ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ കുടുംബശ്രീ

ഒരുകൂട്ടം ഇല്ലായ്മകളുടേയും നിഷേധങ്ങളുടേയും ഫലമാണ് ദാരിദ്ര്യം എന്നതാണ് കുടുംബശ്രീയുടെ കാഴ്ചപ്പാട്. അതിനാല്‍ത്തന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും എക്കാലവും പുറന്തള്ളപ്പെട്ടവരും ദാരിദ്ര്യത്തിന്റെ തീക്ഷ്ണത നേരിട്ടനുഭവിച്ചറിഞ്ഞവരുമായ ദരിദ്രവനിതകളുടെ ശാക്തീകരണപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തന തന്ത്രത്തിലൂടെ ദരിദ്ര സ്ത്രീകളുടെ കാര്യശേഷിയിലും ആസൂത്രണ വൈഭവത്തിലും പൂര്‍ണ്ണവിശ്വാസം പുലര്‍ത്തി തികച്ചും സുതാര്യവും വികേന്ദ്രീകൃതവുമായ സമീപനമാണ് പദ്ധതിയ്ക്കുള്ളത്.

ജനാധിപത്യ – മനുഷ്യാവകാശങ്ങള്‍ക്കായും വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരേയും സമീപകാലത്ത് കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ കാണാനാവുന്നത് അവയിലെ വന്‍ സ്ത്രീപങ്കാളിത്തമാണ്. പല പോരാട്ടങ്ങളേയും നയിക്കുന്നതും സ്ത്രീകള്‍ തന്നെ. അതിന്റെ സജീവമായ ഉദാഹരണമാണ് സില്‍വര്‍ ലൈനിനെതിരായ സമരം. സമരരംഗ്ത്ത് സജീവമായ ആലുവയിലെ മരിയ ബാബു പറഞ്ഞത് സര്‍ക്കാര്‍ സ്ത്രീകളെ ശാക്തീകരിക്കുകയാണ്, സില്‍വര്‍ ലൈനിനെതിരായ പ്രക്ഷോഭത്തിലൂടെയാണ് ഏതാനും മാസംമുമ്പുവരെ പത്തിരിയുണ്ടാക്കി വീട്ടിലിരുന്നിരുന്ന താന്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്, പദ്ധതി ഉപേക്ഷിക്കാതെ ഇനി പിന്നോട്ടില്ല എന്നാണ്. അടുത്ത കാലത്ത് കേരളത്തിലെമ്പാടും നടക്കുന്ന ജനകീയ പോരാട്ടങ്ങളുടെയെല്ലാം മുഖ്യചാലകശക്തി സ്ത്രീകളാണ്. സദാചാരപോലീസിംഗിനും ലിഗവിവേചനത്തിനുമെതിരെ സമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും പോരാടുന്നവര്‍ പെണ്‍കുട്ടികളാണ്. ഇരിപ്പുസമരം, നഴ്‌സ് സമരം, സിനിമാ മേഖലയിലെ സമരങ്ങള്‍, മൂന്നാര്‍ സമരം, കന്യാസ്ത്രീസമരം, ചുംബന സമരം തുടങ്ങി സമീപകാലത്തു നടന്ന ചരിത്രം രചിച്ച സമരങ്ങളും നയിച്ചത് സ്ത്രീകള്‍ തന്നെ. ദളിത്, ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളിലെ സമരങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല.

നിര്‍ഭാഗ്യമെന്നു പറയട്ടെ നമ്മുടെ മുഖ്യധാര എന്നൊക്കെ വിശേഷിക്കപ്പെടുന്ന സമൂഹത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യ – സാ്ംസ്‌കാരിക മേഖലകളിലും സ്ഥിതി വ്യത്യസ്ഥമാണ്. അവിടെയെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നത് അതിശക്തമായ പുരുഷാധിപത്യം തന്നെ. സംവരണം നടപ്പാക്കിയതിനാല്‍ മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം സ്ത്രീകളെത്തി എന്നു മാത്രം. മറിച്ച് നിയമസഭയിലേയും ലോകസഭയിലേയും മറ്റും അവസ്ഥ അറിയാമല്ലോ. മമതയേയോ ജയലളിതയേയോ മായാവതിയേയോ സുഷമാസ്വരാജിനേയോ വൃന്ദാകാരാട്ടിനേയോ പോലെയുള്ള ആരെങ്കിലും ഇവിടെയുണ്ടോ?അധികാരത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജില്ലാതല നേതൃത്വത്തില്‍ പോലും സ്ത്രീകളില്ല. വനിതാസംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ അതു നടപ്പാ ക്കാന്‍ ഇവരാരെങ്കിലും തയ്യാറുണ്ടോ ? തുടക്കത്തില്‍ സൂചിപ്പിച്ച സ്ത്രീപോരാട്ടങ്ങളോട് മിക്കവാറും പ്രസ്ഥാനങ്ങളുടേത് നിഷേധാത്മക നിലപാടുകളാണ്. വനിതാകമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ പോലും പാര്‍ട്ടി താല്‍പ്പര്യത്തിന് സ്ത്രീകളുടെ താല്‍പ്പര്യങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നു. ചെറിയ മാറ്റങ്ങളുണ്ടെന്നു സമ്മതിക്കുമ്പോഴും സമൂഹത്തിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം നിലനില്‍ക്കുന്നത് പുരുഷാധിപത്യമൂല്യങ്ങള്‍ തന്നെ. കുടുംബം, മതം, പാര്‍ട്ടികള്‍, സാസ്‌കാരിക സംഘടനകള്‍, സിനിമ, വിദ്യാലയം, ദേവാലയം, കാര്യാലയം എന്നിവിടങ്ങളെല്ലാം ഈ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന അവസ്ഥയില്‍ തന്നെയാണിപ്പോഴും. അതുമായി ബന്ധപ്പെട്ട എത്രയോ ഉദാഹരണങ്ങള്‍ സമീപകാലത്തു തന്നെ ഉണ്ടായിട്ടുണ്ട്. സ്റ്റേജിലേക്ക് പെണ്‍കുട്ടിയെ വിലക്കിയ മതമേധാവിയും അധ്യാപകന്റെ പീഡനം മറച്ചുവെച്ച സ്‌കൂള്‍ അധികൃതരും സ്ത്രീപീഡനകേസില്‍ ആരോപിതനായ വ്യക്തിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയ മുഖ്യമന്ത്രിയും നടിയെ പീഡിപ്പിച്ച താരത്തെ സംരക്ഷിക്കാനായി നടക്കുന്ന സംഘടിത നീക്കങ്ങളുമെല്ലാം നല്‍കുന്ന സന്ദേശം മറ്റെന്താണ്? ഇപ്പോഴും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചു പഠിക്കാത്ത സ്‌കൂളുകളും ഒരു സീറ്റിലിരുന്ന യാത്ര ചെയ്യാത്ത ബസുകളും സ്ത്രീകള്‍ക്ക് ഇരുട്ടിയാല്‍ പുറത്തിറങ്ങാനാവാത്ത തെരുവുകളുമില്ലാത്ത നാടാണല്ലോ കേരളം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇരുപത്തിയഞ്ചാം വാര്‍ഷികമാഘോഷിക്കുന്ന കുടുംബശ്രീയെ കുറിച്ച് എഴുതുന്നതിനു മുഖവുരയായാണ് ഇത്രയും എഴുതിയത്. ഒരുപക്ഷെ കേരളരൂപീകരണത്തിനുശേഷം മുഖ്യധാരയില്‍ ഉണ്ടായ ഏക സ്ത്രീ മുന്നേറ്റം കുടുംബശ്രീയും അതുമായി ബന്ധപ്പെട്ടും അതിനെ മാതൃകയാക്കിയുമുള്ള മറ്റു മുന്നേറ്റങ്ങളുമാണ്. സ്ത്രീകളെ വീട്ടകങ്ങളില്‍ നിന്നു പുറത്തുകൊണ്ടുവരാനും ഐക്യപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും ഒരു പരിധിവരെ കുടുംബശ്രീക്കായിട്ടുണ്ട്. എന്നാല്‍ നിരവധി പരമിതികള്‍ അതിനുണ്ട്. കുടുംബശ്രീക്ക് രൂപം നല്‍കുന്നതില്‍ ഔദ്യോഗിക, രാഷ്ട്രീയ സംവിധാനങ്ങള്‍ വലിയ പങ്കുണ്ടെങ്കിലും അവയുടെ നിയന്ത്രണം അതിരു കടക്കുന്നതാണ് പ്രധാന കാരണം. അതിനാല്‍ തന്നെ സ്ത്രീകള്‍ നേരിടുന്ന നിരവധി വിഷയങ്ങളിലും ലിംഗനീതിക്കായ പോരാട്ടങ്ങളിലും ഭാഗഭാക്കാകാന്‍ അതിനാകുന്നില്ല. നിരവധി മേഖലകളില്‍ ഇന്നു കുടുംശ്രീ ഇടപെടുന്നു എന്നു പറയുമ്പോഴും വലിയൊരു ഭാഗം യൂണിറ്റുകളില്‍ നടക്കുന്നത് ലോണുകളെടുക്കലും മറ്റു സാമ്പത്തിക ഇടപാടുകളും മാത്രമാണ്. സ്വന്തം ആവശ്യങ്ങള്‍ ഉന്നയിച്ചുപോലും കുടുംബശ്രീ സമരരംഗത്തിറങ്ങിയത് ഒരു തവണ മാത്രമാണ്. 2010ലെ യുഡ്എഫ് സര്‍ക്കാര്‍ കുടുംബശ്രീക്കുള്ള സഹായം വെട്ടിചുരുക്കാനും തങ്ങളുടെ മുന്‍കൈയില്‍ രൂപം കൊണ്ട ജനശ്രീയെ സഹായിക്കാനുള്ള നീക്കം നടത്തിയതിനെ തുടര്‍ന്നായിരുന്നു അത്.

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണ ജയന്തി ഷെഹരി റോസ്ഗാര്‍ യോജന പദ്ധതിയുമായി സഹകരിച്ച് കേരള സര്‍ക്കാര്‍, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയാണ് വാസ്തവത്തില്‍ കുടുംബശ്രീ. ദരിദ്ര വനിതകളെ സ്വയം സഹായലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച്, ലഭ്യമായ ആശയ- വിഭവസ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത സമന്വയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കേവല ദാരിദ്ര്യത്തിന്റെ സമസ്ത പ്രകടിത ബഹുമുഖരൂപഭാവങ്ങളേയും വരുന്ന ഒരു ദശകത്തിനുള്ളില്‍ ഉന്മൂലനം ചെയ്യാനുള്ള ഒരു നൂതന, ഏകോപിത സമൂഹാധിഷ്ഠിത സമഗ്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സമീപനമാണ് കുടുംബശ്രീ’ എന്നതാണ് കുടുംബശ്രീയുടെ മിഷന്‍ സ്റ്റേറ്റ്‌മെന്റ്. 1998 മേയ് 17-ന് നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്തുവര്‍ഷം കൊണ്ട് ലക്ഷ്യം നേടിയോ എന്നതൊക്കെ വേറെ കാര്യം. അപ്പോഴും സ്ത്രീശാക്തീകരണത്തിന്റെ ദിശയില്‍ വലിയ ഒരു മുന്നേറ്റത്തിന് കുടുംബശ്രീക്കായിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരുകൂട്ടം ഇല്ലായ്മകളുടേയും നിഷേധങ്ങളുടേയും ഫലമാണ് ദാരിദ്ര്യം എന്നതാണ് കുടുംബശ്രീയുടെ കാഴ്ചപ്പാട്. അതിനാല്‍ത്തന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും എക്കാലവും പുറന്തള്ളപ്പെട്ടവരും ദാരിദ്ര്യത്തിന്റെ തീക്ഷ്ണത നേരിട്ടനുഭവിച്ചറിഞ്ഞവരുമായ ദരിദ്രവനിതകളുടെ ശാക്തീകരണപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തന തന്ത്രത്തിലൂടെ ദരിദ്ര സ്ത്രീകളുടെ കാര്യശേഷിയിലും ആസൂത്രണ വൈഭവത്തിലും പൂര്‍ണ്ണവിശ്വാസം പുലര്‍ത്തി തികച്ചും സുതാര്യവും വികേന്ദ്രീകൃതവുമായ സമീപനമാണ് പദ്ധതിയ്ക്കുള്ളത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിട്ടുണ്ട്. 43 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2.65 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍, 19773 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 1072 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകള്‍, പുറമെ ബാങ്ക് ലിങ്കേജ് വഴി പരസ്പര ജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ, 27,274 വ്യക്തിഗതസംരംഭകര്‍, 13,316 കൂട്ടുസംരംഭകര്‍, 2,25,600 വനിതാ കര്‍ഷകരുള്‍പ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകള്‍, 54,000 ബാലസഭകള്‍, 74 ഐ.റ്റി യൂണിറ്റുകള്‍, മൂന്ന് കണ്‍സോര്‍ഷിയങ്ങള്‍, പരിശീലനത്തിനായി 21 ട്രെയിനിംഗ് ഗ്രൂപ്പുകള്‍ എന്നിങ്ങനെ അതിന്റെ പട്ടിക നീളുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മ എന്നാണ് കുടുംശ്രീയുടെ അവകാശവാദം.

ഉല്‍പ്പാദനമേഖലയില്‍ നിരവധി സംരംഭങ്ങള്‍ കുടുംബശ്രീയുടേയതായി ഉണ്ടെങ്കിലും പ്രസ്ഥാനത്തിന്റെ വലുപ്പവുമായി താരതമ്യം ചെയ്താല്‍ അതു വളരെ കുറവാണ്. നിരവധി മേഖലകളില്‍ ആരംഭിച്ച യൂണിറ്റുകള്‍ നഷ്ടം മൂലം നിര്‍ത്തിയ അനുഭവമാണുള്ളതാണ്. ആ മേഖലയിലാണ് ഇനിയെങ്കിലും കുടുംബശ്രീ നേതൃത്വം ശ്രദ്ധി്‌ക്കേണ്ടത്. കൂട്ടായി ലോണെടുത്ത് സ്വന്തം കുടുംബകാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് മിക്കയിടത്തും നടക്കുന്നത്. അതിനപ്പുറമുള്ള പ്രവര്‍ത്തനം നടക്കുന്നത് ചെറിയ മേഖലകളില്‍ മാത്രമാണ്. അതാകട്ടെ കൂടുതലും മാലിന്യസംസ്‌കരണവും ഹോട്ടലുകളും മറ്റും. ഈയവസ്ഥ മാറണം. അതോടൊപ്പം കുടുംശ്രീക്കകത്തെ രാഷ്ട്രീയ ആധിപത്യം അവസാനിപ്പിക്കണം. ഡിവൈഎഫ്‌ഐ യോഗത്തില്‍ കസവുസാരിയും ചുറ്റി എല്ലാം കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്ന വാട്‌സ് സന്ദേശം പുറത്തുവന്ന് അധികം ദിവസമായില്ല. സങ്കുചിതമായ ഇത്തരം കക്ഷിരാഷ്ട്രീയത്തിലേക്കു പോകാതെ, മിഷന്‍ സ്‌റ്റേറ്റ്‌മെന്റില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്. ഒപ്പം ലിംഗനീതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും സമൂഹത്തില്‍ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളോട് പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ സഹകരിക്കുകയുമാണ് വരും വര്‍ഷങ്ങളില്‍ ചെയ്യേണ്ടത്. അപ്പോഴാണ് കേരളചരിത്രത്തെ മാറ്റിമറിക്കുന്ന സ്ത്രീമുന്നേറ്റമായി കുടുംബശ്രീക്ക് മാറാനാകുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply