ബാങ്ക്‌വിളി നിര്‍ദ്ദേശവും ശബ്ദമലിനീകരണവും

പുറ്റിങ്ങല്‍ അപകടത്തിനുശേഷം മാത്രമാണ് കുറെ ക്ഷേത്രങ്ങളിലെങ്കിലും വെടിക്കെട്ടുകള്‍ നിര്‍ത്തലാക്കിയത്. എന്നാലവ പുനസ്ഥാപിക്കാനുളള നീക്കങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.

മുസ്ലീം പള്ളികളിലെ ബാങ്കുവിളി ഏകീകരിക്കണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. ഒന്നില്‍ കൂടുതല്‍ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്നു മാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന് തീരുമാനിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിസ്‌കാരത്തിന് സമയമായെന്ന് അറിയിക്കാനുള്ളതാണ് ബാങ്ക്. ഒരേ സ്ഥലത്തുള്ള ഒന്നിലധികം പള്ളികളില്‍ നിന്നും പല സമയങ്ങളിലായി ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. രാത്രിയില്‍ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടിട്ടുണ്ട്. 100 പേരുള്ള ഗ്രാമത്തില്‍ ആയിരം പേര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണികളാണ് ഉപയോഗിക്കുന്നത്. മതേതര സമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ പൊതു സമൂഹത്തിന്റെ താത്പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും മിസ്ലിംസംഘടനകളും ഈ നിര്‍ദ്ദേശം സ്വാഗതം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പാരിസ്ഥിതിക സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ കാര്യമായി ആരും ഇടപെടാത്ത മേഖലയാണ് ശബ്ദമലിനീകരണത്തിന്റേത്. അംഗീകരിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്നത് നിയമവിരുദ്ധമായിട്ടും പൊതുജനശല്യം എന്ന കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടും അതൊന്നും നടപ്പാക്കപ്പെടുന്നില്ല. നടപ്പാക്കാനായി കാര്യമായി ആരും രംഗത്തിറങ്ങിയിട്ടില്ല. ആരാധനാലയങ്ങള്‍, പൊതുസമ്മേളനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങി എത്രയോ സ്ഥലങ്ങളില്‍ നിന്ന് അംഗീകരിക്കപ്പെട്ടതിനേക്കാള്‍ എത്രയോ മടങ്ങ് ശബ്ദമാണ് നിരന്തരമായി പുറത്തുവരുന്നത്. മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, വാഹനങ്ങളിലെ പാട്ടുകള്‍, വാഹനങ്ങളുടെ ഹോണുകള്‍, സൈലന്‍സര്‍ കൃത്യമായി പ്രവര്‍ത്തിക്കാത്ത ഇരുചക്രവാഹനങ്ങള്‍ തുടങ്ങി ഉത്സവങ്ങളിലെ വെടിക്കെട്ടുകള്‍ വരെ സൃഷ്ടിക്കുന്ന ശബ്ദകോലാഹലം മനുഷ്യരുടേയും മറ്റുജീവജാലങ്ങളുടേയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഫൈസിയുടെ നിര്‍ദ്ദേശം ഏറെ പ്രസക്തമാകുന്നത്.
120 ഡെസിബെല്‍ വരെയുള്ള ശബ്ദമാണ് മനുഷ്യര്‍ക്ക് പരമാവധി കേള്‍ക്കാനാവുക. എന്നാല്‍ 90 ഡെസിബെല്‍ ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നതുപോലും ശരീരത്തിനു ഹാനികരമാണ്. 1982ലാണ് ഇതുമായി ബന്ധപ്പെട്ട ഒരു കേസ് കോടതിയിലെത്തിയത്. തിരുവനന്തപുരത്തെ ഹരീന്ദ്രന്‍ നായര്‍ എന്ന പൊതുപ്രവര്‍ത്തകനായ വക്കീലായിരുന്നു പരാതിക്കാരന്‍. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ 1969ലെ കേരള പോലീസ് നിയമത്തിലെ 8 വ്യവസ്ഥകളും ലംഘിക്കപ്പെടുകയാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. രാവിലെ 6നു മുമ്പും രാത്രി പത്തിനു ശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പബ്ലിക് ഓഫീസുകള്‍, പ്രധാന റോഡുകള്‍, നിശബ്ദമേഖലകള്‍ എന്നിവിടങ്ങളില്‍ 100 വാര അകലത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കരുത്, വാഹനങ്ങള്‍ ഓടുമ്പോള്‍ അവയില്‍ ഘടിപ്പിച്ച ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കരുത്, പാര്‍ക്കു ചെയ്യുമ്പോള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ, എന്നാലത് കവലകളിലോ തിരക്കുള്ളയിടങ്ങളിലോ ആകരുത്, ജനങ്ങള്‍ക്ക് ശല്യമാണെങ്കില്‍ എസ് ഐ റാങ്കിലുള്ള ഒരാള്‍ക്ക് അതു നിര്‍ത്താനാവശ്യപ്പെടാം, ഹോണ്‍ ആകൃതിയിലുള്ളവ ഉപയോഗിക്കരുത്, ബോക്‌സ് ആകൃതിയിലുള്ളതേ പാടൂ, തറയില്‍ നിന്ന് ആറടിയിലേറെ ഉയരത്തില്‍ പ്രവര്‍ത്തിപ്പിക്കരുത് എന്നിവയൊക്കെയാണ് നിബന്ധനകള്‍. ഇതൊന്നും നടപ്പാക്കുന്നില്ല എന്നാരോപിച്ചായിരുന്നു ഹര്‍ജി. ശാസ്ത്രസാഹിത്യപരിഷത്തും കേസില്‍ കക്ഷിചേര്‍ന്നു. കോടതി ഈ വാദങ്ങള്‍ അംഗീകരിക്കുകയും നിബന്ധനകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു.
എന്നാലതൊന്നും ഇന്നും നടപ്പാക്കുന്നില്ല. മാത്രമല്ല ശബ്ദമലിനീകരണം അനുദിനം വര്‍ദ്ധിക്കുകയാണ്. ഉത്സവങ്ങളിലെ വെടിക്കെട്ടുകളിലെ രൂക്ഷമായ ശബ്ദമലിനീകരണത്തെ കുറിച്ച് പറയാനുമില്ല. എത്രയോ ജനങ്ങള്‍ക്കിടിയില്‍, ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങള്‍ക്കിടയിലാണ് തൃശൂര്‍ പൂരത്തിന്റേയും മറ്റും വെടിക്കെട്ടുകള്‍ നടക്കുന്നത്. അതാകട്ടെ സമീപകാലത്ത് രൂപം കൊണ്ടതുമാണ്. എന്നാല്‍ അതിനെതിരെ ശബ്ദിക്കുന്നവരെയെല്ലാം ആചാരവിരുദ്ധരായും മതവിരുദ്ധരായുമാണ് മുദ്രയടിക്കുന്നത്. പുറ്റിങ്ങല്‍ അപകടത്തിനുശേഷം മാത്രമാണ് കുറെ ക്ഷേത്രങ്ങളിലെങ്കിലും വെടിക്കെട്ടുകള്‍ നിര്‍ത്തലാക്കിയത്. എന്നാലവ പുനസ്ഥാപിക്കാനുളള നീക്കങ്ങള്‍ അണിയറയില്‍ നടക്കുകയാണ്. ആരാധനാലയങ്ങലില്‍ നിന്ന് രാവിലേയും വൈകുന്നേരവും ഏറെനേരം നീണ്ടുനില്‍ക്കുന്ന കീര്‍ത്തനങ്ങളും നാമജപങ്ങളും വേറെ. അതുപോലെ തന്നെ ഭീകരമാണ് സമീപകാലത്ത് സജീവമായിട്ടുള്ള നാസിക് ഡോള്‍.
സ്വാഭാവികമായും മതസംഘടനകളേയും ആരാധനാലയങ്ങളേയും കുറിച്ചു പറയുമ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കുറിച്ചുമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യണം. സാങ്കേതികമായി ഇത്രയും വികസിച്ചിട്ടും രാഷ്ട്രീയപ്രചാരണത്തിന്റെ പേരില്‍ നിരന്തരമായി നടക്കുന്ന ഉച്ചഭാഷിണി ഉപയോഗവും ശബ്ദമലിനീകരണവും നിയന്ത്രിക്കേണ്ടതാണ്. ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇത്രയും വികസിച്ച കാലത്ത് എന്തിനാണിതെന്ന ചോദ്യം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ വ്യക്തയോടും നേരിട്ടുതന്നെ ആശയങ്ങള്‍ കൈമാറാന്‍ അവസരമുള്ളപ്പോള്‍ എന്തിനാണ് ഇത്രമാത്രം ശബ്ദത്തില്‍ പൊതുസ്ഥലത്ത് തന്നെ ഘോരഘോരം പ്രസംഗിക്കണം? കീര്‍ത്തനങ്ങളും നേരില്‍ കേള്‍പ്പിക്കാം. നിസ്‌കാര സമനയവും നേരിലറിയിക്കാം. ഉത്സവങ്ങളില്‍ ശബ്ദം കുറച്ച് മനോഹരമായ ഡിജിറ്റല്‍ വെടിക്കെട്ടു നടത്താം. അങ്ങനെ എത്രയോ സാധ്യതകള്‍ നിലനില്‍ക്കുമ്പോഴാണ് തികച്ചും അനാവശ്യമായി നമ്മള്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പുനപരിശോധനക്കെങ്കിലും ഈ നിര്‍ദ്ദേശം സഹായകരമാകുമെന്നു കരുതാം. ഒപ്പം ശബ്ദമലിനീകരണത്തെ എന്നത് മറ്റെല്ലാ മലിനീകരണവും പോലെ ഗുരുതരമായ വിഷയമായെടുക്കാനും അവ നിയന്ത്രിക്കാനുള്ള ആവശ്യവുമായി രംഗത്തിറങ്ങാനും പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും പ്രേരിപ്പിക്കാനും ഇതു പ്രചോദനമായാല്‍ നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply