ഇന്ത്യയെ വീണ്ടെടുക്കുമ്പോള്‍

ഇന്ത്യയെ വീണ്ടെടുക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം എന്താണ് ഇന്ത്യ എന്ന പദം കൊണ്ടും ആശയം കൊണ്ടും ഉദ്ദേശിക്കുന്നത് എന്നു പറയണം. വളരെ ലളിതമായി പറഞ്ഞാല്‍ ദേശീയപ്രസ്ഥാനങ്ങളുടെ കാലത്ത്, സ്വാതന്ത്ര്യ സമരകാലത്ത്, ബ്രിട്ടീഷ് വിരുദ്ധമായി ഉയര്‍ന്നു വന്ന മതേതരമായ, ജനാധിപത്യപരമായ, ബഹുസ്വരമായ ദേശഭാവനയാണ് അഥവാ രാഷ്ട്രഭാവനയാണ് ഇന്ത്യ എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദം ആദ്യമുപയോഗിച്ചത് മറ്റാരുമല്ല, ടാഗോര്‍ തന്നെ.അന്നുപക്ഷെ അത് കുറെകൂടി സാര്‍വ്വലൗകികമായ അര്‍ത്ഥത്തിലായിരുന്നു. അതിര്‍ത്തികളെയെല്ലാം മറികടക്കുന്നതായിരുന്നു.

ഇന്ത്യ എന്ന ആശയവുമായി ബന്ധപ്പെട്ട് മൂന്നു ധാരകള്‍ നിലവിലുണ്ട് എന്നു കാണാം. ഒന്ന് സംഘപരിവാര്‍, സാംസ്‌കാരിക ദേശീയത എന്ന പേരിട്ട് വിളിക്കുന്ന ധാര. ഹിന്ദുമഹാസഭയും ആര്‍ എസ് എസും ജനസംഘവുമെല്ലൊം നിരന്തരമായി പ്രചരിപ്പിക്കുന്നത് ഈ ആശയമാണ്. ആര്‍ഷഭാരത സങ്കല്‍പ്പം, സനാതന ധര്‍മ്മം എന്നൊക്കെ ഇക്കൂട്ടരിതിനെ വിശേഷിപ്പിക്കാറുണ്ട്. ഹിന്ദുമതവുമായി നേരിട്ടു ബന്ധപ്പെട്ട ഒന്നാണിത്. പക്ഷെ സത്യത്തില്‍ അങ്ങനെ പറയുന്നത് ശരിയല്ല. ഇത് വാസ്തവത്തില്‍ ഭൂരിപക്ഷവംശീയതയുമായി ബന്ധപ്പെട്ട ആശയമാണ്. ഹിന്ദുമതത്തില്‍ പെട്ട ഭൂരിഭാഗവും ഈ ആശയത്തോട് യോജിക്കുന്നില്ല. പ്രാചീനകാലത്തെ ഇന്ത്യന്‍ സംസ്‌കാരം മഹത്തരമാണെന്നും അത് സുവര്‍ണ്ണകാലഘട്ടമായിരുന്നു എന്നുമാണ് അവരുടെ വാദം. പിന്നീട് കൃസ്ത്യാനികളും മുസ്ലിമുകളുമടക്കമുള്ള അധിനിവേശശക്തികളാണ് ഈ മഹത്തായ ആര്‍ഷസംസ്‌കാരത്തെ തകര്‍ത്തത് അത് തിരിച്ചുപിടിക്കലാണ് നമ്മുടെ കടമ എന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട രണ്ടുകാര്യങ്ങള്‍ ചൂണ്ടികാട്ടേണ്ടതുണ്ട്. ഈ ഭാരതസങ്കസല്‍പ്പത്തില്‍ ഇവര്‍ അതിന്റെ നേര്‍ അവകാശികളായി കാണുന്നത് ഇന്ത്യയില്‍ ഉടലെടുത്ത മതവിഭാഗങ്ങളില്‍ പെട്ടവരെ മാത്രമാണ്. അതായത് ഹിന്ദു, ജൈന, സിക്ക്, ബുദ്ധ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവരെ. മറിച്ച് കൃസ്ത്യന്‍, മുസ്ലിം, പാഴ്‌സി പോലുള്ള മതങ്ങളില്‍ പെട്ടവര്‍ക്ക് അതിനവകാശമില്ല. ഭൂരിപക്ഷവംശീയതയെ അംഗീകരിച്ചും അതിനു കീഴ്‌പെട്ടും മാത്രമേ അവര്‍ക്കിവിടെ ജീവിക്കാനാവൂ. വി ഡി സവര്‍ക്കറുടെ Essentials of Hindutva, ഗോള്‍വാള്‍ക്കറുടെ വിചാരധാര തുടങ്ങിയ കൃതികളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വിചാരധാരയില്‍, കൃസ്ത്യാനിയും മുസ്ലിമും കമ്യൂണിസ്റ്റുകാരും നമ്മുടെ ശത്രുക്കളാണെന്നു പ്രഖ്യാപിക്കുന്നുമുണ്ട്.

ഈയൊരു നിലപാടിന്റെ ഏറ്റവും വലിയ അപകടം ഇക്കുട്ടര്‍ രാജ്യത്തിനകത്തുതന്നെ തങ്ങളുടെ അപരന്മാരെ, ശത്രുക്കളെ കണ്ടെത്തുന്നു എന്നതാണ്. അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു, അതിനായി ദേശസ്‌നേഹത്തേയും മാതൃഭൂമി സ്‌നേഹത്തേയും ഉപയോഗിക്കുന്നു. ശത്രുവിനെ രാജ്യത്തിനകത്തുതന്നെ കണ്ടെത്തിയതിനാലാണ് അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രംഗത്തിറങ്ങാതിരുന്നത്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത്. സാംസ്‌കാരിക ദേശീയത എന്ന ഓമനപേരിട്ട് അവര്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് സങ്കുചിതമായ, വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായ തങ്ങളുടെ ഭാവനയിലുള്ള ഇന്ത്യയെയാണ്.

രണ്ടാമത്തെ ധാര പെരി ആന്‍ഡേഴ്‌സനെ പോലുള്ള കോളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയെ കുറിച്ച് മുന്നോട്ടുവെച്ച ആശയമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഉല്‍പ്പന്നമാണ് ഇന്ത്യ എന്ന ആശയമെന്നാണതിന്റെ കാതല്‍. 1857ലെ ശിപായി ലഹളക്കുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടന്‍ നേരിട്ട് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഇവിടെ റെയിലും റോഡും പാലങ്ങളും മറ്റുവികസനങ്ങളും പാശ്ചാത്യവിദ്യാഭ്യാസവുമൊക്കെ വരുന്നത്. അതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇന്ത്യ എന്ന ആശയം ഉണ്ടായത്. അതിുമുമ്പ് പരസ്പരം പോരടിക്കുന്ന നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സംസ്‌കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നില്ല, ഇന്ത്യയിലെ പ്രാചീനപാരമ്പര്യത്തെ കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം പൊങ്ങച്ചങ്ങളാണ് എന്നിങ്ങനെ പോകുന്നു പെരി ആന്‍ഡേഴ്‌സന്റെ വാദഗതി. എന്നാല്‍ കമ്യൂണിസ്റ്റ് ചരിത്രകാരനായിരുന്ന അദ്ദേഹത്തിന്റെ നിലപാടുകളെ ഇന്‍ഫാന്‍ ഹബീബിനേയും റൊമീളാ താപ്പറേയും പോലുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നില്ല.

ഇന്ത്യയെന്ന ആശയത്തെ കുറിച്ചുള്ള മൂന്നാമത്തെ ധാര ബഹുസ്വരതയുടേതാണ്. മാനവികവും ജനാധിപത്യപരവും മതനിരപേക്ഷവുമായ ഈ ധാരയെ ദാദാ ധര്‍മാധികാരി എന്ന ചിന്തകന്‍ വിശേഷിപ്പിച്ചത് മാനവ നിഷ്ഠതാ ദേശീയത – humanist nationalism എന്നാണ്. ഈ ധാരയുടെ അടിത്തറ മനുഷ്യനാണ്. മതവും ജാതിയും ഭാഷയും വംശവും മറ്റെന്തും അതിനേക്കാള്‍ പ്രധാനമല്ല. എല്ലാ മനുഷ്യരേയും തുല്ല്യരായി കാണുന്ന ഈ ആശയഗതി സമത്വത്തില്‍ ്അധിഷ്ഠിതമാണ്. ഭൂരിപക്ഷ വംശീയതാ വാദത്തെ തള്ളുന്ന ഈ വീക്ഷണം ഇന്ത്യ എല്ലാവരുടേതുമാണെന്ന് പ്രഖ്യാപിക്കുന്നു. അതേസമയം ഭാരതീയതയെ തള്ളിക്കളയുന്നുമില്ല. ഇതാണ് ഗാന്ധിയുടേയും നെഹ്‌റുവിന്റേയും കോണ്‍ഗ്രസിന്റേയും ദേശീയതാ സങ്കല്‍പ്പം. സംഘപരിവാര്‍ ആക്ഷേപിക്കുന്നപോലെ ഇത് പാശ്ചാത്യചിന്തയല്ല. ഇന്ത്യയിലുണ്ടായിരുന്ന ദ്രാവിഡരും പുറത്തുനിന്നുവന്ന ആര്യന്മാര്‍, തുര്‍ക്കികള്‍, ഇറാനികള്‍, അഫ്ഗാന്‍കാര്‍, മുസ്ലിമുകള്‍, കൃസ്ത്യാനികള്‍ തുടങ്ങിയവരൊക്കെ ഇന്ത്യന്‍ സംസ്‌കാരത്തിനും സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിനും സംഭാവനകള്‍ നല്‍കിയവരാണ്. ഇത്തരത്തിലുള്ള വിഭിന്ന സംസ്‌കാരങ്ങളുടെ സങ്കലനമാണ് ഇന്ത്യന്‍ സംസ്‌കാരം. അതാരുടേയും കുത്തകയല്ല. ഹര്‍ഷവര്‍ദ്ധനന്റെയും മറ്റും കാലത്തിനുശേഷമുണ്ടായ മുഗള്‍ ഭരണകാലത്തെയും മറ്റും തള്ളിപ്പറയുന്ന സംഘപരിവാര്‍ നിലപാട് വസ്തുനിഷ്ഠമല്ല. അവരെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതാണോ? താജ്മഹലും കുത്തബ് മീനാറുമൊക്കെ അതിന്റെ സാക്ഷ്യങ്ങലായി നിലിനില്‍ക്കുന്നു. കലയിലും സാഹിത്യത്തിലും സംഗീതത്തിലുമൊക്കെ അതു നമുക്ക് കാണാം. അതെല്ലാം മറന്ന് ഇന്ത്യന്‍ സംസ്‌കാരം എന്നാല്‍ ഹൈന്ദവമാണെന്ന വാദഗതി യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. ഇന്ത്യ ഓരോ കാലത്തും ഉണ്ടായിരുന്ന എല്ലാവരുടേതുമാണ്. എല്ലാറ്റിന്റേയും ആകത്തുകയാണ് ഇന്ത്യന്‍ സംസ്‌കാരം. അതിന്റെ അടിസ്ഥാനം പൗരത്വമാണ്. മതമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യം മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയുടെ ദേശഭാവന പോലൊന്ന് ലോകത്തുതന്നെ അപൂര്‍വ്വമാണ്. സത്യത്തില്‍ ഈ ദിശയിലൊരു ദേശീയതാവാദം ഉയര്‍ന്നു വരുന്നത് 1920കളില്‍ ഗാന്ധി ദേശീയനേതൃത്വത്തില്‍ വരുന്നതോടെയാണ്. അതുവരെ ജനകീയ സമരങ്ങളില്‍ പോലും ഗണേശോത്സവം പോലുള്ള ഹൈന്ദവ ബിംബങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഗാന്ധിയാണ് കോണ്‍ഗ്രസ്സിനെ കര്‍ഷകരും തൊഴിലാളികളും കച്ചവടക്കാരും വിദ്യാര്‍ത്ഥികളുമെല്ലാമടങ്ങുന്ന പ്രസ്ഥാനമാക്കി മാറ്റിയത്. അതിനായി ഗാന്ധി ചെയ്തത് മൂര്‍ത്തമായ ആവശ്യങ്ങളുന്നയിച്ച് പോരാടുകയായിരുന്നു. ഉദാഹരണം ഉപ്പിന്റെ നികുതി പ്രശ്‌നവും സ്വദേശി പ്രസ്ഥാനവും മറ്റും.

ഗാന്ധി ഇത്തരത്തില്‍ ഇന്ത്യയെ വിഭാവനം ചെയ്യുമ്പോള്‍ ലോകത്ത് പലയിടത്തും വളര്‍ന്നുവന്നിരുന്നത് അക്രമോത്സുകവും ഹിംസാത്മകവുമായ ദേശീയതാവാദമായിരുന്നു. ഹിറ്റ്‌ലറും മുസ്ോളിനിയും മറ്റും ഉദാഹരണം. സംഘപരിവാര്‍ അവരുടെ സാംസ്‌കാരിക ദേശീയത എന്ന സങ്കല്‍പ്പത്തിന് ഊര്‍ജ്ജം കണ്ടെത്തുന്നത് അവരില്‍ നിന്നാണ്. ഹിറ്റ്‌ലര്‍ സ്വന്തം രാജ്യത്തില്‍ തന്നെയാണല്ലോ ശത്രുവിനെ കണ്ടെത്തിയിരുന്നത്. ജൂതന്മാരെ അപരവല്‍ക്കരിക്കുന്നതായിരുന്നു ഹിറ്റ്‌ലറുടെ ദേശീയതാ സങ്കല്‍പ്പം. രാജ്യത്തിനകത്തു ശത്രുവിനെ കണ്ടെത്തിയതിനാലാണ് സംഘപരിവാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത്. അങ്ങനെയല്ലാത്തതിനാലായിരുന്നു കോണ്‍ഗ്രസ്സ് കോളനിവാഴ്ചക്കെതിരെ പോരാടിയത്. കോണ്‍ഗ്രസ്സിന്റെ ദേശീയ സങ്കല്‍പ്പം സാര്‍വ്വലൗകികവുമായിരുന്നു. അത് ലോകമെമ്പാടും കോളനിവാഴ്ചക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നിന്നു. അതിനാലായിരുന്നു നെഹ്‌റു 1927ല്‍ ലീഗ് എഗെയ്ന്‍സ്റ്റ് ഇംപീരിലിസം എന്ന ആഗോളസംഘടനയുടെ നേതാവായത്.

തീര്‍ച്ചയായും ഇന്ത്യന്‍ ദേശഭാവന ഉയര്‍ന്നു വന്നത് ബ്രിട്ടീഷ് വിരുദ്ധമായിതന്നെയാണ്. ഗാന്ധിയാണ് ആ ഭാവനയെ മുന്നില്‍ നിന്നു നയിച്ചത്. അതിന് പ്രത്യയശാസ്ത്രരൂപം നല്‍കിയത് നെഹ്‌റുവായിരുന്നു. അതിന്റെ രേഖാചിത്രമാണ് ഇന്ത്യയെ കണ്ടെത്തല്‍ എന്ന അദ്ദേഹത്തിന്റെ പ്രശസ്തഗ്രന്ഥം. ഇന്ത്യയുടെ വ്യത്യസ്തതകളെയാണ് അദ്ദേഹമതില്‍ വരച്ചുകാട്ടുന്നത്. ഒപ്പമതിലെ ഏകത്വത്തേയും. എങ്ങനെയാണ് ഇന്ത്യയെന്ന ആശയം ഉരുത്തിരിഞ്ഞത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. Indian patriotism emerged as anti-British. Pluralism is its foundation. Gandhi led that imagination from the front. It was Nehru who gave it an ideological shape. The Sangh Parivar move is to destroy that nationalism..

ഇന്ത്യയെന്ന ദേശഭാവനക്ക് ആദ്യതിരി്ച്ചടിയുണ്ടായത് 1947ലാണ്. ഇന്ത്യ ഒരു ദേശീയതയല്ല, മറിച്ച് രണ്ടു ദേശീയതയാണെന്ന വാദത്തിന്റെ വിജയമായിരുന്നു വിഭജനം. അതുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല. അത് ഉണക്കാനായിരുന്നു പിന്നീട് ദേശീയ നേതാക്കളുടെ ശ്രമം. ബഹുസ്വരമായ ദേശഭാവനയെ പുനര്‍ജീവിപ്പിക്കലായിരുന്നു പ്രധാന ലക്ഷ്യം. അതു നടക്കില്ല എന്നായിരുന്നു അന്ന് ലോകം കരുതിയത്. അത്തരത്തില്‍ പല അമേരിക്കന്‍, ബ്രിട്ടീഷ് പത്രങ്ങളും പ്രവചിച്ചിരുന്നു. ഇന്ത്യയുടെ ചരമഗീതം പാടാറായെന്നും ഇവിടെ നടക്കാന്‍ പോകുന്നത് ബാള്‍ക്കനൈസേഷനാണെന്നും ഇന്ത്യ ചിന്നിച്ചിതറുമെന്നുമായിരുന്നു പലരും കരുതിയത്. വിചിത്രമായ വൈജാത്യങ്ങളുള്ള ഈ ദരിദ്രരാജ്യം വിഭജനത്തിന്റെ മുറിവുകളെ അതിജീവിക്കില്ല എന്നുതന്നെയായിരുന്നു ലോകം കരുതിയത്. ഇന്ത്യയെ ദേശരാഷ്ട്രം എന്നു വിളിക്കാമെങ്കില്‍ ഭൂമധ്യരേഖയേയും അങ്ങനെ വിളിക്കാമെന്നാണ് വ്ിസ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത്. സ്‌ഫോടകവസ്തുക്കളുമായി കടലിലേക്കുപോകുന്ന കപ്പലാണ് ഇന്ത്യയെന്ന് മൗണ്ട് ബാറ്റണും പറഞ്ഞു.

പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നല്ലോ. ഇന്ത്യയെന്ന ആശയത്തിലൂന്നി, ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ നിലനിര്‍ത്തുക എന്നതായിരുന്നു നെഹ്‌റുവിന്റെ മുന്നിലുണ്ടായിരുന്ന കടമ്പ. അഭയാര്‍ത്ഥി പ്രവാഹം, നാട്ടുരാജ്യങ്ങള്‍, തകര്‍ന്ന സമ്പദ് വ്യവസ്ഥ, ജാതി, മത, ഭാഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയവക്കിടയില്‍ വളരെ ക്ലേശകരമായിരുന്നു ആ ദൗത്യം. ഏതു നിമിഷത്തിലുമത് സമഗ്രാധിപത്യത്തിലേക്കോ ഏകാധിപത്യത്തിലേക്കോ അരാജകത്വത്തിലേക്കോ വഴുതിവിഴാം. അത്തരമൊരവസ്ഥയില്‍ നിന്ന് ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന് ഏറ്റവും മാനവികവും മതേതരവുമായ അടിത്തറയിടാന്‍ കഴിഞ്ഞു എന്നതാണ് നെഹ്‌റുവിന്റെ ഏറ്റവും വലിയ സംഭാവന. ഇന്ത്യ എന്ന ദേശരാഷ്ട്രത്തിനും ആശയത്തിനും അടിസ്ഥാനവ്യാകരണം ഉണ്ടാക്കിയത് അദ്ദേഹമാണ്. സംസാരിക്കാതിരുന്നാല്‍ ഭാഷ നശിക്കും. എന്നാല്‍ വ്യാകരണം നശിക്കില്ല. അതിനാലാണ് സംഘപരിവാര്‍ ഏറ്റവുമധികം അക്കമിക്കുന്നത് നെഹാ്‌റുവിനെയായത്.

ഈ അടിസ്ഥാനവ്യാകരണത്തിന്റെ ഭാഗമാണ് നമ്മുടെ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അവ തമ്മില്‍ അധികാരങ്ങള്‍ പങ്കിടുന്നതിലെ ബാലന്‍സിംഗും സ്വതന്ത്രമായ തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും ആര്‍മിയെ ജനാധിപത്യ സംവിധാനത്തില്‍ നിന്നും പൂര്‍ണ്ണമായും വേര്‍തിരിച്ചതും സാര്‍വ്വത്രികമായ വോട്ടവകാശവും തുടങ്ങി നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനങ്ങളും. ഇന്ത്യയെന്ന ആശയത്തിന് 1947ല്‍ തന്നെ അദ്ദേഹം സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും സൃഷ്ടിക്കാന്‍ ആരംഭിച്ചു. അതിനാലാണ് അവയിപ്പോഴും നിലനില്‍ക്കുന്നത്. അക്കാലത്ത് സ്വതന്ത്രമായ പല രാജ്യങ്ങളിലും ജനാധിപത്യം നിരന്തരമായി പ്രതിസന്ധികളെ നേരിടുകയാണല്ലോ. നേപ്പാളും പാക്കിസ്ഥാനും ശ്രീലങ്കയുമൊക്കെ ഉദാഹരണങ്ങള്‍. 1959ല്‍ പാക്കിസ്ഥാനില്‍ പട്ടാളഭരണം നിലവില്‍ വന്നപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനത്തില്‍ പറയുന്നത് അവിടെയാരും രാഷ്ട്രീയം സംസാരിക്കുന്നില്ല, സംവാദങ്ങള്‍ നടക്കുന്നില്ല എന്നായിരുന്നു,

ഇന്ന് ഇന്ത്യയും ആ അവസ്ഥയിലേക്കു നീങ്ങുകയാേണാ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംവാദങ്ങളെ ഇല്ലാതാക്കുന്നു. ഭരിക്കുന്നവര്‍ പ്രതിപക്ഷവുമായി സംവദിക്കുന്നില്ല. മാധ്യമങ്ങള്‍ അധികാരികളുടെ മുട്ടിലിഴയുന്നു. സംവാദത്തിലൂടേയും സമന്വയത്തിലൂടെയുമാണ് ജനാധിപത്യം ശക്തി പ്രാപിക്കുക. അതാണ് പാക്കിസ്ഥാനില്‍ ഇല്ലാതായത്. മാത്രമല്ല എന്താണ് പാക്കിസ്ഥാന്‍ എന്നതിന് പോസറ്റീവ് ആയ ഉത്തരമുണ്ടായിരുന്നില്ല. പാക്കിസ്ഥാന്റെ അസ്തിത്വമെന്നത് ഇന്ത്യക്കെതിരായ രാജ്യം എന്നതിലാണ്. നമ്മള്‍ അതില്‍ നിന്നു വ്യത്യസ്ഥമായിരുന്നു. നമ്മുടെ നേതാക്കള്‍ ഇന്ത്യയെ നിര്‍വ്വചിച്ചത് എന്തിന്റെയെങ്കിലും വിരുദ്ധമായിട്ടായിരുന്നില്ല. മറിച്ച് വിശാലമായ ഭാവനയുടെ അടിസ്ഥാനത്തിലായിരുന്നു. അതിനാലാണ് ഇവിടെ ജനാധിപത്യം നിലനിന്നതും നിലനില്‍ക്കുന്നതും. വിഭജനത്തിന്റെ മുറിവുണക്കാനായിരുന്നു നെഹ്‌റു ഇന്ത്യ എന്ന ആശയത്തിന് മതേതരവും ബഹുസ്വരവുമായ വ്യാകരണം സൃഷ്ടിച്ചത്. എന്നാല്‍ ആ വ്യാകരണത്തെ തകര്‍ക്കാനാണ് ഇ്‌പ്പോള്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്.

ഇന്ത്യയെ മനസ്സിലാക്കുക എന്നാല്‍ ഇന്ത്യയുടെ വൈജാത്യങ്ങള്‍ മനസ്സിലാക്കലാണെന്ന് നെഹ്‌റു പറഞ്ഞു. അദ്ദേഹം ഇന്ത്യയെ ഉപമിച്ചത് ഒരു താളിയോലയോടായിരുന്നു. ഈ താളിയോലയില്‍ ഓരോ കാലത്തും ഓരോരുത്തര്‍ എഴുതികൊണ്ടിരുന്നു. ഒന്നും പക്ഷെ മാഞ്ഞുപോകില്ല. എല്ലാം എല്ലാവര്‍ക്കും വായിക്കാം. വാസ്തവത്തില്‍ ഇതു കേവലം അമൂര്‍ത്തമായ ഉപമയല്ല. ചരിത്രത്തില്‍ ഇതിനു ഉദാഹരണമുണ്ട്. അശോക ചക്രവര്‍ത്തി എഴുതിയ പില്ലറില്‍ സമുദ്രഗുപ്തനും ജഹാംഗീറുമൊക്കെ എഴുതിയിട്ടുണ്ടല്ലോ. സംസ്‌കാരത്തിന്റെ കൊടുക്കല്‍ വാങ്ങലിന്റെ ചരിത്രമാണ് ഇന്ത്യയുടേത്. അതേസമയം അത് ഭാരതീയതക്ക് എതിരുമല്ല. 1951ലെ ലുധിയാന പ്രസംഗത്തില്‍ ഭാരത് മാതാവിനെ നെഹ്‌റു നിര്‍വ്വചിക്കുന്നുണ്ട്. അത് സര്‍വ്വാഭരണവിഭൂഷിതയായി ആയുധവുമേന്തി നില്‍ക്കുന്ന ദേവിയല്ല. മറിച്ച് വയലില്‍ പണിയെടുക്കുന്ന കര്‍ഷകനാണ്, തൊഴിലാളിയാണ്, കച്ചവടക്കാരനാണ്, വിദ്യാര്‍ത്ഥിയാണ്, സാധാരണക്കാരായ എല്ലാവരുമാണ്. ഒപ്പം നമ്മുടെ വയലേലകളും മലകളും താഴ്‌വാരവും നദികളും കാടുമൊക്കെ കൂടിചേര്‍ന്നതാണ്. നെഹ്‌റുവിന്റെ ഭാരത് മാതാ കീ ജയ് വിളി ഇന്ത്യയിലെ ഓരോ മനുഷ്യരേയുമാണ്.

സത്യത്തില്‍ ഒരു ഭൗതികവാദിയായിരുന്നു നെഹ്‌റു. എന്നിട്ടും തന്റെ ചിതാഭസ്മം ഗംഗയിലും താഴ്‌വരകളിലും പര്‍വ്വതങ്ങളിലും വയലേലകളിലും വനങ്ങളിലുമെല്ലാം വിതറണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ഓരോ അംശത്തിലും തന്റെ ചിതാഭസ്മം അലിഞ്ഞുചേരണമെന്ന് അദ്ദേഹം ആശിച്ചു. അത്രമാത്രം അദ്ദേഹം ഇന്ത്യയെ സ്‌നേഹിച്ചു. ഒരു രാജ്യസ്‌നേഹിക്കേ നല്ല ഭരണാധികാരിയാകാന്‍ കഴിയൂ. അതാണ് നെഹ്‌റു തെളിയിച്ചത്. മാത്രമല്ല ജനാധിപത്യത്തെ ആശയങ്ങളുടെ സ്വതന്ത്രവിപണിയായിട്ടാണ് അദ്ദേഹം കണ്ടത്. പലവിധത്തിലും തന്നോട് അഭിപ്രായ ഭിന്നതകളുണ്ടായിരുന്ന ശ്യാംപ്രസാദ് മുഖര്‍ജി, അംബേദ്കര്‍, ഷണ്‍മുഖം ചെട്ടി തുടങ്ങിയവരെയൊക്കെ തന്റെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ അദ്ദേഹത്തിനു ഒരു തടസ്സവുമുണ്ടായില്ല. അങ്ങനെയൊക്കെ അദ്ദേഹം രചിച്ച ഇന്ത്യയുട അടിസ്ഥാന വ്യാകരണത്തെ തകര്‍ക്കുക അത്ര എളുപ്പമല്ല.

എന്നാലിപ്പോള്‍ ആ വ്യാകരണത്തെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. 1924 മുതല്‍ കൃത്യമായ ലക്ഷ്യത്തോടെ തന്നെയായിരുന്നു അവരുടെ പ്രവര്‍ത്തനം. നെഹ്‌റുവിന്റെ ഓരോ ആശയത്തേയും ഇന്ത്യ എന്ന ദേശഭാവനയില്‍ നിന്ന് മായ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സിലബസ് മാറ്റുന്നതും ചരിത്രം തിരുത്തിയെഴുതുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. നെഹ്‌റുവിനെ ഓര്‍മ്മയില്‍ നിന്നു മാറ്റാന്‍ മാത്രമല്ല, വില്ലനായി ചിത്രീകരിക്കാനും അവര്‍ ശ്രമിക്കുന്നു. പകരം പട്ടേലിനെ എതിരെ നിര്‍ത്തുന്നു. നെഹ്‌റുവിയന്‍ ഇന്ത്യയെ മുറിവേല്‍പ്പിച്ചാണ് അവരുടെ പടയോട്ടം. കാരണം നെഹ്‌റുവിയന്‍ ഇന്ത്യയെ തകര്‍ത്താലേ, അവരുടെ സാംസ്‌കാരിക ദേശീയതയില്‍ അഥവാ ഭൂരിപക്ഷ വംശീയതയില്‍ അധിഷ്ഠിതമായ ഇന്ത്യയെ കെട്ടിപ്പടുക്കാനാവൂ.

വളരെ ഭീതിതമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യം. രാജ്യത്തെ അത്രമാത്രം വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ അവര്‍ക്കായിരിക്കുന്നു. തുടക്കത്തില്‍ പറഞ്ഞ പോലെ ഇന്ത്യയുടെ നേരവകാശികള്‍ ഭൂരിപക്ഷ വംശീയതക്കാരാണെന്നും മറ്റെല്ലാവരും അപരരാണെന്നുമുള്ള ചിന്താഗതി വ്യാപകമായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ തകര്‍ച്ച പാര്‍ട്ടിയുടെ മാത്രം തകര്‍ച്ചയല്ല. വളര്‍ന്നുവരുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയാണ്. ഭൂരിപക്ഷ വംശീയതയാണ് ശരി എന്നു പറയുന്നതിലേക്ക് വലിയൊരു വിഭാഗം എത്തിയിരിക്കുന്നു. അതിനെ നേരിടാന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം പോര. സാംസ്‌കാരികമായും സാമൂഹ്യപരമായും ഒരുപാട് അടരുകളുള്ള ഒരു ജനകീയ പ്രസ്ഥാനത്തിലൂടെ മാത്രമേ സാധ്യമാകൂ. രണ്ടാം സ്വാതന്ത്ര്യസമരം എന്നു തന്നെ നമുക്കതിനെ വിശേഷിപ്പിക്കാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എനിക്ക് അടുത്തുണ്ടായ രണ്ടനുഭവങ്ങള്‍ കൂടി പറയാം. പുരി ജഗനാഥക്ഷേത്രത്തില്‍ പലപ്പോഴും ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ 2017ല്‍ പോയപ്പോള്‍ ഒരു പുരോഹിതന്‍ പറഞ്ഞത്, നിങ്ങള്‍ ഹിന്ദുവായതിനാല്‍ പ്രതിഷ്ഠക്ക് അടുത്തുനിന്നു തൊഴാം. വിദേശികളും അന്യമതസ്ഥരുമായ രാഹുല്‍ ഗാന്ധിക്കോ സോണിയാ ഗാന്ധിക്കോ കഴിയില്ല. മോദിക്ക് കഴിയും. ഞാന്‍ ഒന്നും ചോദിക്കാതെ, ഒരു പരിചയവുമില്ലാത്ത അയാള്‍ എന്തിനാണ് ഇത് പറഞ്ഞത്? എങ്കില്‍ എത്രയോ പേരോട് അയാളത് പറഞ്ഞിരിക്കും. ഈ നാടിന്റെ നേരവകാശികള്‍ മോദിയും ബിജെപിയുമൊക്കെയാണെന്നും രാഹുലും സോണിയയുമൊക്കെ അപരരാണന്നും സ്ഥാപിക്കാനാണ് അയാള്‍ ശ്രമിച്ചത്. എത്ര സൂക്ഷമമാണ് സംഘപരിവാറിന്റെ പദ്ധതി എന്നു നോക്കുക.

മറ്റൊരനുഭവം അഹമ്മദാബാദിലാണ്. അവിടെ റോഡുപണിയിലേര്‍പ്പെട്ടിരുന്ന യുപിയില്‍ നിന്നും ബീഹാറില്‍ നിന്നുമൊക്കെയുള്ള, ഭൂരിഭാഗവും ദളിതരായ തൊഴിലാളികളുമായി സംസാരിക്കുകയായിരുന്നു. കൊവിഡ് കാലത്തും തുടര്‍ന്നും തങ്ങള്‍ നേരിടുന്ന ദുരന്തങ്ങള്‍ അവര്‍ വിശദീകരിച്ചപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ടുചെയ്യുക എന്നു ഞാന്‍ ചോദിച്ചു. അതു താമരക്കുതന്നെ എന്നായിരുന്നു അവരുടെ മറുപടി. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ധര്‍മ്മം സംരക്ഷിക്കാന്‍ മോദിക്കേ കഴിയൂ എന്നാണ്. ഒരു കാലത്തും ഹിന്ദുമതത്തിന്റെ ഭാഗമല്ലാതിരുന്ന, എന്നും ചവിട്ടി താഴ്ത്തപ്പെട്ടിരുന്ന, ദളിതരെപോലും വിശ്വസിപ്പിക്കുന്ന രീതിയിലാണ് അവരുടെ ആസൂത്രിത പദ്ധതി.

ഒരു ലോകസഭാ തെരഞ്ഞെടുപ്പുകൂടി ആസന്നമാകുകയാണ്. ഹിന്ദരാഷ്ട്രസ്ഥാപനം ലക്ഷ്യമാക്കിയ ആര്‍ എസ് എസ് രൂപീകരണത്തിന്റെ 100-ാം വാര്‍ഷികമാണ് 2025. സംഘര്‍ഷഭരിതമായ ഒരു കാലമാണ് മുന്നിലെന്നു സാരം. ഇന്ത്യയെ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തില്‍ പങ്കാളികളാകുക എന്നതാണ് ഏതൊരു ജനാധിപത്യ – മതേതരവാദിയുടേയും ഇപ്പോഴത്തെ രാഷ്ട്രീയ – സാംസ്‌കാരിക കടമ. ഏതു പക്ഷിക്കും ഇടം നല്‍കുന്ന കൂടായി ഇന്ത്യയെ വിണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നമുക്ക് ശക്തമാക്കാം.

(ഗാന്ധി – നെഹ്‌റു കള്‍ച്ചറല്‍ ആന്റ് റിസര്‍ച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇന്ത്യയെ വീണ്ടെടുക്കുമ്പോള്‍

  1. Very effective presentation about the Nehruvian contribution for strengthening INDIA , to struggle against the destruction of that India, led by sangh parivar. I generally uphold the central theme of patriotic-democratic politics illuminating the construction of a New Welfare State , India. But, I would like to request for proposing a wider stronger basis for our counter movement , to face the present onslaughts by the MNCs- Corporate -sangh parivar combine , as the ongoing attacks are a package to demolish and balkanise India.
    We built up a new India half-way by struggling against imperialism , feudalism, casteism, patriarchy, racism, and for socialism . Our past movement for freedom, democracy and socialism gave us freedom , welfare state, democracy , secularism, public sector, constitution, Nehruvian rule etc. Now, all gains from past movement are being decimated, led by a counter revolution process with slogans of globalisation, liberalisation and privatisation. Sangh Parivar is the most suitable ruthless political servant for this all sided enslavement program of India and common masses. India and other developing countries are facing similar challenges. We can stop the ascendence of fascism in 1924 by uniting all anti-fascist forces, for the time being. But we need a countrywide peoples movement for building up an egalitarian NEW India , by struggling for freedom , democracy and socialism against the ever intensifying plunder and oppression by the neocolonial hindurashtra project .
    I totally agree with your suggestion for a new freedom movement .

Leave a Reply