മുഖ്യമന്ത്രിയോട് സ്‌നേഹപൂര്‍വ്വം : മോദിയുടെ നയങ്ങളല്ല ഈ കൊറോണകാലത്ത് ദളിത് – ആദിവാസികള്‍ക്കാവശ്യം

ആദിവാസിമേഖലയിലെ ഭക്ഷ്യവിതരണം വനംവകുപ്പിനെ ഏല്‍പ്പിച്ച സംഭവം ഒറ്റപ്പെട്ടതല്ല. വനമേഖലയുടെ ഭരണത്തില്‍ പോലീസ് രാജ് ഉറപ്പാക്കാനും കൊളോണിയല്‍ രീതിയില്‍ ഉദ്യോഗസ്ഥമേധാവികള്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രം പ്രവേശനം ലഭിക്കുന്ന ഒരു മേഖലയാക്കി ആദിവാസി മേഖലയെ മാറ്റുക എന്നതാണ് ഇതിന്റെ ഫലം. 2006ലെ വനാവകാശനിയമം നിലവില്‍ വന്നതുമുതല്‍ ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായി പരിഗണിക്കുന്നത് പട്ടിക വര്‍ഗ്ഗ വകുപ്പിനെയാണ്. എന്നാല്‍ ആ നിയമത്തിന് വിരുദ്ധമായി കേരളത്തിലെ പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടറായി ചുമതല വഹിക്കുന്നത് ഒരു ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ്. കേരളത്തില്‍ വനാവകാശനിയമം അട്ടിമറിക്കുന്നത് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ഉന്നതസ്ഥാനം വഹിക്കുന്ന ഡയറക്ടര്‍ തന്നെയാണ്.

കേരളത്തിന്റെ ജനസംഖ്യയില്‍ പകുതിയോളം വരുന്നവര്‍ കൊറോണകാലത്ത് സുരക്ഷിത അകലം പാലിച്ചു ജീവിക്കാന്‍ കഴിയുന്നവരല്ല. ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ചേരിനിവാസികളും കോളനിവാസികളും ഈ വിഭാഗത്തില്‍ പെടും. ഇപ്പോള്‍ ഈ നിരയിലേക്ക് അന്തര്‍ സംസ്ഥാന തൊഴിലാളികളും കടന്നുവന്നിരിക്കുന്നു. ദളിതരുടേയും ആദിവാസികളുടേയും ജീവിതത്തെ അടിമസമാനവമായി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷത്തെ സ്വാധീനിച്ചുവന്നിരുന്ന ജാതിതാല്‍പ്പര്യങ്ങളും കൊളോണിയല്‍ ആധുനികതയുമാണെന്ന് അവരിപ്പോഴും സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യാനന്തരകാലത്തെ ഭൂപരിഷ്‌കരണ നടപടിയിലും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് ജീവിച്ചവന്നിരുന്ന പരമ്പരാഗത സമൂഹങ്ങളുടെ വിഭവാധികാരം അംഗീകരിക്കുന്ന ഒരു നിയമനിര്‍മ്മാണത്തിനും തയ്യാറായിരുന്നില്ല. ആദിവാസികളുടെ സ്വയംഭരണാവകാശം അംഗീകരിക്കുന്ന ഭരണഘടനാ വകുപ്പുകളേയും അവര്‍ മാനിച്ചിരുന്നില്ല. ദലിതരും ആദിവാസികളും കോളനിവാസികളാക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഇപ്പോള്‍ കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കാനാവാത്തവരുടെ കോളനി ജീവിതത്തെ കുറിച്ച് വികസന വിദഗ്ധര്‍ നിശബ്ദത പാലിക്കുന്നു – കേരളത്തിലെ സാമൂഹ്യ ബഹിഷ്‌കൃതവിഭാഗങ്ങളുടെ ഇന്നലെകളേയും കൊറോണകാല വര്‍ത്തമാനത്തേയും ഭാവിയേയും വിശകലനം ചെയ്യുകയാണ് എം ഗീതാനന്ദനും സി എസ് മുരളീശങ്കറും.

കൊറോണ കാലത്തെ അതിജീവിക്കാന്‍ ദേശീയതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്ഡൗണ്‍ പ്രഖ്യാപനം ജനങ്ങളുടെ സാമൂഹ്യജീവിതത്തെ സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുകയാണല്ലോ. സുരക്ഷിതമായ അകലം പാലിക്കാനുള്ള പ്രഖ്യാപനം കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ സഹായിച്ചാലും ഇല്ലെങ്കിലും ജനങ്ങളുടെ സാമ്പത്തിക – രാഷ്ട്രീയ ജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുറപ്പാണ്. സൈനികശക്തികൊണ്ടും സാമ്പത്തികശക്തികൊണ്ടും മുന്നിട്ടു നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ പോലും സാമൂഹ്യവ്യാപനം വഴി രോഗം പടരുന്ന പ്രതിഭാസത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ്. മാത്രമല്ല, എല്ലാ ഭണകൂടശക്തികളുടേയും പൊതുസ്വഭാവം ജനാധിപത്യവിരുദ്ധമോ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടേയും പാര്‍ശ്വവല്‍കൃതരുടേയും താല്‍പ്പര്യത്തിന് എതിരോ ആയിമാറുകയാണ്. രോഗവ്യാപനം തടയാന്‍ നിര്‍ബന്ധിതമാക്കുന്ന ‘സമൂഹ്യ അകലം പാലിക്കല്‍’ മധ്യവര്‍ഗ്ഗ വിഭാഗങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതുമാണ്. സുരക്ഷിതഭവനങ്ങളും വാസസ്ഥലവും സാമ്പത്തിക അടിത്തറയുമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുമാത്രം പാലിക്കാന്‍ കഴിയുന്ന നിയന്ത്രണങ്ങളേ ഇക്കാലത്ത് ഭരണകൂടം പ്രഖ്യാപിക്കുന്നുള്ളു. നവകൊളോണിയലിസവും ബ്രാഹ്മിന്‍ ജാതി മേധാവിത്വവും കൂടി പ്രാന്തവല്‍ക്കരിച്ച മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനകോടികള്‍ അവരുടെ ദൃഷ്ടിയിലില്ല. സുരക്ഷിതമായ അകലം പാലിക്കാന്‍ കഴിയാത്ത ചേരികളിലും കോളനികളിലും ലായങ്ങളിലും തെരുവുകളിലും തീരപ്രദേശങ്ങലിലും ജീവിക്കുന്ന കോടാനുകോടി ജനങ്ങള്‍ക്കും നവകൊളോണിയല്‍ ഉല്‍പ്പന്നമായ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കും അസംഘടിത കരാര്‍ തൊഴിലാളികള്‍ക്കും സുരക്ഷ ഉറപ്പു വരുത്തേണ്ടതാണെന്ന് ഭരണകൂടം കരുതുന്നില്ല. നവകൊളോണിയല്‍ കാലത്ത് അത് സര്‍ക്കാര്‍ നയമല്ല. പ്രത്യേകിച്ചും പൗരത്വത്തില്‍ നിന്നും രാഷ്ട്രവ്യവഹാരത്തില്‍ നിന്നും ആദിവാസി – ദളിത് – മുസ്ലിം ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കണം എന്നു പ്രതിജ്ഞാബദ്ധമായ ഒരു ഫാസിസ്റ്റ് ഭരണക്രമത്തില്‍ ലോക്ഡൗണ്‍ ഒരു മധ്യവര്‍ഗ്ഗ സംരക്ഷണത്തിന് അപ്പുറം എത്തില്ല. അത് തികച്ചും വംശീയവുമായിരിക്കും. ലക്ഷോപലക്ഷം കുടിയേറ്റതൊഴിലാളികളോടുള്ള മോദിസര്‍ക്കാരിന്റെ നയം അത് തുറന്നു കാട്ടുന്നു. കോവിഡ് വ്യാപനത്തില്‍ വര്‍ഗ്ഗീയത കൊണ്ടുവരുന്നതും അതുകൊണ്ടാണ്. സ്വ.രക്ഷക്കായി നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന ജനകൂട്ടം ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു മുഖം മാത്രമാണ്. സുരക്ഷിതമായ അകലം പാലിക്കാനാവാത്ത വലിയൊരു ജനസഞ്ചയമാണ് ഗ്രാമങ്ങളില്‍ അവരെ കാത്തിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്തും അതിനുശേഷവും ഇവരുടെ സാമൂഹ്യസുരക്ഷ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയവക്കൊന്നും ഭരണകൂടങ്ങള്‍ക്ക് യാതൊരു പദ്ധതിയുമില്ല. പകരം ദീപം തെളിയിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. പലായനം ചെയ്യുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളോട് മോദി സര്‍ക്കാരില്‍ നിന്ന് ഭിന്നമായ ഒരു സമീപനം സംസ്ഥാന സര്‍ക്കാരുകള്‍ക്കുമില്ല എന്നതും ഭീതിജനകമാണ്. കേരളത്തില്‍ പോലും തെരുവിലിറങ്ങിയ അന്തര്‍സംസ്ഥാന തൊഴിലാളികളെ കുറ്റവാളികളായാണ് സര്‍ക്കാര്‍ കാണുന്നത്. കലാപത്തിനു പ്രേരിപ്പിച്ചു എന്നു പറഞ്ഞ് ചിലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കൊറോണകാലത്ത് സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്തവരോട് – ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, കോളനി നിവാസികള്‍ തുടങ്ങിയവര്‍ – മോദി സര്‍ക്കാരില്‍ നിന്നു ഭിന്നമായ സമീപനം ഇടതുപക്ഷത്തിന് സാധ്യമാകുമോ? സാമ്പത്തിക – തൊഴില്‍ മേഖലകളില്‍ ഗുരുതരമായ പ്രതിസന്ധി നേരിടാന്‍ പോകുന്ന അടിയന്തിര ഭാവിയെ മുന്‍നിര്‍ത്തി ഒരു അന്വേഷണം ഇന്നേറെ പ്രസക്തമാണ്.

ഇടതുപക്ഷം തുടര്‍ന്ന കൊളോണിയല്‍ പാരമ്പര്യവും പാര്‍ശ്വവല്‍ക്കരണവും

കേരളത്തിന്റെ ജനസംഖ്യയില്‍ പകുതിയോളം വരുന്നവര്‍ കൊറോണകാലത്ത് സുരക്ഷിത അകലം പാലിച്ചു ജീവിക്കാന്‍ കഴിയുന്നവരല്ല. ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ചേരിനിവാസികളും കോളനിവാസികളും ഈ വിഭാഗത്തില്‍ പെടും. ഇപ്പോള്‍ ഈ നിരയിലേക്ക് അന്തര്‍ സംസ്ഥാന തൊഴിലാളികളും കടന്നുവന്നിരിക്കുന്നു. ദളിതരുടേയും ആദിവാസികളുടേയും ജീവിതത്തെ അടിമസമാനവമായി നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷത്തെ സ്വാധീനിച്ചുവന്നിരുന്ന ജാതിതാല്‍പ്പര്യങ്ങളും കൊളോണിയല്‍ ആധുനികതയുമാണെന്ന് അവരിപ്പോഴും സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യാനന്തരകാലത്തെ ഭൂപരിഷ്‌കരണ നടപടിയിലും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് ജീവിച്ചവന്നിരുന്ന പരമ്പരാഗത സമൂഹങ്ങളുടെ വിഭവാധികാരം അംഗീകരിക്കുന്ന ഒരു നിയമനിര്‍മ്മാണത്തിനും തയ്യാറായിരുന്നില്ല. ആദിവാസികളുടെ സ്വയംഭരണാവകാശം അംഗീകരിക്കുന്ന ഭരണഘടനാ വകുപ്പുകളേയും അവര്‍ മാനിച്ചിരുന്നില്ല. ദലിതരും ആദിവാസികളും കോളനിവാസികളാക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഭൂപരിഷ്‌കരണത്തിലൂടെ സൃഷ്ടിച്ച വികസന മാതൃകയെ കേരള മോഡല്‍ എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിച്ചത്. കേരളമോഡലിന്റെ മേന്മയായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയെയാണ് അവര്‍ എടുത്തുകാട്ടിയത്. ഇപ്പോള്‍ കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കാനാവാത്തവരുടെ കോളനി ജീവിതത്തെ കുറിച്ച് വികസന വിദഗ്ധര്‍ നിശബ്ദത പാലിച്ചു. ഇപ്പോള്‍ അവര്‍ കേരളമോഡലിന്റെ മേന്മയായി ഉയര്‍ത്തികാട്ടിയ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളും ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. കച്ചവടക്കാര്‍ പിടിമുറുക്കിയ ഈ മേഖല കൊറോണ കാലത്ത് നമുക്ക് സഹായത്തിനെത്തുന്നില്ല. സര്‍ക്കാര്‍ ആശുപത്രി മാത്രമാണ് ‘സുരക്ഷിത അകലം’ പാലിക്കുന്ന സമ്പന്നര്‍ക്കും ഗതി. കമ്യൂണിസ്റ്റുകള്‍ക്ക് പ്രാബല്യമുള്ള കണ്ണൂര്‍ – കാസര്‍ ഗോഡ് ജില്ലക്കാര്‍ മംഗലാപുരത്തെയാണ് ഉന്നതവിദ്യാഭ്യാസത്തിനും ചികിത്സക്കുമായി ആശ്രയിച്ചിരുന്നതെന്ന വസ്തുത ലോകം അറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദശകങ്ങള്‍ മുഴുവന്‍ സഹകരണപ്രസ്ഥാനങ്ങളുടെ പേരില്‍ ആശുപത്രി കച്ചവടം നടത്തിയ ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ ഇതിനു മറുപടി പറയേണ്ടതാണ്. ചികിത്സാരംഗത്തും വിദ്യാഭ്യാസരംഗത്തും കേരള മോഡല്‍ കൊണ്ട് ഉത്തരമലബാറിന് യാതൊരു പ്രയോജനവുണ്ടായില്ല. കൊറോണാവ്യാപനം ഉണ്ടാകാതിരിക്കട്ടെ. പക്ഷെ ഉണ്ടായാല്‍ നിലവില്‍ പരമാവധി ലഭ്യമാകുന്ന ചികിത്സാസൗകര്യം ലോക്ഡൗണ്‍ കാലത്ത് സുരക്ഷിത അകലം പാലിക്കാന്‍ കഴിയുന്ന സമ്പന്ന, മധ്യവര്‍ഗ്ഗത്തിനു മാത്രമായിരിക്കും. ആരോഗ്യപരിരക്ഷ ഇവിടം വരെയാണെങ്കില്‍ ലോക്ഡൗണ്‍ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ പ്രതിസന്ധിയും നേരിടുന്നവരോട് ഭരണാധികാരികള്‍ എന്ത് സമീപനം സ്വീകരിക്കും? പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടതു വലതു ഭരണകര്‍ത്താക്കള്‍ പാര്‍ശ്വവല്‍കൃതരോട് സ്വീകരിച്ച സമീപനമെന്തായിരുന്നു എന്ന പരിശോധന ഇവിടെ പ്രസക്തമാണ്.

പാര്‍ശ്വവല്‍കൃതര്‍ : നവ കൊളോണിയല്‍ കാലത്തെ സ്വയം അതിജീവിച്ചവര്‍

കേരളത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ വറുതിയുടേയും പട്ടിണിയുടേയും കാലങ്ങളില്‍ അതിജീവിക്കാന്‍ ഇടതു – വലതു പ്രസ്ഥാനങ്ങളില്‍ ഉദ്ധാരകരോ രക്ഷകരോ ഉണ്ടായിട്ടില്ല. മറിച്ച് നവ കൊളോണിയല്‍ കാലത്തേയും ആഗോളവല്‍ക്കരണത്തേയും സ്വയം അതിജീവിച്ചവരാണവര്‍. വഞ്ചിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിനുശേഷം ദളിത് ജനസംഖ്യയിലേറേയും കര്‍ഷക തൊഴിലാളികള്‍ എന്ന തൊഴില്‍ ചെയ്യുന്നവരായാണ് 1961, 71, 81 വര്‍ഷങ്ങലിലെ സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ ഇടതുപക്ഷമുള്‍പ്പെടെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണത്തിന്റെ ഗുണം കിട്ടിയ ഭൂഉടമകള്‍ കാര്‍ഷിക മേഖലയില്‍ നിന്നു പിന്മാറി ഭൂമിയെ കച്ചവട വസ്തുവാക്കിമാറ്റി. കേരളമോഡലിന്റെ ചാലകശക്തി ഈ പരിവര്‍ത്തനമായിരുന്നു. ഗ്രാമീണ മേഖലയിലെ ദളിത് കര്‍ഷക തൊഴിലാളികളെ രക്ഷിക്കാന്‍ ഇടതുപക്ഷം എന്തു ചെയ്തു? വഞ്ചനയുടെ മറ്റൊരു മുഖമാണത്. എന്നാല്‍ സ്വന്തം അതിജീവന തന്ത്രത്തിലൂടെ ഗ്രാമീണ മേഖലയിലെ ദളിതര്‍ നിര്‍മ്മാണ മേഖലയിലേക്കും മറ്റും നിര്‍ബന്ധിക്കപ്പെട്ടു. ദലിതല്‍ പട്ടിണി മരണമില്ലാതെ സ്വയം അതിജീവിച്ചവരാണ്. എന്നാല്‍ 1990കളിലെത്തുമ്പോള്‍ ആദിവാസികള്‍ക്ക് സ്വയം അതിജീവിക്കാന്‍ സാധ്യമല്ലാതായി. ഈ കാലയളവില്‍ അവര്‍ സ്വയം സംഘടിതരായി തുടങ്ങിയെങ്കിലും ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതം എന്ന നിലയില്‍ പശ്ചിമഘട്ട മേഖലയിലെ കാര്‍ഷിക തൊഴിലുകള്‍ കുറഞ്ഞതു കാരണം അക്ഷരാര്‍ത്ഥത്തില്‍ പട്ടിണി മരണത്തിലെത്തി. 1999-2000 കാലഘട്ടത്തില്‍ 157 ആദിവാസികള്‍ പട്ടിണി മരണത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. പട്ടിണി മരണത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് 2000ത്തോടുകൂടി ആദിവാസികളുടെ ഭൂസമരങ്ങള്‍ക്കും കുടില്‍കെട്ടി സമരങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കുന്നത്. ഗോത്രജനങ്ങളുടെ ഈ മുന്നേറ്റം പ്ലാനിംഗ്, ആദിവാസി ഭരണ സംവിധാനം, ഭൂവിതരണ പദ്ധതി തുടങ്ങിയവയിലെല്ലാം വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ഊരുകൂട്ടങ്ങള്‍ക്കുള്ള അംഗീകാരം, ഭൂമി നല്‍കി പുനരധിവാസ പദ്ധതി, sc/st വളന്റിയര്‍മാരുടെ നിയമനം തുടങ്ങിയവയും ആദിവാസി സ്വയംഭരണം തത്വത്തില്‍ അംഗീകരിക്കപ്പെട്ടതുമെല്ലാം ഈ കാലഘട്ടത്തിലെ മാറ്റങ്ങളാണ്. സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയാണ് വാദിച്ചുകൊണ്ടിരുന്നത്. മത്സ്യത്തൊഴിലാളികളാകട്ടെ 1980കള്‍ മുതല്‍ കടക്കെണിയില്‍ നിന്നുള്ള മോചനത്തിനും മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിനും വേണ്ടി നടത്തിയ മുന്നേറ്റങ്ങളാണ് ഇന്നും ആ മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നത്. തോട്ടം തൊഴിലാളികള്‍ കൊളോണിയല്‍ കൊള്ളയുടെ നുകത്തില്‍ നിന്നുള്ള മോചനത്തിനായി 2015 കാലത്ത് നടത്തിയ മുന്നേറ്റം ഐതിഹാസികമായിരുന്നു. ഈ മുന്നേറ്റങ്ങളെല്ലാം പാര്‍ശ്വവല്‍കൃതര്‍ സ്വന്തം അതിജീവനത്തിനായി നടത്തിയവയായിരുന്നു. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ ബാനറില്‍ സംഘടന രൂപീകരിക്കാന്‍ മാത്രമാണ് രംഗത്തുവന്നത്. ഈ അതിജീവനകാലഘട്ടം ഇപ്പോള്‍ പുനപരിശോധനക്ക് വിധേയമാക്കുന്നത് ന്നനായിരിക്കും. കാരണമം ലോക്ഡൗണിനുശേഷം ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ പ്രതിസന്ധിയും പ്രവചനാതീതമാണ്. ഭരണവര്‍ഗ്ഗമെന്ന നിലയില്‍ എന്ത് മുന്‍കരുതലാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളത്?

പാര്‍ശ്വവല്‍കൃതരും ഇടതുപക്ഷം പുലര്‍ത്തുന്ന സാമൂഹിക അകലവും

ദലിത് – ആദിവാസി വിഷയങ്ങളിലും മറ്റ് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വിഷയങ്ങളിലും സാമൂഹികമായ ഒഴിവാക്കലിന്റെ സമീപനം ശക്തിപ്പെട്ടുവരുന്നതായി കണ്ടുവരുന്നുണ്ട്. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും വികസന നേട്ടങ്ങള്‍ ജനാധിപത്യപരമായി പങ്കുവെക്കുന്നതിലും ഭൂവിതരണം നടത്തി ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിലും പ്രളയം പോലുള്ള ദുരിതം നേരിട്ടവരെ പുനരധിവസിപ്പിക്കുന്നതിലും ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുത്തതായി കാണുന്നില്ല. പ്രത്യേക പരിഗണന നല്‍കാത്തതുകൊണ്ടുതന്നെ അവഗണനയായാണ് മനസ്സിലാക്കപ്പെടുന്നത്. ഉദാഹരണത്തിന് 2018, 2019 പ്രളയകാലഘട്ടങ്ങലില്‍ വീടും വാസസ്ഥലവും നഷ്ടപ്പെട്ട ആദിവാസി – ദളിത് വിഭാഗങ്ങളെ പുനരധിവസിപ്പിക്കാന്‍ യാതൊരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രത്യേക വകുപ്പുകളുണ്ടെങ്കിലും ദുരന്തകാലഘട്ടങ്ങളില്‍ ഈ വകുപ്പുകളെ അപ്രസക്തമാക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഭവനനിര്‍മ്മാണത്തിലും ഇത് പ്രകടമാണ്. ദുരന്തമേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധസേനാരൂപീകരണത്തിലും ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ‘സന്നദ്ധം’ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 40 വയസ്സിനു താഴെയുള്ള വ്യക്തികളെ സന്നദ്ധസേവകരായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍, sc/st വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമോട്ടര്‍മാരായ സന്നദ്ധ പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. വനമേഖലയിലെ ആദിവാസികളുടെ ഭക്ഷ്യവിതരണം വനം വകുപ്പിനെ ഏല്‍പ്പിച്ചിരിക്കുന്നു. sc/st വളണ്ടിയര്‍മാരെ ഒഴിവാക്കുന്നതോടെ ഉദ്യോഗസ്ഥരുടെ ഔദാര്യപരിപാടിയായി ഭക്ഷണവിതരണം മാറുകയും വ്യാപകമായ ക്രമകേട് സംഭവിക്കുകയും ചെയ്യും. ഒരു പഞ്ചായത്തില്‍ 200ഓളം സന്നദ്ധ പ്രവര്‍ത്തകരെയാണ് റിക്രൂട്ട് ചെയ്യുന്നത്. സന്നദ്ധരായ നിരവധി പേര്‍ അതിലുണ്ടാകാമെങ്കിലും ആദിവാസി – ദളിത് സങ്കേതങ്ങള്‍ അറിയാത്തവര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും? സന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടുമാത്രം പ്രവര്‍ത്തനം ഫലപ്രദമാകണമെന്നില്ല. നിലവിലുള്ള സംവിധാനം പാര്‍ട്ടിപ്രതിനിധികള്‍ക്ക് മേല്‍ക്കൈ കിട്ടുന്നതും ‘സുരക്ഷിത അകലം’ പാലിക്കാന്‍ കഴിയുന്ന മധ്യവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് മുന്‍ഗണന കിട്ടുന്നതുമായിരിക്കും.

ആദിവാസി ഭരണം കൊളോണിയല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നത് ആര്?

ആദിവാസിമേഖലയിലെ ഭക്ഷ്യവിതരണം വനംവകുപ്പിനെ ഏല്‍പ്പിച്ച സംഭവം ഒറ്റപ്പെട്ടതല്ല. വനമേഖലയുടെ ഭരണത്തില്‍ പോലീസ് രാജ് ഉറപ്പാക്കാനും കൊളോണിയല്‍ രീതിയില്‍ ഉദ്യോഗസ്ഥമേധാവികള്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രം പ്രവേശനം ലഭിക്കുന്ന ഒരു മേഖലയാക്കി ആദിവാസി മേഖലയെ മാറ്റുക എന്നതാണ് ഇതിന്റെ ഫലം. 2006ലെ വനാവകാശനിയമം നിലവില്‍ വന്നതുമുതല്‍ ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായി പരിഗണിക്കുന്നത് പട്ടിക വര്‍ഗ്ഗ വകുപ്പിനെയാണ്. എന്നാല്‍ ആ നിയമത്തിന് വിരുദ്ധമായി കേരളത്തിലെ പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടറായി ചുമതല വഹിക്കുന്നത് ഒരു ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ്. കേരളത്തില്‍ വനാവകാശനിയമം അട്ടിമറിക്കുന്നത് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ഉന്നതസ്ഥാനം വഹിക്കുന്ന ഡയറക്ടര്‍ തന്നെയാണ്. പ്രസ്തുത ഉദ്യോഗസ്ഥന്‍ ഈ ഉന്നത സ്ഥാനം വഹിക്കുന്നത് ആദിവാസികളെ കാട്ടില്‍ നിന്നു കുടിയിറക്കാന്‍ മാത്രമാണ്. മന്ത്രി എ കെ ബാലന്‍ വെറും നോക്കുകുത്തി മാത്രമാണ്. വനാവകാശനിയമത്തിനും ഊരുകൂട്ടങ്ങള്‍ക്കും പട്ടികവര്‍ഗ്ഗവകുപ്പിനും യാതൊരു പദവിയും നല്‍കാത്ത കൊളോണിയല്‍ ഭരണരീതിയില്‍ എങ്ങനെയാണ് ആദിവാസിക്ഷേമം ചര്‍ച്ച ചെയ്യുക?

ദളിത് വിഭാഗവും സാമ്പത്തിക ശാക്തീകരണവും

ദളിതരുടെ സാമ്പത്തിക ശാക്തീകരണവും തൊഴില്‍ സുരക്ഷയും വികസനത്തിലെ ജനാധിപത്യപരമായ പങ്കാളിത്തവും ഏറെ പരിഗണിക്കപ്പെടേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. scp/tsp ഫണ്ടിന്റെ വിനിയോഗം പഞ്ചായത്ത് രാജ് ഭരണസംവിധാനം കൊണ്ടുവരുന്നതിനു മുമ്പുള്ള സ്ഥിതിയിലേക്ക് പിന്തള്ളപ്പെട്ടു എന്നു മാത്രമല്ല, പ്രളയാനന്തരകേരളത്തില്‍ വികസനഫണ്ട് വെട്ടിക്കുറച്ചതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൊറോണവ്യാപനത്തിന്റേയും ലോക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ദളിത് / ആദിവാസി മേഖല എന്ന നിലയില്‍ പ്രത്യേക പദ്ധതിയൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. തീരദേശ മത്സ്യത്തൊഴിലാളികളുടേയും തോട്ടം തൊവിലാളികളുടേയും കാര്യത്തിലും പ്രത്യേക പരിഗണന നല്‍കിയിട്ടില്ല.

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയതിന്റെ പേരില്‍ എന്തിന് കേസെടുക്കണം?

ആഗോളവല്‍ക്കരണം ശക്തിപ്പെട്ടതോടെ അന്തര്‍സംസ്ഥാനതലത്തില്‍ അസംഘടിത തൊഴിലാളികളുടെ നീക്കത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചു വന്നിട്ടുണ്ട്. കരാര്‍ തൊഴിലിനേയും അസംഘടിതരായ തൊഴിലാളികളുടെ അന്തര്‍സംസ്ഥാന നീക്കവും മുതലാളിത്തം പ്രോത്സാഹിപ്പിച്ചുവരുന്നതാണ്. പ്രാദേശിക/ചെറുകിട/വന്‍കിട മുതലാളിമാരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഒരുപോലെ ഈ അദ്ധ്വാനശക്തിയെ ഉപയോഗിച്ചുവരുന്നു. കൊറോണ പോലുള്ള രോഗവ്യാപന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ പലായനം ഭീതിജനകമാണ്. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ നടത്തി, തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്റതാണ്. തൊഴിലാളികള്‍ തെരുവിലിറങ്ങിയത് തികച്ചും സ്വാഭാവികവും നീതീകരിക്കാന്‍ കഴിയുന്നതുമാണ്. ഈ സാഹചര്യത്തില്‍ തൊഴിലാലികള്‍ തെരുവിലിറങ്ങിയതിന്റെ പേരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തതും കേസെടുത്തതും ജനാധിപത്യവിരുദ്ധമാണ്. അവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അന്തര്‍സംസ്ഥാനതൊഴിലാളികള്‍ക്കുവേണ്ടി ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ആര് എന്നതിന് സര്‍ക്കാരിന് വ്യക്തമായ നയമില്ല. എങ്ങനെയാണ് ഇതിന്റെ സാമ്പത്തിക ഉത്തരവാദിത്തം പഞ്ചായത്തിനു മാത്രമാകുക? അതുപോലെ കെട്ടിട ഉടമകള്‍ക്ക് മാത്രമാകുക? ഈ വിഭാഗം തൊഴിലാളികളുടെ ക്ഷേമത്തിന് വ്യക്തമായ നിയമങ്ങള്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ ദുരന്തസമാനമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴെങ്കിലും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ/ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരും തൊഴിലുടമകളും സര്‍ക്കാരും പങ്കാളികളാകുന്ന തരത്തില്‍ സാമ്പത്തിക ബാധ്യത നിറവേറ്റാനുള്ള ഒരു ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

അരിപ്പയിലും സമരഭൂമികളിലുമുള്ള കാര്‍ഷികനിരോധനം പിന്‍വലിക്കുമോ?

അരിപ്പ സമരഭൂമിയിലെ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കളില്ലാതെ വലയുന്നതായി വാര്‍ത്ത വന്നിട്ടുണഅട്. ചെങ്ങറയിലും മറ്റു സമരഭൂമികളിലും സമാനമായ സാഹചര്യമുണ്ടാകാം. നിലവിലുള്ള ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഇവരെ എങ്ങനെയെങ്കിലും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേക്കാം. പ്രശ്‌നമതല്ല. ഭൂസമരങ്ങള്‍ മൗലികമായ ചല വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കൃഷിചെയ്ത് ജീവിക്കാനുള്ള മണ്ണിന് വേണ്ടിയാണ് ഇവര്‍ സമരം ചെയ്യുന്നത്. ദശകങ്ങളായി കേരളത്തിലെ ഭൂരഹിതരായ ദളിത് – ആദിവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണത്. ഒരുപക്ഷെ ലോക്ഡൗണിനുശേഷം രൂപപ്പെടുന്ന ലോകസാഹചര്യത്തില്‍ കൂടുതല്‍ ഭക്ഷ്യവിളകളുണ്ടാക്കാന്‍ കൃഷിഭൂമിയിലേക്കു തിരിയാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. അതുകൊണ്ട് ഭൂമിക്ക് വേണ്ടിയുള്ള മുറവിളിയെ സര്‍ക്കാര്‍ തുറന്ന മനസ്സോടെ സമീപിക്കണം. ഭൂസമരമേഖലകളിലെ കാര്‍ഷികനിരോധനം പിന്‍വലിക്കണം. കൂടുതല്‍പേരെ കൃഷിഭൂമിയിലേക്ക് തിരിച്ചുവിടണം. കൂടാതെ കൊറോണകാലത്ത് പരിമിതമായ കാര്‍ഷികവിഭവങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയാതെ നശിച്ചുപോകുകയാണ്. ഭൂമിയുള്ള ആദിവാസികള്‍ കൂടുതല്‍ പ്രയാസം നേരിടുകയാണ്. ഇവരുടെ കാര്‍ഷിക വിഭവങ്ങള്‍ക്ക് വിപണിയുണ്ടാക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണം. സര്‍ക്കാര്‍ ധനസഹായവും സഹകരണബാങ്കുകളും മറ്റു ബാങ്കിംഗ് സംവിധാനങ്ങളും സംഘടിത വിഭാഗങ്ങള്‍ക്ക് സഹായത്തിനെത്താം. എന്നാല്‍ അസംഘടിതരായ ആദിവാസികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും പ്രത്യേക സംവിധാനം വേണം. ചെറുകിട ഉല്‍പ്പാദകര്‍ക്കും മറ്റ് ഇടത്തരക്കാര്‍ക്കും വായ്പാപദ്ധതികള്‍ ഒരുക്കണം. ഇതൊന്നും പരിഗണിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കൊറോണനന്തര കേരളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളുടെ വമ്പിച്ച പ്രക്ഷോഭങ്ങളെ നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply