പലസ്തീന്‍ സംഘര്‍ഷം : മുറിവുതേടുന്ന ചോരത്തുള്ളികള്‍

സയണിസത്തെ വംശീയതയായി പ്രഖ്യാപിച്ച 1975-ലെ യു.എന്‍. പ്രമേയം 3379 പിന്‍വലിക്കാനുള്ള പ്രമേയത്തിന് 1991-ല്‍ ഇന്ത്യ അനുകൂലമായി വോട്ടുചെയ്തതോടെ ഇന്ത്യയുടെ സവര്‍ണ്ണ വംശീയബോധവും കോര്‍പ്പറേറ്റ് മുതലാളിത്തത്തോടുള്ള രക്തക്കൂറും മറനീക്കി പുറത്തുവന്നു. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടം എല്ലാ സീമകളും ലംഘിച്ച് പുതിയ തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് ചങ്ങാത്തത്തിന്റെ ആയുധക്കച്ചവടം നടത്തി ക്കൊണ്ടിരിക്കുകയാണ്..

‘രാത്രി കടങ്കഥകളുടേയും
ചോദ്യ ചിഹ്നങ്ങളുടെയും
ഒരു നഗരം.
മഴ എന്താണ് അര്‍ത്ഥമാക്കുന്നത്
അതൊരു ശ്മശാനത്തില്‍ പെയ്യുമ്പോള്‍…’

(പലസ്തീന്‍ കവി മുരീദ് ബര്‍ഗൂതി)

അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രായേലികള്‍ പലസ്തീന്‍ ജനതയ്ക്കുമേല്‍ തീ മഴ പെയ്യിക്കുകയാണ്.

ആധുനിക ലോകത്തെ ചുടുചോര കൊണ്ട് അടയാളപ്പെടുത്തിയ ചരിത്രനിമിഷമാണ് ഇസ്രായേല്‍ രാഷ്ട്രസ്ഥാപനം.. ‘നക്ബ’ എന്ന പേരില്‍ അറിയപ്പെട്ട ഫലസ്തീന്‍ വംശീയ ഉന്മൂലനപദ്ധതി ആറ് പതിറ്റാണ്ട് പിന്നിടുന്നു. ആ സയണിസ്റ്റ് കിരാതവാഴ്ചയുടെ പുത്തന്‍ ഭീകരമുഖം അധിനിവേശ പലസ്തീനെ ഒരിടവേളയ്ക്കു ശേഷം വീണ്ടും കൂട്ടക്കുരുതിയുടെ അറവുപുരയാക്കിയിരിക്കുന്നു.. സംഘര്‍ഷത്തില്‍ സൗമ്യ എന്ന ഒരു മലയാളി യുവതിയും കൊല്ലപ്പെട്ടിരിക്കുന്നു

എട്ട് ലക്ഷത്തിലധികം പലസ്തീനികളെ ക്രൂരമായി പീഡിപ്പിച്ച് തുരത്തിയോടിച്ച സംഭവത്തെ ഫലസ്തീനികളുടെ സ്വാഭാവിക പലായനം (Palestinian exodus) എന്ന രീതിയില്‍ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങളും അക്കാദമിക് മേഖലയില്‍ ഇപ്പോള്‍ നടന്നുവരികയാണ്.. അതിന്റെ ഭാഗമായി ഇസ്രായേലി ചരിത്രരേഖകളിലുള്ള 1948 ലെ ഫലസ്തീന്‍ വംശീയ ഉന്മൂലനത്തിന്റെ രേഖകള്‍ നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യന്‍ അധിനിവേശത്തിനുള്ള ആയുധപ്പുരയും, കൊള്ള സംഘവുമായ ഇസ്രായേല്‍ വീണ്ടും ജനിച്ച മണ്ണിനു വേണ്ടി പോരാടുന്ന ഫലസ്തീന്‍ ജനതയെ മാരകായുധങ്ങള്‍കൊണ്ട് കത്തിച്ച് ചാരമാക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

റോക്കറ്റാക്രമണത്തിന്റ ഭയാനകമായ സ്‌ഫോടന ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികള്‍ ഉയരുന്നു. പലസ്തീന്‍ ജനത തങ്ങള്‍ ഭാവിയില്‍ കെട്ടിപ്പടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പരസ്യപ്രഖ്യാപനം വീണ്ടും പശ്ചിമേഷ്യയെ ശവപ്പറമ്പാക്കിയിരിക്കുന്നു. വെള്ളിയാഴ്ചയാണ് വിശ്വാസികളുടെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുല്‍ അഖ്‌സയില്‍ പൊലീസ് അതിക്രമം നടന്നത്. വിശുദ്ധമാസത്തിലെ അവസാന വെള്ളിയാഴ്ച ആയതിനാല്‍ ആയിരക്കണക്കിന് പലസ്തീനികളാണ് പള്ളിയില്‍ എത്തിയിരുന്നത്. ഇവരില്‍ ചിലര്‍ ഇസ്രായേലിന്റെ അധിനിവേശത്തിലും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കും മാരകമായി പരിക്കേറ്റിരുന്നു.

1948ലെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ നടന്ന ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശത്തിനുശേഷം അതിക്രൂരമായ വംശഹത്യയാണ് ഇസ്രായേല്‍ നടത്തിവരുന്നത്. തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന മുതലാളിത്ത മൂലധനവും ആയുധവിപണിയിലെ തകര്‍ച്ചയും
ഇസ്രായേലിനെ പോലെയുള്ള അധിനിവേശ ഇടപ്രഭുക്കളേയും, സാമന്തന്‍മാരെയും കൂടുതല്‍ ഭയാനകമായ ഫാഷിസ്റ്റ് ആക്രമണകാരികളാക്കിയിരിക്കുകയാണ്. ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ തീവ്ര ദേശീയ വികാരം ആളിക്കത്തിക്കാന്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുമെന്നത് ബഞ്ചമിന്‍ നെതന്യാഹു ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവരുന്ന ഇസ്രായേലില്‍ ദേശീയതാവികാരം തീവ്രമാക്കി ജനങ്ങളെ കൈയിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഇസ്രായേല്‍ സൈനികരും പോലീസും നടത്തിവരുന്ന സംഹാരതാണ്ഡവം. ദേശീയതാവാദികളുടെ തീവ്ര വലത് പാര്‍ട്ടികളെ ആശ്രയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ് നെതന്യാഹു.. ഇതിനിടെയാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് പ്രഖ്യാപിച്ചതും ജെറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി കണക്കാക്കുന്ന പലസ്തീന്‍ യുഎസ്സുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചതും..

അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല എന്ന് ജനീവ കരാര്‍ അടിവരയിട്ടു പറയുന്നുണ്ടെങ്കിലും ഒരു രാജ്യാന്തര നിയമങ്ങളും ബാധകമല്ലാത്ത സയണിസ്റ്റ് ഭീകരര്‍ അവരുടെ വെട്ടിപ്പിടുത്തം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇപ്പോള്‍ 4 ലക്ഷം ജൂതകുടിയേറ്റക്കാരാണ് താമസിക്കുന്നത്.. ഒരു പാലസ്തീന്‍ പൗരന് അവനവകാശപ്പെട്ട ഭൂമിയില്‍ സഞ്ചരിക്കാന്‍ നാനൂറിലധികം പരിശോധനാ കേന്ദ്രങ്ങള്ളിലൂടെ കടന്നുപോകണമെന്നു പറയുമ്പോള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ ക്രൂരതയും ഭയാനകതയും മനസ്സിലാക്കാനാകും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നടന്നുവരുന്ന ഈ നരവേട്ടയ്ക്ക് ലോക സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളുടെ മൗനസമ്മതവുമുണ്ട്.. മികച്ച ഭൂയിടങ്ങളും ജലസമൃദ്ധമായ സ്ഥലങ്ങളും കൊള്ള ചെയ്ത് കയ്യടക്കി അവര്‍ക്കു മാത്രമായി റോഡുകളും വിശാലമായ വീടുകളും നിര്‍മ്മിച്ച് ഇസ്രായേലികള്‍ അധിവസിക്കുമ്പോള്‍ ആ മണ്ണിന്റെ ഉടമകള്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി അടിമകളായി പീഡിതരായി അപമാനിതരായി ജീവിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സയണിസത്തെ വംശീയതയായി പ്രഖ്യാപിച്ച 1975-ലെ യു.എന്‍. പ്രമേയം 3379 പിന്‍വലിക്കാനുള്ള പ്രമേയത്തിന് 1991-ല്‍ ഇന്ത്യ അനുകൂലമായി വോട്ടുചെയ്തതോടെ ഇന്ത്യയുടെ സവര്‍ണ്ണ വംശീയബോധവും കോര്‍പ്പറേറ്റ് മുതലാളിത്തത്തോടുള്ള രക്തക്കൂറും മറനീക്കി പുറത്തുവന്നു. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടം എല്ലാ സീമകളും ലംഘിച്ച് പുതിയ തീവ്ര വലതുപക്ഷ ഫാഷിസ്റ്റ് ചങ്ങാത്തത്തിന്റെ ആയുധക്കച്ചവടം നടത്തി ക്കൊണ്ടിരിക്കുകയാണ്.. ചരിത്രപരമായി അറബ് ലോകത്തോടും പലസ്തീന്‍ ജനതയോടും രാജ്യം പുലര്‍ത്തിവന്ന സൗഹൃദത്തിന് ബോധപൂര്‍വ്വമായ വിഘാതമുണ്ടാക്കുന്ന രീതിയില്‍ റാമള്ള സന്ദര്‍ശിക്കാതെ നരേന്ദ്രമോഡി ഇസ്രായേല്‍ മാത്രം സന്ദര്‍ശിച്ചതും എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഊഹിക്കാവുന്നതാണ്..

കല്ലും വടിയും ആയുധങ്ങളാക്കി പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതെ ലോകത്ത് ഒരു ജനതയ്ക്കും രാഷ്ട്രത്തിനും ജനാധിപത്യം അവകാശപ്പെടാന്‍ കഴിയില്ല..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply