മാധ്യമസ്വാതന്ത്ര്യം ജനങ്ങളുടെ അറിയാനുള്ള അവകാശമാണ്

മറ്റു പല വിഷയങ്ങളേയുംപോലെതന്നെ മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും എന്നാല്‍ അതേനയങ്ങള്‍ തന്നെ ഇവിടേയും നടപ്പാക്കുകയുമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. ഒപ്പം തന്നെ സിപിഎം സംഘടിതമായി രൂപം കൊടുത്തിട്ടുള്ള സൈബര്‍ പടയും രംഗത്തിറങ്ങുന്നു. ഈ സൈബര്‍ പട എത്രമാത്രം അധപതിച്ചിരിക്കുന്നു എന്ന് അതിവിപ്ലവമൊക്കെ പറഞ്ഞ് രാജിവെച്ചുവന്ന മുന്‍സബ്ജഡ്ജിയുടെ, ഏഷ്യനെറ്റ് വനിതാ എഡിറ്റര്‍ക്കെതിരായ ഫേസ് ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. ആ പോസ്റ്റിനെ ഉയര്‍ത്തിപിടിക്കാന്‍ പുരോഗമന സാഹിത്യത്തിന്റെ അപ്പലോസ്തന്മാര്‍ തന്നെ രംഗത്തിറങ്ങിയതും കണ്ടു.

‘ഉത്തരേന്ത്യയിലും മറ്റും മാധ്യമസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുമ്പോള്‍ പിന്തുണയ്ക്കായി കേരളത്തെയാണ് ഞങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, കാര്യങ്ങള്‍ മാറിയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരേ കേന്ദ്രഭരണകൂടം തയ്യാറാക്കിയ അച്ച് അതേപടി ഇവിടെയും ഉപയോഗിക്കപ്പെടുന്നു…’ രാജ്യത്തെ ഏറെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനും ധീരമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമായി പലപ്പോഴും നമ്മളെല്ലാം ചൂണ്ടികാണിക്കുന്ന ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററുമായ ആര്‍ രാജഗോപാലന്റെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കേന്ദ്രത്തിലെമ്പോലെ കേരളത്തിലും പുതിയ രീതിശാസ്ത്രം പിന്തുടരുകയാണ്. ആരെങ്കിലും എന്തെങ്കിലും പരാതി നല്‍കുമ്പോള്‍ അതിവേഗത്തിലാണ് നടപടികള്‍ എടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നപോലെയാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ നീങ്ങുന്നത്. മാത്രമല്ല, പലപ്പോഴും മാധ്യമങ്ങളുടെ പത്രാധിപര്‍മാര്‍ക്കെതിരെയല്ല, ജീവനക്കാര്‍ക്കെതിരെയാണ് കേസുകളെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വളരെ പ്രസക്തമായ ഒരു വിഷയമാണ് രാജഗോപാല്‍ ചൂണ്ടികാട്ടിയത്. മറ്റു പല വിഷയങ്ങളേയുംപോലെതന്നെ മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും എന്നാല്‍ അതേനയങ്ങള്‍ തന്നെ ഇവിടേയും നടപ്പാക്കുകയുമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. ഒപ്പം തന്നെ സിപിഎം സംഘടിതമായി രൂപം കൊടുത്തിട്ടുള്ള സൈബര്‍ പടയും രംഗത്തിറങ്ങുന്നു. ഈ സൈബര്‍ പട എത്രമാത്രം അധപതിച്ചിരിക്കുന്നു എന്ന് അതിവിപ്ലവമൊക്കെ പറഞ്ഞ് രാജിവെച്ചുവന്ന മുന്‍സബ്ജഡ്ജിയുടെ, ഏഷ്യനെറ്റ് വനിതാ എഡിറ്റര്‍ക്കെതിരായ ഫേസ് ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. ആ പോസ്റ്റിനെ ഉയര്‍ത്തിപിടിക്കാന്‍ പുരോഗമന സാഹിത്യത്തിന്റെ അപ്പലോസ്തന്മാര്‍ തന്നെ രംഗത്തിറങ്ങിയതും കണ്ടു.

മറുനാടന്‍ ഷാജന്റെ പേരിലാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടികളും സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങളും രൂക്ഷമായിട്ടുള്ളത്. മറുനാടന്റെ പ്രവര്‍ത്തനശൈലി ഒരിക്കലും മാതൃകാപരമല്ല എന്നു മാത്രമല്ല, പലപ്പോഴും കുറ്റകരവുമാണ്. സാമാന്യനിലക്ക് കാര്യമായി ആരുംതന്നെ അതിനെ പിന്തുണക്കുന്നുമില്ല. എന്നാല്‍ പലപ്പോഴും തങ്ങളുടെ ശത്രുക്കളെ മറുനാടന്‍ അധിക്ഷേപിക്കുമ്പോള്‍ കയ്യടിക്കുന്നവരാണ് പലരും. എന്തായാലും മറുനാടനെതിരായ പരാതികളില്‍ പലതിലും അന്വേഷണം നടക്കുന്നുണ്ട്. ഒളിവില്‍ പോകുന്നതാണല്ലോ സമീപകാലത്ത് കേരളത്തിലെ കുറ്റാരോപിതര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ ശൈലി. മറുനാടന്‍ ഷാജനും ഒളിവിലാണത്രെ. എന്നാല്‍ ഷാജനെ പിടിക്കാനാകാത്തതിന്റെ പേരില്‍ മറുനാടനിലെ ജീവനക്കാരെ മാത്രമല്ല, മറ്റു മാധ്യമങ്ങളിലെ ജീവനക്കാരെ പോലും പോലീസ് വേട്ടയാടുകയാണ്. പലരുടേയും വീടുകള്‍ റെയ്ഡ് ചെയ്യുകയും കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. മംഗളത്തിലെ വൈശാഖന്‍ എന്ന ജീവനക്കാരന്റെ ഫോണ്‍ പിടിച്ചടക്കാന്‍ പോലും പോലീസിനു മടിയുണ്ടായില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പോലീസ് നടത്തുന്നത് തികഞ്ഞ മനുഷ്യാവകാശലംഘനമാണെന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. എന്നാല്‍ അതിനേയും പിന്തുണക്കാന്‍ സൈബര്‍ പട രംഗത്തെത്തി. എന്നാല്‍ ഹൈക്കോടതിയും സുപ്രിം കോടതിയും പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. കുറ്റാരോപിതനെ കിട്ടാത്തതിന് നാട്ടിലെ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നത് എന്തിനാണ്, ആ മാധ്യമപ്രവര്‍ത്തകന്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയോ സാക്ഷിയോ ആണോ, പോലീസ് നടപടിയില്‍ ഹനിക്കപ്പെട്ടത് വിശാഖന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ഫണ്ടമെന്റല്‍ റൈറ്റാണ്, ഒരു മാധ്യമപ്രവര്‍ത്തകനെ സംബന്ധിച്ച് അയാളുടെ ഫോണ്‍ പ്രധാനമാണ്, മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍, ചെയ്യേണ്ട പണി അറിയില്ലെങ്കില്‍ തോന്നിയത് ചെയ്യുകയല്ല വേണ്ടത് എന്നിങ്ങനെപോയി ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. സുപ്രിംകോടതിയാകട്ടെ മറുനാടനെതിരായ ശ്രീനിജന്‍ എം എല്‍ എയുടെ പരാതിയില്‍ പട്ടികജാതി പീഡന നിരോധന നിയമം നിലനില്‍ക്കില്ലെന്നു ചൂണ്ടികാട്ടി ജാമ്യമനുവദിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയനും രംഗത്തുവന്നു. മറുനാടനെ പിന്തുണക്കുന്ന നിലപാടല്ല യൂണിയന്‍ സ്വീകരിച്ചത്. ‘മറുനാടന്‍ മലയാളിക്കും അതിന്റെ ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ കേസുണ്ടെങ്കില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കുകയും വേണമെന്ന് തന്നെയാണ് യൂണിയന്‍ നിലപാട്. മറുനാടന്‍ മലയാളിയുടെ മാധ്യമ രീതിയോട് യോജിപ്പുമില്ല. എന്നാല്‍ ഉടമയ്ക്ക് എതിരായ കേസിന്റെ പേരില്‍ അവിടെ തൊഴില്‍ എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയാകെ വീടുകളില്‍ റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.’ എന്നിങ്ങനെയാണ് യൂണിയന്റെ പ്രസ്താവന. രണ്ട് മാസം മുന്‍പാണ് എലന്തൂര്‍ ട്രെയിന്‍ തീവെയ്പ് പ്രതിയെ കൊണ്ട് വരുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ന്യൂസ് വാര്‍ത്താസംഘത്തിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തത് മറക്കാറായിട്ടില്ലല്ലോ. മാധ്യമസ്വാതന്ത്ര്യവും തൊഴില്‍ ചെയ്യാനുള്ള അവകാശവും ജനങ്ങളുടെ അരിയാനുള്ള അവകാശവുമാണ് ഹനിക്കപ്പെട്ടത്. പി വിജയന്‍ ഐ പി എസിനെതിരെ മൊഴി പറയാനാവശ്യപ്പെട്ടായിരുന്നു പോലീസ് നടപടി എന്നു പിന്നീട് വെളിപ്പെടുത്തിയത് ഇടതുപക്ഷ മുന്നണി നേതാവുകൂടിയായ മാതൃഭൂമിയുടെ അമരക്കാരന്‍ ശ്രേയംസ് കുമാറായിരുന്നു. ഈ കേസിലും പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത് അവരുടെ തൊഴിലാണെന്നായിരുന്നു കോടതി ചൂണ്ടികാട്ടിയത്.

മാധ്യമങ്ങളെല്ലാം മഹത്തരമാണെന്നോ അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നോ അവര്‍ക്ക് പ്രത്യേക നിയമമുണ്ടെന്നോ അല്ല പറയുന്നത്. എല്ലാ മേഖലയിലുമുള്ള ജീര്‍ണ്ണത അവിടേയുമുണ്ട്. മാത്രമല്ല, ഇന്നു മിക്കവാറും മാധ്യമങ്ങളുടെ ഉടമകള്‍ കോര്‍പ്പറേറ്റുകളും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളുമാണ്. ഉറപ്പായും ഉടമകളുടെ താല്‍പ്പര്യം അവയില്‍ പ്രതിഫലിക്കാതിരിക്കില്ലല്ലോ. എന്നാല്‍ രാജഗോപാല്‍ ചൂണ്ടികാട്ടിയപോലെ ഉടമകളേയോ പത്രാധിപരേയോ മിക്കപ്പോഴും വേട്ടയാടുന്നതേയില്ല. എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ചിന്തകരുടേയുമെല്ലാം നാവടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കില്‍, അതിനെ വിമര്‍ശിക്കുന്നവര്‍ ഭരിക്കുന്ന കേരളത്തിലും നടക്കുന്നത് മറ്റൊന്നല്ല. മീഡിയാ വണ്‍ പൂട്ടിക്കാന്‍ കേന്ദ്രശ്രമമുണ്ടായപ്പോള്‍ അതിനെ പരോക്ഷമായി പിന്തുണച്ച, പുരോഗമനമുഖംമൂടി ധരിച്ചവരും ഇവിടെയുണ്ടായിരുന്നല്ലോ.

ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. ചാനലിന്റെ എഡിറ്റര്‍ സിന്ധു സൂര്യകുമാറടക്കം ചില ജീവനക്കാര്‍ പോക്‌സോ കേസ് നേരിടുന്നുണ്ട്. എന്നാലതിനെ അവര്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചു എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് നൈതികമല്ലാത്ത മാധ്യമപ്രവര്‍ത്തം അവര്‍ നടത്തിയെന്നാണ് കേസ്. അതു തെറ്റുതന്നെയായിരുന്നു. അതിന്റെ പേരില്‍, ഏഷ്യാനെറ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സിപിഎം ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ കേസ് നടക്കുന്നുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ മുന്‍ സബ്ജഡ്ജി.യടക്കമുള്ളവര്‍ നടത്തുന്ന അധിക്ഷേപങ്ങള്‍, തങ്ങളെത്രമാത്രം അധപതിച്ചവരാണെന്ന പ്രഖ്യാപനമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏഷ്യാനെറ്റിലെ തന്നെ അഖിലാ നന്ദകുമാറിനും വിനു ജോണിനുമെതിരെ നടന്ന നിയമനടപടികളും അധിക്ഷേപങ്ങളും നീതിയുക്തമാണെന്നു പറയാനാകില്ല. ഒരു വിദ്യാര്‍ത്ഥി നേതാവ് മറ്റൊരു നേതാവിനെതിരെ ഉന്നയിച്ച ആരോപണം ലൈവ് ടെലകാസ്റ്റ് ചെയ്തതിന്റെ പേരിലാണ് അഖിലയെ ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തിയത്. അതേദിവസംതന്നെ കെ സുധാകരനെതിരെ അടിസ്ഥാനമില്ലാത്ത ലൈംഗികാരോപണമുന്നയിച്ച ദേശാഭിമാനി ലേഖകനെതിരെ നടപടിയെടുത്തില്ല എന്നു മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി തന്നെ അതേറ്റുപിടിക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിവസം രോഗിയായ അമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്ന ഓട്ടോ തകര്‍ത്ത് എല്ലാവരേയും തെരുവിലിറക്കിയ നടപടിയെ ന്യായീകരിച്ച സിപിഎം നേതാവ് ഇളംമരം കരിമിനോട് നിങ്ങളുടെ കുടുംബത്തിന് ഇത്തരം അനുഭവമുണ്ടായാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചതിനാണ് വിനുവിനെതിരായ അക്രമത്തിനു പ്രേരിപ്പിക്കല്‍ കേസ്. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ തുടരുന്ന ദുരന്തങ്ങളെ കുറിച്ച് മന്ത്രിമാരോട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ വൈദികനെതിരെ കേസെടുത്ത നടപടിയാകട്ടെ വ്യക്തമാക്കുന്നത് മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല, പ്രതിഷേധിക്കുന്ന ഏവരേയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു എന്നു തന്നെയാണ്. മണിപ്പൂര്‍ സംഭവത്തില്‍ പ്രതികരിച്ച ആനിരാജക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയപോലെതന്നെ.

മുകളില്‍ പറഞ്ഞപോലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു പ്രിവിലേജും കൊടുക്കരുത്. രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്നാല്‍ അതിന്റെ പേരില്‍ മാധ്യമങ്ങളുടെ വായടപ്പിക്കാനുല്‌ള നീക്കമാണ് ഇവിടേയും നടക്കുന്നത്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടത്തെ ചെയ്തികളെ നിരന്തരമായി വീക്ഷിക്കലും തുറന്നു പറച്ചിലുമാണെന്നും അതിനാലാണ് അവക്ക് ഫോര്‍ത്ത് എസ്‌റ്റേറ്റ് എ്‌നന പേരു വീണതെന്നും മാധ്യമസ്വാതന്ത്ര്യം തടയുമ്പോള്‍ അറിയാനുള്ള നമ്മുടെ അവകാശവുമാണ് നിഷേധിക്കുന്നതെന്നും മനസ്സിലാക്കാത്തതാണ് പ്രശ്‌നം. താല്‍ക്കാലികമായ കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തിനായി ഈ പോലീസ് നടപടികളെ പിന്തുണക്കുന്നവര്‍ ചെയ്യുന്നത് ഭരണകൂട ഭീകരതക്ക് ചുവന്ന പരവതാനി വിരിക്കലാണ്. സമഗ്രാധിപത്യത്തിന് പച്ചക്കൊടി കാണിക്കലാണ്. Freedom of the press is the right of the people to know

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply