതഗണങ്ങളില്‍ നിന്നാണ് തങ്ങള്‍ ഉണ്ടായതെന്നും അല്ലെങ്കില്‍ മഹാഭാരതത്തിലെ മറ്റേതെങ്കിലും കഥാപാത്രങ്ങളുമായി ഇവര്‍ തങ്ങളുടെ ജാതി പുരാണങ്ങളെ ബന്ധിപ്പിക്കാറുണ്ട്. ജാത്യാധിപത്യത്തിന്റെ കീഴായ്മയില്‍ നില്‍കുമ്പോള്‍, അതിനെ ദൈന്യദിന ജീവിതത്തില്‍ അതിജീവിക്കാന്‍ ഇതിഹാസ പുരാണപാരമ്പര്യങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു സ്ട്രാറ്റജിയാണിത്. അവരുടെ പാരമ്പര്യത്തെ, വിജ്ഞാനരൂപത്തെ, സവിശേഷമായ സ്വത്വത്തെ, അറിവ് രൂപങ്ങളെ. നിലനിര്‍ത്താന്‍ വേണ്ടി ഏതെങ്കിലും രൂപത്തിലുള്ള ഇതിഹാസപുരാണങ്ങളിലെ ദൈവങ്ങളെ ബന്ധിപ്പിക്കുന്നത് രീതിയാണിത്. അധികാര കോയ്മകളെ അഭിമുഖീകരിക്കുന്ന രീതികൂടിയാണിത്. എന്നാല്‍ ഇത്തരം സമൂഹങ്ങള്‍ തങ്ങളുടെ നാട്ടു പാരമ്പര്യങ്ങളെയാണ് ദൈനംദിന ആത്മീയ അനുഷ്ഠാന ജീവിതത്തില്‍ നിലനിര്‍ത്തിയത്. മുകളില്‍ നിന്ന് ബ്രാഹ്മണരുടെയും നാടുവാഴികളുടെയും രാജാധിപത്യത്തിന്റയും നാട്ടുകോയ്മകളുടെയും ആധിപത്യത്തിന്റെ രൂപത്തില്‍ ഇതിഹാസപുരാണ പാരമ്പര്യങ്ങള്‍ അധികാരമായി പടര്‍ന്നിറങ്ങുമ്പോള്‍ കാവ് പാരമ്പര്യങ്ങള്‍ക്ക് മേല്‍ കോയ്മ സ്ഥാപിക്കാന്‍ ജന്മി ബ്രാഹ്മണ്യവും നാട്ടുകോയ്മകളും ഇത്തരം ഇതിഹാസ പാരമ്പര്യങ്ങളെ അധീശത്ത രൂപമായി നിലനിര്‍ത്തിയിരുന്നു. ഇതു കാണിക്കുന്നത് കാവ് പാരമ്പര്യത്തിന്റെ ആത്മീയ പാരമ്പര്യമോ സാംസ്‌കാരിക സ്വയം തിരെഞ്ഞടുപ്പോ ആയിരുന്നില്ല രാമായണം ഉള്‍പ്പടെയുള്ള ഇതിഹാസ പാരമ്പര്യങ്ങള്‍ എന്നതാണ്. നാട്ടു കോയ്മകളും ജന്മിത്തവും നാടുവാഴി അധികാരവും കാവ് പാരമ്പര്യത്തിനുമേല്‍ കോയ്മ സ്ഥാപിക്കുന്നതിന് സംസ്‌കൃത ഇതിഹാസ പുരാണ പാരമ്പര്യത്തെ രാഷ്ട്രീയാധികാര പ്രയോഗമായി നിലനിര്‍ത്തി എന്നതാണ് വസ്തുത. അപ്പോഴും കീഴാള ദലിത് സമൂഹങ്ങളുടെ ജീവിതത്തിന്റെയോ അനുഷ്ഠാന രീതികളുടെയോ ചാക്രിക ക്രമത്തിനുള്ളില്‍ (അതായത് വര്‍ഷാവര്‍ഷംതോറും തുടരുന്ന) ഒരു പ്രധാന അനുഷ്ഠാന രീതിയോ ആരാധന ക്രമമോ ആകാന്‍ ഇതിഹാസ പുരാണ പരാമ്പര്യങ്ങള്‍ക്കു കഴിഞ്ഞില്ല. ഈ സമൂഹങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ ഭക്തിരാമായണത്തിന് കഴിഞ്ഞില്ല. പ്രത്യേകിച്ച് രാമനോ സീതയോ രാമായണമോ ഒന്നുംതന്നെ കീഴാള ബഹുജനങ്ങളുടെ അനുഷ്ഠാന രൂപങ്ങളിലും ആത്മീയ മണ്ഡലത്തിലും നിലനിന്നിരുന്നില്ല. പിന്നെ എങ്ങനെയാണ് രാമായണം എന്നത് കീഴാള അധഃസ്ഥിത കുടുംബങ്ങളുടെ ജീവിതത്തില്‍ ഒരു പാരായണ പാഠം ആകുന്നത്?

4 രാമായണ വായനയുടെ രാഷ്ട്രീയം

രാമായണം വായന 1980 കളില്‍ വൈകി ഉണ്ടായിവന്ന തികച്ചും രാഷ്ട്രീയ അനുഷ്ടാന രൂപമാണ്. അല്ലെങ്കില്‍ ഒരു വിശ്വാസരൂപമായിട്ട് ഒരു മാസമുറക്രമം പോലെ ഉണ്ടായിട്ടുള്ള ഒരു രീതിയാണത്. ഇവിടെ പറയാന്‍ ശ്രമിക്കുന്നത് രാമനും സീതയും രാമായണത്തിന്റെ പ്രധാനപ്പെട്ട റിച്വല്‍സൊന്നും കാവ് പാരമ്പര്യങ്ങളില്‍ പെട്ട കീഴാള അധസ്ഥിത അയിത്ത ജാതി സമൂഹങ്ങളുടെ ആരാധനാ രൂപവുമായി നിലനിന്നിരുന്നില്ല. മാത്രമല്ല അത് പഞ്ഞമാസങ്ങളില്‍ വായിക്കേണ്ട ഒരു പുസ്തകമായിട്ട് പോലും കീഴാളരില്‍ കടന്നുവന്നിട്ടില്ല. എന്നുവച്ചാല്‍ ചരിത്രപരമായി എഴുത്തുപരമ്പര്യത്തിനു പുറത്തുള്ള മനുഷ്യര്‍ക്ക് ഇതുവായിക്കേണ്ട ആവശ്യം പോലും ചരിത്ര ഭൂത കാലത്തില്‍ ഉണ്ടായിരുന്നില്ല. പഞ്ഞമാസത്തില്‍ പട്ടിണികിടക്കുന്ന സമയത്തു എഴുത്തറിയാത്ത മനുഷ്യര്‍ പുസ്തകം വായിക്കാനും സാധ്യതയില്ല. എഴുത്തറിയാമെങ്കില്‍ പോലും വായിക്കുകയുമില്ല. അതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തിലെ ക്ഷേത്ര ബ്രഹ്മണ്യപാരമ്പര്യത്തില്‍ പോലും പ്രധാനപ്പെട്ട ഭാഗമാകാതിരുന്ന ഈ രാമായണവും സീതയും രാമനും കേരളത്തിലെ ഹിന്ദു കുടുംബങ്ങളുടെ പ്രധാനപ്പെട്ട ഒരു ആരാധന വിശ്വാസ സംഹിതയായി മാറിയതും അതിനെ നിലനിര്‍ത്തുന്ന ഒരു അനുഷ്ഠാന ക്രമമായി രാമായണ വായന മാറിയതും തികച്ചും ആധുനികമായ പ്രക്രിയയാണ് എന്നാണ് ഇത് കാണിക്കുന്നത്.

ദേശീയത, രാമായണം, ജാതി വിരുദ്ധ ജനാധിപത്യം

ദേശീയപ്രസ്ഥാനത്തിന്റെയും ഗാന്ധിയന്‍ ദേശീയതയുടെയും ഭാഗമായിട്ടാണ് രാമരാജ്യവും ശ്രീരാമന്‍ ആദര്‍ശ പുരുഷനുംമായിട്ടുള്ള രാമന്റെ ഇമേജ് കടന്നു വരുന്നത്. രാമയണത്തില്‍ വിഭാവനം ചെയുന്ന ശ്രീരാമന്‍ ഒരു ആദര്‍ശ പുരുഷനായും ആദര്‍ശ ഭരണാധികാരിയുമായുള്ള രാഷ്ട്ര വ്യവസ്ഥഭാവന തീര്‍ത്തും സ്ത്രീ വിരുദ്ധവും കീഴാള ബഹുജന വിരുദ്ധവുമായിട്ടുള്ള ഒരു ഭരണകൂട അധികാരവും ചൂഷണ രൂപവുമാണ്. വാല്‍മീകി രാമായണത്തില്‍ ശൂദ്രരോടും ഗോത്രസമൂഹങ്ങളോടും ഇല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകളോടും രാമനും രാമരാജ്യവും എങ്ങനെ ഹിംസയും ക്ഷാത്ര ധര്‍മ്മവുമായി ഇടപെട്ടു എന്നു വ്യക്തമാക്കുന്നുണ്ട്. ഈ ലോകവീക്ഷണത്തെയും സമൂഹവിഭജന ക്രമവും ധര്‍മ്മവ്യവസ്ഥയായി സംരക്ഷിക്കപ്പെടുന്ന ഒന്നാണ് രാമരാജ്യ ഭാവന. ഇത്തരത്തിലുള്ള ഒരു ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണകൂട രൂപത്തെ ആദര്‍ശാത്മക ഹിന്ദു രാഷ്ട്ര വ്യവസ്ഥയായി ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് സന്നിവേശിപ്പിച്ചത് ഗാന്ധിയാണ്. ഗാന്ധിയുടെ ഗുജറാത്തി ബനിയ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ജാതി ബോധ്യങ്ങളും വര്‍ണ്ണ ധര്‍മ്മ ഭാവനയുമാണ് ഇതിനു കാരണം. അതിന്റെ ഭാഗമായിട്ടാണ് രാമരാജ്യം എന്ന് പറയുന്ന, ഏതോ ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്നു എന്ന് പുരാണത്തിലും ഇതിഹാസത്തിലെ പാഠവത്കരിക്കപ്പെട്ട വിശ്വാസമായി നിലനിന്നതിനെ, ഒരു മഹത്തായ ഹിന്ദു ഭൂതകാലമെന്നു വ്യാഖ്യാനിച്ച് കൊളോണിയല്‍ വിരുദ്ധ സമരത്തിലുപയോഗിച്ചത്. ആദര്‍ശാത്മക ദേശരാഷ്ട്രമെന്ന് മുന്നോട്ടു വെച്ച ഗാന്ധിയന്‍ ഭാവനയുടെ ഒരു തലം ഈ രാമരാജ്യത്തില്‍ ഉണ്ട്.

രാമനെയും രാമരാജ്യത്തെയും അടിസ്ഥാനപ്പെടുത്തി ദേശീയ പ്രസ്ഥാനത്തിന്റെ ദേശ രാജ്യ ബിംബമായി രാമരാജ്യത്തെ രാഷ്ട്രിയ ഭാവനയാക്കിയ ഗാന്ധിയന്‍ രീതിയെ കീഴാള ബഹുജനങ്ങളുടെ രാഷ്ട്രീയം പ്രതിരോധിച്ചിട്ടുണ്ട്. ത്രൈവര്‍ണ്ണിക ഹിന്ദു ഭൂതകാല രാജ്യ ഭാവനയെ ദേശിയതയായി അവതരിപ്പിച്ചപ്പോള്‍ രാമരാജ്യസങ്കല്പത്തിനും ശംബൂകനെ കൊന്ന രാമന്റെ ചാതുര്‍വര്‍ണ്ണ ഹിംസക്കുമെതിരെ ‘രാവണായനം’ എന്ന തമിഴ് ദേശീയത സങ്കല്‍പ്പം മുന്നോട്ടു വച്ചുകൊണ്ടാണ് പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ ജനാധിപത്യത്തെയും തുല്യനീതിരാഷ്ട്രീയത്തെയും പറ്റി സംസാരിച്ചത്. ഇതേ ഘട്ടത്തില്‍ തന്നെയാണ് രാമായണം ഉള്‍പ്പടെയുള്ള വര്‍ണ്ണ സാഹിത്യങ്ങള്‍ ബ്രാഹ്മണിസത്തിന്റെ പ്രതിവിപ്ലവ തത്വ ശാസ്ത്രമായി അംബേദ്കര്‍ പ്രഖ്യാപിച്ചതും. അംബേദ്കര്‍ എഴുതിയ Riddles in Hinduism, Philosophy of Hinduism, Annihilation of Caste എന്നി ഗ്രന്ഥങ്ങള്‍ ഇന്ത്യ ആധുനിക ജനാധിപത്യ ദേശരാഷ്ട്രവും ഇന്ത്യക്കാര്‍ ഒരു ദേശീയജനതയും ആകണമെങ്കില്‍ ജാതി നശീ കരണത്തോടൊപ്പം വര്‍ണ വ്യവസ്ഥയുടെ സാംസ്‌കാരിക അധീശത്വത്തെ നശിപ്പിക്കണം എന്നുകൂടി പ്രഖ്യാപിക്കുന്ന ഗ്രന്ഥങ്ങളാണ് ഇവയെല്ലാം. ജാതി വിരുദ്ധ ജനാധിപത്യത്തിനായി അംബേദ്കര്‍ ചിട്ടപ്പെടുത്തുന്ന ദര്‍ശനം ഉള്ളടങ്ങിയ ഗ്രന്ഥങ്ങള്‍ കൂടിയാണിവ. അംബേദ്കറും തന്തൈ പെരിയോര്‍ ഇ വി ആറും നിരാകരിച്ച ജാതിഹിന്ദുക്കളുടെ മേല്‍കോയ്മയില്‍ രൂപപ്പെട്ട അവരുടെ ഭാവനക്കനുസൃതമായിട്ടുള്ള ഒരു ദേശീയതയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചിഹ്നമായിരുന്നു രാമന്‍. അത് യഥാര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രവ്യവസ്ഥയായി ഭാവിയില്‍ മുന്നോട്ട് വച്ചാല്‍ അതിന് പുറന്തള്ളപ്പെട്ട മനുഷ്യരും അപരകര്‍തൃത്വങ്ങളും ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. അത് ദളിതരാകാം. ന്യൂനപക്ഷങ്ങളാകാം. മുസ്ലിങ്ങളാകാം. ആരുമാകാം. ഇല്ലെങ്കില്‍ ഈ ത്രൈവര്‍ണിക സാംസ്‌കാരിക ജീവിതത്തെയും ജീവിത പദ്ധതിയെയും അംഗീകരിക്കാത്തവരെല്ലാം. അതിന്റെ ഇരകളായിരിക്കും. അപരത്വങ്ങളായി ദളിതരെയും മുസ്ലിം ന്യൂനപക്ഷങ്ങളെയും നിരന്തരമായി സൃഷ്ടിക്കാനാവശ്യമായിട്ടുള്ള തത്വശാസ്ത്രപരവും സാമൂഹ്യവും സാംസ്‌കാരികവുമായ ബ്രാഹ്മണിക് മൂല്യവ്യവസ്ഥ ഏറ്റവും കൂടുതല്‍ പ്രദാനം ചെയ്യുന്ന ഒരു കള്‍ട്ട് എന്ന നിലയിലാണ് രാമായണം ഹിന്ദുത്വവാദികള്‍ക്ക് ഏറ്റവും സ്വീകാര്യമായി വരുന്നത്. ഇതിന്റെ ആത്യന്തികമായ ലക്ഷ്യം കേരളം പോലെ ജനസംഖ്യാനുപാതികമായും രാഷ്ട്രീയമായും സാമ്പത്തികമായും പങ്കാളിത്തമുള്ള ന്യൂനപക്ഷങ്ങളെ മുന്‍നിര്‍ത്തി രാമായണം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന രാഷ്ട്രിയ പദ്ധതിയായി മാറുന്നത്. രാവണനെന്ന അസുരന്റെ പ്രതിച്ഛായയില്‍ ഹിന്ദു ധര്‍മ്മവ്യവസ്ഥക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം അപരത്വത്തെ സൃഷ്ടിക്കാന്‍ എളുപ്പമാക്കുന്ന ഒരു പാരായണ സംസ്‌കാരത്തെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിന്യസിക്കുക എന്നതാണതിന്റെ രാഷ്ട്രിയം ലക്ഷ്യം വയ്ക്കുന്നത്. കാവ് പാരമ്പര്യങ്ങളെ ക്ഷേത്ര ബ്രാഹ്മണത്തിന്റെ യജ്ഞ ഹോമ സംസ്‌കാരത്തിന്റെ ഭാഗമാക്കിയും കീഴാള ദലിത് സമൂഹത്തെ മുസ്ലിം വിരുദ്ധരുമാക്കുന്ന സാംസ്‌കാരിക ബോധ്യത്തെ പ്രചണ്ഡ പ്രചാരണത്തിലൂടെ നിരന്തരം നിര്‍മിച്ചും സാധ്യ മാക്കികൊണ്ടിരിക്കുന്നു. ധര്‍മ്മവ്യവസ്ഥയെ, ബ്രഹ്മണ്യത്തെ, ജാതിവ്യവസ്ഥയെ, പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാത്ത ആദര്‍ശ ധര്‍മ്മപദ്ധതിയായി സാംസ്‌കാരിക ദേശീയതയുടെ രാഷ്ട്രിയ ബോധം സാമാന്യബോധം ആക്കി മാറ്റുന്നു. ജയ് ശ്രീ രാം വിളികള്‍ ഭരണഘടന മൂല്യങ്ങള്‍ക്കും തുല്യ പൗരത്വത്തിനും എതിരായ കൊലവിളികളായി മാറിയിരിക്കുന്നു. അക്രമത്തെ സംരക്ഷിക്കുന്ന ഫാസിസ്റ്റു ഭരണകൂടാധിപത്യത്തിനു കീഴടങ്ങി നില്‍ക്കുന്ന വിധേയ കര്‍ത്തൃത്വങ്ങളായി മനുഷ്യരെ മാറ്റുന്ന ഒരു പ്രത്യയശാസ്ത്രധര്‍മം രാമരാജ്യ സങ്കല്‍പ്പത്തിലുണ്ട്. അതിന്റെ പുരുഷ പ്രതീകമാണ് രാമന്‍. വര്‍ണ ജാതി ധര്‍മത്തെ, കാലാനുസൃതമായി വരുന്ന ഏതു തരത്തിലുള്ള മേല്‍കീഴ് ബന്ധത്തെയും പുനഃസ്ഥാപിക്കുന്ന ഒരു ടെക്സ്റ്റ് ആണ് രാമായണം എന്നതുകൊണ്ടാണ് മഹാഭാരതത്തിന് പകരമായി രാമാണം ഹിന്ദുത്വത്തിന്റെ പ്രതീകവും രാമന്‍ ഹിന്ദുരാഷ്ട്രത്തിന്റെ കള്‍ട്ടു ഫിഗറും ആയി മാറുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമായണ രാമരാജ്യം കീഴാളരോടും സ്ത്രീകളോടും കരുണയും നീതിയും കാണിക്കാതെ ഹിംസയാണ് പ്രയോഗിച്ചിട്ടുള്ളത്. അപ്പോള്‍ ഹിംസയെ സാധൂകരിക്കുന്ന ഭരണകൂടം, ഹിംസ ഉപയോഗിച്ചുകൊണ്ട് അപരസാന്നിധ്യങ്ങളെയും അപരകര്‍ത്തൃത്വങ്ങളെയും ഉച്ചാടനം ചെയ്യുകയും നിഷ്പ്രഭമാക്കുകയും അതുവഴി ഏകാധിപത്യരൂപത്തിലുള്ള ഫാഷിസ്‌റ് മനഃശാസ്ത്രത്തെ സൃഷ്ടിക്കുകയും ചെയ്യുന്നത്തിനു മനുഷ്യരെ പരുവപ്പെടുത്തുന്ന ഒരു പാരായണ സംസ്‌കാരമാക്കി രാമായണത്തിന്റെ ഹിന്ദുത്വവായന മാറുന്നു. അതായതു ഒരു ഹിന്ദുത്വ ഫാഷിസ്‌റ് മനോഘടനക്ക് അനുസൃതമായ ഒരു സംഘപരിവാര്‍ ബോധത്തെ എല്ലാ മനുഷ്യരിലും – സവര്‍ണരിലും അവര്‍ണരിലും ദളിതരിലും പിന്നോക്കക്കാരിലും ഭക്തിയുടെ രൂപത്തില്‍ സാമാന്യ ബോധത്തിന്റെ സമ്മതത്തിന്റെ തലത്തില്‍ പ്രച്ഛന്നമായി സൃഷ്ടിക്കുന്ന ഒരു ബോധ്യവും വിചാരവും പ്രത്യയശാസ്ത്രമായിട്ടുള്ള ഒരു പരിസരം നിര്‍മിക്കുന്നു. മനുഷ്യരുടെ പൊതു സാമാന്യമാകുന്നതോടു കൂടി അതായത് കോമണ്‍ സെന്‍സ് ആകുന്നതോടു കൂടി തങ്ങള്‍ നിരന്തരം പാരായണം ചെയ്യുന്ന രാമായണം ഏതു തരം പ്രത്യയ ശാസ്ത്രവും ജീവിത ബോധവും ആണ് ആന്തരവല്‍ക്കരിക്കുന്നതു എന്ന് സാമാന്യജനത്തിന് സ്വയം ചോദിക്കാന്‍ കഴിയാത്ത വിധം അവരുടെ ദൈന്യം ദിന സാമാന്യ ബോധത്തെ മെരുക്കിയെടുക്കുകയും വര്‍ഗ്ഗീയവല്‍ക്കരിക്കാനും കഴിയുന്നു. ഹിന്ദുത്വ ഫാഷിസ്‌റ് ഏകാധിപത്യ ഭരണത്തിനോ ഭരണകൂടത്തിനോ അതിന്റെ പ്രത്യശാസ്ത്രത്തിനോ അനുഗുണമായി വ്യക്തികളെ സബ്‌ജെക്റ്റുകളാക്കി പ്രജകളും ഇരകളും ആക്കി മാറ്റുന്നു. അതിനെ എതിര്‍ക്കുന്നവരെ, അതിനോട് കലഹിക്കുന്നവരെ വിമര്‍ശിക്കുന്നവരെ ഹിന്ദു വിരുദ്ധരും ദേശ ദ്രോഹികളുമാക്കുന്നു. ദലിത് ചിന്തകര്‍, ന്യൂനപക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ യുക്തിവാദികള്‍ സ്വാതന്ത്രചിന്തകര്‍ എന്നിവരെ രാക്ഷസന്മാരായി കാണുന്നു. രാക്ഷസന്മാരായ അപരത്വങ്ങളെ ധര്‍മ്മ രാജ്യം പുനഃസ്ഥാപിക്കാന്‍ വേണ്ടി, ഒരു ഹിന്ദു രാജാവ് എങ്ങനെ ഹിംസ പ്രയോഗിച്ചോ അതുപോലെ ഹിംസ ഉപയോഗിക്കുന്നതിനെ സാധൂകരിക്കുന്ന ഒരു പാഠം അതിലടങ്ങിയിരിക്കുന്നതുകൊണ്ടാണ് സംഘപരിവാറുകാര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഗ്രന്ഥമായി രാമായണവും രാമനും മാറുന്നത്.

മലയാളിയുടെ സാംസ്‌കാരിക ബോധത്തില്‍ ഇതിനെ എപ്പോഴും നിലനിര്‍ത്തുക എന്ന ഒരു പരിപാടിയിലൂടെ മാത്രമേ കേരളം നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ത്തികൊണ്ടു വന്ന ജാതി വിരുദ്ധ ജനാധിപത്യ ഭാവനയെയും മത നിരപേക്ഷ മാനവിക ബോധത്തെയും അട്ടിമറിക്കാന്‍ കഴിയുകയുള്ളു. ഹിന്ദുത്വ രാമായണം പാരായണം ഒരാള്‍ക്ക് ഭരണഘടന മൂല്യങ്ങള്‍ക്ക് പകരമായി രാമരാജ്യം വിഭാവനം ചെയ്യുന്ന ബ്രാഹ്മണിക് സാമൂഹിക മൂല്യമായിരിക്കും സമൂഹത്തെ വിലയിരുത്താനുള്ള അളവുകോല്‍. ഒരിക്കലും ഒരു ജനാധിപത്യ വാദിയാവാന്‍ കഴിയാത്തവിധം ഫാസിസിസ്റ്റു മനോഘടന സൃഷ്ടിക്കുന്ന പ്രത്യയ ശാസ്ത്രമാണ് പാരമ്പര്യ ജാതി മൂല്യങ്ങളില്‍ ഉള്ളടങ്ങിയിരിക്കുന്നതു. സാമൂഹിക നീതിയെക്കുറിച്ചു ആലോചിക്കുന്നയാള്‍ക്ക്, തുല്യമനുഷ്യരെ ഭാവനപ്പെടുത്തുന്നയാള്‍ക്ക്, ജനാധിപത്യത്തെക്കുറിച്ചു ഉത്കണ്ഠപ്പെടുന്നൊരാള്‍ക്ക്, ജനാധിപത്യവാദിയായ ഒരാള്‍ക്ക് ഭരണകൂട ഹിംസയെയും അപരത്വങ്ങളെ ഹിംസാത്മകമായി നശിപ്പിക്കുന്ന രാമന്റെ പ്രതീകത്തെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും? പറയരുടെയും പുലയരുടെയും ഈഴവരുടെയും പിന്നോക്കക്കാരുടേയും അനുഷ്ഠാനകേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളുമായിരുന്ന, അബ്രാഹ്മണമായിരുന്ന ആരാധനാസ്ഥലങ്ങളെ ഹിന്ദുവത്കരിക്കുകയും ബ്രഹ്മണ്യ അനുഷ്ഠാന യജ്ഞസംസ്‌കാരത്തിന്റെ വിളനിലമാക്കി മാറ്റുകയും ചെയ്തതിന്റെ ഭാഗമായിട്ടു കൂടിയാണ് 80കള്‍ മുതല്‍ രാമായണം വായന ഉണ്ടായി വന്നത്. മറ്റൊന്ന് 80 കള്‍ക്ക് ശേഷമുള്ള രാമനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സീരിയലുകളാണ്. പോപ്പുലര്‍ കള്‍ച്ചര്‍ എന്ന് പറയുന്ന ജനപ്രിയ ദൃശ്യസംസ്‌കാരത്തിലേക്ക് ഇത്തരം രൂപങ്ങളെ കുടുംബത്തിലേക്ക് എത്തുന്ന രീതിയില്‍ കുടുംബ രാമായണമായി മാറ്റിയപ്പോള്‍ ഹിന്ദുകുടുംബങ്ങളില്‍ ഹിന്ദുത്വത്തിന്റെ ഒരു സാംസ്‌കാരിക ബോധ്യം അനുഷ്ഠനത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി വന്നു. രാമായണ വായനയടക്കമുള്ള പ്രക്രിയകളിലൂടെ ഒരു ഹിന്ദുത്വവാദി എല്ലാ കുടുംബങ്ങളിലും ചെറുതോ വലുതോ ആയി നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നതു ഉറപ്പാക്കുന്നതാണ് പരിവാര്‍ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. A Hindutva wadi is being built in every family to a greater or lesser degree through processes such as reading Ramayana. The aim of Sangha Parivar politics is to ensure that

രാമായണവും മഹാഭാരതവും എഴുതിയത് ദളിതരോ കിഴാളരോ ആണെന്നും അവര്‍ണ്ണ സമൂഹങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇതിഹാസങ്ങള്‍ എന്നിങ്ങനെയുള്ള വാദങ്ങള്‍ സാധാരണ കേള്‍ക്കാറുള്ളതാണ്. എന്നാല്‍ രാമായണം ഏതു സാമൂഹിക വ്യവസ്ഥിതിയെയാണ്, ജാതി വര്‍ണ്ണ ഘടനയെയാണ് അലംഘനീയമായി ധര്‍മവ്യവസ്ഥയായി ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ആദര്‍ശ വ്യവസ്ഥയായി നിലനിര്‍ത്തുന്നത് എന്നതാണ് പ്രധാനം. ചാതുര്‍വര്‍ണ്ണത്തിന്റെയും ജാതിഭേദങ്ങളുടെയും ബ്രാഹ്മണ്യ പുരുഷാധിപത്യ ത്തെയും ധര്‍മ്മവ്യവസ്ഥയായി കരുതുന്ന ഒരു പ്രത്യയശാസ്ത്രം കിഴാളരേയും സ്ത്രീസമൂഹത്തെയും ഭക്തിയിലൂടെ വിധേയ കര്തൃത്വങ്ങളാക്കി അംഗീകരിപ്പിക്കുന്ന കോയ്മ പ്രത്യയശാസ്ത്രമാണ് രാമായണവും മറ്റു ഇതിഹാസ പുരാണ പാരമ്പര്യങ്ങളും ചരിത്രത്തില്‍ വഹിച്ച പ്രധാനപങ്ക് എന്നാണ് ഡി ഡി കോസംബി, ബി ആര്‍ അംബേദ്കര്‍, ഇ വി രാമസ്വാമി നായ്ക്കര്‍ രാഹുല്‍ സംസ്‌കൃത്യയാന്‍ മുതലായവര്‍ അവരുടെ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുള്ളത് എന്ന കാര്യം ഇത്തരം വാദക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.\

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply