ജനകീയാസൂത്രണവും തീവ്രഇടതുപക്ഷ വിമര്‍ശനങ്ങളും

ജനകീയാസൂത്രണം ആരംഭിച്ച നാള്‍ മുതല്‍ തീവ്രഇടതുപക്ഷത്തെ അരികുസംഘങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള വിമര്‍ശനങ്ങളിലൊന്ന് ഇത് ലോകബാങ്ക് പദ്ധതിയാണ് എന്നാണ്. പങ്കാളിത്ത ജനാധിപത്യം എന്നത് ലോകബാങ്കിന്റെ സങ്കല്‍പ്പനമാണ്. ജനകീയാസൂത്രണം ആരംഭിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അധികാര വികേന്ദ്രീകരണം കേന്ദ്രപ്രമേയമാക്കി ലോകബാങ്കിന്റെ വികസന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ വിമര്‍ശനങ്ങള്‍ ഉച്ചസ്ഥായിയിലായി. ”അധികാര വികേന്ദ്രീകരണം തന്നെ ആഗോള അജണ്ടയാണ്, മൂന്നാംലോക രാജ്യങ്ങളിലെ ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം”. ഇത്തരം വാദങ്ങള്‍ക്ക് അക്കാലത്ത് കേരളത്തില്‍ വലിയ സ്വാധീനം ഉണ്ടായി.

ലോകബാങ്ക് നിലപാടുകളുടെ ആദ്യവിമര്‍ശനങ്ങള്‍

ആഗോളവത്കരണത്തിന് പൂരകമായി അധികാര വികേന്ദ്രീകരണത്തെ കരുപ്പിടിപ്പിക്കാനാണ് ലോകബാങ്കിന്റെ ശ്രമം എന്നതിന് സംശയം വേണ്ട. അത് ഈ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യത്തിലും ബാധകമാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ മൂന്നാംലോക രാജ്യങ്ങളില്‍ വരണമെന്ന് ലോകബാങ്ക് വാദിച്ചാല്‍ ഈ വ്യവസ്ഥ വേണ്ടെന്ന മറുവാദമുന്നയിക്കുകയല്ലല്ലോ നാം ചെയ്യുന്നത്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ വിപ്ലവത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് പരിശോധിക്കേണ്ടത്. ഇതു തന്നെയാണ് അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിലും സ്വീകരിക്കേണ്ട സമീപനം.

2000 മെയ് മാസത്തില്‍ തിരുവനന്തപുരത്തു നടത്തിയ ജനകീയാസൂത്രണം സംബന്ധിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ . പ്രഭാത് പട്‌നായിക് അവതരിപ്പിച്ച പ്രബന്ധത്തില്‍ ലോകബാങ്കിന്റെ ചതിക്കുഴികളെക്കുറിച്ച് പ്രൊഫ ജാഗ്രതപ്പെടുത്തിയിരുന്നു. നിയോലിബറല്‍ നയങ്ങള്‍ ഫലപ്രദമായ വികേന്ദ്രീകൃത ആസൂത്രണത്തിന് എങ്ങനെ തടസ്സമാകുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. െ്രപാഫ. പ്രഭാതിന്റെ പ്രബന്ധത്തില്‍ മാത്രമല്ല, െ്രപാഫ. ജോണ്‍ ഹാരിസിന്റെയും െ്രപാഫ. സി പി ചന്ദ്രശേഖറിന്റെയും പ്രബന്ധങ്ങളിലെ പ്രമേയങ്ങളും ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. ജനകീയാസൂത്രണ വിവാദകാലത്ത് ഇവരുടെ ഈ നിലപാടുകള്‍ ജനകീയാസൂത്രണ വിമര്‍ശകര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അവര്‍ തന്നെ പരസ്യമായി ഇത്തരം ദുഷ്പ്രചരണങ്ങള്‍ക്കെതിരെ രംഗത്തു വന്നു. ജനകീയാസൂത്രണത്തെ ലോകബാങ്കിന്റെ ഗണത്തില്‍പ്പെടുത്താനാവില്ല. മാത്രമല്ല, ആഗോളവത്കരണത്തിനെതിരായ ചെറുത്തുനില്‍പ്പിന് ജനകീയാസൂത്രണ മാതൃകയിലുള്ള വികേന്ദ്രീകരണം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അവര്‍ വിശദീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് െ്രപാഫ. പ്രഭാത് പട്‌നായിക് മാര്‍ക്‌സിസ്റ്റ് എന്ന താത്വിക മാസികയില്‍ എഴുതിയ ലേഖനം ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഞാന്‍ അതു സംബന്ധിച്ച് കൂടുതലായി എഴുതുന്നില്ല.

ഒരു കാര്യം കൂടി ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ. ജനകീയാസൂത്രണത്തിന്റെ തുടക്കം മുതല്‍ ലോകബാങ്ക് സമീപനത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് എങ്ങനെ ജനകീയാസൂത്രണം ലോകബാങ്ക് സമീപനത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നു എന്നു വിശദീകരിച്ചുകൊണ്ടും പുസ്തകങ്ങള്‍ തന്നെ എഴുതിയിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ പ്രഥമവര്‍ഷത്തില്‍ത്തന്നെ ഞാനെഴുതി പ്രസിദ്ധീകരിച്ച ജനകീയാസൂത്രണ പ്രസഥ്ാനം ചില വിശദീകരണങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ചോദ്യോത്തര രൂപേണ ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. ജനകീയാസൂത്രണത്തിന്റെ അവസാനവര്‍ഷം പ്രസിദ്ധീകരിച്ച ജനകീയാസൂത്രണം ഒരു പാഠപുസ്തകം എന്ന ഗ്രന്ഥത്തില്‍ ലോകബാങ്കിന്റെ വികസന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള നിശിതമായ വിമര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ജനകീയാസൂത്രണ വിവാദത്തിനു മുമ്പ് എഴുതിയ രേഖകളാണ്.

അഞ്ച് അന്തരങ്ങള്‍

ജനകീയാസൂത്രണ വിവാദം കൊണ്ടുവന്ന തിരിച്ചറിവുകളെ വളരെ സംക്ഷിപ്തമായി പരാമര്‍ശിക്കട്ടെ:

ഒന്ന്) ലോകബാങ്കിനെ സംബന്ധിച്ചടത്തോളം സാമൂഹ്യസാമ്പത്തിക മേഖലയിലെ സര്‍ക്കാരിന്റെ പങ്കിനെ വെട്ടിച്ചുരുക്കുക എന്നതാണ് ലക്ഷ്യം. ലോകബാങ്കിന്റെ ഭാഷയില്‍ ഭരണകൂടത്തെ ഡൗണ്‍സൈസ് ചെയ്യണം. എന്നാല്‍ ജനകീയാസൂത്രണം പ്രാദേശിക സര്‍ക്കാരുകളെ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിനെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനായത്തപരമാക്കുന്നതുവഴി കൂടുതല്‍ വിപുലവും ആഴത്തിലുള്ളതുമാക്കിത്തീര്‍ക്കുകയാണ്.

രണ്ട്) സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ലോകബാങ്ക്, കമ്പോളത്തെയാണ് പരമപ്രധാനമായി കാണുന്നത്. വികേന്ദ്രീകരണം സംബന്ധിച്ച ലോകബാങ്ക് സിദ്ധാന്തങ്ങളില്‍ വികേന്ദ്രീകരണത്തിന്റെ ആത്യന്തിക പരിണാമബിന്ദു സ്വകാര്യവത്കരണവും കമ്പോളവത്കരണവുമാണ്. ഇതിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും അധികാരം നല്‍കുന്നുവെന്നാണ് വ്യാഖ്യാനം. ഇത്തരമൊരു കമ്പോളവത്കരണമല്ല ജനകീയാസൂത്രണത്തിലൂടെ ലക്ഷ്യമിടുന്നത്. ജനകീയാസൂത്രണത്തിന്റെ അച്ചുതണ്ട് ആസൂത്രണമാണ്. ഓരോ പ്രദേശത്തും എന്തുവേണമെന്ന തീരുമാനം കേവലമായി കമ്പോളത്തിനു വിട്ടുകൊടുക്കാതെ പ്രാദേശിക സമൂഹത്തെക്കൊണ്ട് കൂട്ടായി തീരുമാനമെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. കമ്പോളത്തെ ജനകീയാസൂത്രണത്തില്‍ തിരസ്‌കരിക്കുന്നില്ല. പക്ഷേ അതിനെ കഴിയുന്നത്ര സാമൂഹ്യനിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മൂന്ന്) വികേന്ദ്രീകരണത്തിലൂടെ സാമൂഹ്യക്ഷേമരംഗങ്ങളില്‍ നിന്ന് സര്‍ക്കാരിനെ പിന്‍വലിപ്പിക്കാനും അതിന്റെ ഭാരം ജനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കാനുമാണ് ലോകബാങ്ക് ശ്രമിക്കുന്നത്. എന്നാല്‍ ഇതല്ല ജനകീയാസൂത്രണത്തിന്റെ സമീപനം. സാമൂഹ്യക്ഷേമ രംഗങ്ങളിലെ ചുമതലകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതിനോടൊപ്പം ആ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് സര്‍ക്കാര്‍ വരുമാനത്തില്‍ നിന്ന് ന്യായമായ വിഹിതവും താഴേയ്ക്കു നല്‍കുന്നു. ഇതിനോടൊപ്പമാണ് ഓരോ പ്രദേശത്തുമുള്ള അധികവിഭവ സമാഹരണവും കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നത്. വികേന്ദ്രീകരണത്തിന്റെ ഭാരം സംസ്ഥാന സര്‍ക്കാരിന്റെ ചുമലിലാണ്.

നാല്) ലോകബാങ്കും പങ്കാളിത്ത വികസനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ, ലോകബാങ്കിനെ സംബന്ധിച്ചിടത്തോളം ജനപങ്കാളിത്തമെന്നാല്‍ ഒറ്റപ്പെട്ട വ്യക്തികളുടെയോ ഏറി വന്നാല്‍ സന്നദ്ധ സംഘടനകളുടെയോ പങ്കാളിത്തമാണ്. പൗരസമൂഹത്തെ രാഷ്ട്രീയത്തിനെതിരായി തിരിക്കലാണ് അവരുടെ ലക്ഷ്യം. അതുവഴി പുരോഗമന രാഷ്ട്രീയത്തെ തകര്‍ക്കാമെന്നും ആഗോളവത്കരണത്തോട് മെരുങ്ങിയ പ്രാദേശിക സമൂഹങ്ങളെ വാര്‍ത്തെടുക്കാമെന്നും അവര്‍ കരുതുന്നു. എന്നാല്‍ ജനകീയാസൂത്രണത്തെ സംബന്ധിച്ചിടത്തോളം പങ്കാളിത്തം വ്യക്തികളിലോ സന്നദ്ധ സംഘടനകളിലോ ഒതുങ്ങുന്നില്ല. വര്‍ഗ്ഗബഹുജന സംഘടനകളെ ആസൂത്രണത്തിലും പ്രാദേശിക ഭരണത്തിലും നേരിട്ട് പങ്കാളികളാക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ഈ ദൗത്യം എത്രമാത്രം ഏറ്റെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജനകീയാസൂത്രണത്തിന്റെ വിജയം.

അഞ്ച്) ജനകീയാസൂത്രണം ഊര്‍ജ്ജം തേടുന്നത് ലോകബാങ്ക് നിര്‍ദ്ദേശങ്ങളില്‍ നിന്നല്ല. മറിച്ച് സമ്പന്നമായ നമ്മുടെ ജനകീയ ദേശീയ പാരമ്പര്യങ്ങളില്‍ നിന്നാണ്. ലോകബാങ്ക് തന്നെ രൂപം കൊള്ളുന്നതിന് മുമ്പ് നമ്മുടെ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ഗ്രാമസ്വരാജ് എന്നുള്ളത്. കൊളോണിയല്‍ ആഗോളവത്കരണത്തിനെതിരായ പോരാട്ടത്തിന്റെ ഒരു കേന്ദ്രമുദ്രാവാക്യമായിരുന്നു, ഗ്രാമസ്വരാജ്. ഈ ദേശീയ മുദ്രാവാക്യത്തിന് സമകാലീന ആഗോളവത്കരണത്തിനെതിരായ പോരാട്ടത്തിലും പ്രസക്തിയുണ്ട്.

ലോകബാങ്ക് പരീക്ഷണങ്ങളുടെ പരാജയം

ജനകീയാസൂത്രണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഞാനും റിച്ചാര്‍ഡ് ഫ്രാങ്കിയും ചേര്‍ന്നെഴുതിയ Local Democracy and Development, The Kerala People’s Campaign for Decentralised Planning എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പില്‍ മുഖ്യമായും ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ആഗോള വികേന്ദ്രീകരണ പരിഷ്‌കാരങ്ങളെയും അതു സംബന്ധിച്ച പഠനങ്ങളെയും സുദീര്‍ഘമായ ഒരു അദ്ധ്യായത്തില്‍ അവലോകനം ചെയ്യുന്നുണ്ട്. അവയില്‍ നല്ലപങ്കും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കാരണം മൂന്നാംലോക രാജ്യങ്ങളിലെല്ലാം അധികാര വികേന്ദ്രീകരണം നടപ്പാക്കിയത് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ്. ഈ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ രണ്ടു പതിറ്റാണ്ടുകാലം ലത്തീന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയുമെല്ലാം ജനജീവിതം തകര്‍ത്തു ദുഷ്‌കരമാക്കി. ഇവയെല്ലാം അധികാര വികേന്ദ്രീകരണത്തിന് ദുഷ്‌പേരുണ്ടാക്കി. ഇത് ജനകീയാസൂത്രണം സംബന്ധിച്ച് ലോകത്തുള്ള പ്രസിദ്ധീകരണങ്ങളുടെ എണ്ണമെടുത്താല്‍ കൃത്യമായി കാണാം. ഈ പുതിയ നൂറ്റാണ്ടിന്റെ ഒന്നാമത്തെ പതിറ്റാണ്ടു വരെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ഓരോ വര്‍ഷവും ആയിരക്കണക്കിന് പഠനങ്ങളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ഇത്തരം പഠനങ്ങളുടെ എണ്ണം തന്നെ തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ലോകബാങ്ക് അധികാര വികേന്ദ്രീകരണ പരിഷ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ ഫലങ്ങള്‍ എത്ര അഭിമാനാര്‍ഹമാണ് എന്ന് ഈ ലേഖനത്തിന്റെ തുടക്കഭാഗങ്ങളില്‍ അക്കമിട്ടെഴുതിയിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ അനുഭവം പരിശോധിക്കുന്ന എല്ലാവരും കേരളത്തിന്റെ മികവുകളിലൊന്നായി തദ്ദേശ ഭരണ സ്ഥാപനളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും അവസാനം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ 2020-21 ലെ റിപ്പോര്‍ട്ടില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക് പ്രശംസിച്ചിട്ടുണ്ട്. ”പ്രതിരോധത്തിന്റെ കേരള മോഡല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്” എന്ന തലക്കെട്ടില്‍ ഒരു പേജ് ബോക്‌സ് തന്നെ ഇതിനായി നീക്കിവച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്കിനെ റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കുന്നതിന് രണ്ടു പതിറ്റാണ്ടിലേറെയായി കേരളം സ്വീകരിച്ചുവരുന്ന നടപടികളുടെ ഫലമാണിതെന്ന് റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. 2020-21ല്‍ സംസ്ഥാനത്തെ പ്രതീക്ഷിത സ്വന്തം നികുതി വരുമാനത്തിന്റെ (ബജറ്റ് എസ്റ്റിമേറ്റിന്റെ) 17.4 ശതമാനം കേരള സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഈ തോത് 12.3 ശതമാനമേ വരുന്നുള്ളൂ. സംസ്ഥാനത്തിന്റെ മൊത്തം വരുമാനമായി കണക്കാക്കിയാല്‍ കേരളം 10.3 ശതമാനം കീഴോട്ട് നല്‍കുന്നു. അഖിലേന്ത്യാ ശരാശരി 5.3 ശതമാനം മാത്രമാണ്. ആദ്യമായിട്ടാണ് റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് പ്രത്യേക സെക്ഷന്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇതിനു േ്രപരണയായത് കേരളത്തിന്റെ അനുഭവമാണ്.

വികേന്ദ്രീകരണം – മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട്

തുടക്കം മുതല്‍ ലോകബാങ്കിന്റെയും ഇന്ത്യയിലെ ഭരണവര്‍ഗ്ഗങ്ങളുടെയും കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായൊരു സമീപനം ജനകീയാസൂത്രണത്തില്‍ സ്വീകരിക്കാന്‍ കഴിഞ്ഞത് ഇതു സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് സുവ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ടാണ്. ഈയൊരു കാഴ്ചപ്പാട് കരുപ്പിടിപ്പിക്കുന്നതിന് നിസ്തുലമായ സംഭാവനയാണ് സഖാവ് ഇ എം എസ് നല്‍കിയിട്ടുള്ളത്. മദിരാശി പ്രവിശ്യയിലെ 1935ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തോട് സ്വീകരിച്ച ഉദാസീന സമീപനത്തിനെതിരായ വിമര്‍ശനം, 1957ലെ ഭരണപരിഷ്‌കാര കമ്മിഷന്‍ റിപ്പോര്‍ട്ടും കരടു വികേന്ദ്രീകരണ നിയമവും തുടര്‍ന്നുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്ത് കീഴോട്ട് അധികാരം നല്‍കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള പരിശ്രമങ്ങളും അശോക് മെഹ്ത്ത കമ്മിറ്റി റിപ്പോര്‍ട്ടിനുള്ള ഭിന്നാഭിപ്രായക്കുറിപ്പും അവസാനം ജില്ലാ കൗണ്‍സിലുകളുടെ കാലം മുതല്‍ സഖാവ് എഴുതിയിട്ടുള്ള രണ്ടു ഡസനിലേറെ ലേഖനങ്ങളും ഇതിലേയ്ക്ക് മുതല്‍ക്കൂട്ടാണ്. ജനകീയാസൂത്രണ ഉന്നതാധികാര സമിതിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ജനകീയാസൂത്രണത്തിന്റെ ഓരോ പടവിലും സഖാവ് ഇഎംഎസിന്റെ പാദമുദ്ര കാണാം.

വര്‍ഗ്ഗസമീപനം

മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വര്‍ഗ്ഗപരമായ കാഴ്ചപ്പാടിലൂടെയാണ് അധികാര വികേന്ദ്രീകരണത്തിന്റെ പ്രശ്‌നത്തെയും നാം സമീപിക്കുന്നത്. കേന്ദ്രീകൃതമായാലും വികേന്ദ്രീകൃതമായാലും അത് നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ ജന്മ-ബൂര്‍ഷ്വാ സ്വഭാവത്തില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല എന്നത് വാസ്തവംതന്നെ. എന്നാല്‍ ഈ ജന്മി-ബൂര്‍ഷ്വാ വ്യവസ്ഥയെ മാറ്റുന്നതിന് ബഹുജനങ്ങളെ അണിനിരത്തുന്നതിനും അവര്‍ക്ക് സമാശ്വാസം നല്‍കുന്നതിനും കൂടുതല്‍ സഹായകരം വികേന്ദ്രീകൃതമായ ഒരു ഭരണ സംവിധാനമായിരിക്കും. ഈയൊരു ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പഞ്ചായത്തിരാജ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് നിലകൊണ്ടിട്ടുള്ളത്.

നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായത്തിലൂടെ ജന്മി-ബൂര്‍ഷ്വാ സാമൂഹ്യ വ്യവസ്ഥയെ അട്ടിമറിക്കാമെന്ന വ്യാമോഹമൊന്നും ഇല്ലാതിരിക്കുമ്പോള്‍ത്തന്നെ, പാര്‍ലമെന്ററി വ്യവസ്ഥയുടെ സംരക്ഷണത്തിനുവേണ്ടി പോരാടിയ ചരിത്രമാണല്ലോ പാര്‍ട്ടിക്കുള്ളത്. പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരായ ഭീഷണി ബഹുജനങ്ങളില്‍നിന്നല്ല, ഭരണവര്‍ഗ്ഗങ്ങളില്‍ നിന്നാണ് ഉയരുന്നത് എന്നതിന് കോണ്‍ഗ്രസ്സ് അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥതന്നെ ഏറ്റവും നല്ല തെളിവാണ്. ബൂര്‍ഷ്വാ സ്വേച്ഛാധിപത്യത്തെക്കാള്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയാണ് ബഹുജന പ്രസ്ഥാനങ്ങളുടെ താല്‍പ്പര്യ സംരക്ഷണത്തിന് ഗുണകരമെന്നതിനാലാണ് പാര്‍ട്ടി അടിയന്തരാവസ്ഥയെ നഖശിഖാന്തം എതിര്‍ത്തത്.

പാര്‍ലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് മാത്രമല്ല, അത് കൂടുതല്‍ വിപുലീകൃതമാക്കുന്നതിനും പാര്‍ട്ടി ശ്രമിക്കുന്നു. എന്നാല്‍ ഭരണവര്‍ഗ്ഗങ്ങളാകട്ടെ, പാര്‍ലമെന്ററി ജനാധിപത്യ അവകാശങ്ങളെ പരിമിതപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യം കേന്ദ്ര-സംസ്ഥാന തലങ്ങളിലേ ഉള്ളൂ. കീഴ്ത്തട്ടിലാകട്ടെ ഉദ്യോഗസ്ഥ മേധാവിത്വമാണ്. മേല്‍ത്തട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തെ കീഴ്ത്തട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണം ലക്ഷ്യമിടുന്നത്. ഇതാവട്ടെ, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകരവുമാണ്.

അങ്ങനെ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും എന്നപോലെതന്നെ പ്രാദേശികതലത്തിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ രൂപംകൊള്ളുന്നു. ഇത്തരം ഒരു വീക്ഷണമല്ല കോണ്‍ഗ്രസ്സിനുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഒരു ഏജന്‍സിയായിട്ടാണ് മുഖ്യമായും തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോണ്‍ഗ്രസ്സ് വീക്ഷിച്ചുവന്നത്. ബല്‍വന്ത്‌റായി മെഹ്ത്താ കമ്മിറ്റി റിപ്പോര്‍ട്ടും പ്ലാനിംഗ് കമീഷന്റെ നിര്‍ദ്ദേശങ്ങളും ഇത്തരം ഒരു വീക്ഷണത്തോടുകൂടിയുള്ളതാണ്. അശോക് മെഹ്ത്താ കമ്മിറ്റി റിപ്പോര്‍ട്ടിന് ഇ എം എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പില്‍ ഉന്നയിച്ചിരുന്ന ഒരു മുഖ്യ ആക്ഷേപം ഇത് സംബന്ധിച്ചുള്ളതായിരുന്നു.

കേന്ദ്രസര്‍ക്കാരുകളുടെ സമീപനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് 1957 ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപം നല്‍കിയ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ടിലും 1958 ലും 1968 ലും കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകളിലും വ്യവസ്ഥ ചെയ്തിരുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റവന്യൂ അധികാരങ്ങളടക്കം വിപുലമായ ഭരണാധികാരങ്ങളുള്ള സ്ഥാപനങ്ങളായാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഇവയില്‍ വീക്ഷിച്ചിരുന്നത്. ജില്ലാ കളക്ടര്‍മാര്‍ ജില്ലാ കൗണ്‍സിലിന്റെ സെക്രട്ടറിമാരാകുന്നതുവഴി ജില്ലാ ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കീഴിലാക്കുന്നതിനാണ് വ്യവസ്ഥ ചെയ്തിരുന്നത്. 1991-ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയ ജില്ലാകൗണ്‍സിലിന്റെയും കാഴ്ചപ്പാട് ഇതുതന്നെയായിരുന്നു. വിവിധ തട്ടുകളിലെ ഉദ്യോഗസ്ഥര്‍ അതതു തട്ടുകളിലെ ജനപ്രതിനിധികള്‍ക്ക് കീഴ്‌പ്പെടണമെന്നുള്ളതാണ് ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്വം.

ഇത്തരമൊരു സമഗ്രമായ കാഴ്ചപ്പാട് കൊട്ടിഘോഷിക്കപ്പെടുന്ന 73, 74 ഭരണഘടനാ ഭേദഗതികള്‍ക്ക് പോലുമില്ല എന്നതാണ് വാസ്തവം. യഥാര്‍ത്ഥം പറഞ്ഞാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും 73, 74 ഭരണഘടനാ ഭേദഗതി ഇവിടെ അംഗീകൃതമായിരുന്ന വികേന്ദ്രീകരണ സങ്കല്‍പ്പനങ്ങളില്‍നിന്നുള്ള ഒരു തിരിച്ചുപോക്കാണ്. നാം കണ്ടതുപോലെ ജില്ലാതലത്തിലെങ്കിലും സമഗ്രമായ അധികാരങ്ങളോടുകൂടിയ ജില്ലാ സര്‍ക്കാരുകളെയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഈ സങ്കല്‍പ്പനത്തിന്റെ സാക്ഷാല്‍ക്കാരത്തിലേയ്ക്കുള്ള വലിയൊരു ചുവടുവയ്പായിരുന്നു 1991 ലെ ജില്ലാകൗണ്‍സില്‍. എന്നാല്‍ 73, 74 ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ രൂപംകൊണ്ടിരുന്ന ജില്ലാ പഞ്ചായത്തുകള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപം നല്‍കിയ ജില്ലാ കൗണ്‍സിലുകളുടെ േ്രപതം മാത്രമാണ്. പുതിയ ജില്ലാ പഞ്ചായത്തുകള്‍ക്ക് നഗര പ്രദേശങ്ങളില്‍ നിയന്ത്രണാധികാരമില്ല. നഗരസഭകള്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിക്ക് പുറത്താണ്. അതുകൊണ്ടുതന്നെ, ജില്ലാഭരണ സംവിധാനത്തെ ജില്ലാപഞ്ചായത്തിന് കീഴിലാക്കുന്നതിന് പ്രായോഗിക വൈഷമ്യങ്ങളുണ്ട്. ജില്ലാ കളക്ടര്‍ ജില്ലാ പഞ്ചായത്തുകളുടെ സെക്രട്ടറിയല്ല എന്നതില്‍ നിന്നുതന്നെ ഇത് വ്യക്തമാണ്.

73, 74 ഭരണഘടനാ ഭേദഗതികളുടെ ഒരു അടിസ്ഥാന ദൗര്‍ബ്ബല്യമാണിത്. ഇവ പ്രകാരം ഓരോ ജില്ലയിലെയും നഗര-ഗ്രാമപ്രദേശങ്ങളെ പരസ്പര ബന്ധമില്ലാത്ത ഭരണസംവിധാനങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇന്നത്തെ ഭരണഘടനയ്ക്ക് കീഴില്‍ പഞ്ചായത്തുകളെയും നഗരസഭകളെയും ഒരുപോലെ മേല്‍നോട്ടം വഹിക്കാന്‍ കഴിയുന്ന ഒരു ജില്ലാ ഭരണകൂടം സാദ്ധ്യമല്ല. ഇന്ത്യന്‍ ഭരണഘടനയിലെ ഈ ജനാധിപത്യ വിരുദ്ധ വ്യവസ്ഥകളെ തിരുത്തുന്നതിനുവേണ്ടിയുള്ള പ്രചാരണ പ്രക്ഷോഭങ്ങള്‍ കൂടിയേതീരൂ.

വര്‍ഗ്ഗബഹുജനസംഘടനകളും വികസനവും

ജനപങ്കാളിത്ത വികസനത്തെക്കുറിച്ച് ഔദ്യോഗിക പഞ്ചവത്സര പദ്ധതി രേഖകളിലും വികേന്ദ്രീകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളിലുമെല്ലാം ഒട്ടേറെ പരാമര്‍ശങ്ങള്‍ കാണാം. പക്ഷേ അവിടങ്ങളിലെല്ലാം ജനപങ്കാളിത്തമെന്നാല്‍ ഒട്ടുമിക്കപ്പോഴും സന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തിലൊതുങ്ങുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ പാര്‍ട്ടിയുടെ കാഴ്ചപ്പാട് വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പങ്കാളിത്തത്തിലൂടെയല്ലാതെ യഥാര്‍ത്ഥ ജനപങ്കാളിത്തം സാദ്ധ്യമല്ല എന്നുതന്നെയാണ്. കേരളം പോലെ ജനങ്ങള്‍ സുസംഘടിതരായ സംസ്ഥാനത്ത് ഈ സമീപനത്തിന് പ്രസക്തി വളരെ വലുതാണ്.

പങ്കാളിത്തം സംബന്ധിച്ച ഔദ്യോഗിക സമീപനങ്ങളുടെ മറ്റൊരു ദൗര്‍ബ്ബല്യം പദ്ധതിയുടെ നിര്‍വ്വഹണത്തിലേ ബഹുജനങ്ങളുടെ നേരിട്ടുള്ള പങ്ക് വിഭാവനം ചെയ്യുന്നുള്ളൂ എന്നതാണ്. എന്നാല്‍ പദ്ധതി നിര്‍വ്വഹണത്തില്‍ പങ്കാളിത്തം ആസൂത്രണത്തില്‍ നിന്നുതന്നെ ആരംഭിക്കണം. മറ്റാരെങ്കിലും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാത്രമായി ബഹുജനങ്ങളെ കാണാന്‍ പാടില്ല. മാത്രമല്ല, പദ്ധതിയുടെ ഗുണഫലങ്ങളില്‍ ന്യായമായ വിഹിതവും ജനങ്ങള്‍ക്ക് ഉറപ്പുവരുത്താനാവണം.

ഇന്ത്യയില്‍ ഇതുവരെ തുടര്‍ന്നുവന്ന വികസനനയങ്ങള്‍ ജനങ്ങളെയും അവരുടെ സംഘടനകളെയും വികസന പ്രക്രിയയില്‍നിന്ന് അന്യവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. മുതലാളിത്ത വികസനപാത ബഹുഭൂരിപക്ഷം ജനങ്ങളെ കൂടുതല്‍ കൂടുതല്‍ പാപ്പരാക്കുന്നു എന്നു മാത്രമല്ല, സ്വയം സംഘടിച്ച് വികസന നേട്ടങ്ങളില്‍ ന്യായമായ പങ്ക് തങ്ങള്‍ക്കുകൂടി ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള അദ്ധ്വാനിക്കുന്നവരുടെ പരിശ്രമങ്ങളെ ഭരണവര്‍ഗ്ഗങ്ങള്‍ അടിച്ചമര്‍ത്തുന്നു. ഈ നയങ്ങള്‍ തിരുത്തിക്കൊണ്ടല്ലാതെ ജനപങ്കാളിത്തം ഉറപ്പാക്കുക സാദ്ധ്യമല്ല.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും മുതലാളിത്ത വികസനപാതയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാല്‍ത്തന്നെയും ജനങ്ങളുടെ സംഘടിക്കാനുള്ള അവകാശങ്ങളെ അംഗീകരിക്കുകയും അവരുടെ വരുമാനവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിന് ബോധപൂര്‍വ്വം പരിശ്രമിക്കുകയും ചെയ്യുന്ന നയങ്ങളാണ് അനുവര്‍ത്തിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ വര്‍ഗ്ഗബഹുജന സംഘടനകള്‍ക്ക് കഴിയും. മാത്രമല്ല, ഇപ്രകാരം വികസന പ്രക്രിയയില്‍ ഇടപെടേണ്ടത് കേരളത്തിന്റെ സാഹചര്യത്തില്‍ അനിവാര്യവുമാണ്. അവകാശ സമരങ്ങള്‍ക്കൊപ്പം ജനങ്ങളുടെ നീറുന്ന വികസന പ്രശ്‌നങ്ങള്‍ക്കുകൂടി പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു കര്‍മ്മപരിപാടി വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൂലിവേലയെ അടിസ്ഥാനമാക്കിയുള്ള ചെറുകിട ഉല്‍പ്പാദന വ്യവസ്ഥയാണ് കേരളത്തിലെ ഉല്‍പ്പാദന ബന്ധങ്ങളില്‍ പ്രമുഖം. ചെറുകിട വ്യവസായമേഖല മാത്രമല്ല, കാര്‍ഷികമേഖലയിലും ഇതുതന്നെയാണ് സ്ഥിതി. ചെറുകിട ഭൂവുടമസ്ഥര്‍ പോലും കൂലിവേലയ്ക്ക് ആളെ നിര്‍ത്തി പണിയെടുപ്പിക്കുന്നു. ചെറുകിട ഭൂവുടമസ്ഥരില്‍ നല്ല പങ്ക് ആളുകളും കാര്‍ഷികേതര മേഖലയില്‍ കൂലിവേലയോ ശമ്പളപ്പണിയോ എടുക്കുകയും ചെയ്യുന്നു. ഈയൊരു സങ്കീര്‍ണ്ണമായ വര്‍ഗ്ഗബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുകിട ഉല്‍പ്പാദകരുടെയും കൂലിവേലക്കാരുടെയും ജനകീയ ഐക്യം ഊട്ടിയുറപ്പിക്കണമെങ്കില്‍ കൂലിവര്‍ദ്ധനയോടൊപ്പം ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള നടപടികളും അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം വിലകള്‍ ആനുപാതികമായി ഉയരുന്നില്ലെങ്കില്‍ കൂലിവേലക്കാരും ചെറുകിട ഉല്‍പ്പാദകരും തമ്മില്‍ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കാം. ജനകീയ ഐക്യം ഉറപ്പാക്കുന്നതിനും വര്‍ഗ്ഗപ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പുരോഗതിക്കും ചെറുകിട മേഖലയിലെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നത് ഒരു മുഖ്യ സമീപനമായി മാറിയിരിക്കുന്നു.

ഇതുപോലെതന്നെ, വ്യവസായ സഹകരണ മേഖലയിലെയും ഉല്‍പ്പാദനത്തെ വൈവിദ്ധ്യവല്‍ക്കരിച്ചുകൊണ്ടും ഉല്‍പ്പാദനക്ഷമത ഉയര്‍ത്തിക്കൊണ്ടും മാത്രമേ ഈ മേഖലകളിലെ തൊഴിലെടുക്കുന്നവരുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്താനാകൂ. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ട് മാത്രമേ ഈ മേഖലകളിലെ പൊതുമേഖലാ സംവിധാനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാനാവൂ.

ഇപ്രകാരം വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്ക് അവരവരുടെ മേഖലകളില്‍ വികസന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും സജീവമായി ഇടപെടുന്നതിനുമുള്ള അവസരം ഉറപ്പാക്കുന്നതിന് വികേന്ദ്രീകൃതമായ ഒരു അധികാരഘടനയാണ് അഭികാമ്യം.

രണ്ട് പാളിച്ചകള്‍

വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സാദ്ധ്യതകളെയും അതില്‍ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ സ്ഥാനത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടു തരത്തിലുള്ള പാളിച്ചകളെക്കുറിച്ച് നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് ഇന്നത്തെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് വികേന്ദ്രീകരണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകളയാം എന്ന വ്യാമോഹം ആണ്.

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ വികസനപ്രശ്‌നങ്ങളെ പ്രാദേശികമായി, ജനകീയമായി പരിഹരിക്കാമെന്ന വ്യാമോഹം പാടില്ല. പുത്തന്‍ സാമ്പത്തിക നയങ്ങളും ദേശീയ തലത്തിലെ പ്രതിസന്ധിയും സംസ്ഥാനതലത്തിലും പ്രാദേശികമായും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് കര്‍ക്കശമായ പരിധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന്, ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ വിലകള്‍ കൂടുതല്‍ കൂടുതല്‍ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികമായി കാര്‍ഷികമേഖലയില്‍പ്പോലും കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുന്‍കാലങ്ങളെക്കാള്‍ പ്രയാസമാണ്.

അതേസമയം, ആഗോളവല്‍ക്കരണത്തെയും പുതിയ സാമ്പത്തിക നയങ്ങളെയുമെല്ലാം എതിര്‍ത്ത് തോല്‍പ്പിച്ചതിനുശേഷം മാത്രമേ കേരളത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും സമാശ്വാസം നല്‍കാനാകൂ എന്ന നിലപാടെടുക്കാനാകില്ല. ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ക്ക് സമാശ്വാസം കണ്ടെത്തിക്കൊണ്ട് മാത്രമേ പുതിയ സാമ്പത്തിക നയത്തിനും ആഗോളവല്‍ക്കരണത്തിനും എതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്താനാകൂ. ആഗോളമായും ദേശീയമായുമുള്ള മാറ്റങ്ങളിലൂടെ മാത്രമേ ഈ നയങ്ങള്‍ തിരുത്താനാകൂ. അതിന് പരിശ്രമിക്കുന്നതോടൊപ്പം കേരളത്തിലെ വികസന പ്രശ്‌നങ്ങള്‍ക്ക് ഭാഗികമായിട്ടെങ്കിലും പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്.

ചുരുക്കത്തില്‍, എല്ലാം ചെയ്യാനാകും എന്ന വ്യാമോഹം പോലെതന്നെ തിരസ്‌കരിക്കപ്പെടേണ്ട മറ്റൊരു പാളിച്ചയാണ് ഒന്നും ചെയ്യാനാവില്ല എന്ന നിരാശാബോധവും. മുതലാളിത്ത പ്രതിസന്ധി രൂക്ഷമാകുന്നു എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പംതന്നെ മുതലാളിത്തം വളരുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം കൂടി അംഗീകരിക്കണം. ഈ വളര്‍ച്ചയുടെ സാദ്ധ്യതകളെ സംസ്ഥാനത്തിന്റെ പൊതു വികസനത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ ക്ഷേമത്തിനുതകുന്ന രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.

(കഴിഞ്ഞ വര്‍ഷം മാര്‍ക്‌സിസ്റ്റ് സംവാദത്തിലെഴുതിയ ലേഖനത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply