മനുസ്മൃതിക്ക് ക്വാളിറ്റി ലേബല്‍ പതിക്കാനോ ഈ വേദപഠനശാല…!!

ബ്രാഹ്മണ്യ താന്ത്രിക അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ആഴപ്പെട്ട അറിവുണ്ടാക്കാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള ഈ പാഠശാല ‘Guruvayurappan Institute for Vedic and Cultural Studies’ എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക.

ഗുരുവായൂരില്‍ കേരള സര്‍ക്കാര്‍ വേദപാഠശാല തുടങ്ങും എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചിരിക്കുന്നു. വേദങ്ങളും തന്ത്രവിദ്യകളും പുരാണങ്ങളും പരമ്പരാഗത ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന വിപുലമായ പാഠശാലയാണ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വേദ – തന്ത്ര ഗവേഷകര്‍ക്ക് പങ്കെടുക്കാന്‍ പാകത്തില്‍ ഒരു കല്പിത സര്‍വകലാശാല (deemed university) യായി ഈ വേദപാഠശാലയെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സര്‍ക്കാര്‍ തീവ്രമായി ആഗ്രഹിക്കുന്നത് എന്നും രാധാകൃഷ്ണന്‍ പറയുന്നു. ബ്രാഹ്മണ്യ താന്ത്രിക അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ആഴപ്പെട്ട അറിവുണ്ടാക്കാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള ഈ പാഠശാല ‘Guruvayurappan Institute for Vedic and Cultural Studies’ എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക. Guruvayurappan Institute for Vedic and Cultural Studies is a school dedicated to in-depth knowledge of Brahmanical Tantric rites and rituals.

മുതലാളിത്ത മൂലധനത്തിന്റെയും സവര്‍ണ്ണ വൈദികതയുടെയും ബീജസങ്കലനത്തിന്റെ ബലിമൃഗമായിക്കഴിഞ്ഞ സിപിഎംന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വേദപാഠശാലയല്ല, ഒരു അയോധ്യ മോഡല്‍ രാമക്ഷേത്രം തന്നെ നിര്‍മ്മിച്ചാലും അത്ഭുതപ്പെടാനില്ല. രാഷ്ട്രീയത്തില്‍, ഭരണകൂടത്തില്‍ മത വര്‍ഗീയ ബിംബങ്ങളും, അവയുടെ ഏതെങ്കിലും രൂപത്തിലുള്ള സാന്നിധ്യവും ഉണ്ടാകരുത് എന്ന് അവസാന കാലത്ത് ആഹ്വാനം ചെയ്ത ഗാന്ധിയും, മതങ്ങളും, പ്രത്യേകിച്ച് ഹിന്ദുമതവും, അതിന്റെ ജാതി അടരുകളും മൂല്യ യുക്തിഭംഗങ്ങളും അവസാനിക്കുന്നിടത്താണ് ഇന്ത്യയുടെ യഥാര്‍ത്ഥ ജനാധിപത്യം ആരംഭിക്കുക എന്ന് പറയുകയും ഭരണഘടനയെ അത്തരത്തിലുള്ള ഒരു ഓതന്റിക് ടെക്സ്റ്റ് (authentic Tex) ആക്കി മാറ്റുകയും ചെയ്ത അംബേദ്കറും നിര്‍മ്മിച്ച ഇന്ത്യയുടെ നടുത്തളത്തിലേക്ക് തുപ്പുന്നവരുടെ കാലത്തിലൂടെയാണ് കേരളവും സഞ്ചരിക്കുന്നത്..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആര്‍എസ്എസിന്റെ മനുവാദ പ്രത്യയശാസ്ത്ര ശരീരത്തില്‍ ‘Quality Label’ ഒട്ടിച്ച് സിപിഎം കെട്ടിയിറക്കുന്ന ‘നവ വിചാരധാര’ യാണ് നവ കേരളത്തിന്റെ ഇന്നത്തെ സാംസ്‌കാരിക പ്രത്യയശാസ്ത്ര പുസ്തകം. യുവ സിപിഎം സഖാക്കളായ അപ്പുക്കിളിമാരുടെ (ഖസാക്കിന്റെ ഇതിഹാസം) ഫാസിസ്റ്റ് വിരുദ്ധ കൊഞ്ചും മൊഴികള്‍ ഇനിയും പരിഹാസ്യമായി തുടരുകയും ചെയ്യും..

നിങ്ങളുടെ വിശ്വാസം (അന്ധവിശ്വാസം, അനാചാരം) സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകും എന്ന് ശബരിമല സന്നിധാനത്തില്‍ വെച്ച് പ്രഖ്യാപിച്ച ഒരേയൊരു മന്ത്രി ഒരു പക്ഷെ കെ രാധാകൃഷ്ണനായിരിക്കും ‘ഞാന്‍ സാധാരണ എന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ആരെങ്കിലും തൊഴുന്നുണ്ടോ? അതിനര്‍ത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ..?നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകും’ എന്നാണ് മന്ത്രി പറഞ്ഞത്. എന്താണിതിനര്‍ത്ഥം..? അയ്യപ്പനില്‍ വിശ്വാസവും ബഹുമാനവുമുണ്ട്; പക്ഷേ എന്റെ ആരാധനാ ശൈലി വേറെയാണ്. അത്ര മാത്രം! അതായത് സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന മനുവാദ സ്ത്രീവിരുദ്ധ വൈദിക വിശ്വാസമുള്‍പ്പെടെ എല്ലാ സവര്‍ണ്ണ അനാചാര ആണ്‍കോയ്മകളും എന്ത് വില കൊടുത്തും സംരക്ഷിച്ചു തരും. എന്നാല്‍ തന്റെ രാഷ്ട്രീയ ആവാസ വ്യവസ്ഥക്ക് കോട്ടംതട്ടാതിരിക്കാന്‍ ചില ‘ഇടത് നവ ഹിന്ദുത്വ ആത്മീയ’ ആചാരങ്ങള്‍ നിറവേറ്റുന്നു. അതില്‍ നിങ്ങള്‍ ക്ഷുഭിതരാകരുത് എന്നാണ് മന്ത്രി കെ രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിക്കാന്‍ ശ്രമിച്ചത്..

ജാതി വ്യവസ്ഥയും അനാചാരവും അവസാനിക്കണമെങ്കില്‍ വേദങ്ങളേയും ശാസ്ത്രങ്ങളേയും ഡയനാമിറ്റ് വെച്ച് തകര്‍ക്കണം. യുക്തി ചിന്തക്ക് ഒരു സ്ഥാനവും കല്പിക്കാത്തവയാണ് വേദങ്ങളും ബ്രാഹ്മണ്യ ശാസ്ത്രങ്ങളും. അവ സന്മാര്‍ഗ്ഗത്തിന് ഒരു പങ്കും നല്‍കുന്നില്ല. ശ്രുതികളുടെയും സ്മൃതികളുടെയും മതം നശിപ്പിക്കണം, മറ്റൊന്നും ഫലപ്രദമാവുകയില്ല എന്ന് അംബേദ്കര്‍ പറയുന്നുണ്ട്. ജാതി ശ്വസിച്ച് ജാതി തിന്ന് ജാതിയില്‍ മരിക്കേണ്ടി വരുന്ന രാധാകൃഷ്ണന്മാര്‍ക്ക് ഇതൊക്കെ മനസ്സിലാകണമെങ്കില്‍ യു പി മാതൃകയില്‍ എ പ്ലസ് (A+) കിട്ടിയ ദളിത് വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ കല്ലേറു നടത്തുന്ന ‘ആചാരം’ കൂടി നിലവില്‍ വരണം. അതിലേക്കുള്ള വഴിയകലം കെ രാധാകൃഷ്ണന്റെ ഭരണകൂടം തന്നെ കുറച്ചു കൊണ്ടു വരുന്നുണ്ട്.. നിരന്തരം സംഭവിക്കുന്ന ദുരഭിമാന ഹത്യകള്‍ അതിന്റെ പ്രത്യക്ഷ തെളിവുകളാണ്.

രാധാകൃഷണനെ തിരഞ്ഞുപിടിച്ച് ദേവസ്വം മന്ത്രിയാക്കിയതിലൂടെ ഒരു ദളിതനെ തന്നെ ബ്രാഹ്മണ ജാതി പോഷണത്തിന് നിയമിക്കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു. സവര്‍ണ്ണന്റെ ജാത്യാഭിമാനവും അനാചാരവും താന്‍ എന്തു വില കൊടുത്തും സംരക്ഷിച്ചു കൊള്ളാമെന്നും രാധാകൃഷ്ണന്‍ ഉറപ്പു നല്‍കുന്നതും ഇടതു രാഷ്ട്രീയം എന്തു മാത്രം സവര്‍ണ്ണ അധോലോകമായിരിക്കുന്നുവെന്ന് തെളിയിക്കുന്നുണ്ട്.

കേരളീയ മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയിലെ അഭിജാത വര്‍ഗ്ഗ ബഹുമാനത്തെയും സവര്‍ണ്ണ ഹിന്ദുത്വ ബോധത്തെയും കൂടുതല്‍ സമ്പുഷ്ടീകരിക്കാന്‍ ഉദ്ദേശിച്ചാണ് ഇടതു സര്‍ക്കാര്‍ വൈദിക – തന്ത്രവിദ്യാ പാഠശാലകളുടെ നടത്തിപ്പുകാരാവുന്നത്. ബ്രാഹ്മണ്യ ഫാസിസത്തിന് വൈദിക ശുദ്ധിയുണ്ട് എന്ന് സ്ഥാപിക്കുക കൂടിയാണ് പിണറായി സര്‍ക്കാര്‍ ഇതിലൂടെ നിര്‍വ്വഹിക്കുന്നത്. മതേതര ജനാധിപത്യം എന്ന ആശയത്തെയും അതിന്റെ മൂല്യങ്ങളെയും അവയുടെ സാമൂഹ്യ വ്യാപനത്തെയും സിപിഎം ഭരണകൂടം ഭയന്നു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആര്യകുലത്തിന്റെയും പരശുരാമന്റെയും പിന്മുറക്കാരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അരിവാളിന്റെയും മഴുവിന്റെയും ചരിത്രത്തെ അപനിര്‍മ്മിക്കുകയാണ് ഇടതുപക്ഷം എന്ന പേരില്‍ വോട്ട് വാങ്ങി ഭരിക്കുന്ന സര്‍ക്കാര്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ ധനിക സവര്‍ണ്ണ ഹിന്ദുത്വ ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ ഉത്തമന്മാരായ പ്രതിനിധികളാണ് തങ്ങളെന്ന് വിളിച്ചു പറയാന്‍ സിപിഎം നേതാക്കള്‍ക്ക് ഭയമേതുമില്ലാതായിരിക്കുന്നു. അതുകൊണ്ടാണ് തനി തറവാടിയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രഖ്യാപിക്കാന്‍ എ കെ ബാലനെ പോലെയുള്ള മുതിര്‍ന്ന സിപിഎം നേതാവിന് കഴിയുന്നത്. ഇവിടെ ധനിക സവര്‍ണ്ണ ഹിന്ദു തറവാട്ടു പുരുഷന്‍ ആകുന്നതാണ് തന്റെ നിലപാട് എന്ന് ബാലന്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട് എന്നുതന്നെയാണ് നാം മനസ്സിലാക്കേണ്ടത്.

പ്രാകൃതവും, വികലവും നൃശംസവുമായ വൈദിക ആത്മീയതയെ കോര്‍പ്പറേറ്റ് മുതലാളിത്തത്തില്‍ ലയിപ്പിച്ചെടുക്കുന്ന സംഘപരിവാര്‍ കര്‍മ്മ പദ്ധതികളാണ് സിപിഎമ്മും പിന്തുടര്‍ന്ന് വരുന്നത്. അതുകൊണ്ടുതന്നെ ജാതിയുടെയും, ചണ്ഡാലവല്‍ക്കരണത്തിന്റെയും, മുജ്ജന്മ ദര്‍ശനത്തിന്റെയും പുനര്‍ജന്മ ദര്‍ശനത്തിന്റെയും അന്ധവിശ്വാസ അനുഷ്ഠാനങ്ങളുടെ മഹിമ സ്ഥാപിക്കാനുള്ള മഹാമന്ദിരങ്ങള്‍ ഇനിയും ഉയര്‍ന്നു വന്നാല്‍ അത്ഭുതപ്പെടാനില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “മനുസ്മൃതിക്ക് ക്വാളിറ്റി ലേബല്‍ പതിക്കാനോ ഈ വേദപഠനശാല…!!

  1. കേരളത്തിലെ ധനിക സവര്‍ണ്ണ ഹിന്ദുത്വ ആണ്‍കോയ്മാ രാഷ്ട്രീയത്തിന്റെ ഉത്തമന്മാരായ പ്രതിനിധികളാണ് തങ്ങളെന്ന് വിളിച്ചു പറയാന്‍ സിപിഎം നേതാക്കള്‍ക്ക് ഭയമേതുമില്ലാതായിരിക്കുന്നു.

Leave a Reply