ഉത്തരേന്ത്യ മാത്രമല്ല, ദക്ഷിണേന്ത്യയും കേരളവും ബുദ്ധമതകേന്ദ്രങ്ങളായിരുന്നു

നിരവധി ബുദ്ധക്ഷേത്രങ്ങളും സംസ്‌കാരിക കേന്ദ്രങ്ങളും കേരളത്തിലങ്ങോളമിങ്ങോളം തകര്‍ത്ത് ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുള്ളതായി പി.കെ.ഗോപാലകൃഷ്ണന്റെ പുസ്തകത്തില്‍ പരാമര്ശിയ്ക്കുന്നു. പലപ്പോഴായി പലയിടങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള ബുദ്ധപ്രതിമകളില്‍ കേടുപാടുകള്‍ വരുത്താത്തവ വളരെ വിരളമാണ് എന്നത് ഹിന്ദുമതം ബുദ്ധമത പ്രതീകങ്ങളെ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നതിനുള്ള തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇത്തരം ബുദ്ധപ്രതിമകളിലും മറ്റവശിഷ്ടങ്ങളിലും മഹാഭൂരിഭാഗവും കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ക്ഷേത്രങ്ങളുടെയും മറ്റു ഹിന്ദുമത കേന്ദ്രങ്ങളുടെയും പരിസരങ്ങളില്‍ നിന്നാണ് എന്നത് ആ ക്ഷേത്രങ്ങളുടെ പൂര്‍വ്വചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്.

വടക്കേ ഇന്ത്യയില്‍ മാത്രമല്ല, തെക്കേയിന്ത്യയിലും ബുദ്ധ-ജൈന സംസ്‌കാരത്തിന്റെ മായ്ക്കാനാവാത്ത ശേഷിപ്പുകള്‍ ഇന്നും അവശേഷിയ്ക്കുന്നുണ്ട്. തമിഴ് നാട്ടിലെ കാന്‍ജീപുരത്തെ നൂറുകണക്കിന് ബുദ്ധവിഹാരങ്ങളെപ്പറ്റി ചൈനീസ് യാത്രികനായ ഹുയാങ് സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. പല്ലവപുരത്തെ വിനായക ക്ഷേത്രം ഒരു ബൗദ്ധക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്ന ഗവേഷകരുടെ വാദത്തെ തള്ളിയ ഹിന്ദുമത പൗരോഹിത്യത്തിന്റെ എതിര്‍വാദങ്ങള്‍ ക്ഷേത്രത്തിന് അടുത്തുള്ള കുളത്തില്‍ നിന്ന് ഒരു ബുദ്ധപ്രതിമ കെണ്ടെടുത്തതോടെ തകര്‍ന്നടിഞ്ഞത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. സമാനമായ വാദങ്ങള്‍ നിലനില്‍ക്കുന്ന മറ്റൊരു ക്ഷേത്രമാണ് കുംഭകോണത്തെ വിനായക ക്ഷേത്രം.

തെക്കേ ഇന്ത്യയില്‍ ബൗദ്ധപാരമ്പര്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ സ്മൃതികള്‍ പേറുന്ന നഗരമാണ് കാന്‍ജീപുരം. പല്ലവസാമ്രാജ്യത്തിന്റെ ഭരണകര്‍ത്താവായിരുന്ന ബുദ്ധവര്‍മ്മരാജാവിന്റെ കാലത്ത് നിരവധി വിഹാരങ്ങളും ബൗദ്ധകേന്ദ്രങ്ങളും പണികഴിപ്പിച്ചിരുന്നത്രെ. ബുദ്ധഘോഷന്‍, ദീപാങ്കുരന്‍, ധര്‍മ്മപാലന്‍ തുടങ്ങി നിരവധി പണ്ഡിതന്മാരും ബൗദ്ധ ആചാര്യന്മാരും അക്കാലത്ത് ആ പ്രദേശത്തു ജീവിച്ചിരിയുന്നതിനും മതപ്രചാരണം നടത്തിയതിനും തെളിവുകളുണ്ട്. ബോധിധര്‍മ്മന്‍ എന്ന ഈ പ്രദേശത്തെ ഒരു ബ്രാഹ്മണന്‍ അക്കാലത്തു ബുദ്ധമതം സ്വീകരിയ്ക്കുകയും മതപ്രചാരണത്തിനായി ചൈനയില്‍ പോവുകയും അവിടെ ഹൊനാന്‍ പ്രവിശ്യയിലെ ഷാവോലിന്‍ ക്ഷേത്രത്തില്‍ താമസിച്ച് ഒന്‍പത് വര്ഷം കൊണ്ട് ഒരു നൂതനവ്യായാമ മുറ തന്നെ വികസിപ്പിച്ചെടുക്കുകയും ചെയ്തു. മാംസപേശികളുടെയും ഞെരമ്പുകളുടെയും ബലവും വഴക്കവും വര്‍ദ്ധിപ്പിയ്ക്കുന്ന ഈ വിദ്യ ചിന്‍ ചിങ് എന്ന പേരില്‍ ഇന്ന് ലോകമാകെ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു.

സാംസ്‌കാരികമായും ബൗദ്ധികമായും ഇത്രയേറെ വികാസം നേടിയിരുന്ന കാന്‍ജീപുരത്തെ ബൗദ്ധപാരമ്പര്യത്തിന് ഏഴാം നൂറ്റാണ്ടോടെ കഷ്ടകാലം ആരംഭിയ്ക്കുകയായിരുന്നു. ശിവ ഭക്തനായിരുന്ന പല്ലവ രാജാവ് മഹേന്ദ്രവര്‍മ്മന്റെ കീഴില്‍ അക്കാലത്തു നിരവധി ബൗദ്ധ-ജൈന കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. താരാദേവിയുടെ പേരില്‍ ഇവിടെ നിലനിന്നിരുന്ന ബൗദ്ധക്ഷേത്രത്തിന്റെ പേര് മാറ്റിയതാണ് ഇന്നത്തെ കാമാക്ഷിയമ്മന്‍ കോവില്‍ എന്നത് പ്രദേശവാസികള്‍ തന്നെ അംഗീകരിയ്ക്കുന്നു. പില്‍ക്കാലത്ത് കാന്‍ജീപുരത്ത് നിന്ന് കണ്ടെടുത്ത നിരവധി ബുദ്ധ പ്രതിമകള്‍ ഇന്നും മദ്രാസ് ആര്‍ക്കിയോളജിക്കല്‍ മ്യുസിയത്തില്‍ സൂക്ഷിച്ചിരിയ്ക്കുന്നു.

ഇനിയുള്ള അന്വേഷണം നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെയാവട്ടെ. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ വഴിതെറ്റി വന്ന വിരലിലെണ്ണാവുന്ന ചിലരൊഴിച്ചാല്‍ ബുദ്ധമത വിശ്വാസവും മതകേന്ദ്രങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും അന്യംനിന്ന് പോയിക്കഴിഞ്ഞ കേരളം ഒരുകാലത്ത് രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു എന്ന് ഇന്ന് ആര് വിശ്വസിയ്ക്കും? ക്രിസ്സ്തുവിന് അഞ്ചോ ആറോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സിലോണില്‍ നിന്ന് വന്ന മതപ്രചാരകരാണ് കേരളത്തില്‍ ബുദ്ധമതത്തെ ആദ്യം എത്തിയ്ക്കുന്നത് എന്ന് പൊതുവെ കരുതപ്പെടുന്നു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ബുദ്ധ സന്ന്യാസിമാര്‍ മന്ത്രവാദം, ആഭിചാരക്രിയകള്‍ തുടങ്ങിയ ദുഷ്ചര്യകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായി പി.കെ.ഗോപാലകൃഷ്ണന്റെ ‘കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം’ എന്ന ഗ്രന്‍ഥത്തില്‍ പറയുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിന്റെ ബൗദ്ധപാരമ്പര്യത്തെപ്പറ്റി പറയുമ്പോള്‍ ഇന്ന് പ്രബലമായ ഈഴവസമുദായത്തിന്റെ കാലാന്തരപരിണാമങ്ങളെപ്പറ്റി പരമര്‍ശിയ്ക്കാതെ പോകാനാവില്ല. അശോകചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം സിലോണ്‍ വഴി കേരളത്തിലെത്തിയ മതപ്രചാരകരായ ബുദ്ധസന്യാസിമാരുടെ പിന്മുറക്കാരാണ് ഇന്നത്തെ ഈഴവസമുദായമെന്ന് നിരവധി ഗവേഷകരും ചരിത്രകാരന്മാരും കാര്യകാരണസഹിതം സമര്‍ത്ഥിച്ചിട്ടുണ്ട്. തങ്ങളുടെ അപ്രമാദിത്വത്തെ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാതിരുന്ന ഈഴവരെ ബ്രാഹ്മണര്‍ തങ്ങളുടെ വംശീയവും സാമൂഹികവുമായ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തുകയും തീണ്ടിക്കൂടാത്ത അധഃകൃത സമൂഹമായി ചവിട്ടിത്താഴ്ത്തുകയുമായിരുന്നു എന്ന് നിരീക്ഷിയ്ക്കുന്ന പഠനങ്ങള്‍ നിരവധിയുണ്ട്.

ഈഴവര്‍ ഹിന്ദുമതവിശ്വാസികളേയല്ല എന്ന വാദം മുന്നോട്ട് വെച്ച ഒരു പ്രമുഖന്‍ SNDP യോഗം മുന്‍ സെക്രെട്ടറി ഇ.മാധവനാണ്. ‘സ്വതന്ത്രസമുദായം’ എന്ന പേരില്‍ അദ്ദേഹം പുറത്തിറക്കിയ പുസ്തകത്തില്‍ വാണിജ്യം, ആയോധനകലകള്‍, പാരമ്പര്യവൈദ്യം, പണമിടപാട്, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ അസൂയാവഹമായ പുരോഗതി കൈവരിച്ച തന്റെ സമുദായത്തെ ബ്രാഹ്മണരുടെ വംശവെറിയും അപകര്‍ഷതാബോധവും എപ്രകാരമാണ് സമൂഹത്തിന്റെ ഇരുള്‍ മൂടിയ പിന്നാമ്പുറങ്ങളിലേയ്ക്ക് വകഞ്ഞു മാറ്റിയത് എന്ന് വിവരിയ്ക്കുന്നുണ്ട്. മുസ്ലിം-കൃസ്തീയ സമുദായങ്ങള്‍ തങ്ങളെ തുല്യരായി പരിഗണിച്ചപ്പോള്‍ നായര്‍-നമ്പൂതിരിമാരുടെ സവര്‍ണ്ണ അച്ചുതണ്ട് തങ്ങളെ മനുഷ്യരായിപ്പോലും കണ്ടിരുന്നില്ല എന്ന വിമര്‍ശനവും മാധവന്‍ പുസ്തകത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നു.

സമുദായത്തിന് മേല്‍ സാമൂഹികമായ ആയിത്താചാരം മാത്രമല്ല സാമ്പത്തിക പ്രഹരമായി തലക്കരവും സ്ത്രീകള്‍ക്ക് മുലക്കരവും പുരുഷന്മാര്‍ക്ക് മീശക്കരവുമെല്ലാം സവര്ണപ്രഭുക്കള്‍ ചാര്‍ത്തിയിരുന്നതായും മാധവന്റെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. നായര്‍-നമ്പൂതിരി പ്രമാണിമാര്‍ക്കെതിരെ ഈ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത് മാധവന്‍ മാത്രമല്ലെന്ന വസ്തുതയും ശ്രദ്ധിയ്ക്കുക. ജേക്കബ് കാട്ടക്കലിന്റെ Comparative Religion എന്ന കൃതിയിലും അടൂര്‍ രാമചന്ദ്രന്‍ നായരുടെ Slavery in Kerala എന്ന പുസ്തകത്തിലും സമാന നിരീക്ഷണങ്ങള്‍ കാണാവുന്നതാണ്.

ഈഴവര്‍ ഒരു കാലത്തും ഹിന്ദുക്കള്‍ ആയിരുന്നില്ലെന്ന ഇ.മാധവന്‍ തുടങ്ങിയവര്‍ ഉയര്‍ത്തിയ വാദത്തെ നാം നിസ്സാരവല്‍ക്കരിയ്ക്കുന്നത് ശരിയാവില്ല. ഹിന്ദുത്വവാദികള്‍ നഖശിഖാന്തം എതിര്‍ക്കുന്ന ഈ വാദഗതിയ്ക്ക് പക്ഷേ ആശയപരവും സൈദ്ധാന്തികവുമായ പിന്‍ബലം വളരെ ശക്തമാണ്. ഫെല്ലോ ഓഫ് ദി റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സ് അംഗീകരിയ്ക്കപ്പെട്ട പ്രമുഖ ചരിത്രകാരനായ ഡോ. സിറിയക് പുല്‍പ്പള്ളിയുടെ വിശദമായ പഠനത്തില്‍ എടുത്തു പറയുന്ന ഒരു കാര്യം ശ്രദ്ധിയ്ക്കുക. ആചാരനിബദ്ധവും താന്ത്രികവിധികള്‍ക്കും വേദസംഹിതകള്‍ക്കും പരമപ്രാധാന്യം നല്‍കുന്നതുമായ വൈദീക സംസ്‌കാരത്തിന് കടകവിരുദ്ധമാണ് ഈഴവസമുദായത്തിന്റെ അനുഷ്ഠാനക്രമം എന്ന് അമേരിയ്ക്കയില്‍ ഷിക്കാഗോ സര്‍വ്വകലാശാലയില്‍ നിരവധി വര്‍ഷത്തെ ഗവേഷണ പരിചയമുള്ള ഡോ.പുല്‍പ്പള്ളി നിരീക്ഷിയ്ക്കുന്നു. The Ezhavas of Kerala and their Historic Struggle for Acceptance in the Hindu Society എന്ന തന്റെ ബൃഹദ് പഠനത്തില്‍ ആചാരേതരമായ സന്മാര്‍ഗ്ഗികതയിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഈഴവമതബോധത്തെപ്പറ്റി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. നാരായണഗുരു മുന്നോട്ടു വെച്ച മാനവികവീക്ഷണങ്ങളുടെയും സംവാദത്തിന്റെയും പാരമ്പര്യത്തെ ബ്രാഹ്മണമതം പ്രതിനിധീകരിയ്ക്കുന്ന സങ്കുചിത മാമൂലുകളുടെയും യാഥാസ്ഥിതികതയുടെയും വിരുദ്ധചിന്തയായി അദ്ദേഹം വിലയിരുത്തുന്നു.

കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലെ ബുദ്ധമത സ്വാധീനങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ള പുസ്തകങ്ങള്‍ നിരവധിയാണ്. വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന പള്ളിക്കൂടം, എഴുത്തുപള്ളി തുടങ്ങിയ പേരുകളിലെ ബൗദ്ധബന്ധത്തെപ്പറ്റി പി.കെ.ഗോപാലകൃഷ്ണന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും വാസ്തുകലയില്‍ ഉപയോഗിച്ച് വന്ന ബൗദ്ധചിഹ്നങ്ങളെപ്പറ്റി ശങ്കു അയ്യരുടെയും ദേശികവിനായകന്‍ പിള്ളയുടെയുമെല്ലാം പുസ്തകങ്ങളില്‍ ധാരാളമായി പ്രതിപാദിച്ചിരിയ്ക്കുന്നു. ഡോ.അനില്‍ നാരായണന്റെ Vedic Institutions of Medieval and Modern Kerala എന്ന ഗവേഷണ പ്രബന്ധവും സമാനമായ നിരവധി തെളിവുകള്‍ നമുക്ക് മുന്നില്‍ നിരത്തുന്നുണ്ട്. വെടിക്കെട്ട്, പൂരം, തെയ്യം, താലപ്പൊലി, പറയെടുപ്പ്, രഥോത്സവം തുടങ്ങി എണ്ണമറ്റ ക്ഷേത്രാചാരങ്ങള്‍ക്ക് പിന്നിലെ ബൗദ്ധസ്വാധീനങ്ങളെപ്പറ്റി ഈ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്.

ഇനി നമുക്ക് നമ്മുടെ കേന്ദ്രവിഷയമായ ക്ഷേത്രധ്വംസനങ്ങളിലേയ്ക്ക് വരാം. നിരവധി ബുദ്ധക്ഷേത്രങ്ങളും സംസ്‌കാരിക കേന്ദ്രങ്ങളും കേരളത്തിലങ്ങോളമിങ്ങോളം തകര്‍ത്ത് ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുള്ളതായി പി.കെ.ഗോപാലകൃഷ്ണന്റെ പുസ്തകത്തില്‍ പരാമര്ശിയ്ക്കുന്നു. പലപ്പോഴായി പലയിടങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള ബുദ്ധപ്രതിമകളില്‍ കേടുപാടുകള്‍ വരുത്താത്തവ വളരെ വിരളമാണ് എന്നത് ഹിന്ദുമതം ബുദ്ധമത പ്രതീകങ്ങളെ എങ്ങനെ കൈകാര്യം ചെയ്തിരുന്നു എന്നതിനുള്ള തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇത്തരം ബുദ്ധപ്രതിമകളിലും മറ്റവശിഷ്ടങ്ങളിലും മഹാഭൂരിഭാഗവും കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ക്ഷേത്രങ്ങളുടെയും മറ്റു ഹിന്ദുമത കേന്ദ്രങ്ങളുടെയും പരിസരങ്ങളില്‍ നിന്നാണ് എന്നത് ആ ക്ഷേത്രങ്ങളുടെ പൂര്‍വ്വചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ബുദ്ധമതത്തിനെതിരെ ബ്രാഹ്മണമതം ഭാരതമാകെ അഴിച്ചുവിട്ട അക്രമങ്ങളുടെ ഒരു പങ്ക് കേരളത്തിനും അവകാശപ്പെട്ടതെന്ന തന്റെ നിരീക്ഷണത്തെ സാധൂകരിയ്ക്കുന്നതിനായി പ്രമുഖ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപത്തു നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള ബുദ്ധ പ്രതിമകളുടെ ഒരു നീണ്ട നിര തന്നെ അദ്ദേഹം നിരത്തുന്നു. കരുമാടിക്കുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബുദ്ധ പ്രതിമ കണ്ടെത്തിയ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാവേലിക്കര കൃഷ്ണക്ഷേത്രം, ഭരണിക്കാവ് ക്ഷേത്രം, അടൂര്‍ പള്ളിയ്ക്കല്‍ ക്ഷേത്രം തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. കേരളത്തിലെ തലയില്ലാതെ ഉടല്‍ മാത്രമായി കണ്ടെടുക്കപ്പെട്ടിട്ടുള്ള ബുദ്ധപ്രതിമകളെക്കുറിച്ച് ആന്യ വിപുലസേന എന്ന ശ്രീലങ്കന്‍ ഗവേഷകന്‍ ഒരു വലിയ പഠനം തന്നെ നടത്തിയിട്ടുണ്ട്. ഓച്ചിറയ്ക്കടുത്തു ഒരു കുളക്കടവില്‍ നിന്ന് കണ്ടെടുത്ത ബുദ്ധ പ്രതിമ ഇപ്പോള്‍ കൃഷ്ണപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ളതായി അദ്ദേഹം പറയുന്നു. കിളിരൂര്‍ ഭഗവതി ക്ഷേത്രത്തിലെ ബുദ്ധ പ്രതിമയെപ്പറ്റിയും അദ്ദേഹത്തിന്റെ പഠനത്തില്‍ പരാമര്‍ശമുണ്ട്.

ഇനി ബൗദ്ധ-ജൈന പാരമ്പര്യം ആരോപിയ്ക്കപ്പെടുന്ന കേരളത്തിലെ ചില പ്രമുഖ ഹിന്ദു ക്ഷേത്രങ്ങള്‍ ഏതൊക്കെയെന്ന് ഒന്ന് പരിശോധിയ്ക്കാം. ഇരിഞ്ഞാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ജൈന പാരമ്പര്യത്തെപ്പറ്റി നിരവധി ആഖ്യാനങ്ങള്‍ നിലവിലുണ്ട്. ഭരതേശ്വരന്‍ എന്ന ജൈന സന്യാസിയുടെ പേരില്‍ നിലനിന്ന ഈ ക്ഷേത്രത്തിന്റെ പൈതൃകത്തെ പതിനഞ്ചാം നൂറ്റാണ്ടില്‍ ശ്രീരാമന്റെ സഹോദരനായ ഭരതന്റെ പേരിലേക്ക് വകകൊള്ളിയ്ക്കുകയായിരുന്നത്രെ. മഹാവീരന്റെയും പദ്മാവതിയുടെയുമെല്ലാം കൊത്തുപണികളാല്‍ സമ്പന്നമായ ലക്ഷണമൊത്ത ജൈന ക്ഷേത്രമായ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ സ്ഥിതി ചെയ്യുന്ന കല്ലില്‍ ഭഗവതി ക്ഷേത്രം ഇന്ന് ഒരു ഹിന്ദു ക്ഷേത്രമാണ് എന്നത് നമ്മളില്‍ എത്ര പേരെ ചിന്തിപ്പിച്ചിട്ടുണ്ട്? ഇതിന് പുറമെ കൊടുങ്ങല്ലൂര്‍ കുറുമ്പ ഭഗവതി ക്ഷേത്രം, തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം എന്നിവയുടെ ബൗദ്ധബന്ധത്തെപ്പറ്റി ചരിത്രകാരനായ വി.വി.കെ.വാളത്ത് നടത്തിയിട്ടുള്ള പഠനങ്ങളും ശ്രദ്ധേയമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ ബൗദ്ധപശ്ചാത്തലത്തെപ്പറ്റി പറയുമ്പോള്‍ എടുത്തു പറയേണ്ട ഒന്നാണ് ഹിന്ദുത്വവാദികളുടെ ആചാരയാഥാസ്ഥിതികതയുടെ പരീക്ഷണശാലയായി മാറിയിട്ടുള്ള ശബരിമല ക്ഷേത്രം. മൂലമന്ത്രമായ ശരണഘോഷങ്ങളും ജനവാസകേന്ദ്രങ്ങളില്‍ നിന്നകന്ന് വനപ്രദേശത്തെ പ്രതിഷ്ഠയും പതിനെട്ട് പടിക്കെട്ടിലെ പതിനെട്ടിന്റെ ബൗദ്ധപാരമ്പര്യത്തിലെ പ്രസക്തിയുമെല്ലാം അതൊരു ബുദ്ധക്ഷേത്രം ആയിരുന്നു എന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതായി നിരവധി വിദഗ്ദ്ധര്‍ കാര്യകാരണസഹിതം പറഞ്ഞുവെയ്ക്കുന്നു.

ഞാന്‍ രണ്ട് പോസ്റ്റുകളിലായി നിരത്തിയ വസ്തുതകളില്‍ ഒന്ന് പോലും ഹിന്ദുത്വവാദികള്‍ അംഗീകരിയ്ക്കുന്നവയല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സംഘ് പരിവാറിനോ അവരുടെ കേന്ദ്രഭരണത്തിന്റെ ഛത്രഛായയില്‍ സ്വാഭിമാനി ഹിന്ദുവിന്റെ വേഷം കെട്ടി ഇറങ്ങിയിട്ടുള്ള കിങ്കരന്മാര്‍ക്കോ തള്ളിക്കളയാനാവാത്ത ചില തെളിവുകള്‍ കൂടി നിരത്തി ഇതവസാനിപ്പിയ്ക്കാം എന്ന് തോന്നുന്നു.

ബുദ്ധ-ജൈന പാരമ്പര്യത്തെ സ്വാംശീകരിച്ച ഹിന്ദുമതസമ്പ്രദായങ്ങളെ ഏറ്റുപറഞ്ഞിട്ടുള്ള ഒരു ഹിന്ദുമത ആചാര്യന്‍ സാക്ഷാല്‍ സ്വാമി വിവേകാനന്ദനാണ്. The Complete Works of Swami Vivekananda എന്ന ബൃഹദ് ഗ്രന്ഥസമാഹാരത്തിലെ മൂന്നാം വാല്യത്തില്‍ പുരി ജഗന്നാഥ ക്ഷേത്രം ഒരു ബുദ്ധ ക്ഷേത്രമായിരുന്നു എന്ന വസ്തുത അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പുരി ക്ഷേത്രത്തിന്റെ ബൗദ്ധപാരമ്പര്യം അംഗീകരിയ്ക്കുന്ന മറ്റൊരു ഹിന്ദു ആചാര്യന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഹിന്ദു നാഷണലിസം എന്ന നവീനാശയം മുന്നോട്ട് വെച്ചവരില്‍ പ്രമുഖനും ഇന്നത്തെ സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ബങ്കിം ചന്ദ്ര ചാറ്റര്ജിയാണ്. On the origin of Hindu festivals എന്ന പുസ്തകത്തില്‍ പുരി രഥോത്സവത്തിലെ രഥത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ജഗന്നാഥ്, ബലരാമന്‍, സുഭദ്ര എന്നിവരുടെ രൂപങ്ങള്‍ യഥാക്രമം ബുദ്ധ, ധമ്മ, സംഘ ബിംബങ്ങളുടെ പുനരാവിഷ്‌കാരമാണ് എന്ന് അദ്ദേഹം തുറന്ന് സമ്മതിയ്ക്കുന്നു. വടക്കേയിന്ത്യയിലെ ബുദ്ധപാരമ്പര്യവും പ്രതിമകളുമെല്ലാം വൈദീകധാരയിലേക്ക് കൂട്ടത്തോടെ ഉള്‍ച്ചേര്‍ക്കപ്പെട്ടത് ശങ്കരന്റെ ഭാരതപര്യടനകാലത്താണ് എന്ന സത്യം തുറന്നു പറഞ്ഞത് ആര്യ സമാജത്തിന്റെ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയാണെന്നും ഹിന്ദുത്വ വാദികള്‍ ഓര്‍ക്കുന്നത് നന്നായിരിയ്ക്കും.

ഹിന്ദുമതം ഡൈനസോറുകളുടെ സമകാലികരാണ്, അവര്‍ വിശാലഹൃദയരാണ്, ജന്മനാ മതേതരന്മാരാണ്, സനാതനധര്‍മ്മത്തില്‍ മതപരിവര്‍ത്തനം എന്നൊന്നില്ല തുടങ്ങിയ ഹിമാലയത്തോളം ഉയര്‍ന്നു നില്കുന്ന അവകാശവാദങ്ങള്‍ ഉയര്‍ത്തുകയും ഇസ്ലാമും കൃസ്തുമതവും ഇപ്പറഞ്ഞ എല്ലാ കൊള്ളരുതായ്മകളുടെയും വിളനിലങ്ങളാണെന്ന് നിലവിളിയ്ക്കുകയും ചെയ്യുന്ന സംഘ് പരിവാര്‍ ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്. ഇന്ത്യയില്‍ ഉടനീളം തലയുയര്‍ത്തി നിന്ന പ്രബലമായ ബുദ്ധ്-ജൈന സംസ്‌കാരങ്ങളുടെ ഉജ്ജ്വലപ്രതീകങ്ങളായ ക്ഷേത്രങ്ങളും വിഹാരങ്ങളുമെല്ലാം എങ്ങനെ അപ്രത്യക്ഷമായി? പാകിസ്താനിലെയും ബാംഗ്ലാദേശിലെയും ഹിന്ദുക്കളുടെ തലയെണ്ണമെടുത്തു കണ്ണീരൊഴുക്കുന്ന ആര്‍.വി.ബാബുമാരും അര്‍ണബ് ഗോസ്വാമിമാരും ഇന്ത്യയിലെ ബുദ്ധമതക്കാര്‍ക്കും ജൈനമതക്കാര്‍ക്കുമെല്ലാം എന്ത് സംഭവിച്ചു എന്ന് കൂടി വെളിപ്പെടുത്തുക – The Nation Wants To Know!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply