അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണത്തില്‍ നിന്നും കേരള രാഷ്ട്രീയം മോചിതമാകണം

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ രൂപം കൊണ്ട തീ കേരളമാകെ ആളിപ്പടരുകയാണല്ലോ. ഈ തീ സ്വാഭാവികമാണോ ചില രേഖകള്‍ കത്തിക്കാന്‍ ഭരണപക്ഷം ചെയ്തതാണോ ഭരണപക്ഷത്തെ പ്രതികൂട്ടിലാക്കാന്‍ പ്രതിപക്ഷം ചെയ്തതാണോ എന്ന ചര്‍ച്ചയാണല്ലോ എവിടേയും നടക്കുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ വാസ്തവം പുറത്തുവരട്ടെ. എന്നാല്‍ കേരള രാഷ്ട്രീയം ഇന്നെത്തി ചേര്‍ന്നിരിക്കുന്നത് വന്‍ജീര്‍ണ്ണതയിലാണ്. ഈ തീയില്‍ അഗ്നിശുദ്ധി വരുത്താന്‍ നമ്മുടെ രാഷ്ട്രീയത്തിനു കഴിയുമോ എന്നാതാണ് ഇപ്പോള്‍ പ്രസക്തമായ ചോദ്യം. എങ്കില്‍ ഈ തീ ഏറെ ഗുണകരമായി മാറുമെന്നു പറയാം.

കേരളം രാഷ്ട്രീയപ്രബുദ്ധമാണെന്നാണല്ലോ സ്ഥിരം കേള്‍ക്കുന്ന പല്ലവി. ചില കാര്യങ്ങളില്‍ അതു ശരിയാണ്. ലോകത്തെവിടെ നടക്കുന്ന കാര്യങ്ങളും ചായക്കടകളിലിരുന്ന് ചര്‍ച്ച ചെയ്യുന്നവരാണല്ലോ നാം. സാമൂഹ്യജീവിതത്തില്‍ പല മേഖലകളിലും നാം ഏറെ മുന്നോട്ടുപോയതും രാഷ്ട്രീയപ്രബുദ്ധതയുടെ തെളിവാണ്. മറിച്ച് പലപ്പോഴും രാഷ്ട്രീയമായി ഏറെ പുറകിലാണ് നാം എന്നു തെളിയിച്ച സന്ദര്‍ഭങ്ങളും നിരവധിയാണ്. അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പും മണ്ഡല്‍ പ്രക്ഷോഭകാലവുമൊക്കെ ഉദാഹരണങ്ങള്‍. രാഷ്ട്രീയപ്രബുദ്ധമെന്നു പറയുമ്പോഴും പലപ്പോഴുമത് അമിതമായ കക്ഷിരാഷ്ട്രീയ ബോധമായി മാറുന്നു എന്നതാണ് വസ്തുത. വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും നേതാക്കളും എന്തുപറഞ്ഞാലും വിഴുങ്ങുക, വ്യത്യസ്ഥ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതിരിക്കുക, ജനാധിപത്യത്തിന്റെ അടിത്തറയായ പ്രതിപക്ഷബഹുമാനം ഇല്ലാതിരിക്കുക എന്നിവയൊക്കെ ഒരു പ്രബുദ്ധ ജനതക്ക് ചേര്‍ന്നതല്ല. എന്നാലതാണ് കേരളത്തില്‍ കാണുന്നത്.

കേരളീയ സമൂഹത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് വോട്ടുബാങ്കുകളാക്കി വിഭജിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ പൊതുസമൂഹം എന്ന ഒന്ന് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപ്രവര്‍ത്തകരുടെ ആവശ്യം ഭരണകൂട സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള ഇടനിലക്കാര്‍ എന്ന നിലയിലാണ്. പോലീസ് സ്‌റ്റേഷനുമായി ഇടപെടല്‍, ലോണുകള്‍ ശരിയാക്കല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നടത്തല്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. അങ്ങനെയൊക്കെയാണ് വോട്ടുബാങ്കുകള്‍ നിലനിര്‍ത്തുന്നത്. കൂടാതെ ജാതിയും മതവും മറ്റനവധി ഘടകങ്ങളും വോട്ടുബാങ്കുകളെ സൃഷ്ടിക്കുന്നു. അവിടെ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന് എന്തു പ്രസക്തി? കഴിഞ്ഞ ദിവസം കേരളീയ നിയമസഭ കണ്ട അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. നമ്മുടെ രാഷ്ട്രീയബോധത്തിന്റെ മേന്മകളും പരിമിതികളും നിയമസഭയില്‍ നടന്ന ചര്‍ച്ചകളില്‍ പ്രകടമായിരുന്നു. ഏറെ കാലമായി നമ്മുടെ മീഡിയകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടന്നിരുന്ന ഏറ്റുമുട്ടലുകള്‍ കൊണ്ട് സജീവമായിരുന്നല്ലോ. അത്തരമൊരു സാഹചര്യത്തിലായിരുന്നു നേരിട്ടൊരു പോരാട്ടത്തിനു വേദിയൊരുങ്ങിയത്. കൊവിഡ് കാലത്ത് ഇതു വേണമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്തായാലും രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളവരെ സംബന്ധിച്ച് ഈ സമ്മേളനം ആവേശകരമായിരുന്നു. നല്ല ഭൂരിപക്ഷമുള്ള സര്‍ക്കാരിന് അവിശ്വാസ പ്രമേയം ഭീഷണിയൊന്നുമല്ല എന്നാര്‍ക്കുമറിയാം. എന്നാല്‍ നിയമസഭയിലെ ചര്‍ച്ചകളായിരുന്നു രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളവര്‍ ഉറ്റുനോക്കിയത്. മികച്ച രീതിയില്‍ തന്നെ വി ഡി സതീശന്‍ പ്രമേയമവതരിപ്പിച്ചു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പല അംഗങ്ങളും ഭംഗിയായിതന്നെ ചര്‍ച്ചകളില്‍ പങ്കെടുത്തു തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തി.

തീര്‍ച്ചയായും സര്‍ക്കാരിന്റെ ഒരു നടപടിയേയും കക്ഷിരാഷ്ട്രീയം മാറ്റിവെച്ച്, രാഷ്ട്രീയമായി വിലയിരുത്താന്‍ ഭരണപക്ഷത്തെ ആരും തയ്യാറായില്ല. മറുവശത്ത് പ്രതിപക്ഷവും അങ്ങനെതന്നെ. ഈയൊരവസ്ഥയില്‍ നിന്ന് നമ്മുടെ രാഷ്ട്രീയം അടുത്തൊന്നും മോചനം നേടില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ചര്‍ച്ച. അതു പ്രതീക്ഷിച്ചതുതന്നെ. എന്നാല്‍ ഗൗരവമായി രാഷ്ട്രീയത്തെ കാണുന്ന ആരേയും നിരാശപ്പെടുത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നു പറയാതിരിക്കാനാവില്ല. പ്രസംഗത്തിലെ സമയത്തിലെ റെക്കോഡ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഏതൊക്കെ വിഷയങ്ങളുടെ പേരിലാണോ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് അതേ കുറിച്ചൊന്നും കാര്യമായി അദ്ദേഹത്തിനു പരാമര്‍ശിക്കാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ജനങ്ങള്‍ ഏറ്റവുമധികം അറിയാന്‍ ആഗ്രഹിച്ച ലൈഫ് മിഷന്‍ പദ്ധതിയുമായ വിവാദം. സ്വര്‍ണ്ണക്കടത്ത്, മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയ പല വിഷയങ്ങളിലും മറുപടി പേരിനുമാത്രമായിരുന്നു. തിരുവനന്തപുരം വിമാനത്താവളം ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അങ്ങനെതന്നെ.

തന്റെ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തേക്കാള്‍ കൂടുതല്‍ സമയം സംസാരിച്ചത് സോണിയാഗാന്ധിക്കെതിരെ കോണ്‍ഗ്രസ്സിലുള്ള അവിശ്വാസത്തെ കുറിച്ചായിരുന്നു. പിന്നെ പ്രസംഗത്തിന്റെ 90 ശതമാനം സമയവും കുറെ കാലമായി കേള്‍ക്കുന്ന ഭരണനേട്ടങ്ങളെ കുറിച്ചു പറയാനും. പകല്‍ മുഴുവന്‍ വെള്ളമെടുത്ത് അവസാനം കുടമുടക്കുന്ന ഒന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി എന്നു പറയാതെ വയ്യ. കൊവിഡ് സാഹചര്യത്തില്‍ ആകെ ചര്‍ച്ച 5 മണിക്കൂര്‍ എന്നു പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മാത്രമെടുത്തത് 4 മണിക്കൂറോളം. അതോടെ ഈ പ്രത്യേക നിയമസഭാസമ്മേളനത്തെ ഗൗരവമായി കണ്ടവരെല്ലാം നിരാശരാകുകയായിരുന്നു. പ്രമേയമവതരിപ്പിച്ച് വളരെ ശ്രദ്ധേയമായ ഒരു കാര്യം വി ഡി സതീശന്‍ പറഞ്ഞിരുന്നു. മന്ത്രിസഭായോഗങ്ങളില്‍ വാ തുറന്നു സംസാരിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്നായിരുന്നു അത്. അക്ഷരാര്‍ത്ഥത്തില്‍ അതിനെ എടുക്കേണ്ടതില്ല. അപ്പോഴും തുടക്കത്തില്‍ പറഞ്ഞപോലെ സ്വന്തം നിലപാട് വെട്ടിത്തുറന്നു പറയാന്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹം തയ്യാറാകുന്നില്ല എന്നതിന്റെ സൂചനയാണത്. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ഏറെക്കുറെ എല്ലാ പാര്‍ട്ടികള്‍ക്കും അത് ബാധകമാണുതാനും. അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണത്തില്‍ നിന്നും കേരള രാഷ്ട്രീയത്തെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ പ്രബുദ്ധതയെ കുറിച്ചുള്ള നമ്മുടെ വാചാടോപങ്ങളെല്ലാം അപഹാസ്യമായി തുടരുമെന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply