പോലീസിന് മജിസ്റ്റീരിയല്‍ അധികാരം – കള്ളന്റെ കയ്യില്‍ താക്കാലോ?

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിരവധി കസ്റ്റഡി പീഢനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന ആരോപണങ്ങള്‍ വ്യാപകമാകുകയും മനുഷ്യാവകാശ കമ്മീഷനും പോലീസ് കെപ്ലെയ്ന്റ് അതോറിട്ടിയും പോലും അതു ശരിയെന്നു പറയുകയും ചെയ്യുമ്പോളാണ് ഈ തീരുമാനമെന്നതും പ്രധാനമാണ്. ജനകീയ സമരങ്ങളെപോലും യുദ്ധസമാനമായി നേരിടാനും അടിച്ചമര്‍ത്താനും പൊലീസിന് നല്‍കുന്ന ഈ അമിതാധികാരങ്ങള്‍ കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

 

ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍മാര്‍ക്കുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ. കൊച്ചിയിലും തിരുവനന്തപുരത്തും പോലീസ് കമ്മീഷ്ണറേറ്റ് രൂപീകരിച്ച് കമ്മീഷ്ണര്‍മാര്‍ക്ക് മജിസറ്റീരിയല്‍ അധികാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്ന നടപടി തന്നെയാണിത്. ഈ തീരുമാനത്തിനു രണ്ടുദിവസത്തിനുള്ളില്‍ തന്നെ പോലീസ് അതു തെളിയിച്ചു കഴിഞ്ഞു. കൊല്ലത്ത് വീടുപണിയുമായി ബന്ധപ്പെട്ട് കരാറുകാരനുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഭീഷണിപ്പെടുത്തിയ ദളിത് യുവാവ് ആത്മഹത്യക്കു ശ്രമിച്ച വാര്‍ത്തയും ഓട്ടോ നിര്‍ത്താതെ പോയതിന് ക്യാന്‍സര്‍ രോഗിയായ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്തയുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതുചെയ്തത് സാധാരണപോലീസല്ലേ, എന്നു വാദിക്കാം. എന്നാല്‍ പോലീസ് അടിസ്ഥാനപരമായി പോലീസാണ്. പോലീസിന്റെ ജോലി കേസ് അന്വേഷിക്കലാണ്, പ്രതിയെ ശിക്ഷിക്കലല്ല.
വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാലന്ന് ഐ എ എസ് ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചു. ഇത്തവണ ഐഎഎസുകാര്‍ ഉയര്‍ത്തിയ നിയമ സാങ്കേതിക തടസ്സങ്ങളെല്ലാം സര്‍ക്കാര്‍ മറി കടന്നിരിക്കുകയാണ്. എന്നാല്‍ ഐ എ എസുകാരുടെ സംഘടന ഇപ്പോഴും തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. വിഷയത്തെ ഐഎഎസ് – ഐപിഎസ് തര്‍ക്കമാക്കാനും ശ്രമമുണ്ട്. എന്നാല്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിനൊരു പ്രസക്തിയുമില്ല. ഈ തീരുമാനത്തിന്റെ പ്രത്യാഘാതം മാത്രമാണ് വിഷയം.
ദീര്‍ഘകാലമായി ഐ.പി.എസ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് മജിസ്റ്റീരിയല്‍ അധികാരം. ഈ അധികാരം കയ്യാളുന്നതിലൂടെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് നാളിതുവരെ ജില്ലാ കളക്ടര്‍മാര്‍ നിര്‍വ്വഹിച്ചിരുന്ന ചില സവിശേഷ അധികാരങ്ങള്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. പൊതുശല്യ നിവാരണം, നല്ല നടപ്പിനുള്ള ശിക്ഷ, പൊലീസ് അതിക്രമങ്ങള്‍ക്കിരയായി മരണമടഞ്ഞവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തല്‍ തുടങ്ങിയ അധികാരങ്ങള്‍ അവയില്‍ പെടും. ക്രമസമാധാനപ്രശ്‌നം നേരിടാനായി വെടിവെപ്പിന് ഉത്തരവിടുക, ഗുണ്ടാനിയമപ്രകാരം തടങ്കലില്‍ വെക്കുക, തോക്ക് അടക്കമുള്ള ആയുധങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക തുടങ്ങിയ അധീകാരങ്ങളും കളക്ടറില്‍ നിന്നെടുത്ത് കമ്മീഷ്ണര്‍ക്കു നല്‍കും. ഈ അധികാരങ്ങള്‍ നീതിന്യായ (ജുഡീഷ്യല്‍ ) സ്വഭാവമുള്ളതാണ്. ഇവയിലെല്ലാം പരാതിക്കാരന്‍ പൊലീസ് ആണെന്നത് കൊണ്ടാണ് സ്വതന്ത്രമായ മറ്റൊരു ഏജന്‍സിയെന്ന നിലയില്‍ കളക്ടര്‍മാര്‍ക്ക് ഇത്തരം കേസുകളില്‍ തെളിവെടുപ്പ് നടത്തി ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം വ്യവസ്ഥ ചെയ്യപ്പെട്ടത്. സാധാരണ കോടതി വ്യവഹാരങ്ങളിലേക്ക് വന്നാല്‍ ഉത്തരവിറങ്ങുന്നതിന് കാലതാമസം നേരിടുമെന്നതിനാലും അടിയന്തിരമായ നടപടികള്‍ വേണ്ട സംഗതികള്‍ ആയതിനാലുമാണ് മേല്‍പ്പറഞ്ഞ പൊതു ശല്യ നിവാരണത്തിനും നല്ലനടപ്പിനും മറ്റും തീരുമാനമെടുക്കുന്നതിനായി കളക്ടര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ പദവി നല്‍കപ്പെട്ടത്. ദുര്‍ബ്ബലമെങ്കിലും പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഒരു സുരക്ഷാ സംവിധാനമാണിത്. എന്നാല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് വഴി, ഒരു പരിധി വരെ സ്വതന്ത്രമായ, നീതിന്യായ അന്വേഷണം എന്ന സുരക്ഷാ സംവിധാനം അട്ടിമറിക്കപ്പെടുകയും സ്വന്തം കേസില്‍ വിധി പറയുന്ന ന്യായാധിപരായി പൊലീസ് മാറുകയും ചെയ്യും. ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്തം അപകടരമായ സാഹചര്യമായിരിക്കും ഇതിലുടെ സൃഷ്ടിക്കപ്പെടുക എന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടികാട്ടുന്നു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പൊലീസ് മജിസ്റ്റീരിയല്‍ അധികാരം കയ്യാളുന്നുണ്ടെന്ന വാദം സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായി ഉന്നയിക്കപ്പെടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ 2016ല്‍ ഡല്‍ഹി പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അല്‍ഡാനിഷ് റെയ്ന്‍ എന്ന അഭിഭാഷകന്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഈ വിഷയത്തില്‍ കേരളമുള്‍പ്പടെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാറുകളോടും അഭിപ്രായം അരാഞ്ഞിരിക്കുകയാണ്. ഈ കേസിലെ പത്തൊന്‍പതാമത്തെ എതൃകക്ഷിയാണ് കേരള സര്‍ക്കാര്‍. ഈ കേസിലെ അന്തിമ വിധി വന്നിട്ടില്ല. അതിനുമുമ്പ് തിടുക്കപ്പെട്ട് തീരുമാനമെടുക്കാനുള്ള നീക്കം സംശയാസ്പദമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിരവധി കസ്റ്റഡി പീഢനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന ആരോപണങ്ങള്‍ വ്യാപകമാകുകയും മനുഷ്യാവകാശ കമ്മീഷനും പോലീസ് കെപ്ലെയ്ന്റ് അതോറിട്ടിയും പോലും അതു ശരിയെന്നു പറയുകയും ചെയ്യുമ്പോളാണ് ഈ തീരുമാനമെന്നതും പ്രധാനമാണ്. ജനകീയ സമരങ്ങളെപോലും യുദ്ധസമാനമായി നേരിടാനും അടിച്ചമര്‍ത്താനും പൊലീസിന് നല്‍കുന്ന ഈ അമിതാധികാരങ്ങള്‍ കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. ജനകീയ സമരങ്ങളെ എന്തുവില കൊടുത്തും നേരിടുമെന്ന് മുഖ്യമന്ത്രിതന്നെ പലവട്ടം പ്രസ്താവിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ജനാധിപത്യസംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന ഈ തീരുമാനം പിന്‍വലിക്കാനാണ് ജനകീയ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. തീരുമാനത്തിനെതിരെ സിപിഐ രംഗത്തിറങ്ങിയത് സ്വാഗതാര്‍ഹമാണ്.

കടപ്പാട് – ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply