കൊറോണാകാലവും കപടശാസ്ത്രത്തിനും വംശീയവിദ്വേഷത്തിനും ഉപയോഗിക്കുന്നവര്‍

തെക്കന്‍ കൊറിയയിലെ കൊവിഡ് രോഗികളില്‍ 51 % പേര്‍ക്കും രോഗം പകര്‍ന്നത് ഒരു കൃസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ നിന്നാണ്. ആസ്ട്രിയ, അമേരിക്ക, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂട്ടം ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് വ്യാപകമായി രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അവിടെയൊന്നുമില്ലാത്ത വംശീയവിദ്വേഷം നിസാമുദ്ദിന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടാകുന്നത് സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ബോധപൂര്‍വ്വ സൃഷ്ടിയാണ്. അവരുടെ കപടശാസ്ത്ര വിശാദരന്മാരും ഗോമൂത്രഗവേഷകരും ജനവിരുദ്ധ അധികാരകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന അസഹ്യമായ സാമൂഹ്യ അന്തരീക്ഷത്തെ മറികടക്കുകയെന്നതും കൊറോണകാലത്ത് നമ്മുടെ മുന്നിലുള്ള കനത്ത വെല്ലുവിളിയാണ്.

ഇന്ത്യയിലിപ്പോള്‍ കൊവിഡ് 19 പോലെതന്നെ മാരകമായവിധം പടരുന്ന കപടശാസ്ത്രവാദങ്ങള്‍ കൂടുതല്‍ അപകടകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രമോദി പറയുന്നതും ചെയ്യുന്നതുമെല്ലാം ആധുനിക ശാസ്ത്രത്തെ വെല്ലുന്ന അതിഭൗതിക ശാസ്ത്രമാണെന്ന പ്രചാരണം ശക്തമാണ്. 2014ല്‍ മുംബൈയില്‍ ഒരു ആശുപത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ നരേന്ദ്രമോദി തന്നെ തുടങ്ങിവെച്ചതാണ് ആധുനിക ശാസ്ത്രത്തേയും സാമാന്യബോധത്തേയും വെല്ലുവിളിക്കുന്ന ഈ കാപട്യം. ഗണപതിയുടെ കാലത്ത് പ്ലാസ്റ്റിക് സര്‍ജ്ജറി ഉണ്ടായിരുന്നു എന്നായിരുന്നു അന്ന് മോദിയുടെ മഹദ്് വചനം.

കൊവിഡ് 19ല്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ ലോകമൊന്നടങ്കം കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇന്ത്യയില്‍ പലയിടത്തും ഗോമൂത്ര ചികിത്സ പൊടിപൊടിക്കുന്നത്. ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവ് കുര്യനോട് ഗോമൂത്രം വിശുദ്ധവും ഔഷധഗുണമുള്ളതുമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ആര്‍ എസ് എസ് കാര്യാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആ തട്ടിപ്പിനു കൂട്ടുനില്‍ക്കില്ലെന്ന് പറഞ്ഞതായി വെളിപ്പെടുത്തിയത് അദ്ദേഹം തന്നെയാണ്. അമേരിക്കയിലെ അരിസോണ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈറസ് പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ തമിഴ് നാട്ടുകാരിയായ യുവശാസ്ത്രജ്ഞ ഈ അടുത്ത കാലത്താണ് ഗോമൂത്രത്തിന്റെ ഔഷധഗുണമെന്ന കള്ളത്തെ നിഷ്‌കരുണം തള്ളിപ്പറഞ്ഞത്.

ശാസ്ത്രമെന്തു പറഞ്ഞാലും ബാധകമല്ലാത്തവര്‍ മാത്രമല്ല ഇവര്‍. മറിച്ച് ശാസ്ത്രം തങ്ങളുടെ വിശുദ്ധ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്ന് വിശ്വസിക്കുന്നവര്‍ കൂടിയാണ്. അപകടകാരികളായ ഈ വിശ്വാസകൂട്ടങ്ങളാണ് ഹിന്ദുത്വഭീകരവാഴ്ചക്ക് അടിസ്ഥാനമായിരിക്കുന്നത്. ഇവിടെ ശാസ്ത്രബോധ്യങ്ങളെ വെല്ലുവിളിക്കുകയും കപടശാസ്ത്രത്തിന്റെ പ്രചാരകരായിരിക്കുകയും ചെയ്യുന്ന ആസ്ഥാനവിദഗ്ധരുടെ ഒരു വലിയ നിരതന്നെ മോദിയുടെ അധികാരത്തിന്റെ തണലില്‍ വളര്‍ന്നുവന്നിട്ടുണ്ട്.

ഒ വി വിജയന്റെ ‘ധര്‍മ്മപുരാണ’ത്തില്‍ മഹാരാജാവ് വിസര്‍ജ്ജിക്കുന്നത് തല്‍സസമയം സംപ്രേഷണം ചെയ്യുകയും ടി വിക്കുമുന്നില്‍ കൂപ്പുകൈകളോടേയും നിറകണ്ണുകളോടേയും ഇരുന്ന് ആ ദിവ്യകര്‍മ്മം കാണുന്ന ഭക്തപരവശരായ പ്രജകളെ കുറിച്ച് പറയുന്നുണ്ട്. കൊറോണകാലത്ത് രാമായണവും മഹാഭാരതവും പുനസംപ്രേഷണം ചെയ്യുന്നത് ഇത്തരം ഭക്തപ്രജകളെ ലക്ഷ്യം വെച്ചാണ്. ഈ പ്രജകളെ സംബന്ധിച്ചിടത്തോളം അവ ടി വി പരിപാടികളല്ല. കാണുന്നത് ദിവ്യവും സത്യവുമാണെന്നതില്‍ അവര്‍ക്ക് തര്‍ക്കമില്ല. അങ്ങനെയാണ് ഈ കൊറോണകാലത്ത് പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. മോദി ദിവ്യശേഷിയുള്ള ഭരണാധികാരിയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന പ്രചാരണങ്ങളുടെ പ്രായോക്കാക്കളും ഉപഭോക്താക്കളും ഈ പ്രജകള്‍ തന്നെയാണ്.

ഈ കളിയിലാണ് സാമാന്യബോധമുള്ളവര്‍ക്ക് മോഹന്‍ലാലും മമ്മുട്ടിയുമൊക്കെ ദുരന്തങ്ങളായി തോന്നുന്നത്. മോദിയാവശ്യപ്പെട്ടപോലെ മണിയടിച്ചും ലോഹപാത്രങ്ങള്‍ കൂട്ടിയടിച്ചും ലൈറ്റുകള്‍ കെടുത്തി ടോര്‍ച്ചടിച്ചുമൊക്കെ കൊറോണയെ തുരത്താമെന്നാണിവരും പ്രചരിപ്പിക്കുന്നത്. ഏതു വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നതെന്ന് ചോദിക്കരുത്. മോദി ആവശ്യപ്പെട്ടാല്‍ അതില്‍ നിഗൂഢമായ എന്തോ ഉണ്ടായിരിക്കും എന്ന് ഇവര്‍ക്ക് ഉറപ്പാണ്. ആ ഉറപ്പിലാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. ഇന്നു രാത്രി 9 മുതല്‍ 9 മിനിട്ടുനേരം ലൈറ്റണച്ച് മെഴുകുതിരിയോ മൊബൈലോ ടോര്‍ച്ചോ തെളിയിക്കണമെന്ന ആഹ്വാനത്തെ പിന്തുണച്ച് ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഐഎംഎയുടെ മുന്‍ പ്രസിഡന്റ് തന്നെ രംഗത്തുവന്നിരിക്കുന്നു. അദ്ദേഹം പറയുന്നത് ഇതൊരു യോഗാസമീപനമാണ്, അത്ഭുതകരമായ ഫലം ഉണ്ടാക്കുമെന്നാണ്. ഒരേസമയം എല്ലാവരും കൊറോണക്കെതിരെ ഒറ്റമനസ്സായി നിന്നാല്‍ അത് പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം അത്ഭുതകരമായ ഫലമുണ്ടാക്കുമെന്ന് ആ ഡോക്ടര്‍ക്ക് സംശയമൊന്നുമില്ല. എന്താണ് അടിസ്ഥാനമെന്നു ചോദിച്ചാല്‍ മോദി വെറുതെ പറയുമോ എന്നായിരിക്കും ഉത്തരം. രാത്രി 9 മണിയും 9 മിനിട്ടും തെരഞ്ഞെടുത്തതില്‍ മോദിക്ക് ജ്യോതിശാസ്ത്രത്തിലുള്ള അഗാധമായ പാണ്ഡിത്യത്തെ കുറിച്ച് വാചാലരാകുന്നവരേയും കണ്ടു.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കൗശലമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഫലപ്രദമായ ഒരു പരിപാടിയും ആവിഷ്‌കരിക്കാതെ, സ്വന്തം പൗരന്മാരെ തെരുവിലേക്ക് വലിച്ചെറിഞ്ഞ ഭരണകൂടം മണിയടിപ്പിച്ചും മൊബൈല്‍ തെളിപ്പിച്ചും 130 കോടി ജനങ്ങളെ കോമാളികളാക്കി മാറ്റുകയാണ്. പ്രതീകാത്മകമായ ഈ പരിപാടികളിലൂടെ അന്ധവിശ്വാസത്തേയും കപടശാസ്ത്രവാദത്തേയും ഗോമൂത്രസേവയേയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. അതിനകമ്പടിയായി രാമായണ – മഹാഭാരത സീരിയലുകളും. ഇന്ത്യാമഹാരാജ്യം ശാസ്ത്രവിരുദ്ധവും യുക്തിവിരുദ്ധവുമായ കെട്ടുകഥകളില്‍ തന്നെ കഴിയുന്നു എന്നുറപ്പ് വരുത്തുക മാത്രമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിന്റെ അടിസ്ഥാനമായിട്ടുള്ള വംശീയവിദ്വേഷത്തിന്റേയും മുസ്ലിം വിരോധത്തിന്റേയും വേരുകള്‍ കൂടി അന്തരീക്ഷത്തില്‍ നിറയുന്നതോടെ സംഘികള്‍ വംശീയപ്രചാരണത്തിനും ആക്കം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

തബ്‌ലീഗിന്റെ നിസാമൂദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വിന്യാസവും വിതരണവും മനസ്സിലാക്കേണ്ടത് ഈ സാഹചര്യത്തിലാണ്. തബ്‌ലീഗ് സമ്മേളനം നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നതും സമ്മേളനത്തെപറ്റി നിറം പിടിപ്പിച്ച കഥകള്‍ മെനയുന്നതും വേര്‍തിരിച്ചുതന്നെ മനസ്സിലാക്കണം. നിസാമുദ്ദിന്‍ സമ്മേളനം മാറ്റി വെക്കാതിരുന്നത് കാര്യങ്ങളുടെ ഗൗരവം വേണ്ട രീതിയില്‍ പരിഗണിക്കാതിരുന്നതിലായിരുന്നു എന്നതില്‍ സംശയമില്ല. ഡെല്‍ഹി സര്‍ക്കാരോ അന്താരാഷ്ട്രസമ്മേളനമായിട്ടും കേന്ദ്രസര്‍ക്കാരോ മാറ്റിവെക്കാനാവശ്യപ്പെട്ടതായും അറിയില്ല. ഇപ്പോള്‍ ആ സമ്മേളനം കൊവിഡ് പരത്താനുള്ള ഗൂഢാലോചനയായിരുന്നെന്നാണ് ചില സംഘികള്‍ പ്രചരിപ്പിക്കുന്നത്. കൊറോണ ഭീഷണി ശക്തമായതിനുശേഷം ഇന്ത്യയില്‍ നിരവധി മതസമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിലെ ആറ്റുകാല്‍ പൊങ്കാലയും അതില്‍പെടും. അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ ്‌വസാനിപ്പിക്കണം. രോഗവ്യാപനത്തിന്റെ രൂക്ഷത കുറക്കാന്‍ സര്‍ക്കാരും തബ്‌ലീഗ് ഭാരവാഹികളും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അല്ലാതെ യോഗി സര്‍ക്കാര്‍ ചെയ്യുന്നപോലെ, മുസ്ലിംവിരോധത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയല്ല വേണ്ടത്.

സമാനമായ സംഭവങ്ങള്‍ ലോകത്ത് വേറേയും നടന്നിട്ടുണ്ട്. തെക്കന്‍ കൊറിയയിലെ കൊവിഡ് രോഗികളില്‍ 51 % പേര്‍ക്കും രോഗം പകര്‍ന്നത് ഒരു കൃസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ നിന്നാണ്. ആസ്ട്രിയ, അമേരിക്ക, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂട്ടം ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് വ്യാപകമായി രോഗം പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അവിടെയൊന്നുമില്ലാത്ത വംശീയവിദ്വേഷം നിസാമുദ്ദിന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടാകുന്നത് സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ബോധപൂര്‍വ്വ സൃഷ്ടിയാണ്. അവരുടെ കപടശാസ്ത്ര വിശാദരന്മാരും ഗോമൂത്രഗവേഷകരും ജനവിരുദ്ധ അധികാരകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന അസഹ്യമായ സാമൂഹ്യ അന്തരീക്ഷത്തെ മറികടക്കുകയെന്നതും കൊറോണകാലത്ത് നമ്മുടെ മുന്നിലുള്ള കനത്ത വെല്ലുവിളിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply